ഇസ്‌ലാം: പ്രബോധനം, പ്രസ്ഥാനം | ചില സമകാലിക ചിന്തകൾ

ടി.കെ.അശ്‌റഫ് / ഉസ്മാൻ പാലക്കാഴി

2023 ജനുവരി 07, 1444 ജുമാദുൽ ഉഖ്റാ 13
ഉള്ളുലയ്ക്കുന്ന പ്രശ്നങ്ങളിലൂടെയാണ് സമുദായം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ക്രാന്തദർശിത്വത്തോടെ അജണ്ടകൾ നിശ്ചയി ക്കുകയും കാഴ്ചപ്പാടോടുകൂടി പ്രവർത്തനങ്ങൾ ഏകീകരിക്കുകയും നിലപാടുകളിൽ കണിശത പുലർത്തുകയും ചെയ്താൽ മാത്രമെ സത്യാനന്തര കാലത്ത് അതിജീവിക്കാൻ കഴിയൂ. നാരും വേരും തിരിച്ചറിയാതെയുള്ള നിലപാടുകൾ - മത സംഘടനകളോടായാലും രാഷ്ട്രീയ കക്ഷികളോടായാലും - ദോഷം മാത്രമെ വരുത്തിവെക്കൂ. സംഘടനയെ കുറിച്ച്, സമുദായത്തെ കുറിച്ച്, സമൂഹത്തെ കുറിച്ച്, രാജ്യത്തെ കുറിച്ചുള്ള ആകുലതകളും പ്രതീക്ഷകളും തുറന്നുപറയുന്നു.

അഭിമുഖം:-

? മതവും മതവിശ്വാസികളും ചോദ്യം ചെയ്യപ്പെടുകയും (വിശിഷ്യാ ഇസ്‌ലാമും മുസ്‌ലിംകളും) യുക്തിവാദ-നിരീശ്വര പ്രസ്ഥാനങ്ങൾക്ക് സ്വീകാര്യത വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന അവസ്ഥ കേരളത്തിൽ സംജാതമായിട്ടുണ്ടോ?

! മുഹമ്മദ് നബി ﷺ  ഇസ്‌ലാമിക പ്രബോധനം ആരംഭിച്ച് ഏറെ വൈകാതെ തന്നെ അദ്ദേഹവും ഇസ്‌ലാമും മുസ്‌ലിംകളും വിമർശനത്തിനു വിധേയമായിത്തുടങ്ങിയതാണ്. അത് ഇന്നും തുടരുന്നുണ്ട്. ഇനിയും വിമർശിക്കപ്പെട്ടുകൊണ്ടേയിരിക്കും. അതിൽ പാശ്ചാത്യ-പൗരസ്ത്യ വ്യത്യാസമില്ല. പ്രവാചകനെ വ്യക്തിഹത്യ നടത്തുവാനും വിശുദ്ധ ക്വുർആൻ അക്രമത്തിനു പ്രോത്സാഹിപ്പിക്കുന്നു എന്ന് പ്രചരിപ്പിക്കുവാനും ഇസ്‌ലാം പ്രചരിച്ചത് വാളുകൊണ്ടാണ് എന്ന് സമർഥിക്കാനുമൊക്കെയുള്ള ശ്രമങ്ങൾ ലോകവ്യാപകമായി നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുണ്ട്.

യുക്തിവാദവും നിരീശ്വരവാദവുമെല്ലാം കേരളത്തിൽ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ ഇന്ന് നേരിട്ട് നിരീശ്വരവാദത്തിലേക്ക് ആളുകളെ ആകർഷിക്കുന്നതിന് പകരം ലിബറലിസത്തിന്റെയും സ്വതന്ത്രചിന്തയുടെയും മറവിൽ മതനിരാസം ഒളിച്ചുകടത്തുകയാണ് ചെയ്യുന്നത്. പുതിയ തലമുറയുടെ ഇഷ്ടങ്ങൾ യഥേഷ്ടം അനുവദിക്കുകയും അതിൽ ആകൃഷ്ടരായ ശേഷം അതിനെതിരെ നിൽക്കുന്നത് മതമൂല്യങ്ങൾ മാത്രമാണെന്ന് കരുതുകയും ചെയ്യുമ്പോൾ, തന്റെ സ്വാതന്ത്ര്യത്തിന് പുറംതിരിഞ്ഞു നിൽക്കുന്നത് മതമാണെങ്കിൽ അതെനിക്ക് വേണ്ടതില്ലെന്ന ചിന്തയിലേക്ക് പുതുതലമുറ എത്തിച്ചേരുന്നു. സാമൂഹ്യമാധ്യമങ്ങൾ വ്യാപകമായപ്പോൾ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ആളുകളിലേക്ക് പുരോഗമനത്തിന്റെ പുതപ്പു പുതച്ച് നിരീശ്വരവാദം കടന്നുവരുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.

