ചോരച്ചാലുകള്‍ കീറുന്നവരോട്

പത്രാധിപർ

2021 ജനുവരി 02 1442 ജുമാദല്‍ അവ്വല്‍ 18

കൊലപാതക വാര്‍ത്ത നമ്മില്‍ ഇപ്പോള്‍ ഒരു നടുക്കവും ഉണ്ടാക്കാറില്ല. കുറെ കാലമായി വ്യത്യസ്ത രൂപത്തില്‍ വിഭിന്ന കാരണങ്ങളാല്‍ ആളുകളെ കൊല്ലുന്നത് പതിവായി മാറിയിട്ടുണ്ട് എന്നതുതന്നെ കാരണം. രാഷ്ട്രീയ കൊലപാതകം, വര്‍ഗീയ കൊലപാതകം, മുന്‍വൈരാഗ്യ കൊലപാതകം, മോഷണശ്രമത്തിനിടയിലെ കൊലപാതകം... ഇങ്ങനെ പോകുന്ന പട്ടികയില്‍ അടുത്ത കാലത്തായി പുതിയ ഒരു പേര് കടന്നുവന്നിരിക്കുന്നു; 'ദുരഭിമാക്കൊല.' ഇത് നമ്മുടെ നാടിന് പരിചയമില്ലായിരുന്നു. ജാതീയത കൊടികുത്തിവാഴുന്ന പല സംസ്ഥാനങ്ങളില്‍നിന്നും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അത് നമ്മുടെ സംസ്ഥാനത്തില്ലല്ലോ എന്ന് ആശ്വസിച്ചിരുന്നു.

എന്നാല്‍ ആ അവസ്ഥയിലാണ് മാറ്റമുണ്ടായിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല എന്ന് കോടതി വിശേഷിപ്പിച്ച, കൊല്ലം ജില്ലയിലെ കെവിന്‍ വധത്തിലൂടെയാണ് ഇവിടെ ഇതിനു തുടക്കം കുറിച്ചത്. അത് 2018ലായിരുന്നു. ഇപ്പോഴിതാ പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം തേങ്കുറിശിയിലും ഒരു യുവാവ് ദാരുണമായി ദുരഭിമാനക്കൊലയ്ക്ക് വിധേയനായിരിക്കുന്നു. കാസര്‍ക്കോട് ജില്ലയില്‍ ഒരു യുവാവ് രാഷ്ട്രീയത്തിന്റെ മറവില്‍ കൊല്ലപ്പെട്ടതിന്റെ അലയൊലികള്‍ മായും മുമ്പാണ് ഈ സംഭവം നടന്നിരിക്കുന്നത്. തമിഴ്‌നാട്ടില്‍ മലയാളിയായ ഒരു യുവാവിനെ മോഷണശ്രമം നടത്തി എന്നുപറഞ്ഞ് നാട്ടുകാര്‍ പിടികൂടി തല്ലിക്കൊന്നതും തന്റെ ഇരട്ടി പ്രായമുള്ള സ്ത്രീയെ വിവാഹം ചെയ്ത യുവാവ് വിവാഹം കഴിഞ്ഞ് നാളുകള്‍ക്കകം ഭാര്യയെ ഷോക്കടിപ്പിച്ചു കൊന്നതും പുതിയ വാര്‍ത്തകളാണ്.

എന്തിന്റെ പേരിലായാലും ഒരു മനുഷ്യജീവനും മറ്റുള്ളവരുടെ കൈകളാല്‍ അന്യായമായി ഹനിക്കപ്പെട്ടുകൂടാ. അക്രമികള്‍ ആരായാലും ശിക്ഷിക്കപ്പെടുകതന്നെ വേണം.

അക്രമങ്ങളും കൊലപാതകങ്ങളും നിറഞ്ഞാടുന്നതാണ് വര്‍ത്തമാന കാലം. നമ്മുടെ നാട്ടില്‍ മാത്രമല്ല, പൊതുവെ ലോകത്തിന്റെ അവസ്ഥ ഇതാണ്. മനുഷ്യജീവന് യാതൊരു വിലയുമില്ലാതായിരിക്കുന്നു.

അല്ലാഹുവിന്റെ സൃഷ്ടികളില്‍ðവിശേഷബുദ്ധിയാല്‍ അനുഗ്രഹിക്കപ്പെട്ട ഓരോ മനുഷ്യന്റെയും ജീവന് ഇസ്‌ലാം നല്‍കുന്നóവില വളരെ വലുതാണ്.'

''മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു'' (ക്വുര്‍ആന്‍ 5:32).

എതിരാളികളോടുള്ള വിദ്വേഷത്താല്‍ അവരെ വധിക്കാനുള്ളóഗൂഢനീക്കം നടത്തുന്നതും അതിനുവേണ്ടി ചാവേറാകുന്നതും ഇസ്‌ലാം അനുവദിക്കുന്നില്ല.

''അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്'' (ക്വുര്‍ആന്‍ 17:33).

ന്യായപ്രകാരമാണ് എന്നു പറഞ്ഞ് കൊലനടത്താനുള്ള സമ്മതം ഇസ്‌ലാം വ്യക്തികള്‍ക്ക് നല്‍കുന്നില്ല. അഥവാ, വധശിക്ഷക്ക് വിധേയമാക്കാന്‍ തക്കവിധത്തില്‍ കുറ്റകൃത്യം ചെയ്തയാളാണെങ്കിലും വധിക്കുവാന്‍ വ്യക്തികള്‍ക്ക് ഇസ്‌ലാം അനുമതി നല്‍കുന്നില്ല. അത് കോടതിവിധി പ്രകാരം ഭരണകൂടമാണ് നിര്‍വഹിക്കേണ്ടത്.

അന്യരെ വധിക്കാന്‍ പാടില്ല എന്നു മാത്രമല്ല, സ്വജീവനെ നശിപ്പിക്കുവാനും പാടില്ല എന്നതാണ് ഇസ്‌ലാമിന്റെ വിധി. ''...നിങ്ങള്‍ നിങ്ങളെത്തന്നെóകൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു'''(ക്വുര്‍ആന്‍ 4:29).