മലയാളി നാസ്തികതയുടെ പെണ്ണവകാശ സംരക്ഷണവും ലിബറൽ ചതിക്കുഴികളും

അലി ചെമ്മാട്

2023 ഡിസംബർ 23 , 1445 ജു.ഉഖ്റാ 10

പെണ്ണവകാശങ്ങളുടെ മൊത്തക്കുത്തക അവകാശപ്പെടുന്നവരാണ്‌ നിരീശ്വരവാദികൾ. കേരളത്തിലാവട്ടെ, തങ്ങളല്ലാത്തവരെല്ലാം പെൺവിരുദ്ധരാണെന്ന മട്ടിലാണിവർ പുലമ്പി നടക്കാറ്‌. എന്നാൽ കേരള നിരീശ്വരവാദികളുടെ രചനകൾ പരിശോധിച്ചാൽ ഈ രംഗത്തെ അവരുടെ ഇരട്ടത്താപ്പും കാപട്യവും പകൽവെളിച്ചം പോലെ ബോധ്യമാവും.

പെൺപക്ഷ വാദികളും സ്ത്രീയുടെ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി പോരാടുന്നവരും എന്ന് അവകാശപ്പെടുന്ന നാസ്തികർ; സ്വന്തം സമൂഹത്തിൽ സ്ത്രീകൾക്ക് ഉന്നതസ്ഥാനവും സ്ത്രീപുരുഷ സമത്വവും നൽകുന്നവരും നടപ്പാക്കുന്നവരുമാണ് തങ്ങൾ എന്നാണ് അവകാശപ്പെടാറുള്ളത്. വസ്തുതയെന്തെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. നാസ്തിക സമൂഹത്തിൽ പെണ്ണിന്റെ സ്ഥാനവും നിലയും വിലയും എന്താണെന്ന് പരിശോധിക്കുവാനാണ് മലയാള നാസ്തിക രചനകളെ അടിസ്ഥാനമാക്കി ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. അനുബന്ധമായി കേരള സമൂഹത്തിന്റെ ധാർമികാധഃപതന ലക്ഷ്യത്തോടെയുള്ള സാംസ്‌കാരിക വിപണനവും പരിഗണനീയം തന്നെ.

‘യുക്തിരേഖ’ മാസിക 2012 മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ച പി. എസ്. ഹരിഹരക്കുറുപ്പിന്റെ ‘സ്ത്രീ വിമോചനവും ചില യാഥാർഥ്യങ്ങളും’ എന്ന ലേഖനം മനസ്സിരുത്തി വായിക്കേണ്ടതാണ്. അദ്ദേഹം ഈ ലേഖനമെഴുതാനുണ്ടായ സാഹചര്യം ലേഖനത്തിന്റെ തുടക്കത്തിൽ വ്യക്തമാക്കുന്നു: “കേരള യുക്തിവാദിസംഘം ഇരുപത്തിയേഴാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വനിതാ സമ്മേളനം ഗംഭീരമായി എന്ന് സമ്മേളനത്തിൽ പങ്കെടുത്ത ആർക്കും ബോധ്യപ്പെടും. ‘മതങ്ങളും സ്ത്രീ സ്വാതന്ത്ര്യവും’ എന്ന വിഷയമവതരിപ്പിച്ച ഡോ. പർവീണും മിനി കെ. ഫിലിപ്പും തങ്ങളെ എൽപിച്ച വിഷയങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തു എന്നതിൽ അഭിനന്ദനം അർഹിക്കുന്നു. എന്നാൽ സ്ത്രീ വിമോചന പ്രശ്‌നത്തിൽ ചില യാഥാർഥ്യങ്ങളും പരിഗണിക്കേണ്ടതുണ്ട് എന്ന് സൂചിപ്പിക്കാനാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്’’ (യുക്തിരേഖ മാസിക, 2012 മെയ്, പേജ് 22).

മുഖവുര തന്നെ കാര്യങ്ങൾ വ്യക്തമാക്കുന്നു. വനിതാ സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച സ്ത്രീകളുടെ ആശയങ്ങൾ ഹരിഹരക്കുറുപ്പിലെ പുരുഷന് ദഹിച്ചില്ല എന്നതിൽനിന്നും ഉണ്ടായ പ്രതികരണമാണ് കുറുപ്പിന്റെ ഈ കുറിപ്പ്. ‘മതങ്ങളും സ്ത്രീ സ്വാതന്ത്ര്യവും’ എന്ന വിഷയം മാത്രമെ കുറുപ്പ് എടുത്ത് പറയുന്നുള്ളൂ. പരിപാടിയിൽ പ്രസംഗിച്ച മറ്റുള്ളവർ എന്തു പറഞ്ഞു എന്ന് കുറുപ്പിന്റെ കുറിപ്പിൽ വ്യക്തമല്ല. അവർ നടത്തിയ പ്രസംഗത്തിൽ ഹരിഹരക്കുറുപ്പിനെ, കുറുപ്പിലെ പുരുഷമേധാവിയെ ചൊടിപ്പിച്ച സന്ദേശമെന്താണെന്ന് മനസ്സിലാക്കാൻ മാർഗമില്ലെങ്കിലും ഹരിഹരക്കുറുപ്പിനെ പോലെയുള്ള നാസ്തികർക്ക് അത് അംഗീകരിക്കാൻ കഴിയുന്നില്ല എന്നത് വ്യക്തം. എടുത്തുപറഞ്ഞ ‘മതങ്ങളും സ്ത്രീ സ്വാതന്ത്ര്യവും’ എന്ന വിഷയം അദ്ദേഹത്തെ കോൾമയിർ കൊള്ളിച്ചു കാണും. കാരണം അത് മത വിമർശനമാണല്ലോ!