കേരളത്തിൽ ഇക്കാര്യത്തിൽ സംഘപരിവാർ-യുക്തിവാദി കൂട്ടുകെട്ടാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഇസ്‌ലാമിനെ വിമർശിക്കുന്ന യുക്തിവാദികളുടെ ലേഖനം സംഘപരിവാറിന്റെ പത്രമാസികകളിൽ പ്രസിദ്ധീകരിക്കുന്നു എന്നത് അവർ തമ്മിലുള്ള അവിഹിത ബന്ധം വ്യക്തമാക്കുന്നു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, ഏകീകൃത സിവിൽകോഡ് തുടങ്ങിയ ആർ.എസ്.എസ് അജണ്ടകളെ ഏറ്റെടുത്തവരാണ് യുക്തിവാദികൾ.

? എക്‌സ് മുസ്‌ലിം എന്ന പേരിൽ അറിയപ്പെടാനാണ് ചില യുക്തിവാദികൾ ആഗ്രഹിക്കുന്നത്. എന്തായിരിക്കും അതിനുപിന്നിലുള്ള ചേതോവികാരം?

! കേരളത്തിൽ ഹിന്ദുമതത്തിൽനിന്നും ക്രിസ്തുമതത്തിൽനിന്നുമൊക്കെ യുക്തിവാദ-നിരീശ്വരവാദ പ്രസ്ഥാനങ്ങളിലേക്ക് പോയവരുണ്ട്. അവരാരുംതന്നെ എക്‌സ് ഹിന്ദു, എക്‌സ് ക്രിസ്ത്യൻ എന്ന പേരിൽ എഴൂതുകയോ പ്രസംഗിക്കുകയോ അറിയപ്പെടുകയോ ചെയ്യുന്നില്ല. എന്നാൽ എക്‌സ് മുസ്‌ലിം എന്ന പേരിൽ പലരും രംഗത്ത് സജീവമാണ്. വാസ്തവത്തിൽ ഇസ് ലാം വെടിഞ്ഞ് യുക്തിവാദത്തിലേക്ക് വന്നവരെ മറ്റു യുക്തിവാദികൾ ഒരു കീഴാള യുക്തിവാദികളായാണ് പരിഗണിക്കുന്നത്. മുസ്‌ലിം കുടുംബത്തിൽ ജനിച്ചു വളർന്ന ഒരാൾ മദ്‌റസയിൽനിന്നെങ്കിലും ഇസ്‌ലാമിന്റെ ബാലപാഠം മനസ്സിലാക്കിയിട്ടുണ്ടാകും. അറബി എഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ടാകും. പള്ളിദർസിലോ അറബിക്കോളേജിലോ പഠിച്ചയാളാണെങ്കിൽ ക്വുർആനും ഹദീസും ചരിത്രവുമൊക്കെ അൽപം വശമുണ്ടാകും. അത് ഉപയോഗിച്ച് അഥവാ ക്വുർആൻ സൂക്തങ്ങളും പ്രവാചകവചനങ്ങളുമൊക്കെ ഉദ്ധരിച്ച് ദുർവ്യാഖ്യാനിച്ച് മുസ്‌ലിംകൾക്കിടയിൽ അവരുടെ മതത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുവാനും അവരെ മതം വലിച്ചെറിഞ്ഞ് യുക്തിവാദത്തിലേക്ക് വലിച്ചിഴക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നത് ശരിയാണ്. അപൂർവം ചിലർ അതിലേക്ക് ആകൃഷ്ടരാകുന്നുമുണ്ട്. എന്നാൽ യുക്തിവാദികൾ ആഗ്രഹിക്കുന്നതുപോലുെള്ളാരു ഒഴുക്ക് മുസ്‌ലിംകൾക്കിടയിൽനിന്ന് യുക്തിവാദത്തിലേക്ക് ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല.

