ഹജറുൽ അസ്‌വദ് ആരാധിക്കപ്പെടുന്ന വിഗ്രഹമോ?

ഉസ്മാന്‍ പാലക്കാഴി

2023 സെപ്തംബർ 16 , 1445 റ.അവ്വൽ 01

ഹജ്ജ് കർമത്തിന്റെ ഭാഗമായി പ്രഥമ ഏദൈവാരാധനാകേന്ദ്രമായ കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നതും ഹജറുൽ അസ്‌വദ് എന്ന കറുത്ത കല്ലിനെ ചുംബിക്കുന്നതും പുണ്യമായി പഠിപ്പിച്ച മതമാണ് ഇസ്‌ലാം. എന്നാൽ ഇതിനെ വിഗ്രഹാരാധനയായി ചിത്രീകരിക്കാനാണ് നവനാസ്തികരും ഇപ്പോൾ സംഘ്പരിവാർ കൂലിയെഴുത്തുകാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബഹുദൈവാരാധനയിലേക്ക് നയിക്കുന്ന ഏതൊരു പ്രവൃത്തിയെയും ശക്തമായി എതിർക്കുന്ന ഇസ്‌ലാമിക കർമങ്ങളിൽപോലും സംശയം ജനിപ്പിക്കാൻ ശ്രമിക്കുന്നവരുടെ വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല.

ഇസ്‌ലാമിനെക്കുറിച്ച് തെറ്റുധാരണകൾ പ്രചരിപ്പിക്കുക എന്നതിന്റെ ഭാഗമായി ഓറിയന്റലിസ്റ്റുകളും നാസ്തികരും നടത്തുന്ന പ്രചാരണങ്ങളിൽ ഒന്നാണ് മുസ്‌ലിംകൾ ഹജറുൽ അസ്‌വദിനെ ആരാധിക്കുന്നവരാണ് എന്നത്. അടുത്ത കാലത്തായി സംഘ്പരിവാർ കേന്ദ്രങ്ങളും ഇത് ഏറ്റെടുത്തതായി കാണുന്നു.

കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നതും (ത്വവാഫ്) ‘ഹജറുൽ അസ്‌വദ്’ എന്ന കറുത്ത കല്ലിനെ ചുംബിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്ന ഹജ്ജ് കർമത്തിന്റെ ഭാഗമാണ്, അത് വിഗ്രഹാരാധനതന്നെയാണ് എന്നും ചില വിമർശകർ ആരോപിക്കുന്നു.

ഇത് തനിച്ച വിവരക്കേടാണ്, അല്ലെങ്കിൽ മനഃപൂർവമുള്ള തെറ്റുധരിപ്പിക്കലാണ്. വിഗ്രഹാരാധകർ വിഗ്രഹങ്ങളെ സംബന്ധിച്ച് കരുതുന്നതുപോലെ ഏതെങ്കിലും മഹാന്മാരുടെ പ്രതിരൂപങ്ങളായിട്ടല്ല ഒരു മുസ്‌ലിമും കഅ്ബയെയും ഹജറുൽ അസ്‌വദിനെയും കാണുന്നത്. മറിച്ച് ലോകത്ത് ആദ്യമായി, ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുവാനായി നിർമിക്കപ്പെട്ട കഅ്ബയെ ആദരപൂർവം നബി ﷺ ത്വവാഫ്(പ്രദക്ഷിണം) ചെയ്യുകയും അതിന്റെ ഒരു മൂലയിലുള്ള ഹജറുൽ അസ്‌വദിനെ ചുംബിക്കുകയും ചെയ്തത് മാതൃകയാക്കി ആ പ്രവാചകനെ പിൻപറ്റിക്കൊണ്ടുള്ള ഒരു ആദരവ് പ്രകടിപ്പിക്കൽ മാത്രമാണ്. അല്ലാതെ കഅ്ബക്കോ ഹജറുൽ അസ്‌വദിനോ മുസ്‌ലിംകൾ ആരാധനയർപ്പിക്കുന്നില്ല. അവയോട് വിളിച്ച് പ്രാർഥിക്കുന്നില്ല. അവയുടെ നാഥനായ അല്ലാഹുവിനെയാണവർ വിളിച്ച് പ്രാർഥിക്കുന്നത്.

