റമദാനിനെ വരവേൽക്കുമ്പോൾ

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

2023 മാർച്ച് 18, 1444 ശഅ്ബാൻ 25

നാട് ലിബറലിസത്തിലേക്ക് കയറു പൊട്ടിച്ചോടിയ വര്‍ഷമാണ് കടന്നുപോയത്. സാധാരണക്കാരടക്കം അതിരുകളില്ലാത്ത ആനന്ദമാഘോഷിക്കാന്‍ തെരുവിലിറങ്ങിയതിന് കേരളം സാക്ഷിയായി. സ്വാതന്ത്ര്യത്തിന് നിര്‍വചനം നല്‍കുന്നിടത്ത് ഭരണകൂടത്തിന് പോലും പിഴച്ചതും നാം കണ്ടു. വിശ്വാസികളെന്ന് നടിച്ചവരുടെ തനിനിറം പലപ്പോഴായി ഈ സത്യാനന്തരകാലത്ത് പുറത്തുവന്നു. റമദാന്‍ സമാഗതമാവുകയാണ്. തിരുത്താനും തിരുത്തപ്പെടാനും നോമ്പിനോളം സാധ്യതയുള്ള മറ്റൊരു നാളും വരാനില്ല. നിഷ്‌കളങ്ക മനസ്സോടെ റമദാനിനെ വരവേല്‍ക്കാം നമുക്ക്.

അല്ലാഹു പ്രത്യേകമായി ആദരിച്ച മനുഷ്യർക്ക് പുണ്യങ്ങൾ ഏറെ കരസ്ഥമാക്കിക്കൊണ്ട് സ്വർഗാവകാശികളായിത്തീരുവാൻ സന്ദർഭമൊരുക്കിയ മാസമാണ് റമദാൻ. അതിന്റെ ദിനരാത്രങ്ങൾ സ്വർഗം കാംക്ഷിക്കുന്നവർക്ക് സുവർണാവസരങ്ങളാണ്. അനുഗൃഹീതവും മഹത്ത്വമേറിയതും സൽകർമങ്ങൾക്ക് വർധിച്ച പ്രതിഫലം ലഭിക്കുന്നതുമായ മാസമാണ് വിശുദ്ധറമദാൻ. വിശുദ്ധി നേടിയ മനസ്സുകൾക്ക് കുളിരും സന്തോഷവും നൽകുന്ന ലോക രക്ഷിതാവിന്റെ ദാനം. ആ പുണ്യമാസം ആഗതമാവുകയായി.

മാനവസമൂഹത്തിന് വഴികാട്ടിയായ വിശുദ്ധ ക്വുർആനിന്റെ അവതരണത്തിന് നാന്ദികുറിച്ചത് റമദാനിലെ ക്വദ്‌റിന്റെ രാത്രിയിലാണ്: “തീർച്ചയായും നാം ഇതിനെ നിർണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു’’ (97:1).

അല്ലാഹുവിനെക്കുറിച്ച്, അവന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച്, സ്വർഗ-നരകങ്ങളെക്കുറിച്ച്, മനുഷ്യന്റെ കടമകളെക്കുറിച്ച്, മാനവസമൂഹത്തിന്റെ മാതൃകാവ്യക്തിത്വമായ പ്രവാചകനെക്കുറിച്ച്... അങ്ങനെ മനുഷ്യർ അറിയേണ്ട കാര്യങ്ങളെല്ലാം അല്ലാഹു മനുഷ്യരെ അറിയിച്ചിട്ടുണ്ട്. ആവശ്യാനുസരണം സന്ദേശവാഹകരെ അല്ലാഹു നിയോഗിച്ചു. വേദഗ്രന്ഥങ്ങൾ ഇറക്കിക്കൊടുത്തു. അന്തിമ വേദത്തിലൂടെ അതിന്റെ പരിസമാപ്തി കുറിച്ചു. മനുഷ്യരെ ഏറ്റവും ചൊവ്വായതിലേക്ക് വഴികാണിക്കുന്ന വിശുദ്ധ ക്വുർആൻ അവതരിപ്പിച്ചു. റമദാനിനെ നോമ്പിന്റെ കാലമായി നിശ്ചയിച്ചതുതന്നെ വിശുദ്ധ ക്വുർആൻ ഇറങ്ങിയ മാസമായതിനാലാണ്.

