മോന്‍സന്റെ സെന്‍സും ഉന്നതരുടെ നോണ്‍ സെന്‍സും

പത്രാധിപർ

2021 ഒക്ടോബര്‍ 09 1442 റബിഉല്‍ അവ്വല്‍ 02

മോന്‍സന്‍ മാവുങ്കല്‍ എന്ന വ്യക്തിയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്ന താരം. മലയാളികള്‍ ഒന്നടങ്കം അയാളുടെ ചെയ്തികള്‍ കേട്ടും വായിച്ചും അറിഞ്ഞ് മൂക്കത്തു വിരല്‍ വെച്ച് പറയുന്നു; 'യെവന്‍ പുലിയാണ് കെട്ടാ...!' മോന്‍സന്‍ തന്നെ പറയുന്നു 'മോന്‍സന്‍ ആരാ മോന്‍' എന്ന്!

മനുഷ്യാരംഭം മുതലുള്ള പ്രധാനപ്പെട്ട പുരാവസ്തുക്കള്‍ തന്റെ കയ്യിലുണ്ടെന്ന് വെറുതെ പറയുക മാത്രമല്ല മോന്‍സന്‍ ചെയ്തിരിക്കുന്നത്, അവയെല്ലാം 'ആധുനിക'മായി നിര്‍മിച്ച് 'പുരാതന'മാക്കി മാറ്റി, ഒരു മ്യൂസിയമുണ്ടാക്കി അതില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരിക്കുന്നു!

നീതിയും ന്യായവും മനസ്സാക്ഷിയും ദൈവചിന്തയും ഇല്ലാത്തവര്‍ പണമുണ്ടാക്കുവാന്‍ തന്ത്രവും കുതന്ത്രവുമൊക്കെ പുറത്തെടുത്ത് എന്തു വൃത്തികെട്ട കളിയും കളിക്കും. കള്ളം പറഞ്ഞും വഞ്ചന കാണിച്ചും തട്ടിപ്പു നടത്തിയും കാശുണ്ടാക്കും. ആധുനിക കാലത്ത് ആധുനിക സാങ്കേതിക വിദ്യകളും ആധുനിക  മാധ്യമങ്ങളും അതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യും.

എന്നാല്‍ ഇത്തരം എട്ടുകാലികളുടെ വലയില്‍ ചെന്നുചാടുന്ന, വിവരവും വിദ്യാഭ്യാസവുമുള്ള അതിലുപരി ഉന്നത ഉദ്യോഗങ്ങളില്‍ വിരാജിക്കുന്നവരുമായ സാറന്‍മാരുടെയും സെലിബ്രിറ്റികളുടെയും കാര്യമോ? അവര്‍ കെണിയെന്നറിയാതെ മോന്‍സന്റെ വലയ്ക്കകത്ത് വീണതാണോ, അതോ വലയുടെ നടുവില്‍ പതിയിരിക്കുന്ന എട്ടുകാലിക്ക് ലഭിക്കുന്നതിലെ പങ്കുപറ്റാന്‍ കയറിക്കൂടിയവരാണോ? സംഗതിയുടെ നിജസ്ഥിതി സത്യസന്ധമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ പൂച്ചക്ക് മണികെട്ടാന്‍ ധൈര്യമുള്ള എലികളുണ്ടോ എന്നതാണ് പ്രശ്‌നം.

ഇന്നലെവരെ കേരള പോലീസിന്റെ മേധാവിയും നിലവില്‍ കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റക്ക് മോന്‍സനുമായുള്ള അടുത്ത ബന്ധം പുറത്തായിക്കഴിഞ്ഞു. മോണ്‍സന്‍ അറസ്റ്റിലായതോടെ ബെഹ്‌റ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ബെഹ്‌റയും എഡിജിപി മനോജ് എബ്രഹാമും മോന്‍സന്റെ പുരാവസ്തു ശേഖരത്തിലെ സിംഹാസനത്തില്‍ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രരിച്ചിട്ടുണ്ട്. ഇവരുടെ തണലില്‍ മോന്‍സന്‍ പല കളികളും കളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തം.

ആദാമും ഹവ്വയും തിന്ന ആപ്പിളുണ്ടായ മരത്തിന്റെ കുറ്റിയും ശ്രീകൃണന്‍ വെണ്ണയെടുത്ത് തിന്ന ഉറിയും പാത്രവും മോശെയുടെ അംശവടിയും മുഹമ്മദ് നബി(സ്വ) സ്വകരങ്ങളാല്‍ നിര്‍മിച്ച വിളക്കുമൊക്കെ തന്റെ കൈവശമുണ്ടെന്നു പറഞ്ഞ് കാണിച്ചുകൊടുത്താല്‍ അത് അപ്പടി ഒരാള്‍ വിശ്വസിക്കണമെങ്കില്‍ ആ തലയിലെ തലച്ചോര്‍ എത്ര 'പുരാതന'മായിരിക്കും എന്ന് ചിന്തിച്ചുപോകുകയാണ്.

രണ്ടേമുക്കാല്‍ ലക്ഷം കോടി രൂപ തനിക്ക് ലഭിക്കാനുണ്ട്, നിയമത്തിന്റെ നൂലാമാലയില്‍ കുടുങ്ങിയതിനാല്‍ അത് കയ്യില്‍ കിട്ടാന്‍ താമസമുണ്ട്, അതിനായി ഇത്ര കോടി രൂപയൂടെ ആവശ്യമുണ്ട്  എന്നു പറഞ്ഞ്, സഹായിച്ചാല്‍ ഇരട്ടിയിലേറെ തിരിച്ചുതരാം എന്നൊക്കെ പറഞ്ഞ് ചില രേഖകള്‍ കാണിച്ചുകൊടുത്താലുടന്‍ കോടികള്‍ നല്‍കി അതിലേറെ തിരിച്ചുകിട്ടുമെന്ന വാഗ്ദാനത്തില്‍ വിശ്വസിക്കുന്ന കോടീശ്വരന്മാര്‍ അത്രക്കും വിവരംകെട്ടവരാണോ?

ഇതൊക്കെ ഒന്നാംതരം ഉഡായിപ്പും തട്ടിപ്പും വ്യാജവുമാണെന്ന് അറിഞ്ഞുതന്നെയാണ് ഈ ഉന്നതന്മാര്‍ മോന്‍സന്റെ ആലയത്തിലേക്ക് പോയത്, അവര്‍ക്ക് വേണ്ടതെല്ലാം അവിെട കിട്ടുമായിരുന്നു എന്നതിനാല്‍ ചെന്നതാണ് എെന്നാക്കെയുള്ള ആരോപണത്തെ അങ്ങനെയങ്ങ് തള്ളിക്കളയാനാകുമോ?

വമ്പന്‍ സ്രാവുകളും കൊമ്പന്‍ തിമിംഗലങ്ങളും ഈ വിഷയത്തില്‍ കണ്ണികളായതിനാല്‍ കേസിന്റെ ഗതി കാത്തിരുന്നു കാണാം. മലയാളിയുടെ ധനത്തോടുള്ള അത്യാര്‍ത്തി അവന്റെ പ്രബുദ്ധതയെ തോല്‍പിക്കുംവിധം വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നാണ് വര്‍ത്തമാനകാലത്തെ പല സംഭവങ്ങളും വ്യക്തമാക്കുന്നത്.