വിശുദ്ധ ക്വുർആനിന്റെ പ്രബോധന ശൈലി

ഉസ്മാൻ പാലക്കാഴി

2023 ഫെബ്രുവരി 04, 1444 റജബ് 12
അബദ്ധങ്ങളോ തിരുത്തലുകളോ ഇല്ലാതെ മനുഷ്യസഞ്ചയത്തിന് മുമ്പിൽ നിലനിൽക്കുന്ന ഏക ദൈവികഗ്രന്ഥമാണ് വിശുദ്ധ ക്വുർആൻ. ആശയത്തെപ്പോലെത്തന്നെ അതിന്റെ സംവേദനരീതിയും കിടയറ്റതും അന്യൂനവുമാണ്. മനുഷ്യനെ സൃഷ്ടിച്ച, ആശയ സ്വീകരണത്തിന് മനസ്സിനെ പരുവപ്പെടുത്തിയെടുത്ത സ്രഷ്ടാവ് തന്റെ സൃഷ്ടികൾക്കായി നൽകുന്ന മാർഗനിർദേശങ്ങൾ യുക്തിഭദ്രവും ഇഹപര വിജയത്തിന് നിദാനവുമാണെന്ന് അതിലൂടെ കണ്ണോടിച്ചാൽ ആർക്കും ബോധ്യപ്പെടും.

മനുഷ്യാരംഭം മുതൽ ഇന്നുവരെയുള്ള ബഹുഭൂരിപക്ഷം മനുഷ്യരും ഏതെങ്കിലും തരത്തിലുള്ള ദൈവവിശ്വാസം വെച്ചുപുലർത്തുന്നവരാണ്. പുറംലോകവുമായി ബന്ധമില്ലാത്ത, വനാന്തരങ്ങളിൽ ജീവിക്കുന്നവർക്കിടയിൽപോലും ഏതെങ്കിലും നിലയിൽ ദൈവവിശ്വാസം നിലനിൽക്കുന്നതായി കാണപ്പെടുന്നു.

മനുഷ്യൻ പ്രകൃത്യാ ബലഹീനനാണ്. പലർക്കും വിധേയപ്പെട്ടുകൊണ്ടാണ് അവൻ ജീവിതം തുടങ്ങുന്നത്. തന്നെക്കാൾ ശക്തിയും കഴിവുമുള്ളവരിൽനിന്ന് അവൻ സദാ സഹായം തേടിക്കൊണ്ടിരിക്കുന്നു. മാതാപിതാക്കൾ, സഹോദരൻമാർ. ഗുരുനാഥൻമാർ തുടങ്ങി പലരിൽനിന്നും. എന്നാൽ പല കാര്യങ്ങളിലും അവർക്ക് പരിമിതികളുണ്ടെന്ന് അവൻ തിരിച്ചറിയുന്നു. അത്തരം സന്ദർഭങ്ങളിൽ അവരല്ലാത്ത മറ്റൊരു ശക്തി തനിക്ക് പിന്തുണയും സംരക്ഷണവും നൽകുന്നതായി അവന് ബോധ്യപ്പെടുന്നു. ഒരു ചെറിയ ജീവിക്കുപോലും ജീവൻ നൽകുവാൻ തനിക്കു കഴിയില്ലെന്ന് അവൻ മനസ്സിലാക്കുന്നു.

സങ്കീർണത നിറഞ്ഞ മനുഷ്യശരീരവും ആകാശം, ഭൂമി, സുര്യൻ, ചന്ദ്രൻ, രാത്രി, പകൽ, സമയം, കര, കാറ്റ്,മഴ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളുടെ ആസൂത്രിതമായ രൂപകൽപനയും വ്യവസ്ഥാപിതമായ നിയന്ത്രണവും ചിന്തിക്കുന്ന ഏതൊരാളെയും ദൈവത്തിലേക്ക് എത്തിക്കാൻ പര്യാപ്തമാണ്. ദൈവത്തെ അംഗീകരിക്കുന്നവനും അല്ലാത്തവനും പ്രകൃതിയിലൂടെ ദൈവത്തെ അറിയുകയും ദൈവത്തെ ആശ്രയിക്കുകയും ചെയ്യുന്നുണ്ട്.

