മരണാനന്തര ജീവിതം സത്യമോ മിഥ്യയോ?

മുബാറക് ബിൻ ഉമർ

2023 ആഗസ്റ്റ് 12 , 1445 മുഹറം 25

ആഗ്രഹഫലമായി ഭൂമിയിൽ പിറന്നുവീണവനല്ല മനുഷ്യൻ. ആഗ്രഹിച്ച സമയത്ത്‌ സ്വാഭാവിക മരണം വന്നെത്തുമെന്ന് പ്രതീക്ഷിക്കാനും വയ്യ! ജീവിച്ചിരുന്ന കാലമത്രയും ആഗ്രഹിച്ച പോലെ നടക്കാൻ കഴിഞ്ഞൂവെന്ന് അവകാശപ്പെടാൻ ഒരാൾക്കും സാധ്യമല്ലതാനും! അപ്പോൾപിന്നെ മരണാനന്തരമെങ്കിലും അതിന്റെ പൂർത്തീകരണം സാധിതമാകേണ്ടേ? മരണാനന്തരജീവിതത്തെ കുറിച്ചുള്ള ഇസ്‌ലാമിക അധ്യാപനങ്ങൾ അതിലേക്കാണ് വെളിച്ചം വീശുന്നത്.

മനുഷ്യൻ ആഗ്രഹിച്ചിട്ടല്ല ഇവിടെ ജന്മംകൊണ്ടത്. തന്റെ നിറം, സൗന്ദര്യം, ആരോഗ്യം, ദാരിദ്ര്യം, സമ്പന്നത, കഴിവുകൾ, അറിവുകൾ തുടങ്ങിയവയൊന്നും മനുഷ്യന്റെ നിയന്ത്രണത്തിലല്ല. പലതും അധ്വാനംകൊണ്ട് കുറെയൊക്കെ നേടിയെടുക്കാമെന്ന് അവൻ കരുതുന്നു. 2000 കോടി വർഷമാണ് ഈ പ്രപഞ്ചത്തിന്റെ ആയുസ്സ് എന്നാണ് പറയപ്പെടുന്നത്. അതുവച്ച് നോക്കുമ്പോൾ മനുഷ്യന്റെ ശരാശരി ആയുസ്സായ 70-100 വർഷങ്ങൾ അതിനിസ്സാരമാണ്.

വാർധക്യം കടന്നുവരുന്നത് നിസ്സഹായനായി നോക്കിനിൽക്കാനേ ആരോഗ്യവാനായ ഡോക്ടർക്കു പോലും സാധിക്കുകയുള്ളൂ. ചർമം ചുളിയുക, കണ്ണുകൾക്ക് തിമിരം ബാധിക്കുക, കശേരുക്കൾക്കിടയിലെ ദ്രവപദാർഥം വറ്റുന്നതുമൂലം ഉയരം കുറയുക, കാത്സ്യം കൂടുന്നതിനാൽ തൂക്കം വർധിക്കുക, മുടി നരക്കുക, പുരികങ്ങളുടെ നീളം കൂടുക, ശക്തി ക്ഷയിക്കുക, നഖങ്ങളുടെ വളർച്ച കുറയുക, ഊർജസ്വലത കുറയുക, തല കൂർത്തുവരിക, സംസാരശേഷി കുറയുക, പ്രതികരണങ്ങളിൽ അമാന്തമുണ്ടാകുക, പല്ലുകൾ ക്ഷയിക്കുക, ഹൃദയപേശികളുടെ ശക്തി കുറയുക, വൃക്കകളുടെ പ്രവർത്തനം തകരാറിലാകുക, ലൈംഗികശേഷി ക്ഷയിക്കുക... ഇവയൊക്കെ വാർധക്യത്തിന്റെ ലക്ഷണങ്ങളായി വൈദ്യശാസ്ത്രം കാണുന്നു. ഇവ നേരെയാക്കി പൂർണതയിലെത്തിക്കാൻ മനുഷ്യന് സാധ്യമല്ല.

കോശപഠന ശാസ്ത്രപ്രകാരം (CYTOLOGY) ശരീരത്തിൽ 26x1515കോശങ്ങൾ ഉണ്ട്. ഇവ നിരന്തരം നശിക്കുകയും പുനർനിർമിക്കപ്പെടുകയും ചെയ്യുന്നു. പ്രായം കൂടുംതോറും ഈ പുനർനിർമാണത്തിന്റെ വേഗം കുറയുന്നു. അതോടൊപ്പം ജനിതകഗുണങ്ങളും (GENETIC QUALITIES) നശിക്കുന്നു. ഒടുവിൽ കോശങ്ങളുടെ പുനർനിർമാണം പാടെ നിലച്ചുപോകുന്നു. അങ്ങനെ മരണത്തിലെത്തുന്നു. വാർധക്യത്തെ നേരിടാനാകാതെ, രോഗങ്ങൾക്ക് മുൻപിൽ നിസ്സഹായനായി, എല്ലാനിലയ്ക്കും ബലഹീനനായി അവൻ മരണത്തിനു മുന്നിൽ കീഴടങ്ങുന്നു. മനുഷ്യന്റെ ഏറ്റവും വലിയ ഭയം മരണത്തെപ്പറ്റിയുള്ളതാണെന്നതിൽ ആർക്കും ഒരു സംശയവും ഉണ്ടാകില്ല.

