വീണ്ടും പുകയുന്ന അഫ്ഗാന്‍

പത്രാധിപർ

2021 ആഗസ്ത് 21 1442 മുഹര്‍റം 12

ഭരണസ്ഥിരതയില്ലാത്ത ഒരു രാജ്യത്തിന്റെയും അവിടത്തെ ജനങ്ങളുടെയും അവസ്ഥ അതിദയനീയമായിരിക്കുമെന്നതില്‍ സംശയമില്ല. വൈദേശികാധിപത്യം, അഭ്യന്തരകലഹം, ഭരണത്തിനായുള്ള പോരാട്ടം തുടങ്ങിയ കാരണങ്ങളാല്‍ അഫ്ഗാനിസ്താന്‍ എന്ന കൊച്ചുരാജ്യം എന്നും അശാന്തിയുടെ തീരമാണ്.

ഇന്നത്തെ രൂപത്തിലുള്ള അഫ്ഗാനിസ്താന്‍ 1746ല്‍ നിലവില്‍വന്നശേഷം അധികം താമസിയാതെ ബ്രിട്ടീഷുകാര്‍ അവിടെ ആധിപത്യമുറപ്പിച്ചു. 1919ല്‍ അമാനുള്ള രാജാവിന്റെ കാലത്താണ് ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചത്. എന്നാല്‍ ഒരു സുസ്ഥിര ഭരണകൂടം അവിടെയുണ്ടായില്ല. 1933 മുതല്‍ 1973 വരെ സഹീര്‍ഷാ രാജാവിന്റെ കാലത്താണ് ഇവിടെ സ്ഥായിയായ ഭരണകൂടമുണ്ടായിരുന്നത്. 1973ല്‍ സഹീര്‍ ഷാ ചികിത്സാര്‍ഥം വിദേശത്തുപോയപ്പോള്‍ അര്‍ധസഹോദരനും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന മുഹമ്മദ് ദാവൂദ് ഖാന്‍ അദ്ദേഹത്തെ പട്ടാള അട്ടിമറിയിലൂടെ അധികാരഭ്രഷ്ടനാക്കി. പിന്നീടിങ്ങോട്ട് അഫ്ഗാനിസ്താനില്‍ അസ്ഥിര ഭരണകൂടങ്ങളുടെ ഘോഷയാത്രയായിരുന്നു. ദാവൂദിനെയും കുടുംബത്തെയും വധിച്ച് കമ്യൂണിസ്റ്റുകള്‍ 1978ല്‍ അധികാരം പിടിച്ചു. കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള മുജാഹിദീന്‍ സേനയുടെ നീക്കങ്ങള്‍ക്ക് അമേരിക്ക പിന്തുണ നല്‍കിപ്പോന്നു. ഇതിനു മറുപടിയെന്നോണം 1979ല്‍ അന്നത്തെ സോവിയറ്റ് യൂണിയന്‍ അഫ്ഗാന്റെ നിയന്ത്രണം കൈക്കലാക്കി. അമേരിക്ക, പാകിസ്താന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ മുജാഹിദീനുകള്‍ നടത്തിയ ചെറുത്തുനില്‍പിനെത്തുടര്‍ന്ന് 1989ല്‍ സോവിയറ്റ് സൈന്യം പിന്‍വാങ്ങി.

സോവിയറ്റ് യൂണിയന്റെ ആധിപത്യത്തില്‍നിന്ന് മുക്തമായ ശേഷമെങ്കിലും രാജ്യത്ത് ഉറച്ചഭരണകൂടം നിലവില്‍വരുമെന്ന് ലോകം കരുതി. എന്നാല്‍ മുജാഹിദീന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങള്‍ക്കാണ് പിന്നീട് അഫ്ഗാനിസ്താനില്‍ കളമൊരുങ്ങിയത്. നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ തീവ്രനിലപാടുകളുള്ള താലിബാന്‍ സേന അഫ്ഗാനിസ്താനില്‍ ആധിപത്യമുറപ്പിച്ചു. സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിനെത്തുടര്‍ന്ന് അല്‍ഖായിദക്ക് സംരക്ഷണം നല്‍കിയെന്ന പേരില്‍ അമേരിക്കയും സഖ്യസേനയും താലിബാന്‍ ഭരണകൂടത്തെ യുദ്ധത്തിലൂടെ പുറന്തള്ളി. ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യാനുകൂല സര്‍ക്കാര്‍ 2001 അവസാനം മുതല്‍ രാജ്യത്ത് ഭരണത്തിലേറി.

പിന്നീട് രാജ്യത്ത് നാമമാത്ര തെരഞ്ഞെടുപ്പുകള്‍ നടക്കുകയും അമേരിക്ക നിര്‍ദേശിക്കുന്ന ഭരണകൂടം നിലവില്‍ വരികയും ചെയ്തുകൊണ്ടിരുന്നു. ഇത്രയും കാലം സഖ്യസേനയുടെ മേല്‍നോട്ടം അഫ്ഗാനിലുണ്ടായിരുന്നു. സഖ്യസേനയുടെ സമ്പൂര്‍ണമായ പിന്‍മാറ്റം താമസിയാതെ യാഥാര്‍ഥ്യമാകുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായി താലിബാന്‍ രാജ്യം പിടിച്ചടക്കിയിരിക്കുകയാണ്.  അഫ്ഗാന്‍ സേന ചെറുത്തുനില്‍പിന് ശ്രമിക്കാത്തതിനാല്‍ രക്തച്ചൊരിച്ചില്‍ നടന്നിട്ടില്ല എന്നാണ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രസിഡന്റ് അഷ്‌റഫ് ഘാനി രാജ്യം വിട്ടയുടന്‍ കാബൂളിലെ രാഷ്ട്രപതിയുടെ കൊട്ടാരത്തിലേക്ക് പ്രവേശിച്ചുകൊണ്ട് താലിബാന്‍ അഫ്ഗാനിന്റെ സമ്പൂര്‍ണമായ നിയന്ത്രണം ഉറപ്പുവരുത്തിക്കഴിഞ്ഞു. താലിബാന്റെ ഈ അപ്രതീക്ഷിത നീക്കത്തിനു പിന്നില്‍ മറ്റാരുടെയെങ്കിലും പിന്തുണയും േപ്രരണയുമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്യാധുനിക യുദ്ധോപകരണങ്ങള്‍ എവിടെനിന്നാണ് താലിബാനു ലഭിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ഒരു കാര്യം ഉറപ്പാണ്; താലിബാനും അല്‍ഖായിദയും ഐഎസുമൊന്നും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സംരക്ഷകരല്ല. അവര്‍ കൊന്നൊടുക്കിയിട്ടുള്ളതെല്ലാം മുസ്‌ലിംകളെയാണ് എന്നതും തികച്ചും മതവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നതുംതന്നെയാണ് അതിനുള്ള പ്രധാന തെളിവ്.