ശരീഅത്ത് തിരുത്തണമെന്നോ?

ടി.കെ അശ്‌റഫ്

2023 ഏപ്രിൽ 15, 1444 റമദാൻ 24

മനുഷ്യനിര്‍മിത ദര്‍ശനങ്ങള്‍ക്കെല്ലാം പരിമിതികളുണ്ട്. നിലനില്‍ക്കുന്ന കാലത്തിന്റെയും സാഹചര്യങ്ങളുടെയും തടവിലാണ് ഓരോ ആശയവും. മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിന് മാത്രമെ കുറ്റമറ്റ നിയമങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിയൂ. ഇസ്‌ലാമിക ശരീഅത്തിന്റെ ആധാരശിലയും അത് തന്നെയാണ്. തങ്ങളുടെ ബുദ്ധിയും ദുഷ്ടലാക്കും കൈമുതലാക്കി അത് തിരുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍, അത് മിഥ്യാസ്വപ്‌നമാണെന്നതിന് കാലം സാക്ഷിയാണ്.

ശരീഅത്ത് തിരുത്തണമെന്നോ?; അനന്തരാവകാശ വിവാദം: ഇസ്‌ലാമിന് പറയാനുള്ളത്’ എന്ന വിഷയത്തിലുള്ള സെമിനാറിലാണ് നാമുള്ളത്. എന്റെ സംസാരത്തിനു മുമ്പ് നിങ്ങൾ ഒരു മീഡിയ പ്രവർത്തകന്റെ-ക്ലിപ്പ്-കാണുകയുണ്ടായി. കാസർകോട്ടെ ഒരു വ്യക്തിയുമായി ബന്ധപ്പെട്ടുകൊണ്ട് അനന്തരാവകാശത്തിന്റെ വിഷയത്തിൽ ഉയർന്നുവന്ന ചർച്ചയുടെ ക്ലിപ്പാണത്. അദ്ദേഹം അതിൽ ചോദിക്കുന്നത്, ഇസ്‌ലാമിക ശരീഅത്ത് തിരുത്തുന്നതുമായി ബന്ധപ്പെട്ട അവസ്ഥയിലേക്ക് ഈ ചർച്ച പുരോഗമിക്കുമോ, അതിന് മതപണ്ഡിതൻമാർ സമ്മതിക്കുമോ എന്നൊക്കെയാണ്. ഇങ്ങനെയൊരു ചോദ്യം സമൂഹത്തിൽനിന്നുയുരുമ്പോൾ ആ ചോദ്യത്തോട് പ്രതികരിക്കൽ അനിവാര്യമാണ്.

ഇസ്‌ലാമിലെ അനന്തരാവകാശവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചർച്ചക്ക് ഇങ്ങനെ ഒരു സംഭവത്തിന് കാത്തിരിക്കുക എന്ന രീതിയല്ല വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനെ സംബന്ധിച്ചും അതിന്റെ പ്രവർത്തകരെ സംബന്ധിച്ചുമുള്ളത്. ഈ വേദിയിലിരിക്കുന്ന ഇതിന്റെ ആങ്കർ, വിസ്ഡം യൂത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറികൂടിയായ ടി.കെ നിഷാദ് സലഫിയും നൂറുൽഹഖ് ആമയൂരും കൂടി അനന്തരാവകാശ നിയമവുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം പേജുകളുള്ള ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഏത് സാധാരണക്കാരനും വായിച്ച് മനസ്സിലാക്കാൻ കഴിയുന്ന, സംശയം തിർക്കാൻ സാധിക്കുന്ന ഒരു ഗ്രന്ഥമാണത്. അതുപോലെ തന്നെ ഈ വേദിയിലിരിക്കുന്ന, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പണ്ഡിത സമിതിയുടെ ജോയിന്റ് കൺവീനർ കൂടിയായ ശബീബ് സ്വലാഹിയും ഈ വിഷയത്തിൽ വളരെ ഗഹനമായ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അത് വിസ്ഡം ബുക്‌സ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മീഡിയാ പ്രവർത്തകരടക്കം ധാരാളം ആളുകൾ ഈ വിഷയം വിവാദമായ സമയത്ത് അതിന്റെ ഒരു കോപ്പി കിട്ടുമോ എന്ന് എന്നെ വിളിച്ച് ചോദിച്ചിട്ടുണ്ട്.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിഷയങ്ങൾ പഠിപ്പിക്കാൻ ഒരു വിവാദത്തിന് കാത്ത് നിൽക്കുന്ന നയമല്ല സ്വീകരിച്ചുവരുന്നത് എന്ന കാര്യം അതിന്റെ പ്രബോധന സരണി എടുത്ത് പരിശോധിച്ച് നോക്കിയാൽ മനസ്സിലാകും. ലേഖനങ്ങളിലൂടെയും ഗ്രന്ഥരചനയിലൂടെയും പ്രഭാഷണങ്ങളിലൂടെയും സ്ക്വാഡ് വർക്കുകളിലൂടെയും വിവിധങ്ങളായ പ്രോഗ്രാമുകൾ നടത്തിയും വ്യക്തികളുമായുള്ള സംഭാഷണങ്ങളിലൂടെയുമെല്ലാം ഇസ്‌ലാമിക ശരീഅത്തിന്റെ സാർവ ലൗകികതയും നിത്യപ്രസക്തിയും അജയ്യതയും ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നിതിൽ ഈ കൂട്ടായ്മ ബദ്ധശ്രദ്ധമാണ്.

എന്തുകൊണ്ട് ഇങ്ങനെയൊരു പ്രോഗ്രാം? ഒരു സുപ്രഭാതത്തിൽ ‘ഞാൻ എന്റെ ഭാര്യയെ രണ്ടാമതും വിവാഹം കഴിക്കുന്നു, അത് എന്റെ സ്വത്ത് പെൺമക്കൾക്ക് മാത്രം ഉറപ്പ് വരുത്താൻ വേണ്ടിയാണ്’എന്ന് മാത്രം ഒരാൾ പറഞ്ഞ് പോകുകയാണെങ്കിൽ അത് ഒരു വിഷയമല്ല. അതിനെ വലിയൊരു വിഷയമായെടുത്ത് പിന്നിൽ കൂടുക എന്നത് ഏറെ ഉത്തരവാദിത്തങ്ങളുമായി മുന്നോട്ടു പോകുന്ന നമ്മുടെ കൂട്ടായ്മയുടെ പണിയല്ല. എന്നാൽ ഇസ്‌ലാമിക ശരീഅത്തിനെയും അനന്തരാവകാശ നിയമങ്ങളെയും പഴിപറയുകകൂടി ചെയ്യുമ്പോൾ മൗനം പാലിക്കാനാകില്ല. മീഡിയകൾ വൈകുന്നേരം ഇത് ചർച്ചയാക്കുന്നു. അത് കത്തിപ്പടരുന്നു. സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുന്നു. അങ്ങനെ അത് വികസിച്ച് വൻ വാർത്തയായി മാറുന്നു. ഈ ചർച്ചകളിൽ ഇവിടെയുള്ള പണ്ഡിതൻമാരെയോ പ്രബോധകൻമാരെയോ പങ്കെടുപ്പിക്കുവാൻ ചാനലുകാർ വൈമനസ്യം കാണിച്ചത് ഓർക്കുക.

