ദൈവം നീതിമാനാണ്

പത്രാധിപർ

2021 ഫെബ്രുവരി 27 1442 റജബ് 15

ഇസ്ലാമിനെ താത്വികമായും പ്രായോഗികമായും എതിര്‍ക്കുന്നു എന്നതിനാല്‍; ആഗോള സാമ്രാജ്യത്വ അധിനിവേശ ദുശ്ശക്തികള്‍, വര്‍ഗീയ-വംശീയ ഫാഷിസം, സിയോണിസം, നിയോനാസിസം തുടങ്ങിയ പ്രതിലോമകശക്തികളെ വാനോളം പുകഴ്ത്തുവാന്‍ തൂലികയും ചിന്തയും ഉപയോഗിക്കുന്ന പലരും യുക്തിവാദികളുടെ കൂട്ടത്തിലുണ്ട്. മാരകമായ ഈ ബൗദ്ധികരോഗത്തിന്‍റെ പിടിയിലമര്‍ന്ന് ചിന്തയും വിവേകവും യുക്തിബോധവും സാമാന്യബുദ്ധിയും നശിക്കുകയും മനുഷ്യത്വത്തിന്‍റെ വിശാലമായ താല്‍പര്യങ്ങള്‍ക്കുപോലും യാതൊരു മൂല്യവും കാണാന്‍ സാധിക്കാത്ത തരംതാഴ്ചയില്‍ ചെന്നെത്തുകയും ചെയ്തവര്‍ കേരളത്തില്‍ യുക്തിവാദികളായി വിലസുന്നുണ്ട്.

മതങ്ങളെയും വിശ്വാസങ്ങളെയും വിലയിരുത്തുന്നതില്‍ അവര്‍ ചെന്നെത്തിയിരിക്കുന്നത് സാമാന്യബുദ്ധിയുടെയും മനുഷ്യമഹത്ത്വത്തിന്‍റെയും സര്‍വസാധാരണങ്ങളായ മാനദണ്ഡങ്ങളുമായി പോലും നീതിപുലര്‍ത്താത്ത നിലപാടുകളിലാണ്. ഇസ്ലാമുമായി ബന്ധപ്പെട്ട പ്രമേയങ്ങളെ ചര്‍ച്ചക്കെടുക്കുമ്പോള്‍ യുക്തിവാദികളില്‍ കാണുന്ന സമീപനങ്ങള്‍ പലപ്പോഴും നീതിപൂര്‍വകമാകാറില്ലെന്ന് മാത്രമല്ല, യുക്തിയുമായി ബന്ധപ്പെട്ട ഏതൊരുതരം വിശേഷണങ്ങളെയും തള്ളിക്കളയുന്ന സ്വഭാവത്തോടുകൂടിയവയും ആയിരിക്കാറുണ്ട്. ഇസ്ലാമിന്‍റെ ചരിത്രം, ചരിത്രപശ്ചാത്തലം, ആശയങ്ങള്‍, മൂല്യങ്ങള്‍, മതപരമായ നിയമങ്ങള്‍, വിശുദ്ധ ക്വുര്‍ആനിലെ പരാമര്‍ശങ്ങള്‍ എന്നിവയെക്കുറിച്ച് അന്ധമായ മുന്‍വിധികളുടെ സഹായത്തോടെയാണ് യുക്തിവാദികള്‍ അവരുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാറുള്ളത്. വസ്തുനിഷ്ഠമായ പഠനത്തിന് വിധേയമാക്കാന്‍ ശ്രമിക്കാതെ തെറ്റായ വിധിപ്രഖ്യാപനങ്ങളിലൂടെ ഇസ്ലാമിനെ കടന്നാക്രമിക്കുവാന്‍ യുക്തിവാദികള്‍ കഠിനപ്രയത്നം നടത്തിക്കൊണ്ടിരിക്കുകയാണ്.

എല്ലാ മേഖലകളിലും മനുഷ്യന്‍റെ യുക്തിപരമായ ഔന്നത്യത്തെ വിലകുറച്ച് കാണിക്കുന്നവര്‍ എന്ന രീതിയില്‍ യുക്തിവാദികള്‍ തരംതാഴ്ന്നിരിക്കുന്നു. ഈ സ്വഭാവം ഇസ്ലാമുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വര്‍ധിതമായി കാണാം. ഇസ്ലാമിനെ വിമര്‍ശിക്കുന്നതില്‍ ഏതറ്റംവരെയും പോകുന്നതില്‍ ഒരു വിവേചനശേഷിയും യുക്തിവാദികളെ തടയാറില്ല. സന്ദര്‍ഭങ്ങളും പശ്ചാത്തലങ്ങളും പരിഗണിക്കാതെയുള്ള വിലയിരുത്തലുകളിലൂടെ ഇസ്ലാമിനെ കടന്നാക്രമിക്കാനുള്ള മൃഗീയമായ ത്വര യുക്തിവാദികള്‍ ഒരു ഐഡന്‍റിറ്റിയായി കൊണ്ടുനടക്കുന്നു. ഈ പ്രവണതക്ക് എമ്പാടും ഉദാഹരണങ്ങള്‍ ഉദ്ധരിക്കുവാന്‍ കഴിയും.

'ദൈവമാണ്  മനുഷ്യനെ സൃഷ്ടിച്ചതെങ്കില്‍, ദൈവത്തെക്കുറിച്ച് സ്തുതിഗീതങ്ങള്‍ പാടി ഇസ്ലാമിക നിയമങ്ങള്‍ പൂര്‍ണമായി അനുഷ്ഠിച്ചില്ലെങ്കില്‍ നരകത്തിലിട്ട് വറുക്കുന്നവന്‍ എങ്ങനെയാണ് റഹ്മാനും റഹീമുമായിത്തീരുന്നത്' എന്ന, ഒരു യുക്തിവാദിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാനിടയായി.  

ഒരുപാട് അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടാണ് മനുഷ്യര്‍ ഇവിടെ ജീവിക്കുന്നത്. ദൈവം ഇല്ലായെന്ന് പറയുകയും ദൈവത്തെ കളിയാക്കുകയും അവന്‍റെ നിയമങ്ങളെ അപഹസിക്കുകയും ചെയ്യുന്ന ഇത്തരം യുക്തിവാദികളും ആ അനുഗ്രഹങ്ങള്‍ ആകുവോളം ആസ്വദിക്കുന്നുണ്ട് എന്നത് അവര്‍ വിസ്മരിക്കുകയാണ്. സത്യവിശ്വാസികളാകട്ടെ അനുഗ്രഹങ്ങള്‍ക്ക് നന്ദിയെന്നോണം സ്രഷ്ടാവിന്‍റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ടും അവനെ പ്രകീര്‍ത്തിച്ചുകൊണ്ടും ജീവിക്കുന്നു. രണ്ടുകൂട്ടരുടെയും പര്യവസാനം ഒരുപോലെയാണെങ്കില്‍ നല്ലവരായി ജീവിക്കുന്നത് അര്‍ഥശൂന്യമായ പ്രവൃത്തിയാണെന്ന് വരുമല്ലോ. മക്കള്‍ അനുസരണക്കേട് കാണിക്കുമ്പോള്‍ രക്ഷിതാക്കള്‍ ശിക്ഷിക്കും. അനുസരിക്കുന്ന മക്കളെ അഭിനന്ദിക്കും. ഇങ്ങനെ ചെയ്യുന്ന പിതാവ് ക്രൂരനാണെന്ന അഭിപ്രായം യുക്തിവാദികള്‍ക്കുണ്ടോ?