സമസ്തയുടെ അടിവേരറുക്കുന്ന ഉലമാസമ്മേളനം

മൂസ സ്വലാഹി കാര

2023 സെപ്തംബർ 09 , 1445 സ്വഫർ 24

പത്തൊമ്പതാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന വികലമായ ശിയാ-സൂഫീ ചിന്താധാരകളെ വകഞ്ഞുമാറ്റി സ്ഥാപിതമായ പ്രഥമ പണ്ഡിതസഭയായ ‘കേരള ജംഇയ്യത്തുൽ ഉലമ’യെ പിളർത്തിക്കൊണ്ടാണ് ‘സമസ്ത’ രൂപീകൃതമാവുന്നത്. ഇന്ന്, വ്യക്തികേന്ദ്രീകൃത ത്വരീക്വത്തുകൾ കാടുകയറി ‘മുദബ്ബിറുൽ ആല’മിൽ വരെ ചെന്നെത്തിനിൽക്കുകയാണ്. സംഘടനയിലെ ആഭ്യന്തരകലഹം മൂലമോ പരലോകത്തെ കുറിച്ചുള്ള ഭയം നിമിത്തമോ നേതൃത്വത്തിൽനിന്ന് ഇടയ്ക്കിടക്ക് സത്യങ്ങൾ പുറത്തുവരുന്നത് ശുഭോദർക്കമാണ്.

അഹ്‌ലുസ്സുന്ന വൽജമാഅയുടെ വിശ്വാസാചാരങ്ങൾ കെട്ടുറപ്പുള്ളതും പ്രമാണഭദ്രവുമാണ്. അതിൽനിന്ന് വ്യതിചലിച്ചവരും അതിനെ വക്രീകരിക്കാൻ ശ്രമിച്ചവരും അമ്പേ പരാജയപ്പെട്ട ചരിത്രമാണ് ഇന്നോളമുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ശിയാ-സൂഫീ, വ്യാജത്വരീക്വത്തുകളുടെ നീരാളിപ്പിടുത്തത്തിൽനിന്നും മുസ്‌ലിം സമൂഹത്തെ മോചിപ്പിക്കാനും സംസ്‌കരിക്കാനും വേണ്ടി ഉണ്ടാക്കപ്പെട്ട, കേരളത്തിലെ പ്രഥമ പണ്ഡിതസഭയായ ‘കേരള ജംഇയ്യത്തുൽ ഉലമ അഹ്‌ലുസ്സുന്നത്തി വൽജമാഅ’ വ്യക്തികേന്ദ്രീകൃത ത്വരീക്വത്തുകൾ ഇവിടെ വിതച്ച വികലമായ ആശയങ്ങളെ വേരോടെ പിഴുതെറിയാനും മതത്തിന്റെ അടിസ്ഥാന വിശ്വാസത്തിലേക്കും അതിന്റെ പ്രമാണങ്ങളിലേക്കും ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനുമാണ് ഊന്നൽ നൽകിയത്. അതുവരെ ഉണ്ടായിരുന്ന ശിയാബന്ധം അറ്റുപോകുമോ എന്നു ഭയന്ന പുരോഹിതന്മാർ നവോത്ഥാന നായകന്മാർക്കെതിരെ ഉറഞ്ഞ് തുള്ളുകയും വരക്കൽ മുല്ലക്കോയ തങ്ങളുടെ മേൽനോട്ടത്തിൽ ‘സമസ്ത കേരള ജംഇയ്യത്തുൽ ഉലമ’ രൂപീകരിച്ച് ശിയാഇസത്തിന് കൂടൊരുക്കുകയും ചെയ്തു.

കാര്യ-കാരണ ബന്ധങ്ങൾക്കതീതമായി മഹാന്മാർ സഹായിക്കുമെന്നും അവർക്ക് ജീവിതകാലത്തും മരണശേഷവും അത്ഭുതങ്ങൾ കാണിക്കാൻ ഇച്ഛാസ്വാതന്ത്ര്യമുണ്ടെന്നും അവർ വ്യത്യസ്ത പദവികൾ അലങ്കരിക്കുന്നവരാണെന്നുമുള്ള ശിയാ വിശ്വാസത്തിൽ വളർന്ന് വലുതായ സമസ്ത ഇപ്പോൾ തളർന്ന് തകരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അവരുടെ അടിസ്ഥാന വിശ്വാസമെന്തെന്ന് നമുക്ക് പരിശോധിക്കാം.

1968ൽ വാഴക്കാട്ടുവെച്ച് നടന്ന സംവാദത്തിൽ ഇ.കെ ഹസൻ മുസ്‌ലിയാർ പറഞ്ഞതായി സുന്നിവോയ്‌സ് എഴുതിയത് കാണുക: “എന്നാൽ മഹാന്മാർ യഥേഷ്ടം മുഅ്ജിസത്തും കറാമത്തും കാണിക്കുമെന്ന് ഹസൻ മുസ്‌ലിയാർ പറഞ്ഞു. സാധാരണ പ്രവൃത്തികളിൽ സാധാരണ ആളുകൾക്ക് എപ്രകാരം ഇഖ്ത്തിയാറുണ്ടോ അതുപ്രകാരം അസാധാരണ മനുഷ്യർക്ക് അസാധാരണ കാര്യങ്ങളിൽ ഇഖ്ത്തിയാറുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു’’ (സുന്നിവോയ്‌സ്/2019 ഒക്ടോബർ 1-15/പേജ് 38).

നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ അദ്ദേഹത്തിന്റെ ‘തൗഹീദ് ഒരു സമഗ്ര പഠനം’ എന്ന പുസ്തകത്തിൽ എഴുതുന്നു: “ചുരുക്കത്തിൽ, ഔലിയാക്കൾ ഉദ്ദേശിക്കുമ്പോഴും അല്ലാത്തപ്പോഴും അവരിൽ നിന്ന് അസാധാരണ സംഭവങ്ങൾ ഉണ്ടാകുന്നതാണ്. സാധാരണക്കാർക്ക് സാധാരണ പ്രവൃത്തികൾ ചെയ്യാനുള്ള ഇച്ഛാസ്വാതന്ത്യം ഉള്ളതുപോലെ ഔലിയാക്കൾക്ക് കറാമത്തുകൾ പ്രകടിപ്പിക്കാനുള്ള ഇഛാ സ്വാതന്ത്ര്യം ഉണ്ട്’’ (പേജ് 405).

പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ അദ്ദേഹത്തിന്റെ ‘ഫതാവാ മുഹ്‌യിസ്സുന്ന’യിൽ എഴുതിയത് കാണുക: “അസാധാരണ സംഭവങ്ങളാണ് മുഅ്ജിസത്തും കറാമത്തും ആകുന്നത്. സാധാരണക്കാരിൽ നിന്ന് സാധാരണ കാര്യങ്ങൾ ഇഷ്ടത്തിനൊത്തും അല്ലാതെയും സംഭവിക്കുന്നത് പോലെ അസാധാരണക്കാരായ അമ്പിയാ-ഔലിയാക്കളിൽനിന്ന് അസാധാരണ കാര്യങ്ങളായ മുഅ്ജിസത്തും കറാമത്തും ഇഷ്ടത്തിനൊത്തും അല്ലാതെയും സംഭവിക്കും’’ (പേജ് 401).

ഔലിയാക്കൾക്ക് ചെയ്യാൻ കഴിയുന്ന അസാധാരണ കാര്യങ്ങൾ ഏതെല്ലാമെന്ന് എം.എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ എഴുതുന്നു: “മരിച്ചവരെ ജീവിപ്പിക്കുക, അവരുമായി സംസാരിക്കുക, സമുദ്രം ഉണങ്ങുക, വസ്തുക്കൾ മറ്റൊന്നായി മാറിപ്പോവുക, വിവിധ രൂപത്തിൽ ഒരേസമയത്ത് പല സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുക, നിമിഷ നേരംകൊണ്ട് ഉദ്ദിഷ്ട സ്ഥലത്ത് എത്തുക, അചേതന വസ്തുക്കളുടെ ആശയ വിനിമയങ്ങൾ ഗ്രഹിക്കുക, ശരീരത്തിൽ വിഷം ഫലിക്കാതിരിക്കുക, ശത്രുക്കളുടെ ദൃഷ്ടിയിൽനിന്ന് രക്ഷപ്പെടുക എന്നിവ അവയിൽ ചിലതാണ്’’ (ഔലിയാക്കൾ ഒരു പഠനം/പേജ് 27).

ഈ വാദത്തിൽ ശിയാക്കളും സമസ്തയും തമ്മിലുള്ള ഒരുമ സമസ്തക്കാർതന്നെ പറയുന്നത് കാണുക: “മരിച്ചുപോയ പ്രവാചകന്മാർക്കും ഔലിയാഅ് എന്ന് പറയുന്ന പുണ്യാത്മാക്കൾക്കും അവരുടെ മരണശേഷവും ഭൗതിക ലോകത്തെ കാര്യങ്ങളിൽ ഇടപെടാനും ലോകരെ സഹായിക്കാനും വേണമെങ്കിൽ ഉപദ്രവിക്കാനും അല്ലാഹു കഴിവ് നൽകുമെന്നാണ് അശ്അരി-മാതുരീദി സുന്നികളുടെ വിശ്വാസം. ഇതു തന്നെ ശിയാക്കളും വിശ്വസിക്കുന്നത്’’ (അൽമുബാറക്/1989 ആഗസ്റ്റ് 16/പേജ് 8).

എല്ലാത്തിന്റെയും അധികാരവും മുഴുവൻ കൈകാര്യകർതൃത്വവും അല്ലാഹുവിന് മാത്രമാണെന്ന ഇസ്‌ലാമിന്റെ യഥാർഥ ആശയത്തിന് ഘടകവിരുദ്ധവും അതിന്റെ പ്രമാണങ്ങളെ പരിഹസിക്കുന്നതുമായ വാദങ്ങളാണിത്.

അല്ലാഹു പറയുന്നു: “അറിയുക; സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ്. ലോകരക്ഷിതാവായ അല്ലാഹു മഹത്ത്വപൂർണനായിരിക്കുന്നു’’ (ക്വുർആൻ 7:54).