ഇതിന്റെ മർമത്തെ സംബന്ധിച്ച് അറിയാത്ത ഒരു വിഭാഗം മുസ്‌ലിം കമ്യൂണിറ്റിയിലുണ്ട്. അതുപോലെ പൊതുസമൂഹത്തിലുണ്ട്. അവരൊക്കെ ഇങ്ങനെ ഒരു വിഷയത്തെ സംബന്ധിച്ച് ഒരു പുസ്തകം ലഭിക്കുമോ എന്ന് ചോദിച്ചുകൊണ്ടിരിക്കുന്നു. അതുപോലെതന്നെ പൊതു, രാഷ്ട്രീയ പ്രവർത്തകൻമാർ ചോദിച്ച് കൊണ്ടിരിക്കുന്നു. ദാഹിക്കുമ്പോഴാണ് ആളുകൾക്ക് വെള്ളം കൊടുക്കേണ്ടത്. മരുഭൂമിയിൽ വെള്ളത്തിന് പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാൾക്ക് ആ സമയത്ത് കൊടുക്കുന്ന വെള്ളവും അയാൾ അയാളുടെ വീട്ടിലിരിക്കെ അയാൾക്ക് വെള്ളം അത്ര അത്യാവശ്യമല്ലാത്ത സമയത്ത് കൊടുക്കുന്ന വെള്ളവും അത് വാങ്ങി കുടിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ആവശ്യമുള്ള സമയത്ത് കൊടുക്കുമ്പോൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയും. ഇങ്ങനെയൊരു പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത് അനിവാര്യമായ സമയം കൂടി കണക്കിലെടുത്താണ്.

വിവാദത്തിന് കാരണക്കാരനായ വ്യക്തിക്ക് പോലീസ് പ്രൊട്ടക്ഷൻ കൊടുത്തിട്ടുണ്ട് എന്നൊരു പത്രവാർത്ത കാണാനിടയായി. എന്താണ് ഇതിലൂടെയൊക്കെ ഇവർ ലക്ഷ്യമാക്കുന്നത്? ശരീഅത്തിനെതിരെ ആരെങ്കിലും സംസാരിച്ചാൽ അയാളെ ദേഹോപദ്രവം ചെയ്യാനും ഇല്ലായ്മ ചെയ്യാനും ഇവിടെ മുസ്‌ലിംകൾ ഒരുങ്ങി നിൽക്കുകയാണ്, അവർ വികാര ജീവികളാണ് എന്ന ഒരു പൊതുബോധം ഉണ്ടാക്കിയെടുക്കലാണ് ഇതിന്റെയൊക്കെ ലക്ഷ്യം. വിവേകമുള്ള ഒരു മുസ്‌ലിമും അതിന് മുതിരുകയില്ല. കാരണം അത് ഇസ്‌ലാമിന്റെ മാർഗമല്ല.

വിമർശനങ്ങളെ ആശയപരമായിത്തന്നെ ചെറുത്തു തോൽപിക്കാൻ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം യാതൊരു പ്രയാസവുമില്ല. ശരീഅത്ത് എന്ന വാക്ക് കേൾക്കുന്നതോടുകൂടി ഇസ്‌ലാമിന്റെ പുറത്ത് നിൽക്കുന്ന പലരുടെയും മനസ്സിൽ ഓടിയെത്തുക വിവാഹം, വിവാഹ മോചനം പോലുള്ള വാക്കുകളാണ്. ഇസ്‌ലാം എന്നാൽ വിവാഹത്തിന്റെയും വിവാഹ മോചനത്തിന്റെയും മാത്രം മതമാണ് എന്നാണ് അവർ ധരിച്ചുവച്ചിരിക്കുന്നത്. അത് മാത്രമല്ല ശരീഅത്ത്. അത് ശരീഅത്തിന്റെ ഭാഗം മാത്രമാണ്. ഇസ്‌ലാമിക നിയമങ്ങൾ വ്യക്തി എങ്ങനെ അവന്റെ ആരാധനാനുഷ്ഠാനങ്ങൾ ചിട്ടപ്പെടുത്തി മുന്നോട്ട് പോകണം എന്ന് പഠിപ്പിക്കുന്നു. ഓരോന്നിനും കൃത്യമായ നിയമങ്ങളും നിർദേശങ്ങുമുണ്ട്; കർമശാസ്ത്രമുണ്ട്.

ഇസ്‌ലാമിൽ കെട്ടലും തീർക്കലും മാത്രമേയുള്ളൂ എന്ന തരത്തിലാണ് പൊതുബോധം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമിന് വിവാദങ്ങൾ ഒരിക്കലും ഒരു പുത്തരിയല്ല. ഇസ്‌ലാം ചർച്ച ചെയ്യപ്പെടുന്നത് അതൊരു മനുഷ്യജീവിതത്തിെൻറ സമഗ്രതല സ്പർശിയായ മതമായതുകൊണ്ടാണ്. ‘ഞാൻ അവനെ എയറിൽ നിറുത്തി’ എന്നൊക്കെ പലരും പറയാറുണ്ട്. നെഗറ്റീവായിക്കൊണ്ടാണ് സാധാരണയായി അങ്ങനെ പറയാറുള്ളത്. ആകെ പ്രതിസന്ധിയിലാക്കി എന്നാണുദ്ദേശ്യം. എന്നാൽ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അത് എപ്പോഴും എയറിലാണ്. അതൊരു പൊസിറ്റീവായ അർഥത്തിലാണ് ഞാൻ പറയുന്നത്. എന്താണ് അർഥം? ഇന്ന് സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു മതമുണ്ടെങ്കിൽ, വിശ്വാസമുണ്ടെങ്കിൽ, സംസ്‌കാരമുണ്ടെങ്കിൽ അത് ഇസ്‌ലാമാണ്. എന്തുകൊണ്ട്? അത് കാലാതിവർത്തിയാണ്. അത് മനുഷ്യ നിർമിതമല്ല. അത് ദൈവികമാണ്. മനുഷ്യനിർമിതമായ എത്രയോ സിദ്ധാന്തങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പക്ഷേ, അതൊക്കെ ഒരു പ്രത്യേക കാലഘട്ടത്തിൽ, ഒരു പ്രത്യേക നൂറ്റാണ്ടിൽ മാത്രം ചർച്ചയാവുകയും പിന്നീട് കോൾഡ് സ്‌റ്റോറേജിലേക്ക് മാറ്റപ്പെടുകയുമാണ് ചെയ്തിട്ടുള്ളത്. ഇസ്‌ലാം അങ്ങനെയല്ല, അത് നിരന്തരമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് ജനങ്ങളുടെ ജീവിതവുമായി സംവദിക്കുന്ന, ജീവനുള്ള ഒരു ദർശനമായതുകൊണ്ടാണ് എപ്പോഴും ചർച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. വിമർശിക്കപ്പെടുന്ന വിഷയങ്ങളിൽ വ്യക്തത നൽകാൻ കഴിയില്ലെങ്കിലേ വിമർശനങ്ങളെ ഭയക്കേണ്ടതുള്ളൂ. ഇസ്‌ലാമിന് അങ്ങനെയൊരു ഭയമില്ല. ഏത് വിമർശനത്തിനും കൃത്യമായ മറുപടി ഇസ്‌ലാമിക പ്രമാണങ്ങളിലുണ്ട്.