മുഹമ്മദ് നബി ﷺ യുടെ അനുചരനും ഇസ്‌ലാമിക ഭരണകൂടത്തിന്റെ രണ്ടാം ഖലീഫയുമായ ഉമറുബ്‌നുൽ ഖത്വാബ്(റ) ഹജറുൽ അസ്‌വദിനെ ചുംബിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “അല്ലാഹുവാണെ സത്യം! നീ ഒരു കല്ലാണെന്ന കാര്യം എനിക്കറിയാം. യാതൊരു ഉപകാരമോ ഉപദ്രവമോ വരുത്താൻ കഴിയാത്ത കല്ല്. നബി ﷺ നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ ഞാനും നിന്നെ ചുംബിക്കുമായിരുന്നില്ല’’ (ബുഖാരി).

ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം ത്വബ്‌രി പറഞ്ഞു: “ജാഹിലിയ്യ കാലത്ത് കല്ലുകളെ ആദരിച്ചും ആരാധിച്ചും പോന്ന ജനങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്. അപ്പോൾ ഇസ്‌ലാമിലും അങ്ങനെയുണ്ടെന്ന് ജനങ്ങൾ തെറ്റുധരിക്കരുതെന്ന് ഉമർ(റ) കരുതി’’ (ഫത്ഹുൽ ബാരി).

ഒരു മുസ്‌ലിമിന് പ്രദക്ഷിണം നടത്താനും ആദരവെന്ന നിലയിൽ ചുംബിക്കാനും ഇതല്ലാതെ മറ്റൊരിടവും ഇസ്‌ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നില്ല എന്നതുകൂടി ഇതിനോട് ചേർത്തു വായിക്കുക. കാര്യം ഇങ്ങനെയാണെന്നിരിക്കെ കഅ്ബ പ്രദക്ഷിണത്തിലും ഹജറുൽ അസ്‌വദ് ചുംബിക്കുന്നതിലും വിഗ്രഹാരാധന ദർശിക്കുന്നത് നീതിയുക്തമല്ല.

ഹജ്ജിന്റെ കർമങ്ങളിൽ മഹാനായ ഇബ്‌റാഹീം നബി(അ)യുടെ ചരിത്ര സ്മരണകൾ ഉണ്ടായിട്ടുകൂടി അതിലൊരിടത്തും അദ്ദേഹത്തോടോ മറ്റേതെങ്കിലും മഹത്തുക്കളോടോ ഉള്ള പ്രാർഥനകളും ആരാധനകളുമില്ലായെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

ഇബ്റാഹീം നബി(അ) അല്ലാഹുവിന്റെ കൽപന പ്രകാരം ഹജ്ജിന് വിളംബരം നടത്തിയത് മുതൽ അത് തുടർന്നു വരുന്നു. അല്ലാഹു പറയുന്നു: “(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങൾക്കിടയിൽ നീ തീർഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവർ നിന്റെയടുത്ത് വന്നുകൊള്ളും’’ (ക്വർആൻ 22:27).

ഇബ്റാഹീം നബി(അ)യാണ് ഹജ്ജിന് തുടക്കം കുറിച്ചത് എന്നു വ്യക്തം. അദ്ദേഹമാകട്ടെ വിഗ്രഹാരാധനയുടെ നിരർഥകത ബോധ്യപ്പെടുത്താൻ ശക്തിയുക്തം നിലകൊണ്ട മഹാനാണ്. വക്രതയില്ലാത്ത തൗഹീദിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നാണ് വിശുദ്ധ ക്വുർആൻ പരിചയപ്പെടുത്തുന്നത്. ഏകദൈവ വിശ്വാസത്തിൽ ഊന്നിനിന്നുകൊണ്ടുള്ള സമർപ്പണത്തിലൂടെയാണ് അദ്ദേഹം മാതൃകയായിത്തീർന്നത് എന്ന് നിരവധി ക്വുർആൻ വാക്യങ്ങളിൽ വ്യക്തമാക്കപ്പെടുന്നുണ്ട്. ഇബ്‌റാഹീം നബി(അ)യുടെ മാർഗത്തിന്റെ ഏറ്റവും സുപ്രധാനമായ മേന്മ എന്ത് എന്ന് ക്വുർആൻ വ്യക്തമാക്കുന്നു:

“ആകയാൽ ശുദ്ധമനഃസ്‌കനായ ഇബ്‌റാഹീമിന്റെ മാർഗം നിങ്ങൾ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല’’ (ക്വുർആൻ 3:95).

ഏകദൈവ വിശ്വാസത്തിലും ധാർമികതയിലും കണിശമായ ദൈവസ്മരണയിലും അധിഷ്ഠിതമായ ആദർശമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടിയിരുന്നത്. തൗഹീദിന്റെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചക്ക് അദ്ദേഹം ഒരുക്കമായിരുന്നില്ല.