ഇഷ്ടദാസന്മാർക്ക് ഇങ്ങനെ ഒരു സ്വാതന്ത്ര്യം അല്ലാഹു കൊടുത്തിട്ടുണ്ടെങ്കിൽ അവൻ നിശ്ചയിച്ച വ്യവസ്ഥകൾക്ക് എന്ത് മഹത്ത്വമാണുള്ളത്? നബി(സ്വ) തന്റെ ജീവിതത്തിൽ നീറുന്ന പ്രശ്‌നങ്ങൾ അനുഭവിച്ചതെന്തിനാണ്? നാല് ഖലീഫമാർ കഠിന പരീക്ഷണങ്ങൾ അഭിമുഖീകരിച്ചതിന്റെ അർഥമെന്താണ്? അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാർ കടുത്ത പ്രതിസന്ധികളെ നേരിട്ടതെന്തിനാണ്?

അവിശ്വാസികളുടെ ആരാധ്യന്മാരുടെ നിസ്സാരത ബോധ്യപ്പെടുത്തി ക്വുർആൻ പറഞ്ഞതാണ് ഇവരോട് ഉണർത്താനുള്ളത്.

അല്ലാഹു പറ യുന്നു: “തങ്ങൾക്ക് സഹായം ലഭിക്കുവാൻ വേണ്ടി അല്ലാഹുവിനു പുറമെ പല ആരാധ്യരെയും അവർ സ്വീകരിച്ചിരിക്കുന്നു. അവരെ സഹായിക്കാൻ അവർക്ക് (ആരാധ്യർക്ക്) സാധിക്കുകയില്ല. അവർ അവർക്ക് (ആരാധ്യർക്ക്) വേണ്ടി സജ്ജീകരിക്കപ്പെട്ട പട്ടാളമാകുന്നു’’ (36:74,75).

അല്ലാഹുവിന്റെ സൃഷ്ടികളിൽ ശ്രേഷ്ഠരും ഔലിയാക്കളിൽ ഉന്നതരുമായ നബി(സ്വ)ക്ക് പോലും അവിശ്വാസികളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ഇഷ്ടാനുസരണം ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. അദ്ദേഹത്തിനുതന്നെയും ഒരു ഉപകാരത്തെ കീഴ്‌പ്പെടുത്താനോ, ഉപദ്രവത്തെ തടുക്കാനോ കഴിഞ്ഞിട്ടില്ല. അല്ലാഹു പറയുന്നു:

“(നബിയേ,) പറയുക: എന്റെ സ്വന്തം ദേഹത്തിനുതന്നെ ഉപകാരമോ ഉപദ്രവമോ വരുത്തൽ എന്റെഅധീനത്തിൽ പെട്ടതല്ല; അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കിൽ ഞാൻ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിൻമ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങൾക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്’’(7:188).

അനേകം വ്യാജന്മാരുടെ പേരിൽ സമസ്ത മുസ്‌ലിയാക്കന്മാർ ഒരു നൂറ്റാണ്ട് കാലമായി പ്രചരിപ്പിച്ച് നടക്കുന്ന പലതരം കള്ളക്കറാമത്തുകളുടെയും ഒടുവിലത്തെ അവതാരമാണ് മനോനില തെറ്റി ജീവിച്ച സി.എം മടവൂർ. അയാളെപ്പറ്റി ‘മുദബ്ബിറുൽ ആലം’(ലോകം നിയന്ത്രിക്കുന്നവൻ), ‘ഖുതുബുൽ ആലം’ (ലോകത്തിന്റെ കേന്ദ്രം) എന്നൊക്കെയാണ് സമസ്ത മുശാവറയുടെ തലവൻ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ വിശേഷിപ്പിച്ചിട്ടുള്ളത്. വിശുദ്ധ ക്വുർആനിനെ ദുർവ്യാഖ്യാനിച്ചും പ്രഗത്ഭരായ ഇമാമുമാരുടെമേൽ വ്യാജം പറഞ്ഞുമാണ് ഇയാളിത് സമർഥിക്കാൻ ശ്രമിച്ചിട്ടുള്ളത്.

പുരോഹിതന്മാരുടെ ‘തള്ളൽ’ കൊണ്ടും അമ്പരപ്പിക്കുന്ന അത്ഭുത പ്രകടന കഥകൾകൊണ്ടും സി.എം മടവൂർ അലംകൃതനായി. മർക്കസിലെ ഉസ്താദായ അബ്ദുൽ ബസ്വീർ സഖാഫി എഴുതിയതു കാണുക: “കാരുണ്യവും പുണ്യവും പ്രതീക്ഷിച്ച് വീടുകളിലും സദസ്സുകളിലും ഓതാൻ അർഹതയുള്ളതെന്ന് കാന്തപുരം അവതാരിക നൽകിയതുമായ ‘അൽമൗലിദുന്നൂരി ലിൽഗൗസിൽ മടവൂരി’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം കാണാം: ‘പുറമണ്ണ ഇസ്മായീൽ സഖാഫി ഗൗസായ സിഎമ്മിൽനിന്ന് ബറകത്തെടുക്കാൻ വേണ്ടി ചെന്നപ്പോൾ നിങ്ങൾ ഖുതുബുൽ അഖ്താബും മുദബ്ബിറുൽ ആലമുമാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹമത് ശരിവെച്ചു’’ (പേജ് 89).