ഇതിലും വലിയ ആളുകൾ ശരീഅത്തിനെ ചോദ്യം ചെയ്യാൻ കടന്നുവന്നിട്ടും അവരുടെ മുന്നിൽ ഉജ്വലമായി ഇസ്‌ലാമിന്റെ ഏതൊരു വിഷയത്തെയും കൃത്യമായി അവതരിപ്പിച്ച ചരിത്രമാണ് മുൻഗാമികൾക്കുള്ളത്. അന്ന് ഉയർന്നുവന്ന ആരോപണങ്ങളുടെ പകർപ്പുകൾ മാത്രമാണ് ഇന്നും ഉന്നയിക്കപ്പടുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ ഇസ്‌ലാമിക പ്രബോധകൻമാർക്കും അന്നത്തെ പണ്ഡിതൻമാർ നൽകിയ മറുപടിയിൽ തന്നെ ഊന്നിനിന്നുകൊണ്ട് ഈ വിവാദങ്ങളോട് പ്രതികരിക്കാൻ സാധിക്കും.

ഇസ്‌ലാമിനെ ആരെങ്കിലും വിമർശിക്കുമ്പോഴേക്കും അതാകെ ഇല്ലാതായിപ്പോകുമെന്ന് ആരും വിചാരിക്കേണ്ടതില്ല. കാരണം, ഇതിന്റെ സംരക്ഷണം നിർവഹിക്കുന്നത് ഇവിടെയുള്ള ഏതെങ്കിലും മുസ്‌ലിം സംഘടനകളോ പ്രബോധകൻമാരോ വിശ്വാസി സമൂഹമോ അല്ല. മുമ്പുള്ള വേദഗ്രന്ഥങ്ങളുടെ സംരക്ഷണച്ചുമതല, അതാത് സമുദായങ്ങളെ തന്നെയാണ് ഏൽപിച്ചിരുന്നത്. എന്നാൽ വിശുദ്ധ ക്വുർആനിന്റെ സംരക്ഷണച്ചുമതല അല്ലാഹുതന്നെ ഏറ്റിരിക്കുകയാണ്. “തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’’(ക്വുർആൻ 15:9).

ഇതിന്റെ പ്രകാശത്തെ ആര് ഊതിക്കെടുത്താൻ ശ്രമിച്ചാലും അത് വിജയിക്കില്ല. “അവർ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികൾക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂർത്തിയാക്കുന്നവനാകുന്നു’’ (61:8) എന്നത് അല്ലാഹു വിശുദ്ധ ക്വുർആനിലൂടെ ഓർമപ്പെടുത്തിയ കാര്യമുകുന്നു. അതുകൊണ്ട് വിശ്വാസിയെ സംബന്ധിച്ച് ഒരു അസ്വസ്ഥതയും ഇതിലില്ല.

ഇനി പ്രവാചകൻമാർ വരാനില്ല. അതുകൊണ്ട് ആശയക്കുഴപ്പങ്ങളുണ്ടാകുമ്പോൾ അത് തീർക്കുക എന്നത് പ്രബോധകൻമാരുടെ ഉത്തരവാദിത്തമാണ്. ആ ബാധ്യത നമ്മൾ നിർവഹിക്കുന്നു. പരലോകത്ത് നമ്മൾ കുറ്റത്തിൽനിന്ന് ഒഴിവാകാൻ വേണ്ടിയാണത്. അതല്ലാതെ, നമ്മൾ സംരക്ഷിച്ചിട്ടില്ലെങ്കിൽ ഇസ്‌ലാം തകർന്നുപോകുമെന്ന വിചാരം കൊണ്ടല്ല.

വിമർശകരെ ഇസ്‌ലാം ഭയപ്പെടുന്നില്ല. പല വിമർശകരും വിശ്വാസികളായി മാറിയ ചരിത്രമാണ് ഇസ്‌ലാമിനുള്ളത്. ഉമർ(റ), അബൂസുഫ്‌യാൻ(റ), ഖാലിദ് ബിൻ വലീദ്(റ) പോലെയുള്ളവർ ഇസ്‌ലാമിന്റെ ശത്രുപക്ഷത്ത് അടിയുറച്ചു നിന്ന് പോരാടുകയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഇല്ലായ്മ ചെയ്യാൻ വേണ്ടി പരിശ്രമിക്കുകയും ചെയ്തവരാണ്. എന്നാൽ പിന്നീട് ഇസ്‌ലാമിന്റെ മുന്നണിപ്പോരാളികളായി അവർ മാറിയതാണ് ചരിത്രം. ആധുനിക കാലഘട്ടത്തിലും ഇസ്‌ലാമിനെ വിമർശിക്കാൻ വേണ്ടി പേനയെടുത്തവർ, അതിനെ കുറ്റം പറയാൻ വേണ്ടി നാവ് ചലിപ്പിച്ചവർ പലരും അവസാനം ഇസ്‌ലാമിലേക്ക് കടന്നുവന്നിട്ടുണ്ട്. ലോകരാജ്യങ്ങളിൽ ഇതിന് എമ്പാടും ഉദാഹരണങ്ങളുണ്ട്.

കേരള നദ്‌വത്തുൽ മുജാഹിദീന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു ഡോ. ഉസ്മാൻ സാഹിബ്. (അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുമാറകട്ടെ). അദ്ദേഹം കുറെ കാലം നിരീശ്വരവാദത്തിന്റെയും യുക്തിവാദത്തിന്റെയും ഒരു പ്രചാരകനായിരുന്നു. അതിനായി മുന്നിൽ നിന്ന് നാടകം രചിച്ചു, ഗ്രന്ഥരചന നടത്തി. ദൈവം ഇല്ല എന്ന് സ്ഥാപിക്കാൻ വേണ്ടി സമയം ചെലവഴിച്ചു. ഇസ്‌ലാമിനെതിരിൽ സംസാരിക്കാൻ, വിശുദ്ധ ക്വുർആനിനെ വിമർശിക്കാൻ വേണ്ടി അദ്ദേഹം ക്വുർആൻ പഠിക്കാൻ തയ്യാറായി.

ആ പഠനം അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് നയിച്ചു. ക്വുർആനിന്റെ അനുയായിയാകാൻ പഠനം അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹം ഇസ്‌ലാമിന്റെ വിഷയങ്ങൾ അഗാധമായി മനസ്സിലാക്കി. താമസിയാതെ കേരളത്തിൽ ഇസ്‌ലാമിക പ്രബോധക പ്രവർത്തനത്തിന്റെ, തൗഹീദീ പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറി. തന്റെ ശിഷ്ടകാലം ഏറ്റവും നന്നായി ഇസ്‌ലാമിക പ്രബോധനം നടത്തിയും അതിന് നേതൃത്വം നൽകിയും അദ്ദേഹം കഴിച്ചുകൂട്ടി.

