കേരള പാഠ്യപദ്ധതി ചട്ടക്കൂട്: പ്രാധാന്യം സാമൂഹ്യ സുരക്ഷക്കോ, സ്വാർഥ താൽപര്യങ്ങൾക്കോ?

ഡോ. അബ്ദുല്ല ബാസിൽ സി.പി  

2023 ഒക്ടോബർ 07 , 1445 റ.അവ്വൽ 22

വ്യക്തിയുടെ സർവ്വതോമുഖമായ വളർച്ചയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്. മാറിയ കാലത്തിനും സാഹചര്യത്തിനുമനുസരിച്ച് പരിഷ്ക്കരണങ്ങൾ ആവശ്യമായി വരുന്നത് അതുകൊണ്ടാണ്. എന്നാൽ പുതിയ കാലത്തെ വിദ്യാർഥികളുടെ വ്യക്തിത്വത്തെ കരുപ്പിടിപ്പിക്കാനും അവരുടെ ലോകവീക്ഷണം ക്രമപ്പെടുത്താനും പുതിയ പാഠ്യപദ്ധതി എത്രത്തോളം അനുഗുണമാണ്? 2023ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂട്  പഠനവിധേയമാക്കുന്നു.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‘കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023’ ഈയിടെ പ്രകാശനം ചെയ്യപ്പെടുകയുണ്ടായി. അടുത്ത തലമുറയെ നിർമിക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം എന്നതുകൊണ്ട് വളരെ ഗൗരവത്തോടെ വേണം നാം അതിലെ വിഷയങ്ങളെ കൈകാര്യം ചെയ്യാൻ. കേവലം ജോലി കിട്ടാനുള്ള കോച്ചിങ് അല്ല സ്‌കൂൾ വിദ്യാഭ്യാസമെന്നും അത് കുട്ടികളുടെ ലോകവീക്ഷണത്തെയും ജീവിതവീക്ഷണത്തെയുംവരെ സ്വാധീനിക്കുന്നതാണെന്നുമുള്ള തിരിച്ചറിവോടെ രക്ഷിതാക്കളും സാംസ്‌കാരിക സംഘടനകളും ഇവ്വിഷയത്തിൽ ഇടപെടേണ്ടത് അനിവാര്യമാണ്. ഏതെങ്കിലും ആശയങ്ങളുടെയോ തിയറികളുടെയോ പരീക്ഷണശാലകളല്ല സ്‌കൂളുകളെന്നും വിദ്യാർഥികൾ പരീക്ഷണ വസ്തുക്കളല്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. ജെൻഡർ ന്യൂട്രാലിറ്റിയുമായും പൊളിറ്റിക്‌സുമായും ബന്ധപ്പെട്ട ചർച്ചയെ നിസ്സാരവത്കരിച്ച് അതൊരു യൂണിഫോമുമായി ബന്ധപ്പെട്ട വിഷയം മാത്രമാണെന്ന് തെറ്റിദ്ധരിച്ചവർക്ക് സിലബസ് ചട്ടക്കൂട് വന്നതോടെ കാര്യം ബോധ്യമായി എന്നാണ് മനസ്സിലാകുന്നത്.

ആണും പെണ്ണും തമ്മിലുള്ള എല്ലാ വ്യത്യാസങ്ങളെയും പൂർണമായി അപ്രസക്തമാക്കുക എന്ന ആശയമാണ് ലിംഗനിഷ്പക്ഷത. അത് കേവലം യൂണിഫോമിലോ വസ്ത്രധാരണത്തിലോ ഒതുങ്ങുന്നതല്ല. യൂണിസെക്‌സ് ടോയിലറ്റുകളിലേക്കും ജെൻഡർ ന്യൂട്രൽ പ്രോനൗണുകളിലേക്കുംവരെ വ്യാപിക്കുന്ന വിശാലമായ ഒരു ആശയമാണ് അത്. അത്തരം വിശാലമായ ഒരു വിഷയത്തെയാണ് നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ കേവലമൊരു പെണ്ണിന് പാന്റ്‌സ് ധരിക്കാമോ എന്ന നിലയ്ക്ക് ചർച്ച ചെയ്യപ്പെട്ടത്.

ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കിയതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ട് എന്ന് വസ്തുനിഷ്ഠമായി തെളിയിക്കപ്പെട്ടിട്ടില്ല. ആണും പെണ്ണും ശാരീരികമായും മാനസികമായും മനഃശാസ്ത്രപരമായും സാമൂഹികമായും വ്യത്യസ്തകൾ ഉള്ളവരാണ്. ആ വ്യത്യസ്തകളെ പരിഗണിച്ചുകൊണ്ടുതന്നെയായിരിക്കണം അവരുടെ ഇടപെടലുകളും കടമകളും അവകാശങ്ങളും. അതിനെ പൂർണമായി നിരാകരിക്കുന്നതിലൂടെ സംഭവിക്കുന്നത് ന്യായമായ അവകാശങ്ങളും സ്വകാര്യതകളും പോലും ഇല്ലാതാവലാണ്.

ഇപ്പോൾ പുറത്തിറക്കിയ ചട്ടക്കൂട് തീർത്തും ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവും ശാസ്ത്രവിരുദ്ധവും സാമൂഹ്യവിരുദ്ധവുമാണ്. അത്തരം ഭാഗങ്ങൾ തിരുത്തപ്പെടാതെ പാഠപുസ്തക രചനയിലേക്ക് കടന്നാൽ അത് സമൂഹത്തോട് ചെയ്യുന്ന ദ്രോഹമായിരിക്കും.

1. ജനാധിപത്യവിരുദ്ധം

വലിയരൂപത്തിലുള്ള ചർച്ചകളും സംവാദങ്ങളും പൊതുജനാഭിപ്രായ ശേഖരണവും ഇതിന് മുന്നോടിയായി നടന്നിരുന്നു. ഇതിന് മുമ്പ് ഇറക്കിയ പൊതുജന ചർച്ചക്കായുള്ള രേഖയിൽ ഉണ്ടായിരുന്ന പല കാര്യങ്ങളും പലയിടത്തും വലിയ ചർച്ചകൾക്ക് വിധേയമായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജെൻഡറുമായി ബന്ധപ്പെട്ട പരാമർശങ്ങളും സമീപനങ്ങളുമായിരുന്നു. ജെൻഡർ എന്നത് ഒരു സാമൂഹ്യ നിർമിതിയാണെന്നാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. അതാണ് ഈ വിഷയത്തിലെ സർക്കാരിന്റെയും കരിക്കുലം കമ്മറ്റിയുടെയും പൊതുനയം എന്നാണ് മനസ്സിലാകുന്നത്.

ജെൻഡർ സാമൂഹ്യ നിർമിതിയാണെന്ന ഈ ആശയവും അതുമായി ബന്ധപ്പെടുത്തി രൂപീകരിച്ചിട്ടുള്ള സിദ്ധാന്തങ്ങളും ഒരു അടിത്തറയും ഇല്ലാത്തതാണെന്ന് മാത്രമല്ല, വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്. ഇത്തരം ആശയങ്ങൾ നടപ്പിലാക്കിയ പാശ്ചാത്യ നാടുകളിൽ അതിന്റെ പരിണതികൾ അവരനുഭവിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു തരത്തിലുള്ള പഠനമോ ഗവേഷണമോ ഇല്ലാതെ നാമത് കുട്ടികളിലേക്ക് അടിച്ചേൽപിക്കുന്നത്!

