മതനിരാസം, മനുഷ്യത്വം, ഇസ്‌ലാം

ഉസ്മാൻ പാലക്കാഴി

2023 ജനുവരി 14, 1444 ജുമാദുൽ ഉഖ്റാ 20
മനുഷ്യന്റെ സൃഷ്ടിപ്പിലും നിലനിൽപിലും പ്രപഞ്ചാതീത ശക്തിയുമായി യാതൊരു ബന്ധവുമില്ല എന്ന നിഷേധാത്മക ചിന്തയിൽ നിന്ന് ജീവിതത്തിന് നിർവചനങ്ങൾ നൽകിയവരാണ് ‘സ്വതന്ത്ര ചിന്തകർ’. ആസക്തികളുടെയും അഭിലാഷങ്ങളുടെയും നിയന്ത്രണരഹിതമായ പൂർത്തീകരണവും സദാചാരത്തിൽനിന്ന് അകലം പാലിച്ചുകൊണ്ടുള്ള ജീവിതശീലങ്ങളുമാണ് മനുഷ്യന്റെ യഥാർഥ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന ഘടകങ്ങൾ എന്ന് മതനിരാകരണ പ്രത്യയ ശാസ്ത്രങ്ങൾ പഠിപ്പിച്ചു. രോഗാതുര ആസക്തികൾക്ക് അടിമപ്പെട്ട മനസ്സുകളിൽ ഈ ജീവിതദർശനം വളരെ വേഗത്തിൽ വേരോടുകയും ചെയ്തു. ഇത് തന്നെയാണ് പുതിയ കാലത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.

മതം എന്നാൽ അടിമത്തവും മൂഢവിശ്വാസങ്ങളും ചൂഷണവും വളർത്തിക്കൊണ്ടുവരുന്ന ഒരുപ്രത്യേകതരം ചിന്താഗതിയാണ് എന്ന് വിശ്വസിക്കുന്നവരാണ് മതനിഷേധികൾ. മനുഷ്യൻ അവന്റെ ആവിർഭാവത്തിലും നിലനിൽപിലും പ്രവർത്തനങ്ങളിലും ഏതെങ്കിലും പ്രപഞ്ചാതീത ശക്തിയുമായി കടപ്പെട്ടിരിക്കുന്നില്ല എന്ന നിഷേധാത്മക ചിന്തയുടെ സഹായത്താൽ ആധുനികജീവിതത്തിന് പുതിയ നിർവചനങ്ങൾ ആരായുവാൻ ‘സ്വതന്ത്ര ചിന്തകർ’ നടത്തിയ ശ്രമങ്ങളാണ് പലതരം പ്രത്യയശാസ്ത്രങ്ങളുടെ ആവിർഭാവത്തിനിടയാക്കിയത്. ജീവിതത്തിന്റെ സർവതന്ത്രസ്വതന്ത്രമായ വിനിയോഗവും ആസക്തികളുടെയും അഭിലാഷങ്ങളുടെയും നിയന്ത്രണരഹിതമായ പൂർത്തീകരണവും സദാചാരത്തിൽനിന്നും അകലം പാലിച്ചുകൊണ്ടുള്ള ജീവിതശീലങ്ങളുമാണ് മനുഷ്യന്റെ യഥാർഥ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന ഘടകങ്ങൾ എന്ന് മതനിരാകരണ പ്രത്യശാസ്ത്രങ്ങൾ പഠിപ്പിച്ചു. ആധുനികജീവിതത്തിന്റെ രോഗാതുര ആസക്തികൾക്ക് അടിമപ്പെട്ട പാശ്ചാത്യൻ മനസ്സുകളിൽ ഈ ജീവിതദർശനം വളരെ വേഗത്തിൽ വേരോട്ടം നേടുകയും ചെയ്തു.

എല്ലാ ഭൗതികദർശനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പരിധി ഐഹിക ജീവിതമാണ്. അഥവാ മനുഷ്യന്റെ വളരെ ഹ്രസ്വവും പരിമിതവുമായ ജീവിതത്തെയാണ് ഭൗതിക പ്രത്യയശാസ്ത്രങ്ങൾ കേന്ദ്രബിന്ദുവായി തെരഞ്ഞെടുത്തിരിക്കുന്നത്. ‘ജീവിതത്തിന്റെ ആവിർഭാവത്തിന് മുമ്പ് മനുഷ്യനെ ബാധിക്കുന്ന മനുഷ്യാതീതമായ ഒരാശയവും ഒരു കാര്യവും ഇല്ല’ എന്നതുപോലെ ജീവിതത്തിനപ്പുറവും മനുഷ്യനെ ബാധിക്കുന്ന യാതൊന്നും ശേഷിക്കുന്നില്ലെന്ന ചിന്തയുടെ അടിത്തറയിൽ ഭൗതിക പ്രത്യയശാസ്ത്രങ്ങൾ അവയുടെ വക്താക്കളെ മുന്നോട്ട് നയിച്ചു വന്നു.

