ഏക വ്യക്തിനിയമവും ബഹുസ്വര സമൂഹവും

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ജൂലൈ 15 , 1444 ദുൽഹിജ്ജ 27

പതിവു പോലെ ഏകീകൃത സിവിൽകോഡ് വീണ്ടും ചൂടുപിടിച്ച ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പുകളോടനുബന്ധിച്ച് നടക്കാറുള്ള ‘പൊതുമിനിമ സാമുദായിക ധ്രുവീകരണ പരിപാടി’ക്കപ്പുറം പുതിയ മാനങ്ങളിലേക്ക് ഇപ്രാവശ്യം വിവാദം കൊഴുക്കുമെന്നാണ് മനസ്സിലാവുന്നത്. ഈ രാഷ്ട്രീയ ചതുരംഗപ്പലകയിൽ ശത്രുവാര്, മിത്രമാര് എന്ന് നിർവചിക്കുന്നിടത്ത് ഭൂതത്തിനെ കുടത്തിൽ നിന്ന് പുറത്തിറക്കിയവർക്ക് വരെ വ്യക്തമായ ധാരണയില്ലാത്ത വിധമാണ് കാര്യങ്ങൾ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഏകീകൃത സിവിൽ കോഡിനെ സംബന്ധിച്ച് സംസാരിച്ചതോടെ രാജ്യത്ത് വീണ്ടും അത് ചൂടേറിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുമ്പെങ്ങുമില്ലാത്ത വിധം പ്രതിപക്ഷ കക്ഷികൾ ബി.ജെ.പിക്കെതിരെ ഒന്നിച്ചു നിൽക്കുന്ന അവസ്ഥയിൽ പ്രതിപക്ഷത്തെയും മതനിരപേക്ഷ സമൂഹത്തെയും ഭിന്നിപ്പിക്കാൻ ഇതിലേറെ നല്ല വിഷയമില്ല എന്ന കണ്ടെത്തലാണ് മോദി എന്ന കുബുദ്ധിയെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത് എന്ന് മനസ്സിലാക്കാൻ അധികം ബുദ്ധി ആവശ്യമില്ല. ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഒരു ബില്ലായി ഏകീകൃത സിവിൽ കോഡിനെ കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്. ബിൽ ഹൈന്ദവ വിഭാഗങ്ങളുടെ സംസ്‌കാരവും വ്യക്തിനിയമങ്ങളും സംരക്ഷിക്കുന്ന വിധമായിരിക്കുമെന്നും അതോടൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങൾ സംരക്ഷിക്കുമെന്നും ക്രൈസ്തവ വിഭാഗത്തിന് മോചനം നൽകുമെന്നുമുള്ള പ്രചാരണം സർക്കാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പ്രധാനമായും മുസ്‌ലിം സ്ത്രീകളെ അടിച്ചമർത്തലുകളിൽനിന്ന് വിമോചിപ്പിക്കുകയാണ് ലക്ഷ്യമെന്നുകൂടി മോദി തന്നെ പറഞ്ഞതോടെ വരാനിരിക്കുന്ന ഏകീകൃത സിവിൽ കോഡിൽ കൂട്ടിലടക്കപ്പെടുന്നത് മുസ്‌ലിംകൾ മാത്രമായിരിക്കുമെന്ന ധ്വനിയും രാജ്യമെങ്ങും പരന്നിരിക്കുകയാണ്.

എന്താണ് സിവിൽ കോഡുകൾ?

അനന്തര സ്വത്തുക്കൾ, വിവാഹം, വിവാഹമോചനം തുടങ്ങിയ കുടുംബ വിഷയങ്ങൾ ഉൾപ്പെടെയുള്ള വിവിധ മതങ്ങളിലും സമൂഹങ്ങളിലും ഗോത്രങ്ങളിലും നിലനിൽക്കുന്ന വൈവിധ്യമാർന്ന പിന്തുടർച്ചാരീതികളിൽ അതാത് സമൂഹങ്ങൾക്ക് അവരുടെ നിയമങ്ങൾ അനുവദിച്ചുകൊടുത്തുകൊണ്ടുള്ള വ്യക്തിനിയമങ്ങളാണ് സിവിൽ കോഡുകൾ എന്നറിയപ്പെടുന്നത്. വിവിധ മതങ്ങളിൽ പ്രാമാണികമായി നിലനിൽക്കുന്ന കുറ്റകൃത്യ നിയമങ്ങൾ (Criminal Codes) ഇതിന്റെ പരിധിയിൽ വരില്ല. മതപരമായ വിശ്വാസവും ആചാരവും വ്യക്തികളുടെ സ്വകാര്യ വിഷയങ്ങളാണ് എന്ന നിലപാട് സ്വീകരിച്ചിട്ടുള്ള മതനിരപേക്ഷ രാജ്യങ്ങളിൽ അവ മൗലികാവകാശങ്ങളായി രേഖപ്പെടുത്തപ്പെട്ടതുകൊണ്ടാണ് മതവിശ്വാസവുമായി ബന്ധപ്പെടുന്നതും വ്യക്തികളെ മാത്രം ബാധിക്കുന്നതുമായ, എന്നാൽ സാമൂഹികമായി യാതൊരു പ്രശ്‌നവും ഉണ്ടാക്കാത്ത കാര്യങ്ങളിൽ ഓരോ സമൂഹത്തിനും അവരുടെ വ്യക്തിനിയമങ്ങൾ പാലിച്ച് ജീവിക്കാം എന്ന് അതാത് രാജ്യങ്ങളുടെ ഭരണഘടനകൾ അംഗീകരിച്ചിട്ടുള്ളത്.