പൊതുസമൂഹത്തിൽ ഇസ്‌ലാമിനെക്കുറിച്ചുള്ള അജ്ഞത വളരെ വ്യാപകമാണ്. 1996ൽ തൃശൂർ ശക്തൻ തമ്പുരാൻ മൈതാനിയിൽ എംഎസ്എമ്മിന്റെ സംസ്ഥാന സമ്മേളനം നടന്നു. ആ വലിയ സദസ്സിന് മുന്നിൽ ഒരു ജില്ലാ കലക്ടർ പ്രസംഗിക്കുകയുണ്ടായി. ‘ഞാൻ ഇസ്‌ലാമിനെ പറ്റി ധാരാളം പഠിച്ചിട്ടുണ്ട്, വായിച്ചിട്ടുണ്ട്, മനസ്സിലാക്കിയിട്ടുണ്ട്’എന്നു പറഞ്ഞ അദ്ദേഹം, അഞ്ചുതവണ പള്ളിയുടെ മിനാരങ്ങളിൽ നിന്ന് അല്ലാഹു അക്ബർ എന്ന് പറയുന്നത് മഹാനായ അക്ബർ ചക്രവർത്തിയെക്കുറിച്ചാണ് എന്ന് അഭിപ്രായപ്പെടുകയുണ്ടായി ! അന്നേരം സദസ്സിലുണ്ടായിരുന്ന എല്ലാരും ചിരിച്ചു. ഒട്ടുമിക്ക കാര്യങ്ങളെ സംബന്ധിച്ചും ധാരണയുള്ളവരാണ് ഐഎഎസുകാരും ഐപിഎസുകാരും എന്നാണ് വയ്പ്. എന്നാൽ മുസ്‌ലിംകൾ അല്ലാഹു അക്ബർ എന്ന് പറയുന്നത് ഈ ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന സ്രഷ്ടാവിനെക്കുറിച്ചാണെന്നും മുഗൾ ചക്രവർത്തിയായ അക്ബറുമായി അതിന് യാതൊരു ബന്ധവുമില്ലെന്നുമുള്ള അറിവ് ഈ ജില്ലാ കലക്ടർക്കില്ലാതെ പോയി! അക്ബർ ചക്രവർത്തിയുടെ പേരാണ് പള്ളികളിൽനിന്ന് വിളിച്ചുപറയുന്നത് എന്നാണ് അദ്ദേഹം മനസ്സിലാക്കിവച്ചിരിക്കുന്നത്. അറിവുള്ളവർ പോലും ഇസ്‌ലാമിനെ കുറിച്ച് തെറ്റായ ധാരണകൾ വച്ചുപുലർത്തുന്നു എന്നതിന് തെളിവാണിത്.

മുഹമ്മദ് നബി ﷺ സ്ഥാപിച്ച മതമാണ് ഇസ്‌ലാം എന്ന് ധരിച്ചവരും ഏറെയുണ്ട്. വാസ്തവത്തിൽ മുഹമ്മദ് നബി ﷺ ഇസ്‌ലാംമത സ്ഥാപകനല്ല. ഇസ്‌ലാം സ്രഷ്ടാവിന്റെ മതമാണ്. നബി ﷺ അല്ലാഹു നിയോഗിച്ച, അവന്റെ പ്രവാചകനാണ്. ഇസ്‌ലാം മതത്തിന്റെ പ്രബോധകനും പ്രചാരകനുമാണ്.

ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രമുഖ നേതാവ് ചാനൽ ചർച്ചയിൽ നൗഫൽ ബിൻ യൂനുസ് എന്ന മീഡിയ പ്രവർത്തകനെക്കുറിച്ച് നൗഫൽ ബിൻ ലാദനാണോ എന്ന് ചോദിച്ചത് വളരെയധികം ചർച്ച ചെയ്യപ്പെടുകയുണ്ടായി. വിവാദമായപ്പോൾ അദ്ദേഹം അതിനു നൽകിയ വിശദീകരണം ‘എല്ലാ മുസ്‌ലിം പേരിലും അത് കാണാറില്ല. ചില പേരുകളിൽ കാണാം. അതെന്താണെന്ന് എനിക്കറിയില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞുപോയത്. പിന്നെ അന്വേഷിച്ചപ്പോൾ മനസ്സിലായി; ഇന്നയാളുടെ മകനാണ് എന്ന് സൂചിപ്പിക്കാനാണ് അങ്ങനെ ഉപയോഗിക്കുന്നത്’ എന്നായിരുന്നു.

രാഷ്ട്രീയ രംഗത്ത് ഉന്നത സ്ഥാനമുള്ളവരും മുസ്‌ലിംകൾക്കിടയിൽ ജീവിക്കുന്ന ആളുകൾ പോലും ബിൻ എന്ന് കേൾക്കുമ്പോഴേക്കും ബിൻലാദനാണോ എന്ന് ചോദിക്കുന്ന അവസ്ഥ ചിന്തനീയമായ വിഷയമാണ്. ചിലർ അറിവില്ലായ്മ കൊണ്ട് ചോദിക്കുന്നവരാണ്. എന്നാൽ വേറെ ചിലർ അങ്ങനെയല്ല. അവരുടെ മനസ്സിലെ വെറുപ്പിന്റെ ബഹിർസ്ഫുരണമാണത്.

ഇരകളിൽ നിന്നുതന്നെ കോടാലികൾക്ക് പിടികളുണ്ടാക്കുമ്പോൾ കുറച്ചുകൂടി നമ്മൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാസർകോടുകാരനായ വക്കീൽ ശരീഅത്തുമായി ബന്ധപ്പെട്ട വിഷയം മാധ്യമങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുമ്പോൾ ‘എന്നെ നിങ്ങൾ മതത്തിന്റെ പുറത്തേക്ക് കൊണ്ടുപോകരുത്. ഞാനിപ്പോൾ പള്ളിയിൽ പോയി നിസ്‌കരിച്ച് വരികയാണ്’ എന്ന് പ്രത്യേകം പറയുന്നത് കാണാനായി! എന്തിനായിരുന്നു അത്? ഇസ്‌ലാമിന് പുറത്തുള്ള ഒരാൾ ഇസ്‌ലാമിക ശരീഅത്തിനെ സംബന്ധിച്ച് വിമർശിക്കുമ്പോൾ അതിന്, ജനങ്ങൾക്കിടയിൽ സ്വീകാര്യത കിട്ടിക്കൊള്ളണമെന്നില്ല. എന്നാൽ ഞാൻ മുസ്‌ലിമാണ്, ഇസ്‌ലാമിക കർമങ്ങൾ പ്രാക്ടീസ് ചെയ്യുന്ന ആളാണ് എന്ന് സ്ഥാപിച്ചുകൊണ്ട് പറയുമ്പോൾ അതിന് കൂടുതൽ മൈലേജ് കിട്ടും. മാധ്യമങ്ങളിൽ ഇടം ലഭിക്കും.

തനിക്ക് ആൺമക്കളില്ലാത്തതിനാൽ തന്റെ മരണശേഷം തന്റെ സ്വത്തിൽനിന്ന് ചെറിയൊരു ഓഹരി ഇസ്‌ലാമിലെ അനന്തരാവകാശനിയമ പ്രകാരം സഹോദരങ്ങൾക്ക് ലഭിക്കുമെന്നതിനാൽ ഭാര്യയെ രണ്ടാമത് രജിസ്റ്റർ വിവാഹം ചെയ്ത് ശരീഅത്തിനെ വിമർശിച്ച വ്യക്തിക്കെതിരിൽ മുസ്‌ലിംകളാരും അക്രമാസക്തമായി പ്രതികരിച്ചിട്ടില്ല. ഇസ്‌ലാമിൽനിന്ന് പുറത്താക്കി ആരും ഫത്‌വയിറക്കിയിട്ടുമില്ല. അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവർക്കും അദ്ദേഹത്തിന്റെ വീക്ഷണമായിരിക്കാനും സാധ്യതയില്ല. ഒരുപക്ഷേ, അവരൊക്കെ ഇതിൽ വേദനിക്കുന്നുണ്ടാകും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതിന്റെ വസ്തുത അവരുടെ കുടുംബം ഉൾകൊള്ളണമെന്നാണ് നമുക്ക് പറയാനുള്ളത്.