മനുഷ്യന്റെ ആവിർഭാവം നിയതമായ ഒരു ലക്ഷ്യത്തോടെയല്ലെന്നും, ജീവിതത്തെ പരമാവധി വിനിയോഗിക്കുവാൻ തടസ്സമാവുന്ന ഏതൊരു മൂല്യവും തിരസ്‌കരിക്കപ്പെടേണ്ടതാണെന്നും മതനിഷേധികൾ പറയുന്നു. ആസക്തികളുടെ വിനിമയം, തൃഷ്ണകളുടെ പൂരണം, ദേഹേച്ഛകളുടെ വിധേയത്വം എന്നിവയൊക്കെയാണ് ജീവിതത്തിന്റെ അന്തസ്സത്തയെ നിർണയിക്കുന്നതെന്ന വാദഗതികളുടെ അടിസ്ഥാനത്തിലാണ് ഭൗതികദർശനം ധാർമികതയെ ശത്രുപക്ഷത്ത് നിർത്തിയത്.

ജീവിതത്തിൽനിന്ന് മൂല്യങ്ങളും ധാർമികതയും ശാന്തിയും സമാധാനവുമെല്ലാം നഷ്ടപ്പട്ടുപോകുവാൻ കാരണം ജീവിതത്തിന് അതിന്റെ അർഥവും ആത്യന്തികലക്ഷ്യവും നിഷേധിക്കപ്പെട്ടതാണെന്ന് ചില ഭൗതികവാദികളെങ്കിലും വളരെ വൈകിയാണ് മനസ്സിലാക്കുന്നത്.

വ്യത്യസ്ത മതങ്ങൾ

ജീവിതത്തെ ഒരു ലക്ഷ്യവും മാർഗവും അവയ്ക്കനുസൃതമായ പ്രത്യാശകളും നൽകി മുന്നോട്ട് നയിച്ചതുകൊണ്ടാണ് പണ്ടുമുതലേ മതങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരുന്നത്. ദൈവത്തിൽ നിന്നുള്ള സന്ദേശവാഹകർ മനഷ്യർക്ക് നൽകിയത് എന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്ന മതങ്ങളുണ്ട്. ദൈവത്തെ മാറ്റിവെച്ചുകൊണ്ട് മനുഷ്യനിലും പ്രകൃതിപ്രതിഭാസങ്ങളിലുുമൊക്കെ ദിവ്യത്വം ചാർത്തി രംഗത്ത് വന്ന മതങ്ങളുമുണ്ട്. മരണാനന്തര ജീവിതത്തിന്റെ കാര്യത്തിലും എല്ലാ മതങ്ങൾക്കും ഒരേ വിശ്വാസമല്ല ഉള്ളത്. ഇങ്ങനെ മതങ്ങൾ പല സ്വഭാവങ്ങളുള്ളവയാണ്. അവ പഠിപ്പിക്കുന്ന വിശ്വാസ-കർമ കാര്യങ്ങൾ വ്യത്യസ്തമാണ്.

മനുഷ്യത്വവും മൃഗീയതയും

മൃഗങ്ങൾക്ക് പ്രത്യേകമായ ഒരു ജീവിതദർശനമില്ല. അവ അവയുടെ സ്വാഭാവികമായ ചോദനകളെ പൂരണം ചെയ്ത് നിലനിൽക്കുകയാണ് ചെയ്യുന്നത്. എന്നാൽ മനുഷ്യൻ അങ്ങനെയല്ല. മനുഷ്യജീവിതത്തിന് അതിന്റെതായ ചില സവിശേഷതകളുണ്ട്. അത്തരം സവിശേഷതകൾ ഉൾക്കൊണ്ട് മനുഷ്യനായി ജീവിക്കുവാനാണ് മതം പഠിപ്പിക്കുന്നത്. ചിന്തിച്ച് മനസ്സിലാക്കുവാനും അതിനനുസരിച്ച് ജീവിതത്തെ ക്രമീകരിക്കുവാനുമുള്ള കഴിവ് മൃഗങ്ങൾക്കില്ല; അത് മനുഷ്യർക്ക് മാത്രമാണുള്ളത്. അതുകൊണ്ട് ചില പ്രകൃതി പ്രതിഭാസങ്ങളും വസ്തുതകളും എടുത്തുപറഞ്ഞ് ‘നിങ്ങൾ ചിന്തിക്കുന്നില്ലേ,’ ‘നിങ്ങൾ ഉറ്റാലോചിക്കുന്നില്ലേ’ എന്നെല്ലാം വിശുദ്ധ ക്വുർആൻ ചോദിക്കുന്നതായി കാണാം.

