കേരളത്തെ അപമാനിക്കുന്ന സംഘ്‌ സ്റ്റോറി

മുജീബ് ഒട്ടുമ്മൽ

2023 മെയ് 06 , 1444 ശവ്വാൽ 14

ഇടവേളക്ക് ശേഷം ലൗ ജിഹാദും ഐസിസും ആടുമേയ്ക്കലുമെല്ലാം മാധ്യമങ്ങളിൽ നിറയുകയാണ്. സംഘ്പരിവാർ നുണഫാക്ടറികളിൽനിന്ന് വിസർജിക്കുന്ന അശ്ലീലങ്ങൾക്ക് ലക്ഷ്യം ഒന്നേയുള്ളൂ; വരാനിരിക്കുന്ന ഇലക്ഷനിൽ കേരളത്തിലടക്കം കുറച്ച് സീറ്റുകൾ തരപ്പെടുത്തുക. കൊന്നും തിന്നും പാർട്ടി വളർത്തുന്ന രാഷട്രീയ ഭീകരന്മാർക്കും അവരുടെ പിന്നണിയാളുകൾക്കുമറിയില്ലല്ലോ, സ്നേഹം കൊടുത്തും വാങ്ങിയും വളർത്തപ്പെട്ട ഒരു നാടിന്റെ പാരമ്പര്യം!

സർ, ഇതൊരു ഗ്ലോബൽ അജണ്ടയാണ്, അടുത്ത ഇരുപത് വർഷങ്ങൾക്കുള്ളിൽ കേരളം ഒരു ഇസ്‌ലാമിക് സ്റ്റേറ്റ് ആയി മാറുമെന്ന് ഞങ്ങളുടെ ഒരു മുൻ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു’ ദ കേരളാ സ്റ്റോറി എന്ന സംഘപരിവാര സിനിമയുടെ ട്രീസയിൽനിന്നുള്ള ഒരു രംഗത്തിൽ കേരളത്തിൽനിന്നുളള ശാലിനി ഉണ്ണികൃഷ്ണൻ എന്ന പെൺകുട്ടി മതം മാറി ഐഎസിൽ ചേർന്നതിന് ശേഷമുണ്ടായ അനുഭവങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻമാർക്കിടയിൽ കരഞ്ഞ് അവതരിപ്പിച്ചതിലെ ഒരു പരാമർശമാണിത്.

ഒരുപറ്റം ചെറുപ്പക്കാർ ഹിന്ദു പെൺകുട്ടിയുടെ വസ്ത്രം വലിച്ചുകീറി ഉപദ്രവിക്കുന്നത് കണ്ടപ്പോൾ ഹിജാബ് ധരിച്ചാൽ അല്ലാഹുവിന്റ സംരക്ഷണമുണ്ടാകുമെന്നും മതം മാറണമെന്നും ഉപദേശിക്കുന്ന ഒരു മുസ്‌ലിം പെൺകുട്ടിയുടെ സംസാരവും ഇതിൽ ചിത്രീകരിക്കുന്നുണ്ട്.

ഹിന്ദു പെൺകുട്ടികളെ അവരുടെ കുടുംബങ്ങളിൽനിന്ന് അകറ്റി നിറുത്താനും അവരെ ഗർഭിണികളാക്കാനും അടുത്ത മിഷന് വേണ്ടി ഉപയോഗപ്പെടുത്താനും ഉപദേശിക്കുന്ന ഇസ്‌ലാമിക് സ്റ്റഡി സെന്റർ പ്രവർത്തകരെന്ന രീതിയിൽ ചിലരെയും അതിൽ ചിത്രീകരിച്ചിട്ടുണ്ട്.

മെയ് അഞ്ചിന് വിവിധ ഭാഷകളിൽ റിലീസിങ്ങ് പ്രതീക്ഷിക്കുന്ന ‘ദ കേരളാ സ്റ്റോറി’ എന്ന സംഘ പരിവാര വിദ്വേഷ പ്രചാരണ ഹിന്ദി സിനിമയുടെ ട്രെയ്‌ലറിലെ അപകടകരമായ ഏതാനും രംഗങ്ങളാണിത്. വർഗീയ വിഷം വിതറുന്ന സിനിമയെ കുറിച്ച് മതനിരപേക്ഷ സമൂഹം ആശങ്കയോടെ ചർച്ച ചെയ്യുകയാണ്. 2018 ൽ ‘ഇൻ ദ നെയിം ഓഫ് ലവ്’ എന്ന ഡോക്യുമെന്ററി ഇറക്കി വിദ്വേഷ രാഷ്ട്രീയ പ്രചാരണത്തിന് വേഗം കൂട്ടാൻ ശ്രമിച്ച സംഘപരിവാര പ്രവർത്തകനായ സുദീപ്‌തോ സെന്നാണിതിന്റ സംവിധാനം ചെയ്തിരിക്കുന്നത്. വിപുൽ അമൃത് ലാൽ ഷാ നിർമാണം നടത്തിയ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് സൂര്യപാൽ സിങ്ങ് നിർമാതാവും സംവിധായകനുമെല്ലാമാണ്.’