മരണത്തിനു മുൻപിൽ

കൂട്ടുകുടുംബങ്ങൾക്കിടയിൽനിന്ന്, സ്വത്തുക്കൾക്കും സ്ഥാനമാനങ്ങൾക്കിടയിൽനിന്ന് താൻ പെട്ടെന്നങ്ങോട്ട് ഇല്ലാതാകുന്നത് അവന് ചിന്തിക്കാനാകില്ല. തിന്മയിൽ ജീവിച്ചവനും നന്മയിൽ ജീവിച്ചവനും താൻ മരിച്ചുപോകുന്നത് ഭയാനകമായിത്തന്നെയാണ് തോന്നുക. മഹാന്മാരെന്നും പ്രതിഭാശാലികളെന്നും ചരിത്രത്തിൽ അറിയപ്പെട്ടവർ പോലും മരണമെന്ന മഹാസത്യത്തിനു മുൻപിൽ ചൂളിപ്പോയതായി കാണാം. ഏറ്റവും വലിയ ദാർശനികനെന്നറിയപ്പെട്ട സോക്രട്ടീസ് മരണത്തെ സ്വാഗതം ചെയ്തുവെങ്കിലും വിഷദ്രാവകം കഴിച്ചത് കടുത്ത സമ്മർദത്തോടുകൂടിയായിരുന്നു. (വിഷം കഴിക്കണമെന്നായിരുന്നു ശിക്ഷ വിധിച്ചത്). ഏകദൈവ വിശ്വാസിയായിരുന്ന അദ്ദേഹം ജനങ്ങളുടെ എതിർപ്പ് വകവച്ചില്ല. മരണത്തിന് തന്നെ നശിപ്പിക്കാനാകില്ല എന്ന് തുറന്നു പറഞ്ഞ അദ്ദേഹം പരലോകത്തേക്കുള്ള തന്റെ യാത്ര സുഖകരമാക്കണേ എന്ന് പ്രാർഥിച്ചുകൊണ്ട് വിഷപ്പാത്രം ചുണ്ടോടടുപ്പിച്ചുവത്രെ. വധശിക്ഷക്ക് വിധിക്കപ്പെട്ട മുൻ പാക്കിസ്ഥാൻ പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോ തന്റെ IF IAM ASSASINATEDഎന്ന ഗ്രന്ഥത്തിലൂടെ മഹാധീരനെന്നു ലോകത്തെ അറിയിക്കുകയുണ്ടായി. പക്ഷേ, നിലവിളിച്ചും അലറിക്കരഞ്ഞുമാണ് ഭൂട്ടോ തൂക്കുമരത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ വന്നത്. ലോകം മുഴുവൻ ഇപ്പോഴും ഉയർത്തിക്കാട്ടുന്ന തെക്കെ അമേരിക്കൻ കമ്യുണിസ്റ്റ് ഗറില്ലാ യുദ്ധ വിപ്ലവകാരിയായിരുന്ന ചെഗുവേര മരണഭയം കാരണമായി കടുത്ത മാനസിക സമ്മർദം സഹിക്കാനാവാതെ തന്റെ തുടയിൽ സ്വയം വെടിവെച്ചുവെന്നാണ് ചരിത്രം പറയുന്നത്.

മരണത്തെ അതിജീവിക്കാൻ മനുഷ്യൻ പല ശ്രമങ്ങളും നടത്തിയതായി ചരിത്രത്തിൽ കാണാം. വിവിധ ജനസമൂഹങ്ങളിൽ പല തരത്തിലുള്ള ആചാരങ്ങൾ നിലനിന്നിരുന്നു. മരണസമയത്ത് ആഡംബര പൂർണമായ ഒരു യാത്രയയപ്പ് ഈ ലോകത്തുനിന്നും ലഭിച്ചിരിക്കണം എന്നായിരുന്നു ഈജിപ്തുകാരുടെ വിശ്വാസം. വസ്ത്രങ്ങൾ, വിലയേറിയ ആഭരണങ്ങൾ, ഫർണിച്ചർ സാധനങ്ങൾ, മതഗ്രന്ഥങ്ങൾ, രുചിയേറിയ ആഹാരപദാർഥങ്ങൾ എന്നിവയോടോപ്പം ശവശരീരങ്ങൾ സൂക്ഷിക്കപ്പെട്ടാലേ സൂര്യദേവനായ ‘റാ’യുടെ തിരുസന്നിധിയിൽ ആദരിക്കപ്പെടുകയുള്ളൂ എന്ന് വിശ്വസിക്കപ്പെട്ടിരുന്നു. അതിനായി മൃതശരീരം എംബാം ചെയ്ത് അവയുടെ മേൽ ഫറോവമാർക്കുവേണ്ടി ഈജിപ്തുകാർ വമ്പൻ പിരമിഡുകൾ പണിതുയർത്തി. ഇത്തരത്തിൽ പല വിചിത്രങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും വിവിധ സമൂഹങ്ങളിൽ നിലനിന്നിരുന്നു. ഉടലോടെ ഉയിർത്തെഴുന്നേൽപിക്കപ്പെടുമെന്നുള്ള വിശ്വാസത്തിലായിരുന്നു അവർ. ഭാവിയിൽ മരണത്തെ അതിജയിക്കുവാൻ ശാസ്ത്രത്തിനു കഴിഞ്ഞാൽ, ശവശരീരങ്ങളെ പുനർ ജീവിപ്പിക്കാനെങ്ങാനും സാധ്യമായാൽ, തങ്ങൾക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിൽ അമേരിക്കയിലെ ചില അതിസമ്പന്നർമാർ തങ്ങളുടെ ശരീരങ്ങൾ ശീതീകരിച്ച (CRYOGENICALLY COOLED) അവസ്ഥയിൽ സൂക്ഷിച്ചുവയ്ക്കാൻ വസ്വിയ്യത്ത് ചെയ്യാറുണ്ട്. ഈശ്വരനും മതവും പരലോകവുമില്ലാത്ത കമ്യുണിസ്റ്റുകൾ ലെനിൻ, കിം ഇൽ സുംഗ്, മാവോ സേ തുംഗ് തുടങ്ങിയവരുടെ ശരീരങ്ങൾ വമ്പൻ തുക ചെലവാക്കി സൂക്ഷിച്ചുവരുന്നതും ലോകം കണ്ടതാണ്. മരണത്തെ മറികടക്കാനുള്ള അപഹാസ്യമായ പല ശ്രമങ്ങളും മനുഷ്യൻ നടത്തുന്നു.