വ്യക്തിനിയമങ്ങളുടെ ഏകീകരണം: വാദങ്ങളും മറുവാദങ്ങളും

വിവിധ മത-സാമൂഹിക വിഭാഗങ്ങൾക്ക് വിവിധ വ്യക്തിനിയമങ്ങൾ ഉണ്ടാകുന്നത് കോടതികൾക്ക് തലവേദന സൃഷ്ടിക്കുന്നുവെന്നും അതുകൊണ്ട് സിവിൽ നിയമങ്ങളെ ഏകീകരിച്ച് എല്ലാവർക്കും ഒരുപോലെയാക്കണമെന്നുമുള്ള വാദം പണ്ടുമുതലേയുണ്ട്. ഭരണഘടനാ നിർമാണ സഭയിലും ഈ വാദം ശക്തമായി ഉയർന്നുവന്നിരുന്നു. എന്നാൽ ഒരേസമയം മതവിഭാഗങ്ങൾക്ക് മതസ്വാതന്ത്ര്യവും ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അവരുടെ സ്വാതന്ത്ര്യവും ഗോത്രവിഭാഗങ്ങൾക്ക് അവരുടെ സാമ്പ്രദായിക രീതികളും അംഗീകരിച്ചുകൊടുത്തുകൊണ്ടുള്ള മൗലികാവകാശ സംരക്ഷണ തത്ത്വങ്ങൾ അംഗീകരിച്ചിട്ടുള്ള രാഷ്ട്രത്തിന് എങ്ങനെ ഇപ്പറഞ്ഞ വൈവിധ്യങ്ങളിൽ അധിഷ്ഠിതമായ സമൂഹത്തിൽ വ്യക്തിനിയമങ്ങളെ ഏകീകരിക്കാൻ സാധിക്കും എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയായിരുന്നു. വ്യക്തിനിയമങ്ങൾ ഏകീകരിക്കണമെന്ന് കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിൽ ശക്തമായി വാദിച്ചിരുന്നവരെല്ലാം ചോദ്യത്തിന് മുമ്പിൽ കുഴങ്ങി വീഴുകയായിരുന്നു.

ഇന്ത്യൻ ഭരണഘടനയിൽ പൗരന്റെ മൗലികാവകാശങ്ങൾ ക്രോഡീകരിച്ചിട്ടുള്ള മൂന്നാം ഖണ്ഡത്തിൽ മതസ്വാതന്ത്ര്യത്തെ മൗലികാവകാശമായിട്ടാണ് എഴുതിച്ചേർത്തിട്ടുള്ളത്. മൂന്നാം ഖണ്ഡത്തിലെ ഇരുപത്തിയഞ്ചാം അനുച്ഛേദം ഇങ്ങനെ വായിക്കാം: “മനഃസാക്ഷിക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനും ഉള്ള സ്വാതന്ത്ര്യം: പൊതുസമാധാനത്തിനും സാന്മാർഗികതയ്ക്കും ആരോഗ്യത്തിനും ഈ ഭാഗത്തിലെ മറ്റു വ്യവസ്ഥകൾക്കും വിധേയമായി മനഃസാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ‘ആചരിക്കുന്നതിനും’ പ്രചരിപ്പിക്കുന്നതിനും എല്ലാ വ്യക്തികൾക്കും തുല്യമായ അവകാശമുണ്ട്.’’

സ്വത്തവകാശം, വിവാഹം, വിവാഹമോചനം തുടങ്ങിയ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ മതനിയമങ്ങൾ ആചരിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട് എന്ന കാര്യം ഭരണഘടന ഉറപ്പുനൽകുന്നു എന്ന് ഈ അനുച്ഛേദം വ്യക്തമാക്കുന്നു.

തെറ്റിദ്ധരിപ്പിക്കപ്പെട്ട സെക്കുലറിസം

രാജ്യം സെക്കുലറാകുന്നു; അതുകൊണ്ട് എല്ലാ നിയമങ്ങളും സെക്കുലറാവണം എന്നതായിരുന്നു മറ്റൊരു വാദം. ഒരു പ്രദേശത്തെ പൂർണമായും മതവിമുക്തമാക്കുക എന്ന അർത്ഥത്തിലല്ല ഇന്ത്യ സെക്കുലറിസം എന്ന ആശയം അംഗീകരിച്ചിട്ടുള്ളത്. ഭരണഘടനാ അസംബ്ലിയിൽതന്നെ ഇതുസംബന്ധമായി വലിയ ചർച്ചകളും വിശദീകരണങ്ങളും ഉണ്ടായിട്ടുണ്ട്. മതസ്വാതന്ത്ര്യം അനുവദിക്കുക, മതകാര്യങ്ങളിൽ ഭരണകൂടം ഇടപെടാതിരിക്കുക, ഏതെങ്കിലും ഒരു മതത്തിന് മറ്റൊരു മതത്തെക്കാൾ പ്രാധാന്യം കൽപിക്കാതിരിക്കുക എന്നിങ്ങനെ മതങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള മത വൈവിധ്യമാണ് ഇന്ത്യ അംഗീകരിച്ച സെക്കുലറിസം.

