വെറുപ്പിന്റെ കഥ കഴിയുന്നു!

ടി.കെ അശ്‌റഫ്

2023 ജൂലൈ 01 , 1444 ദുൽഹിജ്ജ 13

വൈവിധ്യങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയാൽ വ്യക്തികൾക്കും സമൂഹത്തിനും ഗുണമല്ലാതെ ഒന്നും പകരം ലഭിക്കില്ല. എന്നാൽ അതിലേക്ക് വെറുപ്പിന്റെ വിഷജലം കലർത്തിയാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് ചിന്തകൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറമായിരിക്കും. നിർഭാഗ്യഭവശാൽ സ്നേഹത്തിന്റെ പനനീർദളങ്ങൾ അടർന്നുമാറി വെറുപ്പിന്റെ കൂർത്ത മുള്ളുകൾ ബാക്കിയാവുന്ന ഇന്ത്യൻ സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. സമാധാനജീവിതം തിരിച്ചുപിടിച്ചേ മതിയാവൂ.

മനുഷ്യർക്കിടയിൽ പ്രശ്‌നങ്ങളുണ്ടാവുക എന്നത് സ്വാഭാവികമാണ്. അതിന് നല്ല നിലയിൽ പരിഹാരം കാണുക എന്നതാണ് ബുദ്ധിപരവും യുക്തിപരവുമായ നീക്കം. ഏതൊരു പ്രശ്‌നത്തിനും കാര്യവും കാരണവും ഉണ്ടാവും. കാര്യത്തെ ചികിത്സിച്ചതുകൊണ്ട് മാത്രം ഒരിക്കലും ആ പ്രശ്‌നം അവസാനിക്കുകയില്ല; അതിെൻറ കാരണത്തെ കൂടി ഇല്ലാതാക്കിയാലല്ലാതെ. വിശന്നുകരയുന്ന ഒരു കുട്ടിക്ക് കളിപ്പാട്ടമല്ല, ഭക്ഷണമാണ് പരിഹാരമായി നൽകേണ്ടത്. ശുദ്ധമായ ജലാശയത്തിലേക്ക് മാലിന്യം ഒഴുകി വരുമ്പോൾ അതിെൻറ പ്രഭവകേന്ദ്രം കണ്ടെത്തി അത് അടക്കുക എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. അല്ലാതെ അതിലുള്ള ശുദ്ധജലം എടുത്ത് ഒഴിവാക്കുക എന്നതല്ല അതിനുള്ള പരിഹാരം. ഗ്യാസ് ചോർന്ന് തീ പടർന്നുകത്തുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാതെ അതിലേക്ക് വെള്ളമൊഴിച്ച് നെട്ടോട്ടമോടുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല.

വെറുപ്പ് മാനവികതയ്‌ക്കെതിര്

വെറുപ്പും വിദ്വേഷവും മാനവികതയ്‌ക്കെതിരായ കാര്യങ്ങളാണ്. എന്നാൽ ഇന്ന് നമ്മുടെ നാട്ടിൽ പലരും വെറുപ്പിെൻറ വ്യാപാരികളാണ്. മനുഷ്യർക്കിടയിൽ വെറുപ്പിെൻറ തീ ആളിക്കത്തിക്കാൻ പരിശ്രമിക്കുന്നവരാണ്. ആരും ആ തീ കെടുത്താനുള്ള മാർഗം സ്വീകരിക്കുന്നില്ല. എല്ലാവരും പരിഭ്രാന്തരായി ഓടുകയും പരസ്പരം പഴിചാരുകയും ചെയ്തുകൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. വിശക്കുന്ന കുട്ടിക്ക് ഭക്ഷണത്തിനു പകരം കളിപ്പാട്ടം നൽകുന്നതുപോലെ വെറുപ്പുകൊണ്ട് അപരവൽകരിക്കപ്പെടുന്ന ഒരു സമൂഹത്തിന് കളിപ്പാട്ടം നൽകി അവരെ ഉറക്കിക്കിടത്തുന്ന സമീപനമാണ് പലരും സ്വീകരിക്കുന്നത്. അതിന് ധാരാളം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ സാധിക്കും. മണിപ്പൂരിൽ നിലനിൽക്കുന്ന കലാപം അതിലൊന്നാണ്. അവിടെ കുക്കിവിഭാഗവും മെയ്‌ത്തി വിഭാഗവും തമ്മിലടിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്താണ് കാരണം? അത് ഭരണകൂടത്തിെൻറ സൃഷ്ടിയാണ്. 53 ശതമാനം വരുന്ന മെയ്ത്തികൾക്ക് കൂടി എസ്.ടി പദവി നൽകുവാൻ സർക്കാർ തീരുമാനിക്കുന്നു. അതിൽ പ്രതിഷേധിച്ച് ന്യൂനപക്ഷമായ കുക്കികൾ രംഗത്ത് വരുന്നു. അത് വലിയ കലാപമായി ആളിപ്പടരുന്നു. മണിപ്പൂർ ഇപ്പോഴും അക്ഷരാർഥത്തിൽ കത്തിയെരിയുകയാണ്. ന്യൂനപക്ഷമായ കുക്കികൾ തികച്ചും അരക്ഷിതാവസ്ഥയിലാണ്.

