ക്ഷണിച്ചുവരുത്തുന്ന ദുരന്തങ്ങള്‍

പത്രാധിപർ

2021 ജൂലൈ 31 1442 ദുല്‍ഹിജ്ജ 20

അപ്രതീക്ഷിത പ്രളയങ്ങളും കാട്ടുതീയും ചുഴലിക്കാറ്റും മറ്റും സൃഷ്ടിക്കുന്ന ജീവനാശം പല രാജ്യങ്ങളെയും ഭീതിയുടെ മുള്‍മുനയിലാക്കിക്കൊണ്ടിരിക്കു കയാണ്. കോവിഡ് തകര്‍ത്തെറിഞ്ഞ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോള്‍ തന്നെ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് ഭരണാധികാരികള്‍. നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന തെറ്റായ വികസന നയങ്ങള്‍ ഭീകരമായ അപകടത്തിന്റെ വക്കിലാണു തങ്ങളെ കൊണ്ടുചെന്നെത്തിച്ചിരിക്കുന് നതെന്നു ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. സമയം വൈകിപ്പോയോ എന്ന സംശയം പ്രകടിപ്പിക്കുകയാണു കാലാവസ്ഥാ വിദഗ്ധരടങ്ങുന്ന ശാസ്ത്ര സമൂഹം.

ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ചു യുദ്ധസമാന തെറ്റുതിരുത്തല്‍ നടപടികള്‍ കാലവിളംബം കൂടാതെ എടുത്തില്ലെങ്കില്‍ ലോകത്തിലെ വലിയൊരു ശതമാനം ജനങ്ങള്‍ വരുംവര്‍ഷങ്ങളില്‍ അവരുടെ നേതാക്കളുടെ ഭ്രാന്തന്‍ വികസനനയങ്ങള്‍ സൃഷ്ടിച്ച കാലാവസ്ഥ അടിയന്തരാവസ്ഥയുടെ ഇരകളായി മാറി ഒടുങ്ങുവാന്‍ സാധ്യതയുണ്ട്. കാനഡിലും അമേരിക്കയിലെ കാലിഫോര്‍ണിയയിലും സംഹാരതാണ്ഡവമാടിയ കാട്ടുതീയില്‍ നിന്നുയര്‍ന്ന പുക 4800 കിലോമീറ്റര്‍ അകലെയുള്ള ന്യൂയോര്‍ക്ക് നഗരത്തില്‍ വരെ ദൃശ്യമായി എന്നറിയുമ്പോള്‍ ആ കാലാവസ്ഥ ദുരന്തത്തിന്റെ ഭീകരത വ്യക്തമാകും. ന്യൂയോര്‍ക്കിലെ വായു മലിനീകരണം കഴിഞ്ഞ 14 വര്‍ഷത്തെ ഏറ്റവും മോശം നിലയിലേക്കു പതിക്കാനും ആ പുക കാരണമായി എന്നാണ് വാര്‍ത്ത.

ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ 'ജി 7' അംഗരാജ്യവുമായ ജര്‍മനിയുടെ ദുരന്തനിവാരണ സജ്ജീകരണങ്ങളുടെ ശേഷിക്കു താങ്ങാനാകാത്ത തരത്തിലുള്ള പ്രളയമാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അവിടെയുണ്ടായത്. 150 ലേറെ ആളുകള്‍ മരിക്കുകയും 100ലേറെയാളുകളെ കാണാതാകുകയും ചെയ്തു. പല സ്ഥലങ്ങളിലും ജനങ്ങള്‍ ഭരണകൂടത്തിനെതിരെ രംഗത്തുവന്നത് ജര്‍മനിയില്‍ അധികം കാണാത്ത കാഴ്ചയായിരുന്നു.

1000 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കനത്തമഴയാണു ചൈനയിലെ ഹെനാന്‍ പ്രവിശ്യയെ അപ്പാടെ മുക്കിയത്. നിലവില്‍ 25 പേര്‍ മരിച്ചതായാണു കണക്ക്. 12 ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 24 മണിക്കൂറിനുള്ളില്‍ 45.75 സെന്റി മീറ്റര്‍ മഴയാണ് അവിടെ പെയ്തത്. അതായത് ആ പ്രദേശത്ത് ഒരു വര്‍ഷത്തില്‍ ആകെ പെയ്യുന്ന മഴ വെറും 3 ദിവസത്തിനുള്ളില്‍ പെയ്തിറങ്ങി! ഇങ്ങനെയൊക്കെയാണെങ്കിലും മരണ സംഖ്യ നാമമാത്രമാണ് എന്നത് അധികൃതരുടെ മികച്ചതും സമയോചിതവുമായ ഇടപെടലിനെയും രക്ഷാപ്രവര്‍ത്തനങ്ങളെയും അറിയിക്കുന്നു.

ലോകത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 28 ശതമാനവും സംഭാവന ചെയ്യുന്നതു ചൈനയാണ്. ലോകം ഇത്ര ഗുരുതരമായ കാലാവസ്ഥാ മാറ്റങ്ങളിലുടെ കടന്നുപോകുമ്പോഴും സ്വന്തം നഗരങ്ങള്‍ തന്നെ അതിനിരയായി മാറുമ്പോഴും അന്തരീക്ഷം മലിനപ്പെടുത്തുന്ന വ്യവസായങ്ങള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ ചൈന തയാറല്ലായെന്നതാണു ശ്രദ്ധേയം. 12.9 ബില്യന്‍ മുതല്‍ 14.7 ബില്യന്‍ വരെ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ് ചൈന ഒരു വര്‍ഷം അന്തരീക്ഷത്തിലേക്കു തള്ളുന്നത്. ചൈനയുടെ ഊര്‍ജ ഉപഭോഗത്തിന്റെ 58 ശതമാനവും സംഭാവന ചെയ്യുന്ന കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന വൈദ്യുത നിലയങ്ങളാണ് ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത്.

''മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം'' (ക്വുര്‍ആന്‍ 30:41).