ഉപരിലോകത്ത് സ്ഥിതി ചെയ്യുന്ന സൂര്യ-ചന്ദ്ര നക്ഷത്രാദികളെയും ഇതര ഗ്രഹങ്ങളെയും മേഘം, മഞ്ഞ്, മഴ, വായു മുതലായവയെയും, ഭൂമിയിലെ ജീവികൾ, സസ്യലതാദികൾ, പർവതങ്ങൾ, നദികൾ, ഖനനവസ്തുക്കൾ തുടങ്ങിയ നിരവധി വസ്തുക്കളെയും മനുഷ്യന് ഓരോ തരത്തിൽ അല്ലാഹു ഉപയുക്തമാക്കിക്കൊടുത്തന്നിരിക്കുന്നു. വിശപ്പിനു ഭക്ഷണം, ദാഹത്തിനു വെള്ളം, താമസത്തിനു സ്ഥലസൗകര്യം, കാഴ്ച, കേൾവി, സംസാരം എന്നിങ്ങനെയുള്ള എണ്ണമറ്റ പ്രത്യക്ഷമായ അനുഗ്രഹങ്ങളും വിശേബുദ്ധി, ജ്ഞാനം, സമ്പാദിക്കുവാനുള്ള മാർഗങ്ങൾ, വേദഗ്രന്ഥങ്ങളും ദൈവദൂതന്മാരും മുഖേനയുള്ള മാർഗദർശനങ്ങൾ, പ്രാർഥനയ്ക്ക് ഉത്തരം നൽകൽ തുടങ്ങിയ മറ്റനുഗ്രഹങ്ങളും അല്ലാഹു നൽകിയിരിക്കുന്നു. അതെ, പ്രത്യക്ഷവും പരോക്ഷവുമായ; ചിന്തിക്കുന്ന മനുഷ്യർക്ക് ദൈവാസ്തിക്യത്തെ നിഷേധിക്കാനാവാത്ത അനുഗ്രഹങ്ങൾ അഥവാ ദൃഷ്ടാന്തങ്ങൾ!

മനുഷ്യനെന്ന സൃഷ്ടി

ദൈവത്തിന്റെ സൃഷ്ടിയാണ് മനുഷ്യനെന്ന തിരിച്ചറിവ് കേവലം വൈയക്തികമായ ധാരണയുടെ മണ്ഡലത്തിൽ മാത്രം ഒതുങ്ങുന്നതല്ല. തന്റെ ജീവിതത്തിന്റെ ആരംഭവും അവസാനവും ദൈവത്തിന്റെ തീരുമാനങ്ങളുമായി അഭേദ്യമാം വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നു ചിന്തിക്കാനുള്ള അടിസ്ഥാന പ്രേരണ ഇതുവഴി ലഭിക്കുന്നു. മനുഷ്യനെ സംബന്ധിച്ച് ഈ പ്രേരണ മൃഗീയമായ ജീവിതത്തിൽ നിന്നുള്ള അകൽച്ചക്ക് സഹായകമാണ്. ജീവിതത്തിന്റെ അർഥവും നിർവചനവും കണ്ടെത്തുന്നതിലും ഇതരമനുഷ്യരുമായി നല്ലനിലയിൽ സഹവർത്തിക്കുന്നതിനും ഇത് പ്രേരിപ്പിക്കുന്നു.

മനുഷ്യനെ ഭൗതിക പ്രത്യയശാസ്ത്രങ്ങൾ നിർവചിക്കുന്നത് കേവലം വിശേഷബുദ്ധിയുള്ള ജീവിയെന്നാണ്. എന്നാൽ മനുഷ്യനിലെ വിശേഷബുദ്ധി അവന്റെ ആവാസസാഹചര്യങ്ങളെ മാറ്റുന്നതിന് മാത്രമുള്ള ഒരു താൽകാലിക ഉപാധിയല്ലെന്നും അതിനപ്പുറത്തുള്ള ലക്ഷ്യം അതിനുണ്ടെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ‘മനുഷ്യനായിരിക്കാനുള്ള മനുഷ്യന്റെ ശേഷികളാണ് അവനെ മൃഗമല്ലാതാക്കുന്നത്’ എന്ന് ചില പാശ്ചാത്യ തത്ത്വചിന്തകർ പറഞ്ഞതായി കാണാം. ഇത് വളരെ ബാലിശവും നിരർഥകവുമാണ്. കാരണം മൃഗമല്ലാതാകുന്നതിലൂടെ മാത്രം ഒരു ജന്തുവിന് എത്തിച്ചേരാവുന്ന ദൂരമല്ല മനുഷ്യനിലേക്കുള്ളത്.