അദ്ദേഹം എഴുതുന്നു: “പ്രകൃതിയിൽ സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്. സ്ത്രീ-പുരുഷ സംയോഗത്തിലൂടെയാണ് ജീവജാലങ്ങളുടെ നിലനിൽപ് പ്രകൃതി ഉദ്ദേശിക്കുന്നത്. ഒരു ശിശുവിനെ ഗർഭം ധരിക്കുന്നതിനും പ്രസവിക്കുന്നതിനും ആ ശിശുവിന്റെ പരിപാലനത്തിനും സംരക്ഷണത്തിനും ആവശ്യമായതെല്ലാം പ്രകൃതി, സ്ത്രീശരീരത്തിലൂടെ വിദഗ്ധമായി കൈകാര്യം ചെയ്തിരിക്കുന്നു’’ (യുക്തിരേഖ മാസിക, 2012 മെയ്, പേജ് 22).

നിർജീവമായ പ്രകൃതി കാര്യങ്ങൾ ‘ഉദ്ദേശിക്കുന്നത്,’ ‘വിദഗ്ധമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്’ പതിവു ‘യുക്തിവാദി തമാശ’യാണ്. അതിനെ നാം വെറുതെ വിടുക. സ്ത്രീപുരുഷന്മാരുടെ ജൈവിക ധർമങ്ങൾ എന്തൊക്കെയാണെന്ന ചർച്ചയും നമുക്ക് തൽക്കാലം മറക്കുക. (ധർമാധർമ ചർച്ചകൾ നാസ്തികത്തെ ബാധിക്കുന്നതല്ലല്ലോ!).

യുക്തിരേഖ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ വീക്ഷണപ്രകാരം നാസ്തികതയുടെ ദാർശനിക ഭൂമികയിൽ പെണ്ണ് ആരാണ് എന്നതാണ് പ്രസക്ത വിഷയം. നാസ്തിക പുരുഷൻമാർ പെണ്ണിനെ വിലയിരുത്തുന്നതെങ്ങനെയാണെന്ന് മനസ്സിലാക്കാൻ അതാണല്ലോ ഏറ്റവും ആവശ്യമായിട്ടുള്ളത്. നാസ്തിക വീക്ഷണപ്രകാരം മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളും അന്ധമായ പരിണാമ പ്രക്രിയയിലൂടെ രൂപംകൊണ്ട രാസസംയുക്തങ്ങൾ മാത്രമാണ്. മനുഷ്യന് ആത്മാവില്ല എന്ന് നാസ്തികത ശഠിക്കുന്നു. പദാർഥേതരമായ എന്തെങ്കിലും അസ്തിത്വ സവിശേഷതകളോ ജീവിതലക്ഷ്യമോ ഇല്ലാത്ത ഒരു ജൈവയന്ത്രം മാത്രമാണ് നാസ്തികർക്ക് മനുഷ്യൻ.

മനുഷ്യശരീരത്തിലെ സാധ്യതകൾ അവരുടെ കാഴ്ചപ്പാടിൽ ഒരു യന്ത്രത്തിന്റെ സാധ്യതകൾ മാത്രമാണ്. അപ്പോൾ ആരാണ് യുക്തിരേഖ ലേഖകന്റെ വീക്ഷണത്തിലെ പെണ്ണ്? അവൾ ഭോഗയന്ത്രവും പ്രസവയന്ത്രവും ശിശുപരിപാലനയന്ത്രവും മാത്രമാണ്. നാസ്തികൻ (പുരുഷൻ) തന്റെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റാനും സന്താന നിർമാണത്തിനും സ്ഥാപിക്കേണ്ട ഒരു യന്ത്രം മാത്രമാണ് പെണ്ണ് എന്നുതന്നെ! (സന്താന നിർമാണം വേണ്ട എന്നും സന്താനം ഉണ്ടെങ്കിൽ തന്നെ അതിനെ വളർത്തേണ്ട ബാധ്യത തങ്ങൾക്കില്ല എന്നുമുള്ള നാസ്തിക’മദം’ പിന്നെ പരിഗണിക്കാം).

