ഇസ്‌ലാം ആയുധത്തിന്റെ മതമോ?

പത്രാധിപർ

2021 മെയ് 29 1442 ശവ്വാല്‍ 17

ഇസ്‌ലാം ലോകത്ത് ശാന്തിയും സമാധാനവും സ്വസ്ഥമായ ജീവിതവും വിഭാവനം ചെയ്യുന്ന മതമാണ്. അതില്‍ അക്രമത്തിനും വര്‍ഗീയതക്കും ലവലേശം സ്ഥാനമില്ല. ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കുവാനും ഗൂഢാലോചനാകേന്ദ്രങ്ങളാക്കുവാനും ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല; അങ്ങനെ ചെയ്യുന്നവര്‍ വാസ്തവത്തില്‍ ഇസ്‌ലാമിന്റെ ശത്രുക്കളാണ്. രൂക്ഷമായ യുദ്ധവേളയില്‍പോലും സ്ത്രീകളെയും കുട്ടികളെയും വയോവൃദ്ധരെയും അക്രമിക്കുന്നത് ഇസ്‌ലാം വിരോധിക്കുന്നുവെന്നിരിക്കെ, ചാവേറുകളായും മിന്നലാക്രമണമായും സാധാരണക്കാരായ ആബാലവൃദ്ധം ജനങ്ങളെ കൊല്ലുവാന്‍ എങ്ങനെ മുസ്‌ലിംകള്‍ക്കു കഴിയും?

ഏതെങ്കിലും അവിവേകികള്‍ ചെയ്യുന്ന അക്രമങ്ങളെ ഇസ്‌ലാമിന്റെ തലയില്‍ കെട്ടിവെക്കാനുള്ള വ്യഗ്രത കാണിക്കുന്നവര്‍ ഇസ്‌ലാമിനെക്കുറിച്ച് അജ്ഞരോ അജ്ഞത നടിക്കുന്നവരോ ആണെന്ന കാര്യത്തില്‍ സംശയമില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ ഭീകരതയുടെ ചാപ്പകുത്തി കടുത്ത വര്‍ഗീയവിഷം പുറംതള്ളുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു എന്നത് നമ്മുടെ നാടിനെ ബാധിച്ചുകൊണ്ടിരിക്കുന്ന വലിയ ദുര്യോഗമാണ്.

കത്തിപോലുള്ള ആയുധങ്ങള്‍ ചങ്ങാതിക്കുനേരെ ചൂണ്ടി പലരും തമാശകാണിക്കാറുണ്ട്. അങ്ങനെയുള്ള തമാശപോലും കാണിക്കാന്‍ പാടില്ലെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്‌ലാം! അപ്രതീക്ഷിതമായി ആ ആയുധംകൊണ്ട് അപകടമുണ്ടായേക്കാമല്ലോ!

അബൂഹുറയ്‌റ(റ) നിവേദനം. നബി ﷺ പറഞ്ഞു: ''നിങ്ങളില്‍ ആരുംതന്നെ തന്റെ സഹോദരന്റെ നേരെ ആയുധം ചൂണ്ടരുത്. നിശ്ചയമായും അവന്‍ അറിയാതെ പിശാച് അത് തെറ്റിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ അവന്‍ നരകക്കുഴിയില്‍ ആപതിക്കും'' (ബുഖാരി, മുസ്‌ലിം).

''ആരെങ്കിലും ഇരുമ്പ് (ആയുധം) തന്റെ സഹോദരനുനേരെ ചൂണ്ടിക്കാണിച്ചാല്‍ അവനത് ഉപേക്ഷിക്കുംവരെ മലക്കുകള്‍ അവനെ ശപിക്കും; അവന്‍ സ്വന്തം സഹോദരനാണെങ്കിലും'' (മുസ്‌ലിം).

തമാശകാണിക്കുമ്പോള്‍ പോലും സംഭവിച്ചേക്കാവുന്ന അപകടങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കുകയും അതിന്റെ പേരില്‍ നിരപരാധിക്ക് അപകടമുണ്ടായാല്‍ അതിന് ഉത്തരവാദിയായ വ്യക്തി നരകത്തില്‍ ചെന്നെത്താന്‍ പോലും സാധ്യതയുണ്ടെന്ന് പഠിപ്പിക്കുകയും ചെയ്ത പ്രവാചകന്റെ അനുയായികള്‍ക്കെങ്ങനെ നിരപരാധികളെ കൊന്നൊടുക്കാനാവും? അരിഞ്ഞു വീഴ്ത്തപ്പെടുന്ന തലകളുടെ മതവും വര്‍ണവും നോക്കി എണ്ണമെടുത്ത് ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന ചോരക്കൊതിയന്‍മാരുടെ കയ്യിലെ കളിപ്പാവകളായിമാറുവാന്‍ വിവേകമുള്ള ഒരു മുസ്‌ലിമിനെങ്ങനെ കഴിയും?

അയല്‍വാസിയോടും അയല്‍രാജ്യത്തോടും ശത്രുത പുലര്‍ത്തുന്നവനാണിന്ന് യഥാര്‍ഥ കുടുംബ സ്‌നേഹിയും രാജ്യസ്‌നേഹിയും ആയി വിലയിരുത്തപ്പെടുന്നത്! ഒരു മനുഷ്യന്‍ നബി ﷺ യോട് ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ നല്ലയാളോ ചീത്തയാളോ എന്ന് എങ്ങനെയാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിയുക?'' അപ്പോള്‍ നബി ﷺ പറഞ്ഞു: ''നീ നല്ല വ്യക്തിയാണെന്ന് നിന്റെ അയല്‍വാസികള്‍ പറയുന്നതുകേട്ടാല്‍ നീ നല്ലയാളാണെന്ന് മനസ്സിലാക്കുക. അവര്‍ നീ ചീത്തയാളാണെന്ന് പറയുന്നതു കേട്ടാല്‍ നീ ചീത്തയാളാണെന്നും മനസ്സിലാക്കിക്കൊള്ളുക'' (ഇബ്‌നുമാജ).

സത്യവും ധര്‍മവും നീതിയും മറ്റു നന്മകളും കൈമുതലായുള്ളവനെക്കുറിച്ച് ആര്‍ക്കും നല്ലതേ പറയുവാനുണ്ടാകൂ. ഉന്നത വിദ്യാഭ്യാസംകൊണ്ടും ഉയര്‍ന്ന ജോലി കൊണ്ടുമൊന്നും മനുഷ്യന്‍ മനുഷ്യനാകില്ല. സ്രഷ്ടാവിലുള്ള അചഞ്ചലമായ വിശ്വാസവും മരണാനന്തര ജീവിതത്തിലെ രക്ഷാശിക്ഷകളിലുള്ള പ്രതീക്ഷയും ഭയവും ഉള്ളവര്‍ക്കേ ധാര്‍മിക മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുന്ന 'മനുഷ്യ'രായി മാറുവാന്‍ കഴിയൂ.