സത്യാനന്തരകാലത്തെ സാമൂഹിക വർത്തമാനങ്ങൾ

മുജീബ് ഒട്ടുമ്മൽ

2023 മാർച്ച് 11, 1444 ശഅ്ബാൻ 18

വസ്തുതകളേക്കാള്‍ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും നെഞ്ചുനീറുന്ന നേരിന് കുളിരുപകരുന്ന നുണകള്‍ പകരംനില്‍ക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. സത്യത്തിനോട് പ്രതിപത്തിയുള്ള സമൂഹത്തിന്റെ പുനഃസൃഷ്ടിക്കായി നാം ചെയ്ത് തീര്‍ക്കേണ്ടതെന്തെല്ലാം, നാം ബലി കൊടുക്കേണ്ടതെന്തെല്ലാം?

സത്യാനന്തരകാലം (Post truth era) ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. വസ്തുതകളെക്കാൾ വികാരങ്ങൾക്കും വ്യക്തിപരമായ തന്നിഷ്ടങ്ങൾക്കും പ്രാധാന്യം നൽകുകയും അതൊരു പൊതു അഭിപ്രായമായി രൂപംകൊള്ളുകയും ചെയ്യുകയാണ് സത്യാനന്തര കാലമെന്ന് ഡേവിഡ് റോബർട്ട്‌സ് എന്ന ബ്ലോഗർ നിരീക്ഷിക്കുകയുണ്ടായി. സത്യത്തിനും യാഥാർഥ്യങ്ങൾക്കും വില കൽപിക്കാതെ സങ്കൽപങ്ങളും മിത്തുകളും മിഥ്യാധാരണകളും സത്യത്തിന്റ സ്ഥാനത്ത് നിലയുറപ്പിക്കലാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. ഇതിന് സമൂഹത്തിൽ പ്രചാരണം ലഭിക്കാൻ രണ്ട് കാരണങ്ങളാണ് സാമൂഹിക, രാഷ്ട്രീയ നിരീക്ഷകർ ചുണ്ടിക്കാണിക്കുന്നത്; ബ്രെക്‌സിറ്റും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും.

1992 ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെ യൂറോപ്യൻ വൻകരയിലെ 28 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്ര ഏകീകൃത സംവിധാനമാണ് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ മേഖലയിലെ ഏറ്റവും വലിയ രാഷ്ട്രീയ,സാമ്പത്തിക ശക്തിയാണ് ഈ യൂണിയൻ. ഏകീകൃത കമ്പോളം, പൊതുനാണയം, പൊതു കാർഷിക നയം, പൊതുവ്യാപാര നയം, പൊതുമത്സ്യബന്ധന നയം എന്നിവയാണ് ഈ യൂണിയന്റ സവിശേഷതകൾ. എന്നാൽ മറ്റു രാജ്യങ്ങളുമായി കൂട്ടുചേരുന്നതും ഐക്യപ്പെടുന്നതും സ്വന്തം അസ്തിത്വത്തിന് നല്ലതല്ല എന്ന് ബ്രിട്ടണിലെ തീവ്ര ദേശീയവാദികൾ വാദിക്കുകയും അതിനായി പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്തു. ജനങ്ങളുടെ ഹിതപരിശോധനയ്ക്കായി ഭരണകൂടം നിർബന്ധിതരായി. ഭൂരിപക്ഷം പേരും യൂറോപ്യൻ യൂണിയൻ വിടുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയുണ്ടായി. കള്ളം പ്രചരിപ്പിച്ച് വ്യാജ ദേശീയത ജനങ്ങളിൽ കുത്തിവെക്കുന്നതിൽ തീവ്ര നിലപാടുകൾ വിജയിക്കുകയായിരുന്നു. അങ്ങനെ യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകാനുള്ള ബ്രിട്ടന്റ തീരുമാനമായിരുന്നു ബ്രെക്‌സിറ്റ് (The Exit of Britain).

2016 നവംബറിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റ വിജയമാണ് മറ്റൊരു കാരണം. അബദ്ധജടിലവും അശ്ലീലം നിറഞ്ഞതും രാഷ്ട്രീയ നൈതികതയ്ക്ക് വിരുദ്ധവുമായ സംസാരങ്ങൾകൊണ്ട് നിറഞ്ഞതായിരുന്നു ട്രംപിെന്റ പ്രചാരണ പ്രവർത്തനങ്ങൾ. ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലാരി ക്ലിന്റൻ വിജയിക്കുമെന്നുറപ്പിച്ച ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ട്രംപ് വിജയിച്ചതിനെ ‘സത്യത്തെ കുഴിച്ചുമൂടി എന്നും അസത്യം പിറവിയെടുത്തിരിക്കുന്നു’ എന്നും സർവരും അഭിപ്രായപ്പെട്ടുകൊണ്ടിരുന്നു.

ഈ രണ്ട് സംഭവങ്ങളിലും മിത്തിന്റയും അസത്യത്തിന്റയും വ്യാജ പ്രചാരണത്തിലൂടെ സത്യത്തെ നിരാകരിച്ച് കൊണ്ടുള്ള വിജയമായതുകൊണ്ട് സത്യാനന്തര കാലഘട്ടവും സത്യാനന്തര രാഷ്ട്രീയവുമെന്ന് സമൂഹം പേര് വിളിച്ച് തുടങ്ങി. അസത്യങ്ങൾ ക്ഷമാർഹമല്ലെന്ന പഴയ നിലപാടിൽനിന്ന് അവ ‘ചില സാഹചര്യങ്ങളിൽനിന്ന് ക്ഷമാർഹം മാത്രമല്ല, സ്വീകാര്യവും കൂടിയാണെ’ന്ന നിലപാടിലേക്ക് സമൂഹം മാറിക്കഴിഞ്ഞതോടെയാണ് സത്യാനന്തരകാലം ആരംഭിച്ചതെന്നും നിരീക്ഷിക്കുന്നുണ്ട്.