ഇരകളിൽനിന്നുതന്നെ വേട്ടക്കാരെ പുറത്തെടുക്കുന്ന പ്രവർത്തനം ഇവിടെ നടക്കുന്നുണ്ട്. അതിന് നമ്മളാരും ഇരകളാവരുത്. വൈകുന്നേരത്തെ ചാനൽ ചർച്ചകളിൽ മുസ്‌ലിംകളെ പ്രതിനിധീകരിച്ചെന്ന പേരിൽ പങ്കെടുത്ത് ചാനലുകൾക്കനുസരിച്ച് സംസാരിക്കുന്ന ചിലരുണ്ട്. ഇത്തരക്കാർക്ക് തൽക്കാലം മീഡിയ കവറേജും കുറച്ചാളുകളുടെ സപ്പോർട്ടുമൊക്കെ കിട്ടിയേക്കാം. അതിന്റെ അനന്തരഫലം തങ്ങളെക്കൂടി ബാധിക്കുമെന്ന വസ്തുത അവർ തിരിച്ചറിയേണ്ടതുണ്ട്.

ഞാനാണ് ആദ്യം മരിക്കുക, എനിക്കു ശേഷമാണ് മക്കൾ മരിക്കുക എന്ന് തിരുമാനിച്ചുറപ്പിച്ച പോലാണ് വക്കീലിന്റെ വാക്കുകളും പ്രവർത്തനങ്ങളും. ആദ്യം മരിക്കുന്നത് മക്കളാണെങ്കിൽ എന്ത് ചെയ്യും? മരണത്തിന്റെ ഗതി അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറാമല്ലൊ.

ഇസ്‌ലാമിനെയോ ശരീഅത്തിനെയോ വെട്ടാനുള്ള കോടാലികളായി, അതിന്റെ പിടികളായി നമ്മൾ മാറാൻ പാടില്ല. ഒരു വനത്തിലേക്ക് വേട്ടക്കാരൻ പ്രവേശിച്ചു. ആ വേട്ടക്കാരന്റെ കയ്യിൽ കോടാലിയുടെ പിടിയില്ല, കഴമ്പുണ്ട്. അത് കണ്ടപ്പോൾ ചെറിയ മരങ്ങൾ വലിയ മരങ്ങളോട് ചോദിച്ചുവത്രെ: ‘അയാൾ നമ്മളെ വെട്ടുമോ?’ അപ്പോൾ വലിയ മരങ്ങൾ പറഞ്ഞു: ‘ഏയ്! പേടിക്കേണ്ട. അയാളുടെ കയ്യിൽ കോടാലിയുടെ കഴമ്പേയുള്ളൂ. പിടിയില്ല, വെട്ടുകയില്ല.’ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും അയാൾ കടന്നുവന്നു. അന്ന് പിടിയുള്ള കോടാലിയുമായിട്ടാണ് വന്നത്. അപ്പോഴും ചെറിയ കോടാലികൾ ചോദിച്ചു: ‘അദ്ദേഹം നമ്മളെ വെട്ടുമോ?’ അപ്പോൾ വലിയ മരങ്ങൾ പറഞ്ഞു: ‘ഇനി നിങ്ങൾ സൂക്ഷിക്കണം. കാരണം നമ്മുടെ കൂട്ടത്തിൽനിന്നുതന്നെ ഒരാൾ ആ കോടാലിക്ക് പിടിയായി മാറിയിരിക്കുന്നു.’

ഇങ്ങനെ കോടാലിക്ക് പിടിയായി മാറാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ തലമുറയിൽ ഗണ്യമായ ഒരു വിഭാഗം ഇസ്‌ലാമിന്റെ ബാലപാഠം പോലും പഠിക്കാൻ കഴിയാത്തവരാണ്. പണ്ടൊക്കെ കുട്ടികൾക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം ദിവസത്തിൽ രണ്ടും മൂന്നും മണിക്കൂർ കിട്ടിയിരുന്നു. അത് ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂറായി ചുരുങ്ങിയിട്ടുണ്ട്. ഭൗതിക വിദ്യാഭ്യാസത്തിലാണ് ശ്രദ്ധ മുഴുവൻ.

ലിബറലിസത്തിന്റെയും മതനിരാസത്തിന്റെയും ലോകം അവരെ മാടി വിളിക്കുകയാണ്. അവിടെ അവർക്ക് കേൾക്കാൻ കഴിയുന്നത് ഇസ്‌ലാമിനെ കരിവാരിത്തേക്കുന്ന കാര്യങ്ങളാണ്. ശരീഅത്തിനെതിരിലുള്ള വിമർശനങ്ങളാണ്. ആ കോടാലിക്ക് പിടികളായിക്കൊണ്ടിരിക്കുന്നത് സമുദായത്തിലെ ചില വ്യക്തികളാണ്.

ശരീഅത്ത് വിവാദം പൊട്ടിപ്പുറപ്പെടുന്നത് ആദ്യമായിട്ടല്ല. 1984ൽ ബോപ്പാലിൽനിന്നുള്ള 60 കാരിയായ ശാബാനു ബീഗം അവരുടെ മുൻ ഭർത്താവിൽനിന്ന് പുനർവിവാഹിതയാകുന്നതുവരെ ജീവനാംശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തി. മധ്യപ്രദേശ് ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും അവരുടെ വാദം അംഗീകരിക്കുകയും അവർക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു. അത് ഇസ്‌ലാമിക വ്യക്തി നിയമത്തിന് എതിരായ ഒരു കടന്നുകയറ്റമായിരുന്നു. അത് വലിയ ചർച്ചയായി. അന്ന് രാജീവ് ഗാന്ധിയുടെ സർക്കാറാണുള്ളത്. അങ്ങനെ അവസാനം രാജീവ് ഗാന്ധി സർക്കാർThe Muslim Women (Protection of Rights on Divorce) Act 1986 നിയമം പാസ്സാക്കി. പാർലമെന്റ് സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള നിയമം കൊണ്ടുവന്നു.

അന്ന് മലയാളക്കരയിലും ഈ വിഷയം കോടുങ്കാറ്റായി ആഞ്ഞടിച്ചു. ചില രാഷ്ട്രീയ നേതാക്കൾ ശരീഅത്തിനെതിരിൽ മോശം കമന്റ് പാസ്സാക്കുകയും അത് മുസ്‌ലിം സമൂഹത്തെ മൊത്തത്തിൽ പ്രയാസപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഒടുവിൽ വിവാദമുണ്ടാക്കിയവർ പത്തി മടക്കി. അത് അവർക്ക് വലിയ ക്ഷീണമുണ്ടാക്കി. ഒരുപാടു പേർക്ക് ശരീഅത്ത് പഠിക്കാൻ അത് കാരണമായി.