പ്രസ്തുത രേഖയിൽ ഇടംപിടിച്ച ഈ ആശയങ്ങൾ ഒരുതരത്തിലും യഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും അത് കുട്ടികളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പലയിടങ്ങളിൽ രക്ഷിതാക്കളും അധ്യാപകരും പൊതുപ്രവർത്തകരും രാഷ്ട്രീയ നേതാക്കളുമെല്ലാം ആവർത്തിച്ച് സൂചിപ്പിച്ചിരുന്നു. ചാനൽ ചർച്ചകളിൽ അത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ അനുകൂലികളായ പ്രതിനിധികൾക്ക് കൃത്യമായ മറുപടികൾ പറയാനാവാതെ പ്രയാസപ്പെട്ടതും എല്ലാവരും കണ്ടതാണ്. കരിക്കുലം കമ്മിറ്റിയിലുള്ള ശീതൾ ശ്യാം എന്ന വ്യക്തിക്ക് ഇവ്വിഷയത്തിൽ നടന്ന ഒരു സംവാദത്തിൽ ജെൻഡർ എന്താണ് എന്നുപോലും വിശദീകരിക്കാൻ സാധിക്കാതെ പോയതും ഏറെ ചർച്ചയായതാണ്. എന്നിട്ടും ഇപ്പോൾ ചട്ടക്കൂട് പുറത്തുവന്നപ്പോൾ അതിലുള്ള ആശയങ്ങളും പരാമർശങ്ങളും അതേപടി ആവർത്തിച്ചിരിക്കുന്നു!

വിമർശനങ്ങൾ വന്നതുകൊണ്ട് അപ്പടി പിൻവലിക്കണമെന്നല്ല, മറിച്ച് ആ വിമർശനങ്ങളെ സർക്കാർ പഠിച്ചിരുന്നോ, എങ്കിൽ അതിന്റെ യാഥാർഥ്യം എന്താണ്, എന്തൊക്കെയാണ് അതിനുള്ള ശാസ്ത്രീയ അടിത്തറകൾ എന്നൊക്കെ വിശദീകരിക്കേണ്ട ബാധ്യത സർക്കാരിനുണ്ടായിരുന്നു. ജെൻഡറുമായി ബന്ധപ്പെട്ട വ്യത്യസ്ത അഭിപ്രായങ്ങളെ കേൾക്കാനോ, ചർച്ച ചെയ്യാനോ തയ്യാറാവേണ്ടത് അനിവാര്യമാണ്. ഇനി, എതിരഭിപ്രായങ്ങളെയൊന്നും സ്വീകരിക്കാൻ പറ്റില്ല എന്ന നിലപാടായിരുന്നെങ്കിൽ എന്തിനായിരുന്നു ചർച്ചകൾ എന്നപേരിൽ ഒരുപാട് സമയവും അധ്വാനവും കളഞ്ഞത്? ‘ഞങ്ങളുടെ ആശയങ്ങൾ ഞങ്ങൾ ഉൾപെടുത്തിയിരിക്കുന്നു’ എന്ന് പ്രഖ്യാപിച്ചാൽ മതിയായിരുന്നല്ലോ!

2. സ്ത്രീവിരുദ്ധം

പൊതുവിൽതന്നെ ഒട്ടേറെ പീഡനങ്ങൾക്കും പ്രയാസപ്പെടുത്തലുകൾക്കും സ്ത്രീകൾ സമൂഹത്തിൽ ഇരയാക്കപ്പെടുന്നു എന്നത് ഒരു യാഥാർഥ്യമാണ്. ദിനേന പത്രമാധ്യമങ്ങളിലൂടെ സ്ത്രീപീഡന വാർത്തകൾ കേൾക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നവരും അതിന് പരിഹാരം വേണമെന്ന് ചിന്തിക്കുന്നവരുമാണ് എല്ലാവരും. ഇത്തരം അതിക്രമങ്ങളിൽനിന്നും ചെറിയ രൂപത്തിലെങ്കിലും സ്ത്രീകൾക്ക് സംരക്ഷണം ലഭിക്കാനാണ് സ്ത്രീകൾക്ക് പൊതുവിടങ്ങളിലടക്കം പ്രത്യേക പരിഗണനകളും വേർതിരിച്ചുള്ള ഇടങ്ങളും റിസർവേഷനുകളും നടപ്പിലാക്കിയിട്ടുള്ളത്. സ്ത്രീകൾക്ക് മാത്രമായുള്ള ശുചിമുറികൾ, താമസസൗകര്യങ്ങൾ, ഹോസ്റ്റലുകൾ, സ്വകാര്യ ഇടങ്ങൾ എന്നിവയെല്ലാം സ്ത്രീ സുരക്ഷയെ മുന്നിൽ കണ്ട് നാം ഉണ്ടാക്കിയെടുത്തതാണ്. അതുമൂലം ഒരു പരിധിവരെയെങ്കിലും ഞരമ്പുരോഗികളായ പുരുഷന്മാരുടെ അതിക്രമങ്ങളിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കാനും സാധിക്കുന്നുണ്ട്.