മണിപ്പൂർ നൽകുന്ന പാഠം

കേരളത്തിന് ഈ സംഭവം ഒരു പാഠമാകേണ്ടതുണ്ട്. ജനങ്ങൾക്കിടയിൽ വിഭാഗീയതയുണ്ടാക്കാനും ഏറ്റുമുട്ടലുണ്ടാക്കാനും ഒരു ഭരണകൂടം തീരുമാനിച്ചാൽ നിഷ്പ്രയാസം സാധിക്കുമെന്ന് മണിപ്പൂർ തെളിയിക്കുന്നു. അത് നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിലെ മഹാഭൂരിഭാഗം മനുഷ്യരും സമാധാന വാദികളാണ്. നമ്മുടെ സംസ്ഥാനത്തെ ജനസംഖ്യയിൽ 54 ശതമാനം ഹൈന്ദവരും 26 ശതമാനം മുസ് ലിംകളും 18 ശതമാനം ക്രൈസ്തവരുമാണ്. ഇതിൽ മഹാഭൂരിഭാഗവും ഇവിടെ സമാധാനാന്തരീക്ഷം നിലനിൽക്കണമെന്നും ജാതിയുടെയും മതത്തിെൻറയും പേരിൽ കലഹവും ചേരിതിരിവും ഉണ്ടായിക്കൂടെന്ന് ആഗ്രഹിക്കുന്നവരുമാണ്. ഇവിടേക്ക് ഫാസിസത്തിനു കടന്നുവരണമെങ്കിൽ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവരെ വർഗീയതയിൽ ഒന്നിപ്പിക്കുകയും ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ചു ഭിന്നിപ്പിക്കുകയും വേണം. അതിനുള്ള തകൃതിയായ ശ്രമങ്ങൾ അടുത്തകാലത്തായി നടന്നുവരുന്നുണ്ട് എന്നത് അനിഷേധ്യ യാഥാർഥ്യമാണ്.

‘കാസ’യെ പിടിച്ചുകെട്ടണം

ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും പരസ്പരം ശത്രുക്കളാക്കാൻ ക്രൈസ്തവ സമൂഹത്തിൽ ‘കാസ’ എന്ന പേരിൽ ഒരു തീവ്രവാദ സംഘടന ഈയിടെയായി പ്രവർത്തിച്ചുവരുന്നുണ്ട്. ഏറ്റവും നെറികെട്ട ദുഷ്പ്രചാരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അവർ നടത്തിക്കൊണ്ടിരിക്കുന്നത്. അധികാരികൾ അത് കണ്ടതായി ഭാവിക്കുന്നുപോലുമില്ല. ഇങ്ങനെ പോയാൽ മണിപ്പൂർ കേരളത്തിലും ആവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വെറുപ്പ് നിരന്തരം ഉണ്ടാക്കിയശേഷം ഭരണകൂടം അതിൽ പക്ഷംപിടിക്കുമ്പോഴാണ് മണിപ്പൂർ പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കുക. ഫാസിസത്തിെൻറ കൂടെ നിൽക്കുന്ന, അല്ലെങ്കിൽ നിൽക്കാൻ ശ്രമിക്കുന്ന ക്രൈസ്തവ വിഭാഗത്തിലെ ആളുകൾ ശരിക്ക് ഈ കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുകൊണ്ട് തങ്ങൾക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് തിരിച്ചറിയാൻ കേരളത്തിലെ ക്രൈസ്തവർ മണിപ്പൂരിലേക്ക് നോക്കുന്നത് നല്ലതാണ്.

റബറിെൻറ വില 300 ആക്കിയാൽ എംപിയെ തരാം എന്നു പറയാൻ വളരെ എളുപ്പമാണ്. എന്നാൽ ആ ഉയർന്ന വില വാങ്ങി ഇവിടെ സ്വസ്ഥമായി ജീവിക്കാൻ സാധിക്കുമോ എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. കേരള സ്റ്റോറിയെ പ്രധാനമന്ത്രി പിന്തുണച്ചതും ഇതിനോട് നാം ചേർത്തുവായിക്കേണ്ടതാണ്. വിഭാഗീയതയുടെ പ്രശ്‌നം വരുമ്പോൾ അതിൽ ഒരു വിഭാഗത്തിെൻറ പക്ഷം പിടിച്ച് ഭരണകൂടം തന്നെ രംഗത്ത് വരുമ്പോൾ അവിടെ അക്രമം ആളിക്കത്തുമെന്നതിൽ സംശയമില്ല. സമാധാനകാംക്ഷികളായ ഹൈന്ദവരും ക്രൈസ്തവരും മുസ്‌ലിംകളുമെല്ലാം ഈ കെണി മനസ്സിലാക്കണം. ചിലരുടെ അധികാര, സാമ്പത്തിക, കോർപ്പറേറ്റ് താൽപര്യങ്ങൾക്കു വേണ്ടി നമ്മളാരും നിന്ന് കൊടുക്കരുത്. ഇതിനെതിരെ നമ്മുടെ പൊതുസമൂഹത്തിൽനിന്ന് വലിയരീതിയിലുള്ള പ്രതിഷേധസ്വരം ഉയരുന്നില്ല എന്നത് വേദനാജനകമായ കാര്യമാണ്. വർഗീയ വേർതിരിവും കലാപവുമുണ്ടായാൽ അത് എല്ലാവരെയും ബാധിക്കുമെന്ന തിരിച്ചറിവ് വേണ്ടതുപോലെ എല്ലാവരിലും ഉണ്ടായിട്ടില്ല എന്നതുതന്നെയാണ് ഇവിടെ ഏറ്റവും വലിയ പ്രശ്‌നം.

വെറുച്ച് ആളിക്കത്തുന്ന അഗ്‌നിയാണ്

വെറുപ്പിെൻറ തീ കത്തിക്കുന്നവർക്ക് ജാതിയുണ്ടാകാം, മതമുണ്ടാകാം, രാഷ്ട്രീയമുണ്ടാകാം. എന്നാൽ അവർ കൊളുത്തുന്ന ആ തീയിന് രാഷ്ട്രീയമില്ല, മതമില്ല, വർഗമില്ല. തീ എല്ലാവരെയും കടന്നുപിടിക്കും, എല്ലാവരുടെ മുകളിലും ആഞ്ഞുകത്തും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. വെറുപ്പ് അതിശക്തമായി പ്രചരിക്കുമ്പോഴും വലിയൊരു വിഭാഗം മൗനത്തിലാണ് എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. വെറുപ്പും വിദ്വേഷവും ആളിക്കത്തിച്ച് കലാപവും കുഴപ്പവും സൃഷ്ടിക്കപ്പെട്ടാൽ അത് ഇവിടെയുള്ള മുസ്‌ലിംകളെ മാത്രമെ ബാധിക്കുകയുള്ളൂ എന്ന് വിശ്വസിക്കുന്നവരാണ് പലരും. എന്നാൽ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് തീപിടിച്ചാൽ പൊള്ളാത്തവരായി ആരുംതന്നെ ഉണ്ടാവുകയില്ല എന്നത് നാം ഗൗരവമായി മനസ്സിലാക്കേണ്ടതുണ്ട്. ഒഡീഷയിൽ ട്രെയിൻ കൂട്ടിയിടിച്ചതിനു സമാനമായിരിക്കും നമ്മുടെ കേരളത്തിെൻറ ചിത്രമെന്ന നാം ചിന്തിക്കേണ്ടതുണ്ട്. അവിടെ ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും എന്ന വേർതിരിവ് ഉണ്ടാവുകയില്ല.