“പറയുക: തീർച്ചയായും എന്റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. നേർമാർഗത്തിൽ നിലകൊണ്ട ഇബ്‌റാഹീമിന്റെ ആദർശത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളിൽ പെട്ടവനായിരുന്നില്ല’’ (ക്വുർആൻ 6:161).

അതുകൊണ്ടുതന്നെ കഅ്ബ ത്വവാഫ് ചെയ്യുന്നതും ഹജറുൽ അസ്‌വദിനെ ചുംബിക്കലും വിഗ്രഹാരാധനയുടെ ശേഷിപ്പുകളാണെന്ന ആരോപണം യാഥാർഥ്യത്തിന് നിരക്കുന്നതല്ല. ഹജ്ജിലും ഉംറയിലും ത്വവാഫ് (കഅ്ബയെ പ്രദക്ഷിണം ചെയ്യൽ) ആരംഭിക്കുന്നത് ഹജറുൽ അസ്‌വദിന്റെ നേർക്കു നിന്നാണ്; അതിന്റെ നേർക്കെത്തുമ്പോഴാണ് അവസാനിക്കുന്നതും. അപ്പോഴൊന്നും ആ കല്ലിനെ ആരാധനാമനോഭാവത്തോടെ വിശ്വാസികൾ നോക്കിക്കാണുന്നില്ല, അതിന് മതത്തിന്റെ നിർദേശവുമില്ല.

ജാഹിലിയ്യ കാലത്തെ അറബികൾ ഹജ്ജിൽ വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട ചില ആചാരങ്ങൾ കടത്തിക്കൂട്ടിയിരുന്നു. എന്നാൽ ഇസ്‌ലാം അത്തരം ആചാരങ്ങളെയെല്ലാം ഇല്ലാതാക്കുകയായിരുന്നു.

‘ലബ്ബൈകല്ലാഹുമ്മ ലബ്ബൈക, ലബ്ബൈക ലാ ശരീക ലക, ഇല്ലാ ശരീകൻ ഹുവ ലക തംലിക്ഹു വമാ മലക’ (അല്ലാഹുവേ, ഞങ്ങളിതാ നിന്റെ വിളിക്കുത്തരം ചെയ്തിരിക്കുന്നു, നിനക്കൊരു പങ്കാളിയുമില്ല, നിനക്ക് വേണ്ടിയുള്ള പങ്കാളിയൊഴികെ, നീയാണ് അതിനെയും അത് ഉടമപ്പെടുത്തിയതിനെയും ഉടമപ്പെടുത്തുന്നത്) എന്നതായിരുന്നു അവരുടെ തൽബിയ്യത്ത്. പല മഹാൻമാരുടെയും വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന അവർ ആ വിഗ്രഹങ്ങളെയായിരുന്നു ഈ ‘പങ്കാളി’കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഇസ്‌ലാം അത്തരം വിശ്വാസങ്ങളെയെല്ലാം ഇല്ലാതാക്കി.

നബി ﷺ ഒരിക്കൽ പറഞ്ഞു: “ഏറ്റവും ശ്രേഷ്ഠമായ പ്രാർഥന അറഫയിലെ പ്രാർഥനയാണ്. ഞാനും എനിക്ക് മുമ്പുള്ള പ്രവാചകൻമാരും പറഞ്ഞതിൽ ഏറ്റവും ശ്രേഷ്ഠമായ വചനം ‘അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അവൻ ഏകൻ, അവന് പങ്കാളികളില്ല, അവന്നാകുന്നു സർവ ആധിപത്യവും, സ്തുതിയും അവന് മാത്രമാണ്, എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് അവൻ’ എന്നതാണ്’’ (തിർമുദി).

ബഹുദൈവാരാധനയുടെ അം ശങ്ങളൊന്നും കലരാത്ത ശുദ്ധമായ തൗഹീദിനെ സ്ഥിരപ്പെടുത്തലാണ് ഹജ്ജ് കൊണ്ടുദ്ദേശിക്കുന്നതെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. എല്ലാതരം ബഹുദൈവാരാധനയിൽ നിന്നും മോചിപ്പിക്കപ്പെട്ട കർമമാണ് ഹജ്ജ് എന്നതിനെയാണ് ഇതെല്ലാം ശക്തിപ്പെടുത്തുന്നത്.

എന്താണ് ഹജറുൽ അസ്‌വദ്?