വിശ്വാസികളായ നാം വിശുദ്ധ റമദാനിനെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് മനസ്സിലാക്കുകയും അത് കഴിയുന്നത്ര പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്. അനിവാര്യമായി മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ചുരുക്കി വിവരിക്കുവാനാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഉദ്ദേശ്യം നന്നാക്കുക

ഉന്നതനും പ്രതാപിയുമായ അല്ലാഹുവിന് ആത്മാർഥമായി കീഴ്‌പെട്ട് അവന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ച് കർമങ്ങൾ ചെയ്യുക.

നബി ﷺ പറയുന്നത് കാണുക: അബൂഹുറയ്‌റ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: “ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടും റമദാനിൽ നോമ്പനുഷ്ഠിക്കുകയാണെങ്കിൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങളിൽ നിന്ന് പൊറുത്തു കൊടുക്കുന്നതാണ്’’ (ബുഖാരി).

ഖത്വാബി(റഹി) പറയുന്നു: ‘വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടും’ (ഈമാനൻ വഹ്തിസാബൻ) എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ‘ദൃഢമായ ഉദ്ദേശത്തോടെ, സത്യപ്പെടുത്തി, പ്രതിഫലം ആഗ്രഹിച്ച്, സന്മനസ്സോടെ, നിർബന്ധിതാവസ്ഥയില്ലാതെ, ഒരു ഭാരമാണെന്ന മനോഭാവമില്ലാതെ, ദൈർഘ്യമുള്ള ദിവസമാണെന്ന തോന്നലില്ലാതെ, നോമ്പിന്റെ സമയം മുഴുവനും മഹത്തായ പ്രതിഫലം പ്രതീക്ഷിക്കുക’ എന്നാണ്.

ബിദ്അത്തുകൾ വെടിയുക

മതത്തിൽ കടത്തിക്കൂട്ടിയ നൂതനാചാരങ്ങൾ വെടിയൽ നിർബന്ധമാണ്. അവ നമ്മെ നരകത്തിലേക്ക് നയിക്കും. ആഇശ (റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: “നാം കൽപിച്ചതല്ലാത്ത വല്ല കർമവും (മതത്തിന്റെ പേരിൽ) ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്’’ (മുസ്‌ലിം).

നോമ്പനുഷ്ഠിക്കുക

അല്ലാഹു പറയുന്നു: “ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും ക്വുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതുകൊണ്ട് നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്’’(ക്വുർആൻ 2:185).

അബൂഹുറയ്‌റ(റ) നിവേദനം; അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: “ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടും റമദാനിൽ നോമ്പനുഷ്ഠിക്കുകയാണെങ്കിൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങളിൽനിന്ന് പൊറുത്തു കൊടുക്കുന്നതാണ്’’ (ബുഖാരി).

രാത്രി നമസ്‌കാരം

രാത്രി നമസ്‌കാരം ഐഛികമായതും അതോടൊപ്പം ഏറെ പ്രതിഫലാർഹവുമാണ്. റമദാനിലാകുമ്പോൾ അതിന്റെ പ്രാധാന്യവും പ്രതിഫലവും വർധിക്കുന്നു.

അബൂഹുറയ്‌റ(റ) നിവേദനം; അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: “ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടും റമദാനിൽ ക്വിയാമുല്ലൈൽ നമസ്‌കരിക്കുകയാണെങ്കിൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങളിൽനിന്ന് പൊറുത്തു കൊടുക്കുന്നതാണ്’’(ബുഖാരി).

ക്വുർആൻ പാരായണവും പഠനവും

ക്വുർആനുമായുള്ള ബന്ധം എത്രമാത്രം ശക്തമായി നമുക്കുണ്ടോ അതിനനുസരിച്ച് നമ്മുടെ സ്വർഗപ്രവേശം എളുപ്പമാകും. അത് പാരായണം ചെയ്യുവാനും മനഃപാഠമാക്കുവാനും അതിന്റെ അർഥവും ആശയവും മനസ്സിലാക്കുവാനും റമദാനിൽ നാം കൂടുതൽ സമയം കണ്ടെത്തണം. കാരണം റമദാൻ ക്വുർആനിന്റെ മാസമാണ്.

ഇബ്‌നു അബ്ബാസ്(റ) നിവേദ നം: “...റമദാനിലെ എല്ലാ രാത്രികളിലും (ജിബ്‌രീൽ) നബി ﷺ ക്ക് ക്വുർആൻ പഠിപ്പിച്ചിരുന്നു...’’ (ബുഖാരി).

അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം; പ്രവാചകൻ ﷺ പറയുന്നു: “നോമ്പും ക്വുർആനും അടിമകൾക്ക് വേണ്ടി ശുപാർശ പറയുന്നതാണ്. നോമ്പ് പറയും: ‘എന്റെ രക്ഷിതാവേ, പകലിൽ ഞാൻ അവന്റെ ഭക്ഷണവും ആഗ്രഹങ്ങളും തടഞ്ഞിരുന്നു. ആയതിനാൽ അവനുവേണ്ടി എന്റെ ശുപാർശ നീ സ്വീകരിക്കേണമേ.’ ക്വുർആൻ പറയും: ‘രാത്രിയിൽ അവന്റെ ഉറക്കം ഞാൻ തടഞ്ഞിരുന്നു. ആയതിനാൽ അവനു വേണ്ടി എന്റെ ശുപാർശ സ്വീകരിക്കേണമേ.’ അങ്ങനെ അവ രണ്ടും ശുപാർശ ചെയ്യുന്നതാണ്’’ (ഇമാം അഹ്‌മദ് ഉദ്ധരിച്ചതും അൽബാനി സ്വഹീഹാണെന്ന് പ്രസ്താവിച്ചതുമായ ഹദീസ്).

ധാരാളമായി ദാനധർമങ്ങൾ ചെയ്യുക

റമദാനിൽ ദാനധർമങ്ങൾ അധികരിപ്പിക്കുവാനുള്ള സന്മനസ്സ് വിശ്വാസികൾക്കുണ്ടാകണം. ഇബ്‌നു അബ്ബാസ്(റ) നിവേദനം: “ജനങ്ങളിൽവച്ച് ഏറ്റവും ദാനധർമം ചെയ്തിരുന്ന വ്യക്തി നബി ﷺ യായിരുന്നു. റമദാനിൽ ജിബ്‌രീൽ(അ) നബി ﷺ യെ കണ്ടുമുട്ടുമ്പോഴായിരുന്നു തിരുദൂതർ ഏറ്റവും കൂടുതൽ ദാനധർമം ചെയ്തിരുന്നത്. റമദാനിലെ എല്ലാ രാത്രികളിലും (ജിബ്‌രീൽ) നബി ﷺ ക്ക് ക്വുർആൻ പഠിപ്പിച്ചിരുന്നു. അവിടുന്ന് അടിച്ചുവീശുന്ന കാറ്റിനെപോലെ ദാനധർമം ചെയ്തിരുന്നു’’ (ബുഖാരി).

നോമ്പു തുറപ്പിക്കൽ

നോമ്പു തുറപ്പിക്കൽ മഹ ത്തായ ഒരു പുണ്യകർമമാണ്. അതിന്റെ പ്രതിഫലം എത്രത്തോളമുണ്ട് എന്ന് മനസ്സിലാക്കിയവർക്ക് അതിൽ അമാന്തം കാണിക്കാൻ കഴിയില്ല.

സൈദ്ബ്‌നു ഖാലിദ് അൽജുഅനി(റ) നിവേദനം;‘അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു: “നോമ്പു തുറപ്പിക്കുന്നവന് ആ നോമ്പുകാരന്റെ അത്രതന്നെ പുണ്യം നേടാനാകും. എന്നാൽ അയാളുടെ പ്രതിഫലത്തിൽനിന്ന് യാതൊന്നും കുറവ് വരികയുമില്ല’’ (തിർമിദി, ഇബ്‌നുമാജ, അഹ്‌മദ്, ഇബ്‌നുഹിബ്ബാൻ).

അവസാനത്തെ പത്തിൽ കൂടുതൽ പരിശ്രമിക്കുക

ആഇശ(റ) പറയുന്നു: “അവ സാനത്തെ പത്ത് കടന്നുവന്നാൽ നബി ﷺ രാത്രിയെ ജീവിപ്പിക്കു കയും തന്റെ വീട്ടുകാരെ വിളിച്ചുണർത്തുകയും വസ്ത്രം മുറുക്കിയുടുക്കു (ആരാധനാനുഷ്ഠാനങ്ങൾക്കായി കഠിന പരിശ്രമം നടത്തു)കയും ചെയ്യുമായിരുന്നു’’(ബുഖാരി, മുസ്‌ലിം).