‘പെൺയന്ത്ര’ത്തിന്റെ ‘പരിമിതികൾ’ എന്തൊക്കെയാണെന്നും ‘യന്ത്രപരിപാലകനായ’ പുരുഷൻ ‘ശ്രദ്ധിക്കേണ്ട’ കാര്യങ്ങൾ എന്തെല്ലാമെന്നും ലേഖകൻ തുടർന്ന് വിവരിക്കുന്നുണ്ട്:

“മനുഷ്യർ മാത്രമല്ല എല്ലാ ജീവവിഭാഗങ്ങളിലും ശത്രുക്കളെ നേരിടുന്ന സാഹചര്യത്തിൽ സ്ത്രീശരീരം നിസ്സഹായമാണ്. ആ സാഹചര്യങ്ങളിലെല്ലാം അവളുടെ സംരക്ഷണച്ചുമതല പുരുഷവിഭാഗത്തിൽ പ്രകൃതി നിക്ഷിപ്തമാക്കിയിരിക്കുന്നു എന്നാണ് അനുമാനിക്കേണ്ടത്’’ (പേജ് 22). സ്ത്രീയുടെ സംരക്ഷണച്ചുമതല ഇസ്‌ലാം പുരുഷനിൽ നിക്ഷിപ്തമാക്കിയിരിക്കുന്നു എന്നു പറഞ്ഞാൽ അത് പുരുഷ മേധാവിത്വമാണെന്ന് ഇക്കൂട്ടർ പറയുകയും ചെയ്യും!

‘യന്ത്ര’ത്തിന്റെ സംരക്ഷണം യന്ത്രത്തിന്റെ ഉടമസ്ഥനായ പുരുഷനാണെന്നാണ് നാസ്തികമതം. പക്ഷേ, അതിന് ജീവിവർഗങ്ങളെ ഒന്നാകെ പഴിചാരേണ്ട കാര്യമുണ്ടായിരുന്നില്ല. തേനീച്ചകളെയും ഉറുമ്പുകളെയും സംബന്ധിച്ച പ്രാഥമികമായ അറിവെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരബദ്ധം അദ്ദേഹം പറയുമായിരുന്നില്ല. അത്തരം ജീവികളുടെ കോളനികളിൽ പുരുഷൻ കേവലം ലൈംഗിക തൊഴിലാളിയായി തിന്നും കുടിച്ചും രമിച്ചും ജീവിക്കുമ്പോൾ പെൺവർഗം തങ്ങളുടെ കോളനിയുടെ സംരക്ഷണവും അന്നം തേടലുമടക്കം എല്ലാ ജോലിയും ചെയ്യുന്നു. ഇതൊക്കെ എഴുതി പ്രസിദ്ധീകരിക്കുന്നത് ശാസ്ത്രം, യുക്തി, സ്വതന്ത്രചിന്ത എന്നിങ്ങനെ വാചോടാപം നടത്തുന്ന നാസ്തികരാണെന്നത് ഏറെ കൗതുകമാണ്.

ലേഖകൻ തുടരുന്നു: “എല്ലാ വിഭാഗങ്ങളിലും ശരീരഘടനതന്നെ സ്ത്രീക്കും പുരുഷനും വ്യത്യസ്തമാണ്. ആകൃതിയിൽ മാത്രമല്ല വ്യത്യാസം. ശരീരത്തിലെ കോശഘടനയിലും രക്തത്തിലെ വിവിധ ഘടകങ്ങളുടെ അളവിലും വ്യത്യസ്തത കാണിക്കുന്നു. സാധാരണഗതിയിൽ രക്തത്തിൽ ഉണ്ടാകേണ്ട അളവിലും സ്ത്രീയിലും പുരുഷനിലും പ്രത്യേകം പ്രത്യേകമാണ്. സ്ത്രീശരീരം പുതിയ ഒരു ശിശുവിനെ സൃഷ്ടിക്കേണ്ട സാഹചര്യം കണക്കിലെടുത്താണ് ഈ വ്യത്യാസം പ്രകൃതി ഒരുക്കിയിരിക്കുന്നത് എന്നല്ലേ അനുമാനിക്കേണ്ടത്?’’ (പേജ് 22).

ഇതൊക്കെത്തന്നെയാണ് മതവിശ്വാസികളും പറയുന്നത്. പെണ്ണ് എല്ലാ നിലയ്ക്കും (ശാരീരികമായും മാനസികമായും) പെണ്ണു തന്നെയാണ്, ആണ് ആണുമാണ്. അതുകൊണ്ടുതന്നെ സ്ത്രീപുരുഷ സമത്വം എന്നത് തലതിരിഞ്ഞ ആശയമാണ്. പെണ്ണിനെ ആണിന്റെ വേഷം ധരിപ്പിച്ചതുകൊണ്ടോ ബസ് സ്റ്റോപ്പിലും മറ്റും ആണിന്റെ മടിയിലിരുത്തിയതുകൊണ്ടോ ആ സമത്വം പുലരില്ല.

