അറുതിയില്ലാത്ത ഇസ്‌ലാമോഫോബിയ!

പത്രാധിപർ

2021 ജൂൺ 12 1442 ദുല്‍ക്വഅ്ദ 01

ഇസ്‌ലാംഭീതി ലോകത്ത് വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. സ്ഥാപിത താല്‍പര്യക്കാര്‍ ഇസ്‌ലാംഭീതി വളര്‍ത്തുന്നതില്‍ അതീവതല്‍പരരും അതിനായി അശ്രാന്തപരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നവരുമാണ്. ഇസ്‌ലാമിന്റെ വളര്‍ച്ച തടയുക എന്നതാണ് അവരുടെ ആത്യന്തിക ലക്ഷ്യം. മാധ്യമങ്ങളെയാണ് കാര്യമായും ഇതിനുള്ള ആയുധമാക്കുന്നത്. ഇസ്‌ലാംഭീതി ഉള്ളില്‍ കടന്നുകൂടിയാല്‍ പിന്നെ ഉള്ളില്‍ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അടങ്ങാത്ത രോഷം നിറയും. എങ്ങനെയെങ്കിലും ഇക്കൂട്ടരെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട് എന്ന ചിന്ത വളരും. ഈയിടെ കാനഡയില്‍ ഒരു യുവാവ് നടത്തിയ ഹീനമായ ആക്രമണം ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

ഇസ്‌ലാമോഫോബിയയെക്കുറിച്ച് വിക്കിപീഡിയയില്‍ ഇങ്ങനെ വായിക്കാം: ''ഇസ്‌ലാമിനോടും മുസ്‌ലിംകളോടും കാണിക്കുന്ന മുന്‍വിധിയെയും വിവേചനത്തെയും സൂചിപ്പിക്കുന്ന ഒരു നവപദമാണ് 'ഇസ്‌ലാമോഫോബിയ' അല്ലെങ്കില്‍ 'ഇസ്‌ലാംപേടി' എന്നത്. 1980കളുടെ ഒടുവിലാണ് ഈ പദം രൂപം കൊള്ളുന്നതെങ്കിലും 2001 സെപ്റ്റംബര്‍ 21ലെ ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷമാണ് ഇത് ഒരു പൊതുപ്രയോഗമായി മാറിയത്. റണ്ണിമെഡ് ട്രസ്റ്റ് എന്ന ബ്രിട്ടീഷ് സംഘടന 1997ല്‍ ഈ പദത്തെ ഇങ്ങനെ നിര്‍വചിക്കുന്നു: 'ഇസ്‌ലാമിനോടുള്ള വെറുപ്പ്; അതിന്റെ ഫലമായി മുസ്‌ലിംകളോടുള്ള ഭയവും അനിഷ്ടവും.' രാഷ്ട്രത്തിന്റെ സാമ്പത്തിക, സാമുഹിക പൊതുജീവിതത്തില്‍നിന്നും മുസ്‌ലിംകളെ അവഗണിച്ചുകൊണ്ട് അവരോട് പ്രകടിപ്പിക്കുന്ന വിവേചനം ഇതിന്റെ ഒരു രീതിയാണെന്ന് ഈ നിര്‍വചനം വ്യക്തമാക്കുന്നു. മറ്റു സംസ്‌കാരങ്ങളുമായി ഇസ്‌ലാമിന് ഒരു പൊതുമൂല്യവും ഇല്ല എന്നും പാശ്ചാത്യരുമായി താരതമ്യം ചെയ്യുമ്പോള്‍ അത് അധമമാണെന്നും അക്രമാത്മക രാഷ്ട്രീയ ആദര്‍ശമാണ് ഒരു മതമെന്നതിലുപരി ഇസ്‌ലാമെന്നുമാണ് ഇസ്‌ലാമോഫോബിയയുടെ മുന്‍വിധി.''

പ്രൊഫസര്‍ ആന്‍ സോഫി റോല്‍ഡ് എഴുതുന്നു: ''ജനുവരി 2001ല്‍ ഔപചാരികമായി ഈ പദം അംഗീകരിക്കുന്നതിനായുള്ള നടപടികള്‍ 'സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ ഫോറം ഓണ്‍ കോമ്പാറ്റിംഗ് ഇന്റോലറന്‍സ്' എന്ന ഫോറത്തില്‍ സ്വീകരിക്കുകയുണ്ടായി. ക്‌സീനോഫോബിയയുടെയും (വൈദേശികതയോടുള്ള ഭയം) ആന്റിസെമിറ്റിസത്തിന്റെയും (സെമിറ്റിക് വിരുദ്ധത) ഭാഗമായുള്ള ഒരു അസഹിഷ്ണുതയുടെ രൂപമാണ് ഇസ്‌ലാമോഫോബിയ എന്ന് ഈ ഫോറം വിലയിരുത്തി.''

''എന്‍സൈക്ലോപീഡിയ ഓഫ് റൈസ് ആന്‍ഡ് എത്‌നിക് സ്റ്റഡീസില്‍ Encyclopedia of Race and Ethnic studies) എലിസബത്ത് പൂള്‍, ഇസ്‌ലാമോഫോബിയയെ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്നുണ്ട്. 1994നും 2004നും ഇടയില്‍ ബ്രിട്ടീഷ് പത്രങ്ങളില്‍ വന്ന ലേഖനങ്ങളുടെ ഒരു മാതൃക കാട്ടിക്കൊണ്ടുള്ള വസ്തുതാപഠനം ഇവര്‍ എടുത്തുകാട്ടുന്നു. ആ പഠനം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: 'മുസ്‌ലികളുടെ കാഴ്ചപ്പാടുകള്‍ വേണ്ടത്ര പ്രതിനിധീകരിക്കപ്പെടാതെ പോകുന്നു. മുസ്‌ലിംകള്‍ ഉള്‍പ്പെടുന്ന പ്രശ്‌നങ്ങളില്‍ അവരെ നിഷേധാത്മകമായ രീതിയില്‍ ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു.' ഇസ്‌ലാമും മുസ്‌ലിംകളും പാശ്ചാത്യസുരക്ഷിത്വത്തിനും മൂല്യങ്ങള്‍ക്കും ഭീഷണിയാണെന്നുള്ള പരികല്‍പനകളാണ് ഇവ ഉള്‍ക്കൊള്ളുന്നത് എന്ന് എലിസബത്ത് പൂള്‍ തുടര്‍ന്ന് അഭിപ്രായപ്പെടുന്നു.''

ഇന്ത്യയിലും ഇസ്‌ലാംഭീതി വളര്‍ത്തുന്നതില്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നത് കാണാതിരുന്നുകൂടാ. വെറുപ്പിന്റെ പ്രത്യയശാസ്ത്രക്കാര്‍ തങ്ങളുടെ അനുയായികളുടെ മനസ്സില്‍ ഇസ്‌ലാമിനെക്കുറിച്ച് അറപ്പും വെറുപ്പും ഭീതിയും വളര്‍ത്താന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. കാനഡയിലെ ചെറുപ്പക്കാരന്റെ മനസ്സുപോലെയുള്ള, മുസ്‌ലിംകളോടുള്ള വിദ്വേഷം നിറഞ്ഞ മനസ്സുകളെ വാര്‍ത്തെടുക്കുന്നവരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും സമാധാനകാംക്ഷികള്‍ ഒറ്റക്കെട്ടായി നിലകൊണ്ടില്ലെങ്കില്‍ അനന്തരഫലം പ്രവചനാതീതമായിരിക്കും.