ശരീഅത്തിന്റെ സവിശേഷതകൾ

ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദ്

2023 ഡിസംബർ 16 , 1445 ജു.ഉഖ്റാ 03

(വിവ. ശമീർ മദീനി)

സാർവകാലികവും സാർവജനീനവും സാരസമ്പൂർണവുമാണ്‌ ഇസ് ലാമിക ശരീഅത്ത്. പ്രശ്ന സങ്കീർണമായ സമകാലിക ലോകത്ത് വിശ്വാസിയെ മുന്നോട്ടുനയിക്കാൻ ശരീഅത്തിനോളം നല്ലൊരു വഴികാട്ടിയില്ല. വിമർശനങ്ങളെ നിർമാണാത്മകമായി സമീപിച്ച് പഠനത്തിനവസരം നൽകിയ വേളയിൽ ശത്രുക്കളെ പോലും ഗുണഭോക്താക്കളാക്കിയ ചരിത്രമാണ്‌ അതിന്‌ പറയാനുള്ളത്.

അല്ലാഹു അവന്റെ ദാസന്മാർക്കു ചെയ്തുകൊടുത്ത അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്ര വിശാലമാണ്. അവസാനകാലത്ത് മനുഷ്യർക്കും ജിന്ന് വർഗത്തിനുമായി അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ ഏറ്റവും മഹത്തായത് അവരിലേക്ക് തന്റെ ദൂതനായി മുഹമ്മദ് നബിﷺയെ നിയോഗിച്ചയച്ചു എന്നതാണ്. ആ പ്രവാചകൻ തന്നിലേൽപിക്കപ്പെട്ട ഉത്തരവാദിത്തം ഏറ്റവും പരിപൂർണമായ നിലയിൽ നിർവഹിക്കുകയും ചെയ്തു.

ഇമാം മുഹമ്മദിബ്‌നു ശിഹാബുസ്സുഹ്‌രി(റഹി) പറഞ്ഞു: “അല്ലാഹുവിന്റെ പക്കൽനിന്നാണ് (ഇസ്‌ലാമാകുന്ന) ഈ മഹിതമായ സന്ദേശം. നബിﷺയുടെ മേലാണ് അത് (മനുഷ്യർക്ക്) എത്തിച്ചു കൊടുക്കേണ്ട ബാധ്യത. അതിന് കീഴ്‌പ്പെട്ടു ജീവിക്കുക എന്നതാണ് നമ്മുടെ മേൽ ബാധ്യതയായിട്ടുള്ളത്’’ (ഇമാം ബുഖാരി തന്റെ സ്വഹീഹിലെ കിതാബുത്തൗഹീദിൽ ക്വുർആൻ 5:67 വചനത്തിന്റെ അധ്യായത്തിൽ ഉദ്ധരിച്ചത്).

അല്ലാഹുവിന്റെ പക്കൽനിന്നുള്ള ഈ സന്ദേശം പൂർത്തീകരിക്കപ്പെട്ട സംഗതിയാണ്. അഥവാ അല്ലാഹുവിന്റെ ബാധ്യത അവൻ നിർവഹിച്ചുകഴിഞ്ഞിട്ടുണ്ട്. അല്ലാഹു പറഞ്ഞു: “തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്; നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിനു വേണ്ടി). എന്നിട്ട് അവരിൽ ചിലരെ അല്ലാഹു നേർവഴിയിലാക്കി. അവരിൽ ചിലരുടെ മേൽ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാൽ നിങ്ങൾ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക’’ (16:36).

“തീർച്ചയായും സത്യവിശ്വാസികളിൽ അവരിൽനിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവർക്ക് നൽകിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഓതിക്കേൾപിക്കുകയും, അവരെ സംസ്‌കരിക്കുകയും, അവർക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടിൽതന്നെയായിരുന്നു’’ (3:164).

നബിﷺയുടെ മേലുള്ള ബാധ്യത എന്നത് അല്ലാഹുവിങ്കൽനിന്നുള്ള സന്ദേശം മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കലാണ്. അതും ഏറ്റവും പരിപൂർണമായ നിലയിൽ നിർവഹിക്കപ്പെട്ടുകഴിഞ്ഞു. അല്ലാഹു പറയുന്നു: “എന്നാൽ ദൈവദൂതൻമാരുടെ മേൽ സ്പഷ്ടമായ പ്രബോധനമല്ലാതെ വല്ല ബാധ്യതയുമുണ്ടോ?’’ (16:35).

“നീ പറയുക: നിങ്ങൾ അല്ലാഹുവെ അനുസരിക്കുവിൻ. റസൂലിനെയും നിങ്ങൾ അനുസരിക്കുവിൻ. എന്നാൽ നിങ്ങൾ പിന്തിരിയുന്ന പക്ഷം അദ്ദേഹം (റസൂൽ) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തിൽ മാത്രമാണ് അദ്ദേഹത്തിന് ബാധ്യതയുള്ളത്. നിങ്ങൾക്ക് ബാധ്യതയുള്ളത് നിങ്ങൾ ചുമതലയേൽപിക്കപ്പെട്ട കാര്യത്തിലാണ്. നിങ്ങൾ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കിൽ നിങ്ങൾക്ക് സൻമാർഗം പ്രാപിക്കാം. റസൂലിന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു’’ (24:54).