ഇസ്‌ലാമിക ശരീഅത്ത് നവീകരിച്ചുകൂടേ എന്നാണ് പലരും ചോദിക്കുന്നത്. ഇത് നവീകരിക്കാൻ കഴിയുന്ന ഒന്നല്ല. കാരണം അത് മനുഷ്യരിൽ ആരെങ്കിലും എഴുതിയുണ്ടാക്കിയതല്ല. അത് അല്ലാഹുവിന്റെ നിയമസംഹിതയാണ്. അല്ലാഹുവിന്റെ മതത്തെ നവീകരിക്കാനും തിരുത്താനും മാറ്റാനും ആർക്കുണ്ട് അവകാശം?

മനുഷ്യ നിയമങ്ങളാണെങ്കിലോ? അവ തിരുത്താം, കുഴപ്പമില്ല. കാരണമെന്താണ്? മനുഷ്യർക്ക് തെറ്റ് പറ്റും. അതുകൊണ്ട് അത് മാറ്റേണ്ടി വരും. 1950 മുതൽ 2021 വരെ നമ്മുടെ ഭരണ ഘടനയിൽതന്നെ 105 അമൻമെന്റുകളുണ്ടായിട്ടുണ്ട്. എന്തുകൊണ്ട്? ഡോ.ബി.ആർ അംബേദ്കറുടെ നേതൃത്വത്തലുള്ള സമിതി സുദീർഘമായ ചർച്ചകൾക്ക് ശേഷം രൂപീകരിച്ച ഭരണഘടനയാണ് നമ്മുടെത്. മനുഷ്യനിർമിതമായ ഏത് നിയമത്തിലും അമൻമെന്റെുകളാവശ്യമായി വരും. ഇനിയും അമൻമെന്റുകളുണ്ടാവും. തർക്കമൊന്നുമില്ല.

ഇസ്‌ലാം ദൈവികമാണ്. ക്വുർആൻ ദൈവിക വചനങ്ങളാണ്. നിരക്ഷരനായ പ്രവാചകനിലൂടെയാണ് ലോകം ഈ വിശുദ്ധ ക്വുർആൻ കേട്ടത്. ക്വുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമല്ല. എന്നാൽ അതിൽ എത്രയോ ശാസ്ത്രീയ പരാമർശങ്ങൾ കാണാം. ഒരു ഉദാഹരണം മാത്രം പറയാം:

നബി ﷺ യുടെ കാലത്ത് വൈദ്യശാസ്ത്രം പുരോഗമിച്ചിട്ടില്ല. എക്‌സ്‌റെയും സ്‌കാനിംഗുമില്ല. എന്നിട്ടും ഗർഭപാത്രത്തിൽവച്ച് ഒരു കുഞ്ഞിന്റെ വളർച്ചയുടെ ഘട്ടങ്ങളെക്കുറിച്ച് ക്വുർആൻ കൃത്യമായി പരാമർശിക്കുന്നു! അല്ലാഹു പറയുന്നു: “പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു’’ ( ക്വുർആൻ 23:13,14).

ഓരോ ഘട്ടത്തിലുമുള്ള കുഞ്ഞിന്റെ വളർച്ചയുമായി ബന്ധപ്പെട്ട് ക്വുർആൻ ഉപയോഗിച്ച പദങ്ങൾ ഏറ്റവും അനുയോജ്യവും വിസ്മയിപ്പിക്കുന്നതുമാണ്. ഒരു ഗർഭിണിയുടെ ഓരോ ആഴ്ചയിലെയും സ്‌കാനിങ്ങ് റിപ്പോർട്ട് എടുത്തുനോക്കിയാൽ അത് വ്യക്തമാകും. എഴുത്തും വായനയുമറിയാത്ത, വൈദ്യശാസ്ത്രം പഠിച്ചിട്ടില്ലാത്ത നബി ﷺ ക്ക് എങ്ങനെ ഇത്ര കൃത്യമായി ഇത് പറയാൻ കഴിഞ്ഞു? ശരീഅത്തിനെ വിമർശിക്കുന്നവർ ആലോചിക്കുക, സ്രഷ്ടാവായ അല്ലാഹുവിന്റെ കലാമാണ് ഈ വിശുദ്ധ ക്വുർആൻ. അതുകൊണ്ട് മാത്രമാണ് ഇതുപോലുള്ള കാര്യങ്ങൾ ക്വുർആനിൽ കാണാൻ സാധിക്കുന്നത്. കടലിലും കരയിലും ആകാശത്തുമൊക്കെയുള്ള ഓരോ ദൃഷ്ടാന്തങ്ങൾ ക്വുർആൻ എടുത്തു പറയുന്നത് ശ്രദ്ധിച്ചാൽ ഇത് ദൈവികമാണെന്ന് ബോധ്യപ്പെടാതിരിക്കില്ല.

അത് നിങ്ങളുടെ വിശ്വാസമല്ലേ എന്നായിരിക്കും വിമർശകർക്ക് ചോദിക്കാനുള്ളത്. അതെ, നമ്മുടെ വിശ്വാസമാണ്. എല്ലാവരും ഇത് സ്വീകരിക്കണമെന്ന് ആരാണ് ഇവിടെ നിർബന്ധിക്കുന്നത്? മതത്തിൽ ബലാൽക്കാരമില്ല. നിങ്ങൾക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം. ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം. അല്ലാത്തവർക്ക് തള്ളിക്കളയാം. ഇതാണ് ഇസ്‌ലാമിന്റെ നിലപാട്.

ഇവിടെ ഈ ആദർശമനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന വലിയൊരു സമൂഹമുണ്ട്. അവർ ജീവിക്കട്ടെ. ശരീഅത്തനുസരിച്ച് വിവാഹം നടത്തിക്കൊള്ളട്ടെ. അതനുസരിച്ച് അവരുടെ മക്കൾക്ക് സ്വത്ത് വീതിച്ച് കൊടുത്തോട്ടെ. എന്തിനാണ് അതിൽ മറ്റുള്ളവർ അസ്വസ്ഥരാകുന്നത്? ഈ അസ്വസ്ഥത നാനാത്വത്തിൽ ഏകത്വം എന്ന രാജ്യത്തിന്റെ കാഴ്ചപ്പാടിനുതന്നെ എതിരല്ലേ?

ശരീഅത്തിലെ നിയമങ്ങളോട് യോജിപ്പില്ലാത്തവർ അവരുടെ ഇഷ്ടമനുസരിച്ച് ചെയ്‌തോട്ടെ. പക്ഷേ, വക്കീൽ ശ്രമിച്ചത് സമൂഹമധ്യത്തിൽ ശരീഅത്തിനെ അപകീർത്തിപ്പെടുത്തുവാനാണ്. രജിസ്ട്രാഫീസിൽ വച്ച് കല്യാണം കഴിച്ച് സ്വസ്ഥമായി മന്നോട്ടു പോകുന്നതിനു പകരം മീഡിയകൾക്കു മുമ്പിൽ വന്ന് ശരീഅത്തിനെ പഴി പറഞ്ഞതിന്റെ ലക്ഷ്യമെന്താണ്?