പൊതുയിടങ്ങളിൽ നിന്നും മതം പൂർണമായും മാറി നിൽക്കണം എന്ന വാദമുയർത്തുന്ന നാസ്തിക, യുക്തിവാദ, നിരീശ്വര വിഭാഗങ്ങളും വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ പേരിൽ മതനിരാസം ആവശ്യപ്പടുന്ന കമ്യൂണിസ്റ്റ് വിഭാഗങ്ങളും ഹിന്ദുത്വ മതരാഷ്ട്രവാദം ഉയർത്തിപ്പിടിക്കുന്ന സംഘ്പരിവാർ വിഭാഗങ്ങളും അതുപോലെയുള്ള വാദങ്ങൾ ഉയർത്തിപ്പിടിക്കുന്നവരും ഇന്ത്യ ഉയർത്തിപ്പിച്ച സെക്കുലറിസത്തെ പൂർണമായും മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടുള്ളവരല്ല. അതുകൊണ്ടാണ് വിദ്യാലയങ്ങൾ അടക്കമുള്ള പൊതുയിടങ്ങളിൽ മതപരമായ വേഷങ്ങൾ അനുവദിക്കാൻ പാടില്ലെന്ന് ഇവർ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇന്ത്യ; വൈവിധ്യത്തിന്റെ കളിത്തൊട്ടിൽ

ഒരേ വിശ്വാസം, ആചാരം, സംസ്‌കാരം, വ്യക്തിനിയമങ്ങൾ എന്നിവ നടപ്പാവണമെങ്കിൽ പൗരന്മാർ എല്ലാവരും ഒരേ വിശ്വാസ, ആചാര, സംസ്‌കാര, മത നിയമങ്ങൾ ഉൾക്കൊണ്ട് ജീവിക്കുന്നവരായിരിക്കണം. ‘ഏകം’ എന്ന സംജ്ഞ അതിമനോഹരമാണെങ്കിലും അത് അടിച്ചേൽപിക്കലിലൂടെ പ്രാവർത്തികമാവില്ല. എല്ലാവരും ഒരുപോലെയായിരിക്കുക എന്നതിനെക്കാൾ വൈവിധ്യങ്ങളിലൂടെ തന്നെ എല്ലാവരും ഒന്നാണെന്ന ബോധ്യം വളർത്തിയെടുക്കുക എന്ന ആശയത്തിനാണ് ഇന്ത്യ പ്രാമുഖ്യം കൽപിച്ചത്. അതുതന്നെയാണ് നീതിയും പ്രായോഗികവും. ഒരു മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ എല്ലാ മേഖലകളിലും മതനിയമങ്ങൾ പാലിക്കുക എന്നത് വ്യക്തിപരമായി അയാൾക്ക് അനിവാര്യമാണ്. ഒരാൾ അയാളുടെ മതനിയമങ്ങൾ പാലിക്കുന്നത് മറ്റുള്ളവരെ യാതൊരു നിലയ്ക്കും ബാധിക്കുന്നില്ല. അതുകൊണ്ട് ഏക വ്യക്തിനിയമം എന്ന ആശയം ഒരു ബഹുസ്വര, ബഹുമത, ബഹുസംസ്‌കാര, ബഹുഭാഷാ സമൂഹത്തിൽ നടപ്പാക്കുന്നത് ഫാസിസമാണ്. വിവിധ വ്യക്തിനിയമങ്ങൾ അടങ്ങുന്ന ഒരു ബഹുസ്വര ഇന്ത്യയെയാണ് രാഷ്ട്രശിൽപികൾ വിഭാവനം ചെയ്തത്. ‘നാനാത്വത്തിൽ ഏകത്വം’ എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി അതാണ്.