മരിക്കുമ്പോഴത്തെ അനുഭവങ്ങൾ എന്താണ്, മരണശേഷം എന്താണ് സംഭവിക്കുന്നത് എന്നൊക്കെ അറിയാൻ പാരാസൈക്കോളജിയിൽ ഗവേഷണ പഠനങ്ങൾ ആരംഭിച്ചിട്ട് കുറെ കാലമായി. മരണത്തെ മുഖാമുഖം കണ്ട് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നവരിലൂടെയാണ് പഠനങ്ങൾ നടന്നത്. മരണപ്പെടാൻ പോകുന്നയാൾ, തനിക്ക് പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടുമല്ലോ എന്നാലോചിച്ച് അതികഠിനമായ ദുഖവും നിരാശയും ബാധിച്ചുകൊണ്ട് മരണത്തെപ്പറ്റിയുള്ള ഭയപ്പാടിൽ ശാരീരികമായും മാനസികമായും രക്ഷപ്പെടാനുള്ള മാർഗങ്ങൾ അന്വേഷിക്കുമെന്നും അവരുടെ പഠനങ്ങൾ കണ്ടെത്തി. ആ സന്ദിഗ്ധ ഘട്ടത്തിൽ ജീവിതത്തെ സംബന്ധിച്ച് ഒരവലോകനം നടത്തുമെന്നതാണ് മറ്റൊന്ന്. അങ്ങേയറ്റം വൈകാരിക തീക്ഷ്ണത അനുഭവിക്കുന്ന സവിശേഷ സന്ദർഭത്തിൽ താൻ ജീവിതത്തിൽ ചെയ്ത നന്മകളെയും തിന്മകളെയും അവൻ തൂക്കിനോക്കും. എല്ലാറ്റിനുമൊടുവിൽ താനെന്ന യാഥാർഥ്യം ഇല്ലാതായി പോകുകയാണല്ലോ എന്ന് മനസ്സിലാക്കി മരണമെന്ന മഹാസത്യത്തിനു മുന്നിൽ കീഴടങ്ങുന്നു.

ഉറക്കവും മരണവും

ഉറക്കിനെ മരണത്തോട് താരതമ്യം ചെയ്യുന്നുണ്ട് ക്വുർആൻ: ‘രാത്രിയിൽ നിങ്ങളെ പൂർണമായി ഏറ്റെടുക്കുന്നവൻ അവനത്രെ’ എന്ന് ക്വുർആൻ (അൽഅൻആം 60) ഉറക്കിനെപ്പറ്റി വ്യക്തമാക്കുന്നു.

“ആത്മാക്കളെ അവയുടെ മരണവേളയിൽ അല്ലാഹു പൂർണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് എതൊന്നിന് അവൻ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവൻ പിടിച്ചുവയ്ക്കുന്നു. മറ്റുള്ളവയെ ഒരവധിവരെ അവൻ വിട്ടയക്കുകയും ചെയ്യുന്നു. തീർച്ചയായും ചിന്തിക്കുന്ന ജനങ്ങൾക്ക് അതിൽ ദൃഷ്ടാന്തമുണ്ട്’’(അസ്സുമർ 42).

ശരീരം, ജീവൻ, മനസ്സ്, ആത്മാവ് ഇവയെല്ലാം ഉൾകൊണ്ടതാണ് മനുഷ്യൻ. (മതവിശ്വാസികൾ ആത്മാവിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നു. ദൈവനിഷേധികൾ ആത്മാവിനെ നിഷേധിക്കുന്നവരാണ്. ആത്മാവിന്റെ വിശദാംശങ്ങൾ മനുഷ്യർക്ക് അജ്ഞാതമാണ്). മരണവേളയിൽ ആത്മാവിനെ ഏറ്റെടുക്കുന്നതുപോലെ ഉറങ്ങുന്ന നേരത്തും ആത്മാവിനെ ഏറ്റെടുക്കുന്നു എന്നാണ് ക്വുർആൻ വ്യക്തമാക്കിയത്. എന്നാൽ ശരീരത്തിലെ മിക്കവാറും എല്ലാ പ്രവർത്തനങ്ങളും വലിയ തടസ്സമൊന്നുമില്ലാതെ നടക്കുന്നുണ്ട്. ഉറക്കം താൽക്കാലികമായ മരണമാണെന്നർഥം. അസ്ഥി, പേശി, നാഡി, ദഹന, ശ്വസന, ചംക്രമണ, അന്തസ്രാവ, മൂത്ര, പ്രത്യുല്പാദന വ്യവസ്ഥകൾക്കൊന്നും ഉറക്കത്തിൽ കുഴപ്പമില്ല. ഉറക്കത്തിൽ എന്താണ് സംഭവിക്കുന്നത്? എന്താണ് ബോധം? അത് എങ്ങനെയാണ് മറയുന്നത്? സ്വപ്നം കാണുന്നതെങ്ങനെ? ഇത്തരം ചോദ്യങ്ങൾക്ക് കൃത്യമായ മറുപടികൾ ലഭിക്കുന്നില്ല. ന്യൂറോളജിസ്റ്റുകളുടെ നിഗമനം മസ്തിഷ്‌കത്തിലെ PINEAL GLANDൽനിന്നും പുറപ്പെടുന്ന MELATONIN എന്ന ഹോർമോൺ RETIEULAR FORMATIONഎന്ന ഭാഗത്തെ താൽക്കാലികമായി തളർത്തുമ്പോഴാണ് ഉറക്കം വരുന്നത്. ഉറക്കത്തിനു നാല് ഘട്ടങ്ങളുണ്ട് എന്നും അവർ പറയുന്നു. മസ്തിഷ്‌കത്തിനകത്തെ BIOLOGICAL CLOCK നെ കുറിച്ച് നമുക്ക് കാര്യമായൊന്നും അറിവില്ല.

എന്താണ് സ്വപ്നം?

സ്വപ്നം മറ്റൊരു അത്ഭുത പ്രതിഭാസമാണ്. സ്വപ്നത്തിൽ കാണുന്ന സംഗതികൾ നാം അനുഭവിക്കുക തന്നെയാണ്. സ്വപ്നത്തിൽ കണ്ണുകളോ റെറ്റിനയോ ഇല്ലാതെ നാം കാണുന്നു. ചെവിയോ ഇയർ ഡ്രമ്മോ ഇല്ലാതെ നാം കേൾക്കുന്നു. മൂക്കില്ലാതെ നാം മണമനുഭവിക്കുന്നു. നാവില്ലാതെ നാം രുചിയറിയുന്നു, സ്പർശനമറിയുന്നു. സ്വപ്നത്തിൽ കണ്ട കാഴ്ചകളും കേട്ട കാര്യങ്ങളും പലതും പിറ്റേന്ന് ഓർമിച്ചെടുക്കാൻ കഴിയുന്നു. യഥാർഥത്തിൽ ഉള്ളതാണ് എന്ന് തോന്നിക്കുന്ന വിധത്തിൽ സ്വപ്നത്തിൽ നാം അവയൊക്കെ അനുഭവിക്കുകയാണ്. തലച്ചോർ പ്രവർത്തിക്കുന്നുണ്ട് എന്നർഥം. എന്താണ് സ്വപ്നം? എന്താണ് സ്വപ്നത്തിൽ അപ്പോൾ സംഭവിക്കുന്നത്? കൃത്യമായി നമുക്കറിഞ്ഞുകൂടാ!