ലോകത്ത് അസത്യത്തിന്റ പ്രചാരണം പല സമൂഹങ്ങളിലായി അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിസമർഥമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. ലോകത്തെ വൻ സാമ്പത്തിക രാഷ്ട്രങ്ങൾ ഇതര നാടുകളിൽ അനാവശ്യമായി ഇടപെടുന്നതിനെ ന്യായീകരിക്കാനും നുണപ്രചാരണമാണ് ആയുധമായി സ്വീകരിക്കുന്നത്. മത പ്രചാരണവും അതിന്റ സമൃദ്ധിയും ആധിപത്യവുമെല്ലാം സത്യത്തിന്റ കാലമാണെന്നംഗീകരിക്കാൻ ആധുനികതയ്ക്ക് സാധിക്കുന്നുവെന്നതാണ് സത്യാനന്തരകാലം സമൂഹത്തോട് പറയുന്നത്. സ്വാഭാവികമായി ഇതിനോട് നീരസം പ്രകടിപ്പിക്കുന്നവരുണ്ട്. മാനവികതയുടെ ഉദാത്തമായ മാതൃക വരച്ചുകാണിച്ച ദൈവിക ദർശനത്തിലെ സത്യവും ധർമവും നീതിയും ന്യായവും എല്ലാം കളങ്കമില്ലാത്ത സാമൂഹിക ബോധമാണ് നൽകിയത്. മനുഷ്യജീവിതത്തോട് സമരസപ്പെടാത്തതും പ്രകൃതിക്ക് യോജിക്കാത്തതുമായ ഒരു കാര്യവും ഏത് കാലത്തും മതത്തിൽ ദാർശനികമായി കണ്ടെത്താനാവില്ല. അതുകൊണ്ടാണ് വ്യാജപ്രചാരണങ്ങളും നുണകളും ആവർത്തിക്കപ്പെടുന്നത്. സത്യാനന്തര കാലത്ത് മതനിഷേധത്തിന്റെയും ദൈവനിരാസത്തിന്റെയും മാനവിക വിരുദ്ധതയുടെയും പ്രചാരകർ വ്യാജവർത്തമാനങ്ങളിൽ അഭിരമിക്കുന്നതും അതുകൊണ്ടാണ്.

പ്രസ്താവനയിൽ വിവാദമോ?

പ്രകൃതിപരമായ ഘടനയിൽ മനുഷ്യന്റ അനുഭവങ്ങൾക്ക് നേർസാക്ഷ്യമായ സത്യത്തെ വിളിച്ച് പറയുന്നത് പോലും വിവാദമാകുന്ന കാലമാണിത്. വസ്തുതകളെക്കാൾ മിഥ്യാധാരണകളെയും സ്വപ്ന സങ്കൽപങ്ങളെയും സത്യത്തിന്റ സ്ഥാനത്ത് അവരോധിക്കുന്നു. സത്യം വിളിച്ചുപറയുന്നവരെ വിവാദ നായകരായും സത്യപ്രസ്താവനകളെ വിവാദ പ്രസ്താവനകളായും ചിത്രീകരിക്കുന്ന വൈരുധ്യം മലയാളി പ്രബുദ്ധതയിൽ പോലും വളർന്നുവരുന്നുവെന്നതിന് തെളിവുകളേറെയുണ്ട്. മീഡിയാ റൂമുകളിലിരുന്ന് കോർപറേറ്റ് താൽപര്യങ്ങൾ വസ്തുതാവിരുദ്ധമായാലും അതിനനുസരിച്ച് അക്ഷരങ്ങൾ ചേർത്തുവയ്ക്കുന്ന അടിമപ്പണിയാണ് ഇപ്പോൾ നടക്കുന്നതെന്ന് തോന്നിക്കുന്ന വിധമാണ് മലയാള മാധ്യമങ്ങളുടെ പോലും ഇടപെടലുകൾ ബോധ്യപ്പെടുത്തുന്നത്. അതിന് ഉദാഹരിക്കാവുന്ന ഒരു പ്രസ്താവനയാണ് സർവ ദൃശ്യമാധ്യങ്ങളിലും ഒരു രാഷ്ട്രീയ നേതാവിനെ പ്രതിചേർത്ത് കൊണ്ടുള്ള ചർച്ചകളിൽ കണ്ടത്.

“ആണ് പ്രസവിക്കുകയില്ല, അണ്ഡവും ബീജവും പൂർണയായ സ്ത്രീയുടെ ഗർഭാശയത്തിൽവച്ച് സങ്കലനം നടക്കുമ്പോഴാണ് കുഞ്ഞുണ്ടാകുന്നത്, ട്രാൻസ്‌മെൻ പ്രസവിക്കില്ല.’’ ഫെബ്രുവരി 12ന് കോഴിക്കോട് കടപ്പുറത്ത് നടന്ന വിസ്ഡം ഇസ്‌ലാമിക് കോൺഫറൻസിൽ പങ്കെടുത്തുകൊണ്ട് ജനമഹാ സാഗരത്തെ അഭിസമ്പോദന ചെയ്ത ഡോ. എം.കെ മുനീർ എംഎൽഎയുടെ വാക്കുകളാണിത്. മലയാളികൾക്ക് സുപരിചിതമായ പത്ര, ദൃശ്യമാധ്യമങ്ങളിൽ തെളിഞ്ഞുവന്ന വാക്കുകൾ ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. ‘ആണ് പ്രസവിക്കില്ലെന്നത് വിവാദ പ്രസ്താവന’യെന്നാണ് മാധ്യമങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത്. അന്ധവിശ്വാസങ്ങളിലെ മായാകഥകൾ കേട്ട് അതിശയിച്ചിരുന്ന മലയാളീ പൊതുബോധം തീർത്തും യാഥാർഥ്യവിരുദ്ധമായ മാധ്യമ വാചകക്കസർത്തുകളിൽ അന്ധാളിച്ച് നിൽക്കുകയായിരുന്നു. രാജാവ് നഗ്‌നനാണെന്ന് അദ്ദേഹം ഉറക്കെ ചങ്കൂറ്റത്തോടെ വിളിച്ച് പറഞ്ഞുവെന്നതിനാലാണ് മാധ്യമങ്ങളുടെ വിചാരണക്ക് അദ്ദേഹം വിധേയനായത്. മതാത്മകമായ സദാചാര നിർമിതിയും കുടുംബഘടനയും നമ്മൾ അറിയാതെതന്നെ സ്വീകരിക്കപ്പെടുന്ന സമകാലിക സാംസ്‌കാരിക അവസ്ഥയാണ് കേരളത്തിലെന്ന് പരിഭവിക്കുന്നവരാണ് മാധ്യമ വേദികൾ ഇത്തരം വിമർശനങ്ങൾക്കുപയോഗിക്കുന്നത്.