ലൈലതുൽ ക്വദ്ർ പ്രതീക്ഷിക്കുക

ഉയൈനബ്‌നു അബ്ദുർറഹ്‌മാൻ(റ) തന്റെ പിതാവിൽനിന്നും നിവേദനം: “ഞാൻ അബൂബക്‌റി(റ)ന്റെ സാന്നിധ്യത്തിൽ ലൈലതുൽ ക്വദ്‌റിനെ സംബന്ധിച്ച് പറഞ്ഞു. അപ്പോൾ അബൂബക്ർ(റ) പറഞ്ഞു: ‘അത് അവസാനത്തെ പത്തിലെ ഒറ്റ രാവിലായിരിക്കും വരികയെന്ന് നബി ﷺ യിൽനിന്ന് ഞാൻ കേട്ടു. അങ്ങനെ പ്രവാചകനി ﷺ ൽനിന്ന് കേട്ടത് മുതൽ ഞാനതിനെ അവസാനത്തെ പത്തിലല്ലാതെ അന്വേഷിക്കാറില്ല’’ (അഹ്‌മദ്).

ലൈലതുൽ ക്വദ്‌റിലെ ക്വിയാമുല്ലൈൽ

അബൂഹുറയ്‌റ(റ) നിവേദനം: റസൂലുല്ലാഹ് ﷺ പറഞ്ഞു: “ആരെങ്കിലും വിശ്വാസത്തോടെ, പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് ലൈലതുൽ ക്വദ്‌റിൽ ക്വിയാമുല്ലൈൽ നിർവഹിക്കുകയാണെങ്കിൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങളിൽനിന്ന് പൊറുത്തു കൊടുക്കുന്നതാണ്’’ (ബുഖാരി).

ഉംറ നിർവഹിക്കുക

ഉംറ നിർവഹിക്കുവാൻ സാധിക്കുന്നവർക്ക് റമദാനിൽ ഉംറ ചെയ്ത് കൂടുതൽ പ്രതിഫലം കൈവരിക്കാവുന്നതാണ്. ഇബ്‌നു അബ്ബാസ്(റ) നിവേദനം. നബി ﷺ പറഞ്ഞു: “റമദാനിലെ ഒരു ഉംറ ഹജ്ജിന് തുല്യമാകുന്നു’’ (ബുഖാരി, മുസ്‌ലിം).

ഇഅ്തികാഫ്

ആരാധനകൾക്കായി പള്ളിയിൽ പ്രത്യേക നിയ്യത്തോടെ കഴിഞ്ഞുകൂടലാണ് ഇഅ്തികാഫ്. നബി ﷺ യുടെ ഇഅ്തികാഫിനെ സംബന്ധിച്ച് ഇങ്ങനെ കാണാം:

ആഇശ(റ) നിവേദനം: “നബി ﷺ റമദാനിലെ അവസാനത്തെ പത്തിൽ- അല്ലാഹു അദ്ദേഹത്തെ മരിപ്പിക്കുന്നതുവരെ- ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു’’ (ബുഖാരി, മുസ്‌ലിം).

അല്ലാഹുവിനെ ധാരാളമായി ഓർക്കുക

ഒരു വിശ്വാസി അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ നിലനിർത്തുന്നവനാകണം. അല്ലാഹു പറയുന്നു: “...നിങ്ങൾ അല്ലാഹുവെ ധാരാളമായി ഓർക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ (62:10).

അബൂഹുറയ്‌റ(റ) നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “മുഫ്‌രിദുകൾ മുൻകടന്നിരിക്കുന്നു.’’ അവർ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, ആരാണ് മുഫ്‌രിദുകൾ?’’ അവിടുന്ന് പറഞ്ഞു: “അല്ലാഹുവിനെ ധാരാളമായി ഓർക്കുന്ന പുരുഷന്മാരും സ്ത്രീകളുമാകുന്നു അവർ’’ (മുസ്‌ലിം).

ധാരാളമായി പ്രാർഥിക്കുക

അല്ലാഹു നമ്മെ പരിഗണിക്കണമെങ്കിൽ നാം അവനോടു മാത്രം പ്രാർഥിക്കുന്നവരാകണം. നോമ്പുകാലത്ത് പ്രാർഥന അധികരിപ്പിക്കുകയും വേണം.

