‘തൃപ്പനച്ചിയിലെ രാജകിളി’യും സമസ്തയുടെ ശീഈ ബന്ധവും

മൂസ സ്വലാഹി കാര

2023 സെപ്തംബർ 30 , 1445 റ.അവ്വൽ 15

ചൂഷണത്തിനെതിരെ ശക്തമായ നിലപാടെടുത്ത മതമാണ് ഇസ്‌ലാം. എന്നാൽ അന്ധവിശ്വാസങ്ങളിലൂടെയും അനാചാരങ്ങളിലൂടെയും ഉദരപൂരണം നടത്തുന്ന പൗരോഹിത്യം മുസ്‌ലിംകൾക്കിടയിലും കടന്നുകയറി. സാത്വികമായ ഔലിയാഅ് എന്ന ആശയത്തെ അവർ പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമാക്കി. നമുക്കിടയിൽ ജീവിച്ചു മരിച്ച സാധാരണക്കാരെപ്പോലും ‘അപദാന’ങ്ങളിലൂടെ അപമാനിക്കുന്ന പൗരോഹിത്യത്തിന്റെ വീരസ്യങ്ങൾ കേട്ട് പൊതുജനങ്ങൾ തലയറഞ്ഞ് ചിരിക്കുമ്പോൾ സമുദായം ലജ്ജിച്ച് തലതാഴ്ത്തുകയാണ്.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും വിരുന്നൊരുക്കിയാണ് സമസ്തക്കാർ ഒരു നൂറ്റാണ്ടുകാലം സമുദായത്തിൽ ഇഴുകിച്ചേർന്നത്. മതത്തോടുള്ള അവജ്ഞയും പ്രമാണങ്ങളോടുള്ള മതിപ്പില്ലായ്മയും ഇവരെ നിന്ദ്യതയിലേക്ക് നയിച്ചുകൊണ്ടേയിരുന്നു. പൂർവകാല പുരോഹിതന്മാർ ശിയാക്കളിൽനിന്ന് കൈപ്പറ്റിയ പിഴച്ച ചിന്തകളെ വാരിപ്പുണർന്ന വർത്തമാനകാല മുസ്‌ലിയാക്കന്മാരിൽനിന്ന്  ഈയിടെയായി അതിനുവേണ്ടി ശബ്ദിക്കാനുള്ള ശുഷ്‌കാന്തിയും വീര്യവുമൊക്കെ ചോർന്നുപോയിട്ടുള്ളതായി കാണുന്നു.

സമസ്ത മുശാവറയുടെ അറിവോടെ നടത്തപ്പെട്ട ഉലമാ സമ്മേളങ്ങൾ നാളിതുവരെ അവർ കൊണ്ടുനടന്ന ആശയാദർശങ്ങളെ തകർക്കുന്നതും അണികളെ തളർത്തുന്നതുമാണ്. സമ്മേളന കൈപ്പുസ്തകത്തിൽ ചേർത്ത പുതിയ ആദർശങ്ങളിൽ ഒന്ന് ഇങ്ങനെയാണ്: “എല്ലാ സത്യവും എല്ലാവരോടും പറയാനുള്ളതല്ല. വിശ്വാസത്തിലും കർമത്തിലും തെറ്റിദ്ധാരണക്ക് വഴിവെക്കുന്നത് പറയാതിരിക്കണം. സോഷ്യൽ മീഡിയ യുഗത്തിൽ എവിടെ പറഞ്ഞാലും പരസ്യമാണ്. അതിനാൽ പ്രബോധകർ പ്രത്യേകം ശ്രദ്ധിക്കണം’’(പേജ് 5).

ഇസ്‌ലാമിനെ അവഹേളിക്കുംവിധം മുശാവറയുടെ കാര്യദർശികൾ പോലും വ്യാജ ഔലിയാക്കളെ പരിധിയില്ലാതെ വാഴ്ത്തുകയും ‘അമ്പരപ്പിക്കുന്ന കറാമത്ത് കഥകൾ’ വാതോരാതെ പ്രചരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായപ്പോൾ സമസ്ത കുത്തിയൊലിച്ചുപോകാൻ ഇത് കാരണമാകുമെന്ന് മണത്തറിഞ്ഞ ചില മുസ്‌ലിയാക്കന്മാർ പൊടുന്നനെ ആശയങ്ങൾക്ക് അതിർവരമ്പിടുകയാണുണ്ടായത്. ഇതുൾക്കൊള്ളാൻ കഴിയാത്ത പലരുടെയും മുഖം കരുവാളിച്ചതിനാൽ മുശാവറക്കകത്ത് പുതിയ തത്ത്വങ്ങൾ ആളിപ്പടരുകയും പുറത്ത് പുകഞ്ഞ് നിൽക്കുകയുമാണ്. സത്യത്തെ മൂടിവച്ചും പൊള്ളവാദങ്ങളെ സത്യത്തിൽ കലർത്തിയും പുരോഹിതന്മാർ അവരുടെ വിശ്വാസം സമൂഹത്തിൽ വേരോടിച്ചതിനാൽ ഒട്ടേറെ കളവുകളെ ‘സത്യം’ എന്ന പാത്രത്തിൽ അവർക്ക് വിളമ്പേണ്ടി വന്നു. ക്വുർആനിന്റെ ഈ മുന്നറിയിപ്പിനെ കൂസാതെയാണിവർ മുന്നോട്ടു പോകുന്നത്: “നിങ്ങൾ സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവയ്ക്കുകയും ചെയ്യരുത്’’ (2:42).

സകല സമസ്തക്കാർക്കും പ്രിയപ്പെട്ട, അവരുടെ ‘മുറബ്ബി’യും അജ്മീർ, നാഗൂർ, ഏർവാടി, മുത്തുപ്പേട്ട, മമ്പുറം, ഓമാനൂർ, പുത്തൻപള്ളി, പാറപ്പള്ളി, ഉള്ളാൾ, മടവൂർ, അമ്പംകുന്ന് തുടങ്ങിയ എല്ലാ അന്ധവിശ്വാസ കേന്ദ്രങ്ങളുമായി ആത്മീയബന്ധം ഉണ്ടായിരുന്നതും ശിയാഇസത്തെ പുൽകുകയും സർവോപരി മനോനില തെറ്റി ജീവിക്കുകയും ചെയ്തിരുന്ന തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാരുടെ ജീവചരിത്രം ക്രോഡീകരികരിക്കപ്പെട്ട ‘ഔലിയാഇൽ രാജകിളി, തൃപ്പനച്ചി ഉസ്താദ്’ എന്ന പുസ്തകം സ്പർശിക്കാൻ പറ്റാത്തവിധം ഇസ്‌ലാമിക വിരുദ്ധമായ കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ചതാണ്.

