ഇസ്‌ലാം വെറിയുടെ മലയാള പരിസരം

മുജീബ് ഒട്ടുമ്മൽ

2023 നവംബർ 18 , 1445 ജു.ഊലാ 04

കേരളം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം കഴിഞ്ഞിട്ട് മൂന്നാഴ്ച പിന്നിട്ടു. ഇലയനക്കങ്ങൾക്ക് പോലും ഞെട്ടിയുണരാറുള്ള മലയാള മാധ്യമങ്ങൾ പലതും അക്രമിയുടെ പേര് കണ്ടതിന് ശേഷം സുഖസുഷുപ്തി വിട്ടുണർന്നിട്ടില്ല. തുടർമരണങ്ങൾ പലതും ചരമകോളത്തിലേക്ക് മാറി. പക്ഷപാത ‘മാധ്യമസേവന’ത്തിന് കേരളം മാത്രം മടിച്ചുനിൽക്കുന്നതെന്തിന്!?

2023 ഒക്ടോബർ 29 കേരളത്തിെന്റ മതനിരപേക്ഷ മുഖങ്ങളിൽ ചിലരുടെ തനിസ്വരൂപം പ്രകടമായ ദിനമായിരുന്നു. മതേതരത്വത്തിന്റെയും നിഷ്പക്ഷതയുടെയും മുഖമായി മലയാളികൾ കണ്ടിരുന്ന ചിലരുടെ ഹൃദയങ്ങൾ ഇസ്‌ലാമോഫോബിയയുടെ അണുബാധയേറ്റ് വ്രണമായി പഴുത്ത്, അർബുദമായി പൊട്ടിയൊഴുകിയ ദിനം. തങ്ങളുടെ നാവിൽനിന്ന് പെയ്തിറങ്ങുന്ന വാക്കുകളെ തൊണ്ടതൊടാതെ വിഴുങ്ങാൻ സമൂഹത്തെ പ്രേരിപ്പിക്കുന്ന പൊതുബോധ നിർമിതിയുടെ വക്താക്കളുടെ മുഖംമൂടി അഴിഞ്ഞു വീണ് ദംഷ്ട്രങ്ങൾ സമുദായത്തിനുനേരെ ആർത്തിയോടെ വെളിവാക്കിയ ദിനം. മുസ്‌ലിം സമുദായത്തിന്റെ വേഷവിധാനങ്ങളെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും സമീപനങ്ങളെയും സംശയത്തോടെയും ഭീതിയോടെയും നോക്കിക്കാണുംവിധം മലയാളിമനസ്സുകളെ രൂപപ്പെടുത്താൻ ഇവർ ചെയ്യുന്ന ‘സേവനങ്ങൾ’ ചെറുതൊന്നുമല്ല.

ഇവർ സത്യത്തിന്റ അപ്പോസ്തലരായി ക്യാമറകൾക്കു മുമ്പിൽ നിന്ന് ഇസ്‌ലാം വെറുപ്പിൽ നുണകൾ കൊണ്ട് വാചാലരാകുമ്പോൾ മലയാളി പൊതുബോധം ഉൻമാദത്തിലാറാടിയിരിക്കും. കൊച്ചിയിലെ കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപം സംറ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന യഹോവ സാക്ഷികളുടെ പ്രാർഥനാസദസ്സിൽ നടന്ന ബോംബ് സ്‌ഫോടന പരമ്പരയോടനുബന്ധിച്ചാണ് മലയാളി പൊതുബോധം മുസ്‌ലിം സമുദായത്തെ മുൾമുനയിൽ നിറുത്തിയുള്ള മണിക്കൂറുകൾ സമ്മാനിച്ചത്. മനുഷ്യരാണ് മരിച്ചുവീഴുന്നതെന്ന ചിന്തയിൽ പരമാവധി സഹായങ്ങളെത്തിക്കാനും പരിക്കേറ്റവർക്ക് ഉചിതമായ ചികിൽസയും പരിചരണവും ലഭിക്കാനുമായി, ജനശ്രദ്ധയും അധികാരികളുടെ ഇടപെടലും കാര്യക്ഷമമാക്കാൻ പങ്കു വഹിക്കേണ്ടിയിരുന്ന മാധ്യമങ്ങൾ സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്തം മുസ്‌ലിം സമുദായത്തിനുമേൽ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ഇസ്‌ലാമോഫോബിയയുടെ പ്രചാരകരായ സാമ്രാജ്യത്വ മാധ്യമങ്ങളെ പോലും അതിശയിപ്പിക്കും വിധമാണ് മലയാളി മാധ്യമങ്ങൾ കളമശ്ശേരി സ്‌ഫോടന കുറ്റം ആരോപിച്ചുകൊണ്ട് സമുദായത്തിനു നേരെ വിരൽ ചൂണ്ടിയത്.

മൂന്നുദിവസം നീണ്ടുനിന്ന യഹോവ സാക്ഷികളുടെ സമ്മേളനം അവസാന ദിവസം ആരംഭിച്ച് നാൽപതാം മിനുട്ടിലാണ് സ്‌ഫോടനങ്ങൾ അരങ്ങേറിയത്. മിനുട്ടുകൾക്കുള്ളിൽ രാജ്യമാകെ ഈ വാർത്ത കാട്ടുതീ പോലെ പടർന്നു. മലയാള മാധ്യമങ്ങൾ വാർത്ത ബ്രേക്ക് ചെയ്യുമ്പോൾ കേരളം ആദ്യമൊന്ന് നടുങ്ങിയെങ്കിലും നിമിഷങ്ങൾക്കകം വാർത്തയുടെ ചിത്രം മാറിത്തുടങ്ങി. പൊലീസിന്റെ സ്ഥിരീകരണം വരുന്നതിന് മുമ്പുതന്നെ ‘ഭീകരാക്രമണം’ എന്ന് മാധ്യങ്ങൾ വിധിയെഴുതിത്തുടങ്ങി. വൈകാതെ തന്നെ ഫലസ്തീനിലെ, ഇസ്‌റായേലിന്റ നരനായാട്ടും ഹമാസിന്റെ പ്രതിരോധവുമെല്ലാം സ്‌ഫോടനങ്ങളുമായുള്ള ബന്ധമായി വിളക്കിച്ചേർത്ത് ഭീകരാക്രമണത്തിന്റ ആങ്കിൾ നിശ്ചയിച്ച് ചർച്ച തുടങ്ങുകയുണ്ടായി. ആഭ്യന്തരമന്ത്രി അമിത് ഷാക്ക് രാജ്യത്തോടും ജനങ്ങളോടുമുളള പ്രതിപത്തി മുറ്റിനിന്ന സമയമായിരുന്നു അത്.