പുരോഗമനവാദികൾ ഉൾപ്പെടെ ഏത് ചിന്താഗതിക്കാരും ഈ പൊതുബോധത്തെ സ്വാംശീകരിക്കുകയാണെന്ന് അവർ വ്യാകുലപ്പെടുകയും ചെയ്യുന്നു. ഇത്തരം പരിഭവങ്ങളുടെയും വ്യാകുലതകളുടെയും സമ്മർദത്തിൽ അധികാരികൾ അവർക്ക് തണലൊരുക്കുകയാണ്.

സത്യാനന്തരകാല കെടുതികൾ

വ്യാജവർത്തമാനങ്ങൾ കൊ ണ്ട് സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഇവർ ചിന്തിക്കാറില്ല. അല്ലെങ്കിലും മാന്യമായി ജീവിക്കുന്നവർക്കിടയിൽ ശല്യമായി മാറുകയും സ്വൈര്യം കെടുത്തുകയും ചെയ്യുകയെന്നതാണല്ലോ ഇവരുടെ ലക്ഷ്യം. സമൂഹത്തിൽ ഇവർ കൊണ്ടുവന്ന ക്രിയാത്മകമായ ഏതെങ്കിലും നേട്ടങ്ങളെ എടുത്ത് പറയാൻ അവരെ പിന്തുണക്കുന്നവർക്ക് പോലും ആവില്ല.

മതത്തെ അന്ധവിശ്വാസത്തിന്റ സ്രോതസ്സായി വിലയിരുത്തുന്ന സ്വതന്ത്രവാദികളുടെ മഹാ പൊള്ളയായ അന്ധവിശ്വാസമാണ് പ്രസ്താവന വിവാദമാക്കിയതിന് പിന്നിലെന്നത് ഏറെ കൗതുകമുള്ള കാര്യമാണ്. അതിനെ അഭിമാനത്തോടെ പ്രോൽസാഹിപ്പിക്കുന്നവരാണ് കേരളത്തിന്റ ഉന്നത വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നതെന്ന് പറയുമ്പോൾ കാര്യങ്ങൾ എത്ര അപകടാവസ്ഥയിലാണെന്ന് ബോധ്യപ്പെടും. ട്രാൻസ് ദമ്പതികളായ സിയ പവലിനും സഹദിനും ഒരു കുഞ്ഞു പിറന്നിരിക്കുന്നുവെന്നും സാമ്പ്രദായി ബൈനറികളിലുറച്ച പൊതുബോധത്തിൽ അട്ടിമറി സൃഷ്ടിച്ചിരിക്കുന്നുവെന്നും അഭിമാനത്തോടെ ഉന്നത വിദ്യാഭ്യാസമന്ത്രി വിളിച്ചു പറയുമ്പോൾ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടെന്ന് സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകും.

മാധ്യമങ്ങളും അധികാരികളും മനുഷ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ ഇത്തരം കാര്യങ്ങളെ പ്രോ ൽസാഹിപ്പിക്കുമ്പോൾ ജീവിതം നഷ്ടപ്പെടുന്നത് പാവങ്ങളായ ട്രാൻസ്‌ജെന്ററുകൾക്കാണ്. അവരെ ദുരന്തമുഖത്തേക്ക് തള്ളിവിടുന്ന ക്രൂരതകളാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയണം. മലയാളി പ്രബുദ്ധർക്കിടയിൽ തന്നെ ഇതിന്റ ദുരിതം പേറി ദുഃഖഭാരം സഹിക്കാനാവാതെ കഴിഞ്ഞുകൂടുന്ന ട്രാൻസ്‌ജെന്ററുകളുടെ എണ്ണം വർധിക്കുകയാണ്. അവരുടെ വേദനയും കണ്ണുനീരും കണ്ട് ആസ്വദിക്കുന്ന സാഡിസ്റ്റുകളാണ് ഇത്തരം പ്രോൽസാഹനവുമായി കടന്നുവരുന്ന മാധ്യമങ്ങളും അധികാരികളും സ്വതന്ത്രവാദികളുമെന്ന് പറയാതെ വയ്യ.

ട്രാൻസ്‌ജെന്ററുകളെ തീരാദുഃഖത്തിലേക്ക് വലിച്ചെറിയാതിരിക്കാനുള്ള മനസ്സ് കാണിക്കാൻ തയ്യാറാകണമെന്നാണ് ഇത്തരം ആളുകളോട് പറയാനുള്ളത്. അവരനുഭവിക്കുന്ന ദുരിതങ്ങൾക്കൊരു ഉദാഹരണമാണ് ഈയിടെ പ്രസവിച്ച സഹദ് എന്ന പേരിൽ അറിയപ്പെടുന്ന യുവതി. അവർ പുരുഷനാകാൻ ത‌െന്റ സ്തനങ്ങൾ മുറിച്ചുമാറ്റി. അവസാനം അവരുടെ തന്നെ ഉദരത്തിൽ പിറന്ന കുഞ്ഞിനെ മുലയൂട്ടാൻ സ്തനമില്ലാതെ പോയതിലുള്ള കടുത്ത ദുഃഖം അവർ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നുണ്ട്. ജീവിതകാലം മുഴൂവൻ തനിക്ക് പിറന്ന കുഞ്ഞിന് അമ്മിഞ്ഞ നൽകാൻ സാധിക്കാത്തതിലെ പരിഭവവുമായി കഴിഞ്ഞ് കൂടാൻ വിധിക്കപ്പെടുകയാണ് ഈ യുവതി. മാതാവെന്ന നിലയിൽ അവരുടെ വേദനയകറ്റാൻ ആർക്കാണ് സാധിക്കുകയെന്ന് മാധ്യമങ്ങൾക്കും അധികാരികൾക്കും പറയാൻ സാധിക്കുമോ?

