അബുൽ കലാം ആസാദ്: മതനിരപേക്ഷ ഇന്ത്യയുടെ അഭിമാന പുത്രൻ

ഉസ്മാന്‍ പാലക്കാഴി

2023 ഏപ്രിൽ 22, 1444 ശവ്വാൽ 02

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി. നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ പരിഷ്‌കരണം നടപ്പാക്കിയ വിദ്യാഭ്യാസ വിചക്ഷണൻ. ഐ.ഐ.ടികളുടെ പിതാവ്. ജാമിഅ മില്ലിയ്യയുടെ സ്ഥാപകരിലൊരാൾ. യുജിസിയുടെ അധികാര പരിധി ഇന്ത്യയിലെമ്പാടും വ്യാപിപ്പിച്ച മാനവ വിഭവശേഷി വകുപ്പ് തലവൻ. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിന് അസ്തിവാരമിട്ട ദീർഘദർശി. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്റെ നിർമാതാവ്. നിയമ നിർമാണ സഭയുടെ അധ്യക്ഷൻ. രാജ്യം ഭാരതരത്ന നൽകി ആദരിച്ച വ്യക്തിത്വം... ഇദ്ദേഹത്തിന്റെ പേര് എൻ.സി.ഇ.ആർ.ടി സിലബസ്സിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു! പേരിലുണ്ടായിരുന്ന ന്യൂനപക്ഷ ഫെലോഷിപ്പ് നിർത്തലാക്കിയിരിക്കു ന്നു! രാജ്യത്തെ കാവിവൽക്കരിക്കുക മാത്രമല്ല ഒരു സമുദായത്തിനെ ചരിത്രത്തിൽ നിന്ന് നിഷ്‌കാസനം ചെയ്യാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ തീരുമാനം. പ്രതികരിച്ചേ മതിയാവൂ.

പാഠപുസ്തകങ്ങളുടെ കാവിവത്കരണത്തിന് കളമൊരുക്കാൻ എൻ.സി.ഇ.ആർ.ടി (നാഷണൽ കൗൺസിൽ ഫോർ എജുക്കേഷൻ റിസർച്ച് ആന്റ് ട്രെയ്‌നിങ്) കരിക്കുലം സമിതി മേധാവിയെ പുകച്ച് പുറത്തുചാടിച്ചത് 2014 ഒക്ടോബറിലാണ്. അഴിമതി ആരോപണം ഉന്നയിച്ച് കേന്ദ്ര മാനവശേഷി മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എൻ.സി.ഇ.ആർ.ടി കരിക്കുലം കമ്മിറ്റി മേധാവി പ്രൊഫസർ പർവീൻ സിൻക്ലയർ രാജിവെക്കുകയായിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച നടപടികൾ പുരോഗമിക്കവെയായിരുന്നു സമിതി മേധാവിയുടെ രാജി.

എൻ.സി.ഇ.ആർ.ടി തുടങ്ങിവെച്ച പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ, നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറിയതോടെ സംഘ്പരിവാർ കേന്ദ്രങ്ങൾ രംഗത്തുവന്നിരുന്നു. പുതിയ സർക്കാറുമായി ആലോചിച്ചു മാത്രമെ പാഠ്യപദ്ധതി പരിഷ്‌കരണ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ പാടുള്ളൂവെന്ന് ആർ.എസ്.എസ് താത്വികൻ ദീനനാഥ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നേരത്തെ നിശ്ചയിച്ച വിദഗ്ധ പാനലുകളുടെ നിർദേശങ്ങളുമായി മുന്നോട്ടുപോകാനായിരുന്നു പർവീന്റെ നേതൃത്വത്തിലുള്ള കരിക്കുലം കമ്മിറ്റിയുടെ തീരുമാനം. ഇതോട പർവീനു നേരെ അഴിമതി ആരോപണം ഉയർന്നു.

ബി.ജെ.പി സർക്കാർ അധികാരത്തിലേറിയപ്പോൾ മുമ്പും പാഠപുസ്തകങ്ങളിൽ ആർ.എസ്.എസ് ചിന്താധാര തിരുകിക്കയറ്റിയ അനുഭവം നമുക്കുമുമ്പിലുണ്ട്. അന്നത്തെ കേന്ദ്ര മാനവവിഭവശേഷിവകുപ്പ് മന്ത്രിയായ മുരളിമനോഹർ ജോഷി പുറത്തിറക്കിയ നിർദിഷ്ട സ്‌കൂൾ കരിക്കുലവും അനുബന്ധ രേഖകളും വിദ്യാഭ്യാസരംഗം പൂർണമായും കാവിവത്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിന്റെ തെളിവായിരുന്നു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ പാഠ്യപദ്ധതിയിൽ ആകുന്നത്ര കാവിവത്കരണം നടത്തിയിട്ടുണ്ട്. നടത്താൻ ശ്രമിക്കുന്നുമുണ്ട്. ‘വിദ്യാഭ്യാസത്തിന്റെ ഭാരതവത്കരണം’ എന്നത് ഒരു ആർ.എസ്.എസ് അജണ്ടയാണ്. അതുകൊണ്ട് ഉദ്ദേശിക്കുന്നത് ഹൈന്ദവവത്കരണമാണ്. 2001ൽ ജോഷി അവതരിപ്പിച്ച ‘രേഖ’ അതിന് തെളിവാണ്. മതേതരത്വത്തിന്റെ പുനർനിർവചനം ആവശ്യപ്പെട്ട രേഖ വിദ്യാഭ്യാസത്തെ മൂല്യാധിഷ്ഠതമാക്കുന്നതിനുള്ള പദ്ധതികളാണ് സമർപ്പിക്കുന്നത് എന്നാണ് അവകാശപ്പെട്ടിരുന്നത്.

