ഇസ്‌ലാമും ധാർമിക മൂല്യങ്ങളും

ഉസ്മാന്‍ പാലക്കാഴി

2023 ഏപ്രിൽ 29, 1444 ശവ്വാൽ 08

ചാക്രികമായ ആചാരനുഷ്ഠാനങ്ങളുടെ സംഘാതം മാത്രമല്ല ഇസ്‌ലാമിക മൂല്യസങ്കൽപം. മറിച്ച്, ജീവിതത്തിന്റെ നിഖില മേഖലകളിലും സ്രഷ്ടാവിനെ കേന്ദ്രസ്ഥാനത്ത് നിർത്തിയുള്ള ജീവിതശൈലി രൂപപ്പെടുത്തുന്നതിലൂടെ മാത്രമെ അതിന്റെ പൂർണത പ്രാപിക്കുകയുള്ളൂ. അതുതന്നെയാണ് ഇസ്‌ലാമിക ധാർമിക മൂല്യങ്ങളുടെ വ്യതിരിക്തതയും.

നബി ﷺ പറയുന്നു: “അല്ലാഹുവിന്റെ അതിർവരമ്പുകൾ പാലിക്കുകയും അവ അതിലംഘിക്കുകയും ചെയ്യുന്നവരുടെ ഉപമ ഒരു കപ്പൽ യാത്രക്കാരുടേതുപോലെയാണ്. രണ്ടു തട്ടുള്ള കപ്പലിൽ യാത്രക്ക് ഒരുങ്ങിയപ്പോൾ അവർ നറുക്കിട്ടു. അങ്ങനെ ചിലർ മുകളിലെ തട്ടിലും മറ്റു ചിലർ താഴെ തട്ടിലുമായി. താഴെ തട്ടിലുള്ളവർക്ക് കുടിവെള്ളം ലഭിക്കണമെങ്കിൽ മുകളിൽ കയറിപ്പോകണമായിരുന്നു. അങ്ങനെയിരിക്കെ അവരിൽ ചിലർ പറഞ്ഞു: ‘നമുക്ക് നമ്മുടെ ഈ ഭാഗത്ത് എവിടെയെങ്കിലും ഒരു ദ്വാരമുണ്ടാക്കിയാൽ മുകളിലുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാമല്ലൊ.’ നബി ﷺ തുടരുന്നു: ‘നിങ്ങൾ അവരെ അവരുടെ തീരുമാനവുമായി വിടുകയാണെങ്കിൽ നിങ്ങളെല്ലാവരും നശിക്കും. നിങ്ങൾ അവരുടെ കൈക്ക് പിടിച്ച് വിലക്കുകയാണെങ്കിലോ അവരും നിങ്ങളും എല്ലാവരും രക്ഷപ്പെടുകയും ചെയ്യും’’(ബുഖാരി).

ഇസ്‌ലാം ധാർമിക, സദാചാര മൂല്യങ്ങളിൽ അധിഷ്ഠിതമായ മതമാണ്. ഉത്തമമായ എല്ലാ സ്വഭാവഗുണങ്ങളും അത് പഠിപ്പിക്കുന്നു. ഇസ്‌ലാം മാനവികമായ എല്ലാ ഗുണങ്ങളെയും ഉൾക്കൊള്ളുന്നു. അമാനവികമായ എല്ലാ ദുർഗുണങ്ങളെയും നിരാകരിക്കുന്നു. മനുഷ്യാവകാശങ്ങളെ അത് മാനിക്കുന്നു. നീതി പാലിക്കുവാനും അക്രമത്തിന്റെ പാത വെടിയുവാനും കൽപിക്കുന്നു.