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെന്റർ മാധ്യമപ്രവർത്തകയെന്ന് വിശേഷിപ്പിക്കട്ടെ ഹെയ്ദി സാദിയ മറ്റൊരു ദുരന്തമാവുകയാണ്. സ്ത്രീയായി മാറാൻ കഠിനമായ സർജറിക്ക് വിധേയമായ അവർ ഏഴ് വർഷങ്ങൾക്ക് ശേഷം അനുഭവിക്കുന്ന വേദനയെ കുറിച്ച് മാതൃഭൂമിയിൽ നൽകിയ അഭിമുഖം ഏറെ വിഷമത്തോടെയാണ് വായിക്കാനാവുക. മൂത്രമൊഴിക്കുമ്പോൾ പോലും അസഹ്യമായ വേദന അനുഭവിക്കുന്ന അവർ താൻ നരകതുല്യമായ ജീവിതമാണ് നയിക്കുന്നതെന്ന് പരിഭവിക്കുന്നുണ്ട്. ഒരു വർഷത്തോളമായത്രെ കടുത്ത വേദന അനുഭവിച്ച് തുടങ്ങിയിട്ട്! ഇവർ വേദനാസംഹാരിയായ ഗുളികകളിലും ഇഞ്ചക്ഷനുകളിലും ആശ്വാസം കണ്ടെത്തുകയാണ്. ഇത് അവസാനിക്കുമോ എന്ന് ഒരു നിശ്ചയവുമില്ല. കറക്ഷൻ സർജറികൂടി ചെയ്യാൻ ഡോക്ടർ ആവശ്യപ്പെടുന്നുവെങ്കിലും ഇനിയും ഒരു വേദന സഹിക്കാനാകില്ലെന്നും സാമ്പത്തിക പരാധീനതകൾ കാരണമായി ദീർഘമായ വിശ്രമത്തിന് ഇപ്പോൾ സാധ്യമല്ലെന്നും അവർ സങ്കടപ്പെടുന്നുണ്ട്. ഇതുപോലെ സർജറിയുടെ സങ്കീർണാവസ്ഥ തുറന്നുപറയാൻ പലരും തയ്യാറാകുന്നില്ലെന്നും സങ്കീർണമാകുന്നവരുടെ അവസ്ഥ ദുരിതപൂർണമാണെന്നും അവർ പറയുന്നുണ്ട്.

‘ഇഷ്ടമുള്ള ശരീരത്തിൽ’ ജീവിക്കാനുള്ള അങ്ങേയറ്റത്തെ ആഗ്രഹത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമായ മറ്റൊരു ട്രാൻസ്‌ജെന്ററായിരുന്നു അനന്യകുമാരി അലക്‌സ്. സ്ത്രീയാകാൻ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയമായ അവർ നിൽക്കാനും ഇരിക്കാനും മാത്രമല്ല ആഞ്ഞൊന്ന് ചുമയ്ക്കാൻ പോലും വയ്യാത്ത നിലയിലായി. അത്രമേൽ ദുരിതം താങ്ങാനാകാതെയാണ് 28ാമത്തെ വയസ്സിൽ കഴിഞ്ഞ വർഷം ജൂലൈ 20ന് ആത്മഹത്യ ചെയ്തത്. കേരളത്തിലെ സ്വാഭാവികതയ്‌ക്കെതിരെയുള്ള ക്വിയർ പോരാട്ടങ്ങളുടെ മുന്നണി പ്പോരാളിയായിരുന്നുവത്രെ അവർ. ശസ്ത്രക്രിയയിലെ അശാസ്ത്രീയത ആരോപിച്ചുകൊണ്ടും അവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ആക്ഷൻ ഫോറം രൂപീകരിച്ച് പ്രവത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ആത്മഹത്യയിൽനിന്നും മരണത്തിൽനിന്നും അവരെ രക്ഷിക്കാനായില്ല.

കൊട്ടിഘോഷിക്കപ്പെടുന്ന ട്രാ ൻസ്‌ജെന്റർ ആക്ടിവിസം മനസ്സും ശരീരവും തമ്മിൽ ഭിന്നാവസ്ഥയിലുള്ള ഇത്തരം ആളുകളെ ചേർത്ത് പിടിക്കുകയല്ല കൂടുതൽ ദുരിതങ്ങളിലേക്കും ചൂഷണങ്ങളിലേക്കും തള്ളിവിടുകയാണ് യഥാർഥത്തിൽ ചെയ്യുന്നത്. ഇവരുടെ മാനസിക പ്രയാസങ്ങളോടൊപ്പം ശാരീരികപ്രയാസങ്ങളിലേക്കും തള്ളിവിടുന്ന സർജറികളിൽനിന്ന് രക്ഷപ്പെടുത്തുന്നതിന് പകരം ശസ്ത്രക്രിയയിലെ ശാസ്ത്രീയത തെരയുന്നതിലാണ് ഇവർക്ക് വേണ്ടിയെന്ന പോലെ ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ശരീരത്തിലെ പ്രകൃതിദത്തമായി ലഭിച്ച അവയവങ്ങളെ കീറിമുറിച്ച് പകരം മറ്റൊന്ന് ചേർത്തുവയ്ക്കുകയെന്നത് വിജയിക്കുമെന്ന് വാദിക്കാമെങ്കിലും പകരം വെച്ചത് ഒരിക്കലും ആദ്യത്തേതു പോലെ പ്രവർത്തനക്ഷമതയുണ്ടാവില്ലെന്നത് ആർക്കാണ് അറിഞ്ഞുകൂടാത്തത്.