അല്ലാഹുവിന്റെ അടിയാറുകളുടെമേൽ ബാധ്യതയായിട്ടുള്ളത് അല്ലാഹു അവതരിപ്പിച്ചതും നബിﷺ എത്തിച്ചുതന്നതുമായ മതനിയമങ്ങൾക്ക് കീഴൊതുങ്ങി, അനുസരണയോടെ ജീവിക്കുക എന്നതാണ്. ഈ വിഷയത്തിൽ മനുഷ്യർ പൊതുവെ രണ്ടുവിഭാഗമാണ്

1) അല്ലാഹുവിന്റെ സഹായം (തൗഫീക്വ്) ലഭിക്കുകയും സത്യത്തിന്റെ പാത പിൻപറ്റുകയും ചെയ്തവർ.

2) അല്ലാഹുവിന്റെ സഹായം (തൗഫീക്വ്) ലഭിക്കാതിരിക്കുകയും മറ്റു മാർഗങ്ങൾ പിൻപറ്റുകയും ചെയ്യുന്നവർ. അല്ലാഹു പറയുന്നു: “ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റു മാർഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങൾ സൂക്ഷ്മത പാലിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്ക് നൽകിയ ഉപദേശമാണത്’’ (6:153).

ഇസ്‌ലാമിക ശരീഅത്തിന്റെ സവിശേഷതകൾ

അല്ലാഹു തന്റെ തിരുദൂതർ മുഹമ്മദ് നബിﷺയിലൂടെ അവതരിപ്പിച്ച ഇസ്‌ലാമിക നിയമങ്ങൾക്ക് (ശരീഅത്തിന്) സുപ്രധാനമായ മൂന്ന് സവിശേഷതകളുണ്ട്.

1) സാർവകാലികം.

2) സാർവ ജനീനം.

3) സമ്പൂർണം.

അത് ലോകാവസാനംവരെ നിലനിൽക്കുന്നതാണ്. അല്ലാഹു പറയുന്നു: “മുഹമ്മദ് നിങ്ങളുടെ പുരുഷൻമാരിൽ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകൻമാരിൽ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’’ (33:40).

ഇമാം ബുഖാരി(റഹി)യും ഇമാം മുസ്‌ലിമും(റഹി) ഉദ്ധരിക്കുന്നു: “മുആവിയ(റ) പറഞ്ഞു: നബിﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: ‘ആർക്കെങ്കിലും അല്ലാഹു നന്മയുദ്ദേശിച്ചാൽ അയാളെ അല്ലാഹു മതത്തിൽ ജ്ഞാനമുള്ളവനാക്കും. നിശ്ചയമായും ഞാൻ വീതം വെക്കുന്നവൻ മാത്രമാണ്. അല്ലാഹുവാണ് നൽകുന്നത്. ഈ സമുദായം(ഉമ്മത്ത്) ലോകാവസാനംവരെ അല്ലാഹുവിന്റെ നിയമനിർദേശങ്ങളനുസരിച്ച് നേരിന്റെ പാതയിൽ ചലിച്ചുകൊണ്ടേയിരിക്കും. അവരോട് ആരെല്ലാം എതിരായി എന്നത് അവർക്ക് യാതൊരു ദോഷവും വരുത്തുകയില്ല’’ (ബുഖാരി, മുസ്‌ലിം).

ഇത് മനുഷ്യ-ജിന്ന് വർഗങ്ങൾ

ക്കെല്ലാം കൂടിയുള്ളതാണ്. അവരെല്ലാവരും നബിﷺയുടെ സമുദായമാണ്. അഥവാ പ്രബോധിത സമുദായം (ഉമ്മത്തുദ്ദഅ്‌വ) ആണ്. അതിനാൽ അല്ലാഹു മുഹമ്മദ്നബിﷺയെ നിയോഗിച്ചയച്ചത് മുതലുള്ള മനുഷ്യവർഗത്തിലും ജിന്നുവർഗത്തിലും പെട്ട ഓരോരു ത്തരെയും ഈ നേരായ ദൈവിക മതത്തിലേക്ക് ക്ഷണിക്കേണ്ടതുണ്ട്.

“അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു’’(10:25).

ഈ വചനത്തിൽ രണ്ടുതരം ഉമ്മത്തുദ്ദഅ്‌വ(പ്രബോധിത സമൂഹം)യെക്കുറിച്ച് വ്യക്തമായ സൂചനയു ണ്ട്. ‘അല്ലാഹു സമാധാനത്തിന്റെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു’ എന്നു പറഞ്ഞത് ഉമ്മത്തുദ്ദഅ്‌വയെ സൂചിപ്പിക്കുന്നു. അതായത് ഓരോരുത്തരെയും ക്ഷണിക്കുന്നു. ‘അവനുദ്ദേശിക്കുന്നവരെ നേരായ മാർഗത്തിലേക്ക് നയിക്കുന്നു’ എന്നു പറഞ്ഞത് ‘ഉമ്മത്തുൽ ഇജാബയെ’ക്കുറിച്ചാണ്. അതായത് അല്ലാഹു സന്മാർഗത്തിലെക്ക് വഴിനടത്തിയവരെക്കുറിച്ചാണ്. നബിﷺയുടെ പ്രബോധനത്തിന് ഉത്തരം ചെയ്യുകയും ഋജുവായ മതത്തിൽ പ്രവേശിക്കുകയും അങ്ങനെ മുസ്‌ലിംകളിൽ ഉൾപ്പെടുകയും ചെയ്തവർ. സത്യപ്രബോധനത്തിന് ഉത്തരംചെയ്ത് അല്ലാഹുവിന്റെ മതത്തിൽ പ്രവേശിക്കാനുള്ള തൗഫീക്വ് ലഭിക്കുന്നത് അവന്റെ വലിയ അനുഗ്രഹവും ഔദാര്യവുമാണ്. സന്മാർഗത്തിൽ ചേർക്കാനുള്ള അധികാരം അഥവാ ‘ഹിദായത്ത്’ നൽകൽ അല്ലാഹുവല്ലാത്ത ഒരാളുടെയും അധീനതയിലല്ല.