വ്യക്തിനിയമങ്ങൾ ചരിത്രത്തിലൂടെ

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം വരുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ മുഗളന്മാർ ഇന്ത്യ ഭരിച്ചിരുന്നപ്പോൾ മുസ്‌ലിം ക്രിമിനൽ നിയമങ്ങൾ നിലവിലുണ്ടായിരുന്നു. സിവിൽ നിയമങ്ങൾ ഓരോ മതവിഭാഗങ്ങളും അവരുടെ മതനിയമപ്രകാരമായിരുന്നു പിന്തുടർന്നുവന്നിരുന്നത്. മുസ്‌ലിംകളുടെ സിവിൽ നിയമങ്ങൾ കൈകാര്യം ചെയ്തിരുന്നതും വിധി നടത്തിയിരുന്നതും ഖാദിമാരും ഹിന്ദുക്കളുടെത് പണ്ഡിറ്റുമാരുമായിരുന്നു. മുഗൾ ഭരണം അവസാനിക്കുകയും ബ്രിട്ടീഷുകാർ ഭരണം ആരംഭിക്കുകയും ചെയ്തപ്പോൾ പ്രാരംഭത്തിൽ മുഗൾ രീതി അവർ പിന്തുടർന്നുവെങ്കിലും പിന്നീട് ബ്രിട്ടീഷ് ജഡ്ജിമാർ തന്നെയായി വിധികർത്താക്കൾ. എങ്കിലും അവർ സിവിൽ നിയമങ്ങൾ മാറ്റിയില്ല. ഹിന്ദുക്കൾക്ക് ഹിന്ദുക്കളുടെതും മുസ്‌ലിംകൾക്ക് മുസ്‌ലിംകളുടെതും എന്ന വിധേന സിവിൽ നിയമങ്ങൾ ബ്രിട്ടീഷുകാരും അനുവദിച്ചു. പണ്ഡിറ്റുമാരും ഖാദിമാരും ബ്രിട്ടീഷ് ജഡ്ജിമാരെ സഹായിച്ചുവന്നു. ക്വുർആൻ, ഹദീസ് എന്നിവക്ക് പുറമെ അറബി, പേർഷ്യൻ ഭാഷകളിലുള്ള നിരവധി ഗ്രന്ഥങ്ങൾ അക്കാലത്ത് മുസ്‌ലിം ഖാദിമാർ അവലംബിച്ചിരുന്നു. ബ്രിട്ടീഷ് ജഡ്ജിമാർക്ക് മനസ്സിലാകുന്നതിനായി നിരവധി ഗ്രന്ഥങ്ങൾ അക്കാലത്ത് ഇംഗ്ലീഷിലേക്ക് തർജമ ചെയ്തു. അവയിൽ വളരെ പ്രധാനപ്പെട്ട ഗ്രന്ഥമാണ് 1197ൽ മരണമടഞ്ഞ ബുർഹാനുദ്ദീൻ മാർഗിനാനിയുടെ ‘അൽഹിദായ.’ ഹനഫി മദ്ഹബിലെ നിയമങ്ങൾ അനുസരിച്ചാണ് ഇത് ക്രോഡീകരിച്ചിട്ടുള്ളത്. ബ്രിട്ടീഷ് കാലത്ത് ഏറെ ഉപയോഗപ്പെടുത്തപ്പെട്ട ഗ്രന്ഥമായിരുന്നു ഇത്. കക്ഷികൾ മുസ്‌ലിംകളാണെങ്കിൽ മുസ്‌ലിം ഗ്രന്ഥങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു മുഗൾ കാലത്തും ബ്രിട്ടീഷ് കാലത്തും വിധി പറഞ്ഞിരുന്നത് എന്നാണ് ഇതെല്ലം വ്യക്തമാക്കുന്നത്. ഹിദായക്ക് പുറമെ മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ആജ്ഞ പ്രകാരം അഞ്ഞൂറോളം പണ്ഡിതന്മാരാൽ രചിക്കപ്പെട്ട ‘ഫതാവാ ആലംഗീരി’യുടെ ഭാഗിക ഇംഗ്ലീഷ് വിവർത്തനവും ബ്രിട്ടീഷ് കാലങ്ങളിൽ ഉപയോഗിച്ചിരുന്ന പ്രധാന ഗ്രന്ഥമാണ്. ഇവയ്ക്ക് പുറമെ ബ്രിട്ടീഷുകാർതന്നെ രചിച്ചിട്ടുള്ള ചില സ്വതന്ത്ര ഇസ്‌ലാമിക നിയമ പുസ്തകങ്ങളും ബ്രിട്ടീഷ് ജഡ്ജിമാർ അവലംബമാക്കിയിരുന്നു.

ഇന്ത്യയിലെ നിയമ ക്രോഡീകരണം

1833ലെ ഗവർമെന്റ് ഓഫ് ഇന്ത്യ ആക്റ്റിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി നിയമങ്ങൾ ക്രോഡീകരിക്കാൻ തുടങ്ങിയത്. അങ്ങനെയാണ് ഇന്ത്യയിൽ ആദ്യമായി ക്രിമിനൽ നിയമങ്ങളുടെ ക്രോഡീകരണം നടന്നത്. 1860ൽ ക്രോഡീകരിക്കപ്പെട്ട നിയമങ്ങൾ ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി) എന്നറിയപ്പെടുന്നു. ഇത് നിലവിൽ വന്നതോടെ നേരത്തെ മുഗളന്മാരുടെ കാലം മുതൽ ഉണ്ടായിരുന്ന മുസ്‌ലിം ക്രിമിനൽ കോഡ് നിർവീര്യമായി. ക്രിമിനൽ കോഡ് ഇല്ലാതായതോടെ സിവിൽ നിയമങ്ങൾ കൈകാര്യം ചെയ്തിരുന്ന ഖാദിമാരുടെ അധികാരങ്ങളും ഇല്ലാതായി. സിവിൽ നിയമങ്ങളിൽ കരാറുകൾ, വസ്തു കൈമാറ്റം തുടങ്ങിയവയ്ക്ക് ബ്രിട്ടീഷുകാർ പ്രത്യേക നിയമങ്ങൾ ഉണ്ടാക്കി. എന്നാൽ മുസ്‌ലിംകൾ ഏറെയും കോടതികളെ ആശ്രയിച്ചിരുന്നത് കുടുംബ നിയമങ്ങളിലായിരുന്നു; വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയവ.