അതിനാൽ ശരീരവും മനസ്സും തമ്മിൽ ഭിന്നത അനുഭവിക്കുന്നതുകൊണ്ട് മാനസിക സംഘർഷങ്ങളനുഭവിക്കുന്ന ഇവരെ തോന്നലുകൾക്കനുസരിച്ച് വിടാതെ കൃത്യമായ കൗൺസിലിംഗിന് വിധേയമാക്കി ആരോഗ്യകരമായ മനസ്സ് രൂപപ്പെടുത്തുകയാണ് വേണ്ടത്. മനുഷ്യന്റ മനസ്സിന്റെ വൈകല്യങ്ങൾക്കനുസരിച്ച് രൂപപ്പെടുന്ന അന്ധവിശ്വാസങ്ങളിൽ പച്ചയായ മനുഷ്യന്റ കഴുത്തറുത്ത് ബലി നൽകുന്നതിനെതിരെ ശബ്ദിക്കാൻ ആരും മടിക്കാറില്ല. എന്നാൽ അതേപോലെ മനസ്സിൽ രൂപപ്പെട്ട എതിർ ലിംഗമാണെന്റെത് എന്ന അവകാശവാദം അന്ധവിശ്വാസമാണെന്നും അതനുസരിച്ച് ശരീരം വികൃതമാക്കുന്നത് പാതകമാണെന്നും മനസ്സിലാക്കാൻ പുരോഗമനവാദികൾക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നത് യുക്തിപൂർവമായ ചോദ്യമാണ്. രണ്ട് അന്ധവിശ്വാസങ്ങൾക്കെതിരെയും ജനങ്ങളെ ബോധവൽകരിക്കുകയാണ് അധികാരികളും സംഘടനകളും മാധ്യമങ്ങളും ചെയ്യേണ്ടത്. എന്നാൽ അതിന് പകരം ട്രാൻസ്‌ജെന്ററുകളെ കൂടുതൽ പാർശ്വവൽകരിച്ച് മരണക്കയത്തിലേക്ക് തള്ളിവിടുകയാണ് പുരോഗമനവാദികൾ ചെയ്യുന്നത്. അതിനായി സത്യാനന്തരകാലത്തെ സാധ്യതകളെ മാധ്യമങ്ങളെ വിലക്കെടുത്തുകൊണ്ട് അവർ ഉപയോഗപ്പെടുത്തുകയാണ്. പ്രജകളുടെ ക്ഷേമം ആഗ്രഹിക്കേണ്ട അധികാരികൾ ഇതിന് കൂട്ടുനിൽക്കുന്നത് ഏറെ ദൗർഭാഗ്യകരമാണ്.

വസ്തുതകൾ തമസ്‌കരിക്കപ്പെടുന്നു

‘ഇന്ത്യ; ദ മോദി ക്വസ്റ്റ്യൻ’ എന്ന ബിബിസി ഡോക്യുമെന്ററി രാജ്യം കാണരുതെന്ന് ഭരണകൂടം ശഠിക്കുമ്പോൾ സത്യത്തെ തമസ്‌കരിക്കാനുള്ള അധികാരികളുടെ പച്ചയായ ശ്രമമാണിതെന്ന് മനസ്സിലാകും. സ്വതന്ത്ര ഇന്ത്യയിൽ ഒരു സമുദായത്തെ തുടച്ചുനീക്കാനുള്ള നീചമായ ശ്രമത്തിന്റെ ഭാഗമായി നടന്ന ഗുജറാത്ത് വംശഹത്യയിലെ ജീവിച്ചിരിക്കുന്ന ഇരകൾ ഇന്നും മോചിതരായിട്ടില്ലെന്നത് അതിന്റെ ഭയാനകത വിളിച്ചോതുന്നു. വംശഹത്യാ പ്രതികൾ ഇന്നും അവിടെ ആദരിക്കപ്പെടുകയും ഇരകളും അവരുടെ പിൻമുറക്കാരും മതനിരപേക്ഷ പക്ഷത്ത് നിൽക്കുന്ന മുഴുവൻ മനുഷ്യരും അവഹേളിക്കപ്പെടുകയുമാണ്.

2002 മാർച്ച് മൂന്നിന് ഗുജറാത്തിലെ ദാഹോദിനു സമീപം രധിക്പൂർ ഗ്രാമത്തിൽ മൂന്നു വയസ്സുകാരിയായ കുഞ്ഞിനെ കാപാലികർ ഭിത്തിയിലിടിച്ച് കൊല്ലുന്നതിനും കുടുംബത്തിലെ ഏഴംഗങ്ങളെ ക്രൂരമായി കൊന്നൊടുക്കുന്നതിനും ദൃക്‌സാക്ഷിയാകേണ്ടി വന്ന ബിൽകിസ് ബാനു എന്ന യുവതിയുടെ ദയനീയത ലോകം ചർച്ച ചെയ്തതാണ്.