അല്ലാഹു പറയുന്നു: “തീർച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേർവഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുന്നു. സൻമാർഗം പ്രാപിക്കുന്നവരെപ്പറ്റി അവൻ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു’’ (28:56).

എന്നാൽ സന്മാർഗത്തിന്റെ ‘വഴികാണിക്കൽ’ അഥവാ കാര്യങ്ങൾ ‘വിശദീകരിച്ചുകൊടുക്കൽ’ പ്രവാചകൻﷺ നിർവഹിക്കുന്നതാണ്. അല്ലാഹു പറയുന്നു: “അപ്രകാരംതന്നെ നിനക്കു നാം നമ്മുടെ കൽപനയാൽ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവി ശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷേ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസൻമാരിൽനിന്ന് നാം ഉദ്ദേശിക്കുന്നവർക്ക് നാം വഴികാണിക്കുന്നു. തീർച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാർഗദർശനം നൽകുന്നത്’’ (42:52).

സർവരിലേക്കുമായി നിയോഗിക്കപ്പെട്ട, അല്ലാഹുവിന്റെ ദൂതനാണ് മുഹമ്മദ്ﷺ. അല്ലാഹു അക്കാര്യം വ്യക്തമാക്കുന്നത് കാണുക: “പറയുക: മനുഷ്യരേ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹു വിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതൻ). അവനല്ലാതെ ഒരു ദൈവവുമില്ല. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിൻ. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ. അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുവിൻ, നിങ്ങൾ നേർമാർഗം പ്രാപിച്ചേക്കാം’’(7:158).

നബിﷺ പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ (അല്ലാഹു) തന്നെയാണേ സത്യം, ഈ സമൂഹത്തിൽ പെട്ട ജൂതനോ ക്രിസ്ത്യാനിയോ ആരുമാകട്ടെ, എന്നെക്കുറിച്ച് കേൾക്കുകയും എന്നിട്ട് എന്നെ നിയോഗിച്ചയച്ചവന്റെ സന്ദേശങ്ങളിൽ വിശ്വസിക്കാതിരിക്കുകയും അങ്ങനെ അവിശ്വാസിയായി മരണപ്പെടുകയും ചെയ്താൽ തീർച്ചയായും അയാൾ നരകാവകാശികളിൽപ്പെട്ടവനായിരിക്കും’’ (സ്വഹീഹു മുസ്‌ലിം).

നബിﷺയുടെ ദഅ്‌വത്ത് ജിന്നുവർഗത്തിനുകൂടി ബാധകമാണെന്നതിനുള്ള തെളിവുകളിൽ പെട്ടതാ ണ് അല്ലാഹുവിന്റെ ഈ വാക്കുകൾ:

“ജിന്നുകളിൽ ഒരു സംഘത്തെ നാം നിന്റെ അടുത്തേക്ക് ക്വുർആൻ ശ്രദ്ധിച്ചുകേൾക്കുവാനായി തിരിച്ചുവിട്ട സന്ദർഭം (ശ്രദ്ധേയമാണ്). അങ്ങനെ അവർ അതിന് സന്നിഹിതരായപ്പോൾ അവർ അന്യോന്യം പറഞ്ഞു: ‘നിങ്ങൾ നിശ്ശബ്ദരായിരിക്കൂ.’ അങ്ങനെ അത് കഴിഞ്ഞപ്പോൾ അവർ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി. അവർ പറഞ്ഞു: ‘ഞങ്ങളുടെ സമുദായമേ, തീർച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങൾ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴികാട്ടുന്നു. ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആൾക്ക് നിങ്ങൾ ഉത്തരം നൽകുകയും അദ്ദേഹത്തിൽ നിങ്ങൾ വിശ്വസിക്കുകയും ചെയ്യുക. അവൻ നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയിൽനിന്ന് അവൻ നിങ്ങൾക്ക് അഭയം നൽകുകയും ചെയ്യുന്നതാണ്. അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആൾക്ക് വല്ലവനും ഉത്തരം നൽകാതിരിക്കുന്നപക്ഷം ഈ ഭൂമിയിൽ (അല്ലാഹുവെ) അവന്ന് തോൽപിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികൾ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാർ വ്യക്തമായ വഴികേടിലാകുന്നു’’ (46:29 32).

മനുഷ്യവർഗത്തോടും ജിന്നുവർഗത്തോടുമായി അല്ലാഹു ചോദിക്കുന്നു: “അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിന്റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളിൽ ഏതിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?’’ (ക്വുർആൻ 55:13). സൂറതുർറഹ്‌മാനിൽ 31 പ്രാവശ്യം ഈ ചോദ്യം ആവർത്തിക്കുന്നതായി കാണാം.

ജാബിർ(റ) പറയുന്നു: “നബിﷺ ഒരിക്കൽ അനുചരന്മാരുടെ അടുക്കലേക്ക് പുറപ്പെട്ടു. എന്നിട്ട് സൂറതുർറഹ്‌മാൻ ആദ്യംമുതൽ അവസാനംവരെ അവർക്ക് ഓതിക്കൊടുത്തു. അപ്പോൾ അവർ നിശ്ശബ്ദരായി ഇരുന്നു. അപ്പോൾ നബിﷺ പറഞ്ഞു: ‘ജിന്നുകൾ വന്ന രാത്രിയിൽ ഞാൻ അവർക്ക് ഇത് ഓതിക്കേൾപിച്ചിരുന്നു. എന്നാൽ നിങ്ങളെക്കാൾ നല്ല രൂപത്തിലായിരുന്നു അവർ പ്രതികരിച്ചത്. ‘നിങ്ങളുടെ രക്ഷിതാവിന്റെ ഏതേത് അനുഗ്രഹങ്ങളെയാണ് നിങ്ങൾ കളവാക്കുന്നത്’ എന്ന വചനം ആവർത്തിക്കുമ്പോഴെല്ലാം അവർ ഇപ്രകാരം പറഞ്ഞിരുന്നു: ‘ഞങ്ങളുടെ രക്ഷിതാവേ, നിന്റെ അനുഗ്രഹങ്ങളിൽ യാതൊന്നിനെയും ഞങ്ങൾ കളവാക്കുന്നില്ല, നിനക്കാകുന്നു സർവസ്തുതിയും’’ (തിർമുദി).