ഇസ്‌ലാം പറഞ്ഞത് പ്രാകൃതമാണെന്ന് ആദ്യം കുറ്റപ്പെടുത്തുകയും ശേഷം അതിനെ ശരിവയ്ക്കുകയും ചെയ്തതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. ഒരു ഉദാഹരണം പറയാം:

ജനസംഖ്യാവർധനവുമായി ബന്ധപ്പെട്ട് തോമസ് മാൽത്യൂസ് 13ാം നൂറ്റാണ്ടിൽ പറഞ്ഞുവച്ച ഒരു ആശയമുണ്ട്. ജനങ്ങൾ വർധിച്ചുവന്നാൽ ആകെ പ്രശ്‌നമാകും, പട്ടിണിയാകും, ജീവിതമാകെ ബുദ്ധിമുട്ടിലാകും, വിഭവങ്ങൾ കുറഞ്ഞുപോകും...എന്നൊക്കെയുള്ള ഭയപ്പെടുത്തുന്ന തിയറിയാണ് അദ്ദേഹം അവതരിപ്പിച്ചത്. അത് ലോകം അംഗീകരിച്ചു. ലോകത്താകമാനം ജനസംഖ്യാവർധനവ് നിയന്ത്രിക്കാനുള്ള ആഹ്വാനമുണ്ടായി. അങ്ങനെ ചൈനയെ പോലുള്ള രാജ്യങ്ങൾ അതിനെ പുരോഗമനമായി വാഴ്ത്തിക്കൊണ്ട് അത് നടപ്പാക്കാൻ കർശനമായ വ്യവസ്ഥകൾവച്ചു. കാലം കുറെ പിന്നിട്ടപ്പോൾ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, റഷ്യ, ഇറാൻ, ഇറ്റലി, സ്‌പെയിൻ, ഫിൻലാന്റ്, ഹംഗറി പോലുള്ള രാജ്യങ്ങളൊക്കെ എടുത്ത തീരുമാനമെന്താണെന്നറിയാമോ? ഇനി അങ്ങനെ ജനസംഖ്യ കുറക്കാൻ പറ്റില്ല! ജനസംഖ്യ വർധിപ്പിച്ചേ തിരൂ. കുട്ടികളുണ്ടായേ പറ്റുകയുള്ളൂ. കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ പ്രോൽസാഹനം നൽകുകയാണ് അവരിപ്പോൾ!

ചൈന 1979 മുതൽ 2015 വരെ ഒരു കുട്ടി മാത്രം എന്ന നയമാണ് നടപ്പാക്കിയത്. 2016-2021 വരെ രണ്ട് കുട്ടി നയമായി. 2021ന് ശേഷം മൂന്ന് കുട്ടി നയത്തിലേക്ക് അവർ വന്നു. ഇപ്പോൾ കൂടുതൽ കുട്ടികളുണ്ടാകുവാൻ ഓഫർ കൊടുക്കുകയാണ്.

ഇസ്‌ലാമിന്റെ കാഴ്ചപ്പാടെന്താണ്? ദാരിദ്ര്യം ഭയന്ന് കുട്ടികളെ കൊല്ലാൻ പാടില്ല. ഗർഭഛിദ്രം നടത്താൻ പാടില്ല. ജനസംഖ്യ നിയന്ത്രിക്കുകയല്ല വേണ്ടത്. ഒരു കുഞ്ഞ് ഭൂമി ലോകത്ത് ജനിച്ച് വരുമ്പോൾ, അവന്/അവൾക്ക് വായ മാത്രമല്ല ഉള്ളത്, കൈകളും കാലുകളുമുണ്ട്. സംസാരിക്കാൻ നാവുണ്ട്. ചിന്തിക്കാൻ സൂപ്പർ കമ്പ്യൂട്ടറുകളെ പോലും വെല്ലുന്ന മസ്തിഷ്‌ക്കമുണ്ട്. രാജ്യത്തിന്റെ വിഭവശേഷിയെ സക്രിയമാക്കാവുന്ന പ്രതിഭയാണ് ഓരോ കുഞ്ഞും. മാൻപവറാണ് ഓരോ രാജ്യത്തിന്റെയും സ്വത്ത്. ആ സ്വത്തിനെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലാണ് ഭരണാധികാരികൾ ശ്രദ്ധിക്കേണ്ടത്. അതല്ലാതെ, മനുഷ്യവിഭവശേഷി വർധിക്കുന്നതിന് തടയിടുകയല്ല. ഇസ്‌ലാം ഇത് അന്നേ പറഞ്ഞു. അതിനെ പലരും പ്രാകൃതമാണെന്ന് പറഞ്ഞു പരിഹസിച്ചു. പന്നികൾ പ്രസവിക്കുന്നത് പോലെ പ്രസവിക്കാൻ ആഹ്വാനം ചെയ്യുന്നവരാണെന്ന് പറഞ്ഞു കളിയാക്കി.

ഇന്ത്യയാണ് ഇനി ലോകത്ത് ജനസംഖ്യ കൂടുതുലുള്ള രാഷ്ട്രമാകാൻ പോകുന്നത്. അത് ഇന്ത്യയിൽ ആളു കൂടിയിട്ടല്ല. ചൈനയിൽ കുറഞ്ഞതുകൊണ്ടാണ്. ആദ്യം ചൈനയായിരുന്നു മുന്നിൽ. ചൈനയിൽ ഇപ്പോൾ ജോലി ചെയ്യുന്നത് 95 കോടി ആളുകളാണ് എന്നാണ് കണക്ക്. ഈ നൂറ്റാണ്ടിന്റെ അവസാനത്തിൽ 35 കോടിയായി അവിടെ ജോലിയെടുക്കുന്ന ആളുകൾ കുറയുമെന്നാണ് കണക്കുകൾ പറയുന്നത്. 2100ൽ ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ ജനസംഖ്യ നേർപകുതിയായി കുറയുമെന്നാണ് കണക്ക്. നിലവിൽ 80 വയസ്സിന് മുകളിലുള്ളവർ ഇപ്പോൾ 14 കോടിയാണ്. 2100 ആകുമ്പോഴേക്കും 86 കോടിയായി അത് വളർന്ന് വരും. എന്നാൽ ചെറുപ്പക്കാരും കുട്ടികളും കുറവാണ്. മുതിർന്നവരെ പരിപാലിക്കാനും അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനും യുവാക്കളില്ലാത്ത അവസ്ഥ വരും. എന്തായിരിക്കും നാടിന്റെ അവസ്ഥ! ഓരോരുത്തർ തട്ടിപ്പടക്കുന്ന തത്ത്വശാസ്ത്രങ്ങളുടെ തിക്തഫലമാണ് ഇതെല്ലാം.

ഇന്ന് ഏത് ഹോസ്പിറ്റലിൽ പോയാലും എഴുതി വെച്ചിട്ടുണ്ടാകും, ആദ്യത്തെ രണ്ട് വർഷം നിർബന്ധമായും കുട്ടികൾക്ക് മുലപ്പാൽ നൽകണമെന്ന്. വിശുദ്ധ ക്വുർആൻ 1400 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞതാണത് 2 വർഷം കുട്ടികൾക്ക് മുലയൂട്ടണമെന്ന്. ഇപ്പോൾ പണ്ടത്തെ പോലെ 6 മാസത്തെ മുലയൂട്ടലിന്റെ മഹത്ത്വം പറയുന്ന പോസ്റ്റർ എവിടെയാണ് നമുക്ക് കാണാൻ സാധിക്കുക?