അബൂഹുറയ്‌റ(റ) നിവേദനം; അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “മൂന്ന് പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നതാണ്; നോമ്പുകാരന്റെ പ്രാർഥന, അക്രമിക്കപ്പെട്ടവന്റെ പ്രാർഥന, യാത്രക്കാരന്റെ പ്രാർഥന എന്നിവയാണവ’’ (ബൈഹക്വി).

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “പ്രാർഥന, അതുതന്നെയാണ് ആരാധന’’ (അബൂദാവൂദ്, തിർമിദി).

സമയമായാൽ പെട്ടെന്ന് നോമ്പു തുറക്കുക

കൃത്രിമമായ ഭക്തി കാണിച്ച് സമയമായാലും നോമ്പ് അവസാനിപ്പിക്കാതിരിക്കുന്ന ചിലരുണ്ട്. അത് ശരിയായ നിലപാടല്ല. സഹ്‌ലുബ്‌നു സഅദ് അസ്സാഇദി(റ) നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “അത്താഴം കഴിക്കുന്നത് പിന്തിപ്പിക്കുകയും നോമ്പു തുറക്കാൻ ധൃതി കാണിക്കുകയും ചെയ്യുന്നേടത്തോളം ജനങ്ങൾ നന്മയിൽതന്നെയായിരിക്കും’’ (ബുഖാരി, മുസ്‌ലിം).

അത്താഴം കഴിക്കുകയും അത് പിന്തിപ്പിക്കുകയും ചെയ്യുക

അബൂസഈദുൽ ഖുദ്‌രിയ്യ്(റ) നിവേദനം; അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “അത്താഴം മുഴുവനും അനുഗൃഹീതമാണ്. അത് നിങ്ങൾ ഒഴിവാക്കരുത്. നിങ്ങളിലൊരാൾക്ക് ഒരു കവിൾ വെള്ളമാണ് സാധിക്കുന്നതെങ്കിൽ ഒരു കവിൾ വെള്ളമെങ്കിലും കഴിക്കുക. കാരണം ഉന്നതനും പ്രതാപവാനുമായ അല്ലാഹുവും അവന്റെ മലക്കുകളും അത്താഴം കഴിക്കുന്നവർക്ക് വേണ്ടി സ്വലാത്ത് ചൊല്ലുന്നുണ്ട്’’ (അഹ്‌മദ്).

വിട്ടുവീഴ്ച ചെയ്യുക

നബി ﷺ പറയുന്നു: “നിങ്ങളിലാരെങ്കിലും നോമ്പുകാരനാണെങ്കിൽ അവൻ ചീത്ത പറയുകയോ, തിന്മ പ്രവർത്തിക്കുകയോ ചെയ്യരുത്. അവനെ ആരെങ്കിലും വഴക്കു പറയുകയോ അക്രമിക്കുകയോ ചെയ്യുകയാണെങ്കിൽ ‘ഞാൻ നോമ്പുകാരനാണെ’ന്ന് അവൻ പറയട്ടെ’’’(ബുഖാരി, മുസ്‌ലിം).

തിന്മകൾ വെടിയുക

അനാവശ്യമായ വാക്കുകളും പ്രവർത്തനങ്ങളും വെടിയാത്തവന്റെ നോമ്പ് കേവലം പട്ടിണിയായി മാറും. നബി ﷺ പറയുന്നു: “ഒരാൾ ചീത്ത വർത്തമാനങ്ങളും മ്ലേഛ പ്രവർത്തനങ്ങളും വെടിയാതെ ഭക്ഷണ പാനീയങ്ങൾ മാത്രം വെടിയുന്നതിൽ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല’’ (ബുഖാരി).

നന്മകൾ അറിയിച്ചുകൊടുക്കുക

നബി ﷺ പറഞ്ഞു: “ആരെങ്കിലും ഒരു നന്മ അറിയിച്ചുകൊടുക്കുകയാണെങ്കിൽ അവന് അത് ചെയ്യുന്നവന്റെ (പ്രതിഫലത്തിന് സമാനമായ) പ്രതിഫലം ലഭിക്കുന്നതാണ്.’’

റമദാൻ മാസം സമാഗതമാകുന്നതോടെ നബി ﷺ അനുചരന്മാർക്ക് റമദാനിന്റെ ശ്രേഷ്ഠതയും പ്രത്യേകതയും വ്യക്തമാക്കിക്കൊ ടുക്കുകയും നന്മകൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും റമദാനിലെ സമയം മുഴുവനും പ്രയോജനപ്പെടുത്താൻ ഉണർത്തുകയും ചെയ്തിരുന്നു.