‘The film is inspired by Many true stories’ എന്ന് പറഞ്ഞ് തുടങ്ങുന്ന സിനിമയുടെ ഉള്ളടക്കം നുണയും വ്യാജവർത്തമാനങ്ങളും വർഗീയ സംഘർഷങ്ങൾക്ക് നിദാനമാകുന്ന പ്രമേയങ്ങളും മുസ്‌ലിം സമുദായത്തെ അപരവൽക്കരിക്കാനുള്ള അജണ്ടകളും ആരോപണങ്ങളുമെല്ലാമായി സുന്ദര കേരളത്തിൽ സംഘപരിവാര അക്രമ ദർശനത്തിന്റ വിത്തിറക്കാനുള്ള ശ്രമമാണ് എന്നത് വ്യക്തമാണ്. കേരളത്തിൽ നിന്ന് 32000 പെൺകുട്ടികളെ മതം മാറ്റി ഭീകര സംഘടനയായ ഐഎസിൽ ചേർത്തിട്ടുണ്ടെന്ന പെരും കള്ളമാണ് സിനിമയുടെ ഇതിവൃത്തം. ഒരു അഭിമുഖത്തിൽ താൻ അവകാശപ്പെടുന്ന കണക്ക് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് അവർ സമ്മതിക്കുന്നുണ്ട്. ഇന്ത്യയിലെ ഭീകരവാദത്തിന്റ കേന്ദ്രമായി കേരളത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളി പ്രബുദ്ധതയോട് പകതീർക്കുകയെന്നതാണ് ഇതിന്റ ലക്ഷ്യം. ലൗ ജിഹാദ് പ്രമേയമാക്കി സിനിമ ചിത്രീകരിച്ചുകൊണ്ട് നുണക്കഥകളെ സാധൂകരിക്കാനുള്ള ശ്രമമാണ് നാം കാണുന്നത്.

കേരളത്തിൽനിന്ന് 32000 പെൺകുട്ടികളെ കൂട്ടത്തോടെ മതം മാറ്റി ഐഎസിൽ ചേർത്തു എന്ന കണക്ക് ഒരു അന്വേഷണവുമില്ലാതെ ആവർത്തിക്കുന്നത് പരമാവധി വിദ്വേഷവും വെറുപ്പും സമുദായങ്ങൾക്കിടയിൽ വളർത്താനാണ്. ലൗ ജിഹാദ് കേരളത്തിൽ വ്യാപകമാണെന്ന പ്രചാരണത്തിന് സംഘ പരിവാരങ്ങൾ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ 2010ൽ നടത്തിയ പ്രസ്താവനകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. 20 വർഷത്തിനകം കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കാൻ ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും അതിനായി ചെറുപ്പക്കാർക്ക് ധാരാളമായി പണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഉൽബുദ്ധരായ മലയാളിസമൂഹത്തിന്റ പ്രതിഷേധവും വിമർശനങ്ങളും കനത്തതോടെ കേവലമൊരു കഥ മാത്രമാണെന്നും അതിൽ സത്യവും മിഥ്യയും സ്വാഭാവികമാണെന്നും ന്യായീകരിച്ച് കൊണ്ട് ചാനൽ ചർച്ചകളിൽ നിസ്സാരവൽകരിക്കാൻ സംഘമിത്രങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിൽ പിന്നിലുള്ള ലക്ഷ്യവും ഉണ്ടാകാൻ പോകുന്ന വിമർശനങ്ങളെ നേരിടാനുളള മാർഗവും സിനിമയുടെ നിർമാതാവ് വിപുൽ ഷാ മുമ്പേ പറഞ്ഞുവച്ചിട്ടുണ്ട്. അതിങ്ങനെയാണ്:

“ഞങ്ങൾ ചിത്രത്തിനെതിരായ ആരോപണങ്ങൾ തക്കസമയത്ത് അഭിമുഖീകരിക്കും. ഞങ്ങൾ പറയുന്ന കാര്യങ്ങൾ തെളിവില്ലാതെ പറയില്ല. ഞങ്ങളുടെ വസ്തുതകളും കണക്കുകളും അവതരിപ്പിക്കുമ്പോൾ ആളുകൾക്ക് ഉത്തരം ലഭിക്കും. അവർ അത് സ്വീകരിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടമാണ്. സംവിധായകൻ സുദീപ്‌തോ സെൻ സിനിമ തുടങ്ങുന്നതിനു മുമ്പ് നാല് വർഷത്തോളം വിപുലമായ ഗവേഷണം നടത്തിയിട്ടുണ്ട്. ഒരു വലിയ ദുരന്തത്തെ ആസ്പദമാക്കിയാണ് ഞങ്ങൾ സിനിമ നിർമ്മിക്കുന്നത്. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ എനിക്ക് ഈ കഥ പറയണമെന്ന് തോന്നി. എന്റെ ഹൃദയത്തെ സ്പർശിക്കുന്ന കഥയെക്കുറിച്ച് മാത്രമെ ഞാൻ ചിന്തിക്കുകയുള്ളൂ.”