മണിപ്പൂരിന്റെ മണ്ണിൽ കൊന്നുതള്ളിയ നിരപരാധികളെ കുറിച്ച് വ്യാകുലപ്പെടാത്ത ആഭ്യന്തര വകുപ്പ് പെട്ടെന്നുതന്നെ എൻഐഎയെ കേരളത്തിലേക്ക് അയക്കുന്നുവെന്ന് കേരള മുഖ്യമന്ത്രിയെ വിളിച്ചറിയിച്ചു കൊണ്ട് ഭീകരതയ്ക്ക് മാറ്റുകൂട്ടി. മലയാളത്തിലെ മുൻനിര ചാനലുകളായ ഏഷ്യാനെറ്റും ന്യൂസ് 18 കേരളയും ഭീകരതയ്ക്ക് നിറം നൽകി ജനങ്ങളുടെ മനസ്സിൽ ഭീതിവിതച്ചുകൊണ്ടിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരനായ, തൊപ്പിയും വെള്ള വസ്ത്രവും ധരിച്ച ഒരു ഗുജറാത്തി മുസ്‌ലിമിന്റെ പടം ന്യൂസ് 18 കേരള ചാനലിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് സ്‌ഫോടന വാർത്തക്ക് എരിവു പകർന്നത്. ഭീകരതയുടെ അടയാളങ്ങൾ എപ്പോഴും പ്രതിഫലിപ്പിക്കണമെങ്കിൽ ആഗോള സാമ്രാജ്യത്വം രൂപകൽപന ചെയ്ത സിമ്പൽ തന്നെ വേണമല്ലോ! കേരളത്തിലെ പ്രബുദ്ധരായ മലയാളികളുടെ മനസ്സുകളിൽ ഇസ്‌ലാമോഫോബിയയുടെ തീക്കനലുകൾ കോരിയിടാൻ ന്യൂസ് 18 കേരള ചാനൽ നടത്തിയ ശ്രമത്തിനു പിന്നിലെ ചേതോവികാരം വ്യക്തമാണ്. ഫലസ്തീൻ-ഹമാസ് സംഭവങ്ങളെ തുടർന്ന് യഹോവ സാക്ഷികളെ ജൂതൻമാരാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചതാകാമെന്ന് ഇന്റലിജൻസിന്റെ പേരിൽ സമർഥിക്കാൻ ശ്രമിക്കുകയായിരുന്നു ഈ ചാനൽ. ഏഷ്യാനെറ്റ് ന്യൂസ് ചാനലും ഈയൊരു നിഗമനം ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

കേരളത്തിൽ ഗുരുതരമായ സാഹചര്യമെന്ന് കേന്ദ്രം വിലയിരുത്തുന്നതായും തീവ്രവാദ ആക്രമണസാധ്യത പരിശോധിക്കുന്നതായും ഏഷ്യാനെറ്റ് കൂട്ടിച്ചേർത്ത് രംഗം കൊഴുപ്പിക്കുന്നുണ്ടായിരുന്നു. യഹോവസാക്ഷികളെ ലക്ഷ്യംവെച്ചത് ഇസ്രായേൽ- ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെന്ന് പൊലീസ് സംശയിക്കുന്നതായി മാതൃഭൂമിയും ന്യൂസ് നിരത്തി. റിപ്പോർട്ടർ ചാനൽ തലവനും കേരളത്തിലെ മുൻനിര മാധ്യമപ്രവർത്തകനുമായ നികേഷ് കുമാർ ഇസ്രായേൽ-ഫലസ്തീൻ യുദ്ധവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന് തൽസമയ പരിപാടിയിൽ സംശയമുയർത്തി. ഇടതു സഹയാത്രികനും മുൻ എംപിയും മതനിരപേക്ഷ കേരളത്തിന്റ ‘പത്തരമാറ്റ്’ മുഖവുമായ സെബാസ്റ്റ്യൻ പോളിനോട് നികേഷ് ചോദിക്കുന്നതും അതിന് അദ്ദേഹം യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത മറുപടി പറയുന്നതും മുസ്‌ലിം സമുദായം ആശങ്കയോടെയാണ് കേട്ടിരുന്നത്. യഹോവസാക്ഷികളുടെ വിശ്വാസത്തിന് ജൂതൻമാരുമായി സാമ്യതയുണ്ടെന്നും ഇരുകൂട്ടരുടെയും ദൈവം ഒന്നാണെന്നും അവർ ക്രിസ്ത്യാനികളല്ലെന്നുമാണ് സെബാസ്റ്റ്യൻ അബദ്ധങ്ങളെ സങ്കോചമില്ലാതെ അവതരിപ്പിച്ചത്. കേരളത്തിലെ ഫലസ്തീൻ അനുകൂല റാലികൾ എടുത്തുപറഞ്ഞ് നികേഷിന്റ ചോദ്യത്തിന് ബലം നൽകിയും സ്‌ഫോടനത്തിന് ഫലസ്തീൻ അനുകൂല ഭീകരവാദഭാഷ്യം നൽകുകയായിരുന്നു അദ്ദേഹം.

