ഹിജ്‌റയുടെ ഓര്‍മകള്‍

പത്രാധിപർ

2021 ആഗസ്ത് 07 1442 ദുല്‍ഹിജ്ജ 27

മാനവരാശിയെ വെളിച്ചത്തിലേക്ക് നയിക്കുവാന്‍ വേണ്ടി പ്രപഞ്ച സ്രഷ്ടാവ് നിയോഗിച്ച മുഹമ്മദ് നബി ﷺ ക്കും അദ്ദേഹത്തിന്റെ അനുചരന്മാര്‍ക്കും തങ്ങള്‍ ജനിച്ചുവളര്‍ന്ന നാടും വീടും സമ്പത്തുമെല്ലാം വിട്ടേച്ചുകൊണ്ട് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. വര്‍ഷങ്ങളോളം നീണ്ട ശാരീരികവും മാനസികവുമായ പീഡനങ്ങളും ഊരുവിലക്കുമെല്ലാം സഹിച്ച ശേഷമാണ് പലായനം ചെയ്യുവാന്‍ ലോകരക്ഷിതാവിന്റെ നിര്‍ദേശമുണ്ടായത്.

പലായനം കേവലമൊരു യാത്രയല്ല, പറിച്ചുനടലാണ്. മഹാത്യാഗമാണ്. പ്രിയപ്പെട്ടതും പ്രിയപ്പെട്ടവരുമായ പലതിനെയും പലരെയും വിട്ടേച്ചുകൊണ്ടുള്ള യാത്ര. ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ ആര്‍ക്കുമതിന് സാധ്യമല്ല. അതൊരു നാടുവിടലാണ്. ജോലിതേടിയോ കച്ചവടാവശ്യാര്‍ഥമോ വിവാഹാവശ്യാര്‍ഥമോ ഉള്ളതല്ല; വിശ്വാസ സംരക്ഷണാര്‍ഥമുള്ളത്. സത്യവിശ്വാസിയായി ജീവിച്ച് സല്‍കര്‍മങ്ങള്‍ ചെയ്ത് ദൈവപ്രീതി കരസ്ഥമാക്കി മരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നേടത്തേക്ക് അത് ലഭിക്കാത്ത നാട്ടില്‍നിന്നുള്ള യാത്ര. അനിവാര്യമായ ഘട്ടത്തില്‍ അവരതിന് വൈമനസ്യം കാണിച്ചില്ല. അവരുടെ മനസ്സില്‍ പരലോക രക്ഷ മാത്രമായിരുന്നു. അതിനുവേണ്ടി ഏത് അഗ്‌നിപരീക്ഷയും നേരിടാന്‍ അവര്‍ ഒരുക്കമായിരുന്നു. മതമനുസരിച്ച് ജീവിക്കുവാന്‍ വേണ്ടി മാത്രമാണ് അവര്‍ സ്വദേശം വെടിയാന്‍ തയ്യാറായത്. സ്രഷ്ടാവിന്റെ കാരുണ്യത്തിലായിരുന്നു അവരുടെ പ്രതീക്ഷ.

''വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു...''(ക്വുര്‍ആന്‍ 2:218).

എല്ലാറ്റിലും വലുതായി അല്ലാഹുവിനെയും അവന്റെ ദൂതനെയും കാണുന്നവര്‍ക്കേ ഈ മഹാത്യാഗത്തിന് കഴിയുകയുള്ളൂ.

''...ആകയാല്‍ സ്വന്തം നാട് വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്റെ മാര്‍ഗത്തില്‍ മര്‍ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്മകള്‍ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതിഫലമത്രെ അത്. അല്ലാഹുവിന്റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്'' (ക്വുര്‍ആന്‍ 3:195).

അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും അവനിലുള്ള ആത്മാര്‍ഥമായ ഭരമേല്‍പിക്കലിന്റെയും ഉദാത്തമായ മാതൃകകള്‍ ഏറെ ഹിജ്‌റയുടെ ചരിത്രത്തില്‍ കാണാം. അബൂബക്ര്‍(റ) പറയുന്നു: ''ഞങ്ങള്‍ ഥൗര്‍ ഗുഹയിലായിരിക്കെ തലക്കുമുകൡലൂടെ നടന്നുനീങ്ങുന്ന മുശ്‌രിക്കുകളുടെ പാദങ്ങള്‍ ഞാന്‍ കണ്ടിരുന്നു. അന്നേരം 'അല്ലാഹുവിന്റെ ദൂതരേ, അവരാരെങ്കിലും പാദങ്ങള്‍ക്കു ചുവട്ടിലൂടെ നോക്കിയാല്‍ നമ്മെ കണ്ടെത്തുമല്ലോ' എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ ﷺ പറഞ്ഞു: 'അബൂബക്‌റേ, മൂന്നാമനായി അല്ലാഹു കൂടെയുള്ള രണ്ടാളുകളെക്കുറിച്ച് താങ്കളുടെ വിചാരമെന്താണ്?' (ബുഖാരി, മുസ്‌ലിം).

അല്ലാഹുവിന്റെ ഏകത്വത്തിലുള്ള ഉള്ളറിഞ്ഞ ദൃഢബോധം, അവന്‍ അനാദിയും അനന്തനും പ്രപഞ്ചസ്രഷ്ടാവും വിധാതാവും പരിപാലകനുമാണ് എന്ന അറിവും ഓര്‍മയും, തനിക്ക് ജന്മവും ജീവിതവും മരണവും സുഖവും ദുഃഖവും രോഗവും ആരോഗ്യവും ക്ഷേമവും ക്ഷാമവും ആപത്തും അനുഗ്രഹവുമെല്ലാം നല്‍കുന്നത് ഏകനായ അല്ലാഹുവാണെന്ന നിതാന്ത ബോധവും വിശ്വാസിക്കുണ്ടായിരിക്കണം. അപ്പോള്‍ അവന്റെയുള്ളില്‍ ശുഭപ്രതീക്ഷ വളരും. അല്ലാഹുവിന്റെ സാമീപ്യം ലഭിക്കുവാനുള്ള അടങ്ങാത്ത താല്‍പര്യവുമുണ്ടായിത്തീരും. അതവനെ കര്‍മനിരതനാക്കും. ദുരിത ഘട്ടത്തില്‍ അവന്‍ നിരാശനാകില്ല. സ്വഹാബികള്‍ സ്വദേശവും സ്വഗേഹങ്ങളും വെടിഞ്ഞ് മദീനയിലേക്ക് ഹിജ്‌റ പോകാന്‍ തയ്യാറായത് പാരത്രിക വിജയം ആഗ്രഹിച്ചുകൊണ്ട് മാത്രമായിരുന്നു.