? മുസ്‌ലിം യുവതയെ മതവിരോധികളാക്കി മാറ്റുക എന്നത് ലക്ഷ്യമാക്കിക്കൊണ്ട് യുക്തിവാദികൾ രംഗത്ത് സജീവമാണ് എന്ന് താങ്കൾ സൂചിപ്പിച്ചു. ഇതിനെ പ്രതിരോധിക്കുന്നതിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?

! വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഒരു ഇസ്‌ലാമിക സംഘടന എന്ന നിലയിൽ, ഇസ്‌ലാമിക പ്രമാണങ്ങൾക്കനുസൃതമായി സർവതലസ്പർശിയായ പ്രബോധന പ്രവർത്തനങ്ങൾ നടത്തുന്നതിൽ വ്യാപൃതമാണ്. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും അതിന്റെ പോഷക ഘടകങ്ങളും പുതിയകാലത്ത് ലിബറലിസം വരുന്ന വഴികൾ തിരിച്ചറിഞ്ഞ് അതിനെ വേരോടെ പിഴുതെടുക്കാനാവശ്യമായ ബഹുമുഖങ്ങളായ പ്രവർത്തനങ്ങളുമായി മുന്നോട്ട് ഗമിക്കുകയാണ്. വിസ്ഡം യൂത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ‘ഡയലോഗ്’ എന്ന പ്രോഗ്രാം ഭൗതികത, നിരീശ്വരവാദം, യുക്തിവാദം, ലിബറലിസം, പുരോഗമനം എന്നീ പരസ്പരബന്ധിതമായ ആശയങ്ങളുടെ അടിത്തറയിളക്കുന്ന ധൈഷണിക മുന്നേറ്റമാണ്. ‘മുഹമ്മദ് നബി  ﷺ : കുടുംബം, ധാർമികത,’ ‘വിശുദ്ധ ക്വുർആൻ: ദൈവികം, കാലികം,’ ‘ഇസ്‌ലാമോഫോബിയ: വെറുപ്പിന്റെ വ്യാപാരം,’ ‘ജിഹാദ്: ഒരു ഭീകരകഥയല്ല,’ ‘ഹദീസ്: അജയ്യം, അന്യൂനം,’ ‘പുരോഗമന നാട്യങ്ങൾ; ഒരു പൊളിച്ചഴുത്ത്’ എന്നീ വിഷയങ്ങളിൽ ഇതിനകം ഡയലോഗ് സംഘടിപ്പിച്ചു കഴിഞ്ഞു. ഡയലോഗ് ഉയർത്തിയ ആശയങ്ങളെ വസ്തുനിഷ്ഠമായി ചോദ്യംചെയ്യാൻ നിരീശ്വരവാദികൾക്ക് ഇന്നുവരെ സാധിച്ചിട്ടില്ല. ധാരാളം വിദ്യാർഥി-യുവജനങ്ങളെ ഈ പ്രോഗ്രാമിലൂടെ വിശ്വാസത്തിലേക്ക് തിരിച്ചു വിളിക്കാനും സാധിച്ചിട്ടുണ്ട്- അൽഹംദുലില്ലാഹ്. നേർപഥം വാരികയിലൂടെയും പീസ് റേഡിയോയിലൂടെയുമൊക്കെ യുക്തിവാദികളുടെ യുക്തിരഹിത വാദങ്ങൾക്ക് ആവശ്യാനുസരണം മറുപടി നൽകുന്നുണ്ട്.

? മുസ്‌ലിം സംഘടനകൾക്കിടയിലെ പിളർപ്പ് ചൂണ്ടിക്കാട്ടി മതത്തിലൊന്നും യാതൊരു കഴമ്പുമില്ലെന്നും നേതാക്കളും പണ്ഡിതന്മാരും മതത്തിന്റെ നേട്ടം പറഞ്ഞ് അണികളെ പിടിച്ചു നിറുത്തുന്നത് അവരുടെ ഭൗതികതാൽപര്യങ്ങൾക്കായിട്ടാണെന്നും പറഞ്ഞ് യുവാക്കളെ മതനിരാസത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് എന്ത് പറയുന്നു?