മലയാളികളുടെ മനസ്സിൽ മുസ്‌ലിം സമുദായത്തിനെതിരെ മാത്രമായി വെറുപ്പിന്റ കനലുകളെറിഞ്ഞ് ഭീകരതയാരോപിക്കുന്നത് ലക്ഷ്യമാക്കിയ ഷാജൻ സ്‌കറിയ അയാളുടെ ഓൺലൈൻ ചാനലിലൂടെ വിസർജിച്ചതും തുല്യതയില്ലാത്ത വർഗീയ വിഷമാണ്. അയാളതിന് തലക്കെട്ടു നൽകിയത് ‘ഇസ്രായേലിനുള്ള തിരിച്ചടിയാണോ കളമശ്ശേരി?’, ‘ഹമാസ് പ്രേമി പിണറായിക്ക് സുഖമല്ലേ?’ ‘കളമശ്ശേരിയിൽ നടന്നത് ഇസ്രായേൽ വിരുദ്ധ സ്‌ഫോടനമോ?’ എന്നിങ്ങനെയാണ്. ഇതിനോട് ചുവടു വെച്ച് ദേശീയമാധ്യമങ്ങളും സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം സമുദായത്തിനുമേൽ ചാർത്തി നൽകാനുള്ള ശ്രമത്തിലായിരുന്നു. ഹമാസ് തലവൻ ഖാലിദ് മിഷ്അൽ മലപ്പുറത്ത് നടന്ന ഫലസ്തീൻ അനുകൂല റാലിയെ അഭിസംബോധന ചെയ്തതിനു പിന്നാലെ കേരളത്തിൽ കൂടുതൽ ജൂതൻമാരുള്ള കളമശ്ശേരിയിൽ ഭീകരാക്രമണം നടത്തുകയായിരുന്നുവെന്ന് ‘രോഹൻ ദുവാ’ എന്ന സംഘപരിവാർ അനുഭാവമുള്ള മാധ്യമ പ്രവർത്തകൻ ‘എക്‌സി’ൽ വാർത്ത ബ്രേക് ചെയ്യുന്നുണ്ടായിരുന്നു. ‘ദി ന്യൂ ഇന്ത്യൻ’ എന്ന സംഘപരിവാര പോർട്ടൽ പുറത്തുവിട്ട ദൃശ്യങ്ങൾ പകർത്തിയാണ് ദേശീയ മാധ്യമങ്ങൾ സ്‌ഫോടന വാർത്തകൾ ആഘോഷിച്ചത്. പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐ, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യാ ഡോട്ട് കോം ഉൾപെടെയുള്ള മാധ്യമങ്ങളെല്ലാം ഇത് ഏറ്റുപാടി. അവസരമുപയോഗിച്ച് വെറുപ്പിന്റെ പ്രത്യയശാസ്ത്ര വക്താക്കൾ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ‘മുസ്‌ലിം ഭീകരത’യുടെ പേരിൽ വർണങ്ങൾ നൽകി പ്രചാരണം നൽകി.

സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്നവരോട്

നാലര നൂറ്റാണ്ട് നീണ്ട വൈദേശിക മേധാവിത്വത്തിന്റ കരാളഹസ്തങ്ങളിൽനിന്ന് രാജ്യത്തിന്റെ വിമോചനത്തിനായി സ്വാതന്ത്ര്യദാഹികളായ ജനതയോടൊപ്പം പോരാട്ടങ്ങളുടെ രണഭേരി മുഴക്കാൻ മുന്നിലുണ്ടായിരുന്ന മുസ്‌ലിം സമുദായത്തെയാണ് സുരക്ഷാ ഭീഷണിയായി ഇവർ അവരോധിക്കാൻ ശ്രമിക്കുന്നത്. അധിനിവേശത്തിന്റ ക്രൂരമുഖങ്ങളായി കേരള തീരത്ത് വന്നണഞ്ഞ പറങ്കികളുടെ പൊയ്മുഖം തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കാൻ തയ്യാറാക്കിയ സൈനിക മുന്നേറ്റത്തിന്റ നേതൃത്വവും മുസ്‌ലിം യോദ്ധാക്കൾക്കായിരുന്നുവെന്നത് ഇവർ തിരിച്ചറിയാതെ പോയതല്ല. പോർച്ചുഗീസുകാരുടെ അധിനിവേശങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ ആൾനാശവും സാമ്പത്തിക നഷ്ടവും വ്യാപാരത്തകർച്ച യുമെല്ലാം നേരിടേണ്ടിവന്ന മുസ്‌ലിം സമുദായത്തെയാണ് ഇവർ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നത്.