ഇങ്ങനെ പ്രപഞ്ച നിരീക്ഷണങ്ങളിലൂടെയും പ്രകൃത്യാലുള്ള അനിവാര്യതയായും ദൈവത്തിന്റെ രക്ഷാകർതൃത്വത്തിലുള്ള ഏകത്വ(തൗഹീദുർറുബൂബിയ്യ)ത്തിൽ ജനങ്ങൾ വിശ്വസിച്ചിരുന്നതിനാലും അല്ലാഹുവിലുള്ള വിശ്വാസത്തിനും നരകത്തിൽനിന്നുള്ള മോചനത്തിനും അതുമാത്രം മതിയാകാത്തതിനാലും പ്രവാചകന്മാരുടെയെല്ലാം പ്രബോധനത്തിൽ പ്രഥമസ്ഥാനം ആരാധനയിലുള്ള ഏകത്വ(തൗഹീദുൽ ഉലൂഹിയ്യ)ത്തിനായിരുന്നു. മക്കാമുശ്‌രിക്കുകൾ അല്ലാഹുവിന്റെ സൃഷ്ടികർതൃത്വത്തിലുള്ള ഏകത്വം അംഗീകരിച്ചിരുന്നു എന്നതിന് ധാരാളം തെളിവുകൾ ക്വുർആനിൽ കാണാം. അല്ലാഹു പറയുന്നു:

“ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്‌പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്) ചോദിക്കുന്നപക്ഷം തീർച്ചയായും അവർ പറയും; അല്ലാഹുവാണെന്ന്. അപ്പോൾ എങ്ങനെയാണ് അവർ (സത്യത്തിൽനിന്ന്) തെറ്റിക്കപ്പെടുന്നത്?’’ (29:61).

“ആകാശത്തുനിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിർജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവൻ നൽകുകയും ചെയ്തതാരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീർച്ചയായും അവർ പറയും; അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി! പക്ഷേ, അവരിൽ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല’’ (29:63).

അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും സൃഷ്ടികളെ ആരാധിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നുമായിരുന്നു മുഹമ്മദ് നബി ﷺ യുടെയും പ്രബോധനത്തിന്റെ കാതൽ. എന്നാൽ സമൂഹം ഇത് സ്വീകരിക്കാൻ തയ്യാറായില്ല. ഏകദൈവാരാധനയെ വിചിത്രമായ ഒന്നായി അവർ കണ്ടു. അവർ പറഞ്ഞതായി ക്വുർആൻ പറയുന്നു: “ഇവൻ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കയാണോ? തീർച്ചയായും ഇത് ഒരത്ഭുതകരമായ കാര്യം തന്നെ’’ (ക്വുർആൻ 38:5).

നബി ﷺ ഈ പ്രബോധനം നിർത്തിവെക്കാനും ബിംബാരാധനയിൽ അവരെ വിട്ടേക്കുന്നതിനും വേണ്ടി കഴിയുന്ന രൂപത്തിലെല്ലാം അവർ ശ്രമിച്ചു. പ്രവാചകനെതിരിൽ പലവിധ ആരോപണങ്ങളും ഉന്നയിച്ചു. സമൂഹത്തിനുമുന്നിൽ അപമാനിക്കുവാൻ ശ്രമിച്ചു.

“അവരിൽനിന്നുതന്നെയുള്ള ഒരു താക്കീതുകാരൻ അവരുടെ അടുത്തു വന്നതിൽ അവർക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികൾ പറഞ്ഞു: ഇവൻ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു’’ (ക്വുർആൻ 38:4).

മുശ്‌രിക്കുകൾ പ്രീണനത്തിന്റെയും ഭീഷണിയുടെയും മാർഗങ്ങൾ സ്വീകരിച്ചു. പക്ഷേ, നബി ﷺ അതിനൊന്നും വഴങ്ങിയില്ല. മുശ്‌രിക്കുകളുടെ വികലമായ ദൈവവിശ്വാസത്തിന്റെ പൊള്ളത്തരങ്ങൾ വ്യക്തമാക്കുന്ന തെളിവുകളും അവരുടെ സംശയങ്ങൾക്കുള്ള മറുപടിയും ആയിക്കൊണ്ട് തൗഹീദിലേക്ക് ക്ഷണിക്കാനുള്ള അല്ലാഹുവിന്റെ വചനങ്ങൾ നബി ﷺ ക്ക് ഇറങ്ങിക്കൊണ്ടേയിരുന്നു. തൗഹീദുൽ ഉലൂഹിയ്യത്തിലേക്കുള്ള ക്ഷണത്തിന് വിവിധങ്ങളായ ശൈലികളാണ് ക്വുർആൻ സ്വീകരിച്ചത്. ചില ഉദാഹരണങ്ങൾ കാണാം:

അല്ലാഹുവിനെ മാത്രം ആരാധിക്കുക

അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും മറ്റൊന്നിനെയും ആരാധിക്കരുതെന്നും ക്വുർആൻ കൽപിച്ചു. അല്ലാഹു ഏതെങ്കിലും ഗോത്രത്തിന്റെയോ വിഭാഗത്തിന്റെയോ നാട്ടുകാരുടെയോ മാത്രം സ്രഷ്ടാവല്ലെന്നും കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ സർവജനങ്ങളുടെയും സർവലോകത്തിന്റെയും സ്രഷ്ടാവും സംരക്ഷനും പരിപാലകനുമാണെന്ന് ബോധ്യപ്പെടുത്തി:

“ജനങ്ങളെ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവീൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാൻ വേണ്ടിയത്രെ അത്’’ (ക്വുർആൻ 2:21)..

“നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക...’’ (4:36).

മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യം

അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് വെറുതെയല്ലെന്നും അവനെ മാത്രം ആരാധിക്കലാണ് സൃഷ്ടിപ്പിന്റെ ലക്ഷ്യമെന്നും ബോധ്യപ്പെടുത്തിക്കൊടുത്തു:

“ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല...’’ (അദ്ദാരിയാത്ത് 56).

“അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ?’’(23:115).

മുഹമ്മദ് ﷺ അന്തിമദൂതനാണ്. അദ്ദേഹത്തിനു മുമ്പ്‌ ലോകത്തിന്റെ നാനാഭാഗങ്ങളിൽ അനേകം പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അവരെയെല്ലാം നിയോഗിച്ചത് ഏകദൈവാരാധനയിലേക്ക് ജനങ്ങളെ ക്ഷണിക്കുവാൻ വേണ്ടിയാണ്. ഇക്കാര്യം അല്ലാഹു മുഹമ്മദ് നബി ﷺ യുടെ പ്രബോധിതസമൂഹത്തെയും അറിയിച്ചു:

“തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും ദുർമൂർത്തികളെ വെടിയുകയും ചെയ്യണമെന്ന് (പ്രബോധം ചെയ്യുന്നതിനുവേണ്ടി)....’’ (16:36).

സൃഷ്ടിക്കുന്നവനാണ് യഥാർഥ ആരാധ്യൻ

റുബൂബിയ്യത്തിലെ തന്റെ ഏകത്വം ഉലൂഹിയ്യത്തിന് തെളിവായി അല്ലാഹു എടുത്തുപറയുന്നു:

“സൂര്യനും ചന്ദ്രനും നിങ്ങൾ സുജൂദ് ചെയ്യരുത്. അവയെ സൃഷ്ടിച്ച അല്ലാഹുവിന് നിങ്ങൾ സുജൂദ് ചെയ്യുക’’ (41:37).

“അപ്പോൾ, സൃഷ്ടിക്കുന്നവൻ സൃഷ്ടിക്കാത്തവരെപ്പോലെയാണോ? നിങ്ങളെന്താണ് ആലോചിച്ചു മനസ്സിലാക്കാത്തത്?’’(16:17).

“അവന്ന് പുറമെ പല ദൈവങ്ങളെയും അവർ സ്വീകരിച്ചിരിക്കുന്നു. അവർ (ആരാധ്യർ) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവർതന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങൾക്ക് തന്നെ ഉപദ്രവമോ ഉപകാരമോ അവർ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിർത്തെഴുന്നേൽ പിനെയോ അവർ അധീനപ്പെടുത്തുന്നില്ല’’ (25:3).

പരിപൂർണ ഗുണങ്ങളുള്ളവൻ

അല്ലാഹു ഏകനും പരിപൂർണനുമാണ്. സർവശക്തനും സർവജ്ഞനുമാണ്. അവനെപ്പോലെ യാതൊന്നുമില്ല. ഈ ഗുണങ്ങളൊന്നും മുശ്‌രിക്കുകൾ ആരാധിക്കുന്ന ദൈവങ്ങൾക്കില്ല എന്നു ബോധ്യപ്പെടുത്തി:

“(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവൻ (ആർക്കും) ജൻമം നൽകിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും’’ (112:1-4).