ജിഫ്‌രി മുത്തുക്കോയ തങ്ങൾ, ആലിക്കുട്ടി മുസ്‌ലിയാർ, നാസിർ അബ്ദുൽഹയ്യ് തങ്ങൾ, എം.ടി അബ്ദു

ല്ല മുസ്‌ലിയാർ, അബ്ബാസലി ശിഹാബ്

തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, മൊയ്തീൻകുട്ടി മുസ്‌ലിയാർ, കുഞ്ഞിക്കോയ മുസ്‌ലിയാർ എന്നീ സമ

സ്തയിലെ പ്രമുഖരുടെ ആശീർവാദത്തോടെ പുറത്തിറക്കിയ ഈ കൃതി വിമർശനങ്ങൾക്കും ചോദ്യം ചെയ്യപ്പെടലിനും മുമ്പിൽ അപ്രത്യക്ഷമായിട്ടുണ്ട്.

നേർവഴിയിൽനിന്നകന്ന് ക്വാദിരിയ്യ, രിഫാഇയ്യ, കൊണ്ടോട്ടി പോലെയുള്ള പൊള്ളയായ ത്വരീക്വത്തുകളിൽ മുങ്ങിക്കുളിച്ച തൃപ്പനച്ചി മുസ്‌ലിയാർ ‘ഔലിയാഇൽ രാജകിളി’യായതിന്റെ രഹസ്യം അയാൾതന്നെ പറയുന്നത് കാണുക: “ഞാൻ വേറെ പടപ്പാണ്! എന്റെ സൃഷ്ടിപ്പിൽതന്നെ പ്രത്യേക പ്രകൃതിയുണ്ട്. ഞാൻ ജനിക്കുന്നതിന് മുമ്പേ ഇബാദത്തിലായിരുന്നു. ഞാൻ ഒരു സ്ഥലത്ത് ഇരുന്നാൽ അവിടെ അല്ലാഹുവിന്റെ റഹ്‌മത്തും ബറകത്തും ഇറങ്ങും. ഞാൻ ഒരാളുടെ കയ്യിൽനിന്നും ചായ വാങ്ങി കുടിച്ചാൽ അയാളുടെ ഉദ്ദേശ്യങ്ങൾ പൂർത്തിയാകും, രോഗം സുഖപ്പെടും’’ (പേജ് 439).

സ്വയം പ്രശംസിക്കുകയും അമാനുഷികമായ കഴിവുണ്ടെന്ന് അഭിമാനംകൊള്ളുകയും സ്വയം പ്രഖ്യാപിത ‘ഔലിയ’ ആയി മാറുകയും ചെയ്ത ഈ വ്യക്തിക്ക് അല്ലാഹുവും നബിﷺയും മനസ്സിലാക്കിത്തന്ന ഔലിയാക്കളിൽ ഉൾപ്പെടാൻ യാതൊരു അർഹതയുമില്ലെന്ന് ഈ ലേഖനം മുഴുവനായി വായിക്കുമ്പോൾ വ്യക്തമാകും, ഇൻ ശാ അല്ലാഹ്.

‘പ്രഗത്ഭരുടെ’ കൈയൊപ്പോടെ പുറത്തിറക്കിയ ഈ പുസ്തകത്തിൽ വെളിപ്പെടുത്തുന്ന തൃപ്പനച്ചി മുസ്‌ലിയാരുടെ കറാമത്ത് കഥകളും സമസ്തയെ കുരുക്കിൽപെടുത്തിയ പുതിയ ആദർശവും തമ്മിലൊന്ന് താരതമ്യം ചെയ്യാം:

അല്ലാഹുവിന്റെ കഴിവുകളും വിശേഷണങ്ങളും തനിക്കുള്ളതായി ഇയാൾ അവകാശപ്പെട്ടിരുന്നു എന്ന് ഗ്രന്ഥകർത്താവ് എഴുതിയത് കാണുക: “(ഒരു പണ്ഡിതനോട്) മശ്‌രിഖ്-മഗ്‌രിബിന്നിടയിലെ ഹാലാണ് എനിക്ക്. (അതിനാൽ) എന്റെ അടുത്തേക്ക് വരുന്നത് സൂക്ഷിച്ചുവേണം. (അല്ലാഹുവിന്റെ ഹിതത്താൽ) മശ്‌രിഖ്-മഗ്‌രിബിന്നിടയിൽ ഒരു സൂചി വീണാൽ ഞാനറിയും. ഞാൻ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നാൽ കാര്യങ്ങളുടെ ഗതിവിഗതികൾ മാറിമറിയും. ഇങ്ങനെ ഖുതുബിന്റെ പദവിയിലേക്ക് സൂചിപ്പിക്കുന്ന വാക്കുകൾ ഉസ്താദ് പലപ്പോഴായി പലരോടും പറഞ്ഞിട്ടുണ്ട്. മലക്കുകൾ, ജിന്നുകൾ, മനുഷ്യർ, ഭൂമി ഇവയ്ക്കുമേൽ തനിക്കുള്ള അധികാരത്തിലേക്ക് സൂചിപ്പിക്കുന്ന വാചകങ്ങൾ ചില പരീക്ഷണ പ്രതിസന്ധി ഘട്ടങ്ങളിൽ ഉസ്താദിൽനിന്ന് ഉണ്ടായിട്ടുണ്ട്’’ (പേജ് 440).

കിഴക്കിനും പടിഞ്ഞാറിനുമിടയിൽ ഒരു സൂചി വീണാൽ ഇയാൾ അറിയുമത്രെ! ഇങ്ങനെയൊരു കഴിവ് അല്ലാഹുവിന്റെ റസൂലി ﷺനോ വലിയ്യുകളായ സ്വഹാബിമാർക്കോ പോലും അല്ലാഹു നൽകിയിട്ടില്ല. അല്ലാഹുവിന്റെ മാത്രം കഴിവാണത് എന്നാണ് അല്ലാഹു പറയുന്നത്:

“അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല.  കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല.  ഭൂമിയിലെ ഇരുട്ടുകൾക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടടാവില്ല’’ (ക്വർആൻ 6:59).

നബിﷺയെ അനാദരിക്കുന്ന നിലയ്ക്കുള്ള വാക്കുകൾ നോക്കൂ: “തൃപ്പനച്ചിയിലെ ഒരു പീടികത്തിണ്ണയിൽ ഇരിക്കുമ്പോൾ ഒരിക്കൽ ഉസ്താദ് തന്റെ ഒരു ഖാദിമിനോട്: ‘ഇവിടെ ഇരിക്കുമ്പോൾ എന്റെ കണ്ണൊന്ന് മാളി. ഒരു മന്ദമാരുതൻ വന്നു എന്നെ മദീന റൗളാ ശരീഫിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഞാൻ നബിതങ്ങളുമായി ദീർഘനേരം സംസാരിച്ചു. പിന്നീട് ആ കാറ്റ് എന്നെ ഇങ്ങോട്ടുതന്നെ കൊണ്ടുവന്നു, എല്ലാം നിമിഷങ്ങൾക്കുള്ളിൽ!’’