! ഒരു സംഘടന എന്നത് കുറെ ആളുകളുടെ കൂട്ടായ്മയാണ്. അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. നേതൃത്വത്തിന്റെ കെടുകാര്യസ്ഥത കൊണ്ടും അധികാരമോഹംകൊണ്ടും ആദർശ വ്യതിയാനം കൊണ്ടുമൊക്കെ സംഘനകളിൽ പിളർപ്പുണ്ടായേക്കാം. അതിൽ മത സംഘടനകളും രാഷ്ട്രീയ പാർട്ടികളും പെടും. ബുദ്ധിയും ചിന്താശേഷിയുമുള്ള ആളുകളാരും ഒരു സംഘടന പിളർന്നു എന്നതുകൊണ്ട് മാത്രം മതം വിട്ടുപോകില്ല. കേരളത്തിലെ യുക്തിവാദികളുടെ അവസ്ഥയെന്താണ്? അവർ എത്ര ഗ്രൂപ്പുകളായി പിളർന്നിട്ടുണ്ട് എന്നറിയാമോ? സംഘടനയിലെ പിളർപ്പ് ഒരു തത്ത്വശാസ്ത്രത്തിന്റെ പോരായ്മയാണെന്നാണ് വാദമെങ്കിൽ പല ഗ്രൂപ്പുകളായി പ്രവർത്തിക്കുന്ന തങ്ങളുടെ തത്ത്വശാസ്ത്രവും ശരിയല്ലെന്ന് അവർതന്നെ സമ്മതിക്കുകയല്ലേ?

വാസ്തവത്തിൽ യുക്തിവാദികൾക്ക് സ്വന്തമായി ഒരു തത്ത്വശാസ്ത്രമോ ആചാര്യനോ ഇല്ല. വ്യക്തികേന്ദ്രിതമായ ചില ആശയങ്ങളിലൂടെ വികാസം പ്രാപിച്ചുവന്ന വികലമായ ചിതറിയ ചിന്തകൾ യുക്തിവാദത്തിന്റെ മേൽവിലാസത്തിൽ അറിയപ്പെടുകയാണുണ്ടായത് എന്നു കാണാം. ആദ്യം മുതൽക്കു തന്നെ നിലനിൽക്കുന്ന ഈ പ്രശ്‌നമാണ് കേരളത്തിലെ യുക്തിവാദത്തെ എന്നും അഭ്യന്തരമായും ബാഹ്യമായും ശിഥിലീകരിച്ചകൊണ്ടിരുന്നത്.

സംഘടനാ സംവിധാനത്തെ അംഗീകരിക്കുന്നവരും സ്വതന്ത്രനിലപാടുകളെ പിന്തുടരുന്നവരും രാഷ്ട്രീയ ഇടപെടലുകൾ ആവശ്യപ്പെടുന്നവരും അരാഷ്ട്രീയ മുഖഛായ പിന്തുടരുന്നവരുമായി കേരളത്തിലെ യുക്തിവാദികൾ ചേരിതിരിഞ്ഞിരിക്കുന്നതിന്റെ ഉത്തരവാദിത്തം മതത്തിന്റെ തലയിൽ ഇവർ കെട്ടിവെക്കുമോ? വ്യക്തിനിഷ്ഠമായ കാരണങ്ങളാൽ മതത്തോടും സാമൂഹ്യചിന്തകളോടും പുറംതിരിഞ്ഞു നിന്നവർ സ്വതന്ത്ര ചിന്തയുടെയും മതനിഷേധത്തിന്റെയും ചില പാശ്ചാത്യ ആശയധാരകളുടെയും സഹായത്തോടെ സ്വീകരിച്ചുവന്ന നിലപാടുകൾക്ക് യുക്തിവാദം എന്ന് വിളിച്ചു എന്ന് പറയുന്നതാണ് ശരി.

സ്വന്തം ദൗർബല്യങ്ങൾ വിസ്മരിച്ചുകൊണ്ട് മതങ്ങൾക്കുനേരെ, വിശിഷ്യാ ഇസ്‌ലാമിനു നേരെ വിമർശനങ്ങൾ തൊടുത്തുവിടുന്നതിൽ യുക്തിവാദി ഗ്രൂപ്പുകൾ മത്‌സരിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

? മതം പഠിപ്പിക്കുന്ന ധാർമികമൂല്യങ്ങളെ പരിഹസിക്കുന്ന യുക്തിവാദികൾ അവകാശപ്പെടാറുള്ളത് യുക്തിബോധത്തിൽനിന്ന് ഉടലെടുക്കുന്നതെല്ലാം സദാചാരമാണെന്നാണ്. ഇതിനെക്കുറിച്ച് എന്തു പറയുന്നു?