ലേഖകൻ പറയുന്നു, പെണ്ണിന്റെ സഹജപ്രകൃതിയും ജൈവികധർമവുമാണ് പ്രസവം എന്ന്. എങ്കിൽ സ്വാഭാവികമായും അവളെ പ്രസവിക്കാൻ അനുവദിക്കുക എന്നത് ഭർത്താവായ പുരുഷന്റെ ഉത്തരവാദിത്തമാണെന്ന് വരുന്നു. എന്നാൽ ആ ഉത്തരവാദിത്തം നിർവഹിക്കാൻ നാസ്തിക ഭർത്താക്കന്മാരെ കിട്ടില്ലെന്ന് മാത്രം!

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന നാസ്തിക മാസികയായ യുക്തിവിചാരത്തിന്റെ ഈ വിഷയത്തിലെ കാഴ്ചപ്പാട് നോക്കൂ:

“വിവാഹം ഫലപ്രദമാകണമെങ്കിൽ താൻ പ്രസവിച്ചേ മതിയാകൂ എന്ന തീരുമാനത്തോടെയെത്തുന്ന ഭാര്യക്ക്, കുഞ്ഞ് ഒരു അധികപ്പറ്റാണെന്ന യുക്തിവാദിയായ ഭർത്താവിന്റെ തീരുമാനത്തോട് യോജിക്കാനും കഴിയില്ല’’ (യുക്തിവിചാരം മാസിക, 2010 ഡിസംബർ പേജ് 16,17).

എന്താണിപ്പറഞ്ഞതിനർഥം? പ്രസവിക്കാനുള്ള തീവ്രമായ അഭിലാഷവുമായി തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഭാര്യയുടെ നൈസർഗിക സ്‌ത്രൈണചോദന പൂർത്തീകരിക്കാൻ നാസ്തിക ഭർത്താവ് തയ്യാറാവില്ല എന്ന്. കാരണം, കുഞ്ഞ് ഒരു അധികപ്പറ്റാണെന്ന് ‘മനസ്സിലാക്കുന്നവനാണ്’ നാസ്തികൻ. സ്വാർഥതയും സ്വസുഖവുമാണ് നാസ്തികതയുടെ ‘ആദർശം,’ കുഞ്ഞിനെ വളർത്തുന്നത് പോലുള്ള ത്യാഗവും ചെലവും ആവശ്യമുള്ള ‘വിഡ്ഢിത്തങ്ങൾ’ക്ക് നാസ്തികരെ കിട്ടില്ല. അതുകൊണ്ട് പ്രിയപ്പെട്ട പെണ്ണേ, നിന്റെ പ്രകൃതിപരമായ ചോദനകളെ അടക്കിപ്പിടിച്ച് ആത്മവഞ്ചന ചെയ്തും നീ ഭർത്താവിന്റെ നാസ്തികതയോട് ചേർന്നുനിൽക്കണം!

പെണ്ണിന്റെ ജീവശാസ്ത്രപരമായ സവിശേഷതകൾ രണ്ടുരീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഗർഭധാരണം, പ്രസവം, മുലയൂട്ടൽ, ശിശുപരിപാലനം തുടങ്ങിയ അവസരങ്ങളിൽ സ്ത്രീക്കുണ്ടാകുന്ന ജൈവിക പ്രയാസങ്ങളിൽ പുരുഷൻ അവൾക്ക് താങ്ങായി നിൽക്കണം എന്നു പറയാൻ വേണ്ടിയാണ് മുസ്‌ലിം പണ്ഡിതന്മാർ അത്തരം വിശദാംശങ്ങളിലേക്ക് പ്രധാനമായും പോകാറുള്ളത്. പ്രസവവും അനുബന്ധ ശാരീരിക പ്രവർത്തനങ്ങളുമെല്ലാം ‘നിലവാരമില്ലാത്ത’ ഏർപ്പാടുകളാണ് എന്നും അവ നിർവഹിക്കാൻ പ്രകൃതിപരമായി ബാധ്യസ്ഥരായ സ്ത്രീശരീരങ്ങൾ പുരുഷനെ അപേക്ഷിച്ച് ഒരുപടി താഴെയാണെന്നും വാദിക്കുന്ന പുരുഷാധിപത്യ ‘ബുദ്ധി’ജീവികളാണ് വേറൊരു രീതിയിൽ അവയെക്കുറിച്ച് സംസാരിക്കാറുള്ളത്. രണ്ടു വ്യത്യസ്ത ലക്ഷ്യങ്ങൾക്കു വേണ്ടിയാണ് പെൺശരീരത്തിന്റെ സവിശേഷതകൾ ചർച്ചക്കെടുക്കപ്പെടാറുള്ളത് എന്ന് ചുരുക്കം.