വിശ്വാസത്തിൽ അടിയുറച്ചൊരു മുസ്‌ലിം ഇങ്ങനെ പറയുമോ? ശഹാദത്ത് കലിമക്ക് ഇവർ എന്ത് പരിഗണനയാണ് നൽകുന്നത്? സമസ്തയുടെ പുതിയ തത്ത്വപ്രകാരം അവിശ്വാസത്തെ വിലകൊടുത്ത് വാങ്ങുന്ന ഈ പ്രവണതയിൽ ഭാഗവാക്കായവരുടെ വിധിയെന്താണ്?

അല്ലാഹു പറയുന്നു: “തീർച്ചയായും സത്യവിശ്വാസം വിറ്റു സത്യനിഷേധം വാങ്ങിയവർ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്താൻ പോകുന്നില്ല. വേദനയേറിയ ശിക്ഷയാണവർക്കുള്ളത്’’ (3:177).

രണ്ടാം ബാഗ്ദാദെന്ന് ‘രാജകിളി’ വിശേഷിപ്പിച്ച ഈ ജാറത്തിലെ വ്യത്യസ്ത അനാചാരങ്ങളെ സംബന്ധിച്ച് ഗ്രന്ഥകർത്താവ് എഴുതിയത് വായിക്കാം: “കൊടിമരത്തിങ്ങൽ എന്നത് ഒട്ടും വൈകാതെ ഒരു വലിയ തീർത്ഥാടന കേന്ദ്രമായി വികാസം പ്രാപിക്കുന്നതായാണ് കണ്ടത്. അവിടെ ക്വുർആൻ പാരായണം, സ്വലാത്ത് മജ്‌ലിസ്, ദിക്‌റ് ഹൽഖ, മൗലിദ്, ബൈത്ത്, റാത്തീബ്, ഹദ്ദാദ് തുടങ്ങിയവയിലെല്ലാം വിതുമ്പുന്ന ഹൃദയവുമായി ധാരാളം ആളുകൾ വന്ന് പങ്കെടുത്ത് മനസ്സംതൃപ്തിയോടെ മടങ്ങുന്നു. ഉസ്താദിന്റെ വഫാത്തിന് മുമ്പും പിമ്പും ഒരുപോലെ ഹദ്ദാദും റാത്തീബും ബൈത്തും ദിക്‌റും സ്വലാത്തും ദുആ മജ്‌ലിസുമൊക്കെ മുസ്‌ലിമിന് മോചന മാർഗങ്ങളായിട്ടാണെന്ന് ഉസ്താദ് തറപ്പിച്ചു പറഞ്ഞിരുന്നു’’ (പേജ് 32).

ഇസ്‌ലാം പ്രത്യേകത കൽപിക്കാത്ത ഒരു സ്ഥലമെങ്ങനെ തീർഥാടന കേന്ദ്രമാകും? നബിﷺ സന്ദർശിച്ചതും യാത്ര ചെയ്തതുമായ ഒട്ടേറെ സ്ഥലങ്ങൾക്കില്ലാത്ത സ്ഥാനം ഈ ജാറത്തിന് കാണുന്നത് തെറ്റിദ്ധാരണയുണ്ടാക്കലല്ലേ? വിശ്വാസത്തെ മരവിപ്പിക്കും വിധം കൊടിമരത്തിങ്ങൽ നടക്കുന്ന ഈ ഏർപ്പാടുകളെ വിശ്വസിച്ചാചരിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? ജാറത്തിങ്കലുള്ള ഹദ്ദാദും റാത്തീബും ബൈത്തും ദിക്‌റും സ്വലാത്തും ദുആ മജ്‌ലിസുമൊക്കെ മുസ്‌ലിമിന് മോചന മാർഗങ്ങളാണെന്ന് അരാണു പഠിപ്പിച്ചത്?

അല്ലാഹു പറയുന്നു: “ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് അ

തിന്നുവേണ്ടി അതിന്റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം സ്വീകരിപ്പെടുന്നതാകും’’ (17:19).

ഇമാം റാസി(റഹ്) ഇതിന്റെ വിശദീകരണത്തിൽ പറയുന്നു: “സത്യസന്ധതയും പ്രവാചകാനുധാവനവും വിട്ട് ബാലിശമായ അഭിപ്രായങ്ങളും തെറ്റായ വാക്കുകളും പിഴച്ച പ്രവർത്തനങ്ങളുംകൊണ്ട് അല്ലാഹുവിലേക്ക് അടുക്കാൻ തുനിയുന്ന മുഴുവൻ വ്യാജവിഭാഗങ്ങളുടെയും വാക്ക് ഉപകാരപ്പെടുകയില്ല’’ (തഫ്‌സീറു റാസി).

അനിസ്‌ലാമിക ആഘോഷങ്ങൾക്ക് ‘കൊടിമരത്തിങ്ങൽ’ വേദിയാകാറുണ്ടെന്നും മുസ്‌ലിയാർ അതിന് പ്രത്യേകം നിർദേശിച്ചിരുന്നതായും പുസ്തകത്തിൽ പറയുന്നു: “മുഹർറം മാസത്തിൽ അഹ്‌ലു

ൽ കസാഇന്റെ ആണ്ട് വിപുലമായി ഉസ്താദ് കഴിക്കാറുണ്ട്. അതുപോലെ റബീഉൽ അവ്വൽ മാസത്തിൽ റസൂലുല്ലാഹി(സ)യുടെ ജന്മദിന ആഘോഷവും റബീഉൽ ആഖിർ മാസത്തിൽ മുഹ്‌യിദ്ദീൻ ശൈഖ് (റ) തങ്ങളുടെ ആണ്ടും ജമാ

ദുൽ അവ്വൽ മാസത്തിൽ രിഫാഈ ശൈഖ്(റ) തങ്ങളുടെ ആണ്ടും ജമാ

ദുൽ ആഖിർ മാസത്തിൽ നാഗൂർ ശാഹുൽ ഹമീദ്(റ) തങ്ങളുടെ ആ

ണ്ടും റജബ് മാസത്തിൽ അജ്മീർ ഖ്വാജാ മുഈനുദ്ദീൻ ചിശ്തി(റ) തങ്ങളുടെ ആണ്ടും വളരെ വിപുലമായി ഉസ്താദ് കഴിച്ചിരുന്നു. ഈ പരിപാടികൾ വളരെ വിപുലമായി കൊടിമരത്തിങ്ങൽ വെച്ച് കഴിക്കാൻ ഉസ്താദ് പ്രത്യേകം പറഞ്ഞിട്ടുണ്ട്’’(പേജ് 141).

