നവകേരളസദസ്സ്: പരിഹാരം തേടുന്ന മുസ്‌ലിം സാമുദായിക പ്രശ്‌നങ്ങൾ

ടി.കെ അശ്‌റഫ് / മുജീബ് ഒട്ടുമ്മൽ

2023 ഡിസംബർ 09 , 1445 ജു.ഊലാ 25

ഉദ്യോഗസ്ഥാകമ്പടിയോടെ കേരള മന്ത്രിസഭ ജനങ്ങളിലേക്കിറങ്ങി പരാതി സ്വീകരിക്കുന്ന നവകേരള സദസ്സ് മലയാളികൾക്ക് നവ്യാനുഭവമാണ്. കാലങ്ങളായി ന്യൂനപക്ഷ സമുദായമുണർത്തുന്ന കാതലായ ചില പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും പരിഹാരങ്ങൾ കണ്ടെത്താനുംകൂടി കഴിഞ്ഞാൽ ഈ യാത്ര സാർഥകമായി.

കേരള മുഖ്യമന്ത്രി പിണറായി വിജയ‌െന്റ നേതൃത്വത്തിൽ മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥമേധാവികളുമടങ്ങുന്നവർ നിയോജക മണ്ഡലങ്ങളിലെത്തി ജനങ്ങളുടെ പരാതി നേരിട്ട് സ്വീകരിച്ചുകൊണ്ട് പരിഹാരം കാണുക ലക്ഷ്യമാക്കി നവകേരള സദസ്സ് സംസ്ഥാനത്തുടനീളം നടക്കുകയാണ്. സർക്കാർ ചെയ്ത ജനക്ഷേമപ്രവർത്തനങ്ങളും ചെയ്യാനിരിക്കുന്ന വികസനകാര്യങ്ങളും ജനങ്ങളെ അറിയിക്കുകകൂടി ലക്ഷ്യമാക്കിയാണ് കേരള മന്ത്രിസഭ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സഞ്ചരിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. നവംബർ 18ന് മഞ്ചേശ്വരത്ത് ആരംഭിച്ച നവകേരള സദസ്സ് ഡിസംബർ 23ന് തിരുവനന്തപുരത്ത് പരിസമാപ്തി കുറിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. പ്രത്യേക കൗണ്ടറുകൾ തയ്യാറാക്കി അവയിലൂടെ ജില്ലാതല ഉദ്യോഗസ്ഥർ ജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കുകയും നാലാഴ്ചക്കുള്ളിൽ പരാതി തീർപ്പാക്കുകയും 45 ദിവസങ്ങൾക്കകം പരിഹാരം തപാലിലൂടെ അറിയിക്കുകയും ചെയ്യും എന്നാണ് പറയുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയുണ്ടാകുന്ന വിവിധ നിയമ പരിഷ്‌കാരങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കുന്ന സാഹചര്യമുണ്ട്. അവയെ അഭിമുഖീകരിക്കുവാനും പ്രായോഗിക പരിഹാരങ്ങളുണ്ടാക്കുവാനും സഞ്ചരിക്കുന്ന മന്ത്രിസഭക്ക് സാധിച്ചാൽ നവകേരളത്തിന് നവ്യാനുഭവമായിരിക്കും. സമൂഹത്തിലെ പരിഹാരം തേടുന്ന പ്രശ്‌നങ്ങളും, ഭരണകൂടം നിയമനിർമാണത്തിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്ന സമൂഹത്തെ ബാധിക്കും വിധമുള്ള കാര്യങ്ങളും, ബഹുസ്വരതയും വൈവിധ്യങ്ങളുമുള്ള മലയാളനാട്ടിൽ വിശ്വാസങ്ങളെയും ആദർശങ്ങളെയും ചോദ്യം ചെയ്യുംവിധമുള്ള സമീപനങ്ങളും സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുമെന്നതറിയാൻ ഓരോ പൗരനും അവകാശമുണ്ട്.

സമൂഹത്തെയും മുസ്‌ലിം സമുദായത്തെയും ബാധിക്കുന്ന ഗൗരവതരമായ ചില പ്രശ്‌നങ്ങളും അവ പരിഹരിക്കാനുള്ള നിർദേശങ്ങും സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുകയാണ് ഒരു അഭിമുഖത്തിലൂടെ, മുസ്‌ലിം നവോത്ഥാന കൈരളിക്ക് ദിശാബോധം നൽകിയ പരിഷ്‌കർത്താക്കളുടെ പാതയിൽ സഞ്ചരിക്കുന്ന നവോത്ഥാന സംഘടനയായ വിസ്ഡം ഇസ്‌ലാമിക്ഓർഗനൈസേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്.

? മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ പരിവാരങ്ങളും കൂടി ജനങ്ങളിലേക്ക് ഇറങ്ങിവന്ന് പരാതികൾ സ്വീകരിക്കുവാനും പരിഹരിക്കുവാനുമുള്ള നവകേരള സദസ്സ് പ്രതീക്ഷ നൽകുന്നതല്ലേ? സമുദായം നേരിടുന്ന പ്രശ്‌നങ്ങളിൽ ശരിയായ നിലപാടിലൂടെ പരിഹാരശ്രമങ്ങൾ നടത്തുന്ന സംഘടനയുടെ നേതൃത്വത്തിലിരിക്കുന്ന വ്യക്തിയെന്ന നിലയിൽ നവകേരള സദസ്സിന്റെ ശ്രദ്ധയിൽ വരേണ്ട എന്തെങ്കിലും കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടോ?