കേരളത്തിന്റ നാഗരികതയും സംസ്‌കാരവും മൈത്രി ബന്ധങ്ങളും സമ്പന്നതയും വികസനവുമെല്ലാം മുസ്‌ലിം സ്പർശത്തിലൂടെ സാധ്യമായവയാണ്. കേരളത്തിന്റ സുവർണ കാലഘട്ടങ്ങളിലെല്ലാം അധികാരത്തിലും സാമ്പത്തിക മേൽകോയ്മയിലും വ്യാപാരവികാസത്തിലും മുസ്‌ലിംകളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നതിന് ചരിത്രരേഖകൾ സാക്ഷിയാണ്. തൊഴിലിടങ്ങളിലും വ്യവസായ, വാണിജ്യ മേഖലകളിലും; രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തനങ്ങളിലും ഭരണസംവിധാനങ്ങളിലും കലാകായിക രംഗങ്ങളിലുമെല്ലാം മുസ്‌ലിംകളും തങ്ങളുടെ ഭാഗധേയത്വം നിർണയിച്ചിട്ടുണ്ട്. സംശയാസ്പദമായ സമീപനങ്ങളോ അക്രമസ്വഭാവമോ വെറുപ്പുൽപാദന ശൈലിയോ സ്വീകരിച്ചിരുന്നതായി സഹപ്രവർത്തകരായ ഇതര സമുദായാംഗങ്ങളിൽ ഒരാൾക്കും പറയാനാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംഘടനകൾ, പ്രസിദ്ധീകരണങ്ങൾ, പുസ്തകാലയങ്ങൾ, ഓൺലൈൻ-ഓഫ് ലൈൻ വൈജ്ഞാനിക സംരംഭങ്ങൾ, പ്രഭാഷണങ്ങൾ, സമ്മേളനങ്ങൾ തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക മേഖലകളിലും മുസ്‌ലിം സമുദായം ഒറ്റക്കും ഇതര സമുദായങ്ങളോട് ചേർന്നുനിന്നും പ്രവർത്തിച്ച് പോരുന്നുണ്ട്. ആശയപരമായ വൈജാത്യങ്ങൾക്കും അഭിപ്രായ ഭിന്നതകൾക്കും വിശ്വാസ, ആചാരാനുഷ്ഠാനങ്ങളിലെ കണിശതകൾക്കുമപ്പുറം പരസ്പര വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ പ്രചാരണങ്ങൾ മുസ്‌ലിം സമുദായത്തിൽനിന്ന് കാണാനാവില്ലെന്നത് നിഷ്തർക്കമാണ്. എല്ലാ സമൂഹത്തിലുമെന്നപോലെ എണ്ണപ്പെട്ട ചിലരിൽനിന്ന് വിവേകമില്ലാത്ത ഇടപെടലുകളുണ്ടായിട്ടുണ്ടെന്നത് നിഷേധിക്കുന്നില്ല. എന്നാൽ അവരെ തിരുത്താനും ഗുണദോഷിക്കാനും വിവേകത്തിന്റ പ്രവാചകപാഠം പകർന്നുനൽകാനും മുസ്‌ലിം സംഘടനകൾ ശ്രമിച്ചിട്ടുണ്ടെന്നുള്ളതും നിഷേധിക്കാനാവില്ല. എന്നിട്ടും സമുദായത്തെ ലക്ഷ്യമാക്കി ആരോപണങ്ങൾ പടച്ചുവിടുന്നവർ സാമ്രാജ്യത്വത്തിനും വെറുപ്പിന്റെ സംഘ പരിവാര രാഷ്ട്രീയത്തിനും വിധേയത്വം കാണിക്കുകയാണ്. എന്നാൽ ആയിരക്കണക്കിന് ശാഖകളുള്ള ആർഎസ്എസ് ആയുധപരിശീലനം നടത്തുന്നത് സ്ഥിരം കാഴ്ചയാണ്. ‘കാസ’ പോലുള്ള ക്രിസ്ത്യൻ തീവ്രവാദ സംഘടനകൾ നടത്തുന്ന വിദ്വേഷ പ്രചാരണം കൈരളിയെ വല്ലാതെ മലീമസമാക്കുന്നുണ്ട്. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയും എന്തെങ്കിലും അക്രമം നടന്നാൽ ശരിയായ അന്വേഷണം നടത്തി റിപ്പോർട്ട് പുറത്തു വരുന്നതിന് മുമ്പുതന്നെ മുസ്‌ലിം സമുദായത്തിന്മേൽ കുറ്റം ചാർത്താൻ ശ്രമിക്കുന്ന മലയാളി പൊതുബോധം വല്ലാതെ ഭയപ്പെടുത്തുന്നുവെന്നതാണ് സത്യം.

മുസ്‌ലിംകൾ തീവ്രമായി പ്രതികരിക്കുന്നവരോ?

മുസ്‌ലിം സമുദായത്തിെന്റ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കാനും പരിഹാരം കാണാനും ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ച ജസ്റ്റിസ് സജീന്ദർ സച്ചാർ കമ്മീഷൻ റിപ്പോർട്ടിലെ ഒരു പരാമർശം ശ്രദ്ധേയമാണ്. ഇസ്‌ലാമോഫോബിയയും മുസ്‌ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള വ്യാപകമായ ശ്രമങ്ങളുമാണ് കമ്മീഷൻ കണ്ടെത്തിയ ഒരു പ്രധാന കാര്യം. കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വ്യക്തമായതും ബോധ്യമായതുമാണ് ഇത്. യഥാർഥത്തിൽ ഇന്ത്യയിൽ നടന്നിട്ടുള്ള ഭീകരാക്രമണങ്ങൾ ഓരോന്നുമെടുത്ത് പരിശോധിച്ചാൽ മുസ്‌ലിം സമുദായമല്ല അത്തരം അപരാധങ്ങളുടെ മുന്നിലെന്ന് വ്യക്തമാകും. ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ പിറ്റേവർഷംതന്നെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്നത് നാഥുറാം വിനായക് ഗോഡ്‌സെ എന്ന സംഘപരിവാര പ്രവർത്തകനായിരുന്നു. സ്വതന്ത്ര ഇന്ത്യ ദർശിച്ച ആദ്യത്തെ ഭീകരാക്രമണമായിരുന്നു അത്.