ഇന്ത്യയുടെ മതനിരപേക്ഷ മനസ്സും വിദ്വേഷ രാഷ്ട്രീയത്തോടുള്ള മടുപ്പും ഐക്യവും സാഹോദര്യവും സ്‌നേഹവും കാരുണ്യവും നെഞ്ചിലേക്ക് ചേർത്തുവച്ച മഹാഭൂരിപക്ഷവും സിനിമ ഉയർത്തുന്ന വിഷലിപ്ത ദർശനത്തോട് വിയോജിപ്പുളളവരാണെന്ന് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നുണ്ട്. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രശസ്ത മാധ്യമപ്രവർത്തകനായ ബി.ആർ അരവിന്ദാക്ഷൻ വിവരാവകാശ നിയമപ്രകാരം സെൻസർ സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടപ്പോൾ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) തന്നെ ഇല്ലെന്നാണ് മറുപടി നൽകിയത്. അതായത് സെൻസർ ബോർഡ് അംഗീകാരമില്ലാതെയാണ് ഈ സിനിമയുടെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുന്നത്. ബിജെപി യുടെ ഐടി സെല്ലിലൂടെ രാജ്യത്തെ മുഴുവൻ പൗരൻമാരിലേക്ക് ഇത് ഒഴുകിക്കൊണ്ടിരിക്കുന്നതും രാജ്യത്തെ നിയമം ലംഘിച്ചുകൊണ്ടാണെന്നർഥം. 2023 മാർച്ച് 16ന് സെൻസർ ബോർഡ് ഇല്ലെന്ന് മറുപടി നൽകിയതിന് ശേഷം തുടർനടപടി ആഗ്രഹിക്കുന്നുവെങ്കിൽ 30 ദിവസത്തിനകം സെൻസർ ബോർഡിന്റ അപ്പലേറ്റ് അതോറിറ്റിക്ക് പരാതി നൽകാനും മറുപടിയിൽ പറയുന്നുണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ നവംബറിൽ പുറത്ത് വന്നപ്പോൾതന്നെ മാധ്യമ പ്രവർത്തകനായ ബിആർ അരവിന്ദാക്ഷൻ കേരള മുഖ്യമന്ത്രിക്കും സിബിഎഫ്‌സിക്കും പരാതി നൽകുകയും അതിന്റ അടിസ്ഥാനത്തിൽ കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ അദ്ദേഹം പരാതിയുമായി മുന്നോട്ട് പോവുകയാണ്.

ലൗ ജിഹാദ്: വസ്തുതയും നിലപാടും

ലൗ ജിഹാദ് ഉണ്ടെന്ന് വാദിക്കാൻ വി.എസ് അച്യുതാനന്ദന്റ വാചകങ്ങളെടുത്തുദ്ധരിക്കുന്നുണ്ട്. കേരളത്തിന്റ സ്വൈര്യജീവിതത്തിലേക്ക് ഉത്തരേന്ത്യൻ മോഡൽ കടന്നുകയറ്റത്തിനായി സംഘപരിവാര- ഹിന്ദുത്വ ഭീകരർ ഉപയോഗിക്കുന്ന ലൗ ജിഹാദ് എന്നത് ശുദ്ധമായ അസംബന്ധവും വ്യാജവും നുണയുമാണെന്ന് രാജ്യത്തെ പോലീസും ജുഡീഷ്യറിയും വ്യക്തമാക്കിയതാണ്. സമൂഹത്തെ ഭിന്നിപ്പിച്ച് ഭരണം നിലനിറുത്താൻ വ്യാമോഹിക്കുന്ന നരേന്ദ്ര മോദി സർക്കാറിലെ ആഭ്യന്തരമന്ത്രി സാക്ഷാൽ അമിത്ഷയുടെ വകുപ്പ് 2020 ഫെബ്രുവരി നാലിന് ലോകസഭയിൽ കേരളത്തിൽനിന്നുള്ള ബെന്നി ബെഹനാൻ എംപിക്ക് നൽകിയ മറുപടി ഇങ്ങനെയാണ്:

“No such cases of Love Jihad has been reported by any of the central agencies” ലൗജിഹാദിന്റ പേരിലുള്ള ഒരു കേസുപോലും ഒരു കേന്ദ്ര ഏജൻസിയും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സാരം. അതായത് മോദി സർക്കാർതന്നെ നിരാകരിച്ച ഒരു കെട്ടുകഥയാണ് സംഘ പരിവാർ ഇപ്പോൾ കേരളത്തിനെതിരെ പ്രയോഗിക്കുന്നത്.

ലൗ ജിഹാദ് പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതിന് സംസ്ഥാന ഡിജിപിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടത് പ്രകാരം, കേരള സംസഥാന ഡിജിപി ജേക്കബ് പുന്നൂസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, സംസ്ഥാനത്തോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ ലൗ ജിഹാദ് പ്രവർത്തിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിനിമയിൽ ആരോപിക്കുന്നത് പോലെ ലൗ ജിഹാദിലൂടെ ഐഎസിൽ ചേർന്നവരുടെ എണ്ണം അത്രയൊന്നുമില്ലെന്ന് വാദിക്കുന്ന നിഷ്‌കളങ്കരായ നിഷ്പക്ഷ ചിന്തകരും അറിയാതെ അൽപമെങ്കിലും ഉണ്ടെന്ന് ധ്വനിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്നതും ഗൗരവമുള്ള കാര്യമാണ്. അങ്ങനെയെങ്കിൽ ഭരണകൂടം അതിന്റ കണക്കുകൾ ആധികാരികമായി പുറത്ത് വിടേണ്ടിയിരുന്നു. ഔദ്യോഗികമായ ഒരു സ്ഥിരീകരണവുമില്ലാതെ പ്രചരിപ്പിക്കുന്ന മിത്തുകൾകൊണ്ട് സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാതെയാണ് അഭിപ്രായപ്രകടനങ്ങളിൽ നിഷ്‌കളങ്കമായ നുണകൾക്ക് അനുകൂലപ്പെടുന്നത്. പത്രമാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ ചില വസ്തുതകളെ നാം ഗൗരവത്തിൽ വായിക്കേണ്ടതുണ്ട്.

അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും പോയി എന്ന് പറയപ്പെടുന്നത് ആറ് മലയാളികളാണ്. നാല് ക്രിസ്ത്യാനികളും ഒരു ഹിന്ദുവും ഒരു മുസ്‌ലിമും എന്നിങ്ങനെയാണ് കണക്ക്. ബെസ്റ്റിൻ വിൻസന്റും കാമുകി നിമിഷയും ബെക്‌സിൻ വിൻസെന്റും കാമുകി മെറിനും റാഷിദ് അബ്ദുല്ലയും കാമുകിയായ സോണിയാ സെബാസ്റ്റിനുമാണവർ. ഇസ്‌ലാമിൽ ജനിച്ച് വളർന്നവർക്കില്ലാത്ത യുദ്ധക്കൊതിയും സ്വർഗമോഹവും ഇവർക്കുണ്ടായിയെന്ന് വിശ്വസിക്കാൻ എങ്ങനെ സാധിക്കുമെന്നത് ചിന്തിക്കേണ്ട കാര്യമാണ്. ഇവരുടെ മതംമാറ്റത്തിന്റ കഥയിലെ വർത്തമാനങ്ങളിലും അതിശയോക്തി ദർശിക്കുന്നവരെ കുറ്റം പറയാനാവില്ല. അതിന് ബലമേകുന്ന വാർത്തകളും നമുക്ക് വായിക്കാനാകും. അരുൺ കുമാർ സൈനി, സർവജിത് സിങ്ങ്, കുൽദീപ് സിങ്ങ്, ജോഗസിങ്ങ്, തുടങ്ങി ഐഎസിൽ ചേർന്ന നാല് ഇന്ത്യൻ ഭീകരരെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റ ഇടപെടലിനെ തുടർന്ന് സിറിയ മോചിപ്പിച്ചത്രെ!

നീൽ പ്രകാശ് എന്ന ഇന്ത്യൻ വംശജനായ ഐഎസ് ഭീകരൻ സിറിയയിൽ കൊല്ലപ്പെട്ടത്രെ! ആസാമിൽ ഐഎസ് പതാക സ്ഥാപിച്ചതിനോടനുബന്ധിച്ച് പിടിക്കപ്പെട്ടവരെല്ലാം ബിജെപി പ്രവർത്തകരായിരുന്നുവത്രെ!

ഇങ്ങനെയുള്ള വാർത്തകൾ വായിക്കാൻ സാധിക്കുന്ന സാമാന്യ മലയാളി പ്രബുദ്ധതയ്ക്കിടയിൽ കേരളാ സ്റ്റോറി എങ്ങനെ ചലനമുണ്ടാക്കുമെന്ന് കണ്ടറിയണം.

കേരളത്തിലെന്നല്ല, ഇന്ത്യയിലെവിടെയും മുസലിം സമൂഹം ഐഎസിനോടും അതിന്റ ആശയങ്ങളോടും ഒരിക്കൽ പോലും സന്ധിയായിരുന്നിട്ടില്ല എന്നതാണ് സത്യം.

ലൗ ജിഹാദ് ചർച്ച കേരളത്തിൽ സജീവമാക്കി മുസ്‌ലിം സമുദായത്തെ സംശയത്തിന്റ മുൾമുനയിൽ നിറുത്തിയ സാഹചര്യങ്ങളിലെല്ലാം ഇസ്‌ലാമിക പണ്ഡിതൻമാർ ഈ വിഷയം പ്രാമാണികമായി വിശദീകരിച്ചിട്ടുണ്ട്. പവിത്രമായ ജിഹാദ് എന്ന പദത്തിനോട് അശ്ലീലത ചേർത്തുവയ്ക്കുന്നത് തന്നെ മതത്തെ പരിഹസിക്കുകയാണെന്ന വിശദീകരണവും നാം കണ്ടു. വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നതും നിരാലംബരെ ചേർത്തുപിടിക്കുന്നതും രോഗം കാർന്നുതിന്ന് വേദനകൾ കടിച്ചമർത്തുന്ന നിസ്സഹായർക്ക് അത്താണിയായി നിൽക്കുന്നതും വിശക്കുന്നവന് ഭക്ഷണം നൽകുന്നതും കുടുംബം പുലർത്തുന്നതിന് വേണ്ടി കഷ്ടപ്പെടുന്നതും അധ്വാനിക്കുന്നതും ധർമം ഉപദേശിക്കുന്നതും തിൻമയെ വിലക്കുന്നതുമെല്ലാം ജിഹാദാണെന്ന് മനസ്സിലാക്കിയ വിശ്വാസിക്ക് അശ്ലീലതയോട് ചേർന്ന് നിൽക്കാനാവില്ല. വ്യഭിചാരത്തിലേക്ക് നയിക്കുന്ന സർവ കാര്യങ്ങളിൽനിന്നും അകന്ന് നിൽക്കാനാണ് വിശുദ്ധ ക്വുർആൻ കൽപിക്കുന്നത്.

‘‘നിങ്ങൾ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീർച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാർഗവുമാകുന്നു’’ (വി.ഖുർആൻ).

