ഒഴുക്കിനെതിരെ...

പത്രാധിപർ

2021 ഒക്ടോബര്‍ 16 1442 റബിഉല്‍ അവ്വല്‍ 09

ഒഴുക്കിനൊത്ത് നീന്തുക എന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ ഒഴുക്കിനെതിരെ നീന്തല്‍ പ്രയാസകരമാണ്; സാഹസമാണ്. ഈ സാഹസത്തിന് അധികമാരും തയ്യാറാവാറില്ല. സമൂഹത്തിലെ തിന്മകളോടും മിക്കയാളുകളും ഈ നിലപാടാണ് സ്വീകരിക്കാറുള്ളത്. എല്ലാവരും ചെയ്യുന്ന ഒരു തിന്മയെ ഞാനായിട്ടെന്തിന് എതിര്‍ക്കണം എന്ന് പലരും ചിന്തിക്കുന്നു. പലപ്പോഴും ആ തിന്മയുടെ ഭാഗമായി മാറുകയും ചെയ്യുന്നു.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും രക്ഷയെക്കുറിച്ചുള്ള പ്രതീക്ഷയുമാണ് തിന്മകള്‍ വെടിയുവാനും തിന്മയ്‌ക്കെതിരെ ശബ്ദിക്കുവാനും നന്മകള്‍ ചെയ്യുവാനും നന്മകൊണ്ട് കല്‍പിക്കുവാനുള്ള പ്രചോദനം. അല്ലാഹുവും അവന്റെ ദൂതനും നന്മയായി പഠിപ്പിച്ചതെന്തോ അതെല്ലാം നന്മയും തിന്മയായി ചൂണ്ടിക്കാട്ടിയതെന്തോ അതെല്ലാം തിന്മയുമാണെന്ന് ഉറച്ചുവിശ്വസിക്കുന്നവനാണ് ഒരു സത്യവിശ്വാസി. അഥവാ ഇസ്‌ലാം തിന്മയെന്നു പറഞ്ഞ ഒരു കാര്യം നന്മയാണെന്നോ നന്മയെന്നു പറഞ്ഞ ഒരു കാര്യം തിന്മയാണെന്നോ കരുതുവാനുള്ള അവകാശം ഒരു വിശ്വാസിക്കില്ല.

ചെറുതും വലുതുമായ നന്മകളെല്ലാം ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ആ നന്മകള്‍ സ്വജീവിതത്തില്‍ പകര്‍ത്തല്‍ അനിവാര്യമാണെന്ന്  ഇസ്‌ലാം അറിയിക്കുന്നു. മുഹമ്മദ് നബി ﷺ സംഭവബഹുലമായ തന്റെജീവിതത്തിലൂടെ അവയെല്ലാം പ്രാവര്‍ത്തികമാക്കി കാണിക്കുകയും ചെയ്തു. സമൂഹത്തില്‍നിന്നുമകന്ന് ആരുമായും യാതൊരു ബന്ധവും പുലര്‍ത്താതെ, ആരെയും യാതൊരുനിലയ്ക്കും സഹായിക്കാതെ ആരാധനകളില്‍ നിരതനായി ഒറ്റപ്പെട്ടു ജീവിക്കുവാനല്ല ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്. മനുഷ്യന്‍ സാമൂഹ്യ ജീവിയാണ്. അതുകൊണ്ടുതന്നെ സമൂഹത്തില്‍ അവനുള്ള റോളുകളില്‍നിന്ന് അവന്‍ ഒളിച്ചോടുവാന്‍ പാടില്ല.

മാതാപിതാക്കളോട്, മക്കളോട്, ഭാര്യയോട്, ഭര്‍ത്താവിനോട്, സഹോദരീ സഹോദരന്മാരോട്, കുടുംബക്കാരോട്, അയല്‍വാസികളോട്, അഗതികളോട്, അനാഥരോട്, ജീവജാലങ്ങളോട്... അങ്ങനെ എല്ലാവരോടും എല്ലാറ്റിനോടും നന്മയില്‍ വര്‍ത്തിക്കുവാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. സത്യസന്ധത, കാരുണ്യം, ദയ, വിശ്വസ്തത, വിട്ടുവീഴ്ച, ക്ഷമ, വിനയം, നന്മയില്‍ സഹകരിക്കല്‍ തുടങ്ങിയ, മനുഷ്യബന്ധങ്ങളെ സ്‌നിഗ്ധമാക്കുന്ന മുഴുവന്‍ ഗുണങ്ങളും ഉള്‍ക്കൊള്ളുവാനും  കളവ്, വഞ്ചന, അഹങ്കാരം, പാരുഷ്യം, കോപം, അസൂയ തുടങ്ങിയ എല്ലാ ദുര്‍ഗുണങ്ങളും വെടിയുവാനും പലിശ, ലഹരി, ചൂതാട്ടം, വ്യഭിചാരം, കൊല, കൊള്ള തുടങ്ങിയ മുഴുവന്‍ ദുശ്‌ചെയ്തികളും വര്‍ജിക്കുവാനും ഒരു മുസ്‌ലിം പ്രതിജ്ഞാബദ്ധനാണ്.

നബി ﷺ പറഞ്ഞു: ''നിങ്ങള്‍ കൂടെക്കൂടികളാകരുത്. ആളുകള്‍ നല്ലകാര്യം ചെയ്യുമ്പോള്‍ ഞാനും നല്ല കാര്യം ചെയ്യും; അവര്‍ ദുഷ്പ്രവൃത്തി ചെയ്യുമ്പോള്‍ ഞാനും ദുഷ്പ്രവൃത്തി ചെയ്യും എന്ന നിലപാടെടുക്കരുത്. ജനങ്ങള്‍ നന്മചെയ്യുമ്പോള്‍ മാത്രം അവരോടു സഹകരിക്കുക, തിന്മചെയ്യുമ്പോള്‍ അവരില്‍നിന്ന് അകന്നുമാറുക'' (തിര്‍മിദി).

ഇങ്ങനെയൊക്കെ ജീവിക്കല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. നന്നായി ക്ലേശിക്കേണ്ടിവരും. ആത്മബോധത്തിന്റെ കരുത്തില്‍ സത്യവിശ്വാസി ചങ്കുറപ്പോടെ നിവര്‍ന്നുനില്‍ക്കുന്നവനായിരിക്കണം. ആര്‍ക്കും അവനെ സത്യമാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കാനാവില്ല. അല്ലാഹുവിന്റെ കാവല്‍ ഉള്ളതിനാല്‍ അവന്‍ മറ്റാരെയും ഭയപ്പെടേണ്ടതുമില്ല.