ഇതിന് ഉപോൽബലകമായ ഒരു റിപ്പോർട്ട് ഇബ്‌നു ഉമറി(റ)ൽനിന്ന് ഇബ്‌നു ജരീർ(റ) ഉദ്ധരിക്കുന്നുണ്ട്. അതിന്റെ വിശദാംശങ്ങൾ ശൈഖ് അൽബാനിയുടെ സിൽസിലതുസ്സ്വഹീഹയിൽ കാണാവുന്നതാണ്. ക്വുർആനിലെ അധ്യായങ്ങളിൽ ഒന്നിന്റെ പേരുതന്നെ ‘അൽജിന്ന്’ (അധ്യായം 71) എന്നാണ്. പ്രസ്തുത അധ്യായത്തിൽ ജിന്നുകളുടെ സംസാരം അല്ലാഹു ഉദ്ധരിക്കുന്നുണ്ട്.

ഇസ്‌ലാമിക ശരീഅത്തിന്റെ മൂന്നാമത്തെ സവിശേഷതയാണ് സമ്പൂർണത എന്നത്. അല്ലാഹു പറയുന്നു: “...ഇന്നു ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്കു ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു...’’(5:3).

നബിﷺ പറയുന്നു: “തെളിമയാർന്ന സുവ്യക്ത മാർഗത്തിലാണ് ഞാൻ നിങ്ങളെ വിട്ടേച്ചു പോകുന്നത്. അതിന്റെ രാവുപോലും പകലിന് സമാനമാണ്. സ്വയം നശിച്ചവനല്ലാതെ അതിൽനിന്ന് തെറ്റിപ്പോവുകയില്ല’’ (ഇബ്‌നു അബീആസ്വിം തന്റെ ‘അസ്സുന്ന’യിൽ ഇർബാദുബ്‌നു സാരിയ(റ)യിൽ നിന്ന് ഉദ്ധരിച്ച സ്വഹീഹായ ഹദീസാണിത്. അബൂദർദി(റ)ൽനിന്നും ഇപ്രകാരം അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്).

സ്വഹീഹ് മുസ്‌ലിമിൽ സൽമാൻ(റ)വിൽനിന്നും ഉദ്ധരിക്കുന്നു: അദ്ദേഹത്തോടൊരിക്കൽ ഒരു ജൂതൻ ചോദിച്ചു: ‘മലമൂത്രവിസർജന കാര്യങ്ങളടക്കം എല്ലാ കാര്യങ്ങളും നിങ്ങളുടെ പ്രവാചകൻ നിങ്ങൾക്ക് പഠിപ്പിച്ച് തന്നിട്ടുണ്ടല്ലോ!’ അദ്ദേഹം പറഞ്ഞു: ‘അതെ, മലമൂത്ര വിസർജനവേളയിൽ ക്വിബ്‌ലക്ക് അഭിമുഖമായി ഇരിക്കുന്നതും വലതുകൈ കൊണ്ട് ശൗച്യം ചെയ്യുന്നതും അവിടുന്ന് ഞങ്ങളോട് വിലക്കിയിട്ടുണ്ട്. വെള്ളമില്ലാത്ത സന്ദർഭങ്ങളിൽ കല്ലുകൊണ്ട് ശുദ്ധീകരിക്കുമ്പോൾ മൂന്നു കല്ലുകളിൽ കുറവ് പാടില്ലെന്നും എല്ലുകൾ, മൃഗങ്ങളുടെ കാഷ്ഠം എന്നിവകൊണ്ട് ശുദ്ധി വരുത്തരുതെന്നും ഞങ്ങളോട് വിരോധിച്ചിട്ടുണ്ട്.’’

ഇസ്‌ലാമിക ശരീഅത്തിന്റെ സമഗ്രതയെയും സമ്പൂർണതയെയുമാണിത് അറിയിക്കുന്നത്. ഈ സമൂഹത്തിനാവശ്യമായ എല്ലാം അതുൾകൊള്ളുന്നുണ്ട്. എത്രത്തോളമെന്നാൽ മലമൂത്ര വിസർജന രംഗത്തെ മര്യാദകൾ വരെയും.

അബ്ദുല്ലാഹിബ്‌നു അംറുബ്‌നുൽ ആസ്വ്(റ) പറയുന്നു; നബിﷺ പറഞ്ഞു: “എനിക്ക് മുമ്പുണ്ടായിരുന്ന ഏതൊരു പ്രവാചകനും താൻ അറിഞ്ഞ നന്മകൾ തന്റെ സമുദായത്തെ അറിയിക്കൽ ബാധ്യതയാണ്. അപ്രകാരംതന്നെ തിന്മകളെ സംബന്ധിച്ച് താക്കീത് നൽകലും’’(മുസ്‌ലിം).

