വെളിച്ചത്തെ ഭയപ്പെടുന്നവര്‍

പത്രാധിപർ

2021 ഏപ്രില്‍ 03 1442 ശഅബാന്‍ 20

എഫ്ബിയില്‍ ഒരു യാഥാസ്ഥിതിക പണ്ഡിതന്‍റെ വീഡിയോ കാണുകയുണ്ടായി. ഒരു പരിഷ്കൃത സമൂഹത്തിന് ഊഹിക്കാന്‍ പോലും കഴിയാത്ത,വിഭാഗീയതയുടെ വിഷം വമിക്കുന്ന വാക്കുകളാണ് അയാളുടെ വായില്‍നിന്നും കേള്‍ക്കാന്‍ കഴിഞ്ഞത്. കേരളത്തിലെ മുസ്ലിംകളെ സര്‍വവിധ അന്ധകാരങ്ങളില്‍നിന്നും വെളിച്ചത്തിലേക്കു നയിച്ച മുജാഹിദ് പ്രസ്ഥാനത്തിനെതിരെ വളരെ നീചമായ ശൈലിയില്‍ സംസാരിക്കുന്ന അയാള്‍ താന്‍ ഉള്‍ക്കൊള്ളുന്ന സംഘടന ഉണ്ടാക്കിയതുതന്നെ ഇത്തരം പുത്തന്‍വാദികളെ പ്രതിരോധിക്കാനാണ് എന്ന് പറയുന്നുണ്ട്. മുജാഹിദുകളുമായി ഒരു നിലയ്ക്കുള്ള ബന്ധവും പാടില്ല, അവരെ കണ്ടാല്‍ സലാം പറയാന്‍ പാടില്ല. അവരുമായി വൈവാഹികബന്ധമോ സാമ്പത്തിക ഇടപാടോ നടത്താന്‍ പാടില്ല, അവര്‍ മരിച്ചാല്‍ കാണാന്‍പോലും പാടില്ല, വല്ല വിവാഹവീട്ടിലും അവര്‍ കയറിവന്നാല്‍ നാം അവിടെനിന്ന് ഇറങ്ങിപ്പോകണം, അവരെ കണ്ടാല്‍ സലാം പറയാന്‍ പോലും പാടില്ലെന്ന് ചെറിയ കുട്ടികളെ നാം മദ്റസയില്‍ പഠിപ്പിച്ച് ബോധവാന്‍മാരാക്കുന്നുണ്ട്....ഇങ്ങനെ നീളുന്നു അയാളുടെ പ്രസംഗം!  

ഏത് ഇസ്ലാമിനെയാണ് ഇയാള്‍ പ്രധിനിധീകരിക്കുന്നത് എന്ന് ചിന്തിച്ചുപോയി. കാരണം അല്ലാഹുവും അവന്‍റെ തിരുദൂതരും ﷺ പഠിപ്പിച്ച മതത്തിന്‍റെ പിന്‍ബലം ഇയാളുടെ ആദര്‍ശത്തിനില്ല. ഇയാള്‍ ഏതൊരു സംഘടനയുടെ വക്താവാണോ ആ സംഘടനയാണ് യഥാര്‍ഥ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നത് എന്നും മുജാഹിദുകള്‍ അതിനെതിരെ പ്രവര്‍ത്തിക്കുന്ന പുത്തന്‍വാദികളാണെന്നും ഇയാള്‍ പറയാനുള്ള പ്രധാനപ്പെട്ട കാരണം യാതൊരു സൃഷ്ടിയോടും പ്രാര്‍ഥിക്കുവാന്‍ പാടില്ല, ആരാധനയുടെ എല്ലാ വശങ്ങളും അല്ലാഹുവിനുമാത്രമെ സമര്‍പ്പിക്കാവൂ എന്ന് മുജാഹിദുകള്‍ പറയുന്നു എന്നതാണ്. അതാകട്ടെ മുജാഹിദുകള്‍ പുതുതായി കണ്ടെത്തിയ കാര്യമല്ല. വിശുദ്ധ ക്വുര്‍ആനും പ്രവാചകജീവിതവും പഠിപ്പിച്ച ഇസ്ലാമിന്‍റെ കാതലായ വശമാണത്. മറ്റു മതങ്ങളില്‍നിന്ന് ഇസ്ലാമിനെ വ്യതിരിക്തമാക്കുന്ന ഈ കാര്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്ന ഇക്കൂട്ടരാണ് പോലും ഇസ്ലാമിന്‍റെ യഥാര്‍ഥ ആദര്‍ശം ഉള്‍ക്കൊണ്ട് ജീവിക്കുന്നവര്‍. ഇയാളെ പോലുള്ളവര്‍ കാലം കുറെയായി ഇത്തരം പൊള്ളയായ കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയിട്ട്.

സര്‍വപ്രവാചകന്മാരും അവരുടെ പ്രബോധിത സമൂഹത്തോട് അതീവഗൗരവത്തോടെ ആദ്യമുണര്‍ത്തിയത് എന്താണോ അതുതന്നെയാണ് മുജാഹിദുകള്‍ ജനങ്ങളോട് പറയുന്നത്. അതെങ്ങനെ പുത്തനാശയമാകും? അല്ലാഹു പറയുന്നു: "ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല" (21:25).

പ്രബോധനത്തിന്‍റെ മുന്‍ഗണനാക്രമത്തിലേക്ക് വ്യക്തമായ ദിശാബോധം നല്‍കിക്കൊണ്ട് മുഹമ്മദ് നബി ﷺ തന്‍റെ അനുചരനായ മുആദുബ്നു ജബലി(റ)നെ ജൂത-ക്രൈസ്തവരുള്ള യമനിലേക്ക് പറഞ്ഞയച്ചപ്പോള്‍ നല്‍കിയ ഉപദേശത്തിലും ഇക്കാര്യം കാണാവുന്നതാണ്: "നിശ്ചയം, നീ വേദം നല്‍കപ്പെട്ട ഒരു ജനവിഭാഗത്തിലേക്കാണ് പോകുന്നത്. അതിനാല്‍ നീ അവരെ ക്ഷണിക്കേണ്ടത്, ആരാധനക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്‍റെ ദൂതനാണെന്നും (ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ്) എന്ന സത്യസാക്ഷ്യത്തിലേക്കായിരിക്കണം"(ബുഖാരി).

സര്‍വശക്തനും പരമകാരുണികനുമായ അല്ലാഹുവിനോട് ആവശ്യങ്ങളും സങ്കടങ്ങളും പറഞ്ഞുകൊണ്ട് പ്രാര്‍ഥിക്കുന്നതിലെ സാംഗത്യവും യുക്തിഭദ്രതയും സദ്ഫലങ്ങളും മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍ ദൈവത്തിന്‍റെ സൃഷ്ടികളോട് പ്രാര്‍ഥിക്കുകയും ആരാധനകളര്‍പ്പിക്കുകയും ചെയ്യുന്നത് എന്തുമാത്രം ബാലിശമാണ്! അത് പാടില്ല എന്നു പറയുന്നവരാണോ അങ്ങനെയാണ് വേണ്ടത് എന്ന് പറയുന്നവരാണോ ഇസ്ലാമികാദര്‍ശത്തില്‍ അടിയുറച്ചുനില്‍ക്കുന്നവര്‍?