നബി ﷺ പറഞ്ഞു: ‘‘ഓരോ മനുഷ്യന്നും വ്യഭിചാരത്തിൽനിന്ന് ഒരോഹരി എഴുതപ്പെട്ടിട്ടുണ്ട്, അതവനെ പിടികൂടുക തന്നെ ചെയ്യും. കണ്ണുകൾകൊണ്ടുള്ള വ്യഭിചാരം അതിലേക്കുള്ള നോട്ടമാണ്. ചെവികൾകൊണ്ടുള്ള വ്യഭിചാരം അതേക്കുറിച്ച് കേൾക്കലാണ്, നാവ് കൊണ്ടുള്ള വ്യഭിചാരം അശ്ലീലത സംസാരിക്കലാണ്. കൈകൊണ്ടുള്ള വ്യഭിചാരം സ്പർശിക്കലാണ്. കാലുകൾകൊണ്ടുള്ള വ്യഭിചാരം അതിലേക്കുള്ള നടത്തമാണ്. ഹൃദയംകൊണ്ടുള്ള വ്യഭിചാരം ആഗ്രഹിക്കലോ വിചാരിക്കലോ ആണ്. ഗുഹ്യാവയവം അത് സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യുന്നു’’ (ബുഖാരി, മുസ്‌ലിം).

നോട്ടംകൊണ്ടും കേൾവികൊണ്ടും അശ്ലീല സംസാരംകൊണ്ടും സ്പർശനംകൊണ്ടും പോലും വ്യഭിചാരത്തിലേക്ക് അടുക്കരുത് എന്ന് നിഷ്‌കർഷിക്കപ്പെട്ട വിശ്വാസി ഒരിക്കലും അന്യസ്ത്രീയെ പ്രണയിക്കുകയില്ലെന്ന് ആർക്കാണ് അറിയാത്തത്.

ഭീകര സംഘടനയായ ഐ എസിെന്റ തുടക്കം മുതലെ അതിന്റ ഇസ്‌ലാം വിരുദ്ധത തുറന്നുകാട്ടി കേരളത്തിലെ മുഖ്യധാര മുസ്‌ലിം സംഘടനകൾ നടത്തിയ ബോധവൽകരണ പരിപാടികളെ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം പ്രശംസിച്ചതാണ്. ‘ഐഎസ് മതവിരുദ്ധം, മാനവ വിരുദ്ധം’ എന്ന പ്രമേയത്തിൽ കേരളത്തിൽ നടന്ന ബോധവൽകരണ ക്ലാസുകൾ, സെമിനാറുകൾ, സന്ദേശരേഖ വിതരണങ്ങൾ, ഡോക്യുമെന്ററി പ്രദർശനങ്ങൾ തുടങ്ങിയ പരിപാടികൾകൊണ്ട് സമ്പന്നമായിരുന്നു മലയാളി സാംസ്‌കാരിക രംഗം. ഐഎസ് ഇസ്‌ലാമിന്റ സർവനാശമാണ് ലക്ഷ്യമാക്കുന്നതെന്ന് പണ്ഡിതൻമാർ ഒരേ സ്വരത്തിൽ പറഞ്ഞു. യുവാക്കൾക്ക് പ്രത്യേകമായി യുവജനപ്രസ്ഥാനങ്ങൾ വൈജ്ഞാനിക സംഗമങ്ങൾ സംഘടിപ്പിച്ചു. വിശുദ്ധ ക്വുർആനിന്റെയും പ്രവാചക ചര്യയുടെയും വെളിച്ചത്തിൽ ശക്തമായ പ്രചാരണ പദ്ധതികളാണ് ആവിഷ്‌കരിച്ചത്. എന്നിട്ടും മുസ്‌ലിംകൾക്കെതിരെ ആരോപണങ്ങളുമായി മുന്നോട്ട് വരുന്ന സംഘപരിവാര രാഷ്ട്രീയം ലക്ഷ്യമാക്കുന്നത് രാജ്യത്തിന്റെയോ സമുഹത്തിന്റെയോ നന്മയല്ല എന്നുറപ്പാണ്. അധികാരഭ്രമം ബാധിച്ച ഫാഷിസം രാജ്യത്തെ കാവൽഭടൻമാരെ പോലും കുരുതി കൊടുത്ത് രാഷ്ട്രീയം കളിക്കുന്നത് വെളിപ്പെടുത്തിയതിനെ ദുഃഖത്തോടെയാണ് കേൾക്കാൻ സാധിച്ചത്. അത്രയും മന:സാക്ഷി മരവിച്ചുപോയ, ക്രൂരതയുടെ പര്യായമായി മാറിയ സംഘപരിവാര രാഷ്ട്രീയം ഇരകളെ തേടിക്കൊണ്ടേയിരിക്കും.