! സമൂഹത്തിലെ സർവ മേഖലകളിലെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും വിവിധ പദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കി സുരക്ഷിതത്വം, സുഭിക്ഷത, വിദ്യാഭ്യാസം, നിർഭയത്വം, അവകാശങ്ങൾ വകവെച്ചുകൊടുക്കൽ, പിന്നാക്ക വിഭാഗങ്ങളുടെ ഭരണപങ്കാളിത്തം, അവസരസമത്വം, സംവരണ അവകാശങ്ങൾ, നീതി എന്നിവ കാര്യക്ഷമമായി നടപ്പിൽ വരുത്താൻ സദസ്സ് ഉപകാരപ്പെടുകയാണെങ്കിൽ വളരെ നല്ലകാര്യം തന്നെയാണ്. പിന്നാക്ക വിഭാഗങ്ങളെ ശാക്തീകരിക്കാൻ കഴിഞ്ഞ കാലങ്ങളിലെ സർക്കാരുകൾ കൊണ്ടുവന്ന പദ്ധതികൾ നടപ്പാക്കുവാൻ സദസ്സിൽ തീരുമാനമാകണം. കഴിഞ്ഞ കാലങ്ങളിൽ മുസ്‌ലിം സമുദായം ഉയർത്തിക്കാട്ടിയ ധാരാളം പ്രശ്‌നങ്ങൾക്ക് പരിഹാരമായുള്ള സമീപനത്തെക്കുറിച്ചുള്ള പരാമർശവും നവകേരള സദസ്സിൽനിന്ന് ഉയർന്നുകേൾക്കണം.

? നവകേരള സദസ്സിലൂടെ പരാതികൾ സ്വീകരിച്ച് പരിഹാരം കാണാൻ സർക്കാർ സന്നദ്ധമായിട്ടും മുസ്‌ലിം സമുദായത്തി‌െന്റ നേതൃത്വത്തിൽനിന്ന് സാമുദായിക പ്രശ്‌നങ്ങളൊന്നും ശ്രദ്ധയിൽപ്പെടുത്തിയതായി കാണുന്നില്ല. കേരള സർക്കാർ സമുദായത്തിന്റെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകഴിഞ്ഞുവെന്നാണോ ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്?

! സാമുദായിക പ്രശ്‌നങ്ങൾ നവകേരള സദസ്സിൽ വിശദമായ ചർച്ചകൾക്ക് വിധേയമാക്കണം. പരിഹാരമുണ്ടാകാത്തതും യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കേണ്ടതുമായ ധാരാളം സാമുദായിക പ്രശ്‌നങ്ങളുണ്ട്. മുസ്‌ലിം നേതൃത്വം അവയെക്കുറിച്ച് സംസാരിക്കാത്തത് അവസരം ലഭിക്കാത്തതുകൊണ്ടാകാം, അല്ലെങ്കിൽ ശ്രദ്ധക്കുറവായിരിക്കാം എന്നല്ലാതെ പ്രശ്‌നങ്ങളില്ലെന്ന് അതിനർഥമില്ല. രാഷ്ട്രശിൽപികൾ പിന്നാക്കവിഭാഗങ്ങൾക്ക് അവസരസമത്വവും ഭരണപങ്കാളിത്തവും ഉറപ്പുവരുത്തി അവരെ ശാക്തീകരിക്കുന്നതിനായി ഇന്ത്യൻ ഭരണഘടനയിലൂടെ വിഭാവന ചെയ്തതാണ് സംവരണം. കേരളത്തിൽ അതെത്രത്തോളം നടപ്പിൽ വരുത്തിയെന്ന് പരിശോധിച്ചാൽ മാത്രം മതി സാമുദായിക പ്രശ്‌നങ്ങളെ അധികാരികൾ സമീപിക്കുന്ന രീതി മനസ്സിലാക്കാൻ. കേരള ജനസംഖ്യയുടെ 27 ശതമാനം വരുന്ന മുസ്‌ലിംകൾ ഉദ്യോ ഗപ്രാതിനിധ്യത്തിൽ മൈനസ് 136-ാം സ്ഥാനത്താണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ടെത്തിയിട്ടും അത് പരിഹരിക്കാൻ എന്ത് പദ്ധതിയാണ് ആവിഷ്‌കരിച്ചതെന്ന് സർക്കാർ വ്യക്തമാക്കണം. ഡോ. മൻമോഹൻ സിംഗി‌െന്റ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മുസ്‌ലിം പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച രചീന്ദർ സച്ചാർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ സമുദായത്തിെന്റ അതിദയനീയത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് പരിഹരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതിെൻറ അടിസ്ഥാനത്തിൽ കേരളത്തിൽ പാലോളി കമ്മിറ്റിയെ നിയോഗിച്ചു. അവർ കണ്ടെത്തിയ പിന്നാക്കാവസ്ഥ പരിഹരിക്കാനും തുടർപദ്ധതികളോ പരിഷ്‌കാരങ്ങളോ ആവിഷ്‌കരിക്കാനും നവകേരള സദസ്സിൽ തീരുമാനമാകണം.