! യുക്തിവാദികളുടെ ഈ ആശയം സമൂഹം ഉൾക്കൊണ്ടാൽ എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ? മനുഷ്യർ ഒന്നാവുമോ? തമ്മിൽതല്ലി മരിക്കുമോ? അമ്മയെ തല്ലുന്നവനും മക്കളെ കൊല്ലുന്നവനും തന്റെ യുക്തിബോധത്തിന്റെ അടിസ്ഥാനത്തിലാണതു ചെയ്തതെന്നും അത് യുക്തിവാദ സദാചാരമാണെന്നും പറയാമല്ലോ!

ഒരു യുക്തിവാദിക്ക് സദാചാരമെന്നു തോന്നുന്നത് മറ്റൊരു യുക്തിവാദിക്ക് സദാചാരവിരുദ്ധമായി തോന്നാനും സാധ്യതയില്ലേ? സദാചാരം കാത്തുസൂക്ഷിച്ചാൽ ‘തിന്നുക, കുടിക്കുക, രമിക്കുക’ എന്ന ഭൗതികവാദ മുദ്രാവാക്യം വെള്ളത്തിലലിയില്ലേ?

? ജെൻഡർ ന്യൂട്രാലിറ്റി ഏറെ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണല്ലോ. പാശ്ചാത്യൻ നാടുകളിലെ കുത്തഴിഞ്ഞ ജീവിതരീതി സാംസ്‌കാരിക കേരളത്തിലും നട്ടുപിടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇതിനെ കാണാമോ?

! തീർച്ചയായും, അതിനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ‘ജെൻഡർ ന്യൂട്രാലിറ്റി’ എന്നത് ഒരു യൂണിഫോം പ്രശ്‌നം മാത്രമല്ല. സാമൂഹ്യഘടനയിൽ വരുത്താൻ ഉദ്ദേശിക്കുന്ന അപകടകരമായ മാറ്റമാണ്. ഇത് ഇന്ന് കേരളത്തിൽ മാത്രം നടക്കുന്ന ഒറ്റപ്പെട്ട കാര്യമല്ല. ആഗോളതലത്തിൽ തന്നെ ഒരുപാടധികം ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. എതിർ വർഗ ലൈംഗിക സ്വാഭാവികത (heteronormativtiy)യെ തകർത്ത് homosexualtiyയെ നോർമൽ ആക്കുന്നതിലേക്കുള്ള ചുവടുമാറ്റം, യഥാർഥത്തിൽ അടുത്ത തലമുറയെ കടുത്ത പരീക്ഷണത്തിലേക്ക് എറിഞ്ഞുകൊടുക്കലാണ്. ജനസംഖ്യാ നിയന്ത്രണം എടുത്തൊഴിവാക്കിയതുപോലെ, വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ സംഭവിച്ചശേഷം പഴയതിലേക്കുതന്നെ തിരിച്ചുവരും. അപ്പോഴേക്കും ഒരു തലമുറ ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചിരിക്കും. മതരഹിതസമൂഹം മിശ്രവിവാഹത്തിലൂടെ മാത്രമെ സാധ്യമാകൂ എന്നും ലൈംഗികബന്ധത്തിന് വിവാഹം തന്നെ ആവശ്യമില്ലെന്നും ഇനി ആവശ്യമെങ്കിൽ അത് ഒരേ മതത്തിൽ നിന്നുതന്നെ വേണമെന്നില്ലെന്നും അവസാനം ആണും പെണ്ണും തമ്മിൽ തന്നെ ആവണമെന്നുമില്ലെന്നുള്ള അവസ്ഥയിലേക്കാണ് പുതിയ തലമുറയെ എത്തിക്കുന്നത്. ഒരുഭാഗത്ത് ഫാസിസം ശക്തിയാർജിക്കുമ്പോൾ, അതിൽനിന്ന് രക്ഷപ്പെടുത്താൻ ഞങ്ങൾ മാത്രമേയുള്ളൂ എന്ന പ്രതീതിയുണ്ടാക്കി, സ്വതന്ത്രതാവാദത്തിന്റെ വക്താക്കളാക്കി, ക്രമേണ മതവിരുദ്ധ മനോഭാവമുള്ള തലമുറയെ സൃഷ്ടിച്ചെടുക്കുകയാണ് കേരളത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ജെൻഡർ ന്യൂട്രൽ സംസ്‌കാരം നമ്മുടെ നാട്ടിലും വരുമോ എന്ന് ഗവേഷണം ചെയ്തു കണ്ടെത്തേണ്ട കാര്യമില്ല. ഇപ്പോൾ തന്നെ സംഭവിച്ചു കഴിഞ്ഞതാണ്. ഉദാ: ക്യാമ്പസുകളിൽ വർധിച്ചുവരുന്ന ഡി.ജെ പാർട്ടികൾ, സ്‌കൂളുകളിൽ പ്രത്യേക ദിവസങ്ങളിലെ ആഘോഷങ്ങൾ, രാത്രി ക്യാമ്പുകൾ, വിവാഹാഘോഷങ്ങളുടെ വഴിവിട്ട രീതികൾ ഇവയിലെല്ലാം നടന്നുകൊണ്ടിരിക്കുന്നത് പരിശോധിച്ചാൽ മാത്രം മതി.