നാം ജീവിക്കുന്ന സമൂഹത്തിൽ നിരവധി തിന്മകളും അധർമങ്ങളും കണ്ടുവരുന്നു. ദൈവത്തിനുമാത്രം അവകാശപ്പെട്ട ആരാധനകൾ ദൈവേതരർക്ക് അർപ്പിക്കപ്പെടുന്നു. അഴിമതി, അക്രമം, സ്വജനപക്ഷപാതം, ചൂഷണം, പിടിച്ചുപറി, മദ്യപാനം, വ്യഭിചാരം... തുടങ്ങി ദൈവവും ദൈവദൂതനും വിലക്കിയ പലതും ഇവിടെ അരങ്ങുതകർക്കുന്നതായി നാം കാണുന്നു. ഇവയൊക്കെ അക്രമവും അധർമവുമാണെന്നറിഞ്ഞിട്ടും അവയ്‌ക്കെതിരെ പ്രതികരിക്കാതിരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നത് ഞാൻ അതിലൊന്നിലും പങ്കു ചേരുന്നില്ലല്ലോ എന്ന ചിന്തയാണ്. ഒരുവേള ഇത്തരം അധർമങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ പ്രതികരിക്കുന്നവരോട് ഐക്യപ്പെടുവാനോ അനുകൂലിക്കുവാനോ പോലും തയാറാകാതെ ‘എന്തിനാ നിങ്ങൾ കുഴപ്പമുണ്ടാക്കുന്നത്? അവരെ അവരുടെ പാട്ടിന് വിട്ടേക്കൂ. അതിന്റെ വരുംവാരായ്കകൾ അവർ തന്നെ അനുഭവിച്ചുകൊള്ളുമല്ലോ’ എന്നും പറഞ്ഞേക്കാം.

നമ്മെയും നേരിട്ട് ബാധിക്കാത്ത തെറ്റ്, ചെയ്യുന്ന വ്യക്തിയിൽ മാത്രം ഒതുങ്ങിനിൽക്കുമെന്ന് നാം കണക്കു കൂട്ടുന്നു. എന്നാൽ വസ്തുത അങ്ങനെയല്ല. അല്ലാഹു പറയുന്നു: “ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങൾ സൂക്ഷിച്ചുകൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളിൽനിന്നുള്ള അക്രമികൾക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക’’ (ക്വുർആൻ 8:25).

വിശ്വാസം ഒരുവഴിക്കും ജീവിതം മറ്റൊരു വഴിക്കും എന്നല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്. മറിച്ച് സത്യവിശ്വാസത്തിന്റെ സ്വാഭാവിക ഉൽപന്നമായ ധാർമികതയുടെ പാതയിലൂടെയാണ് ജീവിതം നയിക്കേണ്ടത്.

പ്രാർഥനയും സ്വഭാവ നൈർമല്യവും തമ്മിൽ ബന്ധപ്പെടുത്തിക്കൊണ്ട് അല്ലാഹു പറയുന്നു: “താഴ്മയോടുകൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പ്രാർഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല. ഭൂമിയിൽ നന്മ വരുത്തിയതിനു ശേഷം നിങ്ങൾ അവിടെ നാശമുണ്ടാക്കരുത്. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങൾ അവനെ വിളിച്ചു പ്രാർഥിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹുവിന്റെ കാരുണ്യം സൽകർമകാരികൾക്ക് സമീപസ്ഥമാകുന്നു’’ (ക്വുർആൻ 7:55,56).

വിശ്വാസ ഭംഗത്തിന്റെയും അധാർമികതയുടെയും വിവിധ വശങ്ങൾ പ്രതിപാദിച്ചുകൊണ്ട് അല്ലാഹു പറയുന്നു: “അന്യായമായി നിങ്ങൾ അന്യോന്യം സ്വത്തുക്കൾ തിന്നരുത്. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളിൽനിന്ന് വല്ലതും അധാർമികമായി നേടിയെടുത്തു തിന്നുവാൻ വേണ്ടി നിങ്ങളതുമായി വിധികർത്താക്കളെ സമീപിക്കുകയും ചെയ്യരുത്’’ (2:188).

“വിശ്വസിച്ചേൽപിക്കപ്പെട്ട സ്വത്തുക്കൾ അവയുടെ അവകാശികൾക്ക് നിങ്ങൾ കൊടുത്തു വീട്ടണമെന്നും ജനങ്ങൾക്കിടയിൽ നിങ്ങൾ തീർപ്പുകൽപിക്കുകയാണെങ്കിൽ നീതിയോടെ തീർപ്പ് കൽപിക്കണമെന്നും അല്ലാഹു നിങ്ങളോട് കൽപിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവൻ നിങ്ങൾക്ക് നൽകുന്നത്...’’ (4:58).

കച്ചവട രംഗത്ത് പാലിക്കേണ്ട ധാർമികതയെക്കുറിച്ച് അല്ലാഹു ഉണർത്തുന്നു: “നിങ്ങൾ അളന്നുകൊടുക്കുകയാണെങ്കിൽ അളവ് നിങ്ങൾ തികച്ചുകൊടുക്കുക. ശരിയായ തുലാസുകൊണ്ട് നിങ്ങൾ തൂക്കികൊടുക്കുകയും ചെയ്യുക. അതാണ് ഉത്തമവും അന്ത്യഫലത്തിൽ ഏറ്റവും മെച്ചമായിട്ടുള്ളതും’’ (17:35).