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ പറഞ്ഞു: “നിങ്ങൾക്ക് റമദാൻ മാസം സമാഗതമായിരിക്കുന്നു. അനുഗൃഹീതമായ മാസം; അതിൽ നോമ്പനുഷ്ഠിക്കൽ അല്ലാഹു നിങ്ങൾക്ക് നിർബന്ധമാക്കിയിരിക്കുന്നു. അതിൽ ആകാശ കവാടങ്ങൾ തുറക്കുകയും നരക കവാടങ്ങൾ ബന്ധിക്കപ്പെടുകയും ചെയ്യുന്നതാണ്. ഈ മാസത്തിൽ പിശാചുക്കളെ ബന്ധിക്കുകയും ചെയ്യുന്നതാണ്. അതിൽ അല്ലാഹു ആയിരം മാസത്തെ ക്കാൾ ഉത്തമമായ ഒരു രാവ് അനുഗ്രഹിച്ചിരിക്കുന്നു. ആരെങ്കിലും അതിന്റെ നന്മയെ സ്വയം നിഷിദ്ധമാക്കിയാൽ അവനത് നിഷിദ്ധമാക്കപ്പെടുന്നതാണ്’’ (നസാഈ).

സുന്നത്തുകൾ ധാരാളമായി നിർവഹിക്കുക

നിർബന്ധമായ കാര്യങ്ങൾക്ക് പ്രധാന്യം നൽകുന്നതോടൊപ്പം സുന്നത്തുകൾ ധാരാളമായി നിർവഹിച്ച് റബ്ബിലേക്ക് അടുക്കുവാൻ വിശ്വാസികൾ ശ്രമിക്കേണ്ടതുണ്ട്.

അബൂഹുറയ്‌റ(റ) നിവേദനം; അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “അല്ലാഹു പറഞ്ഞു: ‘ഞാൻ എന്റെ ദാസന് നിർബന്ധമാക്കിയ കാര്യങ്ങളെക്കാൾ എനിക്കിഷ്ടപ്പെട്ട മറ്റൊന്നു കൊണ്ടും അവൻ എന്നിലേക്ക് അടുത്തിട്ടില്ല. എന്റെ ഇഷ്ടത്തിനർഹനായിത്തീരുവോളം എന്റെ ദാസൻ ഐഛികമായ പുണ്യകർമങ്ങൾ വഴി എന്നിലേക്ക് അടുത്തുകൊണ്ടിരിക്കും.’’

അംറുബ്‌നുൽ ജുഹനി(റ) നിവേദനം: “ഒരാൾ നബി ﷺ ക്കരികിൽ വന്ന് പറയുകയുണ്ടായി: ‘അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലായെന്നും താങ്കൾ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുകയും അഞ്ചുനേരത്തെ നമസ്‌കാരം ഞാൻ നിർവഹിക്കുകയും സകാത്ത് നൽകുകയും റമദാനിൽ നോമ്പനുഷ്ഠിക്കുകയും അത് കൃത്യമായി നിലനിർത്തുകയും ചെയ്താൽ ഞാൻ ആരിൽ പെട്ടവനായിരിക്കുമെന്നാണ് താങ്കൾ പറയുന്നത്?’ അപ്പോൾ നബി ﷺ പറഞ്ഞു: ‘സത്യസന്ധരിലും രക്തസാക്ഷികളിലുമായിരിക്കും’’ (ബസ്സാർ, ഇബ്‌നു ഹിബ്ബാൻ. അൽബാനി സ്വഹീഹാണെന്ന് പ്രസ്താവിച്ചത്).

അഞ്ചുനേരത്തെ നമസ്‌കാരം സംഘമായി നിർവഹിക്കുക

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ൽനിന്ന് നിവേദനം; പ്രവാചകൻ ﷺ പറയുകയുണ്ടായി: “ജമാഅത്തായു ള്ള നമസ്‌കാരം ഒറ്റക്കുള്ള നമസ്‌കാരത്തെക്കാൾ ഇരുപത്തിയേഴിരട്ടി പദവിയു(പ്രതിഫലം)ള്ളതാണ്’’(ബുഖാരി).