ഇതിൽ, ആണിനുമേൽ ഉത്തരവാദിത്തങ്ങൾ ചുമത്തുക തങ്ങളുടെ ലക്ഷ്യമല്ലെന്ന് നാസ്തികർ വ്യക്തമാക്കിയത് നാം കണ്ടു. ലക്ഷ്യം ആൺകോയ്മയെ സിദ്ധാന്തവത്കരിക്കലാവുക മാത്രമാണ്. പ്രസവിക്കണമെന്നാണ് പെണ്ണിന്റെ ആഗ്രഹം. പെണ്ണ് പ്രസവിക്കേണ്ടതില്ലെന്നാണ് നാസ്തികന്റെ തീരുമാനം. പെൺതാൽപര്യങ്ങൾക്ക് മുകളിൽ ആൺ തിട്ടൂരക്കോടാലി വെക്കുന്നതിന്റെ പേരാകുന്നു നാസ്തികത! കുഞ്ഞ് അതികപ്പറ്റാണ് എന്ന ആണിന്റെ താൽപര്യം നാസ്തികം ഏറ്റെടുക്കുന്നു. പെണ്ണിന്റെ ശബ്ദവും ആഗ്രഹവും ആവശ്യങ്ങളും അവകാശങ്ങളും വികാരങ്ങളും അടിച്ചമർത്തപ്പെടുന്നു. അപ്പോൾ നാസ്തികത്തിന്റെ ലിംഗം ഏതെന്നു തീർച്ചപ്പെടുന്നു. ഇത് തിരിച്ചറിയാത്ത, തിരിച്ചറിയാൻ നിർവാഹമില്ലാത്ത പാവം നാസ്തിക സ്ത്രീജന്മങ്ങൾ! എടുത്തു പറയേണ്ട മറ്റൊരു കാര്യം, സന്താനങ്ങൾ വേണ്ട എന്ന നാസ്തിക തീരുമാനം മനുഷ്യ നിലനിൽപിനെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട് എന്നതാണ്.

നാസ്തിക സാമൂഹ്യവ്യവസ്ഥിതിയിൽ ആണിന്റെയും പെണ്ണിന്റെയും കുട്ടികളുടെയും സ്ഥാനം വ്യക്തമാക്കുന്ന ചില ഉദ്ധരണികളിലൂടെ അൽപം മുന്നോട്ട് പോകാം. നാസ്തികൻ സമൂഹത്തിൽ എങ്ങനെ ജീവിക്കണം, അവന്റെ സാമൂഹ്യ പ്രതിബദ്ധത എന്താണ് തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു പുസ്തകമാണ് ഏറ്റുമാനൂർ ഗോപാലനെഴുതി ‘യുക്തിവാദ പ്രചാരണവേദി, തൃശൂർ’ പ്രസിദ്ധീകരിച്ച ‘യുക്തിവാദിയുടെ സാമൂഹ്യവീക്ഷണം.’ കുഞ്ഞ് മാത്രമല്ല, വിവാഹവും ‘അധികപ്പറ്റാണ്’ എന്നാണ് ഗ്രന്ഥകാരന്റെ വീക്ഷണം. ബാധ്യതകൾ ഒന്നുമില്ലാത്ത വ്യഭിചാരത്തിലൂടെയാണ് ലൈംഗികത നാസ്തികൻ ചെയ്യേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്! അദ്ദേഹം സംസാരിക്കട്ടെ:

“യുക്തിവാദികളെ സംബന്ധിച്ചിടത്തോളം, വ്യക്തിപരമായ നിസ്സഹായത ഉണ്ടാകുന്നത് സാമൂഹ്യ ജീവിതത്തിലെ ദൈനംദിന അനുഭവങ്ങളിൽനിന്നാണ്. ജീവിത യാഥാർഥ്യങ്ങളുമായി ഏറ്റുമുട്ടുമ്പോൾ പലരും പരിക്ഷീണിതരായിത്തീരുന്നു. വിവാഹമെന്ന പ്രശ്‌നത്തോടടുക്കുമ്പോൾ യുവാക്കളായ യുക്തിവാദികൾക്കനുഭവപ്പെടുന്ന നിസ്സഹായത ഇതിനുദാഹരണമാണ്’’ (പേജ് 8).