ആൺ, പെൺ എന്ന ചിന്തതന്നെ ഇല്ലാതാക്കി ‘നപുംസക ലിംഗ’ ബോധത്തിലേക്കു നയിക്കുന്നത് പുരോഗമനമാണെന്ന് ചിലർ സിദ്ധാന്തിക്കുന്നു. ക്ലാസ്സിൽ ഇരുവിഭാഗങ്ങൾക്കും പ്രത്യേകം ഇരിപ്പിടങ്ങൾ പാടില്ല, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ വസ്ത്രമായിരിക്കണം തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന Gender Neutrality ചിന്തിക്കുന്ന സമൂഹത്തിനു ചേർന്നതല്ല. ആൺ-പെൺ സ്വത്വബോധം നിലനിർത്തിക്കൊണ്ടുതന്നെ ആരോഗ്യകരമായ സൗഹാർദാന്തരീക്ഷം നിലനിർത്തുകയാണ് കാമ്പസുകളിൽ ആവശ്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഇരിപ്പിടം, പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, പ്രത്യേകം ഹോസ്റ്റലുകൾ തുടങ്ങിയ സംവിധാനങ്ങൾ മാറ്റപ്പെടേണ്ട പഴഞ്ചൻ ആശയങ്ങളല്ല. അത് ലിംഗപരമായ അനീതിയുമല്ല. എതിർലിംഗവുമായി അടുക്കുവാനുള്ള നൈസർഗികത്വര തീക്ഷ്ണമായേക്കാവുന്ന കൗമാരത്തിൽ അവരുടെ ‘കംഫർട്ടിനു’ വേണ്ടി അവരെ പാട്ടിനുവിടുക എന്നതല്ല വിവേകം. മുൻഗാമികൾ ചിന്തിച്ചു സംവിധാനിച്ച സന്തുലിത വിദ്യാലയാന്തരീക്ഷം അംഗീകരിക്കുകയാണ് വിവേകമതികൾ ചെയ്യേണ്ടത്.

? സ്വത്വബോധത്തിന്റെ ബാഹ്യപ്രകടനമാണല്ലോ വസ്ത്രം. ലോകചരിത്രത്തിൽ, സംസ്‌കൃതികളുടെ ചരിത്രത്തിൽ എവിടെയെങ്കിലും ആൺ-പെൺ വ്യത്യാസമില്ലാതെ ഒരേവസ്ത്രം ധരിക്കണമെന്ന ചിന്ത നിലനിന്നിട്ടുണ്ടോ?

! ആണിനെയും പെണ്ണിനെയും തിരിച്ചറിയാവുന്ന വസ്ത്രം എന്ന പ്രാഥമിക പരിഗണനപോലും ഇല്ലായ്മ ചെയ്യുന്നതാണ് Dress Neutrality. ഇതുകൊണ്ട് യാതൊരു നേട്ടവും ഉണ്ടാകുവാൻ പോകുന്നില്ല. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും Girls Friendly toilet എങ്കിലും ഉറപ്പുവരുത്താനാണ് ഉത്തരവാദപ്പെട്ടവർ ആദ്യം ശ്രമിേക്കണ്ടത്.