മക്കയിലെ കഅ്ബയുടെ ഒരു മൂലയിലായി സ്ഥിതി ചെയ്യുന്ന കറുത്ത കല്ലാണ് ‘ഹജറുൽ അസ്‌വദ്. ഇത് സ്വർഗത്തിൽനിന്ന് അല്ലാഹു ഭൂമിയിലേക്ക് ഇറക്കിയതാണെന്നും അപ്പോൾ അതിന്റെ നിറം പാലിനെക്കാൾ വെളുത്തതായിരുന്നു എന്നും കാലക്രമത്തിൽ മനുഷ്യന്റെ പാപങ്ങൾ അതിനെ കറുത്തതാക്കി എന്നും നബി ﷺ യിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇബ്‌റാഹീം നബി(അ)യും മകൻ ഇസ്മാഈൽ നബിയും ചേർന്ന് കഅ്ബ പടുത്തുയർത്തിയ കാലം മുതൽ തന്നെ അവിടെ സൂക്ഷിച്ചുപോരുന്ന കല്ലാണ് ഹജറുൽ അസ്‌വദ്.

ഹജ്ജിനോ ഉംറക്കോ കഅ്ബത്തിങ്കലെത്തുന്ന ആരും ഹജറുൽ അസ്‌വദിനെ ചുംബിക്കുകയോ തൊടുകയോ അതുമല്ലെങ്കിൽ അതിന്റെ നേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ട് പറയുന്നത് ‘ബിസ്മില്ലാഹി അല്ലാഹു അക്ബർ’ (അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹുവാണ് ഏറ്റവും മഹാൻ) എന്നാണ്, അല്ലാതെ കല്ലിനെ വണങ്ങുകയല്ല; കല്ലിനെ അല്ലാഹുവിന്റെ സ്ഥാനത്ത് കാണുകയുമല്ല.

കഅ്ബയുടെ നിർമാണകാലം മുതൽ സൂക്ഷിച്ചുപോരുകയും വിശ്വസനീയ മാർഗത്തിൽ തലമുറകളിലൂടെ കൈമാറിപ്പോരുകയും ചെയ്ത മഹത്തായൊരു പുരാവസ്തുകൂടിയാണത്. എപ്പോഴെല്ലാം കഅ്ബ പുനർനിർമാണത്തിന് വിധേയമായോ അപ്പോഴെല്ലാം പ്രസ്തുത കല്ല് യഥാസ്ഥാനത്ത് ഭദ്രമായി സ്ഥാപിച്ചുപോന്നിട്ടുണ്ട്.

ഇബ്‌റാഹീം(അ) മുതൽ നിര വധി പ്രവാചകന്മാരും മുഹമ്മദ് നബി ﷺ യും അവരുടെയെല്ലാം ഒട്ടനേകം അനുയായികളും തങ്ങളുടെ മുഖം അതിൽ അമർത്തുകയും കരങ്ങൾകൊണ്ട് അതിനെ സ്പർശിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് അതിനെ സ്പർശിക്കുന്ന ഒരു സത്യവിശ്വാസിയുടെ മനസ്സിൽ ആദർശപരമായൊരു പ്രതിബദ്ധതയും പൈതൃകബോധവും വികാരാഭിനിവേശവും ഉടലെടുക്കുമെന്നതിൽ സംശയമില്ല. തന്റെ പിതാമഹനായ ഇബ്‌റാഹീമി(അ)നെ പിൻപറ്റിക്കൊണ്ട് മുഹമ്മദ് നബി ﷺ യും ആ കല്ലിനെ ത്വവാഫു തുടങ്ങാനുള്ള അടയാളമായി നിശ്ചയിച്ചു. അവിടുന്ന് അല്ലാഹുവിനെ മഹത്ത്വപ്പെടുത്തിക്കൊണ്ട് അതിനെ ചുംബിക്കുകയും ചെയ്തു. നബി ﷺ യെ പിന്തുടർന്നുകൊണ്ട് അവിടുത്തെ സച്ചരിതരായ അനുയായികളും അതു ചെയ്യുകയുണ്ടായി. അതുമൂലം പ്രവാചകന്മാരെ കൃത്യമായി അനുധാവനം ചെയ്യുകയെന്ന ഉദ്ദേശ്യമല്ലാതെ മറ്റൊന്നും അവർക്കുണ്ടായിരുന്നില്ല.