‘യുവാക്കളായ യുക്തിവാദികൾ’ എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കുക. യുവതികളായ, സ്ത്രീകളായ യുക്തിവാദികൾ ഗ്രന്ഥകാരന്റെ വിഷയമല്ല. നാസ്തികർ പുരുഷന്റെ കാര്യമെ പരിഗണിക്കേണ്ടതുള്ളൂ! തുടർന്ന് അദ്ദേഹം ഇതിനുള്ള പരിഹാരവും നിർദേശിക്കുന്നുണ്ട്: “അത്തരമൊരു പ്രതിസന്ധിയിൽ എന്ത് ചെയ്യാൻ കഴിയും? അതിജീവനം തന്നെയാണ് പ്രധാനം. നാശത്തെക്കാൾ എന്തുകൊണ്ടും നല്ലത് അതാണ്’’ (പേജ് 8).

എങ്ങനെ അതിജീവിക്കും എന്നുകൂടി വിശദീകരികുന്നുണ്ട് തുടർ പേജുകളിൽ: “ചില വ്യക്തികൾ ചിലത് വർജിച്ചതുകൊണ്ടും പ്രശ്‌നങ്ങളിൽനിന്നൊഴിഞ്ഞു മാറിയത് കൊണ്ടും സമൂഹം രക്ഷപ്പെടുകയില്ല. ഒഴിഞ്ഞുമാറൽ അഥവാ നിഷേധം (denial or evasion) ത്യാഗമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. മൂല്യശോഷണം തടയാനും സദ്‌വൃത്തിയും സദാചാരവും വളർത്താനും അതാവശ്യമാണെന്ന് വാദിക്കുന്നവരുണ്ട്. ഈ വാദമുന്നയിക്കുന്നവർ യുക്തിവാദികളാണെങ്കിൽ പോലും മതപരമാണ് അവരുടെ വീക്ഷണം’’ (പേജ് 13,14).

വിവാഹത്തോടുള്ള വിരോധംമൂലം ‘ആവശ്യപൂർത്തീകരണ’ത്തോട് പുറംതിരിഞ്ഞു നിൽക്കേണ്ടതില്ല നാസ്തിക പുരുഷൻ എന്നാണ് ഗ്രന്ഥകർത്താവ് പറഞ്ഞുവരുന്നത്. മതവിശ്വാസികളെപ്പോലെ വ്യഭിചാരം ‘പാടില്ല’ എന്നൊന്നും നാസ്തികൻ ‘തെറ്റുധരിക്കരുത്’എന്നാണ് ഉപദേശം. അഥവാ ഏതെങ്കിലും നാസ്തികൻ വ്യഭിചാരത്തിൽനിന്നും മറ്റും മാറിനിൽക്കുന്നുവെങ്കിൽ അവനിൽ മതത്തിന്റെ സ്വാധീനം ബാക്കിനിൽക്കുന്നുവെന്നു ഗ്രന്ഥകാരൻ ഉറപ്പിച്ചു പറയുന്നു. അദ്ദേഹം തന്നെ കൂടുതൽ വ്യക്തമാക്കട്ടെ:

“വിലക്കുകൾ ഏതു തരത്തിലുള്ളതായാലും മനുഷ്യനെ അപകർഷപ്പെടുത്തുകയോ നിർവീര്യമാക്കപ്പെടുകയോ (Demoralise) ചെയ്യും. മതങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പലരും അനുസരിക്കാറില്ല. അതുപോലെ യുക്തിവാദികളും വിലക്കുകൾ ഏർപ്പെടുത്തുകയും ജനം അനുസരിക്കാതിരിക്കുന്ന ഒരു പരിസ്ഥിതി സൃഷ്ട്ടിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. വിലക്കുകൾ അടിച്ചേൽപിക്കുന്ന അപകർഷത അവയുടെ ലംഘനത്തിലൂടെ മാത്രമെ ഇല്ലാതാകുകയുള്ളൂ’’ (പേജ് 15). തുടർന്ന് വിലക്കുകൾക്കെതിരെ വേവലാതിപ്പെടുന്നു: “വിലക്കുകൾ വേണമെന്ന് യുക്തിവാദികൾ നിർബന്ധം പിടിച്ചാൽ ഭാവിയിൽ അതിനെതിരെ യുക്തിവാദികൾ തന്നെ വിപ്ലവം നടത്തേണ്ടിവരും. അങ്ങനെ സംഭവിക്കുന്നുവെങ്കിൽ യുക്തിവാദവും യുക്തിവാദികളും മറ്റെന്തെങ്കിലുമായിത്തീരും’’ (പേജ് 16).

യുക്തിവാദികൾക്ക് നിഷിദ്ധമായി യാതൊന്നുമില്ലത്രെ! “വിലക്കുകൾ ഏർപ്പെടുത്താനുള്ള പ്രവണത കാണിക്കുന്നത്, യുക്തിവാദികൾ മതസ്വാധീനത്തിൽനിന്ന് പൂർണമായും മുക്തരായിട്ടില്ലെന്ന് മാത്രമാണ്. യുക്തിവാദികൾക്ക് നിഷിദ്ധമായിട്ടൊന്നും തന്നെയില്ല’’ (പേജ് 18,19).