ഇന്ത്യൻ പാരമ്പര്യം നിലനിർത്താൻ മാതാപിതാക്കളുടെ കാൽതൊട്ട് വന്ദിക്കുക, സംസ്‌കൃതം ലോകത്തിലെ എല്ലാ ഭാഷകളുടെയും മാതാവാണ്; അതിനാൽ അത് പഠിക്കൽ ആവശ്യമാണ്, വൈദികശാസ്ത്രവും വൈദികഗണിതവും പഠിപ്പിക്കുക... ഇങ്ങനെ പോകുന്നു ജോഷിയുടെ ആഗ്രഹങ്ങൾ.

അന്ന് നടപ്പാക്കാൻ സാധിക്കാതെ പോയതെല്ലാം നടപ്പാക്കാൻ മോദിക്ക് താൽപര്യം കാണാതിരിക്കില്ലല്ലോ. അധികാരത്തിന്റെ കുഞ്ചികസ്ഥാനങ്ങളിലെല്ലാം കയറിക്കൂടുകയും ഭരണയന്ത്രത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ആർ.എസ്.എസ് എത്തിക്കഴിഞ്ഞിരിക്കുന്നു.

ഒരു രാജ്യത്തിന്റെ ഭാവി ആ രാജ്യത്തിന്റെ പാഠശാലകളിൽവച്ചാണ് രൂപംകൊള്ളുന്നതെന്ന് പറയാറുണ്ട്. വിദ്യാഭ്യാസത്തിൽ ഭരണകൂടങ്ങൾ പിടിമുറുക്കുന്നത് അതുകൊണ്ടാണ്. പ്രത്യേകിച്ച് വ്യക്തമായ ഒരു പ്രത്യയശാസ്ത്രമുള്ള ഭരണകൂടങ്ങൾ. ഇതുകൊണ്ടായിരുന്നു സർക്കാറുകളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇടപെടാൻ അനുവദിക്കരുതെന്ന് സർ സയ്യിദിനെപ്പോലുള്ളവർ വാദിച്ചിരുന്നത്. പ്രത്യേകിച്ചും കരിക്കുലവും സിലബസും തയ്യാറാക്കുന്നതിൽ. സ്വതന്ത്ര ഇന്ത്യ ഏറെക്കാലം ഭരിച്ച കോൺഗ്രസ്സിന് പ്രത്യേകിച്ചൊരു പ്രത്യയശാസ്ത്രത്തോടും വിധേയത്വമുണ്ടായിരുന്നില്ല. പ്രായോഗികമായ രാഷ്ട്രീയ-സാമ്പത്തിക പരിപാടികളേ അവർക്കുമുമ്പിലുണ്ടായിരുന്നുള്ളൂ. അബുൽകലാം ആസാദ് ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പുരോഗമനവീക്ഷണമുള്ളവർക്കും മതേതരവിശ്വാസികൾക്കും ബൗദ്ധികമണ്ഡലത്തിൽ മേൽക്കൈ നേടാൻ അവസരമൊരുക്കുന്നതിൽ വിജയിച്ചു. െപാഫസർ താരാചന്ദിന്റെ േനതൃത്വത്തിൽ രൂപംകൊണ്ട ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്ര രചനാസമിതി ഇതിനുദാഹരണമാണ്.

എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽനിന്ന് തങ്ങൾക്ക് ഇഷ്ടമില്ലാത്ത അധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കുന്ന തിരക്കിലാണിപ്പോൾ കേന്ദ്ര ഭരണകൂടം. പാഠപുസ്തകങ്ങളിൽനിന്നും തങ്ങൾക്ക് അഹിതകരമായവ വെട്ടിമാറ്റി പാഠപുസ്തകങ്ങളുടെ പരിപൂർണമായ കാവിവൽക്കരണമാണ് ഇത്തരം നടപടികളിലൂടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽനിന്ന് ഗാന്ധിവധവും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയത് ആരുടെ താൽപര്യപ്രകാരമാണെന്ന് വ്യക്തമാണ്. ഇതേ ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽനിന്ന് മുഗൾ സാമ്രാജ്യത്തെയും പറിച്ചുമാറ്റിയിരിക്കുന്നു. മുഗൾ സാമ്രാജ്യത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ മധ്യകാല ചരിത്രപഠനം അപൂർണമാണ്. മധ്യകാല ഇന്ത്യൻ ചരിത്രം എക്കാലത്തും സംഘപരിവാർ വളച്ചൊടിക്കലുകളുടെ മേഖലയാണ്. ഈ പാഠഭാഗം ഒഴിവാക്കുക വഴി സംഘപരിവാർ നിർമിത വ്യാജ ചരിത്രത്തെ വെള്ളപൂശുക കൂടിയാണ് എൻ.സി.ഇ.ആർ.ടി ചെയ്യുന്നത്. ചരിത്രസത്യങ്ങളെ മാറ്റിയോ മറിച്ചോ കാവി പുതപ്പിച്ചാൽ ചരിത്രം ചരിത്രമല്ലാതായി മാറില്ലല്ലോ. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ പാഠപുസ്തകങ്ങൾ വഴി കുരുന്നുമനസ്സുകളിലേക്ക് ഒളിച്ചുകടത്താനാണ് സംഘപരിവാർ ചരിത്രത്തിന്റെ കാവി വൽക്കരണത്തിലൂടെ ശ്രമിക്കുന്നത്. ആർ.എസ്.എസിന്റെ വികലമായ ചരിത്ര രചനാ രീതിശാസ്ത്രത്തിന് അനുകൂലമായ നിലപാടുകളാണ് എൻ.സി.ഇ.ആർ.ടി കൈക്കൊള്ളുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന താരകവും സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാന അബുൽ കലാം ആസാദിനെയും പാഠപുസ്തകത്തിൽനിന്നും വെട്ടിമാറ്റിയിരിക്കുകയാണിപ്പോൾ. ഈ സന്ദർഭത്തിൽ ആരായിരുന്നു അബുൽ കലാം ആസാദ്, ഇന്ത്യയുടെ ചരിത്രത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനമെന്ത് എന്ന് മനസ്സിലാക്കൽ അനിവാര്യമാണ്. സംഘപരിവാർ സർക്കാർ എന്തുകൊണ്ട് അദ്ദേഹത്തെ ചരിത്രത്തിൽനിന്ന് തുടച്ചുനീക്കാൻ ശ്രമിക്കുന്നു എന്ന് അപ്പോൾ ബോധ്യമാകും.

അബുൽ കലാം ആസാദ്

1888 നവംബർ 11ന് സൗദി അറേബ്യയിലെ മക്കയിലാണ് അബുൽ കലാം മുഹ്‌യുദ്ദീൻ അഹ്‌മദ് എന്ന മൗലാനാ ആസാദ് ജനിച്ചത്. ആദ്യ മുഗൾ ഭരണാധികാരിയായ ബാബറിന്റെ കാലത്ത് പേർഷ്യയിലെ ഹറാത്തിൽനിന്നും ഇന്ത്യയിൽ വന്ന പണ്ഡിത കുടുംബമാണ് അദ്ദേഹത്തന്റെത്. പിതാവ് മൗലാനാ ഖൈറുദ്ദീൻ എഴുത്തുകാരനും പണ്ഡിതനുമായിരുന്നു. മദീനയിലെ മുഫ്തി ശൈഖ് മുഹമ്മദ് സ്വഗീറിന്റെ മകൾ ആലിയയാണ് ആസാദിന്റ മാതാവ്.

പണ്ഡിതനും എഴുത്തുകാരനും

ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ അവഗാഹം നേടിയ മതപണ്ഡിതനാണ് മൗലാനാ. ‘തർജുമാനുൽ ക്വുർആൻ’ അദ്ദേഹത്തിന്റെ ക്വുർആൻ വ്യാഖ്യാന ഗ്രന്ഥമാണ്. അറബിക്, ഇംഗ്ലീഷ്, ഉർദു, ഹിന്ദി, പേർഷ്യൻ, ബംഗാളി തുടങ്ങിയ ഭാഷകൾ വശമുള്ള ബഹുഭാഷാ പണ്ഡിതൻകൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ തൂലികാനാമനാണ് ‘ആസാദ്’ എന്നത്.

ചെറുപ്പത്തിൽ തന്നെ പാണ്ഡിത്യം പ്രകടിപ്പിച്ച ആസാദ് കൗമാരപ്രായത്തിൽ തന്നെ മാഗസിനുകളിൽ ലേഖനങ്ങൾ എഴുതി ത്തുടങ്ങി. പിന്നെ പത്രപ്രവർത്തനത്തിലേക്കും രാഷ്ട്രീയത്തിലേക്കും അദ്ദേഹം ചുവടുവച്ചു. അൽഹിലാൽ, അൽബലാഗ്, പൈഗാം തുടങ്ങിയ പല ആനുകാലികങ്ങളും പുറത്തിറക്കി. 1912ലാണ് ഉർദു വാരികയായ അൽഹിലാൽ പ്രസിദ്ധീകരിച്ചത്. അതിൽ ഇന്ത്യക്കാരോടുള്ള കഠിനമായ ബ്രിട്ടീഷ് നയങ്ങൾ ഉയർത്തിക്കാട്ടുകയും ദൈനംദിന ജീവിതത്തിൽ സാധാരണക്കാർ നേരിടുന്ന വെല്ലുവിളികൾക്ക് അടിവരയിടുകയും ചെയ്തു. എന്നാൽ 1914ൽ അത് നിരോധിച്ചു.