ഇച്ഛാപരമായ തെരഞ്ഞെടുപ്പിലൂടെ സ്വജീവിത ദർശനം കണ്ടെത്തുവാൻ സാധിക്കുന്നുവെന്നതാണ് മനുഷ്യന്റെ സവിശേഷതകളിലൊന്ന്. ഭൗതിക പ്രത്യയശാസ്ത്രങ്ങളും ഈ സവിശേഷത അംഗീകരിക്കുന്നുണ്ട്. എന്നാൽ മനുഷ്യനിലെ ഈ സവിശേഷത സഹജമെന്നും പ്രകൃതിപരമെന്നും ഭൗതികപ്രത്യയശാസ്ത്രങ്ങൾ വ്യാഖ്യാനിക്കുമ്പോൾ ഉദ്ദേശ്യപരമെന്നും ദൈവദത്തമെന്നും ഇസ്‌ലാം വിശദീകരിക്കുന്നു. ആവശ്യമായത് തെരഞ്ഞെടുക്കുവാൻ മനുഷ്യനിലുള്ള സവിശേഷ കഴിവിന് പിന്നിൽ നിയതമായ ഒരു ലക്ഷ്യമുണ്ട്. മൂല്യങ്ങളുടെയും ആശയങ്ങളുടെയും തെരെഞ്ഞെടുപ്പിൽ മനുഷ്യൻ പുലർത്തുന്ന സവിശേഷമായ ശ്രദ്ധയും ജാഗ്രതയും ധിഷണാപരമായ ഊന്നലും അവനെയും അവന്റെ സത്തയെയും മൃഗീയമായ തലത്തിൽനിന്ന് ഏറെ ഉയർത്തുന്നതാണ്. മതത്തിന്റെ മാർഗനിർദേശങ്ങൾ തള്ളിക്കളയുമ്പോൾ മനുഷ്യൻ ജന്തുസഹമായ സ്വഭാവങ്ങളിലേക്ക് വീണുപോവുകയും തന്റെ ഇച്ഛകൾ പൂർത്തീകരിക്കുന്നതിനായി ധാർമികതയെയും വിലക്കുകളെയും അവഗണിക്കുകയും ചെയ്യും. മനുഷ്യത്വത്തിന്റെ ഉദാത്തമായ പല ഗുണങ്ങളും അവനിൽനിന്ന് ചോർന്നുപോകുമെന്നർഥം.

ഇസ്‌ലാം; സ്രഷ്ടാവിന്റെ സന്ദേശം

പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്ന ബോധം ജീവിതത്തെ സംബന്ധിച്ച് സുപ്രധാനമാണ്. ഈ ബോധത്തിൽ ഊന്നുന്ന ജീവിതദർശനം കണ്ടെത്തുകയും അതനുസരിച്ച് ജീവിക്കുകയുമാണ് മനുഷ്യന്റെ ആത്യന്തിക കടമ. ഇതിന് ആദ്യവും അവസാനവുമായി വേണ്ടത് സ്രഷ്ടാവിനെ തിരിച്ചറിയുകയാണ്. മനുഷ്യനെ സൃഷ്ടിക്കുകയും അവന് നിയതമായ ഒരു ജീവിതം നൽകുകയും ആ ജീവിതത്തെ വിനിയോഗിക്കാനാവശ്യമായ നിർദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്ത സർവശക്തനാണ് ആ സ്രഷ്ടാവ്.

സ്രഷ്ടാവിലുള്ള വിശ്വാസം അതിന്റെ ശരിയായ രൂപത്തിൽ ആയിരുന്നില്ലെങ്കിൽ നിഷ്ഫമായ ഒരു സങ്കൽപം മാത്രമായിരിക്കും അത്. വിശ്വാസത്തിന്റെ ഋജുവായ രൂപം പഠിപ്പിക്കുന്നതിന് ഇസ്‌ലാം സവിശേഷമായ പരിഗണന നൽകുന്നു. ഈ അധ്യാപനത്തിൽ ഇസ്‌ലാമിനോളം കൃത്യത മറ്റൊരു മതത്തിനുമില്ല എന്നത് വസ്തുതയാണ്. വിശ്വാസം ശരിയാകാത്തിടത്ത് കർമങ്ങളും മൂല്യങ്ങളും നിഷ്ഫലമായിരിക്കുക സ്വാഭാവികമാണ്. ആരാധനക്കർഹൻ അല്ലാഹു മാത്രമാണ് എന്നത് ഇസ്‌ലാമിന്റെ കാതലാണ്. ആരാധ അല്ലാഹുവല്ലാത്തവർക്ക് സമർപ്പിക്കൽ അക്ഷന്തവ്യമായ അപരാധമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അത് കർമങ്ങളെയെല്ലാം നിഷ്ഫലമാക്കിക്കളയുമെന്ന് വിശുദ്ധ ക്വുർആൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

“തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേർക്കുന്ന പക്ഷം തീർച്ചയായും നിന്റെ കർമം നിഷ്ഫലമായിപ്പോകുകയും തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും’’ (39:65).