നാസിസത്തിന്റ തനിയാവർത്തനം

1933ൽ നാസികൾ ജർമനിയുടെ ഭരണം പിടിച്ചടക്കിയപ്പോൾ അഡോൾഫ് ഹിറ്റ്‌ലറുടെ ഏറ്റവും അടുത്ത സഹകാരിയും അനുയായിയുമായ പോൾ ജോസഫ് ഗീബൽസ് പ്രചാരണ മന്ത്രിയായി നിയമിക്കപ്പെട്ടു. ഉടനെ തന്നെ മാധ്യമങ്ങളുടെയും കലകളുടെയും ഏകാധിപത്യമായ നിയന്ത്രണം അയാൾ ഏറ്റെടുത്തു. നാസീ ആശയ പ്രചാരണം നടത്താൻ അന്നത്തെ നവമാധ്യമങ്ങളായ റേഡിയോയും ചലചിത്രങ്ങളെയും അയാൾ ഉപയോഗപ്പെടുത്തി. കടുത്ത ജൂതവിരോധമായിരുന്നു പ്രധാനമായും പ്രചാരണ വിഷയം, ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെടുന്ന വിധമുള്ള പ്രാചാരണങ്ങൾക്കും അയാൾ നേതൃത്വം നൽകിയിരുന്നു. ജൂതൻമാരെ കൊന്നൊടുക്കാൻ പുതിയ കഥകൾ മെനഞ്ഞ് പ്രചാരണം നടത്തലായിരുന്നു പ്രധാനമായും നാസികളുടെ ദൗത്യം. ജൂതൻ വെറുക്കപ്പെടേണ്ടവനാണെന്ന പൊതുബോധം രൂപപ്പെടുത്താൻ നാസീ പ്രചാരണങ്ങൾക്ക് സാധിച്ചു. അതിനായി ജൂതവിരുദ്ധ പ്രചാരണ സിനിമകളും ഡോക്യുമെന്ററികളും നിർമിച്ചു. ജൂതൻമാരുടെ കച്ചവട സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കാനും അവരിൽനിന്ന് ജാഗ്രത പുലർത്താനും ജർമൻകാരെ ഉപദേശിച്ചുകൊണ്ടുള്ള പ്രചാരണ ബോർഡുകൾ സ്ഥാപിച്ചു. ജൂത ദേവാലയങ്ങൾ തകർക്കപ്പെടലും ആൾക്കൂട്ടങ്ങളായി ജൂതൻമാരെ ആക്രമിക്കലും രാജ്യത്ത് പതിവായി മാറി. വംശഹത്യക്ക് ന്യായങ്ങൾ കണ്ടെത്താനായി ജോസഫ് ഗീബൽസിനെ പ്രചാരണ തലവനാക്കി പ്രചാരണമന്ത്രാലയം രൂപപ്പെടുത്തി. വംശീയതയും വെറുപ്പും പ്രചരിപ്പിക്കാൻ സിനിമകളെ ഉപയോഗപ്പെടുത്താൻ വേണ്ടി മാത്രമായി ഫിലിം നിർമാണ വിഭാഗം സ്ഥാപിച്ചു. ജൂത വംശഹത്യക്കായി സിനിമ നിർമിക്കുന്നവർക്ക് വേണ്ടി കുറഞ്ഞ പലിശ നിരക്കിൽ വായ്പയും സാമ്പത്തിക സഹായവും നാസീ ഭരണകൂടം പ്രഖ്യാപിച്ചു. പ്ലാഗ് പരത്തുന്ന എലികളായി ജൂതൻമാരെ ചിത്രീകരിച്ചുകൊണ്ട് സിനിമയിറക്കി പ്രചാരണം നടത്തിയതിലൂടെ സാമാന്യജനങ്ങളുടെ മനസ്സുകളിൽ കടുത്ത വെറുപ്പിന്റയും വിദ്വേഷത്തിന്റയും വിത്തുകൾ പാകി. ഇങ്ങനെ വർഷങ്ങൾ നീണ്ട പ്രചാരണങ്ങൾക്കൊടുവിൽ ജൂത വംശഹത്യ എളുപ്പമാക്കാൻ ഹിറ്റ്‌ലർക്ക് സാധ്യമായി എന്നതാണ് ചരിത്രം.

അതിെന്റ തനിയാവർത്തനമാണ് ആധുനിക ഇന്ത്യയിൽ സംഘ പരിവാരങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റ സൗഹൃദ മനസ്സിനെ തകർക്കാൻ സിനിമയിലൂടെ വെറുപ്പിന്റെ വിത്ത് പാകുകയാണ് കേരളാ സ്റ്റോറിയിലും നാം കാണുന്നത്. സിനിമയും ഡോക്യുമെന്ററിയും നിർമിച്ച് അതിനുവേണ്ടി ഉപയോഗപ്പെടുത്തുകയാണ്. വിദ്വേഷ രാഷ്ട്രീയ പ്രചാരണത്തിലൂടെ അതിനായി പാകപ്പെടുത്തിയ വികൃത മനസ്സുകളാണ് ആൾകൂട്ടകൊലപാതകങ്ങൾ നടത്തുന്നത്. കുറ്റം ആരോപിച്ച് ന്യൂനപക്ഷങ്ങളെ കൊന്ന് തള്ളുന്നതും ആരാധനാലയങ്ങൾ തകർക്കുന്നതും ബുൾഡോസറുകൾകൊണ്ട് ഭവനങ്ങൾ നശിപ്പിക്കുന്നതും ഇങ്ങനെയൊരു വാർപ്പു മാതൃകയിലാണ്. ഹലാൽ വിവാദങ്ങളിലൂടെ കച്ചവട കേന്ദ്രങ്ങളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നതും നാസിസത്തിന്റ ദാർശനികത ചേർത്തുവച്ചതുകൊണ്ട് തന്നെയാണ്. ആഹാരത്തിലും വസ്ത്രത്തിലും വ്യവഹാരങ്ങളിലുമെല്ലാം പൊതുബോധത്തിലൂടെ മുസ് ലിം സമുദായത്തിന് പ്രത്യേകമായ അടയാളങ്ങൾ ചാർത്തി ഒറ്റതിരിക്കാനുളള സംഘപരിവാര അജണ്ടകളും ഇതിന്റ ഭാഗമാണ്.