എന്നാൽ പാഠ്യപദ്ധതിയിൽ പറയുന്ന ‘വികസിക്കേണ്ട ജെൻഡർ സ്‌പെക്ട്രത്തെ പറ്റിയുള്ള ധാരണ’കൾ പ്രകാരം ഇനി ഏതൊരു പുരുഷനും താൻ സ്ത്രീയാണെന്ന് സ്വയം അവകാശപ്പെട്ടതുകൊണ്ട് മാത്രം സ്ത്രീകളുടെ ഇടങ്ങളിലേക്ക് ഇടിച്ചുകയറാനാകും! കാരണം ജെൻഡർ തിയറികൾ പ്രകാരം ഒരു മനുഷ്യന്റെ ലിംഗത്വം നിർണയിക്കുന്നത് അവന്റെ ലൈംഗിക അവയവങ്ങളോ ക്രോമസോമുകളോ ബീജമോ ഒന്നും നോക്കിയല്ല, ഓരോരുത്തർക്ക് സ്വയം തോന്നുന്നത് എന്തോ, അതാണ് അവരുടെ ലിംഗത്വം! അഥവാ പൂർണമായും പുരുഷശരീരവും ലൈംഗിക അവയവങ്ങളും ഉണ്ടെങ്കിൽ പോലും ഒരു വ്യക്തി ‘ഞാൻ സ്ത്രീയായാണ് എനിക്ക് അനുഭവപ്പെടുന്നത്’ എന്ന് പ്രഖ്യാപിച്ചാൽ മാത്രം മതി, അയാളെ സ്ത്രീയായി കണക്കാക്കാൻ!

സ്ത്രീയോ പുരുഷനോ എന്ന് നിർണയിക്കുന്നത് ജീവശാസ്ത്രപരമായ മാനദണ്ഡങ്ങൾ വെച്ചല്ലെന്നും അത് ഓരോരുത്തരും സ്വയം പ്രഖ്യാപിക്കുന്നതിനുസരിച്ചാണെന്നും അംഗീകരിച്ചാൽ നമ്മുടെ നാട്ടിലെ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും! ഒരാളുടെയും തോന്നലുകൾ നമുക്ക് അളക്കാനോ, ഇന്നതാണെന്ന് പറയാനോ സാധ്യമല്ല. സ്ത്രീയാണെന്ന് സ്വയം അനുഭപ്പെടുന്നുവെന്ന് ഒരാൾ പറഞ്ഞാൽ അത് അംഗീകരിച്ചുകൊടുക്കാതെ നിവൃത്തിയുമില്ല. അപ്പോൾ പിന്നെ ആർക്കും എപ്പോഴും സ്വയം പറയുന്നുവെന്നതുകൊണ്ട് മാത്രം ആണും പെണ്ണുമാകാം! സ്ത്രീയുടെ സ്വകാര്യ ഇടങ്ങളിലേക്ക് കൂസലില്ലാതെ കയറിച്ചെല്ലാം!