അബുൽ അഹ്‌വസ്വി(റ)ൽനിന്ന് നിവേദനം: “മുസ്‌ലിമായി നാളെ ആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ നമസ്‌കാരത്തിന് വേണ്ടി വിളിക്കുന്ന സ്ഥലത്ത് പോയി ഈ നമസ്‌കാരങ്ങളെ അവൻ സംരക്ഷി(നിർവഹി)ക്കട്ടെ. കാരണം അല്ലാഹു നിങ്ങളുടെ പ്രവാചകന് സന്മാർഗ ചര്യ നിയമമാക്കിയിരിക്കുന്നു. അത് (നമസ്‌കാരം അതിനുവേണ്ടി വിളിക്കുന്ന സ്ഥലങ്ങളിൽ നിർവഹിക്കുകയെന്നത്) സന്മാർഗ ചര്യയിൽ പെട്ടതാണ്. നമസ്‌കാരത്തെതൊട്ട് പിന്തുന്നവർ വീട്ടിൽനിന്ന് നമസ്‌കരിക്കുന്നത് പോലെ നിങ്ങൾ നിങ്ങളുടെ വീട്ടിൽവച്ച് നമസ്‌കരിക്കുകയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ പ്രവാചകന്റെ ചര്യ ഉപേക്ഷിച്ചിരിക്കുന്നു. നിങ്ങളുടെ പ്രവാചകന്റെ ചര്യ നിങ്ങൾ ഉപേക്ഷിച്ചാൽ നിങ്ങൾ വഴികേടിലാകുന്നതാണ്. ആരെങ്കിലും നല്ല രൂപത്തിൽ വുദൂഅ് ചെയ്തുകൊണ്ട് അല്ലാഹുവിന്റെ പള്ളികളിൽ ഏതെങ്കിലും ഒരു പള്ളിയിലേക്ക് പോവുകയാണെങ്കിൽ ഓരോ കാലടിക്കും ഓരോ നന്മ രേഖപ്പെടുത്തുകയും ഓരോ പദവി ഉയർത്തുകയും ഓരോ പാപം മായ്ച്ച് കളയുകയും ചെയ്യുന്നതാണ്. കാപട്യം അറിയപ്പെട്ട കപടവിശ്വാസിയല്ലാതെ ഒരാളും നമസ്‌കാരത്തിൽനിന്ന് പിന്തിനിൽക്കുന്നതായി ഞങ്ങൾ കാണാറില്ല.ചിലപ്പോൾ ഒരാൾ രണ്ടാളുകളുടെ ചുമലിൽ കൈവച്ചുകൊണ്ടെങ്കിലും വന്നുകൊണ്ട് നമസ്‌കാരത്തിന്റെ അണിയിൽ നിൽക്കാറുണ്ടായിരുന്നു’’ (മുസ്‌ലിം).

സൂര്യൻ ഉദിക്കുന്നതുവരെ പള്ളിയിലിരിക്കൽ

അനസ്(റ) നിവേദനം; നബി ﷺ പറഞ്ഞു: “ആരെങ്കിലും സംഘമായി (ജമാഅത്തായി) ഫജ്ർ (സുബ്ഹി) നമസ്‌കരിക്കുകയും ശേഷം സൂര്യനുദിക്കുന്നതുവരെ അല്ലാഹുവിനെ സ്മരിച്ച് അവിടെ ഇരിക്കുകയും ശേഷം രണ്ടു റകഅത്ത് നമസ്‌കരിക്കുകയും ചെയ്താൽ അവന് പരിപൂർണമായ ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം പോലെയുള്ള പ്രതിഫലം ലഭിക്കുന്നതാണ്’’ (തിർമിദി. അൽബാനി സ്വഹീഹാണെന്ന് പ്രസ്താവിച്ചത്).

ഇത് എല്ലാവർക്കും എന്നും കഴിഞ്ഞു കൊള്ളണമെന്നില്ല. അതിരാവിലെ ജോലിക്കോ കച്ചവട സ്ഥാപനങ്ങളിലേക്കോ ഒന്നും പോകാനില്ലാത്തവർ ഈ വമ്പിച്ച പുണ്യം നേടിയെടുക്കാൻ പരിശ്രമിക്കണം.

നബി ﷺ യുടെ പേരിൽ അധികമായി സ്വലാത്ത് ചൊല്ലുക

“തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബി ﷺ യുടെ പേരിൽ സ്വലാത്ത്(കാരുണ്യം കാണിക്കുന്നു) ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്ത് (അല്ലാഹുവിന്റെ കാരുണ്യവും ശാന്തിയുമുണ്ടാവാൻ പ്രാർഥിക്കുക) ചൊല്ലുക’’’(33:56).