1984 ഒക്ടോബർ 31ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി വെടിയേറ്റ് മരിക്കുകയുണ്ടായി. സിഖുകാരായ സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ അംഗരക്ഷകരാണ് അവരെ വധിച്ചുകളഞ്ഞത്. സുരക്ഷാ ഗാർഡായ സത്‌വന്ത് സിംഗ് തന്റെ തോംസൺ ഓട്ടോമാറ്റിക് ഗണ്ണുകൊണ്ട് ആദ്യം നിറയൊഴിച്ചു. വെടിയേറ്റ് ഇന്ദിരാഗാന്ധി വീണപ്പോൾ സത്‌വന്ത് ആകെ പകച്ചുപോയി. അടുത്ത നിമിഷം ബിയാന്ത് സിംഗിന്റെ ഘോരശബ്ദം മുഴങ്ങി: ‘സത്‌വന്ത്, ഗോലി ചലാവോ...’ ഞെട്ടിയുണർന്ന സത്‌വന്ത് സിംഗ് തന്റെ യന്ത്രത്തോക്കിലെ ഇരുപത്തഞ്ച് ഉണ്ടകളും ഇന്ദിരാഗാന്ധിയുടെ ദേഹത്തേക്ക് പായിച്ചു. അപ്പോഴേക്കും ബിയാന്ത് സിംഗിന്റെ റിവോൾവറിൽനിന്ന് ആദ്യ ഉണ്ട പോയിട്ട് 25 സെക്കന്റ് കഴിഞ്ഞിരുന്നു. മറ്റു സുരക്ഷാ ഭടന്മാർക്ക് അതുവരെ തിരിച്ച് ഒരു വെടിപോലും പൊട്ടിക്കാനായിരുന്നില്ല. സത്‌വന്ത് സിംഗ് തന്റെ യന്ത്രത്തോക്കിലെ ഉണ്ടകൾ ഇന്ദിരയുടെ ദേഹത്തേക്ക് പായിപ്പിച്ചുകൊണ്ടിരുന്ന നേരത്ത്, ഏറ്റവും പിന്നിലുണ്ടായിരുന്ന രാമേശ്വർ ദയാൽ ഓടി മുന്നോട്ടുവന്നു. അടുത്തെത്തിയതും സത്‌വന്ത് സിംഗിന്റെ തോക്കിൽനിന്നുമുതിർന്ന ഉണ്ടകൾ ദയാലിന്റെ കാലിലും തുടയിലും തുളച്ചുകയറി. അദ്ദേഹം നിലത്ത് വീണുപോയി. ഈ ഭീകരാക്രമണത്തിനു പിന്നിലും മുസ്‌ലിംകളായിരുന്നില്ല.

1991 മെയ് 21ന്, പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽടിടിഇ അംഗമായ, തനു എന്നും തേൻമൊഴി രാജരത്‌നം എന്നും അറിയപ്പെടുന്ന കലൈവാണി രാജരത്നം ആത്മഹത്യാബോംബറായി ശ്രീപെരുമ്പത്തൂരിൽവെച്ച് കൊലപ്പെടുത്തുകയുണ്ടായി. അവരും മുസ്‌ലിമായിരുന്നില്ല. 1992 ഡിസമ്പർ 6ന് ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കം ചാർത്തി, നാനൂറ് വർഷത്തിലധികം പഴക്കമുണ്ടായിരുന്ന ബാബരി മസ്ജിദ് തകർത്തുകൊണ്ട് കലാപം സൃഷ്ടിച്ചിച്ചതും മുസ്‌ലിം സമുദായത്തിൽ പെട്ടവരല്ല. ആറോളം പേരുടെ മരണത്തിനും നൂറിലേറെ പേരുടെ പരിക്കിനും ഇടയാക്കിയ രണ്ടാം മാലേഗാവ് സ്‌ഫോടനത്തിനു പിന്നിൽ പ്രജ്ഞാസിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരടക്കമുള്ള ഏഴു പേരാണ് ഉണ്ടായിരുന്നത്. അതിനു മുമ്പ് 2006ൽ മാലേഗാവിൽ 35 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഇതേ സംഘത്തിന്റെ ഇടപെടലുകൾ കണ്ടെത്തിയിരുന്നു. മുഖ്യപ്രതികളിലൊരാളായ പ്രജ്ഞാസിങ് ഠാക്കൂർ നിലവിൽ ഭോപ്പാലിൽനിന്നുള്ള ബിജെപി എംപിയാണ്. 2007 മെയ് 18നാണ് ഹൈദരാബാദിലെ മക്കാ മസ്ജിദിൽ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ 9 പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനം നടന്നതിൽ പ്രതിഷേധിച്ച് പിന്നീട് മസ്ജിദിനു പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിലും പോലീസ് വെടിവെപ്പിലും അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിലൊന്നും മുസ്‌ലിം സമുദായത്തിലെ ആർക്കും യാതൊരു പങ്കുമുണ്ടായിരുന്നില്ല. ഇങ്ങനെ രാജ്യത്തെ ജനങ്ങളെയാകമാനം ഭീതിയിലാക്കുകയും ഭരണസ്തംഭനത്തിന് കാരണമാകുംവിധം കലാപങ്ങൾ വിതക്കുകയും ചെയ്ത അനേകം സംഭവങ്ങൾക്ക് നേതൃത്വം നൽകിയത് മുസ്‌ലിംകളായിരുന്നില്ല. മണിപ്പൂരിന്റെ തെരുവോരങ്ങളിൽ ഇന്നും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യജീവനുകൾ മനസ്സിന് തീരാനൊമ്പരമാണ്. അവിടെയും സമുദായമില്ല. ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങളിലും കലാപങ്ങളിലും കൂടുതലും ഇരയാക്കപ്പെട്ടത് മുസ്‌ലിം സമുദായമാണ്. എന്നിട്ടും ഭീകരതയാരോപിക്കപ്പെടുന്നതിലെ യുക്തി ഇസ്‌ലാം വെറുപ്പല്ലാതെ മറ്റെന്താണ്?

ഇരകളായിരുന്നിട്ടും പ്രകോപിതരാകാതെ

മുസ്‌ലിം സമുദായത്തിന്റ മനസ്സിന് മാരകമായ മുറിവേൽപിച്ചുകൊണ്ട് രാജ്യത്ത് വ്യാപകമായ അക്രമസംഭവങ്ങൾ എത്രയോ അരങ്ങേറിയിട്ടുണ്ട്. 400ലേറെ വർഷം പഴക്കമുള്ള ബാബരി മസ്ജിദ് തകർത്തതിന്റെ ഭാഗമായി സുപ്രീം കോടതി നടത്തിയ നൈതികത തൊട്ടുതീണ്ടിയില്ലാത്ത വിധി പ്രസ്താവം പ്രകോപനപരമായിരുന്നു. എന്നിട്ടും സമുദായം ക്ഷമയോടെ അതംഗീകരിച്ചു. പൂർണമായും സമാധാനപരമായ സമീപനം സ്വീകരിച്ചുകൊണ്ടാണ് സാഹചര്യങ്ങളെ സമുദായം മറികടന്നത്.