കേരളത്തിന്റെ സവിശേഷത

കേരളം ജനസാന്ദ്രതകൂടിയ സംസ്ഥാനമാണ്. ഇവിടെ ജാതി, മത വ്യത്യാസമില്ലാതെ ഇടകലർന്നാണ് ജീവിതം. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതു പോലെ മുസ്‌ലിം ഗല്ലികളും ഹിന്ദു ഗല്ലികളുമായി വേർതിരിഞ്ഞ് നിൽക്കുന്നില്ല. ഒന്നിച്ചാണ് നാം ജോലി ചെയ്യുന്നത്. നമ്മുടെ മക്കൾ ഒരേ വിദ്യാലയങ്ങളിലാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. രോഗം വന്നാൽ മതവും രാഷ്ട്രീയവും നോക്കാതെ നല്ല ചികിത്സ കിട്ടുന്ന ആശുപത്രികളിലേക്കാണ് നാം പോകുന്നത്. നമ്മുടെ അങ്ങാടികളിൽ നമ്മൾ വ്യാപാരം നടത്തുന്നത് മതവും ജാതിയും പരിഗണിച്ചുകൊണ്ടല്ല. ആർക്കെങ്കിലും ഒരു പ്രയാസം വന്നാൽ അവരെ സഹായിക്കുന്നതിൽ നാം മതം പരിഗണിക്കാറില്ല. ആപത്തിൽ അകപ്പെടുന്നവെൻറ മതം ചികഞ്ഞല്ല രക്ഷാപ്രവർത്തനം നടത്താറുള്ളത്. ഇങ്ങനെ സൗഹാർദത്തോടെയും പരസ്പര സഹകരണത്തോടെയും കഴിഞ്ഞുകൂടുന്ന ജനങ്ങളുള്ള കേരളത്തിൽ കലാപത്തീ പിടിച്ചുകഴിഞ്ഞാൽ അത് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമെ ബാധിക്കുകയുള്ളൂ എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് ശരിയല്ല എന്ന് മനസ്സിലാക്കുക. തീ ആളിപ്പടർന്നശേഷം അത് പെട്ടെന്ന് കെടുത്തുക എന്നത് വലിയ പ്രയാസകരമായ ഒരു കാര്യമാണ്. തീ കത്താതെ നോക്കുകയാണ് നാം ചെയ്യേണ്ടത്.

ഭിന്നതയുണ്ടാക്കൽ

എല്ലാവരും ഒന്നിച്ചാണ് ഈ വെറുപ്പിനെ നേരിടേണ്ടത്. എല്ലാവർക്കും വെറുപ്പിനെതിരെ ഒന്നിക്കാൻ തോന്നിക്കാതിരിക്കാൻ അതിെൻറ വക്താക്കൾ പയറ്റുന്ന തന്ത്രങ്ങൾ നാം തിരിച്ചറിയേണ്ടതുണ്ട്. അത് മനസ്സിലാക്കിയാൽ മാത്രമെ വെറുപ്പിനെതിരെ ഒന്നിച്ചു നിൽക്കാൻ നമുക്ക് കഴിയുകയുള്ളൂ. ഒരു വിഭാഗം എപ്പോഴും പ്രശ്‌നക്കാരാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് അവർ മാറ്റിനിർത്തപ്പെടേണ്ടവരാണ് എന്ന് വരുത്തിത്തീർക്കലാണ് പ്രധാനപ്പെട്ട ഒരു തന്ത്രം. ഇപ്പോൾ നമ്മുടെ നാട്ടിൽ തെരുവുനായകളുടെ ശല്യം രൂക്ഷമാണ്. അതിനെക്കുറിച്ച് ദിവസവും ദാരുണമായ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പ് കണ്ണൂർ ജില്ലയിലെ സംസാരശേഷിയില്ലാത്ത ഒരു കുഞ്ഞിനെ തെരുവുനായകൾ കടിച്ചുകൊന്ന വാർത്ത വായിച്ചപ്പാൾ കണ്ണുകൾ നിറയാത്ത മനുഷ്യസ്‌നേഹികൾ ഉണ്ടാകില്ല. അങ്ങനെ പേ പിടിച്ചവയും അല്ലാത്തവയുമായ തെരുവു നായകൾ ദിവസവും ഒട്ടേറെയാളുകളെ കടിച്ചുകുടഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തിൽ ഒരു പേപിടിച്ച നായയെ ആരെങ്കിലും വളഞ്ഞുവച്ച് ആക്രമിക്കുന്നുവെങ്കിൽ അത് കണ്ടു നിൽക്കുന്നവരിൽ ആരും എതിരു പറയില്ല. വിഷമം തോന്നില്ല. അത് കൊല്ലപ്പെടേണ്ടതുതന്നെയാണ് എന്നായിരിക്കും എല്ലാവരും കരുതുക. കാരണമെന്താണ്? അങ്ങനെയുള്ള ഒരു ധാരണ അവയെക്കുറിച്ച് നമ്മിൽ ഉണ്ടായിക്കഴിഞ്ഞു.