മുസ്‌ലിം യുവജന പരിശീലന കേന്ദ്രങ്ങൾ സ്ഥാപിച്ചുവെങ്കിലും മുസ്‌ലിം സമുദായത്തിന് മാത്രം ലഭിക്കേണ്ടിയിരുന്ന സൗകര്യങ്ങളിൽ ഇതര സംവരണ വിഭാഗങ്ങൾക്കും അതിൽനിന്ന് 20 ശതമാനം അനുവദിച്ചുകൊണ്ട് സമുദായത്തിന് കുറവുവരുത്തിയിട്ടുണ്ട്, അതിനും പരിഹാരമാകണം. ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് ചേർത്തുവെച്ചുകൊണ്ട് 47 ശതമാനം ആനുകൂല്യങ്ങൾ വീണ്ടും സമുദായത്തിന് നഷ്ടപ്പെട്ടത് പുനഃപരിശോധിക്കുകയും പരിഹാരമുണ്ടാക്കുകയും വേണം. മുസ്‌ലിം സമൂഹത്തിൽനിന്നും നേതൃത്വത്തിൽനിന്നും ശക്തമായ മുറവിളി ഉയർന്നിട്ടും ഇന്നും അതിന് പരിഹാരം കാണാതെ, അവകാശങ്ങൾ നിഷേധിച്ചുകൊണ്ടിരിക്കുന്നതിനെ ഗൗരവമായി കാണണം. എന്നാൽ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തിടുക്കം കാണിച്ചതുപോലെ കേരള സർക്കാറും ധൃതിപ്പെട്ടത് ആശ്ചര്യപ്പെടുത്തുന്നു. നവകേരള സദസ്സ് ഈ വിഷയത്തിലും മൗനം പാലിക്കുന്നതിൽ ആശങ്കയുണ്ട്.

? മുസ്‌ലിം സമുദായത്തിന് അർഹതപ്പെട്ട സംവരണങ്ങളിൽ കുറവ് വരുത്തിയെന്നാണോ താങ്കളുടെ അഭിപ്രായം? നവകേരള സദസ്സ് ഇനിയും പ്രതികരിക്കാത്ത സംവരണ പ്രശ്‌നങ്ങൾ വേറെയും ഉണ്ടെന്നാണോ? ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിലും സമുദായത്തിന്റെ സംവരണാവകാശം നഷ്ടമാകുന്നുണ്ടോ?

! സംസ്ഥാനത്ത് 14 ശതമാനത്തിൽ താഴെയുള്ള മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനമാണ് സംവരണം. എന്നാൽ 27 ശതമാനമുള്ള മുസ്‌ലിം സമുദായത്തിന് കേവലം 12 ശതമാനമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ സർവീസിൽ 4 ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാനായി മുസ്‌ലിം സംവരണത്തിൽനിന്ന് രണ്ടു ശതമാനംകൂടി കുറവുവരുത്തുന്നുവെന്നതാണ് സർക്കാരിന്റെ പുതിയ സംവരണ നയം. നിയമസഭയിൽ ഇത് തിരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉറപ്പ് നൽകിയെങ്കിലും പുതിയ നിർദേങ്ങളിൽ അത് തിരുത്താതെ നിലനിൽക്കുന്നു. സംഘപരിവാരങ്ങളും വർഗീയ വാദികളും ആരോപിക്കുന്നതനുസരിച്ച് സർക്കാറിന്റെ സംവരണ നയം സമുദായത്തെ ഏറെ ആശങ്കയിൽ നിറുത്തുന്നു. നവകേരള സദസ്സിൽ മുഖ്യമന്ത്രി നിർബന്ധമായും പ്രതികരിക്കേണ്ട പ്രശ്‌നമാണിത്. ഓരോ പത്തുവർഷം കൂടുമ്പോഴും നടത്തണമെന്ന് കോടതി നിർദേശിച്ച ‘സോഷ്യോ എക്കണോമിക് കാസ്റ്റ് സർവേ’ നടത്താൻ സർക്കാർ തയ്യാറാകണം. സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ജാതിതിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിക്കുകയും വേണം. ഈ വിഷയത്തിൽ ധവളപത്രമിറക്കി ജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കണം. അല്ലെങ്കിൽ സമുദായത്തി‌െന്റ അവകാശങ്ങൾ അപഹരിക്കപ്പെടുകയും സംഘപരിവാരങ്ങളുടെ പ്രചാരണത്തിൽ സമൂഹം പെട്ടുപോവുകയും ചെയ്യും. നവകേരള സദസ്സ് ഈ വിഷയം മുഖ്യമായെടുത്ത് പരിഹാരം കാണണം.

? സംഘപരിവാര ഭരണകൂടത്തിനു കീഴിൽ ന്യൂനപക്ഷങ്ങൾ പല സംസ്ഥാനങ്ങളിലും അരക്ഷിതാവസ്ഥയിലാണ് കഴിഞ്ഞുകൂടുന്നത്. വിദ്വേഷ പ്രചാരണത്തിലൂടെ വെറുപ്പുൽപാദിപ്പിക്കുകയാണവർ ചെയ്യുന്നത്. എന്നാൽ പ്രബുദ്ധരായ മലയാളികൾക്കിടയിൽ അത്തരം പ്രശ്‌നങ്ങളില്ലെന്ന് താങ്കൾക്ക് അഭിപ്രായമുണ്ടോ? നവകേരള സദസ്സ് ചർച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതുമായ വിഷയങ്ങളിൽ വെറുപ്പുൽപാദകർക്കും സംഘങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്നില്ലെന്ന് താങ്കൾക്ക് അഭിപ്രായമുണ്ടോ? സർക്കാർ ഈ വിഷയത്തിൽ എന്തു നിലപാടാണ് സ്വീകരിക്കേണ്ടത്?