“നിങ്ങൾ അളവു പൂർത്തിയാക്കികൊടുക്കുക. നിങ്ങൾ (ജനങ്ങൾക്ക്) നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകരുത്. കൃത്രിമമില്ലാത്ത തുലാസുകൊണ്ട് നിങ്ങൾ തൂക്കുക. ജനങ്ങൾക്ക് അവരുടെ സാധനങ്ങളിൽ നിങ്ങൾ കമ്മിവരുത്തരുത്. നാശകാരികളായിക്കൊണ്ട് നിങ്ങൾ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കരുത്’’ (26:181-183).

ധാർമികബോധത്തിന്റെ ഉദാത്തശീലങ്ങൾ ജനങ്ങളിലങ്കുരിപ്പിക്കാനായി ക്വുർആൻ നടത്തുന്ന പ്രബോധനം നോക്കുക: “തീർച്ചയായും അല്ലാഹു കൽപിക്കുന്നത് നീതി പാലിക്കുവാനും നന്മചെയ്യുവാനും കുടുംബബന്ധമുള്ളവർക്ക് (സഹായം) നൽകുവാനുമാണ്. അവൻ വിലക്കുന്നത് നീചവൃത്തിയിൽനിന്നും ദുരാചാരത്തിൽനിന്നും അതിക്രമത്തിൽ നിന്നുമാണ്...’’(16:90).

ദാനധർമങ്ങൾക്ക് ഇസ്‌ലാമിൽ അതിമഹത്തായ സ്ഥാനമാണുള്ളത്. എന്നാൽ അതിന്റെ പ്രതിഫലം ലഭിക്കണമെങ്കിൽ ചില ധാർമിക മര്യാദകൾ പാലിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞുകൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ ദാനധർമങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാൻ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്...’’(2:264).

നിഷ്‌കപടവും നിഷ്‌കളങ്കവുമായ ഹൃദയത്തോടുകൂടി ചെയ്യുന്ന സഹായം മാത്രമെ യഥാർഥ ധർമമാവുകയുള്ളൂ എന്ന് സാരം.

ഒരു സമൂഹത്തിന്റെ ഭാഗമായി ജീവിക്കുമ്പോൾ ആളുകളിൽനിന്ന് നമുക്ക് ഇഷ്ടമില്ലാത്ത പെരുമാറ്റവും സംസാരവുമൊക്കെ നേരിടേണ്ടിവന്നേക്കാം. ആ സമയത്ത് ധാർമികബോധമുള്ള വിശ്വാസിയുടെ നിലപാട് എങ്ങനെയായിരിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്:

“നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു’’ (41:34).

മറ്റുള്ളവരുടെ കുറ്റവും കുറവും ചികഞ്ഞ് നടക്കുകയും അത് സമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് അധാർമിക പ്രവർത്തനമാണ്, വലിയ തിന്മയാണ്:

“സത്യവിശ്വാസികളേ, ഊ ഹത്തിൽ മിക്കതും നിങ്ങൾ വെ ടിയുക. തീർച്ചയായും ഊഹത്തിൽ ചിലത് കുറ്റമാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരൻ മരിച്ചുകിടക്കുമ്പോൾ അവന്റെ മാംസം ഭക്ഷിക്കുവാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത് (ശവം തിന്നുന്നത്) നിങ്ങൾ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു’’ (49:12).

“നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്’’ (17:36).

“...നിങ്ങൾ സംസാരിക്കുകയാണെങ്കിൽ നീതി പാലിക്കുക. അതൊരു ബന്ധുവിന്റെ കാര്യത്തിലായിരുന്നാൽ പോലും...’’ (6:152).

‘ആരെങ്കിലും ഒരു കുട്ടിയെ ഒരു സാധനം കൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കൊടുക്കാതിരുന്നാൽ അതൊരു നുണപറച്ചിലായി’ (അഹ്‌മദ്). ജനങ്ങളെ ചിരിപ്പിക്കാനായിട്ടാണെങ്കിലും നുണ പറയുന്നത് ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്.