ഇതുപോലെ ഇവിടെ ഒരു വിഭാഗത്തെക്കുറിച്ച് കളവുകൾ പറഞ്ഞുപറഞ്ഞ് മറ്റുള്ളവരുടെയുള്ളിൽ അവരെക്കുറിച്ച് വെറുപ്പ് വളർത്തി അവർ ആട്ടിയകറ്റപ്പെടേണ്ടവരാണ്, അക്രമിക്കപ്പെടേണ്ടവരാണ് എന്ന ചിന്ത വളർത്തിക്കാണ്ടിരിക്കുകയാണ് ചിലർ ചെയ്യുന്നത്. അതിനുവേണ്ടിയാണ് അവർ ഇവിടെ പണിയെടുക്കുന്നത്. എന്നാൽ മനസ്സിലാക്കുക, ഞാൻ നേരത്തെ പറഞ്ഞതുപോലെ കേരളത്തിൽ അങ്ങനെയല്ല സംഭവിക്കുക. ഇവിടെ ഒരു പ്രശ്‌നം വന്നുകഴിഞ്ഞാൽ അത് എല്ലാവരെയും ബാധിക്കുക തന്നെ ചെയ്യും.

മുസ്‌ലിംകൾ മാറ്റിനിർത്തപ്പെടെണ്ടവരാണ്, അവർ കുഴപ്പക്കാരാണ് എന്ന് വരുത്തിത്തീർക്കുന്ന ഈ തന്ത്രം ഒരു പരിധിവരെ ഇവിടെ വിജയിച്ചിട്ടുണ്ട് എന്നുവേണം മനസ്സിലാക്കാൻ. ആര് പ്രതിസന്ധിയിലാകുന്നുവോ അവിടെ ഒരു മുസ്‌ലിമിനെ പ്രതിസ്ഥാനത്തു നിർത്തിയാൽ അവർക്കൊക്കെ പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെട്ടുപോകാമെന്ന ഒരു സാഹചര്യം സംജാതമായിരിക്കുന്നു. ഒരു വ്യക്തിക്ക് പ്രതിസന്ധി വന്നാൽ അത് വേഗം ഒരു മുസ്‌ലിം പ്രശ്‌നമാക്കി മാറ്റിയാൽ മതി, ഒരു കുടുംബത്തിന് പ്രശ്‌നം വന്നുകഴിഞ്ഞാൽ അത് വേഗം ഒരു മുസ്‌ലിം-ഹിന്ദു പ്രശ്‌നമാക്കി മാറ്റിയാൽ മതി, ഒരു സ്ഥാപനത്തിനാണ് ഒരു പ്രതിസന്ധി വന്നതെങ്കിൽ അവിടെയും ഒരു വർഗീയത കൊണ്ടുവന്നാൽ മതി, ഒരു സമൂഹമാണ് ഒരു പ്രയാസം അഭിമുഖീകരിക്കുന്നതെങ്കിൽ അതിൽനിന്ന് രക്ഷപ്പെടാൻ അത് ഒരു മുസ്‌ലിം-ക്രിസ്ത്യൻ പ്രശ്‌നമാണെന്ന് വരുത്തിത്തീർത്താൽ മതി... ഇതുതന്നെയാണ് ഇന്ന് ചില ഭരണകൂടങ്ങളും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന തന്ത്രം. ഭരണകൂടം എപ്പോഴൊക്കെ പ്രതിസന്ധിയിൽ ആകുന്നുവോ ആ സമയത്തൊക്കെ ഈ കാർഡ് പുറത്തെടുക്കും.

നുണപ്രചാരണങ്ങൾ

ഒഡീഷയിൽ ട്രെയിൻ ദുരന്തമുണ്ടായ സമയത്ത് ഇന്നലെ വെള്ളിയാഴ്ച എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് പ്രചരിപ്പിച്ചത് എന്താണ്? ദുരന്തത്തിെൻറ ആകാശദൃശ്യം. ട്രെയിനുകൾ കൂട്ടിയിടിച്ചതിെൻറ തൊട്ടപ്പുറത്ത് പള്ളിപോലെ തോന്നിക്കുന്ന കെട്ടിടം കാണാം. ഇതാ, ഈ പള്ളിയാണ് ഈ ദുരന്തത്തിന് കാരണം, ഈ പള്ളിയിൽ വെച്ചാണ് അട്ടിമറിക്കുള്ള ഗൂഢാലോചനകൾ നടന്നത് എന്ന രീതിയിലാണ് അത് വർഗീയതയും വെറുപ്പും പ്രചരിപ്പിക്കുന്ന ആളുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തു വന്നത്. എന്നാൽ വ്യാജപ്രചാരണം ശക്തമായതോടെ ‘ദ ക്വിന്റ് ’ എന്ന ദേശീയ മാധ്യമം അതിെൻറ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു. അത് ഒരു ഹൈന്ദവ ക്ഷേത്രമായിരുന്നു, മുസ്‌ലിം പള്ളിയല്ലായിരുന്നു. അതോടെ വർഗീയവാദികൾ ഉൾവലിഞ്ഞു.

ചിന്തിക്കുക, പ്രബുദ്ധ കേരളത്തിലെ എത്രയാളുകൾ ഇതിനെതിരെ പ്രതികരിച്ചു? ഇത്രയും വെറുപ്പ് ഉൽപാദിപ്പിക്കപ്പെടുന്ന, ശക്തമായ പ്രഹരശേഷിയുള്ള കള്ളപ്രചാരണം നടന്നത് കൈയോടെ പിടികൂടിയിട്ടും അത് തെറ്റായിരുന്നു എന്ന് പറയാൻ എത്രയാളുകൾ തയ്യാറായി? എത്ര പേർ ആ ദുഷ്ടതയെ അപലപിച്ചു? ഓർക്കുക, ഈ മൗനം വലിയ അപകടത്തിലേക്കാണ് നമ്മുടെ നാടിനെ നയിക്കുക. വളരെ മതേതരമാണ് എന്ന് അവകാശപ്പെടുന്ന കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല എന്നർഥം. ഈ കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി എലത്തൂരിൽ ഒരു ട്രെയിനിെൻറ ബോഗിക്ക് ഒരാൾ തീയിടുകയുണ്ടായി. പുറത്തേക്ക് ചാടിയ മൂന്നു പേർ മരണപ്പെടുന്ന അവസ്ഥവരെ ഉണ്ടായി.