! ഇതര സംസ്ഥാനങ്ങളെയപേക്ഷിച്ച് കേരള പ്രബുദ്ധത അത്തരം വർഗീയ ചിന്തകളെ നിരാകരിക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വെറുപ്പിെന്റ ശക്തികൾക്ക് ഭരണസംവിധാനങ്ങളിൽ എവിടെയും അവസരം നൽകാതെ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നുള്ളതുകൊണ്ടാണത്. എന്നാലും ഭരണരംഗത്തുള്ളവരുടെ നിലപാടുകളിൽ അത്തരം ശക്തികൾ വെറുപ്പുൽപാദനത്തിന് പഴുതുകൾ തേടുന്നുണ്ട്. പഴുതടച്ചുകൊണ്ട് ഈ പ്രശ്‌നങ്ങളെ തുടച്ചുനീക്കാൻ സർക്കാറിന് സാധിക്കണം. നവകേരള സദസ്സ് ഈ വിഷയത്തെയും ഗൗരവമായി കാണേണ്ടതുണ്ട്. കാരണം സമൂഹത്തിൽ സ്പർധയും സംഘർഷങ്ങളും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ പല ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നത് അവിതർക്കിതമാണ്. കളമശ്ശേരിയിലെ ബോംബ് സ്‌ഫോടനങ്ങളും അനുബന്ധ സംഭവങ്ങളും ബോധ്യപ്പെടുത്തുന്ന കാര്യം അതാണ്. മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിറുത്തി ഭീകരതയാരോപിച്ച് സമാധാനം തകർക്കാൻ മാധ്യമങ്ങളടക്കം പലരും ശ്രമിച്ചിട്ടുണ്ട്. വ്യക്തികളും പ്രസ്ഥാനങ്ങളും മാധ്യമങ്ങളും നിരന്തരമായി അതിനുവേണ്ടി മാത്രം പലതും ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്.

ദൃശ്യ-ശ്രാവ്യ ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ നാട്ടിൽ സംഘർഷവും വെറുപ്പും സൃഷ്ടിക്കുന്നവയാണ്. സംഘപരിവാര പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന നുണകളും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയാണ്. എന്നിട്ടും അത്തരം ആളുകൾ ശക്തമായ ശിക്ഷാനടപടികൾക്ക് വിധേയമാകാത്തത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ചിലർക്കെതിരെ കേസെടുത്ത് സമാധാനം സ്ഥാപിക്കാനുള്ള സർക്കാറിെന്റ ശ്രമം പ്രശംസനീയമാണ്. എങ്കിലും അത്തരം കേസുകളുടെ സത്യാവസ്ഥയും അത് എത്രത്തോളം ഫലപ്രദമാണെന്ന കാര്യവും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നവകേരള സദസ്സിലൂടെ ഈ വിഷയത്തിലെ സർക്കാർ നയം ജനങ്ങളെ അറിയിക്കേണ്ടതുണ്ട്.

? ലോകത്ത് ഇസ്‌ലാമോഫോബിയയുടെ പ്രചാരകരായി സാമ്രാജ്യത്വത്തിന്റ വിവിധ അജണ്ടകൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മാധ്യമങ്ങളാണ് അതിൽ പ്രധാന ചുമതല വഹിക്കുന്നതെന്നറിയാമല്ലോ? എന്നാൽ സാമ്രാജ്യത്വ അജണ്ടകളെക്കുറിച്ച് അവബോധമുള്ളവരാണ് കേരളത്തിലെ ജനങ്ങൾ. എന്നിട്ടും ഇസ്‌ലാം വെറുപ്പിെന്റ പ്രചാരണം ഇവിടെ നടക്കുന്നുണ്ടെന്ന് ഓരോ സംഭവവും പറഞ്ഞ് തരുന്നുണ്ട്. സർക്കാർ ഇതിൽ ഇടപെടേണ്ടതുണ്ടോ? നവകേരള സദസ്സിൽനിന്നുള്ള അനിവാര്യമായ പരിഹാരമെന്തായിരിക്കണം?

! ഇസ്‌ലാമോഫോബിയയുടെ പ്രചാരണ ഭാഗമായി ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ അലയൊലികൾ കേരളത്തിലും ഉണ്ടായിട്ടുണ്ടെന്നത് നിഷേധിക്കുന്നില്ല. പക്ഷേ, മലയാളി പ്രബുദ്ധതക്കിടയിൽ അത് വിലപോയില്ലെന്ന് മാത്രം. ലോകത്തിനുതന്നെ മാതൃകയായ, കേരളത്തി‌െന്റ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും പാഠമാണ് അതിനു കാരണം. എന്നാൽ സൗഹൃദ പാരമ്പര്യത്തെ തകർക്കാനുള്ള ശ്രമം സഹിത്യരചനകളിലൂടെയും സംഘടനാ പ്രചാരണങ്ങളിലൂടെയുമെല്ലാം ഉണ്ടായിട്ടുണ്ട്. അതിനെ ചെറുത്തു തോൽപിക്കാൻ മലയാളികൾക്കായിട്ടുമുണ്ട്. അതിനായി പൊതുജനങ്ങളെ പോലെ അധികാരികളും ജാഗ്രത പാലിച്ചിരുന്നു.