ഇരുന്ന് മൂത്രമൊഴിക്കാൻ പോലും കഴിയാത്ത ടൈറ്റ് ജീൻസ് കൗമാരപ്രായത്തിൽ ധരിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പറഞ്ഞ ഒരു പ്രൊഫസറെ നിർത്തിപ്പൊരിച്ച മാധ്യമങ്ങൾ ഇന്ന് കംഫർട്ടിനെപ്പറ്റി വാചാലമാകുന്നു എന്നത് വിരോധാഭാസമാണ്.

? രാജ്യത്ത് ഏകസിവിൽകോഡ് നടപ്പിലാക്കാനുള്ള അണിയറ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നാനാത്വത്തിൽ ഏകത്വം നിലനിർത്തി മുന്നോട്ടു പോകുന്ന ഒരു വൻജനസഞ്ചയത്തെ ഇത് ഏതെല്ലാം രൂപത്തിലാണ് പ്രതികൂലമായി ബാധിക്കുക? ആർക്കാണ് ഇതുകൊണ്ട് നേട്ടമുണ്ടാവുക?

! ഒരു ഏകീകൃത ഹിന്ദുദേശീയതയുടെ രൂപീകരണത്തിലൂടെയുള്ള ഹിന്ദുരാഷ്ട്ര നിർമിതിയാണ് ഏകീകൃത സിവിൽകോഡിലൂടെ ഇക്കൂട്ടർ ലക്ഷ്യമാക്കുന്നത്. തുല്യനീതി, തുല്യപരിഗണന, വ്യക്തിസ്വാതന്ത്ര്യം എന്നൊക്കെയുള്ള വർണക്കടലാസുകൾക്കുള്ളിൽ ഇവർ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് ഈ ലക്ഷ്യം തന്നെയാണ്. നാനാജാതി മതസ്ഥരും വിഭിന്ന ഭാഷക്കാരും വൈവിധ്യമാർന്ന സംസ്‌കാരങ്ങളും നിലിനിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. എല്ലാ സംസ്ഥാനങ്ങളിലും ഒരു കാര്യത്തിൽ ഒരേ നിയമമല്ല നിലവിലുള്ളത്. വിവാഹം, അനന്തര സ്വത്തവകാശം പോലുള്ള പല കാര്യങ്ങളിലും വ്യത്യസ്ത നിയമങ്ങൾ വിവിധ വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഇസ്‌ലാമിക നിയമമനുസരിച്ചുള്ള വിവാഹം, വിവാഹമോചനം പോലുള്ള കാര്യങ്ങൾ നിഷേധിക്കെപ്പടുമ്പോൾ അത് വ്യക്തികളുടെ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതത്തെ ബാധിക്കുന്നതാണ്. ഇതാകട്ടെ ഭരണഘടന നൽകുന്ന മൗലികാവകാശത്തിനു വിരുദ്ധമാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്ക് എതിരുമാണ്.

ന്യൂനപക്ഷങ്ങളുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണ് മൗലികാവകാശങ്ങൾ. ഈ മൗലികാവകാശങ്ങളുടെ ലംഘനമാണ് ഏകീകൃത സിവികോഡ് നടപ്പിലാക്കുന്നതിലൂടെ സംഭവിക്കുക. അതിനുവേണ്ടി മുറവിളി കൂട്ടുന്ന ആർ.എസ്.എസ്സിന്റെ ആചാര്യന്മാർ ഇന്ത്യയിൽ ഏതു നിയമമാണ് നടപ്പിലാക്കേണ്ടതെന്നും ന്യൂനപക്ഷങ്ങൾക്ക് ഇവിടെ ജീവിക്കണമെങ്കിൽ അവർ എന്തൊക്കെ ചെയ്യണമെന്നും പറഞ്ഞുവെച്ചിട്ടുണ്ട്.

? ‘സംഘർഷമല്ല സമന്വയമാണ് ഭാരതത്തിന്റെ കാതൽ. 130 കോടി ജനങ്ങളുള്ളപ്പോൾ ചില പ്രശ്‌നങ്ങളൊക്കെയുണ്ടാകാം. എന്നാൽ ഇന്ത്യയിലെ മതങ്ങൾ വിശാല കാഴ്ചപ്പാട് പുലർത്തുന്നവയാണ്. ബഹുമത സമൂഹത്തിൽ ഇസ്‌ലാമിനെ അവതരിപ്പിക്കുമ്പോൾ ആ നിലയ്ക്കുള്ള സമീപനമുണ്ടാകണം. 2014ലെയും 19ലെയും തെരഞ്ഞെടുപ്പിൽ വിശാലമായ രാഷ്ട്രീയ സമീപനമാണ് സ്വീകരിച്ചത്. അടിസ്ഥാനപരമായി ആരോടെങ്കിലും അനീതി കാണിച്ച സംഭവങ്ങൾ ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല’ മുജാഹിദ് സമ്മേളനത്തിലെ, അഡ്വ. പിഎസ് ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിലെ ചില വാക്കുകളാണിത്. ഈ വാക്കുകളെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?