ദൈവേതരരെ ആരാധിക്കൽ; ഇസ്‌ലാമിന്റെ നിലപാട്

വിശ്വാസങ്ങളിലധിഷ്ഠിതമായ കർമങ്ങളാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ദൈവത്തിലും ദൈവദൂതന്മാരിലും പരലോകത്തിലുമൊന്നും വിശ്വാസമില്ലാത്ത കേവല കർമങ്ങൾ ഇസ്‌ലാമിക ദൃഷ്ട്യാ ഫലശൂന്യമാണ്. ഏകദൈവവിശ്വാസത്തിലൂന്നിയ ഏകദൈവാരാധനയാണ് ഇസ്‌ലാമിന്റെ അടിസ്ഥാനസിദ്ധാന്തം. സാങ്കേതികമായി ‘തൗഹീദ്’ (ഏകദൈവത്വം) എന്നു പറയുമ്പോൾ വിവക്ഷിക്കുന്നത് അതാണ്. അഥവാ ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട്. സർവചരാചരങ്ങളെയും പടച്ച് പരിപാലിക്കുന്ന സഗുണസമ്പൂർണനാണവൻ. അസ്തിത്വത്തിലും ഗുണവിശേഷണങ്ങളിലുമൊക്കെ അവൻ ഏകനും അദ്വിതീയനുമാണ്. അവന് മാത്രമർപ്പിക്കേണ്ടതാണ് സൃഷ്ടികളുടെ ആരാധനകൾ മുഴുവൻ.

സർവശക്തനും പരമകാരുണികനുമായ സൃഷ്ടികർത്താവിനെ അവൻ സ്വയം പരിചയപ്പെടുത്തിയ പേരാണ് ‘അല്ലാഹു’ എന്നത്. ആ പേരിൽ തന്നെ അദ്വിതീയത ഉൾക്കൊള്ളുന്നുവെന്നതാണ് വാസ്തവം. അല്ലാഹു എന്ന പദത്തിന് സ്ത്രീലിംഗരൂപമോ പുല്ലിംഗ രൂപമോ ബഹുവചനമോ ഇല്ല. പലരും തെറ്റിദ്ധരിച്ചിരിക്കുന്ന് ‘അല്ലാഹു’ എന്നത് ‘മുസ്‌ലിംകളുടെ ദൈവമാണ്’ എന്നാണ്. അറബികളുടെയോ മുസ്‌ലിംകളുടെയോ മാത്രം ദൈവമല്ല, മറിച്ച് സർവ ചരാചരങ്ങളുടെയും സൃഷ്ടികർത്താവും സംരക്ഷകനുമാണ് അല്ലാഹു എന്നാണ് ഇസ്‌ലാമിന്റ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ക്വുർആനും പ്രവാചകചര്യ(സുന്നത്ത്)യും പഠിപ്പിക്കുന്നത്.

എണ്ണിയാലൊ ടുങ്ങാത്തത്ര അനുഗ്രഹങ്ങൾ മനുഷ്യന് ചൊരിഞ്ഞു കൊടുക്കുന്ന ആ ഏകദൈവത്തെ ആരാധിക്കുവാനാണ് ഇസ്‌ലാം മനുഷ്യരെ ഉദ്‌ബോധിപ്പിക്കുന്നത്.

“ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാൻ വേണ്ടിയത്രെ അത്. നിങ്ങൾക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേൽപുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങൾക്ക് ഭക്ഷിക്കുവാനുള്ള കായ്കനികൾ ഉൽപാദിപ്പിച്ചു തരികയും ചെയ്ത(നാഥനെ). അതിനാൽ (ഇതെല്ലാം) അറിഞ്ഞ്‌കൊണ്ട് നിങ്ങൾ അല്ലാഹുവിന് സമൻമാരെ ഉണ്ടാക്കരുത്’’ (ക്വുർആൻ 2:21,22).

ഇതിൽ നിന്ന് വ്യതിചലിച്ച് അല്ലാഹുവിന്റെ സൃഷ്ടികളെയോ മനുഷ്യൻ കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങളെയോ വിളിച്ച് പ്രാർഥിക്കുന്നതും അവർക്ക് മുമ്പിൽ ആരാധനകളും നേർച്ച വഴിപാടുകളും അർപ്പിക്കുന്നതും അത്യന്തം ഗുരുതരമായ പാതകമായിട്ടാണ് ഇസ്‌ലാം കാണുന്നത്.

അല്ലാഹുവിന് പുറമെ മറ്റുള്ളവരെ വിളിച്ച് പ്രാർഥിക്കുന്നത് ബഹുദൈവാരാധനയാണെന്നും (ശിർക്ക്) മഹാപാതകമാണെന്നും ക്വുർആൻ വ്യക്തമാക്കുന്നു:

“നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർഥിക്കൂ. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്; തീർച്ച’’ (ക്വുർആൻ 40:60).