“നിങ്ങൾ അവരോട് പ്രാർഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർഥന കേൾക്കുകയില്ല’’ (35:14).

ദൈവേതരർ അശക്തർ

മുശ്‌രിക്കുകളുടെ ആരാധ്യവസ്തുക്കൾ (ഇലാഹുകൾ) അശക്തരാണ്. കാരണം അവർ ആരാധിക്കുന്നത് മൺമറഞ്ഞ പല മഹാന്മാരുടെയും പ്രതിമകളെയാണ്.

“(നബിയേ), പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ (ദൈവങ്ങളെന്ന്) വാദിച്ചുപോന്നവരെ നിങ്ങൾ വിളിച്ചുനോക്കൂ. നിങ്ങളിൽനിന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല’’ (17:56).

“ആകാശങ്ങളിൽനിന്നോ ഭൂമിയിൽനിന്നോ അവർക്കുവേണ്ടി യാതൊരു ഭക്ഷണവും അധീനപ്പെടുത്തിക്കൊടുക്കാത്തവരും (യാതൊന്നിനും) കഴിയാത്തവരുമായിട്ടുള്ളവരെയാണ് അല്ലാഹുവിനു പുറമെ അവർ ആരാധിക്കുന്നത്’’ (16:73).

“മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങൾ അത് ശ്രദ്ധിച്ചു കേൾക്കുക. തീർച്ചയായും അല്ലാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പ്രാർഥിക്കുന്നവർ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല; അതിന്നായി അവരെല്ലാവരും ഒത്തുചേർന്നാൽ പോലും. ഈച്ച അവരുടെ പക്കൽനിന്ന് വല്ലതും തട്ടിയെടുത്താൽ അതിന്റെ പക്കൽനിന്ന് അത് മോചിപ്പിച്ചെടുക്കാനും അവർക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബലർ തന്നെ’’ (22:73).

അവർ വഴിപിഴച്ചവരാണ്

അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നവർ അപഹാസ്യരും വഴിപിഴച്ചവരുമാണന്ന് ക്വുർആൻ അറിയിക്കുന്നു:

“...അപ്പോൾ നിങ്ങൾക്ക് യാതൊരുപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുകയാണോ? നിങ്ങളുടെയും അല്ലാഹുവിനു പുറമെ നിങ്ങൾ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങൾ ചിന്തിക്കുന്നില്ലേ?’’ (21: 66,67).

“അല്ലാഹുവിനു പുറമെ, ഉയിർത്തെഴുന്നേൽപിന്റെ നാളുവരെയും തനിക്ക് ഉത്തരം നൽകാത്തവരെ വിളിച്ചു പ്രാർഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാർഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു’’(46:5).

ആരാധ്യന്മാർ ഒഴിഞ്ഞുമാറും

അല്ലാഹുവിന്ന് പുറമെ മറ്റുള്ളവരെ ആരാധിക്കുന്നവർക്കുള്ള ശിക്ഷയും ആരാധ്യന്മാർ അവരിൽനിന്ന് ഒഴിഞ്ഞുമാറുന്നതും ക്വുർആൻ വിവരിക്കുന്നു: “അല്ലാഹുവിനു പുറമെയുള്ളവരെ അവന് സമന്മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ ഈ ആളുകൾ അവരെയും സ്‌നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവോട് അതിശക്തമായ സ്‌നേഹമുള്ളവരത്രെ. ഈ അക്രമികൾ പരലോകശിക്ഷ കൺമുമ്പിൽ കാണുന്ന സമയത്ത് ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ (അതവർക്ക് എത്ര ഗുണകരമാകുമായിരുന്നു)’’ (2:165).

“നിങ്ങൾ അവരോട് പ്രാർഥിക്കുന്നപക്ഷം അവർ നിങ്ങളുടെ പ്രാർഥന കേൾക്കുകയില്ല. അവർ കേട്ടാലും നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളികളാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാൻ ആരുമില്ല’’ (35:14).

“അല്ലാഹുവിനു പുറമെ, ഉയിർത്തെഴുന്നേൽപിന്റെ നാളുവരെയും തനിക്ക് ഉത്തരം നൽകാത്തവരെ വിളിച്ചു പ്രാർഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാർഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദർഭത്തിൽ അവർ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവർ അവരെ ആരാധിച്ചിരുന്നതിനെ അവർ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും’’(46: 5,6).

