കോടതികളുടെ മെല്ലെപ്പോക്ക്...!

പത്രാധിപർ

2021 ഒക്ടോബര്‍ 30 1442 റബിഉല്‍ അവ്വല്‍ 23

സ്ത്രീപീഡനക്കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളോടു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. 389 പോക്‌സോ കോടതികളടക്കം 1023 അതിവേഗ കോടതികള്‍ നിര്‍മിക്കാനുള്ള പദ്ധതി 2018ല്‍ പ്രഖ്യാപിച്ചതാണ്. രണ്ടു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ബംഗാള്‍ ഉള്‍പെടെയുള്ള പല സംസ്ഥാനങ്ങളും അനുകൂല നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഈ നിര്‍ദേശം.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് തിരിച്ചറിയാന്‍ പ്രയാസമൊന്നുമില്ല. 2017ലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ പ്രതിദിനം ശരാശരി 90 സ്ത്രീപീഡനങ്ങള്‍ നടക്കുണ്ട്. 2021ല്‍ എത്തിനില്‍ക്കുമ്പോള്‍ എണ്ണം എത്രയോ വര്‍ധിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ബലാത്സംഗക്കേസുകളില്‍ വര്‍ധനവ് ഉണ്ടാവുമ്പോള്‍ തന്നെ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ തുച്ഛമാണെന്നാണ് കണക്കുകള്‍ പറയുന്നത്. ശരാശരി പതിനാറു ശതമാനം കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന കേസുകളില്‍ പോലും ശിക്ഷ നടപ്പാക്കുന്നതില്‍ കുറ്റകരമായ കാലതാമസം ഉണ്ടാകുന്നുണ്ട്. പൊലീസ് അന്വേഷണത്തിലെ വീഴ്ച, കോടതി നടപടികളിലെ മെല്ലെപ്പോക്ക്, സാക്ഷികളുടെ കൂറുമാറ്റം തുടങ്ങിയ കാരണങ്ങളാണ് കേസുകള്‍ക്ക് തിരിച്ചടിയാവുന്നത്. കേസുകള്‍ കോടതിയില്‍ എത്താന്‍ സമയമെടുക്കുന്നതും കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ ഉന്നത രാഷ്ട്രീയ ബന്ധം ഇരയ്ക്കും സാക്ഷികള്‍ക്കും മേല്‍ സമ്മര്‍ദം ചെലുത്തുന്നതും ശിക്ഷാവിധികളെ ബാധിക്കുന്നുണ്ടെന്നതില്‍ സംശയമില്ല. ഏറെ കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി കൂട്ട ബലാത്സംഗക്കേസില്‍ ഏഴ് വര്‍ഷം പിന്നിട്ടശേഷമാണ് പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചത്. 

ഇന്ത്യന്‍ കോടതികളില്‍ 4.5 കോടി കേസുകള്‍ തീര്‍പ്പുകല്‍പിക്കാനുണ്ടെന്ന് ചീഫ് ജസ്റ്റിസ് രമണ ഒരു ജുഡീഷ്യല്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞിരുന്നു. ഇത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കഴിവില്ലായ്മയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും കൂടിയായപ്പോള്‍ ഇന്ത്യയിലെ എല്ലാ കോടതികളിലെയും തീര്‍പ്പുകല്‍പിക്കാത്ത കേസുകളുടെ എണ്ണം വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

'പുതിയ കേസൊന്നും ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍, ഇന്ത്യയിലെ നിലവിലുള്ള മുഴുവന്‍ കേസുകളും തീര്‍പ്പുകല്‍പിക്കാന്‍ 360 വര്‍ഷമെടുക്കുമെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് (റിട്ട.) മര്‍ക്കണ്ഡേയ കട്ജു 2019ല്‍ 'ദി ട്രിബ്യൂണി'ലെ ഒരു ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. തീര്‍പ്പുകല്‍പിക്കാത്ത കേസുകളുടെ എണ്ണം ഏകദേശം 3.3 കോടി ആയ സമയത്താണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. ഇതില്‍ അതിശയോക്തിയുണ്ടോ ഇല്ലേ എന്നു പറയാന്‍ നമുക്കു കഴിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുടെ നാട്ടിലെ കോടതികളുടെ മെല്ലെപ്പോക്കിന്റെ ഊക്കും കെട്ടിക്കിടക്കുന്ന കേസുകളുടെ ആധിക്യവും സമ്മതിക്കാതെ തരമില്ല.

സ്ത്രീ പീഡനക്കേസുകളും പോക്‌സോ കേസുകളും സംബന്ധിച്ച കോടതിനടപടികള്‍ വളരെ വേഗം നടക്കണമെന്നതില്‍ ആര്‍ക്കും പക്ഷാന്തരമില്ല. എന്നാല്‍ ഇതുരണ്ടുമല്ലാത്ത കേസുകളും വേഗം തീരേണ്ടതല്ലേ? അവ അനിശ്ചിതമായി നീളുന്നത് നീതിയാണോ? നീതി ലഭിക്കേണ്ടവര്‍ക്ക് നീതി ലഭിക്കുവാനും ശിക്ഷിക്കപ്പെടേണ്ടവര്‍ ശിക്ഷിക്കപ്പെടാനും അനാവശ്യമായ കാലവിളംബം ഉണ്ടായിക്കൂടാ. അതിവേഗമൊന്നുമില്ലെങ്കിലും മിതമായ വേഗത്തില്‍ എല്ലാ കേസുകളും കൈകാര്യം ചെയ്യുവാനും ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുവാനുമുള്ള ഇടപെടലാണ് ഉത്തരവാദപ്പെട്ടവരില്‍നിന്നും ഉണ്ടാകേണ്ടത്.