“ലുക്വ‌്‌മാൻ തന്റെ മകന് സദുപദേശം നൽകിക്കൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേർക്കരുത്. തീർച്ചയായും അങ്ങനെ പങ്കുചേർക്കുന്നത് വലിയ അക്രമം തന്നെയാകുന്നു’’ (ക്വുർആൻ 31:13).

അത് പൊറുക്കപ്പെടാത്ത അപരാധമായിട്ടാണ് ക്വുർആൻ വിവരിക്കുന്നത്: “തന്നോട് പങ്കുചേർക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീർച്ച. അതൊഴിച്ചുള്ളത് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ്. ആർ അല്ലാഹുവോട് പങ്കുചേർക്കുന്നുവോ അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു’’ (ക്വുർആൻ 4:116).

ബഹുദൈവാരാധന സ്വർഗപ്രവേശനം അസാധ്യമാക്കുന്നതും നരകയാതനക്ക് അർഹമാക്കുന്നതുമായ ഗുരുതര പാപമാണെന്ന് ക്വുർആനിലൂടെ അല്ലാഹു ഉണർത്തിയിട്ടുണ്ട്.

“...അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്നപക്ഷം തീർച്ചയായും അല്ലാഹു അവന്ന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരും തന്നെയില്ല...’’ (ക്വുർആൻ 5:72).

മാത്രമല്ല, സകല സൽകർമങ്ങളെയും നിഷ്ഫലമാക്കുന്ന അപകടകാരികൂടിയാണ് ബഹുദൈവാരാധനയെന്നും ഇസ്‌ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ട്.

നിരവധി പ്രവാചകന്മാരുടെ ചരിത്രം വിവരിച്ചുകൊണ്ട് ക്വുർആനിൽ അല്ലാഹു ഇപ്രകാരം പറയുന്നു: “അതാണ് അല്ലാഹുവിന്റെ മാർഗദർശനം. അത് മുഖേന തന്റെ ദാസൻമാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗത്തിലേക്ക് നയിക്കുന്നു. അവർ (അല്ലാഹുവോട്) പങ്കുചേർത്തിരുന്നുവെങ്കിൽ അവർ പ്രവർത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു’’ (ക്വുർആൻ 6: 88).

അതിനാൽ സർവപ്രവാചകന്മാരും അവരുടെ പ്രബോധിത സമൂഹത്തോട് അതീവ ഗൗരവത്തോടെ ആദ്യമുണർത്തിയത് ഇക്കാര്യത്തെക്കുറിച്ചായിരുന്നു. ഓരോ പ്രവാചകന്റെയും ചരിത്ര വിവരണത്തിനിടയിൽ ഖുർആൻ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രവാചകന്മാരുടെ പ്രവാചകത്വത്തിലേക്ക് സൂചിപ്പിച്ചുകൊണ്ട് അക്കാര്യം ഒന്നുകൂടി ഊന്നിപ്പറഞ്ഞത് കാണാം.

“തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)’’ (16:36).

“ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല’’ (21:25).

പ്രബോധനത്തിന്റെ മുൻഗണനാക്രമത്തിലേക്ക് വ്യക്തമായ ദിശാബോധം നൽകിക്കൊണ്ട് മുഹമ്മദ് നബി ﷺ തന്റെ അനുചരനായ മുആദ്ബ്‌നു ജബലി(റ)നെ ജൂത-ക്രൈസ്തവരുള്ള യമനിലേക്ക് അയച്ചപ്പോൾ നൽകിയ ഉപദേശത്തിലും ഇക്കാര്യം കാണാവുന്നതാണ്:

“നിശ്ചയം, നീ വേദം നൽകപ്പെട്ട ഒരു ജനവിഭാഗത്തിലേക്കാണ് പോകുന്നത്. അതിനാൽ നീ അവരെ ക്ഷണിക്കേണ്ടത്, ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള (ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുർറസൂലുല്ലാഹ്) സത്യസാക്ഷ്യത്തിലേക്കായിരിക്കണം’’(ബുഖാരി).

ഏകദൈവാരാധനയുടെ മഹ ത്ത്വമുദ്‌ഘോഷിക്കുന്ന ക്വുർആൻ ബഹുദൈവവിശ്വാസത്തിന്റെയും ബഹുദൈവാരാധനയുടെയും നിരർഥകത കൂടി വ്യക്തമാക്കുന്നുണ്ട്. ഏകനായ സത്യദൈവത്തിന്റെ കണിശമായ നിയമങ്ങൾക്ക് വിധേയമായിക്കൊണ്ടാണ് പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ ഏതൊരു വസ്തുവും ചലിച്ചുകൊണ്ടിരിക്കുന്നത് എന്നുണർത്തുന്ന ക്വുർആൻ ബഹുദൈവത്വത്തിന്റെ അസാംഗത്യമുണർത്തിക്കൊണ്ട് പറയുന്നു:

“ആകാശഭൂമികളിൽ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കിൽ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോൾ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു, അവർ പറഞ്ഞുണ്ടാക്കുന്നതിൽ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു’’ (ക്വുർആൻ 21:22).