സ്രഷ്ടാവിന്റെ സങ്കീർണവും സൂക്ഷ്മവും അത്ഭുതകരവുമായ സൃഷ്ടിമാഹാത്മ്യത്തിനുള്ള ദൃഷ്ടാന്തമായി ഉറക്കിനെയും സ്വപ്നത്തെയും വിശ്വാസികൾ കാണുന്നു. ക്വുർആനിന്റെ കാഴ്ചപ്പാട് അങ്ങനെയാണ്. ഉറക്കത്തിൽ മരണപ്പെടുന്നവരുണ്ട്. എങ്കിലും താൽകാലിക മരണമായ ഉറക്കിൽനിന്നും ഉണരാതിരുന്നാലോ എന്ന് പൊതുവിൽ ആശങ്കപ്പെടാറില്ല. കാഫ്ക എന്ന യുറോപ്യൻ ചിന്തകൻ തന്റെ ശരീരത്തിൽനിന്നും വിട്ടകലുന്ന ആത്മാവ് ഉറക്കത്തിനുശേഷം തിരിച്ചുവന്നില്ലെങ്കിലോ എന്ന ഭയത്താൽ ഉറങ്ങാതെ കഴിച്ചുകൂട്ടിയിരുന്നു പോൽ! മരിക്കുമ്പോൾ ആത്മാവ് (ക്വുർആനിന്റെ ഭാഷയിൽ നഫ്‌സ്) പിരിഞ്ഞുപോകുന്നു. ശരീരം അധികം താമസിയാതെ ചീഞ്ഞളിയും. ദ്രവിച്ചു മണ്ണിൽ ലയിച്ച് ചേരും. എല്ലുകൾപോലും കാലക്രമേണ നുരുമ്പി ഇല്ലാതെയാകും. അങ്ങനെ നുരുമ്പി മണ്ണിലില്ലാതെയായ ശേഷം വീണ്ടും ജീവിപ്പിക്കുന്നതെങ്ങനെ എന്ന് സത്യനിഷേധികൾ അത്ഭുതപ്പെട്ടതും നിഷേധിച്ചതും ക്വുർആൻ ഒരുപാട് സ്ഥലങ്ങളിൽ എടുത്ത് കാണിച്ചതായി കാണാം. ആദ്യം ജീവിപ്പിച്ചവൻ രണ്ടാമതും ജീവിപ്പിക്കും എന്നാണു ക്വുർആൻ നൽകുന്ന ഉത്തരം.

പരലോക വിശ്വാസം

ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകൾ മൂന്നാണ്: തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (മരണാനന്തര ജീവിതം), രിസാലത്ത് (ദിവ്യദൗത്യം).

അനന്തവിശാലമായ പ്രപഞ്ചവും മനുഷ്യനടക്കമുള്ള സകല ചരാചരങ്ങളുമെല്ലാം സൃഷ്ടിച്ച്, സംവിധാനിച്ച്, നിയന്ത്രിച്ച്, പരിപാലിക്കുന്ന ഏകനായ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്നാണു തൗഹീദ്‌കൊണ്ട് ഉദ്ദേശിക്കുന്നത്. സകലവിധ പ്രാർഥനകളും നേർച്ചയും വഴിപാടുകളും സുജൂദും അല്ലാഹുവിന്ന് മാത്രമെ സമർപ്പിക്കാൻ പാടുള്ളൂ.

സ്രഷ്ടാവ് മനുഷ്യരെ ഒന്നടങ്കം മരണശേഷം ഉയിർത്തെഴുന്നേൽപിക്കും. ജീവിതത്തിലെ കർമങ്ങളുടെ കൃത്യമായ വിചാരണ നടക്കും. കർമരേഖ ഹാജരാക്കപ്പെടും. നീതിപൂർവമുള്ള വിചാരണയുടെ അടിസ്ഥാനത്തിൽ കണക്ക് നോക്കി സ്വർഗമോ നരകമോ വിധിക്കപ്പെടും. ആഖിറത്ത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഇതാണ്.

മരണാനന്തര ജീവിതത്തിൽ സ്വർഗം ലഭിക്കാൻ ഈ ജീവിതം എങ്ങനെ ക്രമപ്പെടുത്തണം? എന്താണ് പാപം? എന്താണ് പുണ്യം? ശരി, തെറ്റ്, ന്യായം, അന്യായം, നീതി, അനീതി... ഇതൊക്കെ എന്താണ്? അവ എങ്ങനെ വേർതിരിച്ചറിയും? എന്താണ് വിശ്വസിക്കേണ്ടത്? ആചരിക്കേണ്ടത്? അനുഷ്ഠിക്കെണ്ടത്? ഇത്യാദി കാര്യങ്ങൾ മനുഷ്യർക്ക് പഠിപ്പിച്ചുകൊടുക്കാൻ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരിൽ അന്തിമൻ മുഹമ്മദ് നബിﷺയാണ്. പ്രവാചക ദൗത്യത്തിൽ വിശ്വസിച്ച് ആ അധ്യാപനങ്ങൽക്കനുസൃതമായി ജീവിതത്തെ ക്രമീകരിക്കുക. ഇതാണ് രിസാലത്തുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

മരണശേഷം ഒരു ജീവിതമുണ്ട്. മരണാനന്തര ജീവിതമാണ് യഥാർഥ ജീവിതം എന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. ഭൗതികജീവിതം തീർത്തും താൽക്കാലികമാണ്, പെട്ടെന്നവസാനിക്കുന്നതാണ്. പരലോകജീവിതം ശാശ്വതമാണ്. അഥവാ അവസാനമില്ലാത്തത്. ഇഹലോകത്ത് തമാശയും കളിയും വിനോദവുമായി കഴിയുന്നതിനിടക്ക് മരണം വന്നെത്തും. ക്വുർആൻ വ്യക്തമാക്കുന്നത് കാണുക: ‘‘ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീർച്ചയായും, പരലോകജീവിതം തന്നെയാണ് യഥാർഥ ജീവിതം, അവർ മനസ്സിലാക്കിയിരുന്നുവെങ്കിൽ!’’(അൽഅൻകബൂത്ത് 64).