സമസ്തയുടെ സങ്കൽപത്തിലെ ഈ ‘മുദബ്ബിറി’ന്റെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളെ കുറിച്ച് അവർ തന്നെ എഴുതിയത് കാണുക:

“ശൈഖ് സിഎമ്മിന്റെ ജീവിതം മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോയി. ആദ്യം ശരീഅത്തിന്റെ ജീവിത സരണിയിൽ മികച്ചൊരധ്യാപകൻ. പിന്നീട് സാത്വിക സഹവാസത്തിലൂടെ സൂഫിമാർ നയിച്ച പരിവ്രാജക ജീവിതത്തിലാണദ്ദേഹം എത്തിയത്. വലിയുല്ലാഹി ആലുവാ അബൂബക്കർ മുസ്‌ലിയാരുടെ കൂടെ കുറച്ചു കാലം കഴിച്ചുകൂട്ടി. മുസ്‌ലിയാർ മജ്ദൂബായിരുന്നു. ഈശ്വരപ്രേമത്തിന്റെ കരകാണാക്കയത്തിലിറങ്ങുന്ന സൂഫിമാരുടെ ബോധമനസ്സിനേൽക്കുന്ന സംഘർഷങ്ങളാണ് ജദ്ബ്. പക്ഷേ, ശൈഖ് സി. എം നാട്ടിൻ തിരിച്ചുവന്നപ്പോൾ ജദ്ബിൽനിന്നും ഉണർവിന്റെ രണ്ടാം ഘട്ടമായിരുന്നു. ഇക്കാലത്താണ് (1969-70) ഞാൻ അദ്ദേഹവുമായി ബന്ധപ്പെടുന്നത്... മൂന്നാം ഘട്ടത്തിൽ ശരീഅത്തിന്റെ ചില ഭാഗങ്ങളെല്ലാം വിട്ടു കൊണ്ടാണ് അദ്ദേഹത്തെ ഞാൻ കാണുന്നത്. താടിയും തലപ്പാവും ഒഴിവാക്കിയിരുന്നു. നമസ്‌കാരത്തിനു പകരം എല്ലായിടത്തും സുജൂദ്’’ (സൂഫികളുടെ പാത/സെയ്ത് മുഹമ്മദ് നിസാമി/പേജ് 62,63).

ചിന്തിക്കുക, മനോനില തെറ്റി മതനിയമങ്ങളെ വെടിഞ്ഞ ഇയാൾ ലോകം നിയന്ത്രിക്കുമെന്ന് പറഞ്ഞാൽ അതൊരു ഭ്രാന്തന്റെ വാക്കായി മാത്രം കാണുകയല്ലേ സാമാന്യ ബുദ്ധിയുള്ളവർ ചെയ്യുക? ‘ഈശ്വരപ്രേമത്തിന്റെ കരകാണാക്കയത്തിലിറങ്ങി’യതിനാൽ ഇബാദത്തുകൾ വെടിഞ്ഞു ജീവിച്ച ഒരാളെങ്കിലും സ്വഹാബിമാരിലോ താബിഉകളിലോ ഉണ്ടായിരുന്നോ? സൃഷ്ടികളിൽ മഹോന്നതനും ഏറ്റവും വലിയ വലിയ്യുമായ മുഹമ്മദ് നബി(സ്വ)ക്ക് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിച്ചുണ്ടോ? ‘മുദബ്ബിറുൽ ആലം’ എന്ന പദവിയും ജോലിയും അല്ലാഹുവിന്റെ റസൂലി(സ്വ)ന് പോലും അല്ലാഹു നൽകിയിട്ടില്ല; സിഎമ്മിന് നൽകി(?). അപ്പോൾ ആർക്കാണ് സമസ്തക്കാരുടെ വീക്ഷണത്തിൽ കൂടുതൽ മഹത്ത്വമുള്ളത്? സിഎം മടവൂർ എന്നു മുതൽക്കാണ് ‘ലോകം നിയന്ത്രിക്കുന്ന ജോലി ഏറ്റെടുത്തത്? ലോകാരംഭം മുതൽക്കാണോ? ആണെങ്കിൽ കുഞ്ഞി മാഹിൻ കോയയുടെയും ആയിഷയുടെയും മകനായി 1928ൽ കോഴിക്കോട് ജില്ലയിലെ മടവൂരിൽ പിറന്നുവീഴുംവരെ സിഎം എവിടെയിരുന്നാണ് ലോകം നിയന്ത്രിച്ചിരുന്നത്? അല്ല എന്നാണെങ്കിൽ അതുവരെ ആരാണ് ലോകം നിയന്ത്രിച്ചിരുന്നത്? എന്നാണ് ആ ജോലി സിഎം ഏറ്റെടുത്തത്? ആരാണ് ഏൽപിച്ചുകൊടുത്തത്? അല്ലാഹു നേരിട്ടാണോ അതോ ഏതെങ്കിലും മലക്ക് വഴിയാണോ? സമസ്തക്കാരുടെ മറുപടി പ്രതീക്ഷിക്കുന്നു.

