വിശ്വാസം ജീവിതത്തില്‍ പ്രതിഫലിക്കണം

പത്രാധിപർ

2021 മെയ് 22 1442 ശവ്വാല്‍ 10

വ്യക്തിയുടെ ജീവിതത്തില്‍ സമൂലമായി  സ്വാധീനം ചെലുത്തുകയും വാക്കുകളെയും വികാരങ്ങളെയും വിചാരങ്ങളെയും സ്വാധീനിക്കുകയും ചെയ്യേണ്ട ഒന്നാണ് വിശ്വാസം. കര്‍മങ്ങളിലേക്കുള്ള പ്രേരണകള്‍ വിശ്വാസത്തില്‍നിന്നും ലഭിച്ചില്ലെങ്കില്‍ വിശ്വാസം കേവലം മാനസികമായ പ്രവൃത്തി മാത്രമായിത്തീരും. യാതൊരു സന്ദേഹത്തിനുമിടയില്ലാത്തവിധം അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അതിന്റെ അടയാളങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ പ്രകടമാകുംവിധം കീഴ്‌വണക്കം കാണിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് സാരം.

സാക്ഷ്യവാക്യം (ശഹാദത്ത് കലിമ) നാവുകൊണ്ട് ഉച്ചരിച്ചത്‌കൊണ്ട് മാത്രമായില്ല; ജീവിതത്തില്‍ അതിന്റെ ആശയം പ്രതിഫലിക്കണം. ആരാധ്യന്‍ അല്ലാഹു മാത്രമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്ന് പറയുന്നവന്‍ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണ് എന്ന് അംഗീകരിക്കുന്നവന്‍ നബി ﷺ യുടെ കല്‍പനകളും നിര്‍ദേശങ്ങളും പാലിക്കുവാനും അദ്ദേഹത്തിന്റെ ചര്യകള്‍ പിന്‍പറ്റുവാനും ബാധ്യസ്ഥനാണ്.

മുഴുവന്‍ പ്രവാചകന്മാരും ജനങ്ങളെ ഉപദേശിച്ച പ്രഥമവും പ്രധാനമായതുമായ കാര്യം അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്നതാണ്. ''ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല'' (ക്വുര്‍ആന്‍ 21:25).

അല്ലാഹുവിനെയല്ലാതെ ആരൊക്കെ ആരോടെല്ലാം പ്രാര്‍ഥിക്കുന്നുവോ അവരൊന്നും യാതൊന്നും സൃഷ്ടിക്കുവാന്‍ കഴിവില്ലാത്തവരും പ്രാര്‍ഥന കേള്‍ക്കുവാനും ഉത്തരം നല്‍കുവാനും കഴിയാത്തവരുമാണെന്ന് അല്ലാഹു വളരെ വ്യക്തമായി നമ്മെ പഠിപ്പിച്ചിട്ടുണ്ട്:

''...അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല'' (ക്വുര്‍ആന്‍ 35:13,14).

പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു മാത്രമാണ് ആരാധിക്കപ്പെടാന്‍ അര്‍ഹന്‍. ആരാധനയില്‍ പെടുന്ന ഒന്നും അവനല്ലാത്തവര്‍ക്ക് അര്‍പ്പിക്കുവാന്‍ പാടില്ല. അല്ലാഹുവിന്റെ വിശേഷണങ്ങളും ഗുണങ്ങളും കഴിവുകളും സൃഷ്ടികളില്‍ ആര്‍ക്കെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുവാനും പാടില്ല. ഇതെല്ലാം അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. അത് നമുക്ക് സ്വര്‍ഗം നിഷിദ്ധമാക്കുകയും ചെയും.

''...അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല'' (ക്വുര്‍ആന്‍ 5:72).

നാം ആത്മപരിശോധന നടത്തുക; യഥാര്‍ഥ വിശ്വാസിയാണെന്നു പറയാനുള്ള യോഗ്യത നാം നേടിയെടുത്തിട്ടുണ്ടോ? ശഹാദത്ത് കലിമക്ക് വിരുദ്ധമായ കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നാം അനുവര്‍ത്തിക്കുന്നുണ്ടോ? നബി ﷺ യുടെ ചര്യകളെ എത്രത്തോളം നാം പിന്‍പറ്റുന്നുണ്ട്? ജീവിതത്തിന്റെ എല്ലാ മേഖലകളിലും പാലിക്കേണ്ടതായ ഇസ്‌ലാമിക മര്യാദകള്‍ പാലിക്കുന്നുണ്ടോ? ഭൗതികമായ വല്ല നഷ്ടവും ഭയന്ന് ഇസ്‌ലാമിന്റെ നിര്‍ദേശങ്ങളും നിയമങ്ങളും അവഗണിക്കുന്നുണ്ടോ?