ഷാരൂഖ് സൈഫി എന്നുപറയുന്ന ഒരു വ്യക്തിയാണ് പ്രതി എന്ന് കണ്ടെത്തുകയും അയാളെ പിടികൂടുകയുമുണ്ടായി. മെയ് മാസത്തിൽ അതേ ട്രെയിനിനുതന്നെ കണ്ണൂരിൽവെച്ച് മറ്റൊരാൾ തീയിട്ടു. പ്രതിയെ താമസിയാതെ പിടികൂടി. അയാളുടെ പേര് പുഷൻ ജിത്ത് എന്നായിരുന്നു. നേരത്തെ ഷാരൂഖ് സൈഫിയെ പിടിച്ചു കൊണ്ടുവന്നപ്പോൾ നമ്മുടെ എഡിജിപി എം. ആർ അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. ഇയാൾ റാഡിക്കലൈസ് ചെയ്യപ്പെട്ട വ്യക്തിയാണ്, ഇയാൾ സാക്കിർ നായിക്കിെൻറ ഫോളോവറാണ്, അദ്ദേഹത്തിെൻറ പ്രസംഗം കേൾക്കാറുണ്ട്, ഇയാൾ വരുന്ന പ്രദേശം തന്നെ ശരിയല്ല, അത് ശാഹീൻ ബാഗ് ആണ്.

ഈ പ്രതി മുസ്‌ലിം നാമധാരിയാണ് എന്ന ഒറ്റക്കാരണം കൊണ്ട് നേരെ അതിെൻറ ഉത്തരവാദിത്തം ഇസ്‌ലാമിലേക്ക് ചേർത്തുവെച്ചു, മുസ്‌ലിംകൾ കൂടുതലുള്ള, പൗരത്വ നിയമത്തിനെതിരെ സമരം നടന്ന സ്ഥലത്തേക്ക് ചേർത്തു പറഞ്ഞു. ആലോചിച്ചുനോക്കൂ! എന്നാൽ രണ്ടാമത്തെ കേസിലെ പ്രതി മുസ് ലിമല്ല. ഉടനെ പ്രസ്താവന വന്നു: അവൻ ഭിക്ഷക്കാരനാണ്. ഭിക്ഷ കിട്ടാത്തതുകൊണ്ട് മാനസിക പ്രയാസമുണ്ടായി, അതിെൻറ ദേഷ്യത്തിൽ ചെയ്തതാണ്. അവെൻറ മതം തെരഞ്ഞുപോയില്ല, അവെൻറ പ്രദേശം തേടിപ്പോയില്ല, അവെൻറ പിന്നിലുള്ള ചേതോവികാരം എന്താണെന്ന് പറഞ്ഞില്ല, അവൻ റാഡിക്കലൈസ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചിട്ടില്ല. എല്ലാം പെട്ടെന്ന് അവസാനിച്ചു. ആ അധ്യായം അവിടെ കൊട്ടിയടക്കപ്പെട്ടു. ഇത് കേരളത്തിലാണ് നടന്നത് എന്ന കാര്യം ഓർക്കുക.

ഭരണകൂടം കടമകൾ നിർവഹിക്കണം

വെറുപ്പിെൻറ പ്രത്യയശാസ്ത്രത്തെ നമ്മുടെ നാട്ടിൽനിന്ന് കെട്ടുകെട്ടിക്കാൻ നമുക്ക് കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിന് അടിസ്ഥാനപരമായി വേണ്ടത് എല്ലാവരും സ്വന്തം കടമ നിർവഹിക്കുക എന്നതാണ്. എല്ലാ വിഭാഗവും അവരുടെ ചുമതല നിർവഹിക്കണം. ഒന്നാമതായി ഭരണകൂടം തന്നെയാണ്. മതനിരപേക്ഷ പക്ഷത്തുള്ള ഭരണകൂടം കേരളമടക്കമുള്ള ഏതൊക്കെ സ്റ്റേറ്റുകളിൽ ഉണ്ടോ അവർ ചെയ്യേണ്ട ചില ഉത്തരവാദിത്തങ്ങളുണ്ട്. അതിൽ ഏറ്റവും ഒന്നാമത്തെത് എന്തൊരു സംഭവം ഉണ്ടായാലും അതിെൻറ നിജസ്ഥിതി പുറത്തുവരും മുമ്പ് കഥ മെനയുന്ന ഉദ്യോഗസ്ഥന്മാരെ നിലയ്ക്കുനിർത്തുവാനുള്ള ആർജവം കാണിക്കുക എന്നതാണ്. പോലീസിൽ ക്രിമിനലുകളും പക്ഷം പിടിക്കുന്ന വെറുപ്പിെൻറ ചിന്താഗതിക്കാരുമുണ്ട് എന്ന പരാതി കേരളത്തിൽ കേൾക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി. അത് കണ്ടെത്താനും വേണ്ടത് ചെയ്യാനും അമാന്തം കാണിച്ചുകൂടാ. നേരത്തെ പറഞ്ഞ എഡിജിപിയെ പോലെയുള്ള ആളുകൾ വന്നു കഥ പറയുന്നതിന് തടയിടാൻ സർക്കാർ തയ്യാറാകണം.

വെറുപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ ഉചിതമായ സമയത്തുതന്നെ നടപടിയെടുക്കണം. സമയം കഴിഞ്ഞിട്ടല്ല. വെള്ളമൊക്കെ ഒഴുകി സമുദ്രത്തിൽ എത്തിക്കഴിഞ്ഞതിനുശേഷം തടയണ കെട്ടിയത് കൊണ്ട് യാതൊരു കാര്യവുമില്ല.

മറുനാടൻ മലയാളി എന്ന ചാനലിെൻറ പ്രധാനിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചില കേസുകളുടെ വാർത്തകൾ നാം കേൾക്കുന്നുണ്ട്. മാധ്യമ പ്രവർത്തനമെന്ന പേരിൽ ആരെക്കുറിച്ചും എന്തും പറയാനും കടുത്ത വിഭാഗീയതക്ക് വഴിവെക്കുന്നവിധം അടിസ്ഥാനരഹിതമായ വാർത്തകൾ നൽകാനും മടി കാണിക്കാത്ത അദ്ദേഹത്തിന് ഒരു കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം കൊടുക്കാൻ ഇത് എഴുതും വരെ തയ്യാറായിട്ടില്ല. ആ ഒരു സാഹചര്യത്തിൽ പോലും അദ്ദേഹത്തിനെതിരെ ചെറുവിരലനക്കാൻ ഉത്തരവാദപ്പെട്ടവർക്കായിട്ടില്ല എന്നത് അത്ര നല്ല സന്ദേശമല്ല നൽകുന്നത്. കേരളത്തിൽ പോലും അവസ്ഥ ഇതാണെങ്കിൽ മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് നമുക്ക് ആലോചിക്കാവുന്നതാണ്.