“അല്ലാഹു പറയുന്ന സന്ദർഭവും (ശ്രദ്ധിക്കുക): മർയമിന്റെ മകനായ ഈസാ, ‘അല്ലാഹുവിനു പുറമെ എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിൻ’ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധൻ! എനിക്ക് (പറയാൻ) യാതൊരവകാശവുമില്ലാത്തത് ഞാൻ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും നീ അതറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീർച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങൾ അറിയുന്നവൻ’’ (5:116).

ശുപാർശയുടെ ഉടമസ്ഥൻ അല്ലാഹു

അല്ലാഹുവിനു പുറമെ ആരാധ്യരെ സ്വീകരിച്ചിരുന്ന മുശ്‌രിക്കുകൾ പറഞ്ഞിരുന്നത് ഈ ആരാധ്യർ അല്ലാഹുവിന്റെയടുക്കൽ ശുപാർശക്കാരാണ് എന്നും അല്ലാഹുവിലേക്ക് അടുപ്പിക്കുന്നവരാണ് എന്നുമാണ്.

“അല്ലാഹുവിന് പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവർ (ആരാധ്യർ) അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചുകൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽനിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു’’ (10:18).

ശഫാഅത്തിന്റെ ഉടമസ്ഥൻ അല്ലാഹുവായിരിക്കെ, അല്ലാഹുവിന്നും തങ്ങൾക്കുമിടയിൽ ഇടയാളന്മാരെ വെച്ചവർക്കുള്ള മറുപടി നൽകുകയാണ് അല്ലാഹു ഇതിലൂടെ. ശഫാഅത്ത് അല്ലാഹുവോടല്ലാതെ ചോദിക്കാൻ പാടില്ല. അവന്റെ അനുമതികൂടാതെ ശുപാർശ നടത്തുന്ന ആരുമില്ല. ആർക്കുവേണ്ടിയാണോ ശുപാർശ നടത്തുന്നത് അവർക്കും അല്ലാഹുവിന്റെ തൃപ്തി ലഭിക്കണം:

“അതല്ല, അല്ലാഹുവിനു പുറമെ അവർ ശുപാർശക്കാരെ സ്വീകരിച്ചിരിക്കുകയാണോ. പറയുക അവർ (ശുപാർശക്കാർ) യാതൊന്നും അധീനപ്പെടുത്തുകയോ ചിന്തിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കിൽപോലും (അവരെ ശുപാർശക്കാരാക്കുകയോ?). പറയുക: അല്ലാഹുവിനാകുന്നു ശുപാർശ മുഴുവൻ. അവന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങൾ മടക്കപ്പെടുന്നത്’’ (അസ്സുമർ 43,44).

“...അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൽ ശുപാർശ നടത്താനാരുണ്ട്...?’’ (2:255). “ആകാശങ്ങളിൽ എത്ര മലക്കുകളാണുള്ളത്! അവരുടെ ശുപാർശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവൻ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവർക്ക് (ശുപാർശക്ക്) അനുവാദം നൽകിയതിന്റെ ശേഷമല്ലാതെ’’ (53:26).

പ്രാർഥിക്കുവാൻ വെല്ലുവിളി

അല്ലാഹുവിന്ന് പുറമെ ആരാധിക്കപ്പെടുന്നവർ ഒരു നിലയ്ക്കും അവരെ ആരാധിച്ചവർക്ക് ഗുണം ചെയ്തുകൊടുക്കുകയില്ല. അവർ പ്രാർഥന കേൾക്കുകയുമില്ല. ഇതിനൊന്നുമുള്ള കഴിവ് അവർക്കില്ല.

“പറയുക. അല്ലാഹുവിനു പുറമെ നിങ്ങൾ ജൽപിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങൾ പ്രാർഥിച്ചുനോക്കുക. ആകാശത്തിലാകട്ടെ, ഭൂമിയിലാകട്ടെ ഒരണുത്തൂക്കം പോലും അവർ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവർക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തിൽ അവന്ന് സഹായിയായി ആരുമില്ല’’ (34: 22).

“നിങ്ങൾ അവരോട് പ്രാർഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർഥന കേൾക്കുകയില്ല. അവർ കേട്ടാലും നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളികളാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാൻ ആരുമില്ല’’ (35:14).