മനുഷ്യജീവിതത്തെ ഒന്ന് വിശകലനം ചെയ്ത് നോക്കുക. ശൈശവം, ബാല്യം, കൗമാരം എന്നീ ഘട്ടങ്ങൾക്ക് ശേഷം യൗവനത്തിലെത്തുമ്പോഴാണ് മനുഷ്യൻ തന്നെപ്പറ്റിയും ജീവിതത്തെപ്പറ്റിയും ഗൗരവമായി ആലോചിക്കുന്നത്. വിദ്യാഭ്യാസം കഴിഞ്ഞ് ജോലിക്കുവേണ്ടിയുള്ള നെട്ടോട്ടം, പിന്നെ വിവാഹം. ശേഷം മക്കൾ വീട് എന്നിവയിൽ വ്യാപൃതനാകും. കച്ചവടം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവർ വേറെ. കല, സ്‌പോർട്‌സ്, സാഹിത്യം, മീഡിയ, സിനിമ തുടങ്ങിയ രംഗങ്ങളൊക്കെ ഇന്ന് ജീവസന്ധാരണ മാർഗങ്ങളാണ്. പണം സമ്പാദിക്കാനുള്ള മാർഗങ്ങളിൽ സർവ കഴിവുകളുമുപയോഗിച്ചു മത്സരത്തിലെർപ്പെടുന്നവർ മറ്റെല്ലാം മറക്കും; മറ്റുള്ളവരുടെ മുമ്പിലെത്തണമെന്ന വാശിയിൽ. ആ വാശി ഒരു ലഹരിപോലെയായിത്തീരുന്നവരു മുണ്ട്. ജീവിതത്തിന്റെ ലക്ഷ്യത്തെപ്പറ്റി ചിന്തിക്കാതെ ഭൗതികലോകത്തിന്റെ പുറംമോടികളിൽ മയങ്ങി, അതിലെ ആസ്വാദനങ്ങളിൽ അഭിരമിച്ചു കഴിയുന്നവരെപ്പറ്റി ക്വുർആൻ ചൂണ്ടിക്കാണിക്കുന്നത് ഇപ്രകാരമാണ്:

“ഭൗതിക ജീവിതത്തിൽനിന്ന് പ്രത്യക്ഷമായത് അവർ അറിയുന്നു. പരലോകത്തെപ്പറ്റിയാകട്ടെ അവർ അശ്രദ്ധയിൽ തന്നെയാകുന്നു’’(അർറൂം 7).

യഥാർഥ ജീവിതലക്ഷ്യം വിസ്മരിച്ച് ഭൗതിക കാര്യങ്ങളിൽ മാത്രം ഏർപ്പെട്ട് ജീവിക്കുന്നവരുടെ അവസ്ഥ ക്വുർആൻ വ്യക്തമാക്കുന്നത് കാണുക: “നിങ്ങൾ അറിയുക, ഇഹലോക ജീവിതമെന്നത് കളിയും വിനോദവും അലങ്കാരവും നിങ്ങൾക്കിടയിൽ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്. ഒരു മഴപോലെ; അതുമൂലമുണ്ടായ ചെടികൾ കർഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോൾ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടത് തുരുമ്പായി പോകുന്നു. എന്നാൽ പരലോകത്ത് (ദുർവൃത്തർക്ക്) കഠിനമായ ശിക്ഷയും (സദ്‌വൃത്തർക്ക്) അല്ലാഹുവിങ്കൽനിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല’’ (അൽഹദീദ് 20).

പരലോക വിശ്വാസത്തെ തള്ളിപ്പറഞ്ഞവർ

മരണശേഷം മനുഷ്യരെ വീണ്ടും ജീവിപ്പിച്ച് കർമങ്ങളുടെ അടിസ്ഥാനത്തിൽ രക്ഷാശിക്ഷകൾ നടപ്പാക്കും എന്ന് സ്രഷ്ടാവ് പ്രവാചകന്മാരിലൂടെ സകല സമൂഹങ്ങളെയും അറിയിച്ചിട്ടുണ്ട്. അക്കാര്യം വിശ്വസിക്കാനും ഉൾകൊള്ളാനും കുറച്ചുപേരേ തയ്യാറായതുള്ളൂ. അധികപേരും തള്ളിക്കളയുകയാണുണ്ടായത്. മരിച്ചവരെ ജീവിപ്പിക്കുകയോ, അതെങ്ങനെ സാധ്യമാകും എന്ന് അവർ ആശ്ചര്യപ്പെട്ടു. നിഷേധികൾ തങ്ങളുടെ നിഷേധം പ്രകടമാക്കിയതിങ്ങനെയായിരുന്നു:

“നിങ്ങൾ മരിക്കുകയും, മണ്ണും അസ്ഥിശകലങ്ങളുമായി തീരുകയും ചെയ്താൽ നിങ്ങൾ (വീണ്ടും ജീവനോടെ) പുറത്തുകൊണ്ടുവരപ്പെടും എന്നാണോ അയാൾ നിങ്ങൾക്ക് വാഗ്ദാനം നൽകുന്നത്? നിങ്ങൾക്ക് നൽകപ്പെടുന്ന ആ വാഗ്ദാനം എത്രയോ വിദൂരം! ജീവിതം എന്നത് നമ്മുടെ ഈ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നാം ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരല്ല തന്നെ’’ (അൽമുഅമിനൂൻ 35-37).