സി.എമ്മിന്റെ സേവകനായി കഴിഞ്ഞ യൂസുഫുൽ ബുഖാരി വൈലത്തൂർ എഴുതി വിട്ടത് നോക്കൂ: “കേരളത്തിലെയും പരിസര സംസ്ഥാനങ്ങളിലെയും ദർഗ്ഗകളിലൂടെ വലിയ ഇബാദത്തുകൾക്ക് പാത്രമായി നിന്ന് കൊടുക്കാൻ ഭാഗ്യം കൈവന്ന നിലങ്ങളത്രയും സി.എമ്മിന് വേണ്ടി നിലകൊണ്ടു എന്നു പറയാം. അഥവാ, സ്ഥലവും കാലവും ചുരുളുക (ഥ്വയ്യുസ്സമാൻ, ഥ്വയ്യുൽ മകാൻ) എന്ന കറാമത്ത് സംഭവ്യമായി. ഒരേസമയം സി.എം അവർകളെ പല സ്ഥലത്തും കാണാറുണ്ട്. അത് അവിടുത്തെ കറാമതുകളിലൊന്നായി പരക്കെ അറിയപ്പെട്ടതാണ്’’ (കറാമത്തുകൾ ഒരൊഴുക്കെന്നപോലെ /പേജ് 7).

പ്രവാചകത്വത്തിന്റെ തെളിവാ യി നൽകപ്പെട്ട മുഅ്ജിസത്തുകളെ വെല്ലും വിധമുള്ള സമസ്തയുടെ ഈ വിശ്വാസം പമ്പരവിഡ്ഢിത്തമല്ലാതെ മറ്റെന്താണിത്? ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറയുന്നു:

“...നബിമാർക്കും പ്രവാചകന്മാർക്കും താഴെയാണ് ഔലിയാക്കൾ. ശ്രേഷ്ഠതയിലും പ്രതിഫലത്തിലും പദവിയിലും അവർ തുല്യരാകത്തതുപോലെ അവരിൽ ഒരാളുടെ കറാമത്തുകളും പ്രവാചകന്മാരുടെ മുഅ്ജിസത്തുകൾ പോലെയാവില്ല’’ (അന്നുബൂവ്വാത്ത്).

ചിന്തിക്കുക, മക്കത്തെ അവിശ്വാസികൾ അംഗീകരിച്ച വിശ്വാസം പോലും ഇവർക്കില്ല. അല്ലാഹു പറയുന്നു: “പറയുക: ആകാശത്തുനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് ആഹാരം നൽകുന്നത് ആരാണ്? അതല്ലെങ്കിൽ കേൾവിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതിൽനിന്ന് ജീവനുള്ളതും, ജീവനുള്ളതിൽ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങൾ നിയന്ത്രിക്കുന്നതും ആരാണ്? അവർ പറയും; ‘അല്ലാഹു’ എന്ന്. അപ്പോൾ പറയുക; എന്നിട്ടും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?’’ (10:31).

എക്കാലത്തും സത്യസന്ധരുടെ ആദർശ മുന്നേറ്റവും തെളിവുകൾ മുൻനിർത്തിയുള്ള ചോദ്യം ചെയ്യലും ഇവരെ തളർത്തിയിട്ടുണ്ട്. ഇവരുടെ വിശ്വാസത്തിൽ ലോകം നിയന്ത്രിക്കുന്ന സിഎമ്മിന് അയാളെത്തന്നെ നിയന്ത്രിക്കാനോ, ഇവരെ നിലയ്ക്ക് നിറുത്താനോ കഴിയുന്നില്ല. നാൽപതംഗ മുശാവറ; കാന്തപുരം, പേരോട്, പൊന്മള എന്നിങ്ങനെ മൂന്ന് ചേരിയാക്കപ്പെട്ടു. പകര മുഹമ്മദ് അഹ്‌സനിയും കൂട്ടരും അതിരുകൾ ലംഘിച്ചതിനാൽ പ്രതിക്കൂട്ടിലായി. സമസ്തയെ ധിക്കരിച്ചുകൊണ്ട് ഹാഫിദ് കെ.സി.അബ്ദുല്ല കുരുവട്ടൂരും സംഘവും ‘സാവിയത്തുസ്സുന്ന’യായും അബ്ദുല്ലത്വീഫ് സഅ്ദിയും അനുയായികളും ‘മടവൂർ ഖാഫില’യായും പ്രവർത്തിക്കുന്നു. കറാമത്തുകൾ ഉള്ളതാണെങ്കിലും ഇക്കാലത്ത് പറയാൻ പാടില്ലെന്ന വാദത്തിൽ നിഷ്പക്ഷ ഗ്രൂപ്പും രൂപാന്തരപ്പെട്ടു. കൂടാതെ കറാമത്ത് വിവാദത്തിൽ ഇ.കെ വിഭാഗം സമസ്തയും ചിന്നിച്ചിതറുന്നുണ്ട്. സമസ്തയുടെ അറുപതാം വാർഷികത്തിൽ അവരുടെ ശംസുൽ ഉലമ പറഞ്ഞത് ‘ഔലിയാക്കളുടെ സംരക്ഷണത്തിലാണ് സമസ്ത’ എന്നാണ്. ഈ ‘സംരക്ഷണ’ത്തിന്റെ ഫലമായിരിക്കും സമസ്ത ഇന്ന് ‘അനുഭവിച്ചു’കൊണ്ടിരിക്കുന്നത്.