അബൂജുവൈരിയ(റഹി) പറയുന്നു: “ഞാൻ ഇബ്‌നു അബ്ബാസി(റ)നോട് ‘ബാദിഖ്’ എന്ന ഒരുതരം പാനീയത്തെക്കുറിച്ച് (കള്ളായി മാറിയ മുന്തിരിച്ചാറ്) ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ബാദിഖിനെക്കുറിച്ച് മുഹമ്മദ് നബി ﷺ മുമ്പേ പറഞ്ഞുതന്നിട്ടുണ്ട്; ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ്. അദ്ദേഹം പറഞ്ഞു: ‘വിശിഷ്ടമായ മുന്തിരിയുടെ അനുവദനീയമായ ചാറല്ലേ അത്?’ അപ്പോൾ ഇബ്‌നു അബ്ബാസ്(റ) വിശദീകരിച്ചുകൊടുത്തു: ‘വിശിഷ്ടമായ അനുവദനീയത്തിനുശേഷം അത് മദ്യമായി മാറിയപ്പോൾ നിഷിദ്ധമായ മ്ലേച്ഛമായി’’ (ബുഖാരി).

അതായത് ‘ബാദിഖ്’ എന്ന പേരിൽ ഒരു പാനീയം നബിﷺയുടെ കാലത്ത് ഉണ്ടായിരുന്നില്ല. പക്ഷേ, നബിﷺ പറഞ്ഞുതന്നതിൽ അതും അതിനപ്പുറവും ഉൾക്കൊള്ളൂന്നുണ്ട്. ‘ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധമാണ്’ എന്നതിന്റെ വ്യാപകാർഥത്തിൽ പ്രസ്തുത സ്വഭാവമുള്ള എല്ലാം ഉൾപ്പെടുമെന്ന് സാരം. നബിﷺയുടെ കാലത്തുള്ളതും പിന്നീടുണ്ടാകുന്നതും ദ്രാവകരൂപത്തിലുള്ളതും ഖരരൂപത്തിലുള്ളതുമെല്ലാം ഇതിൽ സമമാണ്. ലഹരിയല്ലാത്തവയാകട്ടെ അനുവദനീയവും.

പിൽക്കാലത്തുണ്ടായ പുകവലിയെക്കുറിച്ചും ബാദിഖിന്റെ കാര്യത്തിൽ പറഞ്ഞതുതന്നെയാണ് പറയാൻ കഴിയുക. അഥവാ ശരീരത്തിന്റെ പൊതുതത്ത്വങ്ങളും താൽപര്യങ്ങളും പുകവലി നിഷിദ്ധമാണെന്നാണ് അറിയിക്കുന്നത്.

നബിﷺയെക്കുറിച്ച് അല്ലാഹു പറഞ്ഞ ഈ വചനം ശ്രദ്ധിക്കുക: “വിശിഷ്ടമായത് അദ്ദേഹം അവർക്ക് അനുവദിച്ച് കൊടുക്കുകയും മ്ലേച്ഛമായത് അവർക്ക് വിലക്കുകയും ചെയ്യുന്നു’’ (ക്വുർആൻ 7:157).

പുകവലി വിശിഷ്ടമായതിൽ പെട്ടതല്ല; പ്രത്യുത മ്ലേച്ചമായതാണ്. അതിനാൽ അത് നിഷിദ്ധമാണ്. അതോടൊപ്പം അത് ശരീരത്തിന് ഹാനികരവും മരണത്തിലേക്കുവരെ എത്തിക്കുന്ന രോഗങ്ങൾക്ക് കാരണവുമാകാറുണ്ട്. മാത്രമല്ല, ധനം പാഴാക്കലും വിഷപ്പുകയും ദുർഗന്ധവും മറ്റുമൊക്കെ കൊണ്ട് മറ്റുള്ളവരെ ശല്യപ്പെടുത്തലും അതിലുണ്ട്. ഈ സംഗതികളെല്ലാം അത് നിഷിദ്ധമാണെന്ന കാര്യമാണ് അറിയിക്കുന്നത്.

അബൂദർദ്(റ) പറയുന്നു: “നബിﷺ ഞങ്ങളെ വിട്ട് പോകുമ്പോൾ അന്തരീക്ഷത്തിലൂടെ ചിറകിട്ടടിച്ച് പറന്നുപോകുന്ന ഒരു പക്ഷിയെക്കുറിച്ച് പോലും ഞങ്ങളറിയേണ്ട കാര്യങ്ങൾ പറഞ്ഞുതരാതെ വിട്ടുകളഞ്ഞിട്ടില്ല’’ (ഇബ്‌നു ഹിബ്ബാൻ).

ഇബ്‌നു ഹിബ്ബാൻ(റ) പറയുന്നു: “അതായത്, നബിﷺയുടെ കൽപനകൾ, വിരോധങ്ങൾ, അറിയിപ്പുകൾ, അവിടുത്തെ പ്രവൃത്തികൾ, അനുവാദങ്ങൾ മുതലായവയിലൂടെ ഞങ്ങൾക്ക് അറിവു പകർന്നുതന്നു എന്ന് സാരം’’ (ശൈഖ് അൽബാനി ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, സ്വഹീഹു മവാരിദു ദ്വംആൻ 1/119).

പക്ഷികളെക്കുറിച്ച് നബിﷺ പറഞ്ഞുതന്ന ഇത്തരത്തിലുള്ള അറിവുകളുടെ കൂട്ടത്തിൽ പെട്ടതാണ് ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്ന ഈ ഹദീസ്: “തേറ്റകൊണ്ട് ഇരപിടിക്കുന്ന എല്ലാ വന്യമൃഗങ്ങളെയും കാലുകൊണ്ട് ഇരയെ ഇറുക്കിപ്പിടിക്കുന്ന എല്ലാ പക്ഷികളെയും (ഭക്ഷിക്കുന്നത്) നബിﷺ വിലക്കിയിട്ടുണ്ട്.’’