സമീപകാലത്ത് നടന്ന ചില സംഭവവികാസങ്ങളിൽ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതികൂട്ടിൽ നിറുത്താൻ മലയാളി പൊതുബോധം ധൃതികാണിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. കളമശ്ശേരിയിൽ സ്‌ഫോടനം നടന്നപ്പോൾ ഫലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച മുസ്‌ലിം സമുദായത്തിലേക്ക് വിരൽ ചൂണ്ടിയാണ് മതനിരപേക്ഷതയുടെ മാധ്യമ അമ്പാസിഡർമാർ വാചാലമായത്. അക്രമി മുസ്‌ലിം നാമധാരിയല്ലെന്ന് മനസ്സിലായപ്പോൾ ഏഴുപേർ കൊല്ലപ്പെട്ടിട്ടും ബോംബാക്രമണത്തിന് ഭീകരപരിവേഷം നൽകാൻ പൊതുബോധം വല്ലാതെ മടിക്കുന്നതായി കാണുന്നു. കൊലപാതകം ചരമക്കോളത്തിലേക്കും ഭീകരാക്രമണം പ്രതിരോധത്തിലേക്കും വഴിമാറി! കൊല്ലം ജില്ലയിലെ ഒയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലും മുസ്‌ലിം സമുദായം മുൾമുനയിലായിരുന്നു. ഷാജഹാൻ എന്ന വ്യക്തിയുടെ രൂപത്തോട് രേഖാചിത്രത്തിന് സാമ്യമുണ്ടെന്നറിഞ്ഞ് സംഘപരിവാര പ്രഭൃതികൾ അയാളുടെ കുടിൽ തകർത്തു. യഥാർഥ പ്രതികളായ പത്മകുമാറും കുടുംബവും പിടിക്കപ്പെട്ടപ്പോൾ ‘ഭീകര സംഘം’ അല്ലാതാവുകയും കടബാധ്യതയാൽ ചെയ്തുപോയ കേവലം ഒരബദ്ധമായി അത് മാറുകയും ചെയ്തു.

ഇങ്ങനെ മുസ്‌ലിം സമുദായത്തെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുന്ന പ്രചാരണങ്ങൾക്ക് അറുതി വരുത്താനും കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനും നിയമപാലകരെയും നിയമപാലനത്തെയും മാധ്യമങ്ങളെയും പ്രവർത്തകരെയും നിയന്ത്രിക്കാൻ വ്യക്തമായ നയം കൊണ്ട് വരാൻ സർക്കാറിന് സാധിക്കണം. കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന നീതിയുടെ ശബ്ദം സമൂഹത്തിൽ ഉയർന്ന് വരണം.

? മദ്‌റസാ അധ്യാപകർക്ക് ശമ്പളവും പലിശരഹിത വായ്പകൾ, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളും സർക്കാർ നൽകുന്നുവെന്ന ആരോപണം കാലങ്ങളായി സംഘപരിവാരങ്ങൾ ഉയർത്തുന്നുണ്ട്, ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളിൽനിന്നുള്ള വരുമാനമാണ് സർക്കാർ അതിനായി അധികവും വിനിയോഗിക്കുന്നത് എന്നുകൂടി പറഞ്ഞ് ആരോപണത്തിന് എരിവുപകരാൻ ശ്രമിക്കുന്നുണ്ട്. സത്യത്തിൽ സർക്കാർ ഈ വിഷയത്തിൽ ഒരു വ്യക്തത നൽകേണ്ടതില്ലേ? നവകേരള യാത്രയിൽ നിന്ന് ഇതേപ്പറ്റി എന്തെങ്കിലും പ്രതീക്ഷിക്കാമോ?

! മദ്‌റസാ അധ്യാപകർക്ക് ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും സർക്കാർ നൽകുന്നുണ്ടെന്ന് കാലങ്ങളായി സംഘപരിവാരങ്ങൾ ആരോപിക്കുന്ന കാര്യമാണ്. അതിെന്റ വസ്തുത വിശദീകരിക്കേണ്ട സമയത്ത് സർക്കാർ അങ്ങേയറ്റത്തെ മൗനത്തിലായിരുന്നു. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വോട്ടുകൾ ലക്ഷ്യമാക്കിയാണ് മൗനമായിരുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഈ വിഷയം വർഗീയതയ്ക്കും വിദ്വേഷത്തിനും വിഭാഗീയതയ്ക്കും സംഘപരിവാരങ്ങൾ യഥേഷ്ടം ഉപയോഗപ്പെടുത്തിയതിനു ശേഷമാണ് നിയമസഭയിൽ മുഖ്യമന്ത്രി കാര്യം വ്യക്തമാക്കിയത്. സാമുദായികമായി വലിയ പ്രത്യാഘാതമുണ്ടാക്കുന്ന വിഷയത്തിൽ സർക്കാരിെന്റ ഭാഗത്തുനിന്നുണ്ടായ നിസ്സംഗതയെക്കുറിച്ച് ആശ്വാസകരമായ വിശദീകരണം മുഖ്യമന്ത്രിയിൽനിന്നുണ്ടാകണം. അങ്ങനെയൊരു ആനുകൂല്യം ഇക്കാലംവരെയും മദ്‌റസാ നടത്തിപ്പിനായി സമുദായം വാങ്ങിയിട്ടില്ല. ഉദാരമതികളായ വിശ്വാസികളിൽനിന്ന് ദാനധർമം വഴി സാമ്പത്തിക സമാഹരണം നടത്തിയാണ് കമ്മിറ്റികൾ മുന്നോട്ടുപോകുന്നത്.

മദ്‌റസാ അധ്യാപക ക്ഷേമനിധി ബോർഡ് സ്ഥാപിച്ചത് ആനുകൂല്യ വിതരണത്തിനല്ലേ എന്ന ചോദ്യവും സ്വാഭാവികമായി ഉണ്ട്. എന്നാൽ പ്രതിമാസം ചെറിയ സംഖ്യ മദ്‌റസാധ്യാപകരിൽനിന്ന് ഈടാക്കുകയും ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷാ സ്വീകരണത്തിന് അസാധ്യമായ നിബന്ധനകൾ വെക്കുകയും ചെയ്തുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്. സാധ്യമായവിധം ഇത്തരം നടപടിക്രമങ്ങൾ എളുപ്പമാക്കുകയാണ് വേണ്ടത്. നവകേരള സദസ്സ് ഇതിന് ഒരു കാരണമാകട്ടെ എന്ന് ആശിക്കുന്നു.

? വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കേരളത്തിൽ ശക്തമായിരുന്നല്ലോ. എന്നാൽ മുസ്‌ലിം സംഘടനകളുടെയും സമൂഹത്തിന്റെയും ശക്തമായ ആവശ്യപ്രകാരം അത് പിൻവലിക്കുകയും ചെയ്തു. യഥാർഥത്തിൽ മുസ്‌ലിം സമുദായത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിർവഹിച്ചുകൊടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമായി മുന്നോട്ട് പോകുന്നുവെന്നല്ലേ നാം മനസ്സിലാക്കേണ്ടത്. എന്താണ് താങ്കൾക്കതിൽ പറയാനുള്ളത്?

! വഖഫ് സ്വത്തുക്കൾ അല്ലാഹുവിന്റെതാണ്. അത് കൈകാര്യം ചെയ്യേണ്ടവർ ദൈവഭക്തിയുള്ളവരും വിശ്വാസികളുമായിരിക്കണമെന്ന നിബന്ധനയുണ്ട്. അത് മറികടന്നുകൊണ്ടാണ് പിണറായി സർക്കാർ വഖഫ് നിയമനം പിഎസ്‌സിക്ക് വിടാൻ തീരുമാനിച്ചത്. ഈ നിലപാടിലൂടെ മുസ്‌ലിംകൾക്ക് വലിയ നഷ്ടമാണ് സംഭവിക്കാനിരുന്നത്. അതിലൊന്ന് മുസ്‌ലിം നാമധാരികളായ നാസ്തികർ കൈകാര്യകർത്താക്കളാകും എന്നതാണ്. മതത്തിന്റ നിയമവശങ്ങൾ കാറ്റിൽ പറത്തി, അതിന്റെ പവിത്രതയെ ചോദ്യം ചെയ്യും വിധമായിരിക്കും അവർ അത് നടപ്പിലാക്കാൻ ശ്രമിക്കുക. രണ്ടാമത്തെ നഷ്ടം സർക്കാർ ഉദ്യോഗങ്ങളിലെ അഡ്മിനിസ്‌ട്രേഷൻ നിയമനങ്ങളിൽ മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യത്തിൽ കുറവു വരുമെന്നതാണ്. കാരണം ഡിഗ്രി യോഗ്യതയുളളവരുടെ കാറ്റഗറിയിലാണ് വഖഫ് ബോർഡ് നിയമനം നടക്കുന്നത്. ഡിഗ്രി യോഗ്യതയുളളവരെ വ്യത്യസ്ത വിഭാഗങ്ങളിലും തസ്തികകളിലും നിയമനം നടക്കുമ്പോൾ മുസ്‌ലിം സംവരണ കാറ്റഗറിയിലുള്ള ഉദ്യോഗാർഥികളെ വഖഫ് ബോർഡിൽ നിയമിച്ചാൽ ഇതര വിഭാഗങ്ങളിൽ മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവായിരിക്കും. അതീവ ഗൗരവമുള്ള ഇത്തരം വിഷയങ്ങൾ സർക്കാറിന്റ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് അത് പിൻവലിക്കാൻ തയ്യാറായത്. അത് സർക്കാറിന്റെ ഔദാര്യമല്ലെന്നർഥം. അഥവാ കാലങ്ങളായി മുസ്‌ലിം സമുദായം അനുഭവിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ എടുത്തുകളയുകയും പിന്നീട് സമുദായം അതിനെതിരെ ശക്തമായി പ്രതികരിക്കുമ്പോൾ സർക്കാർ ഔദാര്യമായി നൽകുന്നുവെന്ന പ്രതീതിയുണ്ടാക്കി മുതലെടുപ്പിന് ശ്രമിക്കുകയും ചെയ്യുന്ന ശൈലിയാണ് സർക്കാർ സ്വീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സമുദായം നവകേരള സദസ്സിൽനിന്ന് വിശദീകരണം പ്രതീക്ഷിക്കുന്ന ഒരു വിഷയമാണിത്.

? ബഹുസ്വര സമൂഹമെന്ന നിലയിൽ സർക്കാരിന്റെ വ്യത്യസ്ത പദ്ധതികളും പഠനങ്ങളും പരീക്ഷകളുമെല്ലാം ആരാധനാ സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ഹനിക്കാത്ത രീതിയിൽ കേരളത്തിലെ മാറിമാറി വരുന്ന സർക്കാറുകൾ നടപ്പിലാക്കിയിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരം ഏറ്റെടുത്തതുമുതൽ ജീവിത-സാംസ്‌കാരിക-ദാർശനിക വൈവിധ്യങ്ങളെ പരിഗണിക്കുക പോലും ചെയ്യുന്നില്ലെന്ന പരാതിയുണ്ടല്ലോ. സത്യത്തിൽ ഇങ്ങനെയൊരു ആരോപണത്തിൽ എന്തെങ്കിലും വസ്തുതയുണ്ടോ?