ഇസ്‌ലാം വിശ്വാസത്തെ സവിശേഷമയ ഒരു അറിവും അനുഭവവുമാക്കുന്നു. ഏകദൈവാദർശത്തെ ഒരു വിജ്ഞാന ശാഖയായി പണ്ഡിതന്മാർ വിശദീകരിക്കുന്നത് അതുകൊണ്ടാണ്. ‘ഇൽമുത്തൗഹീദ്’ അഥവാ ഏകദൈവാദർശ വിജ്ഞാനം വിശ്വാസത്തിന്റെ ബാലിശതകളിൽനിന്നും കേവലതകളിൽ നിന്നുമുള്ള സുരക്ഷിതത്വം നൽകാൻ സഹായകമാണ്. വിശുദ്ധ ക്വുർആനും പ്രവാചകവചനങ്ങളും ഈ വിജ്ഞാനത്തിന്റെ നാനാവശങ്ങൾ വ്യക്തമാക്കിത്തരുന്നുണ്ട്.

സ്രഷ്ടാവിൽ വിശ്വസിക്കുമ്പോൾ ആ സ്രഷ്ടാവിന്റെ താൽപര്യപ്രകാരമുള്ള ജീവിതം നയിക്കു കയെന്നതാണ് വിശ്വാസാധിഷ്ഠിതമായ ജീവിതത്തിന്റെ അടിത്തറ. ജീവിതം അതിന്റെ ദിശയിലും വിശ്വാസം അതിന്റെ ദിശയിലും നീങ്ങുകയും ജീവിതത്തെ സ്വാധീനിക്കുന്ന തരത്തിൽ വിശ്വാസം ഉപയോഗിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായിക്കൂടാ. വ്യക്തിയുടെ ജീവിതത്തിലും സമൂഹത്തിലും സാഹചര്യത്തിലും വിപുലമായ സ്വാധീനം ചെലുത്തുകയും വാക്കുകളെയും വികാരങ്ങളെയും വിചാരങ്ങളെയും സ്വാധീനിക്കുകയും ചെയ്യുന്ന തരത്തിൽ വിശ്വാസം മനുഷ്യനിൽ രൂഢമൂലമാകേണ്ടതുണ്ട്.

കർമങ്ങളിലേക്കുള്ള പ്രേരണകൾ വിശ്വാസത്തിൽനിന്നും ലഭിച്ചില്ലെങ്കിൽ വിശ്വാസം കേവലം മാനസികമായ പ്രവൃത്തി മാത്രമായിത്തീരും. “എന്നാൽ വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവരെ നാംകീഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുന്നതാണ്. അവരതിൽ നിത്യവാസികളായിരിക്കും. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണത്. അല്ലാഹുവേക്കാൾ സത്യസന്ധമായി സംസാരിക്കുന്നവൻ ആരുണ്ട്?’’ (ക്വുർആൻ 4:122).

ഇതുപോലെ ‘വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിച്ചവരും’ എന്ന് വിശുദ്ധ ക്വുർആൻ പലയിടങ്ങളിൽ പറഞ്ഞിട്ടുള്ളതായി കാണാം. സൽകർമങ്ങൾ ശരിയായ വിശ്വാസത്തിന്റെ അനിവാര്യഫലങ്ങളാണ് എന്ന് ഇതിലൂടെ ക്വുർആൻ പഠിപ്പിക്കുകയാണ്. കർമങ്ങൾ സൽകർമങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്നവയല്ലെങ്കിൽ വിശ്വാസം അതിന്റെ ശരിയായ അർഥത്തിലായിരിക്കണമെന്നില്ല. ശരിയായ വിശ്വാസം ഇല്ലാത്തവരിൽനിന്ന് സൽകർമങ്ങളും ശരിയായ ജീവിതരീതികളും പ്രകടമാവുകയില്ല.

സ്രഷ്ടാവിന്റെ സന്ദേശം

ദൈവദൂതന്മാരുടെ ഒരു പരമ്പര തന്നെ ഈ ഭൂമുഖത്ത് വന്നുപോയിട്ടുള്ളത് മനുഷ്യരാശിയെ സ്രഷ്ടാവിന്റെ സന്ദേശങ്ങൾ പഠിപ്പിക്കുവാനാണ്. മനുഷ്യമനസ്സിൽ തോന്നുന്ന ആശയങ്ങളും സങ്കൽപങ്ങളും ദൈവത്തിന്റെ പേരിൽ ആരോപിക്കുന്ന പ്രവണതക്കെതിരായ ശക്തമായ താക്കീതോടുകൂടിയാണ് ഇസ്‌ലാം സ്രഷ്ടാവിന്റെ യഥാർഥ സന്ദേശങ്ങളെ പരിചയപ്പെടുത്തിയിട്ടുള്ളത്.