കാലുകൊണ്ട് ഇറുക്കി ഇരപിടിക്കുന്ന ഏതു പക്ഷിയും നമുക്ക് ഭക്ഷ്യയോഗ്യമല്ലെന്ന് ഈ ഹദീസ് അറിയിക്കുന്നു. ഇത് നബിﷺയുടെ ‘ജവാമിഉൽ കലിമി’ൽ (അഥവാ കുറഞ്ഞ വാക്കുകളിലൂടെ ധാരാളം ആശയങ്ങൾ പറയുന്ന വാക്കുകൾ) പെട്ടതാണ്. ഇത് കർമശാസ്ത്ര മതവിധികളുമായി ബന്ധപ്പെട്ട ഒരു ഹദീസാണെങ്കിൽ; പക്ഷികളെക്കുറിച്ച് പറഞ്ഞ മറ്റൊരു ഹദീസ് കാണുക:

നബിﷺ പറയുന്നു: “നിങ്ങൾ അല്ലാഹുവിൽ ഭരമേൽപിക്കേണ്ടതുപോലെ ഭരമേൽപിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നതുപോലെ അല്ലാഹു നിങ്ങൾക്കും നൽകും. അവ രാവിലെ ഒട്ടിയവയറുമായി കൂടുവിട്ടു പോകുന്നു. വൈകുന്നേരം നിറഞ്ഞ വയറുമായി കൂടണയുന്നു’’ (അഹ്‌മദ്, തിർമുദി, നാസാഈ, ഇബ്‌നുമാജ, ഇബ്‌നു ഹിബ്ബാൻ, ഹാകിം മുതലായവർ ഉദ്ധരിച്ചത്. തിർമുദി പറഞ്ഞു: ‘ഈ ഹദീസ് ഹസനും സ്വഹീഹുമാണ്.’ ഇമാം നവവി(റ)യുടെ നാൽപത് ഹദീസുകളുടെ കൂടെ ഇബ്‌നു റജബ്(റഹി) ചേർത്തു പറഞ്ഞ ഹദീസുകളിൽ ഒന്നുമാണ് ഈ ഹദീസ്).

ഇമാം ഇബ്‌നുൽ ക്വയ്യിം (റഹി) തന്റെ സുപ്രസിദ്ധഗ്രന്ഥമായ ‘ഇഅ്‌ലാമുൽ മുവക്ക്വിഈനിൽ (4/375-376) ശരീഅത്തിന്റെ സമ്പൂർണതയെക്കുറിച്ച് പറയുന്നു: “ഇത് ഏറ്റവും പ്രധാനപ്പെട്ടതും ഉപകാരപ്രദവുമായ ഒരു അടിസ്ഥാനമാണ്. അത് ഒറ്റക്കാര്യത്തിൽ സ്ഥാപിതമാണ്. അതായത്, നബിﷺയുടെ രിസാലത്ത് (സന്ദേശം) എല്ലാവരിലേക്കുമുള്ളതാണ്. മനുഷ്യന്മാർക്ക് ആവശ്യമായ അവരുടെ വിജ്ഞാനങ്ങളും അറിവുകളും കർമങ്ങളുമൊക്കെ സംബന്ധിച്ച് വേറൊരാളിലേക്ക് ഇനി ആവശ്യമില്ലാത്തവിധം നബിﷺ എല്ലാം വിശദമാക്കിയിട്ടുണ്ട്. ഇനി വേണ്ടത് നബി ﷺ പഠിപ്പിച്ചത് സത്യസന്ധമായി ആളുകളിലേക്ക് എത്തിച്ചുകൊടുക്കുന്നവരെയാണ്. നബിﷺയുടെ ദൗത്യവും സന്ദേശങ്ങളും രണ്ട് അർഥതലങ്ങളിൽ സമഗ്രവും സമ്പൂർണവുമാണ്. ഒന്ന്, അത് എല്ലാവരിലേക്കു’മുള്ളതാണ്. മറ്റൊന്ന്, മനുഷ്യർക്കാവശ്യമായ എല്ലാം-മതത്തിന്റെ അടിസ്ഥാന കാര്യങ്ങളും ശാഖാപരമായ സംഗതികളും - അതിലടങ്ങിയിട്ടുണ്ട് എന്നതാണ്. അതിനാൽ അതല്ലാത്ത വേറൊന്ന് ഇനി ആവശ്യമേയില്ല. നബിﷺയിലുള്ള വിശ്വാസം പൂർണമാകണമെങ്കിൽ ഈ രണ്ട് അർഥതലങ്ങളിലുമുള്ള, മതത്തിന്റെ സമഗ്രത അംഗീകരിച്ചിരിക്കണം. നബിﷺ പഠിപ്പിച്ച ദീനിന്റെ അധ്യാപനങ്ങളിൽനിന്നും ഒരാൾക്കും ഒഴിവില്ല. മതനിയമങ്ങൾ ബാധകമായ (മുകല്ലഫായ) എല്ലാ വ്യക്തികൾക്കും ആ നിയമങ്ങൾ ബാധകമാണ്. ഈ സമൂഹത്തിനാവശ്യമായ എല്ലാ കാര്യങ്ങളും പ്രവാചകാധ്യാപനങ്ങളിലുണ്ട്. അതിനപ്പുറം മറ്റൊന്നിലേക്കും ഒരു പരിഹാരവും ആശ്വാസവും തേടി പോകേണ്ടതില്ല. അല്ലാഹുവിന്റെ ദൂതൻﷺ ഈ ലോകത്തോട് വിടപറയുമ്പോൾ ആകാശത്തുകൂടി പറന്നുനടക്കുന്ന ഒരു പക്ഷിയുടെ കാര്യത്തിൽവരെയും ആളുകൾ അറിയേണ്ടതും പഠിക്കേണ്ടതുമായ എല്ലാ കാര്യങ്ങളും പറഞ്ഞുതന്നിട്ടാണ് പോയിട്ടുള്ളത്.’’