ഗർഭഛിദ്രം പാടില്ലെന്ന് ഇസ്‌ലാം പറഞ്ഞു. പക്ഷേ, ലോകത്ത് പല രാജ്യങ്ങളും അത് അനുവദിച്ച് കൊടുത്തു. അനുവദിച്ച രാജ്യങ്ങളൊക്കെ അതിൽനിന്ന് തിരിഞ്ഞ് നടക്കാൻ തുടങ്ങിയിട്ടുണ്ട്. ആണ് ആണിന്റെയും പെണ്ണ് പെണ്ണിന്റെയും സ്വത്വവുമായാണ് ജീവിക്കേണ്ടതെന്ന് ഇസ്‌ലാം കൽപിക്കുന്നു. എന്നാൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന തലതിരിഞ്ഞ ആശയം ചില യൂറോപ്യൻ രാജ്യങ്ങൾ നടപ്പിലാക്കിത്തുടങ്ങി. അതിന്റെ തിക്തഫലം അവർ അനുഭവിച്ചു. പലരും ഞാൻ മൃഗമാണെന്ന് പറഞ്ഞ് ജെൻഡൽ പ്രഖ്യാപിക്കുന്ന അവസ്ഥയുണ്ടായി. അതുപോലെ തന്നെ ഒട്ടേറെ കുട്ടികൾ ഞാൻ ആണാണോ പെണ്ണാണോ എന്നറിയാത്ത ജെൻഡർ കൺഫ്യൂഷനിൽ അകപ്പെട്ടു. ഇപ്പോൾ അവർ തിരിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.

ഖേദകരമെന്നു പറയട്ടെ, നമ്മുടെ നാട്ടിൽ ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതിയിൽ കൊണ്ടുവരാൻ ചിന്തിച്ചുകൊണ്ടിരിക്കുകയാണ് സർക്കാർ! കുളത്തിലെ തവളയാണോ മലയാളി? ലോകത്ത് നടക്കുന്നതൊന്നും നമുക്ക് ബാധകമല്ലേ? എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്! താൻ ആണാണെന്ന് പറയാൻ വേണ്ടി ഒരു പെണ്ണ് തന്റെ സ്തനം മുറിക്കുന്നു. എന്നിട്ട് ആണായി അഭിനയിച്ച് നടക്കുന്നു. പക്ഷേ, അവർ ഗർഭിണിയായി. പ്രസവിച്ചു. ആണ് പ്രസവിച്ചു എന്ന അത്ഭുത വാർത്ത മാധ്യമങ്ങൾ ആഘോഷിക്കുന്നു! പുരുഷനല്ല, സ്ത്രീയാണ് പ്രസവിച്ചത് എന്ന സത്യം വിളിച്ചുപറഞ്ഞവരെ പ്രാകൃതരായി ചിത്രീകരിക്കുവാൻ പോലും ചിലർ മടിച്ചില്ല. നമ്മുടെ നാട് പോകുന്ന പോക്ക് നോക്കൂ! ആരാണ് മലയാളികൾ? പ്രബുദ്ധൻമാർ, പുരോഗമനക്കാർ! ഈ പുരോഗമനം നമുക്ക് മനസ്സിലാകുന്നില്ല. ആണ് ആണായിട്ടും പെണ്ണ് പെണ്ണായിട്ടും നിൽക്കണം. ലിംഗ സമത്വമല്ല, ലിംഗ നീതിയാണാവശ്യം. ആ കാഴ്ചപ്പാടിലേക്ക് വന്നാൽ മാത്രമെ ഈ പ്രതിസന്ധി മറികടക്കാൻ പറ്റുകയുള്ളൂ.

സ്ത്രീ മാന്യമായി വസ്ത്രം ധരിക്കുന്നതിനെതിരെയാണ് ഇവിടെ പലരും ക്യാമ്പയിൻ നടത്തുന്നത്. അതിന്റെ കെടുതി അനുഭവിച്ചവർ ഇപ്പോഴെന്താണ് ചെയ്യുന്നത്? ജപ്പാനും ജർമനിയുമൊക്കെ ബിക്കിനി മാത്രം ഇട്ട് അങ്ങാടിയിലൂടെ നടന്നാൽ 450 പൗണ്ടാണ് പിഴ ചുമത്തുന്നത്. മാന്യമായി വസ്ത്രം ധരിക്കാൻ വേണ്ടി അവർ ഉൽബോധനം നടത്തിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിൽ മറിച്ചും!

പലിശയിൽ അധിഷിഠതമായ സാമ്പത്തിക വ്യവസ്ഥയാണ് ലോകത്തുള്ളത്. ഇസ്‌ലാം പണ്ടേ പറഞ്ഞു: പലിശ ഹറാമാണ്, അത് പാടില്ല. മുൻ മന്ത്രി തോമസ് ഐസക്ക് കേരളത്തിൽ ഇസ്‌ലാമിക് ബാങ്കിങ്ങ് അഥവാ പലിശരഹിത ബാങ്ക് നടത്താൻ വേണ്ടി പദ്ധതിയുണ്ടാക്കി. പക്ഷേ, അതിൽ ഇസ്‌ലാം എന്ന പേരുള്ളുകൊണ്ട് അത് നടപ്പാക്കാൻ പറ്റിയില്ല. ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ!

ലൈംഗിക കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ ഇസ്‌ലാമിൽ വളരെ കർശനമാണ്. അത് ചൂണ്ടിക്കാട്ടി ഇസ്‌ലാം പ്രാകൃതമാണ്, കാരുണ്യമില്ലാത്ത നിയമമാണെന്ന് പലരും വിമർശിച്ചു. ഡൽഹിയിൽ ഒരു ബസ്സിൽ കൂട്ടബലാൽസംഗം നടന്നു. തുടർന്ന് ദിവസവും പീഡനങ്ങൾ. ചെറിയ കുട്ടികൾ പോലും ഇരകളാകുന്നു. പ്രതികൾക്ക് അർഹമായ ശിക്ഷ കിട്ടുന്നില്ലെന്നും ഇസ്‌ലാമിക രാജ്യത്ത് കാണുന്ന നിയമം നമ്മുടെ രാജ്യത്തും നടപ്പിലാക്കണമെന്നും മുസ്‌ലിംകളല്ലാത്തവർതന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിളിച്ചുപറയുന്നത് നാം കണ്ടു.

ശരീഅത്ത് നവീകരിക്കേണ്ട ആവശ്യമില്ല എന്ന് വ്യക്തമാക്കാനാണ് ഇത്രയും പറഞ്ഞത്. അത് നിത്യ നൂതനമാണ്. അല്ലാഹുവിന്റെ നിയമത്തിൽ കൈകടത്താൻ ആർക്കും അവകാശമില്ല. അല്ലാഹുവിന്റെ ദീനിലേക്ക് നമ്മൾ അങ്ങോട്ട് പോവുക. അത് സാർവകാലികമാണ്. ഇസ്‌ലാം നൻമയാണ് എന്നു പറഞ്ഞത് ഇന്നും നൻമയാണ്. തിൻമയാണെന്നു പറഞ്ഞത് ഇന്നും തിൻമയാണ്. ഒരാൾക്കും അത് അങ്ങനെയല്ല എന്ന് വസ്തുനിഷ്ഠമായി പറയാൻ കഴിയില്ല. അത് തെറ്റിച്ച് പോയവരൊക്കെ കിതച്ചിട്ടുണ്ട്. ആ കിതപ്പ് ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുകയാണ്.