രാഷ്ട്രം സ്വന്തം മൂല്യങ്ങളെ ഉറപ്പിച്ച് നിറുത്തുന്ന സ്വാതന്ത്ര്യത്തിന്റെ എല്ലാ നൈതികബോധ്യങ്ങളെയും അട്ടിമറിച്ചുകൊണ്ട്, തെല്ലും മറയില്ലാത്തവിധം മുസ്‌ലിം ന്യൂനപക്ഷ വിരുദ്ധമായ പൗരത്വ ഭേദഗതി ബില്ല് അവതരിപ്പിച്ച് നവഹിന്ദുത്വ രാഷ്ട്രീയം നടത്തുന്ന നെറികേടിനെ ജനാധിപത്യപരമായ പ്രതിഷേധത്തിലൂടെ, സമാധാനപൂർവം നേരിടാനാണ് സമൂഹം തയ്യാറായത്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം എന്ന നിലയിൽ പ്രതിയോഗികൾ ആരോപിക്കുന്ന പോലെ ഭീകരതയുടെ പ്രയോക്താക്കളാണ് സമുദായമെങ്കിൽ രാജ്യത്തിന്റെ ഗതിയെന്താകുമായിരുന്നുവെന്നത് ആലോചിക്കേണ്ട കാര്യമാണ്. അവിടെയും സഹനത്തിലൂടെ സമാധാന സന്ദേശം ജീവിതത്തിലേക്ക് ചേർത്തുപിടിക്കുകയായിരുന്നു സമൂഹം. ഗുജറാത്തിലും ഹരിയാനയിലും ഉത്തർപ്രദേശിലും ഡൽഹിയിലുമെല്ലാം ഉണ്ടായ കലാപങ്ങളിൽ ഇരകളായവർ മുസ്‌ലിംകളായിരുന്നു. ലിഞ്ചിംഗ് കൊലപാതകങ്ങൾക്കും ബുൾഡോസർ രാജ് അക്രമങ്ങൾക്കും ഇരയായവരും മുസ്‌ലിംകൾ തന്നെയായിരുന്നു.

സംഘപരിവാര രാഷ്ട്രീയം മലയാളമണ്ണിനെ കലാപകലുഷിതമാക്കാൻ ശ്രമിക്കുമ്പോഴെല്ലാം അവധാനതയോടെയും വിവേകത്തോടെയുമുള്ള സമുദായ സമീപനം ഇന്നും വെറുപ്പിന്റ പ്രത്യയശാസ്ത്രക്കാർക്ക് തലവേദനയാണ്. സാംസ്‌കാരിക പ്രബുദ്ധമെന്ന് മേനിനടിക്കുന്ന കേരളക്കരയിൽ പോലും സമീപകാലത്ത് അരങ്ങേറിയ ചില സംഭവവികാസങ്ങൾ സമുദായത്തെ പ്രകോപിപ്പിക്കുന്നതായിരുന്നു. ഇഷ്ടമുള്ള ആശയം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള മൗലികാവകാശവും സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തി ഇസ്‌ലാം സ്വീകരിച്ച മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയിലെ ഫൈസൽ എന്ന സഹോദരനെ ആർഎസ്എസ്സുകാർ ക്രൂരമായി കൊലപ്പെടുത്തിയത് സമുദായ മനസ്സിൽ ഇന്നും നൊമ്പരമാണ്. പ്രതികൾ ഇന്നും സമൂഹത്തിൽ സ്വൈര്യവിഹാരം നടത്തിക്കൊണ്ടിരിക്കുന്നത് സമുദായത്തിന്റെ സമാധാനമനസ്സിന്റെ പ്രതിഫലനവും നിയമ സംവിധാനങ്ങളോടുള്ള വിശ്വാസവുമാണ്; സർവോപരി നിയമത്തോടുള്ള പ്രതിബദ്ധതയുമാണ്. കാസർകോട്ടെ ചൂരിയിലെ മദ്‌റസാധ്യാപകനായിരുന്ന റിയാസ് മൗലവി ഹിന്ദുത്വ ഭീകരതയുടെ ഇരയാണ്. പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

സ്വന്തം സമുദായത്തെ പോലും കുരുതികൊടുത്ത് സമൂഹത്തിന്റെ സ്വൈര്യം കെടുത്താൻ ഇറങ്ങിപ്പുറപ്പെട്ട സംഘപരിവാര രാഷ്ട്രീയത്തിന് എന്നും നിരാശയായിരുന്നു ഫലം. മതഘോഷയാത്രയിൽ ഒത്തുകൂടിയ സ്വന്തം സമുദായക്കാരെ സ്‌ഫോടനത്തിലൂടെ കൂട്ടക്കൊല നടത്തി മുസ്‌ലിം സമുദായത്തിനു മേൽ അതിന്റ അപരാധം കെട്ടിവെക്കാനുള്ള ശ്രമം പോലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. താനൂരിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ബോംബ് വെച്ച് പിഞ്ചോമനകളെപോലും കൊന്നുതള്ളി രാഷ്ട്രീയലാഭം നേടിയെടുക്കാനുള്ള ശ്രമം അതിന്റെ ഭാഗമായിരുന്നു. നിയമപാലകരുടെ ശ്രദ്ധേയമായ ഇടപെടലുകൊണ്ടാണ് മഹാദുരന്തത്തിൽനിന്ന് നാട് രക്ഷപ്പെട്ടത്. എന്നിട്ടും ഭീകരത ആരോപിക്കപ്പെടുന്നത് മുസ്‌ലിം സമുദായത്തിന്റെ മേലാണ്. രാഷ്ട്രീയ കൊലപാതകങ്ങളിൽ അമ്പത് വെട്ട് വെട്ടിയവരും സ്‌കൂളിലെ പിഞ്ചോമനകളുടെ മുന്നിൽ വെച്ച് ക്രൂരമായി അധ്യാപകനെ വെട്ടിക്കൊന്നവരും മുസ്‌ലിംകളായിരുന്നില്ല. മതേതരത്വത്തിന്റെ ‘പത്തരമാറ്റ് തങ്കക്കുടങ്ങൾ’ ‘മാശാ അല്ലാഹ്’ സ്റ്റിക്കർ കൊലപാതകികളുടെ വാനിൽ ഒട്ടിച്ച് മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിൽ കയറ്റാൻ ശ്രമിച്ചപ്പോഴും വിവേകത്തോടെ പ്രതികരിക്കാനേ ഈ സമുദായം ശ്രമിച്ചിട്ടുള്ളൂ. ഇങ്ങനെയൊക്കെയാണെങ്കിലും എപ്പോഴും ഭീകരതയാരോപിക്കപ്പെടാൻ സമുദായം വിധിക്കപ്പെടുകയാണ്.

