നന്ദിയും നന്ദികേടും

പത്രാധിപർ

2021 ഒക്ടോബര്‍ 02 1442 സഫര്‍ 25

പ്രവാചകന്റെ കാലത്ത് ഒരുദിവസം ശക്തമായ മഴകിട്ടിയപ്പോള്‍ ആ മഴയെ സംബന്ധിച്ച് ജനങ്ങള്‍ രണ്ടു നിലയ്ക്ക് സംസാരിച്ചു. അന്നേരം അല്ലാഹുവിന്റെ പ്രവാചകന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: ''ജനങ്ങളില്‍ നന്ദികാണിക്കുന്നവരും നിഷേധികളുമുണ്ട്. ഇത് അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് അവര്‍ (ഈമാനുള്ളവര്‍) പറഞ്ഞു. എന്നാല്‍ അവരില്‍ ചിലര്‍ മഴ ഇന്നയിന്ന കാരണങ്ങളാല്‍ കിട്ടിയതാണെന്ന് പറയുന്നു.'' ഇതില്‍ ആദ്യത്തെ അഭിപ്രായം നന്ദിയുടെയും രണ്ടാമത്തേത് നന്ദികേടിന്റെയുമാണ്. അല്ലാഹു പറയുന്നു: ''നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക'' (ക്വുര്‍ആന്‍ 93:11).

മഹാന്മാരായ മുഴുവന്‍ പ്രവാചകന്മാരും നന്ദികാണിക്കുന്നവരായിരുന്നു എന്ന് ക്വുര്‍ആന്‍ എടുത്തുപറയുന്നത് കാണാം.

യൂനുസ് ഇബ്‌നു ഉബൈദി(റഹി)ന്റെ അടുക്കല്‍ ഒരിക്കല്‍ ഒരാള്‍ വന്ന് ഇല്ലായ്മയെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇവിടെ പ്രസക്തമാണ്: 'നിങ്ങളുടെ രണ്ട് കണ്ണ് എനിക്ക് തരുമോ? ഞാന്‍ നിങ്ങള്‍ക്ക് ഒരുലക്ഷം ദിര്‍ഹം തരാം. നിങ്ങളുടെ ഒരു കൈ എനിക്കു തരുമോ? ഒരു ലക്ഷം ദിര്‍ഹം തരാം. നിങ്ങളുടെ ഒരു കാലെനിക്ക് തരുമോ? ഒരു ലക്ഷം ദിര്‍ഹം തരാം.' ഇങ്ങനെ അദ്ദേഹത്തിന്റെ അവയവങ്ങളോരോന്ന് എണ്ണിയെണ്ണി അതിനു വിലയിട്ടുകൊണ്ട് അദ്ദേഹം ചോദിച്ചു. ആഗതന്‍ പറഞ്ഞു: 'ഒരിക്കലുമില്ല.' അപ്പോള്‍ യൂനുസ്ബ്‌നു ഉബൈദ് (റഹി) പറഞ്ഞു: 'ഞാന്‍ നിന്റെയടുക്കല്‍ കോടികള്‍ കാണുന്നു. എന്നിട്ടും ഇല്ലായ്മയെക്കുറിച്ച് ആവലാതിപ്പെടുകയോ?'

എത്രയെത്ര അനുഗ്രഹങ്ങളാണ് സ്രഷ്ടാവ് നമുക്ക് കനിഞ്ഞു നല്‍കിയിട്ടുളത്. നമ്മുടെ ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തിന് വല്ല അസുഖവും ബാധിച്ചാല്‍ ബോധ്യമാകും ആ അവയവത്തിന്റെ വില. സര്‍വശക്തന്‍ നമുക്ക് ഓരോരോ സെക്കന്റിലും നല്‍കിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ക്കാകട്ടെ കയ്യും കണക്കുമില്ല.

മനുഷ്യര്‍ പരസ്പരം ചെയ്യുന്ന ഉപകാരങ്ങള്‍ക്കും അന്യോന്യം നന്ദികാണിക്കേണ്ടതുണ്ട്. അതിന്റെ വാചികമായ രൂപമാണ് 'അല്ലാഹു നിനക്ക് നന്മചെയ്യുമാറാകട്ടെ' എന്ന പ്രവാചകന്‍ ﷺ പഠിപ്പിച്ച പ്രാര്‍ഥന. നന്മ ചെയ്തുതന്നവര്‍ക്ക് പ്രത്യുപകാരം ചെയ്യുവാനും അതിനു സാധിക്കാത്ത പക്ഷം അവര്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുവാനും നബി ﷺ നിര്‍ദേശിച്ചിട്ടുണ്ട്.  

നാം ജീവിക്കുന്ന രാജ്യത്തോടും സമൂഹേത്താടും നന്ദി കാണിക്കല്‍ നമ്മുടെ ബാധ്യതയാണ്. അവനവന്റെ വിശ്വാസമനുസരിച്ച് ജീവിക്കുവാനും ആരാധനകളും അനുഷ്ഠാന കര്‍മങ്ങളും നിര്‍വഹിക്കുവാനും അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുവാനുമെല്ലാമുള്ള സ്വാതന്ത്ര്യവും നിര്‍ഭയത്വവും നമുക്ക് നമ്മുടെ നാട്ടിലുണ്ട്. സര്‍വശക്തനോട് അതിന് നന്ദികാണിക്കണം. രാജ്യത്തിന്റെ പൊതുനന്മക്കായി പ്രവര്‍ത്തിക്കലും നിയമങ്ങള്‍ പാലിക്കലും അതിന്റെ വളര്‍ച്ചക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യലുമെല്ലാം രാജ്യത്തോടു കാണിക്കുന്ന നന്ദിയാണ്.

കിട്ടിയ അനുഗ്രഹങ്ങളെ മറന്നുകളഞ്ഞ സബഅ് ദേശക്കാരായ രണ്ടുപേരെ വിശുദ്ധ ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത് കാണുക: ''തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസകേന്ദ്രത്തില്‍തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതായത് വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട് പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും! എന്നാല്‍ അവര്‍ പിന്തിരിഞ്ഞുകളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു. അവര്‍ നന്ദികേട് കാണിച്ചതിന് നാം അവര്‍ക്ക് പ്രതിഫലമായി നല്‍കിയതാണത്. കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടിയെടുക്കുമോ?'' (34:15-17).