അദ്ദേഹം തന്റെ രചനകളിലൂടെ ഇന്ത്യക്കാർക്കിടയിൽ, പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിൽ ദേശീയത പ്രചരിപ്പിച്ചു. ഗാന്ധിയുടെ പ്രത്യയശാസ്ത്രവുമായി അവരെ ഐക്യപ്പെടുത്താൻ എപ്പോഴും ശ്രമിച്ചു. ബ്രിട്ടീഷ് രാജിനെ വിമർശിക്കുന്ന എഴുത്തുകളിലൂടെ ഒരു പത്രപ്രവർത്തകനെന്ന നിലയിൽ അദ്ദേഹം പ്രശസ്തനായി.

സ്വാതന്ത്ര്യ സമരത്തിലെ പങ്ക്

കൊളോണിയൽ വാഴ്ചക്കെതിരായ ചിന്ത ചെറുപ്പം മുതലേ അദ്ദേഹത്തിൽ കരുപ്പിടിച്ചിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ അധിനിവേശവും വംശീയ നയങ്ങളും ഇന്ത്യൻ ജനതയുടെ അവകാശങ്ങളോടും ആവശ്യങ്ങളോടുമുള്ള നഗ്‌നമായ അവഗണനയും അദ്ദേഹത്തിന്റെ മനസ്സിനെ അസ്വസ്ഥമാക്കി.

അദ്ദേഹം ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചു. 1919ലെ റൗലത്ത് നിയമത്തിനെതിരായ നിസ്സഹകരണ പ്രസ്ഥാനത്തിൽ അദ്ദേഹം പങ്കെടുത്തു. അഹിംസാത്മക സത്യാഗ്രഹത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ വീക്ഷണങ്ങളെ അദ്ദേഹം പിന്തുണച്ചു. സ്വരാജിനെയും സ്വദേശി പ്രസ്ഥാനത്തെയും പ്രോത്സാഹിപ്പിച്ചു. 1923ൽ 35ാം വയസ്സിൽ കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി. 1931 ആയപ്പോഴേക്കും ഏറ്റവും പ്രധാനപ്പെട്ട ദേശീയ നേതാക്കളിൽ ഒരാളായി ആസാദ് ഉയർന്നു,

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം. ഇന്ത്യൻ ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തുതീർപ്പിലൂടെ പരിഹരിക്കാൻ ബ്രിട്ടൻ ക്രിപ്‌സ് കമ്മീഷനെ ഇന്ത്യയിലേക്കയച്ചു. സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താവിക്കാനോ എന്തെല്ലാം അധികാരങ്ങൾ കൈയൊഴിയും എന്ന് വ്യക്തമായി നിർവചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷൻ നൽകാൻ തയ്യാറായ പരിമിത ഡൊമീനിയൻ പദവി പൂർണമായും അസ്വീകാര്യമായിരുന്നു. അങ്ങനെ കമ്മീഷന്റെ ശ്രമം പരാജയപ്പെട്ടു. സമ്പൂർണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തിൽ ബ്രിട്ടീഷ് സർക്കാരിൽനിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു.

ഉറച്ചതും എന്നാൽ അക്രമരഹിതവുമായ ചെറുത്തുനിൽപ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാർഢ്യം ഓഗസ്റ്റ് 8നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ ‘ഡൂ ഓർ ഡൈ’ (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക) എന്ന ആഹ്വാനത്തിൽ പ്രതിഫലിച്ചു. ഈ പ്രസംഗത്തിന് ഇരുപത്തിനാലു മണിക്കൂറിനകം ഒട്ടേറെ നേതാക്കളെ സർക്കാർ തുറുങ്കിലടക്കുകയുണ്ടായി.

‘ക്വിറ്റ് ഇന്ത്യ’ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് പോരാട്ടത്തിന് തയ്യാറെടുക്കാൻ ആസാദ് ജനങ്ങളെ ഉദ്‌ബോധിപ്പിക്കാൻ തുടങ്ങി. കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ, ഇന്ത്യയിലുടനീളം സഞ്ചരിച്ച് പ്രാദേശിക, പ്രവിശ്യാ കോൺഗ്രസ് നേതാക്കളെയും ഗ്രാസ് റൂട്ട് പ്രവർത്തകരെയും കാണുകയും പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. പ്രക്ഷോഭം കഴിയുന്നത്ര ഫലപ്രദമാക്കാൻ ആസാദ് പട്ടേലിനോടും ഡോ. രാജേന്ദ്ര പ്രസാദിനോടും ചേർന്ന് പ്രവർത്തിച്ചു. 1942 ആഗസ്റ്റ് 7ന് മുംബൈയിലെ ഗോവാലിയ ടാങ്കിൽ, ഇന്ത്യക്കാരെ പ്രവർത്തനക്ഷമമാക്കാൻ ഉദ്‌ബോധിപ്പിക്കുന്ന ഗംഭീരമായ പ്രസംഗത്തോടെ സമരം ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ബ്രിട്ടീഷുകാർ ആസാദിനെയും മുഴുവൻ കോൺഗ്രസ് നേതൃത്വത്തെയും അറസ്റ്റ് ചെയ്തു. ഗാന്ധിജി ആഗാഖാൻ കൊട്ടാരത്തിൽ തടവിൽ കഴിയുമ്പോൾ പൂനെയിൽ ആസാദിനെയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയെയും അഹമ്മദ്‌നഗറിലെ ഒരു കോട്ടയിൽ തടവിലാക്കി. അവിടെ അവർ നാല് വർഷത്തോളം ഒറ്റപ്പെടലിലും കനത്ത സുരക്ഷയിലും തുടർന്നു. പുറത്തുനിന്നുള്ള വാർത്തകളും ആശയവിനിമയങ്ങളും വലിയ തോതിൽ നിരോധിക്കുകയും പൂർണമായും സെൻസർ ചെയ്യുകയും ചെയ്തു. തടവിലും ഒറ്റപ്പെടലിലും നിരാശരായെങ്കിലും, ആസാദും കൂട്ടാളികളും തങ്ങളുടെ രാജ്യത്തോടും ജനങ്ങളോടുമുള്ള കടമകൾ നിറവേറ്റുന്നതിൽ ഉറച്ചുനിന്നു.