സ്രഷ്ടാവായ അല്ലാഹുവിൽ വിശ്വസിക്കുന്നവരിൽ ചിലർ പോലും മരണാനന്തരം മനുഷ്യനെ അല്ലാഹു ജീവിപ്പിക്കില്ലെന്നു സത്യംചെയ്തു പറഞ്ഞതായി ക്വുർആൻ പ്രസ്താവിക്കുന്നു: “അവർ പരമാവധി ഉറപ്പിച്ചു സത്യം ചെയ്യാറുള്ള രീതിയിൽ അല്ലാഹുവിന്റെ പേരിൽ ആണയിട്ട് പറഞ്ഞു; മരണപ്പെടുന്നവരെ അല്ലാഹു ഉയിർത്തെഴുന്നേൽപിക്കുകയില്ല എന്ന്. അങ്ങനെയല്ല; അത് അവൻ ബാധ്യതയെറ്റ സത്യവാഗ്ദാനമാകുന്നു. പക്ഷേ, മനുഷ്യരിൽ അധികപേരും മനസ്സിലാകുന്നില്ല’’ (അന്നഹ്ൽ 38).

വിശ്വാസികളായ മാതാപിതാക്കൾ നിഷേധിയായ മകനെ വിളിച്ച് സത്യവിശ്വാസം കൈകൊള്ളാൻ ഉപദേശിക്കുമ്പോൾ അവനത് തള്ളിക്കളയുന്ന ചിത്രം ക്വുർആൻ വരച്ചുകാണിച്ചിട്ടുണ്ട്. മരിച്ചുപോയവർ ആരും തിരിച്ചുവന്നിട്ടില്ലല്ലോ എന്ന് അവർ ന്യായവാദം നടത്തുകയാണ്. നിങ്ങളീ പറയുന്നതൊക്കെ കെട്ടുകഥകളാണെന്ന് അവർ വാദിക്കുന്നു: “ഒരാൾ തന്റെ മാതാപിതാക്കളോട് പറഞ്ഞു: ‘ഛെ, നിങ്ങൾക്ക് കഷ്ടം! ഞാൻ (മരണാനന്തരം) പുറത്തുകൊണ്ടുവരപ്പെടും എന്ന് നിങ്ങൾ രണ്ടുപേരും എന്നോട് വാഗ്ദാനം ചെയ്യുകയാണോ? എനിക്കു മുമ്പ് തലമുറകൾ കഴിഞ്ഞുപോയിട്ടുണ്ട്.’ അവർ (മാതാപിതാക്കൾ) അല്ലഹുവിനോട് സഹായം തേടിക്കൊണ്ട് പറയുന്നു: ‘നിനക്ക് നാശം, നീ വിശ്വസിക്കണം, തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു.’ അപ്പോൾ അവൻ പറയുന്നു: ‘ഇതൊക്കെ പൂർവികന്മാരുടെ കെട്ടുകഥകൾ മാത്രമാണ്’’ (അൽഅഹ്കാഫ് 17).

മരണാനന്തര ജീവിതത്തെ അസംഭവ്യമായ കാര്യമായാണ് സത്യനിഷേധികൾ കാണുന്നത്. “നീ അത്ഭുതപ്പെടുന്നുവെങ്കിൽ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്: ‘ഞങ്ങൾ മണ്ണായിക്കഴിഞ്ഞിട്ടോ? ഞങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുകതന്നെ ചെയ്യുമോ?’ അക്കൂട്ടരാണ് തങ്ങളുടെ രക്ഷിതാവിൽ അവിശ്വസിച്ചവർ. അക്കൂട്ടരാണ് കഴുത്തുകളിൽ വിലങ്ങുകളുള്ളവർ. അക്കൂട്ടരാണ് നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും’’ (അർറഅ്ദ് 5).

ഭൗതിക ജീവിതത്തിന്നപ്പുറത്ത് ഒരു ജീവിതമില്ല, ആയുസ്സ് തീരുംവരെ സുഖിച്ച് ജീവിക്കുക, ഒടുവിൽ മരണം. അത്ര തന്നെ! ഇതാണ് പരലോകനിഷേധികളുടെ നിലപാട്: “അവർ പറഞ്ഞു: ‘ജീവിതമെന്നാൽ ഭൗതിക ജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു.’ (വാസ്തവത്തിൽ) അവർക്ക് അതിനെപ്പറ്റി യാതോരു അറിവുമില്ല. അവർ ഊഹിക്കുക മാത്രമാകുന്നു’’ (അൽജാഥിയ 24).

മരണാനന്തര ജീവിതത്തെ നിഷേധിച്ചവരുടെ നിലപാടുകളും ന്യായവാദങ്ങളിൽ ചിലതുമാണ് മേൽ ചൂണ്ടിക്കാണിച്ചത്. എക്കാലത്തുമുള്ള പരലോകനിഷേധികളുടെയും നിലപാട് ഇതൊക്കെത്തന്നെയാണ്. മരിച്ചു മണ്ണോട് ചേർന്നുകഴിഞ്ഞാൽ പിന്നെയൊരു ജീവിതമില്ല. ശരീരം നുരുമ്പി ജീർണിച്ചു മണ്ണിൽ ലയിക്കും. പിന്നെ എങ്ങനെ രണ്ടാമത് ജീവിക്കും? ഇതാണവരുടെ ചോദ്യം!

ഒരിക്കൽ സൃഷ്ടിച്ചവൻ രണ്ടാമതും സൃഷ്ടിക്കും

ശരീരം ജീർണിച്ചു മണ്ണിൽ ലയിച്ചുകഴിഞ്ഞാൽ പിന്നെ എങ്ങനെ രണ്ടാമത് ജീവിക്കും എന്ന സത്യനിഷേധികളുടെ ചോദ്യത്തിന് വിശുദ്ധ ക്വുർആൻ വ്യക്തമായി മറുപടി നൽകുന്നുണ്ട്. മറുപടിയുടെ ചുരുക്കം ഇതാണ്: ഒരിക്കൽ സൃഷ്ടിച്ചവന് രണ്ടാമത് സൃഷ്ടിക്കുക എന്നത് പ്രയാസമുള്ള കാര്യമല്ല. അതിനിസ്സാരമായ പുരുഷബീജവും സ്ത്രീയുടെ അണ്ഡവും കൂടിച്ചേർന്ന് ഭ്രൂണമായി ഘട്ടംഘട്ടമായി വളർന്നു പൂർണവളർച്ചയെത്തിയ കുഞ്ഞായി പുറത്തുവരുന്നു. അങ്ങനെ സൃഷ്ടിച്ചവൻ രണ്ടാമതും സൃഷ്ടിക്കും. ശൈശവം, ബാല്യം, കൗമാരം, യൗവനം, വാർധക്യം...ഇതൊക്കെ സൃഷ്ടിച്ച് സംവിധാനിച്ച് നിയന്ത്രിക്കുന്നവന് മനുഷ്യനെ മരണശേഷം വീണ്ടും ജീവിപ്പിക്കൽ വളരെ നിസ്സാരമാണ്.