അഞ്ചു മാസം ഗർഭിണിയായിരിക്കെ നരാധമന്മാരുടെ ക്രൂരമായ ബലാൽസംഗത്തിന് ഇരയാവുക കൂടി ചെയ്ത ആ 19കാരി പെൺകുട്ടി പ്രതികൂല സാഹചര്യങ്ങൾ മുഴുവൻ നേരിട്ടാണ് നിയമ പോരാട്ടം നടത്തിയത്. നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടത്തിനിടയിൽ 2008 ജനുവരി 21ന് സ്‌പെഷ്യൽ കോടതി 11 കുറ്റവാളികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയുണ്ടായി. കേസുമായി ബന്ധപ്പെട്ട് 2017 മെയ് നാലിന് അഞ്ച് പോലീസുകാരെയും രണ്ട് ഡോക്ടർമാരെയും ഹൈക്കോടതി ശിക്ഷിക്കുകയുണ്ടായി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ആർഎസ് ഭാഗോര എന്ന ഐപിഎസ് ഓഫീസർ ഉൾപ്പെടെ നാല് പോലീസുകാരും രണ്ട് ഡോക്ടർമാരും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2017 ജൂലൈ 10ന് സുപ്രീം കോടതി അപ്പീലുകൾ തള്ളുകയാണുണ്ടായത്. ഹിന്ദുവായിരുന്നിട്ടും ഭർത്താവ് മുസ്‌ലിമായിരുന്നതിനാൽ ഗൗരി എന്ന യുവതി ഗ്രാമീണർക്ക് മുന്നിൽവച്ച് ക്രൂരമായ ബലാൽസംഗത്തിന് വിധേയമായതും വേദനിക്കുന്ന മറ്റൊരു ദുരന്തമാണ്. കഥകളും കവിതകളും പ്രബന്ധങ്ങളും ഡോക്യുമെന്ററികളുമെല്ലാമായി ലോകത്തിന്റ മുന്നിൽ പച്ചയായി അവതരിപ്പിക്കപ്പെട്ടിട്ടും കാപാലികരായ പ്രതികളെ വെറുതെ വിടാനും വെറുതെ വിട്ടവരെ ധീരപരിവേഷം നൽകി സ്വീകരിക്കാനും അധികാരികളും സംഘപരിവാരങ്ങളും കാണിച്ച ആവേശം സത്യാനന്തര കാലത്തിന്റ മറ്റൊരു ഭീകര മുഖമാണ്. ബൽകീസ് ബാനു കേസിലെ പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ ആറായിരത്തോളം വരുന്ന മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

ബിബിസി ഡോക്യുമെന്ററി രാജ്യത്തെ കാണിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമ്പോഴും രാജ്യത്ത് നടക്കുന്ന വംശഹത്യ അഭംഗുരം തുടരുന്നതിന് ധാരാളം തെളിവുകളുണ്ട്. ഉത്തർപ്രദേശിലെ ലഖ്‌നോ പട്ടണത്തിനടുത്തുള്ള സംദാലി ഗ്രാമത്തിൽ താലിബ് ഹുസൈന്റ ഇറച്ചിക്കട പൂട്ടേണ്ടിവന്നത് മാംസം പൊതിഞ്ഞ കടലാസിൽ ദൈവത്തിന്റ ഫോട്ടോ ഉണ്ടെന്ന് ആരോപിച്ചാണ്. അദ്ദേഹത്തെ ജയിലിലടക്കുകയും ചെയ്തു. മഹാത്മാ ഗാന്ധിക്ക് ഏറെ ഇഷ്ടമുള്ള സർവമത പ്രാർഥന നടത്തിയതിന്റ പേരിൽ കാൺപൂരിലെ ഫ്‌ലോറൈറ്റ്‌സ് പീസ് സ്‌കൂൾ അടച്ച് പൂട്ടേണ്ടിയും വന്നു. മധ്യപ്രദേശിലെ നിമൂച്ച് ജില്ലയിലെ ഒരു കൾവർട്ടിൽ ഇരിക്കുകയായിരുന്ന ഭൻപാരിലാൽ ജെയിൻ എന്ന യുവാവിനെ ദിനേശ് എന്ന സംഘപരിവാറുകാരൻ അടിച്ച് കൊന്നു. ഐഡന്റിറ്റി കാർഡ് ആവശ്യപ്പെട്ടുകൊണ്ടാണ് മർദിച്ചത്. ഈ ക്രൂരതയ്ക്ക് കാരണം അദ്ദേഹം ‘മുഹമ്മദ്’ ആണെന്ന് കരുതിപ്പോയതാണത്രെ! ആസാമിൽ രണ്ട് വർഷം മുമ്പ് മുഈനുൽ ഹഖ് എന്ന നിരപരാധിയായ കർഷകൻ പോലീസിന്റ വെടിയേറ്റു മരിച്ചപ്പോൾ ബിജോയ് ശങ്കർ എന്ന ഭീകരൻ അദ്ദേഹത്തിന്റ ചലനമറ്റ ശരീരത്തിൻമേൽ ചാടി നൃത്തംവച്ചതും നമ്മുടെ രാജ്യത്താണ്. സമാനതകളില്ലാത്ത ഇത്തരം ക്രൂരതകൾ അരങ്ങേറുമ്പോഴും അത് ഉറക്കെ തുറന്ന് പറയാനും അതിനെതിരെ ശബ്ദിക്കാനും പോലും സ്വാതന്ത്ര്യം നിഷേധിക്കുന്നതിലാണ് ബിബിസി ഡോക്യുമെന്ററി നിരോധനം എന്ന് നാം ഓർക്കണം.

ഉത്തർപ്രദേശിലെ ഹഥ്‌റാസിൽ നടന്ന രാജ്യത്തെ നടുക്കിയ കൂട്ടബലാൽസംഗക്കൊലയിലെ പ്രതികളെ വെറുതെ വിട്ടിരിക്കുന്നുവെന്നതാണ് സത്യാനന്തര കാലത്തെ മറ്റൊരു ദുരന്തം. 2020 സപ്തംബർ 14ന് 19കാരിയായ ദളിത് പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്ത നിലയിൽ വയലരികിൽ കണ്ടെത്തുകയുണ്ടായി. 15 ദിവസത്തെ ആശുപത്രി ചികിൽസക്കൊടുവിൽ പെൺകുട്ടി മരിക്കുകയും ചെയ്തു. പ്രതികളുടെ ദുഃസ്വാധീനം നിമിത്തമോ മറ്റോ കുടുംബത്തെ പോലും ഒരു നോക്ക് കാണിക്കാതെ പോലീസുകാർ മൃതദേഹം ദഹിപ്പിച്ച് കളഞ്ഞു! കൂട്ടബലാൽസംഗത്തിനിരയായി മരിച്ച ഹഥ്‌റാസിലെ യുവതിയുടെ സംസ്‌കാരം അർധരാത്രി നടത്തിയത് മനുഷ്യാവകാശ ലംഘനമായിരുന്നുവെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നവിധം ഇപ്പോൾ അതിലെ മൂന്ന് പ്രതികളായ രവി, ലവകുശ്, രാമു എന്നിവരെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നിരിക്കുകയാണ്. മുഖ്യപ്രതിയായ സന്ദീപ് ഠാക്കൂറാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. അതുതന്നെ നിസ്സാര കുറ്റം ചുമത്തിയാണ് എന്നതാണ് വിവരം.