നിസ്സഹകരണ പ്രസ്ഥാനം

ആസാദും മറ്റു നേതാക്കളും അറസ്റ്റിലായെങ്കിലും, സമാധാനപരമായ ഘോഷയാത്രകളിലും പണിമുടക്കുകളിലും പ്രതിഷേധങ്ങളിലും ദശലക്ഷക്കണക്കിന് ആളുകളെ ഈ പ്രസ്ഥാനം ആകർഷിച്ചു. ഈ കാലഘട്ടം ആസാദിന്റെ ജീവിതത്തിൽ ഒരു പരിവർത്തനം അടയാളപ്പെടുത്തി. ആസാദും ഗാന്ധിയും മതത്തോടുള്ള അഗാധമായ അഭിനിവേശം പങ്കിട്ടു. ആസാദ് അദ്ദേഹവുമായി അടുത്ത സൗഹൃദം വളർത്തി. ഭൗതിക സമ്പത്തും സുഖഭോഗങ്ങളും നിരസിച്ച് ലളിതമായി ഇസ്‌ലാമിക ജീവിതം നയിച്ചു. അദ്ദേഹം ചർക്കയിൽ സ്വന്തം വസ്ത്രങ്ങൾ നൂൽക്കാൻ തുടങ്ങി. അഹിംസയോട് അഗാധമായ പ്രതിബദ്ധതയുള്ള ആസാദ് ജവഹർലാൽ നെഹ്‌റു, ചിത്തരഞ്ജൻ ദാസ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ സഹ ദേശീയവാദികളുമായി അടുത്തു.

ആസാദ് ഗാന്ധിയുടെ അഹിംസാത്മക നിയമലംഘനത്തെക്കുറിച്ചുള്ള ആശയങ്ങളെ പിന്തുണയ്ക്കുകയും 1919ൽ നിസ്സഹകരണ പ്രസ്ഥാനം സംഘടിപ്പിക്കുകയും ചെയ്തു. സ്വദേശി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ഗാന്ധിയുടെ ആശയത്തിന് ആസാദ് വലിയ പിന്തുണയാണ് നല്കിയത്.

1922ൽ ആസാദും അലി സഹോദരന്മാരെപ്പോലുള്ള മറ്റ് നേതാക്കളും ജയിലിലായിരുന്നപ്പോൾ ഖിലാഫത്തിനും നിസ്സഹകരണ പ്രസ്ഥാനത്തിനും തിരിച്ചടി നേരിട്ടു. വർധിച്ചുവരുന്ന അക്രമസംഭവങ്ങൾക്കൊപ്പം പ്രസ്ഥാനത്തിന് പെട്ടെന്ന് ക്ഷീണം സംഭവിച്ചു. 1922ൽ ചൗരി ചൗരയിൽ സമരക്കാരായ ജനക്കൂട്ടം 22 പോലീസുകാരെ കൊലപ്പെടുത്തി. അക്രമത്തിലേക്കുള്ള പോക്ക് ഭയന്ന്, പ്രക്ഷോഭം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു. അനുതപിക്കാനും കലാപം തടയാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അഞ്ച് ദിവസത്തെ ഉപവാസം നടത്തി. ഇന്ത്യയൊട്ടാകെ ഈ പ്രസ്ഥാനം നിലച്ചതോടെ നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഗാന്ധിജിയിൽ നിരാശരായി. അലി സഹോദരന്മാർ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ചു. ആസാദിന്റെ ഉറ്റസുഹൃത്തായ ചിത്തരഞ്ജൻ ദാസ് ഗാന്ധിയുടെ നേതൃത്വത്തിൽനിന്ന് പിരിഞ്ഞ് സ്വരാജ് പാർട്ടി സ്ഥാപിച്ചു. ഈ സാഹചര്യത്തിലും ആസാദ് ഗാന്ധിയുടെ ആദർശങ്ങളിലും നേതൃത്വത്തിലും ഉറച്ചുനിന്നു.