“എത്രത്തോളമെന്നാൽ, ശൗച്യകാര്യ മര്യാദകൾ, ഭാര്യാഭർതൃബന്ധങ്ങളിലെ മര്യാദകൾ, ഉറക്കമര്യാദകൾ, നടക്കുമ്പോഴും ഇരിക്കുമ്പോഴും നിൽക്കുമ്പോഴും തിന്നുമ്പോഴും കുടിക്കുമ്പോഴും വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രാവേളയിലും അല്ലാത്തപ്പോഴും; സംസാരിക്കുന്ന സന്ദർഭങ്ങളിലും മൗനം ദീക്ഷിക്കുമ്പോഴും, ഏകാന്തതയിലും ആളുകൾക്കിടയിലാകുമ്പോഴും, സമ്പന്നതയിലും ദാരിദ്ര്യത്തിലും, ആരോഗ്യമുള്ളപ്പോഴും രോഗാവസ്ഥയിലും, ജീവിതത്തിന്റെ സകല രംഗങ്ങളിലും പാലിക്കേണ്ട വിധിവിലക്കുകളെ കുറിച്ചും മരണത്തെ സംബന്ധിച്ചുമൊക്കെ അവിടുന്ന് വിശദമായി പറഞ്ഞുതന്നിട്ടുണ്ട്. അല്ലാഹുവിന്റെ അർശിനെക്കുറിച്ചും കുർസിയ്യിനെപ്പറ്റിയും മലക്കുകൾ, ജിന്നുകൾ, സ്വർഗം, നരകം എന്നിവയെക്കുറിച്ചും; അന്ത്യനാളും അന്ന് സംഭവിക്കുന്ന സംഗതികളും നാം നേരിൽ കാണുന്നതുപോലെ സ്പഷ്ടമായയും നബിﷺ വിവരിച്ചുതന്നിട്ടുണ്ട്. മനുഷ്യരുടെ ഏക ആരാധ്യനും ആശ്രയവുമായ അല്ലാഹുവിനെക്കുറിച്ച് ഏറ്റവും പരിപൂർണ രൂപത്തിൽ അവിടുന്ന് അറിയിച്ചുതന്നിട്ടുണ്ട്. സ്രഷ്ടാവിന്റെ പരിപൂർണ മഹത്ത്വത്തിലും ശ്രേഷ്ഠമായ ഗുണവിശേഷങ്ങളിലും അവർ അവനെ നേരിൽ കാണുന്നപോലെയും; പ്രവാചകന്മാരെയും അവരുടെ ജനതകളെയും അവരുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെയുമൊക്കെയും നബിﷺ വിവരിച്ചുതന്നിട്ടുണ്ട്.’’

“എത്രത്തോളമെന്നാൽ, നാം അവരുടെ കൂടെ കഴിഞ്ഞപോലെ. അപ്രകാരംതന്നെ സൂക്ഷ്മവും സ്ഥൂലവുമായ നന്മതിന്മകളെക്കുറിച്ച് മറ്റൊരു പ്രവാചകനും തന്റെ സമുദായത്തിന് പറഞ്ഞുകൊടുത്തിട്ടില്ലാത്തത്ര വിശദമായി അവിടുന്ന് പറഞ്ഞുതന്നിട്ടുണ്ട്. മരണത്തിന്റെ അവസ്ഥകളെക്കുറിച്ചും അതിനുശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചും; ബർസഖീ ജീവിതത്തെപ്പറ്റിയും ശരീരത്തിനും ആത്മാവിനും അതിൽ സംഭവിക്കുന്ന രക്ഷാശിക്ഷകളെക്കുറിച്ചും മറ്റൊരു നബിയും അറിയിച്ചിട്ടില്ലാത്തവിധത്തിൽ വളരെ വ്യക്തമായി അവിടുന്ന് അറിയിച്ചുതന്നിട്ടുണ്ട്. അപ്രകാരംതന്നെ തൗഹീദ് (ഏകദൈവ വിശ്വാസം) പ്രവാചകത്വം, പരലോകം എന്നിവയുടെ നിരവധി തെളിവുകളും; വഴിപിഴച്ചവരും അവിശ്വാസികളുമായ എല്ലാ വിഭാഗങ്ങൾക്കുമുള്ള ഖണ്ഡനങ്ങളും മറുപടികളും നബിﷺ വിശദീകരിച്ചിട്ടുണ്ട്. അത് മനസ്സിലാക്കിയവരെ സംബന്ധിച്ചിടത്തോളം ഇനി മറ്റൊരാളുടെയും വിവരണം ആവശ്യമില്ലാത്തവിധം വ്യക്തമാണത്. അത് അവ്യക്തമായവർക്ക് അറിവുള്ളവർ വിശദീകരിച്ചു കൊടുക്കേണ്ടിവരും എന്നതല്ലാതെ പ്രവാചകവിവരണങ്ങളിൽ യാതൊരു അപൂർണതയോ അവ്യക്തതയോ ഇല്ല.’’