ഇത് കേവലമായ ഒരു സാധ്യതയെ പറ്റിയുള്ള ഊഹമല്ല; പാശ്ചാത്യരാജ്യങ്ങളിൽ ഇത് സംഭവിച്ചു കഴിഞ്ഞു. പുരുഷന്മാർ സ്ത്രീയാണെന്ന് സ്വയം പറഞ്ഞതിന്റെ പേരിൽ മാത്രം സ്ത്രീകളുടെ കായിക ഇനങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും അതിൽ മെഡലുകൾ നേടുകയും ചെയ്യുന്നത് അവിടങ്ങളിൽ സ്ഥിരം കാഴ്ചയായിരിക്കുന്നു! പെണ്ണാണെന്ന് സ്വയം പറഞ്ഞതിന്റെ പേരിൽ സ്ത്രീകളുടെ ജയിലിൽ അടക്കപ്പെട്ട ഒരു വ്യക്തി അവിടെയുള്ള രണ്ട് സഹതടവുകാരികളെ ഗർഭിണികളാക്കിയത് മലയാള മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത് ഏതാനും മാസങ്ങൾക്ക് മുൻപാണ്.

ഈയിടെ സ്കോട്ട്‌ലാന്റിൽ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത ഒരു വ്യക്തി, കോടതിയിൽ എത്തിയപ്പോഴേക്ക് താൻ പെണ്ണാണെന്ന് സ്വയം പ്രഖ്യാപിച്ചത് ഏറെ ചർച്ചയായിരുന്നു. സ്ത്രീയാണെന്ന് പറഞ്ഞതുകൊണ്ട് അവിടെ നിലനിൽക്കുന്ന നിയമമനുസരിച്ച് അയാളെ സ്ത്രീകളുടെ ജയിലിലേക്ക് അയക്കണം. ഒരു ‘ബലാത്സംഗി’യെ സ്ത്രീകളുടെ ജയിലിലേക്ക് അയക്കുന്നതിനെ പറ്റി ആലോചിച്ചു നോക്കൂ! അവിടെയുള്ള ഫെമിനിസ്റ്റുകൾ പോലും അതിനെതിരെ രംഗത്ത് വരികയാണുണ്ടായത്.

3. ശാസ്ത്രവിരുദ്ധം

ഒരു കുഞ്ഞ് ജനിക്കുമ്പോൾതന്നെ അതിന്റെ ലിംഗനിർണയം നടക്കുന്നുവെന്നതാണ് ശാസ്ത്രം. മാതാവിന്റെ അണ്ഡവും പിതാവിന്റെ ബീജവും തമ്മിൽ സംയോജിക്കുമ്പോൾതന്നെ സെക്‌സ് ക്രോമസോമുകൾ ഏതാണെന്ന് നോക്കി കുട്ടിയുടെ ലിംഗം നിർണയിക്കാൻ സാധിക്കും. പിന്നീട് വരാൻ സാധ്യതയുള്ള ഒരു കാര്യം ഭ്രൂണത്തിന്റെ വളർച്ചയുടെ 4-6 ആഴ്ചയിൽ സംഭവിക്കേണ്ട എസ്. ആർ. വൈ ജീനിന്റെ പ്രവർത്തനക്ഷമതയാണ്. അതുകൂടി സംഭവിക്കുന്നതോടെ കുട്ടി ആണോ പെണ്ണോ എന്നത് നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു; ഇതാണ് ശാസ്ത്രം.