വിഭജനത്തിനെതിരെ

അഖണ്ഡഭാരതത്തിന്റെ അടിയുറച്ച വക്താവായിരുന്ന ആസാദ് വിഭജനം ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ തടസ്സമായി മാറുമെന്ന് വിശ്വസിച്ചു. വിഭജനത്തിന്റെ രാഷ്ട്രീയം തന്നെ ഇരു രാജ്യങ്ങൾക്കിടയിൽ ഒരു തടസ്സമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ മുസ്‌ലിംകളെയും ഉൾക്കൊള്ളാൻ പാകിസ്ഥാന് സാധ്യമല്ല, അത് അവരുടെ പ്രദേശിക ശേഷിക്കപ്പുറമുള്ള ഒരു ദൗത്യമാണ് എന്നും ആസാദ് വ്യക്തമാക്കി. വിഭജനത്തിന്റെ വിഷയത്തിൽ ആസാദ് ജിന്നയുമായി കടുത്ത അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ഹിന്ദു-മുസ്‌ലിം ഐക്യം നിലനിർത്താൻ ആസാദ് അക്ഷീണം പ്രവർത്തിച്ചു. 1944ൽ മുംബൈയിൽവച്ച് ഗാന്ധി ജിന്നയുമായി ചർച്ച നടത്തിയതായി അറിഞ്ഞപ്പോൾ ആസാദ് ഗാന്ധിയുടെ നടപടി പ്രതികൂലമാണെന്ന് വിമർശിക്കുകയുണ്ടായി.

സ്വാതന്ത്ര്യാനന്തര ജീവിതം

ഇന്ത്യയുടെ വിഭജനവും സ്വാതന്ത്ര്യവും പഞ്ചാബ്, ബീഹാർ, ബംഗാൾ, ഡൽഹി തുടങ്ങി ഇന്ത്യയുടെ പല ഭാഗങ്ങളിലും വലിയ തോതിലുള്ള അക്രമങ്ങൾ അരങ്ങേറാൻ കാരണമായി. ദശലക്ഷക്കണക്കിന് ഹിന്ദുക്കളും സിഖുകാരും പുതുതായി സൃഷ്ടിക്കപ്പെട്ട പാകിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്തു. ദശലക്ഷക്കണക്കിന് മുസ്‌ലിംകൾ കിഴക്കൻ ബംഗാളിൽനിന്ന് പശ്ചിമ പാകിസ്ഥാനിലേക്കും കിഴക്കൻ പാകിസ്ഥാനിലേക്കും പലായനം ചെയ്തു. അക്രമം ഏകദേശം ഒരു ദശലക്ഷം ആളുകളുടെ ജീവൻ അപഹരിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യയിലെ മുസ്‌ലിംകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം ആസാദ് ഏറ്റെടുത്തു. ബംഗാൾ, ബിഹാർ, അസം, പഞ്ചാബ് എന്നിവിടങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളിൽ പര്യടനം നടത്തി. അഭയാർഥി ക്യാമ്പുകൾ, ഭക്ഷണ വിതരണം, സുരക്ഷ എന്നിവയുടെ ഓർഗനൈസേഷനെ നയിച്ചു. അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തതയും നിലനിർത്താൻ പരിശ്രമിച്ചു. രാജ്യത്തുടനീളമുള്ള മുസ്‌ലിംകളെ ഇന്ത്യയിൽ തുടരാൻ പ്രോത്സാഹിച്ച് ആസാദ് പ്രസംഗങ്ങൾ നടത്തി. തലസ്ഥാനത്ത് സമാധാനം തിരികെ കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സുരക്ഷയും ദുരിതാശ്വാസ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു, എന്നാൽ സിഖുകാരനായ ഡൽഹി പോലീസ് കമ്മീഷണർ ആക്രമണങ്ങളെ അവഗണിക്കുകയും തങ്ങളുടെ സുരക്ഷയിൽ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതായി മുസ്‌ലിംകൾ ആരോപിച്ചു

കമ്മീഷണറെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലുമായി ആസാദ് തർക്കത്തിൽ ഏർപ്പെട്ടു. കമ്മീഷണർ പക്ഷപാതപരമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹത്തെ പിരിച്ചുവിട്ടാൽ അത് ഹിന്ദുക്കൾക്കും സിഖുകാർക്കും ഇടയിൽ രോഷം ഉളവാക്കുമെന്നും സിറ്റി പോലീസിനെ ഭിന്നിപ്പിക്കുമെന്നും പട്ടേൽ വാദിച്ചു. ക്യാബിനറ്റ് മീറ്റിംഗുകളിലും ഗാന്ധിയുമായുള്ള ചർച്ചകളിലും പട്ടേലും ആസാദും ഡൽഹിയിലെയും പഞ്ചാബിലെയും സുരക്ഷാപ്രശ്‌നങ്ങളിലും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള വിഭവങ്ങൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും തർക്കത്തിലായി. പാകിസ്ഥാനിലേക്ക് പോയ മുസ്‌ലിംകൾ ഒഴിവാക്കിയ വീടുകൾ അക്രമത്തിൽ കുടിയിറക്കപ്പെട്ട ഇന്ത്യയിലെ മുസ്‌ലിംകൾക്കായി മാറ്റിവെക്കാനുള്ള ആസാദിന്റെയും നെഹ്‌റുവിന്റെയും നിർദേശത്തെ പട്ടേൽ എതിർത്തു. മതേതര സർക്കാരിന് ഒരു മത സമൂഹത്തിനും മുൻഗണന നൽകാനാവില്ലെന്ന് പട്ടേൽ വാദിച്ചു. അതേസമയം ഇന്ത്യയിലെ മുസ്‌ലിംകളുടെ പുനരധിവാസം നടപ്പിലാക്കാതിരിക്കുമോ എന്നതിലും മതേതരത്വത്തിന്റെ നിലനിൽപിലും ആസാദ് ഉത്കണ്ഠ പ്രകടിപ്പിച്ചു.