വിശുദ്ധ കുർആൻ നന്മ ചെയ്യാൻ പ്രേരിപ്പിക്കുകയും അധർമത്തിൽ പരസ്പരം സഹായിക്കുന്നത് വിലക്കുകയും ചെയ്യുന്നു: “നന്മയിലും ധർമനിഷ്ഠയിലും നിങ്ങൾ പരസ്പരം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങൾ പരസ്പരം സഹായിക്കരുത്’’ (5:2).

വ്രതത്തെ സംബന്ധിച്ചിടത്തോളം അനുഷ്ഠാനപരതയെക്കാൾ പ്രധാനം അതിന്റെ ധാർമികമാനമാണെന്ന് വ്യക്തമാക്കിക്കൊണ്ട് നബി ﷺ പറഞ്ഞു: ‘സത്യവിരുദ്ധമായ വാക്കും തദനുസൃതമായ പ്രവർത്തനവും ഉപേക്ഷിക്കാൻ തയ്യാറില്ലെങ്കിൽ ആഹാരപാനീയങ്ങൾ വെടിയുന്നതുകൊണ്ട് അല്ലാഹുവിന് ഒരാവശ്യവുമില്ല’ (അബൂദാവൂദ്).

നബി ﷺ പറഞ്ഞു: ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ നല്ലത് പറയട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ’ (ബുഖാരി).

ആരെയും അക്രമിക്കാതിരിക്കലും അക്രമിയെ അക്രമത്തിൽനിന്ന് പിന്തിരിപ്പിക്കലും സത്യവിശ്വാസിയുടെ സ്വഭാവമായിരിക്കണം. ‘നിന്റെ സഹോദരൻ അക്രമിയോ മർദിതനോ ആയാലും നീ അവനെ സഹായിക്കണം’ എന്ന് നബി ﷺ പറഞ്ഞപ്പോൾ അനുചരന്മാരിൽ ചിലർ ചോദിച്ചു: ‘നബിയേ, മർദിതനെ സഹായിക്കണമെന്നു പറഞ്ഞത് മനസ്സിലായി. എന്നാൽ അക്രമിയെ എങ്ങനെയാണ് സഹായിക്കുക?’ അപ്പോൾ നബി ﷺ പറഞ്ഞു: ‘അക്രമിയായ സഹോദരനെ അക്രമത്തിൽനിന്നും പിന്തിരിപ്പിക്കലാണത്’ (ബുഖാരി).

ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യമോ വിദ്വേഷമോ ഒരു വിഭാഗത്തോട് അനീതി കാണിക്കുവാൻ പ്രേരിപ്പിച്ചുകൂടാ എന്നാണ് ക്വുർആനിന്റെ ആഹ്വാനം:

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്നു വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക് പ്രേരകമാകരുത്. നിങ്ങൾ നീതി പാലിക്കുക. അതാണ് ധർമനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെകുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു’’ (5:8).

ധർമവും അധർമവും നീതിയും അനീതിയും നോക്കാതെയുള്ള അന്ധമായ എതിർപ്പും പോരാട്ടവുമെല്ലാം ഇസ്‌ലാമിക വിരുദ്ധമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

മനുഷ്യരിൽ എക്കാലത്തും ഏറിയും കുറഞ്ഞും നിലനിൽക്കുന്ന ഒന്നാണ് അഹന്ത. സ്വന്തം ശേഷിയുടെ ഭാഗമെന്ന് കാണുന്ന ഏതിന്റെ പേരിലും അഹങ്കരിക്കുവാനുള്ള ത്വര മനുഷ്യരിലുണ്ട്. മനുഷ്യനിൽ ആത്മീയ വളർച്ചക്ക് തടസ്സമായി നിൽക്കുന്ന അധാർമികതയുടെ മാലിന്യങ്ങളെ വിപാടനം ചെയ്യുന്നതിന് ആവശ്യമായ മാർഗദർശനം നൽകുന്ന ക്വുർആൻ ഇത്തരം തിന്മകളുടെ ദോഷവശങ്ങൾ എടുത്തുകാട്ടി വിമർശിക്കുകയും അത്തരം വിമർശനങ്ങളിലൂടെ മനുഷ്യരിൽ പരിവർത്തനമുണ്ടാക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു.

“തീർച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു. അവനെ പിടികൂടാൻ ആർക്കും സാധിക്കുകയേ ഇല്ലെന്ന് അവൻ വിചാരിക്കുന്നുണ്ടോ? അവൻ പറയുന്നു-ഞാൻ മേൽക്കുമേൽ ധനം തുലച്ചിരിക്കുന്നു എന്ന്. അവൻ വിചാരിക്കുന്നുണ്ടോ അവനെ ആരും കണ്ടിട്ടില്ലെന്ന്? അവന് നാം രണ്ടു കണ്ണുകളും ഒരു നാവും രണ്ടു ചുണ്ടുകളും ഉണ്ടാക്കിക്കൊടുത്തിട്ടില്ലല്ലേ?’’ (90:4-9).

