തീവ്രവാദ മുദ്രകുത്താന്‍ ഓരോരോ കാരണങ്ങള്‍!

പത്രാധിപർ

2021 ഡിസംബര്‍ 04 1442 റബിഉല്‍ ആഖിര്‍ 29

ഇഷ്ടമുള്ള മതം സ്വീകരിക്കുവാനും ആ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും, ഒരു മതത്തിലും വിശ്വാസമില്ലാതെയും നിരീശ്വരവാദിയായും ജീവിക്കുവാനും, ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുവാനും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുവാനുമൊക്കെ ഭരണഘടനാപരമായിത്തന്നെ അനുവാദമുള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, മുസ്‌ലിം ന്യൂനപക്ഷത്തിന് ഈ സ്വാതന്ത്ര്യമൊന്നും വകവച്ചുകൊടുക്കുവാന്‍ പാടില്ല എന്ന മട്ടില്‍ അവരുടെ ഓരോ ചലനത്തിലും തീവ്രവാദത്തിന്റെ അടയാളം കണ്ടെത്തുവാനുള്ള ഭൂതക്കണ്ണാടിയുമായി നടക്കുകയാണ് ചിലര്‍. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 'ഹലാല്‍' വിവാദം.

മുസ്‌ലിംകള്‍ ഹലാലും ഹറാമും നോക്കി ജീവിക്കുവാന്‍ തുടങ്ങിയത് ഇൗ അടുത്തകാലത്തു മാത്രമാണ് എന്നാണ് ഈ വിഭാഗം മനസ്സിലാക്കിയിട്ടുള്ളത് എന്നാണ് തോന്നുന്നത്. മുസ്‌ലിംകള്‍ എക്കാലത്തും ജീവിച്ചിട്ടുള്ളതും ഇപ്പോള്‍ ജീവിക്കുന്നതും ഹലാലും ഹറാമും നോക്കിയിട്ടുതന്നെയാണ്. അത് ഭക്ഷണകാര്യത്തില്‍ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും പരിഗണിക്കുന്ന കാര്യമാണ്.

താടിയിലും പര്‍ദയിലുമൊക്കെ തീവ്രവാദത്തിന്റെ തീപ്പൊരി കണ്ടെത്തിയവര്‍ ഇപ്പോള്‍ ഹലാലിലും തീവ്രവാദം കണ്ടെത്തിയിരിക്കുകയാണ്! ഇതിനു കാരണം അവരുടെ അജ്ഞതയാണെങ്കില്‍ നമുക്കതിന്റെ നിജസ്ഥിതി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാമായിരുന്നു. എന്നാല്‍ അറിവില്ലായ്മയല്ല, വെറുപ്പിന്റെ തത്ത്വശാസ്ത്രം പ്രചരിപ്പിച്ച് രാഷ്ട്രീയലാഭം കൊയ്യാനുള്ള ദുരുദ്ദേശമാണിതിനു പിന്നില്‍ എന്നത് വളരെ വ്യക്തമാണ്. അതേസമയം ഈ പ്രചാരണത്തില്‍ വീണ് തെറ്റുധാരണയില്‍ അകപ്പെടുന്ന ഒട്ടേറെയാളുകളുണ്ട്. മുസ്‌ലിംകള്‍ ഹലാലും ഹറാമും നോക്കി ജീവിക്കുന്നത് മറ്റാര്‍ക്കെങ്കിലും ഉപദ്രവമുണ്ടാക്കുന്നതല്ല, അതേസമയം ഉപകാരപ്രദവുമാണ്. അയല്‍വാസിയായ അമുസ്‌ലിം വന്ന് അത്യാവശ്യമായി അല്‍പം കാശ് കടംതരണം, പലിശയടക്കം തിരിച്ചുതരാം എന്ന് പറയുമ്പോള്‍ പലിശ വാങ്ങല്‍ ഹലാലല്ല, ഹറാമാണ്, അതുകൊണ്ട് പലിശയൊന്നും തരേണ്ട എന്നു പറഞ്ഞ് ആവശ്യമുള്ള കാശ് കടംകൊടുക്കുന്നു. ഹലാല്‍ അല്ലാത്ത പലിശ വേണ്ട എന്നു പറഞ്ഞത് തീവ്രാദമാണോ?

ഇസ്‌ലാം എന്ന സമാധാനത്തെ അസമാധാനത്തിലേക്ക് നയിക്കുന്ന തീവ്രതയെ അല്ലാഹുവും അവന്റെ പ്രവാചകനും ഇഷ്ടപ്പെടുകയില്ലെന്നതില്‍ സംശയമില്ല. സ്രഷ്ടാവിന് 'കീഴ്‌പെട്ട്' ജീവിക്കുന്ന മുസ്‌ലിമിന്ന് യോജിക്കുന്ന രീതിയല്ല അത്. വേദക്കാരോട് അല്ലാഹു പറഞ്ഞത് ശ്രദ്ധിക്കുക: ''പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്. മുമ്പേ പിഴച്ചു പോകുകയും ധാരാളം പേരെ പിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്'' (ക്വുര്‍ആന്‍ 5:77).

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീഥില്‍ 'തീവ്രത പുലര്‍ത്തുന്നവര്‍ നശിക്കട്ടെ' എന്ന് നബി ﷺ മൂന്ന് തവണ ആവര്‍ത്തിച്ചു പറഞ്ഞതായി കാണാം.

സുസ്ഥിര സമാധാന സങ്കേതമായ സ്വര്‍ഗലോകത്തേക്ക് മുഴുവന്‍ ജനങ്ങളെയും ക്ഷണിക്കുവാനുള്ള ദൗത്യവുമായാണ് മുഹമ്മദ് നബി ﷺ ആഗതനായത്. അതുകൊണ്ട്തന്നെ അസമാധാനത്തിന്റെയും അശാന്തിയുടെയും അടയാളമായ തീവ്രതയും അതിരുകവിയലും ഒരിക്കലും അംഗീകരിച്ചില്ല. കാരണം അത് നാശത്തിന്റെ വഴിയാണ്. അത് ഉന്മൂലനവും സങ്കുചിതത്വവുമാണ്. ആയതിനാല്‍ അത്തരം ഭാരങ്ങളും വിലങ്ങുകളും ജനതയില്‍നിന്ന് ഇറക്കിവെക്കുവാനാണ് അദ്ദേഹം പ്രയത്‌നിച്ചത്. ആരൊക്കെ എത്ര തെറ്റുധരിപ്പിക്കാന്‍ ശ്രമിച്ചാലും സത്യം സത്യമായിത്തന്നെ നിലനില്‍ക്കും.