ആസാദ് പ്രധാനമന്ത്രി നെഹ്‌റുവിന്റെ വിശ്വസ്തനും പിന്തുണക്കാരനും ഉപദേശകനുമായി തുടർന്നു. ദേശീയ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂൾ-കോളേജ് നിർമാണത്തിൽ ശ്രദ്ധ നൽകി. ഇന്ത്യൻ പാർലമെന്റിന്റെ അധോസഭയിലേക്ക് 1952ലും 1957ലും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസാദ്, നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് സാമ്പത്തിക, വ്യാവസായിക നയങ്ങളെയും സാമൂഹിക അവകാശങ്ങളെയും സാമ്പത്തിക അവസരങ്ങളെയും പിന്തുണച്ചു.

1956ൽ യുനെസ്‌കോയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1959ൽ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും അതിന്റെ നേതാക്കളെയും കുറിച്ചുള്ള സമഗ്രമായ വിവരണമായ ‘ഇന്ത്യ വിൻസ് ഫ്രീഡം’ എന്ന പുസ്തകം എഴുതുന്നതിലാണ് ആസാദ് തന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ ചെലവഴിച്ചത്.

വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾ

നെഹ്‌റു സർക്കാരിന്റെ കീഴിൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ആസാദ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, ആദ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഖരഗ്പൂർ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. 1920 ഒക്ടോബറിൽ ബ്രിട്ടീഷ് കൊളോണിയൽ ഗവൺമെന്റിന്റെ സഹായം സ്വീകരിക്കാതെ തന്നെ യുപിയിലെ അലിഗഡിൽ ജാമിഅ മില്ലിയ്യ സ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷൻ കമ്മിറ്റി അംഗമായി ആസാദ് തിരഞ്ഞെടുക്കപ്പെട്ടു. 1934ൽ അലിഗഡിൽനിന്ന് ന്യൂഡൽഹിയിലേക്ക് സർവകലാശാലയുടെ കാമ്പസ് മാറ്റുന്നതിൽ അദ്ദേഹം സഹായിച്ചു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകണമെന്നും 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം വേണമെന്നും അദ്ദേഹം ശക്തമായി വാദിച്ചു. തൊഴിൽ പരിശീലനം, മുതിർന്നവരുടെ സാക്ഷരത എന്നിവയ്ക്ക് അദ്ദേഹം ഊന്നൽ നൽകി.

വിദ്യാഭ്യാസത്തിനായുള്ള ദേശീയ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം സുപ്രധാനവും ശ്രദ്ധേയവുമായ പങ്കുവഹിച്ചു. അദ്ദേഹം ഒരിക്കൽ പ്രസ്താവിച്ചു: ‘ഒരു പൗരനെന്ന നിലയിലുള്ള തന്റെ കർത്തവ്യങ്ങൾ പൂർണമായി നിർവഹിക്കാൻ കഴിയാത്ത അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും നേടുക എന്നത് ഓരോ വ്യക്തിയുടെയും ജന്മാവകാശമാണ്, അത് നാം ഒരു നിമിഷം പോലും മറക്കരുത്.’

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ആസാദ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് സ്ഥാപിതമായതാണ്. അദ്ദേഹം അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി (എഎംയു) സ്ഥാപിച്ചു. അത് ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രമുഖ സർവകലാശാലകളിലൊന്നാണ്.

ഗ്രാമീണ ദരിദ്രർക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നൽകുന്നതിന് അദ്ദേഹം ഊന്നൽ നൽകി. സെൻട്രൽ അഡൈ്വസറി ബോർഡ് ഓഫ് എജ്യുക്കേഷന്റെ ചെയർമാനെന്ന നിലയിൽ, മുതിർന്നവർക്കുള്ള സാക്ഷരത, സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം, 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം, സെക്കന്റെറി വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും വൈവിധ്യവൽക്കരണം എന്നിവയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. 1948 ജനുവരി 16ന് അഖിലേന്ത്യാ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മൗലാനാ ആസാദ് ഇക്കാര്യങ്ങൾ ഊന്നിപ്പറഞ്ഞു,

ഡൽഹിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ സ്ഥാപിക്കുന്നതിന് അദ്ദേഹം മേൽനോട്ടം വഹിച്ചു, അത് പിന്നീട് ഡൽഹി സർവകലാശാലയുടെ വിദ്യാഭ്യാസ വകുപ്പായി-രാജ്യത്തിന്റെ പുതിയ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു ഗവേഷണ കേന്ദ്രമായി-മാറി. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ വികസനത്തിനും അദ്ദേഹം ഊന്നൽ നൽകി.