എന്നാൽ ഇങ്ങനെ നിശ്ചയിക്കപ്പെട്ടത് എന്താണെങ്കിലും ഓരോ വ്യക്തിയും സ്വയം പറയുന്നതാണ് അയാളുടെ ലിംഗത്വം എന്നതാണ് ജെൻഡർ പൊളിറ്റിക്‌സ് മുന്നോട്ടുവെക്കുന്ന ആശയം! ഒന്നാലോചിച്ചു നോക്കൂ, ഒരു വ്യക്തിയുടെ എല്ലാ കോശങ്ങളിലും രേഖപ്പെട്ടു കിടക്കുന്നത് അവൻ ആണാണെന്നാണെങ്കിലും, അവന് സ്വയം പെണ്ണാണെന്ന് തോന്നിയാൽ അവനെ പെണ്ണായി അംഗീകരിക്കണമത്രെ! പിന്നെ വസ്തുനിഷ്ഠമായ ശാസ്ത്രീയ പഠനങ്ങൾക്ക് എന്ത് അടിസ്ഥാനമാണുള്ളത്? ഇങ്ങനെയെങ്കിൽ എന്തിനെയാണ് മനുഷ്യന് നിഷേധിച്ചുകൂടാത്തത്? ജൈവശാസ്ത്രപരമായും വസ്തുതാപരമായും ആണായ ഒരാൾക്ക് പെണ്ണാണെന്ന് പറയാമെങ്കിൽ, അത് അംഗീകരിക്കണമെങ്കിൽ, ഒരു മനുഷ്യന് താൻ പട്ടിയോ പൂച്ചയോ ആണെന്ന് പറഞ്ഞുകൂടേ? അതും അംഗീകരിച്ചല്ലേ പറ്റൂ! ഒരു അറുപത് വയസ്സുകാരന് താൻ അഞ്ചുവയസുള്ള പിഞ്ചുകുഞ്ഞാണെന്ന് പറഞ്ഞുകൂടേ? വസ്തുതകൾക്കല്ലല്ലോ ഇവിടെ പ്രാധാന്യം, ഓരോരുത്തർക്ക് സ്വയം എന്തായി തോന്നുന്നു എന്നതല്ലേ?

4. സമൂഹവിരുദ്ധം

സമൂഹത്തിന്റെ നിലനിൽപിന് അത്യാവശ്യമായ വ്യവസ്ഥകളെ തകിടം മറിക്കുന്ന ആശയങ്ങളാണ് ജെൻഡർ സ്‌പെക്ട്രം എന്ന പേരിൽ പാഠ്യപദ്ധതിയിൽ ഇടംപിടിച്ചിട്ടുള്ളത്. നിലനിൽക്കുന്ന എതിർവർഗ ലൈംഗിക സ്വഭാവികതയെ (ഹെറ്ററോനോർമേറ്റിവിറ്റി) തകർക്കുക എന്നത് ജെൻഡർ പൊളിറ്റിക്‌സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പെട്ടതാണ്. അതുമുഖേന ഇവിടെയുള്ള കുടുംബ സംവിധാനങ്ങളുടെ ആണിക്കല്ലിനാണ് ഇളക്കം തട്ടുക. കുടുംബ സംവിധാനത്തെ അസ്ഥിരപ്പെടുത്തി, തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുന്നവർക്ക് എന്തിനാണ് വിദ്യാഭ്യാസ വകുപ്പ് കുടപിടിക്കുന്നത് എന്നത് ഗൗരവത്തിൽ ആലോചിക്കേണ്ട കാര്യമാണ്.

ഈ ആശയങ്ങൾ സ്‌കൂൾ സിലബസിൽ ഉൾപെടുത്തിയാൽ, വരുംതലമുറയിൽ അതുണ്ടാക്കുന്ന അസ്തിത്വപ്രതിസന്ധി രൂക്ഷമായിരിക്കും. ഈ ആശയങ്ങൾ നടപ്പിലാക്കുകയും പാഠ്യപദ്ധതിയിൽ ഉൾപെടുത്തുകയും ചെയ്ത യൂറോപ്യൻ രാജ്യങ്ങളിൽ കൂടുതൽ കുട്ടികൾ ജെൻഡറുമായി ബന്ധപ്പെട്ട കൺഫ്യൂഷനിൽ പെടുകയാണെന്ന് സൂചിപ്പിക്കുന്ന കണക്കുകൾ ഒരുപാടാണ്. ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത, തന്റെ ശരീരത്തിന് വിരുദ്ധമായ ജെൻഡറാണോ തന്റെത് എന്ന തോന്നൽ കൊണ്ടുനടക്കുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്. അത് നിയന്ത്രിക്കാനോ അതിൽ അഭിപ്രായം പറയാനോ പോലും മാതാപിതാക്കൾക്ക് നിയമപരമായി അർഹതയുമില്ല.