“നിങ്ങൾ ശവകുടീരങ്ങൾ സന്ദർശിക്കുന്നതുവരേക്കും പരസ്പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിസ്സംശയം നിങ്ങൾ, വഴിയെ അറിഞ്ഞുകൊള്ളും. പിന്നെയും നിസ്സംശയം നിങ്ങൾ വഴിയെ അറിഞ്ഞുകൊള്ളും...’’ (102:1-4).

കടുത്ത ശിക്ഷക്ക് വിധേയരായ നൂഹ് നബി(അ)യുടെ ജനതയുടെ അഹന്തയെത്തെക്കുറിച്ച് ക്വുർആൻ പറയുന്നു: “(നൂഹ്(അ) പറഞ്ഞു:) തീർച്ചയായും, നീ അവർക്ക് പൊറുത്തുകൊടുക്കുവാൻ വേണ്ടി ഞാൻ അവരെ വിളിച്ചപ്പോഴൊക്കെയും അവർ അവരുടെ വിരലുകൾ കാതുകളിൽ വെക്കുകയും, അവരുടെ വസ്ത്രങ്ങൾ മൂടിപ്പുതക്കുകയും അവർ ശഠിച്ചു നിൽക്കുകയും കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്’’(71:7).

അഹന്തയുടെ കൊടുമുടിയിൽ വിരാജിച്ച ഫിർഔനിന്റെയും പരിവാരങ്ങളുടെയും കഥ വിശുദ്ധ ക്വുർആൻ സവിസ്തരം പറയുന്നുണ്ട്. അവരുടെ നാശത്തിൽനിന്ന് പാഠമുൾക്കൊള്ളാനും ക്വൂർആൻ ആവശ്യപ്പെടുന്നു.

കർമങ്ങളുടെ സൂക്ഷ്മവും കൃത്യവുമായ വിചാരണയെപ്പറ്റിയും വിലയിരുത്തലിനെപ്പറ്റിയും പരാമർശിക്കുന്ന ക്വുർആൻ വചനങ്ങൾ നന്മയുടെ വിവിധ വശങ്ങളെ മനുഷ്യനിലനിൽപിനുള്ള ഉദാത്തമായ മൂല്യങ്ങളായി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. ദരിദ്രരെ സഹായിക്കൽ, സഹായം ആവശ്യമുള്ളവർക്ക് സഹായം ചെയ്യൽ, ബലഹീനരെയും നിരാലംബരെയും സംരക്ഷിക്കൽ, അനാഥ സംരക്ഷണം എന്നിങ്ങനെയുള്ള പല കാര്യങ്ങളും ഉൽകൃഷ്ട സൽകർമങ്ങളായി ക്വുർആൻ പരിചയപ്പെടുത്തുന്നു.

സാധുക്കളോടും ദുർബലരോടുമുള്ള പെരുമാറ്റത്തിൽ ഏതെങ്കിലും തരത്തിലുള്ള അനിഷ്ടം പ്രകടിപ്പിക്കുന്നത് ക്വുർആൻ കടുത്തഭാഷയിൽ എതിർക്കുന്നുണ്ട്. എല്ലാ ദൂതൻമാരും പിന്തുടർന്നു വന്നിരുന്ന മാനുഷിക മൂല്യങ്ങളുടെ ശ്രേണിയിൽ വരുന്ന കാര്യമാണ് അബലരെയും അശക്തതരെയും അവരർഹിക്കുംവിധം പരിഗണിക്കുക എന്നത്. അല്ലാഹു പറയുന്നു:

“എന്നാൽ അവനെ (മനുഷ്യനെ) അവൻ പരീക്ഷിക്കുകയും എന്നിട്ടവന്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താൽ അവൻ പറയും: എന്റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്. അല്ല! പക്ഷേ, നിങ്ങൾ അനാഥയെ ആദരിക്കുന്നില്ല. പാവപ്പെട്ടവന്റെ ആഹാരത്തിന് നിങ്ങൾ പ്രോത്സാഹനം നൽകുന്നുമില്ല. അനന്തരാവകാശ സ്വത്ത് നിങ്ങൾ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു. ധനത്തെ നിങ്ങൾ അമിതമായ തോതിൽ സ്‌നേഹിക്കുകയും ചെയ്യുന്നു’’ (89:16-20).