ശിയാക്കളും സൂഫികളും താളമേളങ്ങളോടെ കൊണ്ടാടുന്ന ഇത്തരം ഉത്സവങ്ങൾക്ക് കളമൊരുക്കിയ വ്യക്തി വിനാശത്തിന്റെ കവാടമല്ലേ തുറന്നിട്ടത്? നബി ﷺയുടെയോ സ്വഹാബത്തിന്റെയോ ജനന-മരണ ദിവസങ്ങൾ പ്രമാണിച്ച് ഒരാഘോഷ പരിപാടിയും ഇസ്‌ലാം പഠിപ്പിച്ചതായി കാണുവാൻ സാധ്യമല്ല. അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാരാരും അത് ചെയ്തിട്ടുമില്ല.

അല്ലാഹുവിന്റെ കാരുണ്യമായി പൂർത്തിയാക്കപ്പെട്ട മതത്തിന്റെ യഥാർഥ അനുയായികൾക്ക് ഇത് വിശ്വസിക്കാനും കൊണ്ടാടാനും കഴിയില്ലെന്ന് ഉറപ്പായിരിക്കെ പുതിയ തത്ത്വപ്രകാരം മതത്തെ ഇപ്രകാരം വികലമാക്കുന്നവരുടെ വിധി എന്താകും? ഇസ്‌ലാം ആഘോഷ ദിനങ്ങളായി നിശ്ചയിച്ചതിനെക്കാൾ മഹത്ത്വം സ്വയം നിർമിച്ചുണ്ടാക്കിയ ആഘോഷങ്ങൾക്ക് കൊടുക്കുന്നവരോട് ചോദിക്കാനുള്ളത് ക്വുർആനിന്റെ ഈ ചോദ്യത്തെ നിങ്ങൾ ഭയക്കുന്നില്ലേ എന്നാണ്:

അല്ലാഹു പറയുന്നു: “അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളും അവർക്കുണ്ടോ? നിർണായക വിധിയെ പറ്റിയുള്ള കൽപന നിലവിലില്ലായിരുന്നെങ്കിൽ അവർക്കിടയിൽ ഉടനെ വിധികൽപിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവർക്ക് തീർച്ചയായും വേദനയേറിയ ശിക്ഷയുണ്ട്’’’ (42:21).

ഇസ്‌ലാമിന്റെ പ്രകട ശത്രുക്കളായ ശിയാക്കളുടെ ആദർശം സ്വീകരിച്ച സമസ്തയുടെ ‘മഹാപുരുഷനാണ്’ തൃപ്പനച്ചി എന്നതിന്റെ തെളിവുകൂടിയാണ് ഈ പുസ്തകം.

ശിയാക്കൾ പേരിന് മാത്രം കൂടെ നിർത്തുന്ന അഞ്ച് പേരടങ്ങുന്ന അഹ്‌ലുൽ കസാഇനെ കുറിച്ച് പറഞ്ഞത് കൂടിയൊന്ന് വായിക്കാം: “ഒന്നാം കൊടിമരത്തിനു നേരെ ചൂണ്ടിക്കൊണ്ട് ഒരിക്കൽ ഉസ്താദ് പറഞ്ഞു: ‘അഹ്‌ലുൽ കസാഇന്റെ പേരിൽ നാട്ടിയ കൊടിമരമാണത്. മുഹ്‌യിദ്ദീൻശൈഖ് തങ്ങൾ അവരുടെ കുടുംബക്കാരനാണ്. മഹാനും അവരിലേക്ക് വരും.’ അഹ്‌ലുൽ കസാഇനെക്കുറിച്ച് തൃപ്പനച്ചി മുത്തന്നൂർ സ്വദേശി മണ്ണിൽതൊടിക അഹ്‌മദ് കുട്ടി മൗലവി രചിച്ച മൗലിദ്, മുഹർറം ഒന്ന് മുതൽ പത്ത് വരെ കൊടിമരത്തിങ്ങൽ വെച്ച് ചൊല്ലാനും അവരുടെ ആണ്ട് കഴിക്കാനും ഉസ്താദ് പറഞ്ഞിട്ടുണ്ട്’’ (പേജ് 83).

ഈ ജാറത്തിൽ തൂങ്ങിക്കിടക്കുന്ന കൊടിയിൽ ശിയാവിശ്വാസത്തിന്റെ കാതലായിട്ടുള്ള അഹ്‌ലുൽ കസാഇന്റെ നാമങ്ങൾ അഥവാ മുഹമ്മദ്(സ), അലി(റ), ഫാത്വിമ(റ), ഹസൻ(റ), ഹുസൈൻ(റ) അടങ്ങുന്ന വരികളാണ് എഴുതിയിട്ടുള്ളതെന്ന് പുസ്തകത്തിന്റെ 183ാം പേജിൽ പറയുന്നു.

“അഹ്‌ലുൽ കസാഅ്(റ) സമുദായത്തിന്റെ ഇമാമുമാരാണ്. അവരുടെ മൗലിദും ആണ്ടും നാം കഴിക്കേണ്ടതാണ്’’ (പേജ് 389).

നബിﷺയെയും (മകൾ, മരുമകൻ, രണ്ടു പേരക്കുട്ടികൾ അടങ്ങുന്ന) സ്വഹാബികളിൽ നാലുപേരെയും ചേർത്ത് ‘അഹ്‌ലുൽ കസാഅ്’ എന്നൊരു പ്രത്യേക വേർതിരിവ് പ്രമാണങ്ങളിലെവിടെയുമില്ല. സച്ചരിതരായ നാലു ഖലീഫമാരോ ഇവർ തന്നെയുമോ ഇത് അംഗീകരിച്ചിട്ടില്ല. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഇങ്ങനെയൊരു വിശ്വാസം രേഖപ്പെടുത്തിയിട്ടുമില്ല. കറകളഞ്ഞ ശിയാ സൃഷ്ടിയാണിത്.

മുസ്‌ലിംകൾക്കിടയിൽ ശിയാഇസത്തിന് വേരോട്ടമുണ്ടാക്കിയ കൊണ്ടോട്ടി മുഹമ്മദ് ഷാ തങ്ങൾക്കെതിരെ ഫത്‌വയിറക്കിയ ഞങ്ങൾക്ക് ശിയാക്കളുമായി ഒരുതരത്തിലും ബന്ധമില്ലെന്ന് ആണയിട്ട് നടക്കുന്ന മുസ്‌ലിയാക്കന്മാരുടെ തലമണ്ടക്ക് ഇരുമ്പുലക്കകൊണ്ടുതന്നെയാണ് ‘രാജകിളി’ അടിക്കുന്നത്.