സത്യത്തെ തമസ്‌കരിച്ചുകൊണ്ട് ഇരുട്ടിന്റ ശക്തികൾ സ്വൈര്യവിഹാരം നടത്തുന്നുവെന്നതാണ് ഈ കാലം നമ്മോട് പറഞ്ഞുതരുന്നത്. സത്യവും നീതിയും അവകാശങ്ങളും ഇവിടെ തിരസ്‌കരിക്കപ്പെടുകയാണ്. സ്ഥാപിത അധികാരി വർഗത്തിനെതിരെയുള്ള പൊതുജന രാഷ്ട്രീയ സമീപനമായ പോപുലറിസവും സത്യാനന്തര കാലത്തെ മറ്റൊരു ദുരന്തമാണ്. അത് ജനാധിപത്യത്തിൽ നിന്ന് വ്യത്യസ്തമാകുന്നത് ആരാണ് ജനങ്ങൾ എന്ന് നിർവചിച്ചുകൊണ്ടാണ്. ഭൂരിപക്ഷമാണ് രാജ്യത്തെ യഥാർഥ ജനങ്ങളെന്നും മറ്റുള്ളവരെല്ലാം ജനങ്ങൾ എന്ന സംജ്ഞക്ക് പുറത്താണ് എന്നുമാണ് പോപ്പുലറിസം മുന്നോട്ടുവയ്ക്കുന്ന ആശയം. ന്യൂനപക്ഷങ്ങളെ പൗരത്വം നിഷേധിച്ചുകൊണ്ടും മറ്റു ഉൻമൂലന സിദ്ധാന്തങ്ങളിലൂടെയും തുടച്ചുനീക്കുകയാണ് അതിന്റ ലക്ഷ്യം. സത്യാന്തരകാല രാഷ്ട്രീയത്തിന്റ പ്രത്യേകതയാണിതെല്ലാം. ജനങ്ങളുടെ പിന്തുണയോടെയുള്ള കലാപങ്ങളും ആക്രമണങ്ങളുമാണിതിന്റ ശൈലി. ആദ്യം ആൾക്കൂട്ടം തല്ലുകയും കൊല്ലുകയും കലാപമുണ്ടാക്കുകയും ചെയ്തതിന് ശേഷം പതിയെ ഭരണകൂടം അതിൽ പങ്ക് കൊള്ളുകയാണ് ഇതിന്റ രീതി. അവശ്യസാധനങ്ങളുടെ വിലയേറിയിട്ടും ജനജീവിതം ദുഃസഹമായിട്ടും കോർപറേറ്റുകൾക്ക് രാജ്യത്തെ അടിയറവ് വയ്ക്കുന്നത് നേരിട്ടനുഭവപ്പെട്ടിട്ടും നോട്ട് നിരോധനത്തിലൂടെ ജനം വലഞ്ഞിട്ടും ആക്രമണങ്ങളിലൂടെ ഭീതി വിതറിയിട്ടും രാജ്യം സാമ്പത്തിക തകർച്ചയിലെത്തിയെന്ന് ബോധ്യമായിട്ടും തെരഞ്ഞെടുപ്പുകളിൽ വീണ്ടും വീണ്ടും സംഘപരിവാര രാഷ്ട്രീയം വിജയിക്കുന്നത് ഈ ഒരു നയംകൊണ്ട് തന്നെയാണ്. സത്യാനന്തര കാലം രാഷ്ട്രിയത്തെയും ഭരണത്തെയും ബാധിച്ചിരിക്കുന്നുവെന്നതിന് തെളിവാണിത്.

സത്യാനന്തരകാലത്തെ അതിജീവനം

“അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീർച്ച’’ (ക്വുർആൻ 12:87) എന്ന വിശുദ്ധ ക്വുർആനിന്റ അധ്യാപനം ഉൾകൊള്ളുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിരാശയുടെയോ ഭയത്തിന്റെയോ ഒരംശം പോലും ബാധിക്കേണ്ട കാര്യമില്ല. ഭരണകൂട ഭീകരതയെയും ആൾക്കൂട്ട കൊലപാതകങ്ങളെയും ഫാഷിസ്റ്റ് തേരോട്ടങ്ങളെയും വിശദീകരിച്ചുകൊണ്ട്, ജനങ്ങളെ ഭയപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തുകൊണ്ട് സമൂഹത്തെ നിഷ്‌ക്രിയരോ, അക്രമാസക്തരോ ആക്കാൻ താളുകൾ ഉപയോഗിക്കുന്ന ഇസ്‌ലാമിസ്റ്റുകളുടെ സന്ധിസംഭാഷണങ്ങൾ സമൂഹത്തിലേറെ പരിഹസിക്കപ്പെടുകയുണ്ടായി. സത്യാനന്തരകാലത്തെ പെരുംനുണകളിൽ ഇസ്‌ലാമിസ്റ്റ് ബുദ്ധിജീവികൾ ആപതിച്ച് പോയിയെന്ന പരിഹാസം ഏറെ ചിന്തനീയമാണ്. വിചാരങ്ങൾക്ക് പകരം വികാരം കത്തിനിൽക്കുമ്പോഴാണ് ചില സംഘടനകൾക്ക് ജീവനുണ്ടാവുകയെന്ന അനുമാനത്തെ അന്വർഥമാക്കുംവിധം പ്രവർത്തിക്കുന്നവരുടെ മന:സ്താപം ഏറെ കൗതുകം ഉളവാക്കുന്നുണ്ട്. സൂക്ഷ്മദർശിനികളിലൂടെ ഇതര സംഘടനാവേദിയിലെ കാവികളസത്തെ കണ്ടെത്തി സമുദായ ഒറ്റു കാരെന്ന് ചാപ്പകുത്തി തൊണ്ടകീറിയവർ തന്നെ മുസ്‌ലിം സമൂഹത്തിന്റ കുത്തകയേറ്റെടുത്ത് കാവിരാഷ്ട്രീയത്തിന് അടിയറവ് പറയാൻ അവരുടെ തിണ്ണ കയറിയതിൽ കടിച്ചാൽ പൊട്ടാത്ത സാഹിത്യ വചനങ്ങൾകൊണ്ട് നിറം പകരാൻ ശ്രമിക്കുന്നത് കാണുമ്പോൾ ഊറിച്ചിരിക്കാതെ വയ്യ.