ക്വുർആനിന്റെ അവതരണകാലത്ത് മക്കയിലുള്ള ബഹുദൈവാരാധകർ മരണാന്തരജീവിതത്തെ നിഷേധിക്കുന്നവരായിരുന്നു.മുമ്പ് കഴിഞ്ഞുപോയ തലമുറകളിലെ പരലോക നിഷേധികളെ പോലെത്തന്നെ മക്കക്കാരും ജീവിതം എന്നത് ഐഹികജീവിതം മാത്രമാണെന്ന് വാദിച്ചു. മനുഷ്യൻ മരിച്ചു മണ്ണോടു ചേർന്നാൽ പിന്നെ ഒരു ജീവിതമില്ല. അതോടെ എല്ലാം തീർന്നു എന്നാണവർ പറഞ്ഞിരുന്നത്.

നബിﷺയുടെ മക്കാജീവിത കാലത്തുണ്ടായ ഒരു സംഭവം ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു: ‘‘ആസ്വുബ്‌നു വാഇൽ മക്കാ താഴ്‌വരയിൽനിന്ന് (ഉണങ്ങി നുരുമ്പിയ) ഒരു എല്ലിൻകഷ്ണം കൈയിലെടുത്തു. എന്നിട്ട് അത് കൈയിലിട്ട് ഉരസി പൊടിയാക്കി. പിന്നെ അല്ലാഹുവിന്റെ ദൂതനോട് അയാൾ ചോദിച്ചു: ‘ഇങ്ങനെ ആയിത്തീർന്ന ഇതിനെ അല്ലാഹു ജീവിപ്പിക്കുമെന്നോ?’ അപ്പോൾ അല്ലാഹുവിന്റെ ദൂതൻﷺ പറഞ്ഞു: ‘അതെ, നിന്നെ അല്ലാഹു മരിപ്പിക്കും, പിന്നെ നിന്നെ ജീവിപ്പിക്കും. എന്നിട്ട് നിന്നെ കത്തിയാളുന്ന നരകത്തിൽ പ്രവേശിപ്പിക്കും.’ ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘അപ്പോൾ സൂറതു യാസീനിലെ അവസാനഭാഗത്തുള്ള ആയത്തുകൾ അവതരിച്ചു’’ (ബുഖാരി-മുസ്‌ലിമിന്റെ നിബന്ധനകളോടോത്തുവന്ന നിലയിൽ ഹാകിമും ഇബ്‌നു അബീഹാതിമും റിപ്പോർട്ട് ചെയ്തത്).

(നബിﷺയുടെ മറുപടിയുടെ ശൈലി ഒന്ന് പ്രത്യേകം ശ്രദ്ധിക്കുക. വളരെ സൗമ്യമായി പെരുമാറുന്ന സ്വഭാവമുള്ള പ്രവാചകൻ കഠിനശൈലിയിൽ സംസാരിക്കുന്ന ശത്രുക്കളോടുപോലും മൃദുലവും മാന്യവുമായാണ് പ്രതികരിക്കാറുള്ളത്. എന്നാൽ ഇവിടെ അതിശക്തമായ ശൈലിയിലാണ് മറുപടി. ‘നിന്നെ മരിപ്പിച്ച ശേഷം ജീവിപ്പിക്കും, എന്നിട്ട് നരകത്തിൽ പ്രവേശിപ്പിക്കും!’ മരണാനന്തര ജീവിതത്തെ നിഷേധിക്കുക മാത്രമല്ല പരിഹസിക്കുകയാണ് മക്കയിലെ ആ നിഷേധി. ആ പരിഹാസത്തിനും നിഷേധത്തിനും ആ അഹങ്കാരിയുടെ മുഖത്ത് ആഞ്ഞടിക്കുന്നത് പോലെയാണിവിടെ. വിഷയത്തിന്റെ പ്രാധാന്യം നമുക്കതിൽനിന്നും ഗ്രഹിക്കാം).

യാസീനിലെ പ്രസ്തുത ആയത്തുകൾ ഇതാണ്: “മനുഷ്യൻ കണ്ടില്ലേ, അവനെ ഒരു ബീജകണത്തിൽ നിന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നത് എന്ന്? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷനായ എതിർപ്പുകാരനായിരി ക്കുന്നു. അവൻ നമുക്ക് ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത് അവൻ മറന്നുകളയുകയും ചെയ്തു. അവൻ പറഞ്ഞു: ‘എല്ലുകൾ ദ്രവിച്ചുപോയിരിക്കെ ആരാണ് അവയ്ക്ക് ജീവൻ നൽകുന്നത്?’ പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവൻതന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്. അവൻ എല്ലാതരം സൃഷ്ടിപ്പിനെ പറ്റിയും സൂക്ഷ്മമായ അറിവുള്ളവനത്രെ’’(യാസീൻ 77-79).

ഒരിക്കൽ സൃഷ്ടിച്ചവന് രണ്ടാമതും സൃഷ്ടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല എന്ന കാര്യം ക്വുർആനിൽ പലയിടങ്ങളിലായി വ്യതസ്ത ശൈലികളിൽ പ്രസ്താവിച്ചതായി കാണാം: “അവനാകുന്നു സൃഷ്ടിപ്പ് ആരംഭിക്കുകയും പിന്നീട് അതാവർത്തിക്കുകയും ചെയ്യുന്നവൻ. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പമുള്ളതാകുന്നു’’ (അർറൂം 27).