വർഗീയ കലാപങ്ങളിൽ ആയിരക്കണക്കിന് മുസ്‌ലിംകൾ കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടുണ്ട്. നിയമപാലകരാകേണ്ടവർ നിയമലംഘനം നടത്തി മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച് കൊന്നൊടുക്കുന്ന പ്രവണത വർധിച്ച് വരുന്നു. ഉത്തർപ്രദേശിൽ വർഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പിഎസി)യെപ്പോലുള്ള പോലീസ് സേനകളുടെ പങ്ക് ഉള്ളതും നാസിസത്തിന്റ ആശയധാരയിലൂടെ സഞ്ചരിക്കുന്ന സംഘപരിവാരങ്ങളുടെ തനിനിറം വ്യക്തമാക്കുന്നുണ്ട്.

കേരളം അപമാനിക്കപ്പെടുന്നു

മതനിരപേക്ഷ ഇന്ത്യയിൽ വിദ്യാഭ്യാസത്തിലും സാഹോദര്യത്തിലും സൗഹൃദത്തിലും അഭിമാനകരമായി തലയുയർത്തി നിൽക്കുന്ന സംസ്ഥാനമാണ് നമ്മുടെ കൊച്ചുകേരളം. മലയാളിയുടെ ഔന്നിത്യവും ഉയർന്ന ചിന്താഗതിയും ബൗദ്ധികവും സാംസ്‌കാരികവുമായ മികവും തിരിച്ചറിയാനുള്ള അടയാളമായി ഉത്തരേന്ത്യയിൽ വർഗീയതയുടെ അസ്വസ്ഥത സൃഷ്ടിക്കുന്ന സംഘപരിവാര രാഷ്ട്രീയത്തിന് ഇടം നൽകാത്ത പ്രബുദ്ധതയെ ഉദാഹരിക്കാനാകും. കേരളത്തോടുള്ള ഇവരുടെ കലിപ്പും ഇക്കാരണത്താൽ തന്നെയാണ്. പ്രകൃതിമനോഹാരിതയെ പോലെത്തന്നെ സുന്ദര മനസ്സുകൾക്കുടമകളാണ് മലയാളികൾ. വെറുപ്പും വിദ്വേഷവും മനസ്സുകളിൽ കുത്തിവച്ച് തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ കാലങ്ങളായി സംഘപരിവാര രാഷ്ട്രീയം പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. സാഹിത്യവും കലയും സിനിമയുമെല്ലാം അതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും മലയാളി മനസ്സുകളെ ഭിന്നിപ്പിക്കാൻ സാധിച്ചിട്ടില്ല.

കേരളാ സ്റ്റോറി എന്ന സിനിമ ഇതെല്ലാം ലക്ഷ്യമാക്കിയാണ് അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. മലയാളി സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കാനും അപമാനപ്പെടുത്താനുള്ള ശ്രമമായാണ് ഈ സിനിമയിലെ ഓരോ രംഗവും കാണാനാവുക. 32000 പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി ഐഎസിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന ആരോപണം ഓരോ മലയാളിയെയും അപകീർത്തിപ്പെടുത്തുന്നതാണ്. നമ്മുടെ പെൺമക്കൾ ആരുടെയും കൂടെ ഇറങ്ങിപ്പോകാൻ മാത്രം ജീർണിച്ച മനസ്സിനുടമകളാണെന്ന് വരുത്താനുള്ള ശ്രമം അതിലുണ്ട്. അവർ കാമാർത്തരാണെന്നും അരക്ഷിതരാണെന്നും വാദിക്കുംവിധം രക്ഷിതാക്കളുടെ ഉത്തരവാദിത്തത്തെ ചോദ്യം ചെയ്യുന്നുണ്ട്. രഹസ്യാന്വേഷണ വിഭാഗവും നിയമപാലകരും സൈന്യവും ഡിറ്റക്റ്റീവ് പവറുമെല്ലാം ഏതാനും യുവാക്കളുടെ മുന്നിൽ ദുർബലമാണെന്ന് സമൂഹത്തോട് വിളിച്ച് പറയുന്ന പ്രതീതിയുണ്ട്. കേരളം ഭീകരവാദ സംഘടനകളുടെ പറുദീസയാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമുണ്ട്. തോന്നുന്നവർക്കെല്ലാം ഗർഭിണികളാക്കാൻ പറ്റുന്ന കേവലം ജീവഛവങ്ങളാണ് ഹിന്ദു പെൺകുട്ടികളെന്ന് ചിത്രീകരിക്കുന്നതിലൂടെ സംഘപരിവാരങ്ങൾ അപഹസിക്കാൻ ശ്രമിക്കുന്നത് ഓരോ മലയാളിയുടെയും ആത്മാഭിമാനത്തെയാണ്. ഭരണ രംഗത്തും മത, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ അത്യധ്വാനം ചെയ്യുന്നവരുടെ പരിശ്രമങ്ങൾക്ക് വിലകൽപിക്കാത്ത ആരോപണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സംഘപരിവാര ആശയധാരയെ മലയാളി ബോധമണ്ഡലങ്ങളിൽനിന്നും ഇനിയും കുടിയിറക്കാനുള്ള അവസരമാണിത്. യുവാക്കളെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നവരും ഐഎസിലേക്ക് പോയവരുടെ എണ്ണവും മാർഗവും മുസ്‌ലിം സമുദായത്തിന് നേരെയുള്ള ആരോപണമായി ഉന്നയിക്കുന്നവർ അത് തെളിയിക്കുവാനുള്ള ആർജവം കാണിക്കുകയും രാജ്യത്തെ അന്വേഷണ ഏജൻസിക്ക് വിവരം കൈമാറുകയും വേണം. അതിന് തയ്യാറാകാത്ത പക്ഷം ആരോപണമുന്നയിക്കുന്നവരുടെ ഭീകരവാദ ബന്ധം അന്വേഷിക്കാൻ നിയമപാലകർ തയ്യാറാകണം.