കുടുംബനിയമങ്ങളിൽ ബ്രിട്ടീഷുകാർ കൈവെക്കാതിരുന്നത് അവരുടെ പ്രത്യേക കാഴ്ചപ്പാട് കാരണമായിരുന്നു. മുസ്‌ലിം സമുദായത്തെ ഏറെ ബാധിക്കുന്ന വിഷയങ്ങളാണ് അവ എന്നതിനാൽ അവരുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ട് അവരുടെ ശത്രുത ആ ഘട്ടത്തിൽ ഉണ്ടാക്കിയെടുക്കുന്നത് രാഷ്ട്രീയമായി അവരെ ബാധിക്കും. അതുകൊണ്ട് മുസ്‌ലിം പ്രശ്‌നങ്ങളിൽ വളരെ സൂക്ഷിച്ച് മാത്രമായിരുന്നു അക്കാലത്ത് അവർ ഇടപെട്ടിരുന്നത്. ഏറ്റവും കൗതുകകരമായ കാര്യം മുസ്‌ലിം പ്രശ്‌നങ്ങളിൽ ക്വുർആനും ഹദീസും അവയ്ക്ക് പൗരാണിക പണ്ഡിതന്മാർ നൽകിയിരുന്ന വ്യാഖ്യാനവുമായിരുന്നു ബ്രിട്ടീഷ് ജഡ്ജിമാർക്ക് ഏറെ പ്രിയം എന്നതാണ്. പൗരാണിക പണ്ഡിതൻമാരുടെ അത്ര അറിവ് ആധുനിക പണ്ഡിതന്മാർക്കുണ്ടാവില്ല എന്ന കാഴ്ചപ്പാട് അവർക്കുണ്ടായിരുന്നു. യുക്തിവാദികളും കേവല സാഹിത്യത്തിൽ മാത്രം കഴിവുള്ളവരും ജീവിതത്തിൽ ഇസ്‌ലാമിക നിയമങ്ങൾ പാലിക്കാത്തവരുമായ ആളുകളുടെ വ്യാഖ്യാനങ്ങൾ അതെത്ര മനോഹരമാണെന്ന് തോന്നിയാലും ബ്രിട്ടീഷ് ജഡ്ജിമാർക്ക് പഥ്യമായിരുന്നില്ല.

ബ്രിട്ടീഷുകാരും പൗരാണിക വ്യാഖ്യാനവും

ബ്രിട്ടീഷ് ജഡ്ജിമാർക്ക് ഇസ്‌ലാമിക പ്രമാണങ്ങളോടുണ്ടായിരുന്ന സമീപനം എന്തായിരുന്നു എന്ന് അവരുടെ വിധികളിൽനിന്നും സുവ്യക്തമാണ്. ഉദാഹരണമായി 1897ലെ ആഗാ മുഹമ്മദ് ജാഫറിന്റെ കുൽസും ബീവി കേസ് വിധിയിലെ ഒരു ഭാഗം ഇങ്ങനെ വായിക്കാം:"It would be wrong for the Court on a point of this kind to attempt to put their own construction on the Koran in opposition to the express ruling of commentators of such great antiquity and high authority.’ ’ (അതി പൗരാണികരും അത്യന്തം ആധികാരിക സ്ഥാനമുള്ളവരുമായ ക്വുർആൻ വ്യാഖ്യാതാക്കളുടെ വ്യക്തമായ വിധികൾക്കെതിരായി ഇത്തരം ഒരു പ്രശ്‌നത്തിൽ സ്വന്തമായ വ്യാഖ്യാനം ക്വുർആൻ വാക്യങ്ങൾക്ക് നൽകുവാനുള്ള ഏതൊരു ശ്രമവും കോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് തെറ്റായിരിക്കും.) (https://www.casemine.com/judgement/in/5779f44de561096c9312febb - Page 4). നിരവധി കേസുകളിൽ ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾ ബ്രിട്ടീഷ് ഇന്ത്യയിലെ ജഡ്ജിമാർ നടത്തിയതായി കാണാം.

മുസ്‌ലിം ക്രിമിനൽ കോഡ് ബഹുസ്വര സമൂഹത്തിൽ

ക്രിമിനൽ നിയമങ്ങൾ മാത്രം ഏകീകരിക്കാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. സിവിൽ നിയമങ്ങൾ അതാത് വിഭാഗങ്ങളുടെ വ്യക്തിനിയമങ്ങൾക്ക് അനുസൃതമായിരിക്കട്ടെ എന്നായിരുന്നു അവരുടെ നിലപാട്. ഇസ്‌ലാമിക നിയമമനുസരിച്ച് ഒരു മുസ്‌ലിം രാജ്യത്ത് മാത്രമെ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കേണ്ടതുള്ളൂ. അമുസ്‌ലിംകൾ ധാരാളമുള്ളിടത്ത് ഇസ്‌ലാമിലെ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കണമെന്ന് മുസ്‌ലിം പണ്ഡിതന്മാർക്ക് അഭിപ്രായമില്ല. ഇപ്പോൾ ഏകീകൃത സിവിൽ കോഡ് ചർച്ചയിൽ അന്ന് ബ്രിട്ടീഷുകാർ ക്രിമിനൽ നിയമങ്ങൾ ക്രോഡീകരിച്ചപ്പോൾ എന്തുകൊണ്ട് മുസ്‌ലിംകൾ പ്രതികരിച്ചില്ല എന്ന് ചോദിക്കുന്ന ചിലരുണ്ട്. മുസ്‌ലിംകളോ ഇസ്‌ലാമിക ശരീഅത്തോ അങ്ങനെ ആവശ്യപ്പെടുന്നില്ല എന്നതാണ് അതിനുള്ള ഉത്തരം.