“കൊണ്ടോട്ടി തക്കിയക്കൽ ഖുബ്ബയിൽ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഷാ തങ്ങൾ ഹസൻ ബസ്വരി(റ)യിലേക്ക് എത്തിച്ചേരുന്ന ശൈഖ് പരമ്പരയുള്ള ശൈഖാണ്. ഉസ്താദ് പറഞ്ഞതാണിത്. അവിടെ സിയാറത്ത് ചെയ്യാൻ ഉസ്താദ് അനുയായികളിൽ പലരോടും പറയാറുണ്ട്. മുഹമ്മദ് ഷാ തങ്ങളുടെ ത്വരീഖത്ത് ശരിയായ ത്വരീഖത്താണെന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ട്. ഉറൂസ് സമയത്ത് സിയാറത്തിന് പോകാൻ പ്രത്യേകം നിർദ്ദേശിക്കുമായിരുന്നു’’ (പേജ് 510).

“ഒരിക്കൽ ഉസ്താദ് പറഞ്ഞു: ‘അജ്മീർ തങ്ങളെപോലെയും നാഗൂർ തങ്ങളെപോലെയും ഒരു ശൈഖ് തന്നെയാണ് കൊണ്ടോട്ടി തങ്ങളും.’ മറ്റൊരിക്കൽ ഉസ്താദ് ഒരാളോട് പറഞ്ഞു: ‘നിനക്ക് മനസ്സമാധാനം വേണോ, എങ്കിൽ ജലാലിയ്യ റാതീബ് ചൊല്ലിയാൽ മതി. നിനക്ക് പണം വേണോ, എങ്കിൽ കൊണ്ടോട്ടി തങ്ങളോട് ചോദിച്ചാൽ മതി’’ (പേജ് 514).

സമസ്ത ശിയാഇസത്തിന്റെ     വിളനിലമാണെന്നതിനും ഇടക്കണ്ണികൾ മുറിയാതെ മുസ്‌ലിയാക്കന്മാരുടെ പരമ്പര ശിയാഇസത്തിൽ ചെന്ന് ചേരുമെന്നതിനും ഇതിലും വലിയ തെളിവുകൾ ആവശ്യമില്ലല്ലോ! കാന്തപുരം മുശാവറയുടെ പുതിയ തത്ത്വപ്രകാരം അഴുകിയ ആശയങ്ങൾ അടങ്ങിയ ഈ കൃതിയെ പ്രകീർത്തിച്ചവരെ ശിയാ പട്ടികയിൽ ചേർത്ത് അവർക്കെതിരിൽ ഫത്‌വയിറക്കുമോ? അല്ലെങ്കിൽ അഹ്‌മദ് കോയ ശാലിയാത്തിയുടെ തട്ടിപ്പ് ഫത്‌വ പിൻവലിച്ച് കൊണ്ടോട്ടി തങ്ങളെ കുറ്റാരോപണ മുക്തനാക്കുമോ? അതുമല്ലെങ്കിൽ തൃപ്പനച്ചി വലിയ്യ് കാഫിറും മുശ്‌രിക്കും അന്ധവിശ്വാസിയുമാണെന്ന് പ്രഖ്യാപിക്കുമോ?

ശിയാ ആചാരങ്ങളെ കെട്ടിപ്പിടിച്ച് നടക്കുകയും വാക്കിൽ മാത്രം എതിർപ്പ് കാണിക്കുകയും ചെയ്യുന്ന മുസ്‌ലിയാക്കന്മാരോടു പറയാനുള്ളത് ‘സമസ്തയെന്നത് കേരള ശിയാ ഫാക്ടറിയാണെന്ന് തൃപ്പനച്ചി ഇവിടെ തുറന്ന് കാണിച്ചിരിക്കെ അഹ്‌ലുസ്സുന്ന വൽജമാഅയെന്ന പവിത്ര നാമത്തെ ഇനിയെങ്കിലും നിങ്ങൾ ദുരുപയോഗം ചെയ്യരുത്’ എന്നാണ്. മതത്തെയും അതിന്റെ പ്രമാണങ്ങളെയും പൂർവസരണിയെയും മുറുകെ പിടിക്കുന്നവർക്കേ ആ പേരിന് അർഹതയുള്ളൂ.

കൊടിമരവും കൊടിയും ഖുബ്ബകളുമൊക്കെ ശിയാക്കളുടെ പരസ്യ ചിഹ്നങ്ങളാണ്. സമസ്തയുടെ ജാറ വ്യവസായ കേന്ദ്രങ്ങളിൽ ഇത് വ്യാപകവുമാണ്. മുസ്‌ലിയാർ ശിയാഇസത്തെ സംരക്ഷിക്കാൻ മലയിലുണ്ടാക്കിയ കൊടിമരങ്ങൾകൊണ്ടും അവിടെ നടത്തപ്പെടുന്ന അനാചാരങ്ങൾകൊണ്ടും തീർത്ത  വൻമതിലിനെ തൗഹീദാക്കി മാറ്റുന്നത് കാണുക: “റസൂലുല്ലാഹി(സ)യും മറ്റു ഔലിയാഉം ഈ ലോകത്ത് സ്ഥാപിച്ച ദീനീ കാര്യങ്ങളല്ലാതെ പുതുതായി യാതൊന്നും ഉസ്താദ് മലയിൽ സ്ഥാപിച്ചിട്ടില്ല. അവരുടെ പാതയിൽ ജനങ്ങളെ നിറുത്താനാണ് ഉസ്താദ് കൊടിമരം സ്ഥാപിച്ചത്. അതിനാൽ സിറാത്വുൽ മുസ്തഖീമിന്റെ ഒരു വഴിയടയാളമാണ് കൊടിമരം. ദീനിന് ലോകത്ത് പല ചിഹ്നങ്ങളും ഉള്ളപോലെ കൊടിമരവും തൗഹീദിന്റെ ഒരു ചിഹ്നമാണ്’’ (പേജ് 202).

ശിയാ വിശ്വാസത്തിന്റെ അടയാളത്തെ ഒരു വിശിഷ്ട വസ്തുവായി സ്വീകരിച്ചവർക്ക് അത് ദീനിൽ പെട്ടതാണെന്ന് വരുത്തൽ അനിവാര്യമാണല്ലോ. ചൊവ്വായ പാത പഠിപ്പിച്ച നബിﷺ പുണ്യം നേടാനുള്ള കൊടിമരത്തെക്കുറിച്ച് പറഞ്ഞുതന്നിട്ടുണ്ടോ? നാല് ഖലീഫമാരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഇത്തരം വസ്തുക്കളൊന്ന് കാണിക്കാമോ? ഇതെല്ലാം മതചിഹ്നങ്ങളാണെങ്കിൽ ഉത്തമ തലമുറകളിലെ അവസാനക്കാരിൽനിന്ന് ഇതാരാണ് ഏറ്റുവാങ്ങിയത്?