ജനനം തൊട്ടുതന്നെ കുട്ടി തന്റെ ലിംഗത്വ സ്വത്വത്തെ ഊട്ടിയുറപ്പിക്കുന്ന ജീവിതശൈലിയും രീതികളും വസ്ത്രധാരണങ്ങളും ശീലിക്കുന്നത് കൊണ്ടാണ് നമ്മുടെ സമൂഹത്തിൽ ഇത്തരം പ്രശ്‌നങ്ങൾ ഇപ്പോൾ വ്യാപകമല്ലാത്തത്. എന്നാൽ ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ അതെല്ലാം അപ്രസക്തമാക്കിയാൽ നമ്മുടെ നാട്ടിലും വീട്ടിലും വരാൻ പോകുന്നതും ഇത്തരം ഒരു പുതുതലമുറയായിരിക്കും എന്നതിൽ സംശയമില്ല. അതുകൊണ്ടാണ് ഇതിനെ പ്രാരംഭ ഘട്ടത്തിൽതന്നെ എതിർത്തു തോൽപിക്കാൻ സാമൂഹിക പ്രതിബദ്ധതയുള്ളവർ രംഗത്ത് വരുന്നത്.

ഇത്രമേൽ ഭീകരമാണ് ജെൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ ഒളിച്ചുകടത്തുന്ന ലിബറൽ ജെൻഡർ പൊളിറ്റിക്‌സ് എന്ന് അതിന്റെ വക്താക്കൾക്ക് പോലും ധാരണയില്ല എന്നതാണ് വസ്തുത. പുരോഗമനം എന്ന പേരിൽ കൊണ്ടുവരുന്നതായതുകൊണ്ട് എന്തിനെയും വാരിപ്പുൽകുക എന്നതിനപ്പുറം ഇതിന്റെ വരും വരായ്കകളെക്കുറിച്ചോ പ്രശ്‌നങ്ങളെക്കുറിച്ചോ അവർ ബോധവാന്മാരല്ല. ഇടതു വിദ്യാർഥി പ്രസ്ഥാനം പരസ്യമായി ക്യാംപസ് ചുവരുകളിൽ അശ്ലീലം വരച്ചിടുമ്പോഴും, ഒരു സെക്ഷ്വൽ ലിബറേഷൻ ആണ് തങ്ങളുടെ ലക്ഷ്യം എന്ന് വിളിച്ചുകൂവുമ്പോഴും യൂറോപ്പിൽ സെക്ഷ്വൽ ലിബറേഷന് ശേഷം എന്ത് സംഭവിച്ചു എന്നോ, അവിടെയുള്ള സ്ത്രീ സുരക്ഷയും സാമൂഹിക സുരക്ഷയും എത്രമേൽ സംരക്ഷിപ്പെട്ടു എന്നോ പരിശോധിക്കാൻ അവർക്കായിട്ടില്ല.

ഇത്തരം കണക്കുകളും ശാസ്ത്രീയ വസ്തുതകളും ചർച്ചയായിട്ടും, പുനർവിചിന്തനത്തിനു തയ്യാറാകാതെ ഇതുമായി മുന്നോട്ടു പോകുന്ന വിദ്യാഭ്യാസവകുപ്പിന്റെ പ്രതിബദ്ധത സമൂഹത്തോടാണോ, അതോ ചില പ്രത്യേക ആശയക്കാരോടാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്.