മരണം

1958 ഫെബ്രുവരി 22നാണ് മൗലാനാ അബുൽകലാം ആസാദ് അന്തരിച്ചത്. അന്ന് അദ്ദേഹത്തിന് എഴുപത് വയസ്സ് പ്രായമുണ്ടായിരുന്നു. മരിക്കുന്നതിന് മൂന്നുദിവസം മുമ്പ് പിടിപെട്ട പക്ഷാഘാതം അദ്ദേഹത്തെ ബോധരഹിതനാക്കി. ആ അബോധാവസ്ഥ തെളിയാതെ തന്നെയാണ് അദ്ദേഹം അന്തരിച്ചത്. പിറ്റേദിവസം പാർലമെന്റിൽ നെഹ്‌റു ചെയ്ത അനുശോചന പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു:

‘മഹാന്മാർ എത്രയെങ്കിലും നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്. മേലിലുണ്ടാവുകയും ചെയ്യും. എന്നാൽ മൗലാനാ ആസാദ് പ്രതിനിധീകരിച്ചിരുന്ന ആ പ്രത്യേക മഹത്ത്വം ഇനി ഇന്ത്യയിലോ മറ്റൊരിടത്തോ കാണുക പ്രയാസമായിരിക്കും. അപാരമായ ബുദ്ധിയായിരുന്നു അദ്ദേഹത്തിത്‌ന്റെത്. ഏതൊരു പ്രശ്‌നത്തിന്റെയും കാതൽ കണ്ടുപിടിക്കാനുള്ള അത്ഭുതശക്തി അദ്ദേഹത്തിനുണ്ടായിരുന്നു.’

രാജ്യം നൽകിയ പരിഗണനകൾ

1992ൽ ഇന്ത്യാ ഗവൺമെന്റ് മരണാനന്തരം ഭാരതരത്‌ന നൽകി ആസാദിനെ ആദരിച്ചു. സമൂഹത്തിലെ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 1989ൽ ആസാദിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷകാര്യ മന്ത്രാലയം മൗലാനാ ആസാദ് വിദ്യാഭ്യാസ ഫൗണ്ടേഷൻ സ്ഥാപിച്ചു. ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികൾക്ക് എംഫിൽ പോലുള്ള ഉപരിപഠനത്തിനായി സാമ്പത്തിക സഹായത്തിന്റെ രൂപത്തിലുള്ള ഒരു സംയോജിത അഞ്ച് വർഷത്തെ ഫെലോഷിപ്പായ മൗലാനാ അബുൽ കലാം ആസാദ് നാഷണൽ ഫെലോഷിപ്പും മന്ത്രാലയം നൽകിവന്നിരുന്നു.

ഇന്ത്യയിലുടനീളമുള്ള നിര വധി സ്ഥാപനങ്ങൾക്ക് അദ്ദേഹത്തിന്റെ ബഹുമാനാർഥം നാമകരണം ചെയ്തിട്ടുണ്ട്. ന്യഡൽഹിയിലെ മൗലാനാ ആസാദ് മെഡിക്കൽ കോളേജ്, ഭോപ്പാലിലെ മൗലാനാ ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണൽ ഉറുദു യൂണിവേഴ്‌സിറ്റി, മൗലാനാ ആസാദ് സെന്റർ ഫോർ എലിമെന്ററി ആൻഡ് സോഷ്യൽ എഡ്യൂക്കേഷൻ (ഡൽഹി യൂണിവേഴ്‌സിറ്റി), മൗലാനാ അബുൽ കലാം ആസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ സ്റ്റഡീസ്, മൗലാനാ അബുൽ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി കൊൽക്കത്ത എന്നിവ അവയിൽ ചിലതാണ്.

1947 ഓഗസ്റ്റ് 15മുതൽ 1958 ഫെബ്രുവരി 2വരെ ഭരണരംഗത്ത് സേവനമനുഷ്ഠിച്ച മൗലാന അബുൽ കലാം ആസാദിന്റെ-സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുടെ-ജന്മദിനത്തിന്റെ സ്മരണയ്ക്കായി ഇന്ത്യയിൽ എല്ലാ വർഷവും നവംബർ 11ന് ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചുവരുന്നു.

ഈ സ്വാന്ത്ര്യസമര നേതാവിന്റെ, രാജ്യസ്‌നേഹിയുടെ, വിദ്യാഭ്യാസ വിചക്ഷണന്റെ, മഹാപ്രതിഭ യുടെ ചരിത്രം കുട്ടികൾ പഠിക്കരുത് എന്ന് വാശിയുള്ളവരുടെ ഉള്ളിലിരിപ്പ് അത്ര നിഷ്‌കളങ്കമല്ല എന്ന് തിരിച്ചറിയാൻ അത്ര വലിയ ബുദ്ധിയൊന്നും വേണ്ട.