“എന്നിട്ട് ആ മലമ്പാതയിൽ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുകയോ പട്ടിണിയുള്ള നാളിൽ കുടുംബ ബന്ധമുള്ള ഒരു അനാഥക്കോ കടുത്ത ദാരിദ്ര്യമുള്ള ഒരു സാധുവിനോ ഭക്ഷണം കൊടുക്കുകയോ ചെയ്യുകയത്രെ അത്’’ (90:11-16).

“മതത്തെ വ്യാജമാക്കുന്നവനാരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളികളയുകയും പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവനത്രെ അത്’’ (107:1-3).

സാർവലൗകികങ്ങളും സാർവകാലികങ്ങളുമായ ധാർമിക മൂല്യങ്ങളിലേക്ക് ക്വുർആൻ വെളിച്ചം വീശുന്നതിന്റെ തെളിവുകളാണ് മുകളിൽ ഉദ്ധരിച്ച വചനങ്ങൾ.

മുഹമ്മദ് നബി ﷺ 1400 വർഷങ്ങൾക്കു മുമ്പ് തന്റെ വിടവാങ്ങൽ പ്രസംഗത്തിലൂടെ അത്യുജ്വലമായ രീതിയിൽ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. അതെല്ലാം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. മിക്ക മനുഷ്യാവകാശ സംഘടനകളുടെയും നയനിലപാടുകൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നു. രക്ഷാസേനയുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും കൺമുമ്പിൽ വെച്ചുതന്നെ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നു. ജാതി, മത, വർഗ, വർണ, ദേശ, ഭാഷകളുടെ അടിസ്ഥാനത്തിൽ ഇന്നും മനുഷ്യർ വിവേചനങ്ങൾക്കിരയാകുന്നു. വർത്തമാനകാലത്ത് ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന വാർത്തകൾ ഓർക്കുക. ഇസ്‌ലാം ഇത്തരം അസമത്വങ്ങളുടെയും ഇവയുടെ പേരിലുള്ള അവകാശലംഘനങ്ങളുടെയും അടിവേരറുക്കുന്നു.

ദുർവ്യയത്തിനും പിശുക്കിനും ഇടക്കുള്ള മധ്യമ നിലപാട് സ്വീകരിക്കുവാൻ കൽപിക്കുന്ന ക്വുർആൻധനികന്റെ സമ്പത്തിൽ ദരിദ്രനും അവകാശമുണ്ടെന്ന് പഠിപ്പിക്കുന്നു. നിശ്ചിത വരുമാനമുള്ളവൻ അതിന്റെ നിശ്ചിതമായ ഒരു ഭാഗം ദാനം ചെയ്യൽ നിർബന്ധമാണ്. കൊള്ളലാഭം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് തുടങ്ങിയ അഹിതകരവും അവിഹിതവുമായ മുഴുവൻ ധനാഗമ മാർഗങ്ങെളയും വെടിയാനും നല്ല രീതിയിൽ ധനസമ്പാദനം നടത്താനുമാണ് ഇസ്‌ലാം അനുശാസിക്കുന്നത്.

എല്ലാവിധ പീഡനങ്ങൾക്കെതിരെയും ക്വുർആൻ ശബ്ദിക്കുന്നുണ്ട്. ഇന്ന് കലാപങ്ങളിലും സംഘർഷങ്ങളിലും സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, രോഗികൾ തുടങ്ങിയ ദുർബലരും അശരണരുമായ ജനവിഭാഗങ്ങൾ പോലും അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള മാധ്യമമായി സ്ത്രീനഗ്‌നതയെ ഉപഭോഗ സംസ്‌കാരം തെരഞ്ഞടുത്തിരിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങൾ പോലും ലൈംഗിക ൈവകൃതങ്ങൾക്ക് ഇരയാകുന്നു. വൃദ്ധസമൂഹം ഭാരമായി മാറുകയും വൃദ്ധസദനങ്ങൾ അധികരിക്കുകയും ചെയ്യുന്നു.