ശിർക്കിന്റെ അപകടങ്ങൾ

അല്ലാഹുവിൽ പങ്കുചേർക്കുന്നതിലെ പൊള്ളത്തരങ്ങളും അപകടങ്ങളും കൃത്യമായി ക്വുർആൻ വിശദീകരിക്കുന്നു; ആർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന ശൈലിയിൽ.

“വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും അവനോട് യാതൊന്നും പങ്കുചേർക്കാത്തവരുമായിരിക്കണം (നിങ്ങൾ). അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്നപക്ഷം അവർ ആകാശത്തുനിന്ന് വീണതുപോലെയാകുന്നു. അങ്ങനെ പക്ഷികൾ അവനെ റാഞ്ചിക്കൊണ്ടുപോകുന്നു. അല്ലെങ്കിൽ കാറ്റ് അവനെ വിദൂര സ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു’’ (22:31).

“തന്നോട് പങ്കുചേർക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീർച്ച. അതൊഴിച്ചുള്ളത് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ്. ആർ അല്ലാഹുവോട് പങ്കുചേർക്കുന്നുവോ അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു’’ (4:116).

തൗഹീദുൽ ഉലൂഹിയ്യത്തിലേക്ക് ക്ഷണിക്കാൻ ക്വുർആൻ സ്വീകരിച്ച ചില രീതികളാണ് നാം കണ്ടത്. ജീവിതത്തിൽ ശിർക്കിന്റെ അംശം കടന്നുവരാതിരിക്കാൻ വിശ്വാസികൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.

പ്രബോധനം എന്ന കടമ

അല്ലാഹു മുസ്‌ലിംകളുടെ മേൽ വിവിധ ബാധ്യതകൾ ഏൽപിച്ചിട്ടുണ്ട്. അല്ലാഹുവിനെ മാത്രം ആരാധിച്ച് ജീവിക്കുക മാത്രമല്ല, മറ്റുള്ളവരെ അതിലേക്ക് ക്ഷണിക്കലും അവരുടെ കടമയാണ്.

മനസ്സിലാക്കിയ സത്യം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനെ ഇസ്‌ലാം വലിയ പുണ്യമായി കാണുന്നു. ക്വുർആൻ പറയുന്നു:

“അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സൽകർമം പ്രവർത്തിക്കുകയും ‘തീർച്ചയായും ഞാൻ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു’ എന്ന് പറയുകയും ചെയ്തവനെക്കാൾ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?’’ (41:33).

“മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാർ വിശ്വസിച്ചിരുന്നുവെങ്കിൽ അതവർക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തിൽ വിശ്വാസമുള്ളവരുണ്ട്. എന്നാൽ അവരിൽ അധികപേരും ധിക്കാരികളാകുന്നു’’ (3:110).

അബൂമസ്ഊദ്(റ) പറയുന്നു; നബി ﷺ പറഞ്ഞു: “ആരെങ്കിലും ഒരു നന്മ (മറ്റാർക്കെങ്കിലും) അറിയിച്ചുകൊടുത്താൽ അതനുസരിച്ച് പ്രവർത്തിക്കുന്നവന് ലഭിക്കുന്നതിന് സമാനമായ പ്രതിഫലം ആ നന്മ അറിയിച്ച ആൾക്കുമുണ്ട്’’ (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: “ആരെങ്കിലും ഒരു സന്മാർഗത്തിലേക്ക് ക്ഷണിച്ചാൽ അവനെ അനുഗമിക്കുന്നവരുടെയൊക്കെ പ്രതിഫലങ്ങൾക്ക് തുല്യമായത് അവന് കിട്ടും. അത് മറ്റുള്ളവരുടെ പ്രതിഫലത്തിൽ കുറവ് വരുത്തുകയുമില്ല. എന്നാൽ വല്ലവരും ഒരു വഴികേടിലേക്ക് ക്ഷണിക്കുന്നുവെങ്കിൽ അവനെ അനുഗമിക്കുന്നവരുടേതിന് തുല്യമായ പാപങ്ങളുണ്ടായിരിക്കുന്നതാണ്. അതാകട്ടെ അവരുടെ പാപങ്ങൾക്ക് കുറവ് വരുത്തുകയില്ല’’ (മുസ്‌ലിം).