! കേരളത്തിലെ മാറിമാറി വരുന്ന സർക്കാറുകൾ കൊണ്ടുവരുന്ന ഏതൊരു കാര്യത്തിലും ആരാധനാ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും ഭംഗം വരാതിരിക്കാൻ അതീവ ശ്രദ്ധപുലർത്തിയിരുന്നതായി കാണാം. എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരം ഏറ്റെടുത്തതിനുശേഷം പല കാര്യങ്ങളിലും പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളിലെ പൊതു പരീക്ഷകൾ. സമീപകാലത്ത് നടന്ന ഹയർ സെക്കന്ററി, യൂണിവേഴ്‌സിറ്റി, പിഎസ്‌സി പരീക്ഷകൾ അതിനുദാഹരണങ്ങളാണ്. കഴിഞ്ഞ കാലങ്ങളിൽ രണ്ടു മണിക്കൂറിലധികം ദൈർഘ്യമുള്ള പരീക്ഷകൾ വെള്ളിയാഴ്ചകളിൽ നടക്കാറുണ്ടായിരുന്നില്ല. കാരണം മുസ്‌ലിംകളുടെ സവിശേഷ ദിനമാണത്. അന്നത്തെ ജുമുഅ നമസ്‌കാരത്തെ ബാധിക്കുമെന്നതിനാലാണത്. എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റയുടനെയുളള വർഷം മുതൽ വെള്ളിയാഴ്ചകളിൽ പൊതുപരീക്ഷ നടത്തുകയായിരുന്നു. ഉദാഹരണമായി ഹയർ സെക്കന്ററി പരീക്ഷയെടുക്കാം. 2.45 മണിക്കൂറാണതിന്റെ സമയം. വെള്ളിയാഴ്ച 9.45ന് പരീക്ഷ ആരംഭിക്കും, 12.30നാണ് അവസാനിക്കുക. ജുമുഅ 12.15ന് തുടങ്ങുന്ന ദിവസങ്ങളുണ്ടായിട്ടുണ്ട്. 12.30ന് പരീക്ഷ അവസാനിച്ച് കുട്ടികൾ ഉത്തരപ്പേപ്പർ ഇൻവിജിലേറ്റർമാരെ ഏൽപിക്കുമ്പോഴേക്ക് പത്തു മിനുട്ട് കഴിയും. അധ്യാപകർ അവ ശേഖരിച്ച് എണ്ണിത്തിട്ടപ്പെടുത്തി മോണോഗ്രാം ചെയ്ത് പരീക്ഷാ ചീഫിനെ ഏൽപിക്കുമ്പോഴേക്ക് ചുരുങ്ങിയത് 12.50 ആയിട്ടുണ്ടാകും. അഥവാ ജുമുഅ നമസ്‌കാരം കഴിഞ്ഞിട്ടുണ്ടാകുമെന്നർഥം. നൂറുകണക്കിന് മുസ്‌ലിം അധ്യാപകർക്കും ആയിരക്കണക്കിന് വിദ്യാർഥികൾക്കും ജുമുഅ നഷ്ടമായിട്ടുമുണ്ട്. പരീക്ഷകളുടെ ഇടവേളകൾ വെള്ളിയാഴ്ച ദിവസങ്ങളിലാക്കിയാൽ നിസ്സാരമായി പരിഹരിക്കാമായിരുന്ന ഈ കാര്യത്തിൽ ആരുടെയോ വാശിയുള്ളതുപോലെയാണ് അനുഭവപ്പെട്ടത്. യൂണിവേഴ്‌സിറ്റികളിൽനിന്നും ഇത്തരം സമീപനങ്ങളുണ്ടായിട്ടുണ്ട്. ജുമുഅ നടക്കുന്ന സമയത്ത് പിഎസ്‌സി പരീക്ഷകളും നടന്നിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷനടക്കം ഇത്തരം കാര്യങ്ങളെ സൂചിപ്പിച്ചു കൊണ്ട് പരാതി നൽകിയിട്ടും പരിഹാരമായില്ലെന്നതിന് തെളിവാണ് ഈ വർഷം ഒക്ടോബറിൽ നടന്ന ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ. നവകേരള സദസ്സ് കേവലം പ്രഹസനമല്ലെങ്കിൽ ഇത്തരം വിഷയങ്ങളിലും പരിഹാരം കാണേണ്ടതുണ്ട്.

? കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ജീവിതത്തിൽ ധാർമിക സദാചാരമൂല്യങ്ങളെ കാത്തുസൂക്ഷിച്ച് മുന്നോട്ടു പോകുന്നവരാണ്. കുടുംബത്തിനും മാനുഷിക ബന്ധങ്ങൾക്കും പവിത്രത കൽപിച്ച് ജീവിക്കുന്നതിൽ മലയാളികൾ എന്നും മാതൃകയുമാണ്. എന്നാൽ സമീപകാലത്ത് പാശ്ചാത്യർ നിരാകരിച്ചുകൊണ്ടിരിക്കുന്നനവലിബറൽ ചിന്തകളെ സമൂഹത്തിൽ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഇടതുപക്ഷ സർക്കാർ അതിന് വളംവെച്ച് കൊടുക്കുകയും അധികാരസ്ഥാനങ്ങൾ അതിനായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ട് എന്ന ആരോപണത്തെ എങ്ങനെ കാണുന്നു?

! ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇഷ്ടമുള്ള ആദർശം സ്വീകരിക്കാനും നിരാകരിക്കാനും ഓരോ പൗരനും മൗലികമായി അവകാശം നൽകുന്ന ഭരണഘടനയാണ് നമ്മുടെത്. ഏതെങ്കിലും ഒരു മതത്തെയോ ദർശനത്തെയോ ജനങ്ങളിൽ അടിച്ചേൽപിക്കാനും പ്രചരിപ്പിക്കാനും അധികാരസ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ ഭരണഘടന നിരാകരിക്കുകയും ചെയ്തിരിക്കുന്നു. പാശ്ചാത്യലോകം വലിച്ചെറിയാൻ ശ്രമിക്കുന്ന എൽജിബിടി ആക്ടിവിസം പോലെയുള്ള സംസ്‌കാര ശൂന്യതയെ മലയാളി പ്രബുദ്ധതയ്ക്കിടയിൽ ഇറക്കുമതി ചെയ്യാൻ അധികാരികൾ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നുണ്ടെന്നത് വിസ്മരിക്കാനാവില്ല. അതിന് തെളിവായി 2021 ഡിസംബർ 15ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അവരുടെ ട്വിറ്ററിൽ കുറിച്ചിട്ട വരികൾതന്നെ ധാരാളമാണ്. ‘We are in the works of creating a new Kerala - one defined by equity and sensitivity. To acheive this, our students should first be given access to education in a free environment, unhindered by the burden of society’s heteronormative expectations’ എന്നാണ് മന്ത്രി ട്വിറ്ററിൽ കുറിച്ചിട്ടത്. അതായത് ‘സമത്വവും സംവേദനക്ഷമതയും കൊണ്ട് നിർവചിക്കപ്പെട്ട ഒരു പുതിയകേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഞങ്ങൾ. ഇത് നേടുന്നതിന് ആദ്യമായി സമൂഹത്തിന്റെ ഹെറ്ററോ നോർമേറ്റീവ് പ്രതീക്ഷകളുടെ ഭാരത്താൽ തടസ്സപ്പെടാത്ത സ്വതന്ത്രമായ ഒരു അന്തരീക്ഷത്തിൽ നമ്മുടെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള പ്രവർത്തനമാർഗം തുറന്നുകൊടുക്കണം’ എന്ന്. സ്വാഭാവികമായ എതിർലിംഗ ലൈംഗികതയെ നിരുൽസാഹപ്പെടുത്തി, അസ്വാഭാവികവും പ്രകൃതിവിരുദ്ധവുമായ സ്വവർഗലൈംഗിതയെ പ്രോൽസാഹിപ്പിച്ച് ജെൻഡർ ആക്ടിവിസം സമൂഹത്തിൽ നടപ്പാക്കിയുള്ള ഒരു പുതിയ കേരളത്തെ സൃഷ്ടിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്ന് അർഥശങ്കക്കിടമില്ലാത്ത വിധമാണ് മന്ത്രി ട്വിറ്ററിൽ എഴുതിയത്.

കുടുംബ സംവിധാനങ്ങളെ തകർത്തെറിയുന്ന ഇത്തരം വൃത്തികേടുകളെ സമൂഹത്തിൽ അടിച്ചേൽപിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതിൽനിന്ന് പിൻമാറാൻ സർക്കാർ തയ്യാറല്ലെന്ന് മന്ത്രിയുടെ വാക്കുകളിൽനിന്ന് വ്യക്തമാണ്. നവകേരള സദസ്സ് ഈ സമീപനം തിരുത്തുകയും അക്കാര്യം സമൂഹത്തോട് പ്രഖ്യാപിക്കുകയും വേണം.

? വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ കരട് ജനകീയ വിചാരണക്ക് വിധേയമാക്കി. ജെൻഡർ പൊളിറ്റിക്‌സ് പിഞ്ചുഹൃദയങ്ങളിൽ പോലും അടിച്ചേൽപിക്കാനുള്ള ശ്രമവും കരടിലുണ്ടായിരുന്നു. ബൗദ്ധികവും വൈജ്ഞാനികവുമായി അതിനെ നേരിട്ടതിന്റെ ഭാഗമായി വല്ല മാറ്റവും ഉണ്ടായിട്ടുണ്ടോ?

! വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ കരടിൽ 16ാമതായി നൽകിയത് ജെൻഡർ സ്‌പെക്ട്രം, ലിംഗനിഷ്പക്ഷത തുടങ്ങിയ വിഷയങ്ങളായിരുന്നു. എന്നാൽ ലിംഗനീതിയാണ് പ്രകൃതിക്കിണങ്ങുന്നതെന്നും മറിച്ചുള്ളത് പ്രകൃതിവിരുദ്ധമാണെന്നും ധാരാളം പഠനങ്ങൾ മുന്നിൽവെച്ച് നാം സമർഥിക്കുകയുണ്ടായി. ആ ഭാഗം ഒഴിവാക്കുമെന്ന ധ്വനിയാണ് പിന്നീട് സർക്കാറിന്റെ ഭാഗത്തുനിന്ന് കേൾക്കാൻ സാധിച്ചത്. എന്നാൽ കരട് പ്രസിദ്ധീകരിച്ച് വന്നപ്പോൾ പദങ്ങൾ എടുത്ത് മാറ്റിയിരുന്നെങ്കിലും ആശയം അതിൽ നില നിറുത്തിയതായാണ് കാണുന്നത്. നവകേരള സദസ്സ് സമൂഹത്തിെന്റ പൊള്ളുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നുവെന്ന് ആണയിടുമ്പോഴും പാഠ്യപദ്ധതിയെക്കുറിച്ചുള്ള ജനകീയ വിചാരണയുടെ ഫലം വ്യക്തമാക്കേണ്ടതുണ്ട്. നവകേരള സദസ്സിൽനിന്ന് ഇതിനെല്ലാമുള്ള പരിഹാരം പ്രതീക്ഷിക്കുന്നു.