'ദീപസ്തംഭം മഹാശ്ചര്യം നമുക്കും  കിട്ടണം പണം'

പത്രാധിപർ

2021 സെപ്തംബര്‍ 11 1442 സഫര്‍ 04

എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പണ്ടു പറഞ്ഞത് ആക്ഷേപവും കാര്യവും കലര്‍ത്തിക്കൊണ്ടാണ്. മേലാളരെ സുഖിപ്പിക്കുന്ന രൂപത്തില്‍ അവരുടെ ഏതു ചെയ്തിയെയും പുകഴ്ത്തിപ്പറഞ്ഞാല്‍ വല്ലതും കയ്യില്‍ തടയും. ഇല്ലെങ്കില്‍ നോട്ടപ്പുള്ളികളായി മാറും. രാജഭരണ കാലത്ത് മാത്രമല്ല ഈ ദുഷ്പ്രവണത നിലനിന്നിട്ടുള്ളത്; നിലനില്‍ക്കുന്നതും. ജനാധിപത്യത്തിന്റെ മഹാമാതൃകയായി ഉയര്‍ത്തിക്കാണിക്കപ്പെടുന്ന നമ്മുടെ രാജ്യത്തും ജനങ്ങള്‍ കനിഞ്ഞു നല്‍കിയ അധികാരസ്ഥാനങ്ങളിലിരുന്നുകൊണ്ട് , തങ്ങളുടെ ഭരണരംഗത്തുള്ള വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന പൗരന്മാരെ ദേശദ്രോഹികളായി മുദ്രകുത്തി തടവറയിലാക്കുന്ന സമ്പ്രദായം കണ്ടുതുടങ്ങിയിട്ടുണ്ട്. സ്തുതിപാഠകര്‍ക്ക് ഉന്നതമായ സ്ഥാനമാനങ്ങള്‍ അലങ്കാരമായി നല്‍കുന്നുമുണ്ട്.

പൗരന്മാരുടെ പഠനം, ചികിത്സ, ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ പോലുള്ള അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുക എന്നത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. ഏതുവിധത്തിലുള്ള സഹായമാണ് ജനങ്ങള്‍ക്കു വേണ്ടത്, അവ കഴിയുംവിധം നല്‍കി അവരുടെ ഭൗതികമായ വളര്‍ച്ചക്ക് പിന്തുണയേകണം. എത്രയോ ചെറുകിട സംരംഭകരും കര്‍ഷകരും സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും അവഗണനയും നിരുല്‍സാഹപ്പെടുത്തലും നിയമത്തിന്റെ നൂലാമാലകള്‍ കാണിച്ചുള്ള ഭീഷണിപ്പെടുത്തലും ഭയന്ന് തുടങ്ങിവെച്ച സംരംഭങ്ങള്‍ നിറുത്തിവെച്ചിട്ടുണ്ട്! കൈക്കൂലി കൊടുക്കാത്തതിനാല്‍ ആരുടെയൊക്കെ എന്തെല്ലാം കാര്യങ്ങള്‍ നിത്യേന മുടങ്ങിക്കൊണ്ടിരിക്കുന്നുണ്ട്!  

ഒരു സര്‍ക്കാര്‍ തുടങ്ങിവച്ച എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ വിഭാഗം ജനങ്ങളുടെയും പാര്‍ട്ടികളുടെയും പിന്തുണ ലഭിക്കുക സാധ്യമല്ല; വിശിഷ്യാ ജനാധിപത്യ ഭരണസംവിധാനമുള്ള ഒരു രാജ്യത്ത്. അതുകൊണ്ട്തന്നെ എതിര്‍പ്പുകളെ മറികടന്നും പലതും നടപ്പിലാക്കേണ്ടിവരും. എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും കണ്ണടച്ചങ്ങ് തള്ളിക്കളയാനും പാടില്ല. ന്യായാന്യായങ്ങള്‍ തീര്‍ച്ചയായും ചര്‍ച്ചചെയ്യപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. അണയാത്ത സമരവീര്യത്തിന്റെ ജ്വലിക്കുന്ന ചരിത്രം രചിച്ചുകൊണ്ട് ഇന്ത്യയിലെ കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തെ ഉദാഹരണമായെടുക്കുക. സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയം തങ്ങള്‍ക്ക് ദോഷകരമാണ് എന്ന് തിരിച്ചറിഞ്ഞതിനാലാണ് കര്‍ഷകര്‍ പ്രതിസന്ധിയുടെ കനല്‍പഥങ്ങള്‍ താണ്ടിയും സമരരംഗത്ത് ഉറച്ചുനില്‍ക്കുന്നത്. രാജ്യത്തിന്റെ  ഈ അടിസ്ഥാനവര്‍ഗത്തിന്റെ ആവശ്യങ്ങള്‍ക്കു മുമ്പില്‍ പുറംതിരിഞ്ഞു നില്‍ക്കുക എന്നത് ഒരു ജനാധിപത്യ ഭരണകൂടം കാണിക്കുന്ന അവിവേകമാണ്.

ജനങ്ങളുടെ ആരോഗ്യസംരക്ഷണവും സുരക്ഷിത ജീവിതവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനാലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും സൗജന്യമായി  പ്രതിരോധ കുത്തിവയ്പ് നടത്തുന്നതും ചികിത്സാസഹായങ്ങള്‍ നല്‍കുന്നതുമെല്ലാം. എന്നാല്‍ ഈ പ്രതിബദ്ധത മദ്യത്തിന്റെ വിഷയത്തില്‍ ജനങ്ങളോട് കാണിക്കാന്‍ സര്‍ക്കാര്‍ മടികാണിക്കുകയാണ്. മദ്യം ഏറ്റവും വലിയ വരുമാനമാര്‍ഗമാണ് എന്നതുതന്നെ കാരണം. മദ്യപര്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിക്കട്ടെ, അവരുടെ മക്കള്‍ അനാഥരും ഭാര്യമാര്‍ വിധവകളുമായി മാറട്ടെ, കുടുംബകലഹങ്ങളും കുത്തുംകൊലയും മദ്യംകാരണത്താല്‍ വര്‍ധിച്ചുകൊണ്ടിരിക്കട്ടെ എന്നതാണ് സര്‍ക്കാരിന്റെ മുദ്രാവാക്യമെന്ന് തോന്നിപ്പോവുകയാണ്.