ഇന്ത്യൻ ശരീഅത്ത് ആക്റ്റിന്റെ ചരിത്രം

ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകൾക്കിടയിൽ വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങൾ നാട്ടാചാരങ്ങളായ മാമൂലുകൾക്കനുസരിച്ച് നടക്കാറുണ്ടായിരുന്നു. പലപ്പോഴും ഇതിൽ ഇരകളായിരുന്നത് സ്ത്രീകളായിരുന്നു. സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുകയും സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷങ്ങൾ ധാരാളം ഉണ്ടായിരുന്നു. ചില കേസുകൾ മാത്രമാണ് കോടതികളിൽ എത്തുക. കോടതികളിൽ എത്തുമ്പോൾ മാത്രമാണ് നിയമജ്ഞർക്കും ജഡ്ജിമാർക്കും ആക്റ്റിവിസ്റ്റുകൾക്കുമെല്ലാം പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുക. ക്വുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കപ്പെടുകയാണെങ്കിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടും എന്നായിരുന്നു ജഡ്ജിമാരുടെയും വനിതാ സംഘടനകളുടെയും അഭിപ്രായം. വിവിധ കോണുകളിൽനിന്നും മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന അതിശക്തമായ ആവശ്യം ഉയർന്നുവന്നതോടെ ബ്രിട്ടീഷ് സർക്കാറിന് ഈ വിഷയത്തിൽ പരിഹാരം കാണുക നിർബന്ധമായി. അതാണ് 1937ൽ പ്രാവർത്തികമായത്. The Muslim Personal Law (Shariat) Application Act, 1937 (മുസ്‌ലിം വ്യക്തിനിയമം -ശരീഅത്ത്- ബാധകമാക്കൽ ആക്റ്റ്-1937) എന്ന പേരിൽ മുസ്‌ലിം വ്യക്തിനിയമങ്ങൾക്ക് നിയമപരിരക്ഷ നൽകിക്കൊണ്ട് അവർ നിയമമുണ്ടാക്കി.

ബ്രിട്ടീഷുകാർ ശരീഅത്ത് ക്രോഡീകരിച്ചിട്ടില്ല

1937ൽ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ഈ ആക്റ്റ് ഒരിക്കലും ഒരു ക്രോഡീകൃത ശരീഅത്ത് നിയമമല്ല. അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ മുസ്‌ലിം ശരീഅത്ത് നിയമങ്ങൾ ‘ബാധകമാക്കൽ’ ആക്റ്റ് ആണത്. അതായത് മുസ്‌ലിംകൾക്ക് അവരുടെ സിവിൽ കാര്യങ്ങളിൽ അവരുടെ പ്രമാണങ്ങൾ ഉപയോഗിച്ച് വിധി നടത്താവുന്നതാണ് എന്ന് മാത്രമാണ് ആക്റ്റ് പറയുന്നത്. അല്ലാതെ, അതൊരു വിശാലമായ, എല്ലാ നിയമങ്ങളും സവിസ്തരം പ്രതിപാദിക്കുന്ന ഒരു നിയമപുസ്തകമല്ല. ഏതെങ്കിലും ഒരു വിഷയത്തിൽ പോലും ഇന്നതുപോലെ ചെയ്യണം എന്ന് പ്രസ്തുത ആക്റ്റ് പറയുന്നില്ല. മറിച്ച് കേസുകളിൽ മുസ്‌ലിംകളാണ് കക്ഷികളെങ്കിൽ അവർക്ക് ശരീഅത്ത് നിയമം അനുശാസിക്കുന്ന വിധം കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശമുണ്ട് എന്നുമാത്രമാണ് ആക്റ്റിലുള്ളത്. അതുകൊണ്ട് ഇന്ത്യയിലെ ശരീഅത്ത് ആക്റ്റ് പരിഷ്‌കരിക്കേണ്ടതില്ലേ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല. കാരണം അങ്ങനെ സമഗ്രവും സവിസ്തരവുമായ ശരീഅത്ത് നിയമങ്ങളുടെ ക്രോഡീകൃത രൂപം നിലനിൽക്കുന്നില്ല. അങ്ങനെയൊരു ക്രോഡീകൃത രൂപം ഉണ്ടാക്കുക ഇന്ത്യൻ പശ്ചാത്തലത്തിൽ പ്രായോഗികവുമല്ല.

ശരീഅത്ത് ആക്റ്റിന്റെ പ്രസക്ത ഭാഗം

ആക്റ്റിന്റെ രണ്ടാം ഖണ്ഡം ഇങ്ങനെ വായിക്കാം: “ഏതെങ്കിലും നാട്ടാചാരങ്ങളിലോ പതിവ് രീതികളിലോ എന്തുതന്നെ ഉണ്ടായിരുന്നാലും (കാർഷിക ഭൂമിയുടെ കാര്യങ്ങളിൽ ഒഴികെ) വസ്വിയ്യത്ത് പ്രകാരമുള്ള പിന്തുടർച്ച, അനന്തരാവകാശമായോ, കരാറു പ്രകാരമോ, ദാനമായോ വ്യക്തിനിയമത്തിലെ മറ്റേതെങ്കിലും വ്യവസ്ഥ അനുസരിച്ചോ ലഭിക്കുന്നതുൾപ്പെടെയുള്ള സ്ത്രീകളുടെ പ്രത്യേക സ്വത്ത്, വിവാഹം, ത്വലാക്വ്, ഈലാഅ്, ദിഹാർ, ലിആൻ, ഖുൽഅ്, മുബാറഅത്ത് എന്നിവയെല്ലാം ഉൾപ്പെട്ട വിവാഹമോചനം, ജീവനാംശം, മഹ്ർ, രക്ഷാകർതൃത്വം, ദാനം, ട്രസ്റ്റും ട്രസ്റ്റ് വസ്തുക്കളും, ദാനധർമങ്ങൾ, ധർമസ്ഥാപനങ്ങൾ, മത-ധർമ എൻഡോഴ്സ്മെന്റുകൾ ഇവയല്ലാത്ത വക്വ‌്ഫുകൾ, ഇവയ്ക്ക് കക്ഷികൾ മുസ്‌ലിംകളായിരിക്കുന്ന സംഗതികളിൽ തീരുമാനമെടുക്കുന്നതിന് ബാധകമാകുന്നത് മുസ്‌ലിം വ്യക്തിനിയമം ആയിരിക്കും.’’