ഏക ആരാധ്യനെ വിട്ട് പലരുടെയും പിന്നാലെ ഓടിയ മുസ്‌ലിയാക്കന്മാർ ഈ കുരുക്കിൽ കുടുങ്ങുമ്പോൾ ക്വുർആനിന്റെ അധ്യാപനങ്ങൾ ഏറെ പ്രസക്തമാവുകയാണ്. അല്ലാഹു പറയുന്നു: “തന്റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവർ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്നപക്ഷം അവന്ന് വഴികാട്ടാൻ ആരുമില്ല’’ (39:36).

ഒന്നിലധികം യജമാനന്മാരുടെ കീഴിൽ കഴിയുന്ന ആളുടെ ഉപമ അല്ലാഹു പറയുന്നു: “അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്റെ യജമാനൻമാർ. ഒരു യജമാനന് മാത്രം കീഴ്‌പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു). ഉപമയിൽ ഇവർ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷേ, അവരിൽ അധികപേരും അറിയുന്നില്ല’’ (39:29).

ജില്ലകൾതോറും പേരോട് അബ്ദുറഹ്‌മാൻ സഖാഫി പക്ഷം നടത്തുന്ന ഉലമാ സമ്മേളനങ്ങളിൽ സമസ്തയുടെ ഔദ്യോഗിക ലെറ്റർ ഹെഡ്ഡിൽ വിതരണം ചെയ്യുന്ന ‘പുതിയ ആദർശം’ സമസ്തയുടെ ഒരു നൂറ്റാണ്ട് കാലത്തെ വിശ്വാസത്തിന്റെ അടിവേരറുക്കുന്നതാണ്. അതിലേ 5,9,10,11,12 പേജുകളിലെ ശ്രദ്ധേയമായ വരികൾ കാണുക:

1. ‘വിശ്വാസികളുടെ ബുദ്ധിക്ക് ഉൾകൊള്ളാൻ പ്രയാസപ്പെടുന്നതും സംശയങ്ങൾ ജനിപ്പിക്കുന്നതും സത്യമാണെന്ന് തെളിയിക്കാൻ കഴിയാത്തതും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലും സംസാരിക്കരുത്.’

2. ‘സർവ്വ സൃഷ്ടികളെയും നിയന്ത്രിക്കുന്ന വലിയ്യ്.’

3. ‘പ്ലെയിനുകൾ മുഴുവൻ ഒരു വലിയ്യ് കണ്ണ് ചിമ്മിയാൽ കൂട്ടിയിടിക്കും’ തുടങ്ങിയ വാചകങ്ങൾ സംശയങ്ങൾ ജനിപ്പിക്കും.

4. ‘എല്ലാ സത്യവും എല്ലാവരോടും പറയാനുള്ളതല്ല. വിശ്വാസത്തിലും കർമ്മത്തിലും തെറ്റിദ്ധാരണക്ക് വഴിവെക്കുന്നത് പറയാതിരിക്കണം. സോഷ്യൽ മീഡിയ യുഗത്തിൽ എവിടെ പറഞ്ഞാലും പരസ്യമാണ്. അതിനാൽ പ്രബോധകർ പ്രത്യേകം ശ്രദ്ധിക്കണം.’

5. ‘മഹാന്മാർ നിയമം ലംഘിക്കുന്നവരാണെന്ന് വരുന്നവിധം പുകഴ്ത്തി പറയരുത്.’

6. ‘മഹാന്മാർ അറിയാതെ അല്ലാഹു ഒന്നും പ്രവർത്തിക്കുകയില്ല തുടങ്ങിയ വാചകങ്ങൾ പറഞ്ഞ് പുകഴ്ത്തരുത്.’

7. ‘എതിരാളികൾ പരിഹാസത്തിന് വഴിവെക്കുന്നത് പറയാതിരിക്കണം.’

8. ‘സാധ്യത മാനദണ്ഡമാക്കി, നടന്നുവെന്ന് ഉറപ്പില്ലാത്തത് പറയരുത്. സാധ്യതയുള്ളതെല്ലാം നടന്നതാകണമെന്നില്ല.’

9. ‘മഹാന്മാർ ശരീഅത്ത് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ധരിക്കാൻ നിമിത്തമാകുന്ന യാതൊന്നും പറയരുത്. ശരീഅത്ത് വിരുദ്ധമായ വ്യാജൻമാർക്ക് അത് സഹായമാകും. മഹാൻമാരെ തെറ്റിദ്ധരിക്കാനും ഇകഴ്ത്താനും അത് കാരണമാകും.’

10. ‘എല്ലാവരും എന്റെ അക്കൗണ്ടിൽ അയക്കുക, ബദ്‌രീങ്ങൾ ഏറ്റെടുക്കും. ഇത്ര സംഖ്യ നൽകുക, നിങ്ങൾ മരിച്ചാൽ ഞാനും വിദ്യാർത്ഥികളും നിങ്ങളുടെ ഖബറിങ്കൽ വന്ന് ഖുർആൻ ഓതും...’