സർവശക്തനും പരമകാരുണികനുമായ അല്ലാഹുവിനോട് ആവശ്യങ്ങളും സങ്കടങ്ങളും പറഞ്ഞ് കൊണ്ട് പ്രാർഥിക്കുന്നതിലെ സാംഗത്യവും യുക്തിഭദ്രതയും സദ്ഫലങ്ങളും മനസ്സിലാക്കാൻ പ്രയാസമില്ല. എന്നാൽ പ്രാർഥിക്കുന്ന മനുഷ്യരെപ്പോലെ തന്നെ ദൈവത്തിന്റെ സൃഷ്ടികളായ ദൈവേതര ശക്തികളോട് പ്രാർഥിക്കുകയും അവർക്ക് മുമ്പിൽ ആരാധനകളർപ്പിക്കുകയും ചെയ്യുമ്പോൾ അത് എന്ത് മാത്രം ബാലിശമാണ്! ക്വുർആൻ ഉണർത്തുന്നത് കാണുക:

“മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങൾ അത് ശ്രദ്ധിച്ചു കേൾക്കുക. തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർഥിക്കുന്നവർ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേർന്നാൽ പോലും. ഈച്ച അവരുടെ പക്കൽ നിന്ന് വല്ലതും തട്ടിയെടുത്താൽ അതിന്റെ പക്കൽ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവർക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബലർ തന്നെ’’ (22:73).

സത്യദൈവമായ അല്ലാഹുവിന് പുറമെ വിളിച്ച് പ്രാർഥിക്കപ്പെടുന്ന ഏതൊന്നിന്റെയും സ്ഥിതി ദുർബലതകൾ കൊണ്ടും ന്യൂനതകൾകൊണ്ടും ബന്ധിതമാണെന്ന് കാണാം.

അവർ സൃഷ്ടികളും അല്ലാഹുവിന്റെ അടിമകളുമാണ്. അവർക്കുപോലും മറ്റുള്ളവരുടെ സഹായമാവശ്യമാണ്; എന്നിരിക്കെ മറ്റുള്ളവരെ സഹായിക്കാൻ അവർക്കെങ്ങിനെ സാധിക്കും? അവർക്ക് നൽകപ്പെട്ടിട്ടുള്ള കഴിവുകളിൽ പരിമിതിയുണ്ട്. കാഴ്ച, കേൾവി, അറിവ് മുതലായവ ഉദാഹരണം മാത്രം.

അല്ലാഹു പറയുന്നു: “അവർ പങ്കുചേർക്കുന്നത് യാതൊന്നും സൃഷ്ടിക്കാത്തവരെയാണോ? അവർ (ആ ആരാധ്യർ) തന്നെ സൃഷ്ടിച്ചുണ്ടാക്കപ്പെടുന്നവരുമാണ്. അവർക്കൊരു സഹായവും ചെയ്യാൻ അവർക്ക് (പങ്കാളികൾക്ക്) സാധിക്കുകയില്ല. സ്വദേഹങ്ങൾക്കു തന്നെ അവർ സഹായം ചെയ്യുന്നതുമല്ല. നിങ്ങൾ അവരെ സൻമാർഗത്തിലേക്ക് ക്ഷണിച്ചാൽ അവർ നിങ്ങളെ പിൻപറ്റുന്നതുമല്ല. നിങ്ങൾ അവരെ ക്ഷണിച്ചിരുന്നാലും, നിങ്ങൾ നിശ്ശബ്ദത പാലിച്ചിരുന്നാലും നിങ്ങൾക്ക് സമമാണ്. തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസൻമാർ മാത്രമാണ്. എന്നാൽ അവരെ നിങ്ങൾ വിളിച്ച് പ്രാർഥിക്കൂ; അവർ നിങ്ങൾക്ക് ഉത്തരം നൽകട്ടെ; നിങ്ങൾ സത്യവാദികളാണെങ്കിൽ. അവർക്ക് നടക്കാൻ കാലുകളുണ്ടോ? അവർക്ക് പിടിക്കാൻ കൈകളുണ്ടോ? അവർക്ക് കാണാൻ കണ്ണുകളുണ്ടോ? അവർക്ക് കേൾക്കാൻ കാതുകളുണ്ടോ? (നബിയേ) പറയുക: നിങ്ങൾ നിങ്ങളുടെ പങ്കാളികളെ വിളിച്ചിട്ട് എനിക്കെതിരായി തന്ത്രങ്ങൾ പ്രയോഗിച്ച് കൊള്ളുക. എനിക്ക് നിങ്ങൾ ഇടതരേണ്ടതില്ല’’ (7:191-195).