നമ്മൾ സ്വീകരിക്കേണ്ട മറ്റൊരു നിലപാട് ഒരിക്കലും സെലക്ടീവ് ആകരുത് എന്നതാണ്. നാർക്കോട്ടിക് ജിഹാദ് എന്ന വ്യാജ ആരോപണം ഓർക്കുക. വലിയ വിദ്വേഷത്തീയാണ് അന്ന് പ്രചരിപ്പിക്കപ്പെട്ടത്. പക്ഷേ, ഇതിനെതിരിൽ കൃത്യസമയത്ത് നടപടി എടുക്കുന്ന വിഷയത്തിൽ അധികാരികൾ അമാന്തം കാണിക്കുകയാണുണ്ടായത്. ലവ് ജിഹാദ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതാണ്. എന്നിട്ടും അതിപ്പോഴും പലരും പറഞ്ഞുകൊണ്ടേയിരിക്കുന്നു, കഥകൾ മെനഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ, അതിനെതിരെ നടപടികൾ പലപ്പോഴും ഉണ്ടാകുന്നില്ല.

ഭരണകൂടങ്ങൾ ജനങ്ങളെ ഇരുട്ടിൽ നിർത്താൻ പാടില്ല. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ ഒരിക്കലും സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കരുത്. സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ 80: 20 പ്രശ്‌നം വന്നപ്പോൾ തികഞ്ഞ മൗനമാണ് കുറേകാലം സർക്കാരിെൻറ ഭാഗത്തുനിന്നും ഉണ്ടായത്. അതൊക്കെ ഒരുപാട് വെറുപ്പ് പടർന്നു പിടിക്കാൻ കാരണമായിട്ടുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല.

നാർക്കോട്ടിക് ജിഹാദ് ആരോപണമുയർന്നപ്പോൾ ഏതാനും ആഴ്ചകൾ കഴിഞ്ഞിട്ടാണ് ലഹരിയുപയോഗവുമായി ബന്ധപ്പെട്ട കണക്ക് സർക്കാർ പുറത്തുവിട്ടത്. ആ കണക്ക് ഗവൺമെൻറിെൻറ പക്കൽ നേരത്തെയുള്ളതാണ്. അത് നേരത്തെ വ്യക്തമാക്കുകയും അങ്ങനെയൊരു ജിഹാദ് വെറും ആരോപണമാണ് എന്നു പ്രസ്താവിക്കുകയും ചെയ്തിരുന്നുവെങ്കിൽ അത്രയും ദിവസം വിദ്വേഷത്തിെൻറ പുഴ നമ്മുടെ നാടുകളിൽ ഒഴുകുമായിരുന്നില്ല.

കേരളത്തിലുള്ള മദ്‌റസകളിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതും അവർക്ക് ക്ഷേമഫണ്ട് കൊടുക്കുന്നതും സർക്കാരിെൻറ ഖജനാവിൽ നിന്നാണ് എന്ന വ്യാജ പ്രചാരണം നടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഈ കള്ള പ്രചാരണം തുടങ്ങിയ ഘട്ടത്തിൽതന്നെ ഉത്തരവാദപ്പെട്ടവർ രംഗത്തുവന്നു കൊണ്ട് അത് വസ്തുതാവിരുദ്ധമാണ്, അങ്ങനെയില്ല എന്ന് വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. അത് അവരുടെ ബാധ്യതയുമാണ്. വെറുപ്പ് പടർന്നു പിടിക്കാൻ കുറെ സമയം നൽകിയതിനു ശേഷം വ്യക്തമല്ലാത്ത ചില വ്യക്തമാക്കൽ നടത്തിയിട്ട് എന്തു കാര്യം?

അതുപോലെതന്നെ സോ ഷ്യൽ മീഡിയകൾ വഴി വെറുപ്പ് പ്രചരിപ്പിക്കുന്നവരെ ഉടൻ ബ്ലോക്ക് ചെയ്യുവാനുള്ള നിർദേശം സർക്കാരിെൻറ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. പരാതിക്ക് കാത്തിരിക്കാതെ വെറുപ്പിനെതിരെ നടപടിയെടുക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശം ഇനിയെങ്കിലും നമ്മൾ നടപ്പാക്കേണ്ടതുണ്ട്. അതുപോലെതന്നെ അക്രമികളെ നിയന്ത്രിക്കുന്നതിന് പകരം അക്രമത്തിന് വിധേയരായവരോട് ‘മരുന്നിട്ട് കൊടുക്കരുത്’ എന്നതുപോലുള്ള ഉപദേശം നൽകുന്ന നിലപാട് ഇനിയെങ്കിലും തിരുത്തേണ്ടതുണ്ട്. വർഗീയവാദികൾക്ക് ഭരണകൂടം മരുന്നിട്ട് കൊടുക്കുന്ന നടപടിയും അവസാനിപ്പിക്കേണ്ടതുണ്ട്. ബോധപൂർവം വിവാദമുയർത്തുകയും അതിനുശേഷം പ്രതിഷേധം വിളിച്ചുവരുത്തുകയും പിന്നീട് അത് പരിഹരിക്കുകയും ചെയ്യുക, അങ്ങനെ വിവാദം വർഗീയ വാദികൾക്ക് ചാകരയാവുകയും അത് പരിഹരിക്കുമ്പോൾ അതിെൻറ കക്ഷികൾക്ക് സമാധാനം ഉണ്ടാവുകയും ചെയ്യുന്ന ഒരു പ്രത്യേക രീതി ഏതാനും വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ചതായി കണ്ടിട്ടുണ്ട്. അതിെൻറ ഏറ്റവും വലിയ ഉദാഹരണമാണ് വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിവാദം. പിഎസ്.സി പരീക്ഷ വെള്ളിയാഴ്ചയിലും പെരുന്നാൾ ദിനത്തിലും പ്രഖ്യാപിക്കുകയും മുസ്‌ലിം സമുദായത്തിൽ പെട്ടവർ അതിനെതിരിൽ എതിർപ്പുമായി രംഗത്ത് വന്നപ്പോൾ തീയതി മാറ്റിയതും ഇതിന് ഉദാഹരണമാണ്.

വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബില്ല് പിൻവലിക്കാൻ എത്രപ്രാവശ്യമാണ് തിരുവനന്തപുരത്തേക്ക് മുസ്‌ലിം നേതാക്കന്മാരെയും പണ്ഡിതന്മാരെയും വിളിപ്പിച്ചത് എന്തിനാണ് അതൊക്കെ ചെയ്തത്? ഏതെങ്കിലും മുസ്‌ലിം സംഘടനകൾ ആവശ്യപ്പെട്ടുവോ വഖഫ്‌ബോർഡ് നിയമനം പിഎസ്.സിക്ക് വിടണം എന്ന്? ആരും ആവശ്യപ്പെടാത്ത ഒരു കാര്യമാണത്. ഇങ്ങനെയുള്ള ചില വിഷയങ്ങൾ കൊണ്ടുവരികയും അത് ചർച്ചയാവുകയും വിവാദമാവുകയും ചെയ്യുമ്പോൾ ഞങ്ങൾ അത് പിൻവലിച്ചു എന്ന് പറയുകയും ചെയ്യുക. അപ്പോൾ എന്തോ ഒരു വലിയ കാര്യം മുസ്‌ലിം സമുദായത്തിന് ചെയ്തുകൊടുത്തു എന്ന ഒരു പ്രതീതി അവിടെ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിെൻറ സമയത്ത് പിഎസ് സി പരീക്ഷ തീരുമാനിക്കുന്നു. മുസ്‌ലിംകൾ പ്രതിഷേധിക്കുന്നു. അപ്പോൾ ദിവസം മാറ്റുന്നു. അതാകട്ടെ പെരുന്നാൾ ദിവസവും. വീണ്ടും മുസ്‌ലിംകൾ പ്രതിഷേധിക്കുന്നു; പെരുന്നാൾ ദിവസം പരീക്ഷ പാടില്ല. വീണ്ടും തീയതി മാറ്റി നിശ്ചയിക്കുന്നു...! എപ്പോഴും മുസ്‌ലിംകൾ പ്രശ്‌നക്കാരാണ് എന്ന ഒരു പ്രതീതി ഉണ്ടാക്കാൻ ഇതുവഴി സാധിക്കുന്നു! മുസ്‌ലിംകൾക്ക് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് വെള്ളിയാഴ്ചയും പെരുന്നാൾ ദിവസമെന്നും അറിയാത്ത ഉദ്യോഗസ്ഥന്മാർ ആരാണ് ഇവിടെയുള്ളത്?

ഈ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് നമുക്ക് പറയാനുള്ള മറ്റൊരു നിർദേശം പാഠ്യപദ്ധതിയിൽ മനുഷ്യസൗഹാർദത്തിെൻറ അനിവാര്യത എന്ന വിഷയം ഉൾപ്പെടുത്തണം എന്നതാണ്. എങ്കിൽ ഭാവി തലമുറ വെറുപ്പിൽനിന്ന് രക്ഷപ്പെട്ടേക്കാം. നമ്മുടെ കുട്ടികൾ ഒന്നിച്ചു പഠിക്കുന്ന വിദ്യാലയങ്ങളിൽ സൗഹാർദാന്തരീക്ഷം വളർത്താൻ അത് ഉപകരിച്ചേക്കാം.

അതുപോലെ തന്നെ അധ്യാപകർക്ക് നൽകുന്ന ട്രെയിനിങ്ങുകളിലും ഈ വിഷയത്തിന് ഊന്നൽ നൽകണം. അധ്യാപക സമൂഹമേ, നിങ്ങളുടെ മുമ്പിലിരിക്കുന്ന കുട്ടികളെ കണക്കും സയൻസും മറ്റു വിഷയങ്ങളും പഠിപ്പിച്ച് ഉത്തരമെഴുതിക്കുക മാത്രമല്ല നിങ്ങൾ ചെയ്യേണ്ടത്, നമുക്കിടയിൽ പ്രസരിച്ചുകൊണ്ടിരിക്കുന്ന വിദ്വേഷത്തിെൻറയും വെറുപ്പിെൻറയും വേരറുത്തു മാറ്റി സൗഹാർദത്തിെൻറ അന്തരീക്ഷമുണ്ടാക്കുന്നതിൽ അടുത്ത തലമുറയെക്കൂടി പങ്കാളികളാക്കുക എന്ന വലിയ ഒരു ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്.

അധ്യാപകർക്ക് നൽകുന്ന ട്രെയിനിങ്ങുകളിൽ മൊഡ്യൂളുകൾ ആയി ഈ വിഷയം കൊണ്ടുവരേണ്ടതുണ്ട്. അതാണ് പോസിറ്റീവായ രീതി എന്ന് പറയുന്നത്. യുഎഇയിൽ അടുത്തകാലത്ത് രൂപീകരിച്ചതാണ് Tolarance നു വേണ്ടി പ്രത്യേകമായ ഒരു മന്ത്രാലയം. അങ്ങനെ ഒരു മന്ത്രാലയം നമ്മുടെ നാട്ടിലും വരണം.