വ്യഭിചാരമുൾപ്പെടെയുള്ള ഏതുതരം തെറ്റുകൾക്കും നാസ്തികർക്ക് വിലക്കുകളില്ല, സ്വാതന്ത്ര്യമുണ്ട് എന്ന് കണിശമായി വിശദീകരിക്കുന്നുണ്ട് ഗ്രന്ഥകാരൻ!

“സങ്കീർണമായ സാമൂഹ്യപ്രശ്‌നങ്ങളോട് ഫലപ്രദമായി പ്രതികരിക്കാൻ കഴിയാത്ത യുക്തിവാദികൾ, വിലകുറഞ്ഞ വിലക്കുകൾ ഏർപ്പെടുത്താൻ ശ്രമിക്കുന്നത് വിചിത്രമാണ്. മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിചരിക്കരുത് തുടങ്ങിയ ‘അരുതു’കൾ മതപരമായ വിലക്കുകളാണ്. മതപരമായ അത്തരം വിലക്കുകൾ മതാനുയായികളെ ഉദ്ദേശിച്ചുണ്ടാക്കിയിട്ടുള്ളവയാണ്. അരുതുകളുടെ അതിരു ലംഘിക്കുന്നവർക്ക് സ്വർഗരാജ്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല, നല്ല ശിക്ഷയും ലഭിക്കും. മരണാനന്തര ജീവിതം സുഖകരമാക്കാൻ അത്തരം ചില ‘വ്രതങ്ങൾ’ അനുഷ്ഠിക്കണമെന്നാണ് മതങ്ങൾ പഠിപ്പിക്കുന്നത്. ഭൗതികജീവിതം മാത്രമേയുള്ളുവെന്ന് കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്ന് പറഞ്ഞാൽ അങ്ങനെ ചെയ്യാൻ പലർക്കും കഴിഞ്ഞെന്നു വരില്ല’’ (പേജ് 14,15).

ചിത്രം വ്യക്തമായിക്കാണും എന്ന് കരുതട്ടെ. വ്യഭിചാരം, മോഷണം, കൊള്ള, ചൂഷണം തുടങ്ങിയ എന്ത് തട്ടിപ്പുകളും പ്രയോഗവൽകരിക്കുന്നതിന് നാസ്തികർക്ക് തടസ്സങ്ങളും ബുദ്ധിമുട്ടുകളുമൊന്നുമില്ല. ഇതാണ് നാസ്തികരുടെ സാമൂഹ്യവീക്ഷണം. സ്വന്തം സുഖാസ്വാദനവും നേട്ടങ്ങളും മാത്രമായിരിക്കും അവരുടെ ലക്ഷ്യം. ഭാര്യയെയും മക്കളെയും പോറ്റുക എന്ന ബാധ്യതയിൽനിന്ന് ഒഴിഞ്ഞുമാറി അവർ സുഖഭോഗപ്രിയരായി മാറുന്നതിൽ എന്തുണ്ടത്ഭുതം! അങ്ങനെ മാറുകയാണ് നാസ്തികത്തിന്റെ ‘പൂർണത’ എന്നാണ് ഗ്രന്ഥകാരൻ സമർഥിക്കുന്നത്.

വിവാഹത്തിനെതിരിലുള്ള വാദങ്ങൾ അദ്ദേഹം തുടരുന്നത് ഇപ്രകാരമാണ്: “മതത്തിന്റെ പ്രകടനപരതയെ എതിർക്കുന്നതുകൊണ്ട് മതപരമായ ആചാരങ്ങളോട് നിഷേധാത്മകത കാണിക്കണ മെന്ന് പൊതുവെ അംഗീകരിച്ചിരിക്കുന്നു. വിവാഹം ഉദാഹരണമായെടുക്കാവുന്നതാണ്. ‘വിവാഹം’ എതുവിധത്തിലുള്ളതായാലും മതപരമാണ്. മതപരമായ സാമൂഹ്യസദാചാരം വളർന്നുവന്നപ്പോഴാണ് സ്ത്രീ-പുരുഷ ബന്ധത്തിന് ഒരു ഉപാധി എന്ന നിലയിൽ വിവാഹ സമ്പ്രദായം ആവിഷ്‌കരിക്കപ്പെട്ടത്. ആദികാല സമൂഹങ്ങളിൽ ‘വിവാഹ’മില്ലായിരുന്നു’’ (പേജ് 30).