പുരോഹിതന്മാർ വൻമരമായി കാണുന്ന സമസ്തയുടെ ഉള്ള് പൊള്ളയാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. സമസ്തയുടെ പാരമ്പര്യ വിശ്വാസത്തെ തച്ചുടക്കലും അതിന്റെ പൂർവകാല പണ്ഡിതന്മാരെ നിന്ദിക്കലും ഇതിലൂടെ സംഭവിച്ചതിനാൽ വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാണിപ്പോൾ. ഒരു നൂറ്റാണ്ടിനകം പുരോഹിതന്മാർക്കുണ്ടായ ഈ തിരിച്ചറിവിനെ സലഫികൾ സ്വാഗതം ചെയ്യുന്നതോടൊപ്പം കൂടുതൽ വെളിവുണ്ടാകാൻ ഇതിനെ മുൻനിർത്തി ഗുണകാംക്ഷയോടെ ചില ചോദ്യങ്ങൾ കൂടി ചേർക്കട്ടെ:

1. സമസ്തയുടെ സ്ഥാപിതലക്ഷ്യം ഉലമാ സമ്മേളത്തോടെ തകർക്കപ്പെട്ടതിനാൽ, ഇനി യഥാർഥ അഹ്‌ലുസ്സുന്നയിലേക്ക് തിരിച്ച് നടക്കുമോ?

2. പൂർവകാല മുസ്‌ലിയാക്കന്മാർ തുടർന്നുവന്ന ശിീഈ വിശ്വാസ-ആചാരങ്ങളെ ഈ പ്രസ്താവനയോടെ തിരുത്താൻ തയ്യാറാകുമോ?

3. സമസ്തയുടെ വിശ്വാസം പഠിച്ച് പല ശിർക്കൻ വിശ്വാസങ്ങളും കൊണ്ടുനടക്കുന്ന സാധാരണക്കാരെ കൂടി ഇത് പഠിപ്പിക്കുമോ?

4. വ്യത്യസ്ത പോരിശകൾ പ്രചരിപ്പിച്ച് വരുമാനത്തിനും ആത്മീയ ചൂഷണത്തിനുമായി സമസ്ത നടത്തുന ജാറങ്ങളും മക്വ്ബറകളും നീക്കം ചെയ്യുമോ?

5. സമസ്തയുടെ ആദർശം വ്യക്തമായി പറയുന്ന എട്ടാം പ്രമേയം പിൻവലിക്കുമോ?

6. കള്ളക്കറാമത്തുകൾ പ്രചരിപ്പിക്കാനായി നടത്തിയ പ്രമാണ ദുർവ്യാഖ്യാനങ്ങളുടെ സത്യാവസ്ഥ വിശദീകരിക്കുമോ?

7. സമസ്ത നേതാക്കളുടെ പ്രഭാഷണങ്ങളിലും എഴുത്തുകളിലും തള്ളിവിട്ട കഥകൾ മുഴുവൻ പിൻവലിച്ച് സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാകുമോ?

9. സി.എം മടവൂരിനെ ലോകം നിയന്ത്രിക്കുന്ന വലിയ്യാക്കാൻ കാന്തപുരം നടത്തിയ ദുർവ്യാഖ്യാനങ്ങൾ മുശാവറക്കും അണികൾക്കും മുമ്പാകെ തിരുത്തുമോ?

10. നേർമാർഗത്തിൽ അടിയുറച്ച് നിൽക്കുന്ന, അഹ്‌ലുസ്സുന്നയുടെ ആശയത്തിൽ നിലകൊള്ളുന്ന സലഫികളെ ഇത്രകാലം ഈ വിഷയയത്തിൽ എതിർത്തത് നിങ്ങളുടെ അവിവേകം കാരണമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുമോ?

11. മുഹ്‌യിദ്ദീൻ മാല, രിഫാഈ മാല, ബദ്ർ മൗലിദ്, ഖുതുബിയ്യത്ത്, പലവക ഏടുകൾ എന്നിവ സമൂഹത്തിൽനിന്ന് ഒഴിവാക്കുമോ?

12. അന്ധവിശ്വാസങ്ങളുടെ പ്രചാരണത്തിനായി സ്വീകരിച്ച ക്വാദിരിയ്യ, രിഫാഇയ്യ, നൂരിഷ, ചിശ്ത്തി, നഖ്ഷബന്തി, സുഹ്‌റബർദി ത്വരീക്വത്തുകൾ പിഴച്ചതാണെന് പറയാൻ ധൈര്യം കാണിക്കുമോ?

13. വലിയ്യുകൾക്ക് ഇസ്‌ലാം നൽകാത്ത പദവികൾ നൽകി അവരെ പരിഹാസപാത്രങ്ങളാക്കുന്ന ഏർപ്പാട് അവസാനിപ്പിക്കുമോ?

14. അനുഭവങ്ങൾ ഏതുതന്നെയായാലും അവയെ തെളിവാക്കി മാറ്റുന്ന പ്രവണത നിർത്തലാക്കുമോ?