എന്നാൽ സത്യാനന്തര കാലത്തെ അതിജീവനത്തിന് വേണ്ടിയുള്ള മാർഗങ്ങൾ കാലാന്തരങ്ങളായി സാമൂഹിക പരിഷ്‌കരണത്തിനായി പ്രവാചകൻമാരും സ്വഹാബികളും പൂർവസൂരികളും കാണിച്ചുതന്ന പാത പിന്തുടരുകയെന്നതാണ്. ആധുനിക സാമൂഹികശാസ്ത്രജ്ഞരുടെ നിർദേശങ്ങൾ പോലും ആ യാഥാർഥ്യങ്ങൾക്ക് അടിവരയിടുന്നതാണ്.

അമേരിക്കൻ ചരിത്രകാരിയായ സോഫിയ എ റോസൻ ഫെൽഡ് തന്റ ‘ഡെമോക്രസി ആൻറ് ടൂത്ത് എ ഷോർട്ട് ഹിസ്റ്ററി’ എന്ന പുസ്തകത്തിൽ സത്യാനന്തരകാലം കൈകാര്യം ചെയ്യുന്നതിന്റ രീതി ഇങ്ങനെയാണ് വിവരിക്കുന്നത്:

“പൊതു ജീവിതത്തിൽ ആളുകൾ സ്വയം പ്രതിബദ്ധത പുലർത്തേണ്ട ധാർമിക പ്രതിബദ്ധതകളായ സത്യം പറയലും വസ്തുതാപരിശോധനയും പ്രോൽസാഹിപ്പിക്കപ്പെടുക, ഊഹക്കച്ചവടത്തിന് പകരം പരിശോധിച്ചുറപ്പിച്ച സത്യമായ വിവരങ്ങൾ തിരയാനും പങ്കിടാനും സമൂഹം പത്രപ്രവർത്തകരോടും പൊതുപ്രവർത്തകരോടും ആവശ്യപ്പെടുക. എന്തും പറയാമെന്നതിന് കൂച്ചുവിലങ്ങിട്ട് തെറ്റായ നിഗമനങ്ങളും ഊഹങ്ങളും പ്രചരിപ്പിക്കുന്നതിൽനിന്ന് സമൂഹം പിൻമാറണം. രാഷ്ട്രീയ സ്ഥാപനങ്ങളുടെ സമഗ്രത സംരക്ഷിക്കലും തെരഞ്ഞെടുപ്പിന്റ സമഗ്രതയും സ്വതന്ത്ര ജുഡീഷ്യറികളും സത്യാനന്തര കാല രാഷ്ട്രീയ അപകടങ്ങളിൽനിന്ന് സമൂഹത്തെ രക്ഷിക്കും. കള്ളത്തിനും അഴിമതിക്കുമെതിരെ അഹിംസാത്മകമായ പ്രതിഷേധം പ്രോൽസാഹിപ്പിക്കുകയും സത്യം തുറന്നുപറയുന്നതിന് പിന്തുണ നൽകുകയും ചെയ്യുക്’’

പരസ്പരം അറിയാനുള്ള അവസരങ്ങൾ ഉണ്ടാകുമ്പോഴാണ് സത്യത്തിന്റ പ്രചാരണം സാധ്യമാകുന്നത്. വിശ്വാസവും സ്വഭാവവും ജീവിത ശൈലികളും പരസ്പരം അറിയുന്നതിലൂടെ ഊഹങ്ങൾക്കും കള്ളവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കലുകൾക്കും സ്ഥാനമില്ലാതെയാകും. ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിൽ ഐക്യവും സ്‌നേഹവും ബഹുമാനവും ആദരവും അംഗീകാരവുമെല്ലാം ഉണ്ടായത് പരസ്പരം അറിയുന്നതുകൊണ്ടാണ്. കേരളത്തിന്റ ചരിത്രത്തിലും തുല്യതയില്ലാത്ത സാഹോദര്യം നിലനിറുത്താനായത് പരസ്പര വിശ്വാസവും അറിവും കൊണ്ട് തന്നെയാണ്.

അതുകൊണ്ടാണ് ഇസ്‌ലാം മാനവരാശിയോട് സത്യപ്രചാരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നത്.

വിശുദ്ധ ക്വുർആൻ ഉത്തമ സമുദായത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്: “മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽനിന്ന് വിലക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാർ വിശ്വസിച്ചിരുന്നുവെങ്കിൽ അതവർക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തിൽ വിശ്വാസമുള്ളവരുണ്ട്. എന്നാൽ അവരിൽ അധികപേരും ധിക്കാരികളാകുന്നു’’ (ക്വുർആൻ 3:110).

“യുക്തിദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാർഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ലരീതിയിൽ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീർച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാർഗം വിട്ട് പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്മാർഗം പ്രാപിച്ചവരെപ്പറ്റിയും അവൻ നല്ലവണ്ണം അറിയുന്നവനത്രെ’’ (ക്വുർആൻ 16:125).