ന്യൂസിലാൻഡ് കാണിച്ച മാതൃക

യുഎൻ അസംബ്ലി, മാർച്ച് പതിനഞ്ചാം തീയതി ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിച്ചതിെൻറ പിന്നിൽ ഒരു പശ്ചാത്തലമുണ്ട്. ന്യൂസിലാൻഡിൽ ഒരു മുസ്‌ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 51 പേർ കൊല്ലപ്പെടുകയുണ്ടായി. ആ സംഭവത്തിന് ശേഷം ആ രാജ്യത്തിെൻറ പ്രസിഡൻറ് രംഗത്ത് വരികയും ഒരു നാട്ടിൽ വർഗീയതയും വിഭാഗീയതയും വെറുപ്പും വിദ്വേഷവും പുകഞ്ഞു കത്തുമ്പോൾ അവിടെ എന്താണ് ചെയ്യേണ്ടത് എന്നതിന് വളരെ മാതൃകാപരമായ ഒരു നടപടിക്രമം സ്വീകരിക്കുകയുമുണ്ടായി. മുറിവേറ്റ മുസ്‌ലിം സമുദായത്തിൽ പെട്ടവരെ പാർലമെൻറിെൻറ അകത്തളത്തിലേക്ക് വിളിച്ചു കൊണ്ടുവന്ന് അവിടെവെച്ച് വിശുദ്ധ ക്വുർആൻ പാരായണം അനുവാദം നൽകി. ബാങ്ക് വിളിപ്പിച്ചു, അത് റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തു. അതുവഴി എല്ലാ കുടിലുകളിലും കൊട്ടാരങ്ങളിലും ബാങ്കോലി അവർ മുഴക്കിച്ചു. അതിനു ശേഷമാണ് മാർച്ച് 15 ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായിട്ട് പ്രഖ്യാപിക്കപ്പെട്ടത്. നമ്മുടെ കേരളത്തിൽ ഈ ദിനാചരണം നല്ല രീതിയിൽ ആസൂത്രണം ചെയ്തു നടപ്പാക്കാൻ സർക്കാർ തയ്യാറാകണം. ഓരോ ദിവസവും വിദ്യാലയങ്ങളിലേക്ക് ദിനാചരണവുമായി ബന്ധപ്പെട്ട് സർക്കാർ സർക്കുലർ അയക്കാറില്ലേ? ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിലും സർക്കുലർ അയക്കണം. അങ്ങനെ സൗഹാർദത്തിെൻറ വഴികൾ വെട്ടിത്തെളിക്കുക. ഇതൊക്കെ ഭരണകൂടം ചെയ്യേണ്ട ഉത്തരവാദിത്തങ്ങളാണ്.

മാധ്യമ ധർമം

രണ്ടാമതായി മാധ്യമങ്ങളുടെ ഭാഗമാണ്. മാധ്യമങ്ങൾ ജനങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന സംവിധാനമാണ്. മാധ്യമങ്ങൾക്കും ഇതിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുവാനുണ്ട്. മാധ്യമങ്ങൾ റേറ്റിംഗിനല്ല; നാടിെൻറ നിലനിൽപ്പിനാകണം പ്രാധാന്യം നൽകേണ്ടത്. നാടും നാട്ടുകാരുമുണ്ടെങ്കിലേ ചാനലുകൾക്കും പത്രങ്ങൾക്കും നിലനിൽപ്പുള്ളൂ. അതുകൊണ്ട് തന്നെ ഞങ്ങളുടെ പത്രത്തിന് വായനക്കാർ ഉണ്ടാകണം, ചാനലിന് റീച്ച് കൂടണം, അതിനായി ഏതു വിഷയം വന്നാലും അത് ലൈവിൽ കൊടുക്കും എന്നതാകരുത് തങ്ങളുടെ നയം. ‘എല്ലാ മീഡിയകളിലും വരുന്നുണ്ട്, ഞങ്ങളുടെ മീഡിയയിൽ മാത്രം വരാതിരുന്നിട്ട് എന്തു കാര്യം’ എന്നതാകരുത് ന്യായം. അവിടെ ഉറച്ചു നിൽക്കാൻ കഴിയണം. എല്ലാ മീഡിയകളും കൊടുത്താലും അത് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല, അതാണ് ഞങ്ങളുടെ പോളിസി എന്ന് പറയാൻ ധൈര്യവും തൻറേടവും കാണിക്കണം. അതാണ് ഈ കാലഘട്ടം തേടുന്ന മീഡിയ പ്രവർത്തനം.

അതുപോലെ തന്നെ റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ സമൂഹത്തിൽ വിഭജനം ഉണ്ടാക്കുന്നതല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അന്തിച്ചർച്ചയുടെ വിഷയം വളരെ കരുതലോടുകൂടിയായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ചർച്ചയിലൂടെ ജനങ്ങൾക്ക് എന്തു നേട്ടമാണ് ഉണ്ടായത് എന്നതാണ് ഗൗരവപൂർവം നാം പരിഗണിക്കേണ്ട ഒരു വിഷയം. ജനങ്ങൾക്കിടയിൽ വെറുപ്പും അകൽച്ചയുമുണ്ടാക്കുന്ന വാർത്തകൾ അവഗണിക്കാൻ മീഡിയകൾ പരസ്പര ധാരണയുണ്ടാകണം. മതനിരപേക്ഷ നിലപാടുള്ള ചാനലുകൾക്ക്, പത്രങ്ങൾക്ക് ഏകാഭിപ്രായത്തിൽ എത്താൻ സാധിക്കണം. ചാനൽ ചർച്ചകളിൽ എല്ലാ വെട്ടുകത്തികൾക്കും അവസരം നൽകുന്നതും അവസാനിപ്പിക്കണം. എന്ത് ചർച്ച വന്നാലും ബിജെപിയുടെയും സംഘപരിവാർ ഹാൻഡ്‌ലുകളിലുള്ള ഏതെങ്കിലും ഒരു പ്രതിനിധിയെ ചാനലിലെ നാലാമത്തെ ഒരാളായി കൊടുത്തെങ്കിലേ ചർച്ച പൂർണമാവുകയുള്ളൂ എന്ന കാഴ്ചപ്പാട് ഏതാനും വർഷങ്ങളായി കേരളത്തിൽ കണ്ടുവരുന്നതാണ്. കേന്ദ്രത്തിൽ അവരാണ് ഭരിക്കുന്നത്, കേന്ദ്രവുമായി നേരിട്ട് ബന്ധപ്പെടുന്ന ഒരു വിഷയത്തിൽ അവരുടെ പ്രതിനിധിയെ ആവശ്യമുണ്ടാകും. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല കാര്യം.

(അവസാനിച്ചില്ല)