ഭീകരത ആരുടെ കുത്തകയാണ്?

കളമശ്ശേരിയിലെ യഹോവസാക്ഷികളുടെ പ്രാർഥനാസംഗമത്തിൽ ബോംബ് സ്‌ഫോടനം നടന്നയുടൻതന്നെ അതിന്റെ ഉത്തരവാദിത്തം, ഫലസ്തീൻ പ്രശ്‌നം പറഞ്ഞുകൊണ്ട് മുസ്‌ലിം സമുദായത്തിനുമേൽ കെട്ടിവെക്കാനുള്ള ശ്രമമാണ് മാധ്യമങ്ങൾ നടത്തിയത്. എന്നാൽ മാർട്ടിൻ ഡൊമിനിക് എന്ന ക്രൈസ്തവ വിശ്വാസി കുറ്റം സമ്മതിച്ചുകൊണ്ട് രംഗത്ത് വന്നതോടുകൂടി ‘ഭീകരാക്രമണം’ കേവലം ‘പ്രതിരോധ’മായി മാറിയെന്നത് ഏറെ ചിന്തിക്കാൻ വകയുള്ള കാര്യമാണ്. നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്താൻ ആര് സ്‌ഫോടനം നടത്തിയാലും അത് ഭീകരാക്രമണം തന്നെയാണ്. ഇവിടെ മാർട്ടിൻ ഡൊമിനിക് ചെയ്തതും ഭീകരാക്രമണമാണെന്ന് പറയാൻ മലയാള മാധ്യമങ്ങൾ പോലും മടിച്ചതിലെ യുക്തി എല്ലാവർക്കും തിരിയും. ഭീകരതയും തീവ്രവാദവും മുസ്‌ലിംകളുടെ കുത്തകയാണെന്ന സാമ്രാജ്യത്വ കുതന്ത്രങ്ങളെ വാരിപ്പുണരാൻ മലയാള മാധ്യമങ്ങൾ കാണിക്കുന്ന ഉൽസാഹമാണ് ഇവിടെയും തെളിഞ്ഞുവന്നത്. എന്നാൽ തീവ്രവാദത്തിന്റെയും ഭീകരതയുടെയും മൊത്ത കുത്തകാവകാശം ആർക്കാണെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.

1881ൽ റഷ്യയിലെ ഭരണാധികാരിയായിരുന്ന സർ അലക്‌സാണ്ടർ കാളവണ്ടിയിൽ സെന്റ് പീറ്റേഴ്‌സ്ബർഗ് പട്ടണത്തിലൂടെ യാത്ര ചെയ്യവെ ബോംബുസ്‌ഫോടനത്തിൽ കൊല്ലപ്പെടുകയുണ്ടായി. കാഴ്ചക്കാരായ ഇരുപതോളം നിരപരാധികളും കൊല്ലപ്പെട്ടു. പോൾ എന്ന, ബുൾബുസ്‌ക് സ്വദേശിയായ കൊലപാതകി ഒരു അരാജകവാദിയും ‘ഇഗ്‌നിസ്’ എന്ന തീവ്രവാദ സംഘടനയിലെ അംഗവുമായിരുന്നു. അയാൾ മുസ്‌ലിമായിരുന്നില്ല. 1901 സെപ്തംബർ 6ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന വില്യം മെക്കെയിൽ വധിക്കപ്പെട്ടു. ലിയോൺ എന്ന അരാജകവാദിയായിരുന്നു കൊലപാതകി. 1910 ഒക്ടോബർ 4ന് ലോസാഞ്ചലിസിലെ ടൈംസ് പേപ്പർ ബിൽഡിംഗിലുണ്ടായ സ്‌ഫോടനത്തിൽ നിരപരാധികളായ 21 പേർ കൊല്ലപ്പെട്ടു. ജെയിംസ്, ജോസഫ് എന്നീ രണ്ട് ക്രിസ്ത്യൻ തീവ്രവാദികളായിരുന്നു അതിനു പിന്നിൽ. ഒന്നാം ലോകമഹായുദ്ധത്തിന് പോലും കാരണമായ, ആസ്ട്രിയയുടെ ആർച്ച് ഡ്യൂക്കും ഭാര്യയും കൊല്ലപ്പെട്ടതിനു പിന്നിലും ‘യങ്ങ് ബോസ്‌നിയ’ എന്ന സെർബിയൻ ഗ്രൂപ്പായിരുന്നു. അവർ മുസ്‌ലിംകളായിരുന്നില്ല. 1925ൽ ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിലെ സെന്റ് നദ്‌ലിയ ചർച്ചിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ 150ൽ അധികം നിരപരാധികൾ കൊല്ലപ്പെടുകയും 5000ൽ പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന്റെ പിന്നിൽ ബൾഗേറിയൻ കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു.