സ്ത്രീകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്, കുട്ടികളോട് കരുണകാണിക്കണം, വൃദ്ധജനങ്ങൾ അവഗണിക്കപ്പെട്ടുകൂടാ, രോഗികളെ പരിചരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യണം... എന്നിങ്ങനെയുള്ള ആഹ്വാനങ്ങളിലൂടെ ഓരോ വിശ്വാസിയും സുരക്ഷിതത്വത്തിന്റെയും കാരുണ്യത്തിന്റെയും നീതിയുടെയും വക്താക്കളായി ജീവിക്കണം എന്നാണ് ഇസ്‌ലാം നൽകുന്ന സന്ദേശം.

ഭർത്താവിന് അവകാശങ്ങളും കടമകളും ഉള്ളതുപോലെ ഭാര്യക്കും അവകാശങ്ങളും കടമകളുമുണ്ട് എന്നും ദാമ്പത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൾ പുരുഷനോ സ്ത്രീയോ ദ്രോഹിക്കപ്പെടരുത് എന്നും ഇസ്‌ലാം നിഷ്‌കർശിക്കുന്നു.

നല്ല പേരു മുതൽ ഭക്ഷണവും ചികിത്സയും വിദ്യാഭ്യാസവുമെല്ലാം മക്കൾക്ക് നൽകണം. കാരുണ്യവും വാത്സല്യവും സ്‌നേഹവും ലാളനയും ലഭിക്കൽ അവരുടെ അവകാശമാണ്. അനാഥരെ ദ്രോഹിക്കരുതെന്ന് അതിശക്തമായി താക്കീത് നൽകുന്ന ഇസ്‌ലാം അവരെ സംരക്ഷിക്കുന്നതിന്റെ മഹത്ത്വം ഉദ്‌ഘോഷിക്കുന്നു.

“അനാഥകളെപ്പറ്റിയും അവർ നിന്നോട് ചോദിക്കുന്നു. പറയുക: അവർക്ക് നൻമ വരുത്തുന്നതെന്തും നല്ലതാകുന്നു...’’ (2:220).

മതത്തിൽ ബലപ്രയോഗമില്ല എന്ന് പറയുന്ന ക്വുർആൻ വിശ്വാസ സ്വാതന്ത്ര്യം നൽകുന്നു. അതോടൊപ്പം സത്യനിഷേധത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുന്നു.

ഇസ്‌ലാം അവനവന്റെ അഭിപ്രായം സമർപ്പിക്കാൻ സ്വാതന്ത്ര്യം നൽകുന്നു. അത് അപരന്റെ അഭിമാനത്തെ മുറിവേൽപിച്ചുകൊണ്ടായിരിക്കരുത് എന്നതിലാണ് ഇസ്‌ലാമിലെ മനുഷ്യാവകാശങ്ങളുടെ മഹത്ത്വം. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലേ കൂടിയാലോചനകൾ നടത്താനും നല്ല തീരുമാനങ്ങളിലെത്തിച്ചേരാനും കഴിയൂ.

മർദിതർ, വഴിയാത്രികർ, അയൽവാസികൾ, അടുത്ത കുടുംബക്കാർ...ഇങ്ങനെ എല്ലാവരോടും മനുഷ്യത്വപൂർണമായി പെരുമാറണമെന്നും ബാധ്യതകൾ നിറവേറ്റണമെന്നും ക്വുർആൻ ഉണർത്തുന്നുണ്ട്.

എല്ലാതരത്തിലുമുള്ള അശ്ലീലതകളോടും മേച്ഛവൃത്തികളോടും ഇസ്‌ലാം എതിരാണ്.

“...പിശാചിന്റെ കാലടികളെ നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക. അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു. ദുഷ്‌കൃത്യങ്ങളിലും നീചവൃത്തികളിലും ഏർപെടുവാനും അല്ലാഹുവിന്റെ പേരിൽ നിങ്ങൾക്കറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവൻ നിങ്ങളോട് കൽപിക്കുന്നത് “(2:168, 169).

അധാർമികതകൾ മുൻഗാമികൾ ചെയ്തതിന്റെ പേരിൽ ന്യായീകരിക്കപ്പെടുന്നതിനെ ക്വർആൻ എതിർക്കുന്നു

“അവർ വല്ല നീചവൃത്തിയും ചെയ്താൽ, ഞങ്ങളുടെ പിതാക്കൾ അതിൽ നിലകൊള്ളുന്നതായി ഞങ്ങൾ കണ്ടിട്ടുണ്ടെന്നും, അല്ലാഹു ഞങ്ങളോട് കൽപിച്ചതാണത് എന്നുമാണവർ പറയുക. (നബിയേ,) പറയുക: നീചവൃത്തി ചെയ്യുവാൻ അല്ലാഹു കൽപിക്കുകയേയില്ല. നിങ്ങൾ അല്ലാഹുവിന്റെ പേരിൽ നിങ്ങൾക്ക് വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുകയാണോ? (7:28).

