അന്യരുടെ ജീവനെടുക്കുന്ന മദ്യപന്മാര്‍

പത്രാധിപർ

2021 ഫെബ്രുവരി 06 1442 ജുമാദല്‍ ആഖിറ 24

കാല്‍നട യാത്രികനെയും വാഹനങ്ങളെയും ഇടിച്ചശേഷം ഒരു കാര്‍ നിര്‍ത്താതെ പോകുന്നു. അപകടമുണ്ടാക്കിയശേഷം അമിതവേഗത്തില്‍ പാഞ്ഞുപോയ കാറിനെ പിടികൂടാന്‍ നാട്ടുകാരുടെ നിര്‍ദേശപ്രകാരം ബൈക്കില്‍ രണ്ടു യുവാക്കള്‍ പിന്തുടരുന്നു. ഈ കാര്‍ വീണ്ടും മറ്റൊരു കാറിലും പിക്കപ്പ് വാനിലും ഈ യുവാക്കള്‍ സഞ്ചരിച്ച വാനിലും ഇടിക്കുകയും ബൈക്കിലുണ്ടായിരുന്ന യുവാക്കളില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്യുന്നു. പാലക്കാട് ജില്ലയിലാണ് സംഭവം നടന്നത്.

കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യലഹരിയിലായിരുന്നെന്ന് കസ്റ്റഡിയിലെടുത്ത പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊഴിഞ്ഞാമ്പാറയിലെ ബാറില്‍നിന്ന് ഇറങ്ങിയ ഇയാള്‍ കാര്‍ എടുത്തശേഷം അവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ ഇടിച്ച ശേഷമാണ് നടന്നുപോകുകയായിരുന്ന ഒരാളെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞത്.

ഐടിഐയിലെ പഠനം പൂര്‍ത്തിയാക്കി തുടര്‍പഠനം കാത്തിരിക്കുന്ന ഇരുപത്തിരണ്ടുകാരനായ ഒരു യുവാവിന്‍റെ ജീവനാണ് നഷ്ടമായിരിക്കുന്നത്. അവന്‍റെ കുടുംബത്തിന്‍റെ സ്വപ്നങ്ങളാണ് തല്ലിത്തകര്‍ക്കപ്പെട്ടിരിക്കുന്നത്.

ആരെയാണ് നാം പ്രതിസ്ഥാനത്തു നിര്‍ത്തേണ്ടത്? അപകടമുണ്ടാക്കി ലക്കുംലഗാനുമില്ലാതെ പാഞ്ഞുപോയ കാറിനെ പിടികൂടാന്‍ യുവാക്കളോട് ആവശ്യപ്പെട്ട നാട്ടുകാരും ബെക്കില്‍ കാറിനെ പിന്തുടര്‍ന്നുപോയ യുവാക്കളും ചെയ്തത് തെറ്റാണെന്ന് ആരും പറയില്ല. അപകടമുണ്ടാക്കി നിര്‍ത്താതെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ക്കു പിന്നാലെ പായാനും ഫോണിലൂടെ മറ്റുള്ളവരെ വിവരമറിയിച്ച് വഴിയില്‍ തടയാന്‍ ആവശ്യപ്പെടാനും പോലീസില്‍ വിവരമറിയിക്കാനുമൊക്കെ എല്ലാ നാട്ടിലും ആളുകളുണ്ടാകാറുണ്ട്. അത് ആവശ്യവുമാണ്. ഇവരെയൊന്നും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല.

ഈ കേസില്‍ മദ്യമാണ് വില്ലന്‍. എന്നാല്‍ മദ്യത്തെ പ്രതിയാക്കാനും അറസ്റ്റുചെയ്യാനും സാധ്യമല്ലല്ലോ. മദ്യപിച്ച് കാറോടിച്ചവനാണ് യഥാര്‍ഥ പ്രതി. എന്നാല്‍ അയാള്‍ മാത്രമാണോ പ്രതി? മദ്യക്കച്ചവടത്തെ വന്‍ വരുമാന മാര്‍ഗമായി കാണുന്ന സര്‍ക്കാര്‍ ഇതില്‍ പ്രതിയല്ലേ? മദ്യലഹരിയില്‍ വാഹനമോടിക്കാന്‍ പാടില്ല എന്ന നിയമമുണ്ടല്ലോ എന്നാകും ന്യായീകരണം. മനുഷ്യന്‍റെ സ്വബോധത്തെയും ആരോഗ്യത്തയും നശിപ്പിക്കുന്ന, ഒട്ടേറെ ദൂഷ്യങ്ങളുള്ള വസ്തുക്കള്‍ വില്‍പന നടത്തുക എന്നത് ഒരു ഭരണകൂടത്തിന് യോജിച്ചതാണോ?

വാറ്റുചാരായമാണെങ്കിലും നാടന്‍ കള്ളാണെങ്കിലും വിദേശമദ്യമാണെങ്കിലും അവകൊണ്ട് സര്‍ക്കാരിനും നടത്തിപ്പുകാര്‍ക്കും സാമ്പത്തിക നേട്ടമുണ്ടാകുന്നു എന്നല്ലാതെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും എന്തു നേട്ടമാണു ലഭിക്കുന്നത്; കോട്ടങ്ങളല്ലാതെ? മദ്യലഹരിയില്‍ എന്തെല്ലാം തോന്ന്യാസങ്ങളാണ് നാട്ടില്‍ നടക്കുന്നത്! ദിനേന എത്രയെത്ര അപകടങ്ങള്‍ സംഭവിക്കുന്നു! എത്രയെത്ര സ്ത്രീകളും കുഞ്ഞുങ്ങളും പീഡിപ്പിക്കപ്പെടുന്നു, കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കപ്പെടുന്നു. മദ്യം വിറ്റ് പണംകൊയ്യുന്ന സര്‍ക്കാരിന് ഇതിന്‍റെ ഉത്തരാദിത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമോ? കഞ്ചാവും ബ്രൗണ്‍ഷുഗറും അടക്കമുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതും വില്‍പന നടത്തുന്നതും നിരോധിച്ചതുപോലെ എന്തുകൊണ്ട് എല്ലാതരം മദ്യങ്ങളും നിരോധിച്ചുകൂടാ?

ലഹരിവസ്തുക്കള്‍ വരുത്തിവയ്ക്കുന്ന സാമൂഹ്യവിപത്തിന്‍റെ വ്യാപ്തി അറിയാത്തവരല്ല പ്രബുദ്ധകേരളക്കാര്‍. എന്നിട്ടും നമ്മുടെ നാട്ടില്‍ മദ്യപന്മാരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. സ്വദേശ, വിദേശ മദ്യഷാപ്പുകളും നാടന്‍ കള്ളുഷാപ്പുകളും നമ്മുടെ സര്‍ക്കാരിന്‍റെ ആശീര്‍വാദത്തോടെ ആളുകളെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നു. 'ദീപസ്തംഭം മഹാശ്ചര്യം, നമുക്കു കിട്ടണം പണം!'