15. ആത്മീയതയുടെ മറവിൽ നടത്തപ്പെടുന്ന കപട ആത്മീയ സദസ്സുകൾ ഒഴിവാക്കുമോ?

16. അനേകായിരം നുണക്കഥകൾ നിറഞ്ഞ സൂഫീ രചനകൾ വലിച്ചെറിഞ്ഞ് സ്വീകാര്യയോഗ്യരായ ഇമാമുമാരുടെ ഗ്രന്ഥങ്ങളിലേക്ക് മടങ്ങുമോ?

17. നിങ്ങൾ പ്രധാന ഇമാമുകളായി കാണുന്ന ശിയാ-സൂഫിയായ ഇബ്‌നു അറബിയുടെ ‘വഹ്ദത്തുൽ വുജൂദും’(അദ്വൈതം) ഹല്ലാജിന്റെ ‘ഹുലൂലും’ (അവതാരം), ചിലരുടെ അസഭ്യപ്രയോഗങ്ങൾക്കുള്ള ന്യായീകരണവും വെടിയുമോ?

18. പുണ്യമെടുക്കുന്നതിനായി നിങ്ങളുടെ ഔലിയാക്കളുടെതായി സൂക്ഷിക്കപ്പെട്ട ശേഷിപ്പുകൾ നശിപ്പിക്കുമോ?

19. ക്വുർആൻ പറഞ്ഞ മുഅ്ജിസത്തുകളെയും കറാമത്തുകളെയും വ്യാജ കറാമത്തുകൾക്ക് വേണ്ടി ദുരുപയോഗം ചെയ്തത് ശരിയായില്ലെന്ന് തുറന്ന് പറയുമോ?

20. ഇന്ത്യക്കകത്തും പുറത്തുമുള്ള ദർഗകളിലേക്ക് പുണ്യംതേടി പുറപ്പെടുന്ന സിയാറത്ത് യാത്രകൾ അവസാനിപ്പിക്കുമോ?

21. മുദബ്ബിർ വിഷയത്തിൽ സമസ്തയുടെ പുതിയ ആശയ മാറ്റത്തെ ഉൾക്കൊള്ളാത്തവരെ മുശ്രിക്കും കാഫിറുമെന്ന് നിങ്ങൾ വിധിക്കുമോ? അവരെ തുടർന്ന് നിസ്‌കരിക്കാനോ, അവർ അറുത്തത് ഭക്ഷിക്കാനോ, അവരെ കാദീ-മുഫ്തീ സ്ഥാനത്തിനോ പറ്റുമോ?

22. മുസ്‌ലിംകളിൽ ശിർക്ക് വരില്ല എന്ന് ഇതുവരെ പറഞ്ഞ നിങ്ങൾ ഇപ്പോൾ സമസ്തക്കുള്ളിൽ തന്നെ ശിർക്ക് വന്നു എന്ന് സമ്മതിക്കുന്നു. എങ്കിൽ നിങ്ങളുടെ ആദ്യ വാദങ്ങൾ ദുർവ്യാഖ്യാനമായിരുന്നു എന്ന് തുറന്ന് പറയുമോ?

23. അശ്അരി, മാതുരീദി ഇമാമുമാർക്കില്ലാത്ത വിശ്വാസങ്ങൾ അവരുടെ പേരിൽ പ്രചരിപ്പിച്ചത് നിങ്ങൾ പിൻവലിക്കുമോ?

24. തങ്ങളുടെ പിഴച്ച ആശയത്തെ താങ്ങിനിർത്താൻ ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ (റഹി)യുടെയും കെ.എം മൗലവി(റഹി)യുടെയും മേൽ പറഞ്ഞ നുണകൾ പിൻവലിക്കുമോ?

25. സി.എം മടവൂരിന്റെ പേരിൽ വ്യാജ കറാമത്തുകൾ കുത്തിനിറച്ച കറാമത്തു പുസ്തകങ്ങൾ നിങ്ങൾപിൻവലിക്കുമോ?

ഇസ്‌ലാമിന്റെ പ്രഭക്കും പ്രതാപത്തിനും മങ്ങലേൽപിക്കുന്ന ഒരു ഭൗതിക ആശയവും വിജയം കാണുകയില്ലെന്നതിന്റെ പല ഉദാഹരണങ്ങളിൽ ഒന്നാണിത്. അല്ലാഹുവിൽനിന്ന് വന്ന യഥാർഥ വെളിച്ചത്തിൽ ജീവിച്ച് സൗഭാഗ്യത്തിന്റെ കണ്ണിയാകാൻ സാധിക്കണം.

അല്ലാഹു പറയുന്നു: “അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളിൽനിന്ന് അവൻ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു’’ (5:16).

പിൻകുറി: ‘സമസ്തയുടെ ഉള്ളിൽ നിന്നും ഈ മഹനീയ പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിച്ചാൽ ഔലിയാക്കൾ തന്നെ അവരെ പുറത്തെറിയും’ എന്ന ‘ശംസുൽ ഉലമ’യുടെ പ്രഖ്യാപനത്തിന് സമസ്തക്കാർ നൽകുന്ന പുതിയ വ്യാഖ്യാനം അറിയാൻ കൗതുകമുണ്ട്.