മുസ്‌ലിം സമൂഹത്തിന് ഏറ്റവും ഗുണപ്രദമായത് അവരുടെ മതം അനുശാസിക്കുന്ന ശരീഅത്ത് നിയമങ്ങൾ വ്യക്തിനിയമങ്ങളായി സ്വീകരിക്കുമ്പോൾ മാത്രമാണ് എന്ന കണ്ടെത്തൽ മുസ്‌ലിംകളുടെത് മാത്രമല്ല, നിയമങ്ങളെക്കുറിച്ചറിയുന്ന നിയമവിശാരദന്മാരും സോഷ്യൽ ആക്ടിവിസ്റ്റുകളായി രംഗത്തുവന്നിരുന്ന വനിത സംഘടനാപ്രവർത്തകരും അടക്കമുള്ളവരുടെതുമായിരുന്നു എന്ന വസ്തുത മറന്നുപോകരുത്. എന്നാൽ എല്ലാകാലത്തും ശരീഅത്ത് വിമർശകരുണ്ടായിരുന്നു എന്ന കാര്യവും സത്യമാണ്.

ഇത് മുസ്‌ലിംകൾക്ക് മാത്രമായിരുന്നില്ല, എല്ലാ മതവിഭാഗങ്ങൾക്കും അവരുടെതായ വ്യക്തിനിയമങ്ങൾ അനുവദിക്കപ്പെട്ടുകൊണ്ടുള്ള ചട്ടങ്ങൾ ബ്രിട്ടീഷ് കാലത്ത് തന്നെ ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ ക്രിസ്ത്യൻ മാര്യേജ് ആക്റ്റ് 1872, പാർസി മാര്യേജ് ആൻഡ് ഡൈവോഴ്‌സ് ആക്റ്റ് 1936 തുടങ്ങി വിവിധ മതവിഭാഗങ്ങൾക്കും ഗോത്രവിഭാഗങ്ങൾക്കും അവരുടെതായ വ്യക്തിനിയമങ്ങൾ നേരത്തെ മുതലുണ്ട്. അതുകൊണ്ടുതന്നെ ഏകീകൃത സിവിൽ കോഡ് മുസ്‌ലിംകളെ മാത്രമല്ല, ഹിന്ദുക്കൾ അടക്കമുള്ള എല്ലാ വിഭാഗങ്ങളെയും ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

യു.സി.സി വാദം എപ്പോൾ തുടങ്ങി?

ഏകീകൃത സിവിൽ കോഡ് വാദം ഉയർന്നുവന്നത് 1940 മുതൽ മാത്രമാണ്. ദേശീയോദ്ഗ്രഥനവുമായി ബന്ധപ്പെട്ട് അന്നത്തെ നാഷണൽ പ്ലാനിങ് കമ്മിറ്റിയാണ് ആദ്യമായി ഈ ആവശ്യം മുന്നോട്ടുവച്ചത്. സ്ത്രീകളുടെ പദവി പരിശോധിക്കാനും ലിംഗസമത്വത്തിനുവേണ്ടി വ്യക്തിനിയമത്തിലെ പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്യാനുമാണ് അന്ന് എൻ.പി.സി നിർദേശം വച്ചത്. ഈ ആവശ്യം പിന്നീട് ഉയർന്നുവന്നത് 1947ൽ ഭരണഘടനാ ഉപസമിതിയിലാണ്. കോൺഗ്രസ് അംഗങ്ങളായിരുന്ന മിനു മസാനി (ബോംബേ), അംരീത് കൗർ (ബീഹാർ) എന്നിവരിലൂടെയാണ് ഈ ആവശ്യം ഉയർന്നുവന്നത്. അവരുടെ വാദം ഇങ്ങനെയായിരുന്നു: ‘ദേശീയതയിലേക്കുള്ള മുന്നേറ്റത്തിൽനിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്, രാജ്യത്തെ വെള്ളം കയറാത്ത അറകളായി വിഭജിക്കുന്ന മതത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങളുടെ സാന്നിധ്യമാണ്.’ സ്വാഭാവികമായും ഭരണഘടനാ നിർമാണ സമിതികളിൽ ഇത് ചൂടേറിയ ചർച്ചക്ക് വഴിതെളിയിച്ചു. മതാടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങളെ ഒഴിവാക്കി രാജ്യത്തിന് ഏകീകൃതമായ വ്യക്തിനിയമം വേണമെന്ന നിലയ്ക്കുള്ള ചർച്ചകൾ പുരോഗമിച്ചു. ബി.ആർ.അംബേദ്കറിനും ഇതേ അഭിപ്രായമായിരുന്നു. എന്നാൽ അത് മൗലികാവകാശമായി രേഖപ്പെടുത്തണമെന്ന അഭിപ്രായം അംബേദ്കർ പരിഗണിച്ചില്ല. മറിച്ച് അത് രാജ്യത്തിന് പിന്നീട് സാധ്യമെങ്കിൽ നടപ്പാക്കാവുന്ന മാർഗനിർദേശക തത്ത്വങ്ങളിൽ ഉൾപ്പെടുത്തി.