കറാമത്തിന്റെ യാഥാർഥ്യം മറച്ചുവച്ച് അവാസ്തവം പറയുന്നതിനും ഇക്കൂട്ടർക്ക് മടിയില്ല: “മരണത്തിന് ശേഷം ഔലിയാഅ് കറാമത്തുകൾ തുടരുന്നതാണ്. ജീവിതവും മരണവും അവർക്ക് സമമാണ്. മരണശേഷം അവർ ആത്മാവുകളുടെ ലോകത്ത് ജീവിക്കുന്നവരാണ്. ജീവിതകാലത്ത് അവർ പ്രകടിപ്പിച്ചിരുന്ന കറാമത്തുകൾ മരണശേഷവും പ്രകടമാക്കും. മരണശേഷം കറാമത്തുകൾ വർധിക്കുകയാണ് പതിവ്. ഓരോരുത്തരുടെയും പദവികൾക്കനുസരിച്ചുള്ള കറാമത്തുകൾ അവരിൽനിന്നും വെളിവാക്കുന്നതാണ്.....തൃപ്പനച്ചി ഉസ്താദ് കറാമത്തിലൂടെ നിരവധി പേർക്ക് സേവനം നൽകി. അല്ലാഹുവിലും ഉസ്താദിലും സുദൃഢമായ വിശ്വാസവും നല്ല മനക്കരുത്തും ആത്മാർത്ഥതയും ഉള്ള ഒരാൾക്ക് ഉസ്താദിനെ സമീപിക്കാനും തന്റെ ആവശ്യം പറയാനും യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല’’ (പേജ് 210, 211).

സമസ്തയുടെ പുതിയ തൗഹീദ് പ്രകാരം പ്രതിയാക്കപ്പെട്ട കള്ളക്കറാമത്ത് കഥകളുടെ വിധിയൊന്ന് പുറത്ത് വിടുമോ? കുറ്റവാളിക്കൂട്ടിൽ നിൽക്കുന്ന പണ്ഡിതരെ മോചിപ്പിക്കാൻ സമയമായോ? അല്ലാഹുവിനെയും ഈ മുസ്‌ലിയാരെയും തുല്യമാക്കി എഴുതിയതിന്റെ ഭവിഷ്യത്ത് തിരിച്ചറിയാൻ മാത്രം ഈമാനിക വളർച്ച ഇവർക്കായിട്ടില്ല.

“ആകയാൽ അല്ലാഹുവിനു നിങ്ങൾ ഉപമകൾ പറയരുത്. തീർച്ചയായും അല്ലാഹു അറിയുന്നു, നിങ്ങൾ അറിയുന്നില്ല’’ (16:74).

തൃപ്പനച്ചിയുടെ കേമപ്പെട്ട വാക്കുകളായി ഗ്രന്ഥകാരൻ പറയുന്നത് കാണുക: “ഹറമിൽനിന്ന് ഒരു പ്രകാശം കേരളത്തിലേക്ക് വരുന്നത് ഞാൻ കണ്ടു. പിന്നീട് ആ സംഭവത്തെപറ്റി പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ കോളേജിന് തറക്കല്ലിടുന്നതും പട്ടിക്കാട് കോളേജ് ഇൽമിന്റെ കേന്ദ്രമായി വളർന്നുവരുന്നതുമായ സംഭവമായിട്ടാണ് ഉസ്താദ് അതിനെ വ്യാഖ്യാനിക്കാറുണ്ടായിരുന്നത്’’ (പേജ് 161).

പുസ്തകത്തിന്റെ 543ാം പേജിൽ എഴുതിയതുകൂടി വായിക്കാം: “ഒരിക്കൽ പട്ടിക്കാട് കോളേജിന്റെ സമ്മേളന ദിവസം ഉസ്താദുമായി അടുപ്പമുള്ള ഒരാളോട് പറഞ്ഞു: ‘പട്ടിക്കാട് സമ്മേളനത്തിന് പോയില്ലേ? പട്ടിക്കാട് സമ്മേളനത്തിന് പോയാൽ ഒരു മാസത്തെ ദോഷം പൊറുക്കും.’ ഒരിക്കൽ ഒരു പണ്ഡിതൻ ഉസ്താദിന്റെ അടുക്കൽ വന്നു ദുആ ചെയ്യണമെന്ന് പറഞ്ഞു. അപ്പോൾ ഉസ്താദ് പറഞ്ഞു: ‘ഇന്ന് ഇവിടെയല്ല ദുആ. ഇന്ന് പട്ടിക്കാടാണ് ദുആ. ഇന്ന് സമാപന സമ്മേളന ദുആയിൽ പങ്കെടുക്കാൻ സയ്യിദുനാ ഖിള്ർ(അ) വരുന്നുണ്ട്. വേഗം അങ്ങോട്ട് പൊയ്‌ക്കോ’’

“ഉസ്താദ് പറഞ്ഞു: മല എന്റെ ഉള്ളം കയ്യിലെ ഒന്നാണ്. അവിടെ ഒരു പുല്ല് ഇളകിയാൽ അത് ഒരു മലപോലെ എന്റെ അടുക്കൽ കാണിക്കപ്പെടും. ഇബ്രാഹീം നബി(അ) സ്ഥാപിച്ചതാണ് കഅ്ബാ ശരീഫ്. അതുപോലെ ഞാൻ സ്ഥാപിച്ചതാണ് കൊടിമരങ്ങളും അനുബന്ധ സ്ഥാപനങ്ങളും’’ (പേജ് 206).

“സ്വർഗ്ഗത്തിന്റെ നടുക്കാണ് ഞാൻ കെ.വി.യെ കണ്ടത്’’ (പേജ് 525).

“ഒരിക്കൽ മാവൂരിൽനിന്ന് വരികയാണെന്ന് പറഞ്ഞ് ഒരു സ്ത്രീ ഉസ്താദിനെ കാണാൻ വന്നു. അവരുടെ ചില പ്രയാസങ്ങൾ പറഞ്ഞു. അപ്പോൾ ഉസ്താദ് പറഞ്ഞു: ‘ഇന്നലെ ഇക്കാര്യം പറഞ്ഞ് സി.എം എനിക്ക് ഇരിക്കപ്പൊറുതി തന്നിട്ടില്ല!’’ (പേജ് 528).

“ആദം നബി(അ) മുതൽ മുഴുവൻ നബിമാരുമായും ഗൗസുൽ അഅ്‌ളം അടക്കമുള്ള ഔലിയാഉമായും ആത്മീയബന്ധം സ്ഥാപിക്കാനും ദീനീകാര്യങ്ങൾ മുശാവറ ചെയ്യാനും അധികാരമുണ്ടായിരുന്നു ശംസുൽ ഉലമാക്ക്’’ (പേജ് 517).