“അതുപോലെതന്നെ യുദ്ധതന്ത്രങ്ങൾ, ശത്രുവിനെ നേരിടൽ, വിജയത്തിന്റെ വഴികൾ തുടങ്ങിയ കാര്യങ്ങളെല്ലാം നബിﷺ മനുഷ്യരാശിക്ക് പരിചയപ്പെടുത്തി. അത് വേണ്ടപോലെ ഗ്രഹിച്ച് മനസ്സിലാക്കി അർഹിക്കുന്നവിധം പരിഗണിച്ചാൽ അവരെ പ്രതിരോധിക്കാൻ ഒരു ശത്രുവും ഉണ്ടാവുകയില്ല. അപ്രകാരംതന്നെ മനുഷ്യന്റെ ആജന്മശത്രുവായ ഇബ്‌ലീസിനെക്കുറിച്ചും അവന്റെ കുതന്ത്രങ്ങൾ, മനുഷ്യരുടെ അടുക്കൽ അവൻ വരുന്ന വഴികൾ, അവനിൽനിന്നും അവന്റെ കെണികളിൽനിന്നും അവന്റെ കുതന്ത്രങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള വഴികൾ എന്നിവയെ സംബന്ധിച്ചുമെല്ലാം ഇനിയൊന്നും ബാക്കിയില്ലാത്ത വിധം സമ്പൂർണമായി പറഞ്ഞുതന്നിട്ടുണ്ട്.’’

“അതുപോലെതന്നെ മനുഷ്യരുടെ അവസ്ഥകളെ സംബന്ധിച്ചും സ്വഭാവങ്ങളെപ്പറ്റിയും അവരിൽ ഒളിഞ്ഞിരിക്കുന്ന പക, ശത്രുത എന്നിവയെ സംബന്ധിച്ചും ഇനി മറ്റൊരാളുടെ (വിവരണം) ആവശ്യമില്ലാത്തവിധം എല്ലാം അവിടുന്ന് വിശദീകരിച്ചിട്ടുണ്ട്. അപ്രകാരംതന്നെ മനുഷ്യരുടെ ജീവിതവ്യവഹാരങ്ങളെ സംബന്ധിച്ചും ഉപജീവനമാർഗങ്ങളെ സംബന്ധിച്ചും അവിടുന്ന് പരിചയപ്പെടുത്തി. അവ വേണ്ടപോലെ ഗ്രഹിക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്താൽ നിസ്സംശയം, അവരുടെ ഭൗതിക ജീവിതവും ഏറ്റവും നല്ല രൂപത്തിൽ നേരാകുമായിരുന്നു.’’

“ചുരുക്കത്തിൽ, ഇഹപര ജീവിതത്തിലെ വിജയത്തിനാവശ്യമായ നന്മകളഖിലവും നബിﷺ മനുഷ്യർക്ക് പകർന്നുനൽകിയിട്ടുണ്ട്. അത്തരം കാര്യങ്ങൾക്ക് അന്ത്യപ്രവാചകനു പുറമെ മറ്റൊരാളുടെയും ആവശ്യമില്ലാത്തവിധം അല്ലാഹു ആക്കിത്തീർത്തിരിക്കുന്നു എന്ന് സാരം.

ലോകത്ത് ഒരു നിയമവ്യവസ്ഥയിലുമില്ലാത്ത, സമ്പൂർണവും സമഗ്രവുമായ നിയമനിർദേശങ്ങളടങ്ങിയ ദൈവിക നിയമവ്യവസ്ഥയെ സംബന്ധിച്ച്; അപൂർണവും അപരിഷ്‌കൃതവുമെന്നും, അതിനെ പൂർത്തീകരിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും പുറത്തുനിന്നുള്ള ചിന്തയും ആശയങ്ങളും ആവശ്യമാണെന്നും എങ്ങനെയാണ് പറയാനാവുക? ആരെങ്കിലും അങ്ങനെ കരുതുന്നുണ്ടെങ്കിൽ ഇനിയും മനുഷ്യർക്ക് ഒരു പ്രവാചകൻ വരേണ്ടതായിട്ടുണ്ടെന്നു വിശ്വസിക്കുന്നവരെ പോലെയാണ് അയാളും. ഇതിന്റെയെല്ലാം അടിസ്ഥാന കാരണം പ്രവാചകാധ്യാപനങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും അജ്ഞതയുമാണ്. പ്രവാചകാനുചരന്മാർക്ക് ലഭിച്ചതുപോലെ നബിﷺയെ അറിയാനും അവിടുന്ന് പഠിപ്പിച്ച ആശയങ്ങളെ മനസ്സിലാക്കുവാനുമുള്ള തൗഫീക്വ് ഇല്ലാതെപോയതിനാലുമാണത്. അവരാകട്ടെ യാഥാർഥ്യങ്ങൾ ഗ്രഹിച്ച് പ്രവാചകാധ്യാപനങ്ങളെ നെഞ്ചിലേറ്റി, അവിടുത്തെ ഉപദേശനിർദേശങ്ങളെ അനുധാവനം ചെയ്തു. അങ്ങനെ ജനഹൃദയങ്ങളെയും വിശാലമായ സാമ്രാജ്യങ്ങളെയും കീഴടക്കാൻ അവർക്ക് സാധിച്ചു. ‘ഇതാണ് ഞങ്ങളുടെ പ്രവാചകൻ ഞങ്ങളെ ഏൽപിച്ചത്, ഇതുതന്നെയാണ് ഞങ്ങൾക്ക് നിങ്ങളെയും ഏൽപിക്കാനുള്ളത്’ എന്ന് പറഞ്ഞു അടുത്ത തലമുറയിലേക്ക് ദൗത്യം കൈമാറിക്കൊണ്ടാണ് അവർ യാത്രയായത്’’ (ഇഅ്‌ലാമുൽ മുവക്ക്വിഈൻ 4/375, 376).

(അവസാനിച്ചില്ല)