ഭരണഘടനാ നിർമാണ സഭയിലെ ചർച്ച

ഒടുവിൽ ചർച്ച ഭരണഘടനാ നിർമാണ പൊതുസഭയിലെത്തി. 1948 നവംബർ 23നായിരുന്നു അത് സഭയിലെത്തിയത്. ഏകീകൃത സിവിൽ കോഡിനെ മാർഗനിർദേശകതത്ത്വങ്ങളുടെ 44ാം അനുച്ഛേദമായി അംബേദ്കർ അവതരിപ്പിച്ചത് ഇങ്ങനെയായിരുന്നു:: “The State shall endeavour to secure for the citizens a uniform civil code throughout the territory of India.” (പൗരന്മാർക്ക് ഭാരതത്തിന്റെ ഭൂപ്രദേശം ഒട്ടാകെ ഏകരൂപമായ ഒരു സിവിൽ നിയമസംഹിത സംപ്രാപ്തമാക്കാൻ രാഷ്ട്രം യത്‌നിക്കേണ്ടതാണ്). വാചകങ്ങൾ വളരെ കൃത്യമാണ്. ഏകീകൃതമായ ഒരു സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കിയേ പറ്റൂ എന്നല്ല, മറിച്ച് അതിന് വേണ്ടി യത്‌നിക്കേണ്ടതാണ് (endeavour) എന്നുമാത്രമാണ് പറഞ്ഞത്. ഒരു കാര്യത്തിന് വേണ്ടി യത്‌നിക്കണമെങ്കിൽ അതിനുള്ള സാഹചര്യം ഒരുങ്ങേണ്ടതുണ്ട്. മതവ്യക്തിനിയമങ്ങൾ ഒഴിവാക്കണമെങ്കിൽ മതങ്ങളുടെ സ്വാധീനം രാഷ്ട്രത്തിൽ ഗണ്യമായി കുറയേണ്ടതുണ്ട്. എന്നാൽ മതങ്ങളുടെ സ്വാധീനം ദിനേന വർധിച്ചുകൊണ്ടിരിക്കുക മാത്രമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിൽ അത്തരമൊരു ചർച്ചക്ക് യാതൊരു സാംഗത്യവുമില്ല.

മുസ്‌ലിം ലീഗ് നേതാക്കളുടെ ഭേദഗതി

ഭരണഘടനാ നിർമാണ സഭയിൽ നടന്ന ചർച്ചയിൽ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്, ബി.പോക്കർ സാഹിബ്, മെഹ്ബൂബ് അലി ബേഗ് തുടങ്ങിയ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് നേതാക്കൾ ഏകീകൃത സിവിൽ കോഡിനെ മാർഗനിർദേശക തത്ത്വങ്ങളിൽ ചേർക്കുന്നതിനെ ശക്തിയുക്തം എതിർത്തിരുന്നു. മൂവരും അംബേദ്കർ അവതരിപ്പിച്ചതിന് വ്യത്യസ്ത ഭേദഗതികൾ അവതരിപ്പിച്ചു.

ഇസ്മായിൽ സാഹിബിന്റെ ഭേദഗതി ഇങ്ങനെയായിരുന്നു: “Provided that any group, section or community of people shall not be obliged to give up its own personal law in case it has such a law.” (ഏതെങ്കിലും ഗ്രൂപ്പോ വിഭാഗമോ സമുദായമോ അവർക്ക് അങ്ങനെയൊരു വ്യക്തിനിയമം ഉണ്ടെങ്കിൽ പ്രസ്തുത നിയമം ഉപേക്ഷിക്കാൻ അവർ ബാധ്യസ്ഥരല്ല). വ്യക്തിനിയമങ്ങൾ സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ഏകീകൃത സിവിൽ കോഡ് മാത്രമെ രാജ്യത്ത് നടപ്പാക്കാവൂ എന്നായിരുന്നു അവരുടെ ആവശ്യം. ഇതിനായി ഇസ്മായിൽ സാഹിബ് വിവിധ യൂറോപ്യൻ രാജ്യങ്ങളുടെ ഭരണഘടന ഉദ്ധരിച്ചു. യൂഗോസ്ലോവിയൻ ഭരണഘടനയിലെ വാചകം ഇങ്ങനെയാണ്: “The Serb, Croat and Slovene State agrees to grant to the Mussulmans in the matter of family law and personal status provisions suitable for regulating these matters in accordance with the Mussulman usage.” (കുടുംബ നിയമങ്ങളിലും വ്യക്തിഗത പദവികളിലും മുസൽമാന്മാരുടെ പതിവനുസരിച്ച് പ്രവർത്തിക്കാൻ അവർക്ക് അനുമതി നൽകിയതായി സെർബ്, ക്രോട്ട്, സ്ലൊവീൻ രാഷ്ട്രം സമ്മതിച്ചിരിക്കുന്നു).

അന്ന് സഭയിൽ ബി.പോക്കർ സാഹിബ് നടത്തിയ പ്രസംഗം ഏകീകൃത സിവിൽ കോഡ് വാദത്തിന്റെ സർവ മുനകളും ഒടിക്കുന്ന തരത്തിലായിരുന്നു.

(തുടരും)