ആദര്‍ശ പ്രതിബദ്ധതയുടെ ബലിപെരുന്നാള്‍

പത്രാധിപർ

2021 ജൂലൈ 17 1442 ദുല്‍ഹിജ്ജ 06

ആഘോഷങ്ങളില്ലാത്ത മതങ്ങളില്ല ലോകത്ത്. വ്യത്യസ്ത രീതിയും സ്വഭാവവുമാണ് ഓരോ ആഘോഷത്തിനുമുള്ളത്. ഓരോ മതത്തിന്റെയും ഓരോ ആഘോഷത്തിനും പിന്നില്‍ എന്തെങ്കിലും വിശ്വാസങ്ങള്‍ കാണാവുന്നതാണ്. മദ്യപാനവും മറ്റും അധര്‍മങ്ങളും ആഘോഷത്തിന്റെ ഭാഗമായി ചെയ്യുന്നവരുണ്ട്. അതൊന്നുമില്ലെങ്കില്‍ പിന്നെ എന്ത് ആഘോഷം എന്നാണ് അത്തരക്കാര്‍ ചിന്തിക്കുന്നത്.

എന്നാല്‍ ഇസ്‌ലാം ഈ രംഗത്തും വ്യത്യസ്തത പുലര്‍ത്തുന്നു. ലഹരിയില്‍ ആറാടി ആടിപ്പാടാനും അനാവശ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള അവസരമായല്ല ഇസ്‌ലാം ആഘോഷങ്ങളെ കാണുന്നത്. സ്രഷ്ടാവിനെ മറന്ന് തിമര്‍ത്താടാനുള്ള വേളയല്ല അത്. മറിച്ച് ഇസ്‌ലാമിലെ ആഘോഷങ്ങള്‍ പ്രാര്‍ഥനാമയമാണ്. പെരുന്നാള്‍ കടന്നുവരുമ്പോള്‍ എക്‌സൈസ് വകുപ്പിനോട് ജാഗ്രത പാലിക്കാന്‍ കല്‍പന കൊടുക്കേണ്ട അവസ്ഥ സര്‍ക്കാരിനുണ്ടാകുന്നില്ല. പെരുന്നാള്‍ ദിവസം മദ്യവില്‍പനയിലുടെ സര്‍ക്കാര്‍ സമ്പാദിച്ച കോടികളുടെ കണക്ക് പത്രങ്ങള്‍ക്ക് പ്രസിദ്ധീകരിക്കേണ്ടിവരാറുമില്ല.

മുസ്‌ലിംകള്‍ക്ക് രണ്ടേ രണ്ട് ആഘോഷങ്ങളാണ് ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത്. വ്രതശുദ്ധിയുടെ നിറവില്‍ ശവ്വാല്‍ മാസപ്പിറവിയോടെ സമാഗതമാകുന്ന ഈദുല്‍ഫിത്വ്‌റും ഇബ്‌റാഹീം നബി(അ)യുടെയും മകന്‍ ഇസ്മാഈല്‍ നബി(അ)യുടെയും ത്യാഗസ്മരണകളുയര്‍ത്തുന്ന—ഹജ്ജ് മാസത്തില്‍ കൊണ്ടാടുന്ന ഈദുല്‍ അദ്ഹയുമാണവ. കൃത്യമായ ലക്ഷ്യവും സന്ദേശവുമുണ്ട് എന്നതാണ് ഇസ്‌ലാമിലെ ആഘോഷങ്ങളുടെ സവിശേഷത.

ഏകദൈവ വിശ്വാസത്തില്‍ കണിശമായ പ്രതിബദ്ധത പുലര്‍ത്തിയതിന്റെ പേരില്‍ ഇബ്‌റാഹീം നബി(അ)ക്ക് തന്റെ പിതാവിനെതിരില്‍ നില്‍ക്കേണ്ടിവന്നു എന്നത് ചരിത്രസത്യമാണ്. ബഹുദൈവാരാധകനായിരുന്ന പിതാവിനോട് ആദര്‍ശത്തിന്റെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ച—കാണിക്കുവാന്‍ ഇബ്‌റാഹീം നബി(അ) ഒരുക്കമായിരുന്നില്ല. എന്നാല്‍ പിതാവിനോടുള്ള ആദരവ് അദ്ദേഹം കയ്യൊഴിച്ചതുമില്ല. അമുസ്‌ലിമാണ് എന്നതിനാല്‍ അദ്ദേഹം സ്വപിതാവിനെ അവഗണിക്കുകയോ നിന്ദിക്കുകയോ ചെയ്തില്ല.  

ഇബ്‌റാഹീം നബി(അ)— ഉള്‍പ്പെടുന്ന പ്രവാചകന്മാര്‍ മനുഷ്യരാശിയുടെ മാര്‍ഗദര്‍ശികളായിത്തീരുന്നത് അവര്‍ തൗഹീദ് ആദര്‍ശമായി അംഗീകരിക്കുകയും ധാര്‍മിക ജീവിതം നയിക്കുകയും നന്മ പ്രവര്‍ത്തിച്ചുകൊണ്ട് സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കുകയും ചെയ്തതുകൊണ്ടാണ്. ഇസ്‌ലാം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടല്ലാതെ ഏതൊരു വ്യക്തിക്കും സ്രഷ്ടാവിന്റെ അനുഗ്രഹവും തൃപ്തിയും നേടിയെടുക്കാന്‍ കഴിയില്ല എന്ന പരമാര്‍ഥത്തിന്റെ സാക്ഷ്യങ്ങളാണ് ഇബ്‌റാഹീം(അ) ഉള്‍പ്പെടെയുള്ള പ്രവാചകന്മാരുടെ ജീവിത ചരിത്രം.

എന്നാല്‍ ഇന്ന് ആദര്‍ശത്തെ സന്ദര്‍ഭത്തിനനുസരിച്ച് നീട്ടിവലിക്കാനും മറച്ചുവെക്കാനുമുള്ള പ്രവണത മുസ്‌ലിംകള്‍ക്കിടയില്‍ കാണുവാന്‍ സാധിക്കുന്നു. ഒരു ബഹുമത സമൂഹത്തില്‍ ജീവിക്കുമ്പോള്‍ കുറച്ചൊക്കെ ആദര്‍ശപരമായ നീക്കുപോക്കുകള്‍ നടത്തേണ്ടിവരും എന്ന് പലരും ചിന്തിക്കുന്നു. ക്വുര്‍ആനും നബിചര്യയും പഠിപ്പിക്കുന്ന കാര്യങ്ങളൊക്കെയും ഉള്‍ക്കൊണ്ടുകൊണ്ട് എങ്ങനെ ജീവിക്കും എന്ന അപകര്‍ഷതാബോധം നിറഞ്ഞ ചിന്ത പലരിലും പ്രകടമാണ്. ആദര്‍ശ ദൃഢതയില്ലാത്ത ഇത്തരക്കാര്‍—ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗം പിന്തുടരുന്നവരാണ് തങ്ങള്‍ എന്ന് പ്രഖ്യാപിക്കുന്നത് വിരോധാഭാസമാണ്.

ആഘോഷ വേളയില്‍ നാം കോവിഡ് ബാധിച്ച് പ്രയാസമനുഭവിക്കുന്നവരെയും കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെയും വിസ്മരിക്കാതിരിക്കുക. ആഘോഷിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല പലരും. സാന്ത്വനവും സഹായവുമായി അവരിലേക്കിറങ്ങിച്ചെല്ലുന്നത് പുണ്യപ്രവര്‍ത്തനമാണെന്നറിയുക.