! സമന്വയമല്ല; സഹവർത്തിത്വമാണ് നമുക്ക്് േവണ്ടത്. ‘130 കോടി ജനങ്ങളുള്ളപ്പോൾ ചില പ്രശ്‌നങ്ങളൊക്കെയുണ്ടാകാം’ എന്നത് ശരിയാണ്. 130 കോടിയല്ല 100 പേരുണ്ടെങ്കിലും ചില പ്രശ്‌നങ്ങളുണ്ടായേക്കാം. എന്നാൽ ഭരണകൂടത്തിന്റെ തണലിലും നിശ്ശബ്ദമായ അംഗീകാരത്തിലും സംഘർഷമുണ്ടാകുന്നു എന്നത് അത്ര ലളിതവത്കരിക്കേണ്ട കാര്യമല്ല. ‘എന്നാൽ ഇന്ത്യയിലെ മതങ്ങൾ വിശാല കാഴ്ചപ്പാട് പുലർത്തുന്നവയാണ്. ബഹുമത സമൂഹത്തിൽ ഇസ്‌ലാമിനെ അവതരിപ്പിക്കുമ്പോൾ ആ നിലയ്ക്കുള്ള സമീപനമുണ്ടാകണം’ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്നറിയില്ല. ബഹുമത സമൂഹത്തിൽ ഇസ്‌ലാമിനെ അവതരിപ്പിക്കുമ്പോൾ പാലിക്കേണ്ട വിശാലമായ കാഴ്ചപ്പാട് വിശ്വാസാദർശങ്ങളിൽ വെള്ളം ചേർക്കലാണെങ്കിൽ അത് ഉൾക്കൊള്ളാൻ മുസ്‌ലിംകൾക്ക് സാധ്യമല്ല. മറ്റുള്ളവരുടെ ആദർശങ്ങളും ആചാരങ്ങളും കടംകൊള്ളുക എന്നതും സ്വീകാര്യമല്ല. എന്നാൽ സ്വന്തം വിശ്വാസത്തിൽ അടിയുറച്ചുനിന്നുകൊണ്ടുതന്നെ ഇതര മതസ്ഥരുമായി സൗഹാർദത്തിലും സ്‌നേഹത്തിലും പരസ്പര സഹകരണത്തിലും കഴിയുവാനാണ് മുസ്‌ലിംകൾ കൽപിക്കപ്പെട്ടിരിക്കുന്നത്. അത് അങ്ങനെത്തന്നെയായിരിക്കുകയും ചെയ്യും. ‘2014ലെയും 19ലെയും തെരഞ്ഞെടുപ്പിൽ വിശാലമായ രാഷ്ട്രീയ സമീപനമാണ് സ്വീകരിച്ചത്. അടിസ്ഥാനപരമായി ആരോടെങ്കിലും അനീതി കാണിച്ച സംഭവങ്ങൾ ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല’ എന്ന പ്രസ്താവന വലിയ തമാശയായിട്ടാണ് തോന്നുന്നത്.

ഇന്ത്യാരാജ്യം ഭരിക്കുന്ന, ശ്രീധരൻ പിള്ളയുടെ പാർട്ടി ആരോടെങ്കിലും അനീതി കാണിച്ചിട്ടുണ്ടോ ഇല്ലേ എന്നത് ജനങ്ങൾക്കറിയാം. ഒരു ജനത എന്തു കഴിക്കണം, ഏതു വേഷം ധരിക്കണം എന്നു ഞങ്ങൾ തീരുമാനിക്കും എന്ന നിലപാട് നീതിയോ അനീതിയോ? പൗരത്വ വിഷയത്തിൽ മുസ്‌ലിംകളെ മാത്രം ലക്ഷ്യംവെച്ചുള്ള തീരുമാനം നീതിയോ അനീതിയോ?

(അവസാനിച്ചില്ല)