അബൂഹുറയ്‌റ(റ) നിവേദനം. നബി ﷺ പറഞ്ഞു: “ആരെങ്കിലും എന്റെ പേരിൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന്റെ പേരിൽ പത്ത് സ്വലാത്ത് ചൊല്ലുന്നതാണ്’’ (മുസ്‌ലിം).

ജനങ്ങളെ ഉപദ്രവിക്കാതിരിക്കുക

നബി ﷺ പറഞ്ഞു: “യഥാർഥ മുസ്‌ലിമെന്നാൽ മറ്റു മുസ്‌ലിംകൾ അവന്റെ നാവിൽനിന്നും കയ്യിൽ നിന്നും സുരക്ഷിതരായവനാകുന്നു’’ (മുസ്‌ലിം).

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തന്റെ അയൽവാസിയെ ഉപദ്രവിക്കാതിരിക്കട്ടെ’’ (മുസ്‌ലിം).

സൃഷ്ടികളോട് കരുണ കാണിക്കുക

അബ്ദുല്ലാഹിബ്‌നു അംറി(റ)ൽനിന്ന് നിവേദനം; നബി ﷺ പറയുന്നു: “കരുണ കാണിക്കുന്നവരോട് പരമകാരുണികനും കാരുണ്യം കാണിക്കുന്നതാണ്. ആയതിനാൽ ഭൂമിയിലുള്ളവരോട് നിങ്ങൾ കാരുണ്യം കാണിക്കുക. എങ്കിൽ ആകാശത്തുള്ളവൻ നിങ്ങളോടും കാരുണ്യം കാണിക്കുന്നതാണ്’’ (തിർമിദി).

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ പറഞ്ഞു: “ആരെങ്കിലും ഒരു വിശ്വാസിയുടെ ഐഹിക പ്രയാസം നീക്കികൊടുക്കുകയാണെങ്കിൽ അവസാന നാളിലെ അവന്റെ പ്രയാസങ്ങളിൽ ഒരു പ്രയാസത്തെ അല്ലാഹു നീക്കിക്കൊടുക്കുന്നതാണ്’’ (മുസ്‌ലിം).

നിഷിദ്ധമായതിലേക്ക് നോക്കാതിരിക്കുക

ഹറാമിലേക്കുള്ള നോട്ടം ഒരു കാലത്തും അനുവദനീയമല്ല. നോമ്പനുഷ്ഠിക്കുന്നവനായിരിക്കെ നിഷിദ്ധമായതിലേക്ക് നോക്കിയാൽ അത് നോമ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല. അല്ലാഹു പറയുന്നു:

“(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനി കളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും നീ പറയുക’’ (24:30,31).

മിതത്വം പാലിക്കുക

റമദാൻ സൽകർമങ്ങൾ ചെയ്തു പുണ്യങ്ങൾ ശേഖരിക്കുവാനുള്ള അവസരമാണ്. അതല്ലാതെ ഭക്ഷണപാനീയങ്ങളിലും മറ്റും ദുർവ്യയം ചെയ്യുവാനുള്ളതല്ല. അല്ലാഹു പറയുന്നു:

“നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്. ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല’’ (7:31).

പശ്ചാത്താപവും പാപമോചനതേട്ടവും അധികരിപ്പിക്കുക

“സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ (24:31).

“നിങ്ങൾ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (73:20).

നബി ﷺ പറഞ്ഞു: “ഓ, ജനങ്ങളേ! നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. ഒരുദിവസം ഞാൻ നൂറ് പ്രാവശ്യം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു’’ (മുസ്‌ലിം).

ആസന്നമായ വിശുദ്ധ റമദാനിൽ പ്രമാണബദ്ധമായി പരമാവധി പുണ്യങ്ങൾ ചെയ്ത്, പാപങ്ങളെല്ലാം കഴുകിക്കളഞ്ഞ് നിർമല മനസ്സുമായി റമദാനിനെ യാത്രയാക്കാൻ അല്ലാഹു നമുക്കേവർക്കും അനുഗ്രഹം നൽകുമാറാവട്ടെ, ആമീൻ

(അവലംബം: ‘മഫാതീഹുൽ ഖൈറി ഫീ റമദാൻ’ എന്ന ലഘുലേഖ).