വീമ്പൂർ മുഹമ്മദ് മുസ്‌ലിയാർ പറയുന്നു: “ഞാനൊരിക്കൽ ഉസ്താദിനെ കാണാൻ വന്നു. കടുത്ത വേനൽക്കാലം. ഉസ്താദ് മസ്ജിദുല്ലിവാഇന്റെ മുകളിലെ വരാന്തയിൽ നിൽക്കുന്നു. പെട്ടെന്ന് ഉസ്താദ് ആകാശത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഒരു വട്ടം വരച്ചു. എന്നിട്ട് പറഞ്ഞു: ‘ഇതാ മഴ വരുന്നു.’ ഉടനെ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് കാർമേഘങ്ങൾ കുതിച്ചെത്തി. ആകാശം ഇരുണ്ടു കൂടി. ശക്തമായ മഴ പെയ്തു’’ (പേജ് 237).

മുസ്‌ലിയാക്കന്മാരും അവരുടെ അണികളും തൊണ്ടതൊടാതെ വിഴുങ്ങുന്ന ഇത്തരം കാര്യങ്ങളെ ശുദ്ധമായ ‘ബഡായി’ എന്നേ മതം മനസ്സിലാക്കിയവർക്ക് പറയാൻ കഴിയൂ. സമൂഹത്തെ ഇക്കോലത്തിൽ പിഴപ്പിക്കുന്നവർ നരകശിക്ഷയെ ഭയക്കട്ടെ. അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാൻ വേണ്ടി അവർ അവന്ന് ചില സമൻമാരെ ഉണ്ടാക്കിവച്ചിരിക്കുന്നു. പറയുക: നിങ്ങൾ സുഖിച്ചുകൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്കുതന്നെയാണ്’’(14:30).

കൊടിമരത്തിന് സമീപമുള്ള വെള്ളത്തെക്കുറിച്ച്  ഇയാൾ പറഞ്ഞതിങ്ങനെയാണ്: “ഉസ്താദ് കൊടിമരത്തിന്റെ അൽപം താഴെയായി ഒരു കുളം കുഴിച്ചു. അതിൽ വെള്ളം കണ്ടു. സംസം വെള്ളം, നൈൽ നദിയിലെ വെള്ളം തുടങ്ങിയ ബർക്കത്തുള്ള വെള്ളങ്ങളുടെ പേര് പറഞ്ഞ് ഈ വെള്ളം അതിനൊക്കെ ഒക്കും എന്ന് ഉസ്താദ് പറയുകയുണ്ടായി. ഈ വെള്ളം ശിഫായുള്ളതാണെന്ന് പറയുകയും ജനങ്ങളോട് ബറക്കത്തിനും രോഗശമനത്തിനും എടുത്ത് കുടിക്കാൻ പറയുകയും ചെയ്തു. ശിഫാ വെള്ളത്തിനടുത്ത് ഒരു പള്ളിയും (ശിഫാ പള്ളി) ഉസ്താദ് സ്ഥാപിക്കുകയുണ്ടായി. ഈ വെള്ളം ഉറവെടുക്കുന്നത് കൊടിമരത്തിന്റെ ചുവട്ടിൽ നിന്നാണ്. മരണം ഒഴികെയുള്ള എല്ലാത്തിനും അതിൽ ശമനമുണ്ടെന്നും ഒരിക്കൽ ഉസ്താദ് പറയുകയുണ്ടായി’’ (പേജ് 185).

അല്ലാഹു പുണ്യം നിശ്ചയിച്ചതായ സംസം വെള്ളത്തിന്റെ പ്രത്യേകതകൾ സാധാരണ വെള്ളത്തിൽ ചാർത്തുന്നത് കച്ചവട തന്ത്രമാണ്. വ്യക്തമായ തട്ടിപ്പാണ്. രോഗശമനത്തിനായി ആ കുളത്തിൽനിന്ന് വെള്ളം കോരിക്കുടിക്കാൻ തലയ്ക്കു വെളിവുള്ളവർ മുതിരുമോ? പുതിയ ആദർശ പ്രകാരം ഈ വെള്ളത്തിന്റെ മഹിമയെ മുസ്‌ലിയാക്കന്മാർ മരവിപ്പിക്കുമോ?

അസുഖങ്ങളുമായി സമീപിക്കുന്നവരോട് ‘അതിപ്പോൾ അങ്ങ് നീങ്ങി,’ ‘ഒരു വർഷത്തേക്ക് രോഗം വേണ്ട,’ ‘സുഖമായിക്കൊള്ളും,’ ‘ആശുപത്രിയിൽ കാണിക്കേണ്ട,’ ‘അങ്ങനെയായാൽ പറ്റില്ലല്ലോ, അത് സുഖമാവണം,’ ‘ആ കല്ല് പോയിക്കൊള്ളും, അത് മാറിപ്പോയി,’ ‘അസുഖമൊന്നും ഇല്ല,’ ‘വേദനയുണ്ടല്ലേ, പാറപ്പള്ളിയിലെ കുളത്തിൽ ചാടിയാൽ മാറിക്കൊള്ളും,’ ‘മലയിൽ കൊണ്ടുപോയി യാസീൻ ഓതുക,’ ‘ശിഫാ വെള്ളം കൊടുക്കുക,’ ‘നാഗൂര് പോവുക; കാഴ്ച തിരിച്ചുകിട്ടും,’ ‘അതിന് അസുഖമൊന്നുമില്ല,’ ‘അതൊക്കെ സുഖമായിക്കൊള്ളും’ എന്നൊക്കെ പറഞ്ഞ് എല്ലാം മാറ്റിക്കൊടുക്കാൻ കഴിവുള്ളവനായി ചമഞ്ഞ ഈ വ്യക്തി കടുത്ത പനിയും ഛർദിയും കൊണ്ട് പലതവണ പരീക്ഷിക്കപ്പെട്ടു. ചൂണ്ടുവിരൽ കാറിന്റെ ഡോറിൽ കുടുങ്ങി ചതഞ്ഞ് മാസങ്ങളോളം ഉണങ്ങാത്ത മുറിവായി. പലപ്പോഴും ക്ഷീണിതനായി, അവസാനം തനിക്ക് ബാധിച്ച രോഗം നിമിത്തം കുഴഞ്ഞ് വീണപ്പോഴും ഇത്തരം പ്രയോഗങ്ങൾ കൊണ്ട് രക്ഷ പ്രാപിക്കാനായില്ല.