രാജ്യത്തെ സ്വൈര്യജീവിതത്തെ തകർത്തെറിയുന്ന ഇത്തരം ഒറ്റുകാരെ നിലക്ക് നിറുത്താൻ ഭരണകൂടവും നിയമപാലകരും തയ്യാറാകണം. ശിക്ഷാവിധിയിലും മതവും ജാതിയും വർഗവും കാണുന്നവരിൽനിന്ന് ഇത് പ്രതീക്ഷിക്കാവതല്ലെങ്കിലും രാജ്യസുരക്ഷയെ ഓർത്തെങ്കിലും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സാമാന്യ മലയാളി പ്രബുദ്ധതക്ക് ആവശ്യപ്പെടാനുള്ളത്. ഇസ്‌ലാമിലെ പ്രമാണങ്ങളിലെ സ്പഷ്ടമായ അധ്യാപനങ്ങളെ തിരസ്കരിച്ച് തീവ്രവാദത്തിെൻറ മേഖലകളിൽ കണ്ണിചേർന്നവർ ഏത് വിഭാഗത്തിലെ ആളുകളാണെങ്കിലും അവർ യഥാർഥ ഇസ്‌ലാമിലേക്കല്ല മതപരിവർത്തനം ചെയ്തിരിക്കുന്നതെന്നും പൈശാചിക മാർഗമാണവർ തെരഞ്ഞെടുത്തിരിക്കുന്നതെന്നും വിശ്വസിക്കുന്ന മുസ്‌ലിംകൾക്ക് അവരെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് മാത്രമല്ല അത്തരം പ്രവണതകൾക്കെതിരെ ആശയപരമായി സന്ധിയില്ലാതെ സമരത്തിലേർപ്പെടാനാണ് കൽപിക്കപ്പെട്ടിട്ടുള്ളത്. അത് കേരള മുസ്‌ലിംകൾ അഭംഗുരം നിർവഹിച്ച് കൊണ്ടിരിക്കുന്നു. കേരളാ സ്റ്റോറിയുടെ പ്രദർശനത്തിന് അനുവാദം നൽകിക്കൊണ്ട് മലയാളി മണ്ണിനെ അപകീർത്തിപ്പെടുത്താൻ കൂട്ടുനിൽകരുത്. ഭരണകൂടവും പൊതുജനങ്ങളും ഒറ്റക്കെട്ടായി നിന്ന് ഈ വിപത്തിൽ നമ്മുടെ നാടിനെ പ്രതിരോധിക്കുകയും സാമൂഹിക സുരക്ഷ ഉറപ്പാക്കുകയും വേണം.

ഭിന്നിച്ച് നിൽക്കുന്ന ഹിന്ദു സഹോദരങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഏകീകരിക്കുകയെന്നതാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെ ചേതോവികാരമെന്ന് ഒരു വലതുപക്ഷ ചിന്തകന്റെ പ്രസ്താവന ഏറെ ഗൗരവമുള്ളതാണ്. സമുദായത്തിന്റ ഐക്യത്തിന് വേണ്ടി മറ്റുള്ളവന്റെ നെഞ്ചിലേക്ക് കയറുന്ന പ്രവണത എന്തായാലും ന്യായീകരിക്കാനാവില്ല. എന്ന് മാത്രമല്ല തങ്ങൾ വിശ്വസിക്കുന്ന ദർശനത്തോട് മതിപ്പില്ലായ്മയാണത് പ്രകടമാകുന്നത്. ചാനൽ ചർച്ചകളിൽ തങ്ങളുടെ അജണ്ടകളെ ന്യായീകരിക്കാനുള്ള അവസരമായി ഉപയോഗിക്കുന്നതിനെ ചാനലുകൾ കരുതിയിരിക്കണം. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ ക്രൂരമായി കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെ എന്ന രാജ്യദ്രോഹിയെ പോലും ന്യായീകരിക്കാൻ അവസരമൊരുക്കുകയാണ് നിഷ്പക്ഷരെന്ന് വാചാലമാകുന്ന ചില ചാനലുകൾ. മഹാത്മാ ഗാന്ധിയെ ചെറുതായി വെടിവെച്ച് കൊന്നു, അത്രയേ ഉള്ളൂ എന്ന് ലാഘവത്തോടെ സംസാരിക്കാൻ പോലും മടിക്കാത്തവർക്ക് ചാനലുകളിൽ ഇടം കൊടുക്കുന്നത് എത്രമാത്രം നീചമാണ്. രാജ്യദ്രോഹപരമായ ഇത്തരം പരാമർശം നടത്തുന്നവർ യാതൊരു നിയമ നടപടിയും നേരിടാതെ സ്വൈര്യവിഹാരം നടത്തുന്നത് അതിശയപ്പെടുത്തുന്നു. നാൽപത് ധീരജവാൻമാരെ കുരുതികൊടുത്ത് ഭരണം ഉറപ്പിക്കാൻ ശ്രമിച്ചവരുടെ രാഷ്ട്രീയ ക്രൂരതകളെ തുറന്ന് കാട്ടിയ വർത്തമാനങ്ങൾ പുതിയ വിവാദ കോലാഹലങ്ങളിലൂടെ വിസ്മൃതിയിലാക്കുവാനുള്ള ശ്രമത്തെയും നാം തിരിച്ചറിയണം.