വിദ്യാര്‍ഥികള്‍ ലക്ഷ്യബോധമുള്ളവരാകണം

പത്രാധിപർ

2021 നവംബര്‍ 06 1442 റബിഉല്‍ ആഖിര്‍ 01

വിദ്യാലയ മുറ്റത്തും ക്ലാസ്സ്മുറികളിലും നീണ്ട ഇടവേളക്കു ശേഷം വിദ്യാര്‍ഥികളുടെ പാദസ്പര്‍ശനം പതിഞ്ഞുതുടങ്ങിയിരിക്കുന്നു. രക്ഷിതാക്കളുടെയും കുട്ടികളുടെയും അധ്യാപകരുടെയുമൊക്കെ മനസ്സില്‍ നേരിയ ആശങ്കയും ഭീതിയും ഇല്ലാതില്ല. വിദ്യാഭ്യാസ വകുപ്പ് ആശങ്കയകറ്റാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന ഒന്നാം തീയതിതന്നെ സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും തിങ്ങിനിറഞ്ഞ് യാത്രചെയ്യുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അങ്ങനെ യാത്രചെയ്ത് സ്‌കൂളിലെത്തുന്ന കുട്ടികള്‍ പിന്നെ ഒരു ബെഞ്ചില്‍ അകലം പാലിച്ച് ഇരിക്കുന്നതില്‍ എന്തു കാര്യമാണുള്ളത് എന്ന് ബസ്സിലിരിക്കുന്ന ഒരു യാത്രക്കാരന്‍ അടുത്തിരിക്കുന്നയാളോട് ചോദിക്കുന്നത് കേള്‍ക്കാനായി. ആ ചോദ്യത്തില്‍ കഴമ്പില്ലെന്ന് ആര്‍ക്കും പറയാനാകില്ല.  

നല്ലതേ വരൂ എന്ന് നമുക്ക് സമാധാനിക്കാം. അതിനായി പ്രാര്‍ഥിക്കാം. കോവിഡ് പ്രതിസന്ധിഘട്ടത്തിലും കുട്ടികള്‍ കഴിവിന്റെ പരമാവധി ഓണ്‍ലൈനായി പഠിച്ചു. അതിനുള്ള സഹായങ്ങളും പിന്തുണയും രക്ഷിതാക്കള്‍ നല്‍കി. വിദ്യാലയങ്ങള്‍ തുറന്നു തുടങ്ങിയപ്പോള്‍ അങ്ങോട്ടു പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നു. ഇതെല്ലാം എന്തിന് എന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരമെന്താണ്? മക്കളുടെ നല്ല ഭാവിക്ക്! നല്ല ഭാവികൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്? ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന നല്ല ജോലി! അതിനപ്പുറം വല്ലതും? ഇല്ലേയില്ല. എന്റെ കുട്ടി നല്ല ഒരു മനുഷ്യനാകണം. സ്‌നേഹം, ദയ, കാരുണ്യം, വിട്ടുവീഴ്ച, സാഹോദര്യം, പരോപകാര മനസ്ഥിതി... തുടങ്ങിയ മാനുഷിക ഗുണങ്ങളെല്ലാം ഒത്തുചേര്‍ന്ന നല്ല ഒരു വ്യക്തിയായി എന്റെ കുട്ടി മാറണം. ഈയൊരു ചിന്തയില്‍ മക്കളെ വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്യുന്ന എത്ര രക്ഷിതാക്കളുണ്ട്?

ഏതാനും ദിവസങ്ങളായി ഒരു കോളേജിന്റെ പരിസരത്ത് ഒരു വിദ്യാര്‍ഥി സംഘടന സ്ഥാപിച്ച ബാനറുകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാണ്. തികച്ചും ആഭാസകരമായ ഫോട്ടോകളും അതിലേറെ മോശമായ സന്ദേശങ്ങളുമുള്ള ബാനറുകള്‍ അവര്‍ സ്ഥാപിച്ചത് വിദ്യാര്‍ഥിസമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണ്? സ്വാതന്ത്ര്യത്തിന്റെയും പുരോഗമനത്തിന്റെയും പേരില്‍ എന്തും ചെയ്തുകൂട്ടാമെന്ന ചിന്ത വിദ്യാസമ്പന്നര്‍ക്ക് യോജിച്ച കാര്യമാണോ?

നേരത്തെ സൂചിപ്പിച്ച ഗുണങ്ങളൊക്കെ ലഭിക്കുന്ന രൂപത്തിലാണോ നമ്മുടെ മക്കള്‍ക്ക് ലഭിക്കുന്ന ഭൗതിക വിദ്യാഭ്യാസം? അങ്ങനെയുള്ളവരായി ഭാവിയുടെ വാഗ്ദാനമാകുന്ന വിദ്യാര്‍ഥികള്‍ വളരണം എന്ന ചിന്ത ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമുണ്ടോ? 'കാട്ടാളനെ മനുഷ്യനാക്കുക' എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് ഏതോ മഹാന്‍ പറഞ്ഞതായി വായിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് അരങ്ങേറുന്ന ചില കാഴ്ചകള്‍ കാണുമ്പോള്‍ 'മനുഷ്യനെ കാട്ടാളനാക്കുക' എന്നതാണോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് തോന്നിപ്പോകും പലപ്പോഴും!

വര്‍ഷംതോറും അനേകം എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും ഐ.ടി വിദഗ്ധരുമൊക്കെ പഠനം കഴിഞ്ഞ് രംഗത്തിറങ്ങുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും ഡിപ്ലോമയും നേടി ആയിരങ്ങള്‍ പുറത്തിറങ്ങുന്നു. കണക്കും സയന്‍സും ചരിത്രവും സാമ്പത്തികശാസ്ത്രവും ഭൂമിശാസ്ത്രവുമൊക്കെ അരച്ചുകലക്കി കുടിക്കുന്നവര്‍ക്ക് മാനുഷികമൂല്യങ്ങളുടെ ഒരു ശകലം പോലും തങ്ങളുടെ പഠനകാലത്ത് കിട്ടുന്നില്ല എങ്കില്‍ ഈ എന്തിനീ വിദ്യാഭ്യാസം? അറിവുള്ള നല്ല മനുഷ്യരായിത്തീരണം വിദ്യാര്‍ഥികള്‍. അതായിരിക്കണം അവരുടെ പ്രധാന ലക്ഷ്യം.