“അവങ്കലേക്കാണ് നിങ്ങളുടെ എല്ലാവരുടെയും മടക്കം. അല്ലാഹുവിന്റെ സത്യവാഗ്ദാനമത്രെ അത്. തീർച്ചയായും അവൻ സൃഷ്ടി ആരംഭിക്കുന്നു. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് നീതിപൂർവം പ്രതിഫലം നൽകുവാൻ വേണ്ടി അവൻ സൃഷ്ടികർമം ആവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ നിഷേധിച്ചതാരോ അവർക്ക് ചുട്ടുതിളയ്ക്കുന്ന പാനീയവും വേദനയേറിയ ശിക്ഷയും ഉണ്ടായിരിക്കും. അവർ നിഷേധിച്ചിരുന്നതിന്റെ ഫലമത്രെ അത്’’ (യൂനുസ് 4).

“ആദ്യമായി സൃഷ്ടി ആരംഭിച്ചതുപോലെ തന്നെ നാം അത് ആവർത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുകതന്നെ ചെയ്യുന്നതാകുന്നു’’ (അൽഅൻ ബിയാഅ് 104).

“പിന്നെ അതിൽതന്നെ നിങ്ങളെ അവൻ മടക്കുകയും നിങ്ങളെ ഒരിക്കൽ അവൻ പുറത്ത് കൊണ്ടു വരികയും ചെയ്യുന്നതാണ്’’ (നൂഹ് 18).

‘‘അപ്പോൾ ആരാണ് ഞങ്ങളെ (ജീവിതത്തിലേക്ക്) തിരിച്ചു കൊണ്ടുവരിക എന്ന് അവർ പറഞ്ഞേക്കും. നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചവൻതന്നെ എന്ന് നീ പറയുക. അപ്പോൾ നിന്റെ നേരെ (നോക്കിയിട്ട്) അവർ തലയാട്ടിക്കൊണ്ട് പറയും: ‘എപ്പോഴായിരിക്കുമത്?’ നീ പറയുക: അത് അടുത്തുതന്നെ ആയേക്കാം’’ (അൽഇസ്‌റാഅ് 51).

‘‘അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിക്കുകയും പിന്നെ അത് ആവർത്തിക്കുകയും ചെയ്യുന്നു എന്ന് അവർ ചിന്തിച്ചുനോക്കിയിട്ടില്ലേ? തീർച്ചയായും അത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതത്രെ’’ (അൽഅൻകബൂത്ത് 19).

‘‘അതിൽ(ഭൂമിയിൽ)നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്കുതന്നെ നിങ്ങളെ നാം മടക്കുന്നു. അതിൽനിന്നുതന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്ത് കൊണ്ടുവരികയും ചെയ്യും’’ (ത്വാഹാ 55).

(10:34, 27:64, 30:11, 53:47, 18:48, 41:21, 85:8 തുടങ്ങിയ ആയത്തുകളിലും ഒരിക്കൽ സൃഷ്ടിച്ചവൻ രണ്ടാമതും സൃഷ്ടിക്കും എന്ന കാര്യം സൂചിപ്പിക്കുന്നുണ്ട്).

പത്തിലധികം സ്ഥലങ്ങളിൽ, മരണപ്പെട്ടവരെ അവൻ ജീവിപ്പിക്കും എന്ന് കൃത്യമായി പ്രസ്താവിച്ചതായി കാണാം. ഉണങ്ങി വരണ്ട ഭൂമിയിൽ മഴപെയ്ത് ചെടികൾ മുളച്ചുപൊങ്ങുന്നത് ചൂണ്ടിക്കാണിച്ച് അപ്രകാരം മരണപ്പെട്ടവരെ ജീവിപ്പിക്കും എന്ന് വ്യക്തമാക്കുന്നുണ്ട് ക്വുർആൻ: “അവനത്രെ അവന്റെ അനുഗ്രഹത്തിന് (മഴക്ക്) മുമ്പായി സന്തോഷവാർത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവൻ. അങ്ങനെ അവ (കാറ്റുകൾ) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാൽ നിർജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചു കൊണ്ടുപോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അതുമൂലം എല്ലാതരം കായ്കനികളും നാം പുറത്തുകൊണ്ടുവരികയും ചെയ്യുന്നു. അതുപോലെ നാം മരണപ്പെട്ടവരെ പുറത്തു കൊണ്ടുവരുന്നതാണ്. നിങ്ങൾ ശ്രദ്ധിച്ച് മനസ്സിലാക്കുന്നവരായേക്കാം’’ (അൽഅഅ്‌റാഫ് 57).

ഇതേ ആശയം വ്യത്യസ്ത ശൈലികളിൽ ക്വുർആൻ പലയിടങ്ങളിലും ആവർത്തിക്കുന്നുണ്ട്: “അല്ലാഹുവാണ് കാറ്റുകളെ അയച്ചവൻ. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിർജീവമായ നാട്ടിലേക്ക് നാം തെളിച്ചു കൊണ്ടുപോകുകയും അത് മുഖേന ഭൂമിയെ അതിന്റെ നിർജീവാവസ്ഥക്ക് ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയിർത്തെഴുന്നേൽപ്’’ (അൽഫാത്വിർ 9).

ആകാശഭൂമികളുടെ സൃഷ്ടിപ്പ് ചൂണ്ടിക്കാണിച്ചുകൊണ്ടും ഈ കാര്യം പ്രസ്താവിക്കുന്നതായി കാണാം. അനന്തവിശാലമായ ഈ മഹാപ്രപഞ്ചത്തെ സൃഷ്ടിച്ചു സംവിധാനിച്ച് നിയന്ത്രിക്കുന്നവന് മനുഷ്യരെ മരണശേഷം പടക്കാനാണോ പ്രയാസം എന്ന് ക്വുർആൻ ചോദിക്കുന്നു: “ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചതുകൊണ്ട് ക്ഷീണിക്കാതിരിക്കുകയും ചെയ്ത അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവൻ തന്നെയാണെന്ന് അവർക്ക് കണ്ടുകൂടേ? അതെ, തീർച്ചയായും അവൻ ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു’’ (അൽഅഹ്കാഫ് 33).

(അവസാനിച്ചില്ല)