‘വ്യഭിചാരത്തെ വലിയ അപരാധമായി ക്വുർആൻ വിശേഷിപ്പിക്കുന്നു: “നിങ്ങൾ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീർച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാർഗവുമാകുന്നു’’ (17:32).

സ്ത്രീകൾക്കെതിരായ വ്യഭിചാരാരോപണത്തെ ഹീനമായ അധർമമായി ഇസ്‌ലാം കാണുന്നു:

“ചാരിത്രവതികളുടെ മേൽ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ എൺപത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങൾ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവർ തന്നെയാകുന്നു അധർമ്മകാരികൾ’’ (24:4).

“തീർച്ചയായും സത്യവിശ്വാസികൾക്കിടയിൽ ദുർവൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവർക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല’’ (24:19).

അല്ലാഹുവിൽ പങ്കുചേർക്കൽ, ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ കൊല്ലൽ, അന്യായമായ കൊലപാതകം തുടങ്ങിയ അക്രമങ്ങളെ അല്ലാഹു എടുത്ത് പറയുന്നത് കാണുക:

“(നബിയേ,) പറയുക: നിങ്ങൾ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത് നിങ്ങൾക്ക് ഞാൻ പറഞ്ഞ് കേൾപിക്കാം. അവനോട് യാതൊന്നിനെയും നിങ്ങൾ പങ്കുചേർക്കരുത്. മാതാപിതാക്കൾക്ക് നന്മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങൾ കൊന്നുകളയരുത്. നാമാണ് നിങ്ങൾക്കും അവർക്കും ആഹാരം തരുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങൾ സമീപിച്ച് പോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങൾ ഹനിച്ചുകളയരുത്. നിങ്ങൾ ചിന്തിച്ച് മനസ്സിലാക്കുവാൻ വേണ്ടി. അവൻ (അല്ലാഹു) നിങ്ങൾക്ക് നൽകിയ ഉപദേശമാണത്’’ (6:151).

മദ്യം, ചൂതാട്ടം പോലുള്ള അധാർമിക പ്രവർത്തനങ്ങളെ ഇസ്‌ലാം ശക്തമായി വിലക്കിയിട്ടുണ്ട്:

“സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓർമിക്കുന്നതിൽനിന്നും നമസ്‌കാരത്തിൽനിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാൽ നിങ്ങൾ (അവയിൽനിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?” (5:90,91).

മുഹമ്മദ് നബി ﷺ യിലൂടെ അല്ലാഹു അവതരിപ്പിച്ച മതത്തിന്റെ നിയമങ്ങൾ മനുഷ്യരെ എല്ലാ നന്മകളിലേക്കും നയിക്കുകയും എല്ലാ തിന്മകളിൽനിന്നും തടയുകയും ചെയ്യുന്നു എന്നതിന് പുറമെ മനുഷ്യരെ അവർ പേറുന്ന പാപത്തിന്റെയും തിന്മയുടെയും ഭാരങ്ങളിൽനിന്നും വിലങ്ങുകളിൽനിന്നും മോചിപ്പിക്കുക കൂടി ചെയ്യുന്നു:

“(അതായത് ) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇൻജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർക്ക് കണ്ടെത്താൻ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ ) പിൻപറ്റുന്നവർക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോട് അദ്ദേഹം സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ അവരുടെമേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിൻപറ്റുകയും ചെയ്തവരാരോ, അവർ തന്നെയാണ് വിജയികൾ’’ (7:157).

ചുരുക്കത്തിൽ, എല്ലാവിധ അമാനവിക പ്രവണതകൾക്കും അധാർമികതകൾക്കും ഇസ്‌ലാം എതിരാണ്. ഏകനായ സ്രഷ്ടാവിന് മാത്രം ആരാധനകൾ അർപ്പിച്ചുകൊണ്ടും ക്വുർആനികാശയങ്ങളെ ജീവിതത്തിൽ പകർത്തി മാതൃക കാണിച്ച മുഹമ്മദ് നബി ﷺ യെ പിൻപറ്റി ജീവിച്ചുകൊണ്ടും പാരത്രിക ലോകത്ത് വിജയം നേടുവാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.