എല്ലാ പ്രവാചകന്മാരും ജനങ്ങളെ ഉദ്‌ബോധിപ്പിച്ചിട്ടുള്ളത് സ്രഷ്ടാവിന് സമ്പൂർണമായി വഴിപ്പെട്ടു ജീവിക്കുവാനാണ്. അതാണ് ഇസ്‌ലാം. ജീവിത പരിശുദ്ധി അതിന്റെ എല്ലാ അർഥത്തിലും മനുഷ്യൻ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അല്ലാഹുവും അവന്റെ അന്തിമദൂതനും കാണിച്ചുതന്ന പാതയിൽനിന്ന് വ്യതിചലിക്കാതെ ജീവിക്കൽ സത്യവിശ്വാസിയുടെ കടമയാണ്. വിശ്വാസ കാര്യങ്ങളും കർമപരമായ കാര്യങ്ങളും വിധിവിലക്കുകളും പെരുമാറ്റ-സംസാര മര്യാദകളുമെല്ലാം ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ജീവിതത്തിൽ മനുഷ്യൻ പാലിക്കേണ്ടതായി ഇസ്‌ലാം അനുശാസിക്കുന്ന ഓരോ കാര്യവും വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനുമെല്ലാം ഗുണകരം മാത്രമാണ്.

ഇസ്‌ലാമും ചരിത്രവും

മനുഷ്യരാശിയുടെ ആവിർഭാവത്തെയും അതിനു പിന്നിലുള്ള ലക്ഷ്യങ്ങളെയും കൃത്യമായി പഠിപ്പിച്ചുകൊണ്ട് ഇസ്‌ലാം ചരിത്രത്തെ സ്രഷ്ടാവുമായി ബന്ധിപ്പിക്കുന്നു. മനുഷ്യരാശിയുടെ ആദ്യബിന്ദു മുതൽ ആരംഭിക്കുന്ന ഒരു ബന്ധം സ്രഷ്ടാവുമാ യി മനുഷ്യനുണ്ട് എന്ന് പഠിപ്പിക്കുന്ന വിശുദ്ധ ക്വുർആൻ, ഭൗതികദർശനങ്ങൾ ഊന്നിപ്പറയുന്ന മനുഷ്യന്റെ ‘സർവതന്ത്ര സ്വതന്ത്രത’ എന്ന ചിന്താഗതിയെ തള്ളിക്കളയുകയാണ് ചെയ്യുന്നത്.

സ്രഷ്ടാവിലുള്ള മനുഷ്യന്റെ എക്കാലത്തെയും വിശ്വാസത്തിന് കേവലം ഒരു സങ്കൽപം, ഭാവന എന്നതിലപ്പുറം ചില തലങ്ങളുണ്ട്. ആദിമ മനുഷ്യൻ മുതൽ ആരംഭിക്കുന്ന മനുഷ്യപരമ്പരയുടെ ഇന്നലെകളിലെവിടെയും മനുഷ്യന്റെ സ്രഷ്ടാവ് അവനിൽനിന്ന് അകന്നു നിൽക്കുകയോ മനുഷ്യനെ സർവതന്ത്ര സ്വതന്ത്രനാക്കി വിടുകയോ ചെയ്തിട്ടില്ലെന്ന സത്യം പൂർവകാലത്തെക്കുറിച്ചുള്ള വിവരണങ്ങളിലൂടെ വിശുദ്ധക്വുർആൻ മനസ്സിലാക്കിത്തരുന്നുണ്ട്. മുൻസമുദായങ്ങളുടെ ചരിത്രങ്ങൾ വിവരിക്കുകവഴി ചരിത്രത്തെ സ്രഷ്ടാവിന്റെ ഇടപെടലുകളുടെ അടയാളമായി ക്വുർആൻ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്.

ക്വുർആനിലെ പ്രഥമ അധ്യായമായ അൽഫാതിഹയിൽ മുൻകാലചരിത്രത്തിലേക്ക് സൂചനകൾ നൽകുന്നതോടൊപ്പം ചരിത്രപഠനത്തിലൂടെ ഒരു വിശ്വാസി എത്തിച്ചേരേണ്ട ലക്ഷ്യത്തെക്കുറിച്ച് കൂടി സൂചിപ്പിക്കുന്നുണ്ട്. “ഞങ്ങളെ നീ നേർമാർഗത്തിൽ ചേർക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ. കോപത്തിന്ന് ഇരയായവരുടെ മാർഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല’’ (1:6,7).

ചരിത്രപഠനം വിശ്വാസികൾക്ക് പ്രാർഥനക്കും പരിശ്രമത്തിനും പ്രചോദനം നൽകുന്നതോടൊപ്പം അല്ലാഹുവിലുള്ള വിശ്വാസവും പ്രതീക്ഷയും സുശക്തമാക്കുകയും കൂടി ചെയ്യുന്നു. പ്രതിസന്ധികളിൽ ആത്മധൈര്യം കൈവിടാതെ, പ്രതീക്ഷയോടെ മുന്നേറുവാൻ മുൻകാലചരിത്രം വിശ്വാസികളെ സഹായിക്കുന്നു.