മതത്തിന്റെ ‘നുകങ്ങളിൽ’നിന്ന് മാനവരാശിയെ സംരക്ഷിക്കാൻ മതപരമായ ചൂഷണോപാധിയായ വിവാഹമെന്ന സംവിധാനത്തെ നാസ്തികൻ (പുരുഷൻ) ഉപേക്ഷിച്ചേ മതിയാകൂ എന്ന സന്ദേശം ഉൾകൊള്ളുക, പ്രയോഗവൽക്കരിക്കുക; ഇതാകുന്നു നാസ്തിക ജീവിതം! നാസ്തിക ജീവിതം വ്യക്തിനിഷ്ഠമാണ്. കുടുംബ, സാമൂഹ്യ നിഷ്ഠമല്ല എന്നുകൂടെ ഇതിൽനിന്ന് വ്യക്തമാകുന്നു.

വർത്തമാനകാല നാസ്തികതയും അതിന്റെ രാഷ്ട്രീയ വകഭേദവും-പ്രത്യേകിച്ച് അതിന്റെ വിദ്യാർഥി രാഷ്ട്രീയം-അതിനുവേണ്ടി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. കോളേജുകളിൽ കുട്ടികളെ സ്വാധീനിക്കാൻ പച്ചയായി ലൈംഗിക ചേഷ്ടകൾ വരച്ചുവച്ച വിദ്യാർഥി ഫെഡറേഷൻ നൽകുന്ന സന്ദേശം അതു തന്നെയാണ് വ്യക്തമാക്കുന്നത്. അത് ഒരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. തുറന്ന ലൈംഗികത (sexual liberation)) ആഘോഷമാക്കുന്ന യുവതലമുറ വളർന്നു വരുന്നുണ്ട് കേരളത്തിൽ പോലും. അതിലേക്കാണ് കലാസാഹിത്യങ്ങളും എല്ലാവിധ മാധ്യമങ്ങളും നയിക്കുന്നത്. എതിർലിംഗ ലൈംഗികതയിൽ നിന്നുള്ള മോചനമാണ് കേരളത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യമെന്നു പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി നൽകിയ സന്ദേശവും അതുതന്നെ. ഏതാനും വർഷം മുമ്പ് മലയാളികൾ ആർത്തവത്തെ ആഘോഷമാക്കിയത് നാം മറന്നിട്ടില്ല. ആ ആർത്തവോത്സവം സർക്കാർ ഒത്താശയോടെയാണ് നടന്നത്. ആ ആഭാസാഘോഷ പരിപാടിയുടെ പോസ്റ്ററിൽ കേരള മുഖ്യമന്ത്രിയുടെ ഫോട്ടോ വന്നത് യാദൃച്ഛികമല്ല. അതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നടത്തും എന്നുറപ്പായിരുന്നു. പക്ഷേ, വോട്ടുബാങ്ക് രാഷ്ട്രീയത്തെ അത് നെഗറ്റീവായി ബാധിക്കും എന്ന ബോധ്യം മാത്രമാണ് അതിൽനിന്ന് അദ്ദേഹത്തെ മാറ്റിനിർത്തിയത്.

യൂറോപ്പ് മൂന്നു പതിറ്റാണ്ടു മുമ്പ് തള്ളിക്കളഞ്ഞ ഇത്തരം മാലിന്യങ്ങളെയാണ് പുരോഗതിയുടെ പേരിൽ നാസ്തികതയും കമ്യൂണിസവും മുതലാളിത്തവും ലിബറൽ സംസ്‌കാരശൂന്യതയും കൂട്ടുചേർന്ന് കേരളത്തിലേക്ക്, ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് എന്നത് പ്രബുദ്ധ കേരളം തിരിച്ചറിയുക.

‘നാടോടുമ്പോൾ നടുവേ ഓടണം,’ ‘ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ ചേരയുടെ നടുക്കഷ്ണം തന്നെ തിന്നണം’ തുടങ്ങിയ ചൊല്ലുകൾ പ്രാവർത്തികമാക്കുന്ന, ഈ ലിബറൽ മാലിന്യങ്ങളെ വിഴുങ്ങുവാൻ താൽപര്യം കാണിക്കുന്ന മുസ്‌ലിം നാമധാരികൾക്ക് എപ്പോഴാണ് ബോധം വരിക? ഈ വൃത്തികേടുകളുടെ ദുഃസ്വാധീനം നമ്മുടെ വീടുകളിലും വിദ്യാഭ്യാസ മേഖലകളിലും മാത്രമല്ല, എല്ലായിടങ്ങളിലും പ്രകടമായിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിം സമുദായത്തെയും സമൂഹത്തെ മൊത്തവും ഇതിനെതിരിൽ ബോധവത്ക്കരിക്കൽ അനിവാര്യമാണ്. ഈ പോക്കുതന്നെ പോകുകയാണെങ്കിൽ വിദൂരമല്ലാത്ത ഭാവിയിൽ പിതൃശൂന്യരായ സന്തതികളും മാതൃമാത്ര കുടുംബങ്ങളും കേരളത്തിലും വ്യാപകമാകും. അന്ന് നമുക്കും എഴുതാം ‘ഫാദർലെസ്സ് കേരള’ എന്ന പുസ്തകം!