രോഗത്തിന് പൂർണ ശമനം നൽകുന്നവൻ അല്ലാഹുവാണെന്നും നബിﷺ നിർദേശിച്ച പ്രാർഥനകൾ മുറുകെ പിടിക്കണമെന്നും അനുവദിക്കപ്പെട്ട ചികിത്സാരീതികളെ ആശ്രയിക്കണമെന്നുമുള്ള തിരിച്ചറിവു നേടാനും ക്വുർആനിക സന്ദേശത്തിന് കാതോർക്കാനും വിശ്വാസികൾക്കാകണം. അല്ലാഹു പറയുന്നു: “അവന്ന് പുറമെ പല ആരാധ്യരെയും അവർ സ്വീകരിച്ചിരിക്കുന്നു. അവർ (ആരാധ്യർ) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവർതന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങൾക്കുതന്നെ ഉപദ്രവമോ ഉപകാരമോ അവർ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിർത്തെഴുന്നേൽപിനെയോ അവർ അധീനപ്പെടുത്തുന്നില്ല’’(25:3).

പുരോഹിതവർഗം പരിശുദ്ധ ഇസ്‌ലാമിന് ഒട്ടും വില കൽപിക്കുന്നില്ലെന്നതിന് ഏറ്റവും വലിയൊരു തെളിവുകൂടി കാണുക: “മുഹ്‌യിദ്ദീൻശൈഖ്(റ)വിന്റെ കൊടിമരത്തിന്റെ രണ്ടാംനില വാർപ്പ് തുടങ്ങിയ സമയത്ത് ഉസ്താദ് പറഞ്ഞു: ‘ഇപ്പോൾ ഈ പണി തുടങ്ങുന്നത് ഇബ്രാഹീം നബി(അ)ന്റെ നിർദ്ദേശപ്രകാരമാണ് (ദുൽഹജ്ജ് മാസത്തിൽ). ഈ പണിക്ക് കൂടിയവർക്ക് ഹജ്ജ് ചെയ്തതിനെക്കാൾ കൂലി കിട്ടും. ഈ രണ്ട് കൊടിമരങ്ങൾക്കിടയിൽ നടന്നാൽ സഫ-മർവ്വക്കിടയിൽ നടന്ന കൂലിയുണ്ട്.’ ഉസ്താദ് പറഞ്ഞു: ‘കൂലി നിങ്ങൾക്ക് കിട്ടിക്കോട്ടെ എന്ന് കരുതിയിട്ടാണ്, ഇതൊക്കെ ജിന്നുകളെ കൊണ്ട് ചെയ്യിക്കാൻ എനിക്കറിയാഞ്ഞിട്ടല്ല. ഈ പണിക്കെല്ലാം നബി(സ) അടക്കമുള്ള അമ്പിയാഇന്റെയും ഗൗസുൽ അഅ്‌ളം അടക്കമുള്ള ഔലിയാഇന്റെയും നിർദ്ദേശപ്രകാരമാണ് ചെയ്തിട്ടുള്ളത്’’ (പേജ് 187,188).

മുഹ്‌യിദ്ദീൻ ശൈഖി(റ)ന്റെ പേരിലുള്ള കൊടിമരം മുസ്‌ലിയാർ നിർമിച്ചത് ഇബ്‌റാഹീം നബി(അ) നിർദേശിച്ചിട്ടാണത്രെ! രണ്ട് കൊടിമരങ്ങൾക്കിടയിൽ നടന്നാൽ സഫ-മർവക്കിടയിൽ നടന്ന കൂലിയുണ്ടത്രെ! ഇസ്‌ലാമിനെയും അതിന്റെ ചിഹ്നങ്ങളെയും ഇയാൾ അവമതിക്കുന്നു. മഹാന്മാരായ മുഴുവൻ  പ്രവാചകന്മാരുടെ പേരിലും കള്ളം പറയുന്നു! അല്ലാഹുവിനെത്തന്നെ അനാദരിക്കുന്ന ഇക്കൂട്ടർ ഇങ്ങനെയൊക്കെ പറയുന്നതിൽ അത്ഭുതപ്പെടാനില്ല.

അല്ലാഹു പറയുന്നു: “ഇബ്‌റാഹീമിന് ആ ഭവനത്തിന്റെ (കഅ്ബയുടെ) സ്ഥാനം നാം സൗകര്യപ്പെടുത്തിക്കൊടുത്ത സന്ദർഭം (ശ്രദ്ധേയമത്രെ). യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേർക്കരുത് എന്നും, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്ക് വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാർഥിക്കുന്നവർക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവയ്ക്കണം എന്നും (നാം അദ്ദേഹത്തോട് നിർദേശിച്ചു). (നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങൾക്കിടയിൽ നീ ഹജ്ജിനെപ്പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവർ നിന്റെയടുത്ത് വന്നുകൊള്ളും. അവർക്ക് പ്രയോജനകരമായ രംഗങ്ങളിൽ അവർ സന്നിഹിതരാകുവാനും അല്ലാഹു അവർക്ക് നൽകിയിട്ടുള്ള നാൽകാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളിൽ അവന്റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലികഴി)ക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയിൽനിന്ന് നിങ്ങൾ തിന്നുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക’’ (22:2628).

ഇബ്‌റാഹീം നബി(അ)യോട് അല്ലാഹു കൽപിച്ചതാണിത്. ഇതുപോലെ തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാരോട് മുഹ്‌യിദ്ദീൻശൈഖിന്റെ പേരിൽ കൊടിമരം നിർമിക്കുവാൻ ഇബ്‌റാഹീം നബി(അ) കൽപിച്ചുവത്രെ!

മുസ്‌ലിം സമുദായമേ, ഉണരുക! മതത്തിന്റെ പേരിലുള്ള കള്ളനാണയങ്ങളെ തിരിച്ചറിയുക. അവ നമ്മുടെ പരലോക വിജയത്തിനു തടസ്സമാകും എന്ന് മനസ്സിലാക്കുക. മതാധ്യാപനങ്ങൾ പരലോക വിജയത്തിനുള്ളതാണ്. അവയെ വിസ്മരിച്ച് വഴികേടിലകപ്പെട്ട് ജീവിച്ചാൽ അതിന്റെ അനന്തരഫലം നാം തന്നെ അനുഭവിക്കണം. വഴിപിഴപ്പിച്ചവരാരും അന്ന് രക്ഷിക്കുവാനുണ്ടാകില്ല.

അല്ലാഹു പറയുന്നു: “സത്യനിഷേധത്തിലേക്ക് ധൃതിപ്പെട്ട് മുന്നേറിക്കൊണ്ടിരിക്കുന്നവർ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. തീർച്ചയായും അവർ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്താൻ പോകുന്നില്ല. പരലോകത്തിൽ അവർക്ക് ഒരു പങ്കും കൊടുക്കാതിരിക്കാൻ അല്ലാഹു ഉദ്ദേശിക്കുന്നു. കനത്ത ശിക്ഷയാണ് അവർക്കുള്ളത്’’ (3:176).