താൻ അനുഭവിക്കുന്നതിനെക്കാൾ എത്രയോ ക്രൂരവും കഠിനവുമായ കഷ്ടതകളും പ്രയാസങ്ങളും തന്റെ മുൻഗാമികൾ സഹിച്ചുവെന്ന് അറിയുന്ന സത്യവിശ്വാസി, അപ്പോഴൊക്കെ നേരിന്റെ പക്ഷത്തുണ്ടായവർ ന്യൂനപക്ഷമായിരുന്നിട്ടും ഭൗതികസൗകര്യങ്ങൾ കുറവായിരുന്നിട്ടും അല്ലാഹുവിന്റെ സഹായവും ആത്യന്തികവിജയവും അവർക്കായിരുന്നുവെന്ന യാഥാർഥ്യം തിരിച്ചറിയുകയും ചെയ്യുന്നു.

നംറൂദും ഫിർഔനും ക്വാറൂനും ഹാമാനും തുടങ്ങി അതിക്രൂരന്മാരും ധിക്കാരികളുമായവരെ നശിപ്പിച്ച സർവശക്തനായ അല്ലാഹുവിന്റെ മുന്നിൽ എത്ര വലിയ ശത്രുവും’നിസ്സാരന്മാരാണെന്ന് മനസ്സിലാക്കുവാനും അല്ലാഹുവിൽ സർവസ്വവും ഭരമേൽപിച്ച് പ്രാർഥനാനിർഭരമായ മനസ്സുമായി അവനിലേക്ക് തിരിയുവാനും ചരിത്രപഠനം വിശ്വാസിയെ പ്രേരിപ്പിക്കുന്നു.

“അവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുൻഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കിയില്ലേ? അവർ ഇവരെക്കാൾ മികച്ച ശക്തിയുള്ളവരായിരുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അല്ലാഹുവെ തോൽപിക്കാനാവില്ല. തീർച്ചയായും അവൻ സർവജ്ഞനും സർവശക്തനുമാകുന്നു’’(35:44).

ജാഗ്രതയോടെയുള്ള ജീവിതം

സ്രഷ്ടാവിന്റെ കൽപനകൾ അനുസരിക്കുകയും വിലക്കുകൾ പാലിക്കുകയും ചെയ്തുകൊണ്ട് ജീവിക്കുവാനാണ് ഇസ്‌ലാമിന്റെ ആഹ്വാനം. അഥവാ തെറ്റുകുറ്റങ്ങളിൽ അകപ്പെടുന്നത് സൂക്ഷിച്ച്, ജാഗ്രതയോടെ ജീവിക്കുക. അതാണ് ‘തക്വ്‌വ.’ സ്രഷ്ടാവിന്റെ കൽപനകളിൽനിന്ന് വിധികളും സ്രഷ്ടാവിന് അഹിതമായവയെക്കുറിച്ചുള്ള മുന്നറിയിപ്പുകളിൽനിന്ന് വിലക്കുകളും ആവിർഭവിക്കുന്നു. ഇത്തരം വിധിവിലക്കുകളും കൽപനകളും നിഷേധങ്ങളും മനുഷ്യജീവിതത്തെ നിയന്ത്രിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നു. ജീവിതം പാഴായിപ്പോകുന്നതിൽനിന്നും തടയുന്നു.

മനുഷ്യന് ജീവിതം നൽകുകയും അവനെ നിയന്ത്രിക്കുകയും സംരക്ഷിക്കുയും ഒട്ടേറെ അനുഗ്രഹങ്ങൾ നൽകുകയും ചെയ്ത ഏറ്റവും കാരുണ്യവാനും ഔദാര്യവാനുമായവന്റെ അനുഗ്രഹങ്ങളിൽ ഏറ്റവും പ്രഥമവും പ്രധാനവുമാണ് അവൻ മനുഷ്യരാശിക്ക് നിർദേശിച്ചിട്ടുള്ള എല്ലാ വിധികളും വിലക്കുകളുമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഈ തിരിച്ചറിവാണ് വിശ്വാസിയെ ഒരു ഉത്തമ മനുഷ്യനാക്കി മാറ്റുന്നത്.

