വര്‍ഗീയതയുടെ പിടിയിലമരുന്ന കേരളം

പത്രാധിപർ

2021 മാര്‍ച്ച് 20 1442 ശഅബാന്‍ 06

നിന്‍റെ രക്തത്തില്‍ പങ്കി-

ല്ലെനിക്ക്; ലോകം കാണ്‍കെ

രണ്ടു കൈകളും ഞാനും

കഴുകി വെടുപ്പാക്കീ.

അതു നന്നായീ, ഞങ്ങ-

ളാശ്വാസം പൂണ്ടീടുന്നൂ

ക്ഷിതിയില്‍ ധര്‍മത്തിന്‍റെ

നിറമിന്നിരുട്ടല്ലോ.

അതു നന്നായീ, ഞങ്ങള്‍

മന്ത്രിപ്പൂ, വീണ്ടും നിന്‍റെ

നരപൂണ്ടൊരാമാറി-

ലുണ്ടകള്‍ തറയ്ക്കുമ്പോള്‍.

അതുനന്നായീ, ഞങ്ങള്‍

ഗൂഢമായ് ചിരിക്കുന്നു

ശരിയും ശരികേടു-

മൊന്നാക്കിയല്ലോ ഞങ്ങള്‍.

ഗാന്ധിവധത്തെ ആസ്പദമാക്കി 1968ല്‍ സുഗതകുമാരി എഴുതിയ കവിതയിലെ ഏതാനും വരികളാണ് മുകളില്‍ കൊടുത്തത്. ഗാന്ധിജി ഗോഡ്സേ എന്ന ഭീകരവാദിയുടെ വെടിയുണ്ടയേറ്റ് മരിച്ചുവീണതില്‍ സന്തോഷിച്ച് മിഠായി വിതരണം നടത്തിയ കാഴ്ച നേരില്‍ കണ്ടതായി ഒ.എന്‍.വി കുറുപ്പ് എഴുതിയിട്ടുണ്ട്. വര്‍ഗീയതയുടെയും ന്യൂനപക്ഷ വിരുദ്ധതയുടെയും ഈറ്റില്ലങ്ങളായ യു.പി പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ കേരളത്തെയും മാറ്റാനുള്ള കുല്‍സിത ശ്രമങ്ങള്‍ നടക്കുന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല.

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് പ്രത്യേകിച്ചും വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളാറുള്ളത്. വര്‍ഗീയ വികാരം ഇളക്കിവിട്ട് ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം നടത്തുകയും അത് വോട്ടാക്കി മാറ്റുകയും എതിര്‍പാര്‍ട്ടികളെ വര്‍ഗീയതയുടെ പേരില്‍ ആക്ഷേപിക്കുകയും ചെയ്യുന്ന കൗതുകകരമായ ഏര്‍പ്പാടാണ് തെരഞ്ഞെടുപ്പുകാലത്ത് കാണുന്നത്.

ആത്മാവ് നഷ്ടപ്പെട്ട രാഷ്ട്രീയം വര്‍ഗീയതയെ കൂട്ടുപിടിക്കുന്നതാണ് തെരഞ്ഞെടുപ്പുകാലത്ത് കാണുന്ന ദയനീയ കാഴ്ച. കേരളീയ നവോത്ഥാനവും അത് സൃഷ്ടിച്ച പരിഷ്കരണങ്ങളും പടുത്തുയര്‍ത്തിയ പുതിയ കേരളവും തെരഞ്ഞെടുപ്പുകാലത്ത് മാറ്റിവെക്കുന്നു. എന്നിട്ട് തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്ന വര്‍ഗീയതയെയും ജാതിചിന്തയെയും ആശ്ലേഷിക്കുന്നു. ഒരു വോട്ട് കൂടുതല്‍ കിട്ടുമെങ്കില്‍ എന്ത് നെറികെട്ട കളി കളിക്കുവാനും തയ്യാറാകുന്നു!

ഹിന്ദുവോട്ട് (അതില്‍തന്നെ നായര്‍ വോട്ട്, ഈഴവ വോട്ട്, പട്ടികവര്‍ഗ വോട്ട്...), മുസ്ലിം വോട്ട്, ക്രിസ്ത്യന്‍ വോട്ട് എന്നിങ്ങനെ വോട്ടുകളെ തരംതിരിക്കുന്നു. ഹിന്ദുക്കള്‍ കൂടുതലുള്ള മണ്ഡലത്തില്‍ മറ്റു മതസ്ഥര്‍ സ്ഥാനാര്‍ഥിയായിക്കൂടാ, മുസ്ലിംകള്‍ കൂടുതലുള്ള മണ്ഡലത്തില്‍ അവരില്‍പെട്ടവര്‍ തന്നെ സ്ഥാനാര്‍ഥിയാകണം, ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ക്രിസ്ത്യാനി തന്നെ സ്ഥാനാര്‍ഥിയാകണം... ഇതാണിപ്പോഴത്തെ അവസ്ഥ. ജാതിയും മതവും നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുക, ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വോട്ട് ചോദിക്കുക, ജാതിയും മതവും നോക്കി വോട്ട് ചെയ്യുക... ഇത് അപകടകരമായ പോക്കാണ്; അവസാനിപ്പിക്കേണ്ടതാണ്.