1934ൽ യുഗോസ്ലോവ്യൻ ഭരണാധികാരിയായിരുന്ന കിംഗ് അലക്‌സാണ്ടർ ചക്രവർത്തിയെ വെടിവെച്ചു കൊന്ന ലിഡ ജോർജിഫ് മുസ്‌ലിമായിരുന്നില്ല.1995 ഏപ്രിൽ 19ലെ ഒക്‌ലോഹമ ബോംബു സ്‌ഫോടനത്തിൽ നൂറോളം നിരപരാധികൾ കൊല്ലപ്പെടുകയും നൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നിൽ പ്രവർത്തിച്ചത് വലതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരായിരുന്ന രണ്ട് ക്രിസ്ത്യൻ വിശ്വാസികളായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം എട്ടു വർഷത്തെ തുടർച്ചയായ യുദ്ധത്തിൽ 259 ആക്രമണങ്ങളാണ് ജൂത തീവ്രവാദികൾ നടത്തിയത്. 1946 ജൂലൈ 26ന് കിംഗ് ഡേവിഡ് ഹോട്ടലിൽ നടന്ന സ്‌ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചത് ഇഗ്‌നിസ തീവ്രവാദികളായിരുന്നു. 91 പേരാണ് കൊല്ലപ്പെട്ടത്. ഇന്നും ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ജൂത ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന മാനിക്വിൻ ബിഗിൻ, ഏരിയൽ ഷാരോൺ എന്നിവർ ഇസ്‌റായേലിന്റെ പ്രധാനമന്ത്രിമാർവരെ ആയി. 1968 മുതൽ ജർമനിയിൽ ഒരു തീവ്രവാദഗ്രൂപ്പ് ധാരാളം നിരപരാധികളെ കൊലപ്പെടുത്തുകയുണ്ടായി. ഇറ്റലിയിൽ റെഡ് ബിഗ്രേഡ്‌സ് എന്ന ഭീകര സംഘടന മനുഷ്യക്കുരുതി നടത്തുകയും അവിടത്തെ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടു പോയി വധിക്കുകയും ചെയ്തു. ജാപ്പനീസ് റെഡ് ആർമി എന്ന, ജപ്പാനിലെ ബുദ്ധതീവ്രവാദികൾ ടോക്കിയോ സബ്‌വേയിൽ വെച്ച് നൂറുകണക്കിന് നിരപരാധികളെ കൊല്ലാൻ ശ്രമിച്ചെങ്കിലും 12 പേരാണ് മരിച്ചത്. ഇംഗ്ലണ്ടിൽ നൂറ് വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഐറിഷ് റിപ്പബ്ലികൻ ആർമി എന്ന കത്തോലിക്കൻ തീവ്രവാദ സംഘടന ആക്രമണങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്നു. സ്‌പെയിനിലെയും ഫ്രാൻസിലെയും തീവ്രവാദ പ്രസ്ഥാനമായ ഇടിഎ മുപ്പത്തിയാറ് ആക്രമണങ്ങളാണ് നടത്തിയത്. ആഫ്രിക്കയിലെ ‘ദ ലോർഡ്‌സ് സാൽവേഷൻ ആർമി’ ഒരു ക്രിസ്ത്യൻ തീവ്രവാദി പ്രസ്ഥാനമാണ്. ശ്രീലങ്കയിലെ എൽടിടിഇ ലോകത്തിലെ അപകടകാരികളായ ഒരു തീവ്രവാദി പ്രസ്ഥാനമാണ്. ഇന്ത്യയിലും പല മതങ്ങളിലും തീവ്രവാദി ഗ്രൂപ്പുകൾ ധാരാളമുണ്ട്. ഇങ്ങനെ ലോകത്ത് മാനവർക്കിടയിൽ ഭീതി വിതച്ച് ഭീകരാക്രമണ പരമ്പരകൾ നടത്തുന്ന അനേകായിരം സംഘടനകൾ വ്യത്യസ്ത മതവിഭാഗങ്ങളിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുമ്പോഴും ഇസ്‌ലാമിനെ പ്രതിക്കൂട്ടിൽ നിറുത്തി അരികുവൽകരിക്കാൻ ശ്രമിക്കുന്നതിലെ യുക്തി എല്ലാവരും തിരിച്ചറിയണം.

മതങ്ങളുടെയും രാഷ്ട്രങ്ങളുടെയും ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെയും തേരോട്ടങ്ങൾ കോടിക്കണക്കിന് മനുഷ്യരെയാണ് കൊന്നൊടുക്കിയത് എന്നു കാണാം. ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും കൊന്നൊടുക്കിയ മനുഷ്യജീവനുകൾക്ക് കൈയും കണക്കുമില്ല. ഇന്നും അമേരിക്ക പോലുള്ള രാജ്യങ്ങളുടെ സഹായത്തോടെ സിയോണിസ്റ്റ് ഭീകരവാദികൾ ഫലസ്തീനിൽ കൊന്നുതള്ളിക്കൊണ്ടിരിക്കുന്നത് പിഞ്ചോമനകളെയും സ്ത്രീകളെയും വയോധികരെയുമാണ്. ലോകത്തെ ഭയപ്പെടുത്തിയ ഭീകര നരനായാട്ടുകളിൽ ഇസ്‌ലാമിന്റെ ഒരു പങ്കും തെളിക്കാൻ കഴിയാതിരുന്നിട്ടും ആക്രമണങ്ങളിൽ മുസ്‌ലിമിനെ മാത്രം തിരയുന്നത് മനോരോഗമല്ലാതെ മറ്റെന്താണ്? അത് മലയാളമണ്ണിലെ മതേതര മുഖങ്ങളിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയെന്ന് മാത്രം.