മഹാന്മാരായ ദൈവദാസന്മാരോ പ്രവാചകന്മാരോ പഠിപ്പിക്കാത്ത ആശയമാണ് ബഹുദൈവാരാധാനയെന്നതിനാൽ അവർ ബഹുദൈവാരാധകരുടെ ശത്രുക്കളായിട്ടായിരിക്കും പുനരുത്ഥാന നാളിൽ വരികയെന്ന് ക്വുർആൻ ഉണർത്തുന്നു:

“അല്ലാഹുവിനു പുറമെ, ഉയർത്തെഴുന്നേൽപിന്റെ നാളുവരെയും തനിക്ക് ഉത്തരം നൽകാത്തവരെ വിളിച്ചു പ്രാർഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാർഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദർഭത്തിൽ അവർ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവർ അവരെ ആരാധിച്ചിരുന്നതിനെ അവർ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും’’(ക്വുർആൻ 46:5,6).

കണിശമായ ഏകദൈവാരാധന നടത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത ദൈവദൂതന്മാരെ തന്നെ കാലാന്തരത്തിൽ വിളിച്ചുതേടുന്ന വിരോധാഭാസമാണ് ചരിത്രത്തിൽ നാം കാണുന്നത്. തന്റെ മുൻഗാമിയായ ദൈവദൂതന്റെ ആശയാദർശങ്ങളിലേക്ക് ക്ഷണിക്കുവാനായി മറ്റൊരു പ്രവാചകൻ വരുമ്പോഴേക്കും ഏതാനും പതിറ്റാണ്ടുകളുടെ വ്യത്യാസത്തിൽ ആ പ്രവാചകന്റെ പോലും വിഗ്രഹം ആരാധിക്കപ്പെടുന്ന അവസ്ഥ! അതിന്റെ പേരിൽ ആ സമൂഹത്തിന്റെ പരിഹാസങ്ങൾക്കും മർദനങ്ങൾക്കും വിധേയരാവുന്ന പ്രവാചകന്മാർ!

വിഗ്രഹം വെച്ചുകൊണ്ടായാലും അല്ലാതെയായാലും അല്ലാഹുവിനെയല്ലാതെ വിളിച്ച് പ്രാർഥിക്കുന്നതും ആരാധിക്കുന്നതും ഇസ്‌ലാമിന്റെ ദൃഷ്ടിയിൽ ബഹുദൈവാരാധന(ശിർക്ക്)യും ഗുരുതരമായ പാതകവുമാണ്. പ്രവാചകന്മാരഖിലവും അത്തരം ബഹുദൈവാരാധനകളുടെ പ്രതിയോഗികളായിരുന്നു. ശുദ്ധമായ ഏകദൈവാരാധനയാണ് അവർ വിളംബരം ചെയ്തത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ മുസ്‌ലിംകളുടെതായി നിരവധി ശവകുടീരങ്ങളും തീർഥാടന കേന്ദ്രങ്ങളുമൊക്കെയുണ്ടല്ലോ, അവിടങ്ങളിലൊക്കെ ദൈവേതരരോടുള്ള പ്രാർഥനകളും ആരാധനകളുമല്ലേ നടക്കുന്നത്, ഇത് ശരിയാണോ എന്ന സംശയം സ്വാഭാവികമാണ്.

വിശുദ്ധ ക്വുർആനിന്റെയും പ്രവാചക ചര്യയുടെയും ഉപദേശങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള വ്യക്തമായ തിന്മയാണ് അവയൊക്കെ എന്നതാണ് അതിനുള്ള മറുപടി. മുൻകാല ചരിത്രത്തിലേതു പോലെ പ്രവാചകാധ്യാപനങ്ങളും അവിടുത്തെ അനുചരന്മാരുടെ പാതയും കൈവിടുമ്പോഴുണ്ടാകുന്ന സ്വാഭാവിക വ്യതിയാനമാണ് ശവകുടീര പൂജകരിലും സംഭവിക്കുന്നത്.