പരലോകമെന്ന യാഥാർഥ്യം

ഹ്രസ്വമായ ഭൗതികജീവിതത്തെ അതിന്റെ ഹ്രസ്വതയിൽ തന്നെ എപ്പോഴും ഏറ്റവും ആസ്വാദ്യകരമാക്കിത്തീർക്കുക എന്നതാണ് മതനിരാസകരുടെ ലക്ഷ്യം. എന്നാൽ അതിന് ആർക്കും സാധിക്കാറില്ല. സാധിക്കുകയുമില്ല. കാരണം ജീവിതം സുഖ-ദഃഖ സമ്മിശ്രമാണ്. അതിൽ വിജയവും പരാജയവുമുണ്ടാകും. നേട്ടങ്ങളും നഷ്ടങ്ങളുമുണ്ടാകും. ഫലപ്രദമെന്ന് ഒരു ഉറപ്പുമില്ലാത്ത പരിശ്രമമാണ് മതനിരാസകരായ ഭൗതികവാദികൾ നടത്തുന്നത്. അതേസമയം പരലോകവിശ്വാസം ഒരനിവാര്യഘടകമായി ഉയർത്തിക്കാട്ടുന്ന ഇസ്‌ലാം മനുഷ്യരെ ഹ്രസ്വമായ ജീവിതം സ്രഷ്ടാവിന്റെ കൽപനകൾക്കനുസരിച്ച് വിനിയോഗിച്ച് അനശ്വരമായ പരലോക വിജയത്തിലേക്ക് ആനയിക്കുകയാണ്. പരലോക വിജയത്തിനായി പ്രയത്‌നിക്കുവാൻ ഇസ്‌ലാം നൽകുന്ന പ്രേരണ മനുഷ്യജീവിതത്തോടുള്ള സ്രഷ്ടാവിന്റെ ദയാപൂർണമായ അനുഭാവത്തിന്റെ തെളിവുകൂടിയാണ്. ഇമവെട്ടിത്തുറക്കും മുമ്പ് മനുഷ്യനിൽനിന്ന് നഷ്ടപ്പെട്ടുപോകുന്ന ഒരു സ്വപ്നമാകാതെ ജീവിതത്തെ സംരക്ഷിക്കുന്ന കരുത്തുറ്റ ഒരാശയമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന പരലോകവിശ്വാസമെന്ന് മനുഷ്യർ തിരിച്ചറിയേണ്ടതുണ്ട്.

“(നബിയേ) നീ അവർക്ക് ഐ ഹിക ജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്തുനിന്ന് നാം വെള്ളമിറക്കി. അതുമൂലം ഭൂമിയിൽ സസ്യങ്ങൾ ഇടകലർന്നു വളർന്നു. താമസിയാതെ അത് കാറ്റുകൾ പറത്തിക്കളയുന്ന തുരുമ്പായിത്തീർന്നു. (അതുപോലെയത്രെ ഐഹിക ജീവിതം). അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു’’ (18:45).

ഇസ്‌ലാമും സദാചാരവും

ദൈവവിശ്വാസത്തിന്റെ പ്രേരണയും പിൻബലവുമാണ് ഇസ്‌ലാം പഠിപ്പിക്കുന്ന സദാചാരത്തെ ശക്തമാക്കുന്നത്. മനുഷ്യന്റെ പ്രവർത്തനങ്ങളെ ശക്തമായി സ്വാധീനിക്കുന്ന ചില ഘടകങ്ങളില്ലെങ്കിൽ എത്ര സുന്ദരമായ തത്ത്വശാസ്ത്രമായിരുന്നാലും മനുഷ്യർക്ക് പെട്ടെന്ന് സ്വീകരിക്കാൻ സാധിച്ചുവെന്നുവരില്ല. ഇസ്‌ലാമിക സദാചാരം സ്വർഗപ്രാപ്തിയോടൊപ്പം സാമൂഹ്യ സുരക്ഷിതത്വം, വ്യക്തിവികാസം, മനുഷ്യപുരോഗതി തുടങ്ങിയ ബഹുവിധ ലക്ഷ്യങ്ങളും കരഗതമാക്കുന്നതാണ്. യുക്തിവാദികളുടെ യുക്തിരഹിതമായ സദാചാര സങ്കൽപത്തിനു വെല്ലുവിളിയായി നിലകൊള്ളുന്നത് ഇസ്‌ലാം മാത്രമാണ്. സദാചാരത്തെക്കുറിച്ചുള്ള യുക്തിവാദ വീക്ഷണവും ഇസ്‌ലാമികവീക്ഷണവും പരിശോധനാവിധേയമാക്കിയാൽ ഇക്കാര്യം വ്യക്തമാകും.

സമൂഹത്തിന്റെ നിരീക്ഷണത്തിനു മുന്നിൽ കൃത്രിമവും വികലവുമായ സദാചാരം പാലിക്കാൻ ആവശ്യപ്പെടുന്ന നാസ്തിക സദാചാരത്തിനു പകരം സദാസമയവും തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ശക്തിയെ ഓർത്തുകൊണ്ട് സമൂഹത്തിന്റെ ദൃഷ്ടികളിൽ നിന്ന് അകന്നു നിൽക്കുന്ന അവസ്ഥയിൽ പോലും സദാചാരനിഷ്ഠ പുലർത്തുവാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. വ്യക്തിക്കും സമൂഹത്തിനും ഇതുകൊണ്ട് ഗുണമല്ലാതെ മറ്റൊന്നും വരാനില്ല. മനുഷ്യർ ഒന്നാവാനും നന്നാവാനും ഈ ശാശ്വതമൂല്യങ്ങൾ മുറുകെ പിടിച്ചാൽ മതി.