കർണാടക ‘ദി റിയൽ സ്റ്റോറി’

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 മെയ് 20 , 1444 ശവ്വാൽ 27

മതേതര ഭാരതത്തിന്‌ പൊൻപ്രതീക്ഷയുടെ തിരിനാളമാണ്‌ കർണാടക തെരഞ്ഞെടുപ്പും ഫലവും നൽകിയിരിക്കുന്നത്. വർഗീയതക്കും ഛിദ്രതയ്ക്കുമെതിരെ വികസനത്തിലൂന്നിയ കാഴ്ചപ്പാടുകളും ചിട്ടയായ പ്രവർത്തനങ്ങളും കൊണ്ടുമാത്രം വിജയം എത്തിപ്പിടിക്കാമെന്ന തിരിച്ചറിവ് സാധാരണക്കാർക്ക് നല്കുന്ന ആശ്വാസം ചെറുതല്ല. വരാനുള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ പൗരന്മാരോട് മതേതരകക്ഷികൾക്ക് നൽകാനുള്ള ഉറപ്പും അതുതന്നെയാണ്‌.

വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്ന് കോൺഗ്രസ് കർണാടകയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. രാജ്യത്തുടനീളം വർഗീയതയുടെയും അസഹിഷ്ണുതയുടെയും തീതുപ്പുന്ന പ്രസ്താവനകളുമായി ഊരുചുറ്റിക്കൊണ്ടിരുന്ന പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സംഘപരിവാരങ്ങൾക്കും കനത്ത താക്കീതാണ് കന്നഡ മക്കൾ നൽകിയിരിക്കുന്നത്. കോൺഗ്രസും മതേതരത്വവും മരിച്ചിട്ടില്ല, അവ ഇന്ത്യയുടെ ആത്മാവിൽ വേരൂന്നി നിൽക്കുന്ന ആശയധാരയാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു. ചരിത്രത്തിൽ എന്നെന്നും തിളങ്ങി നിൽക്കുന്ന ഈ വിജയത്തിന്റെ ചുക്കാൻ പിടിച്ച പി.സി.സി അധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി തുന്നിച്ചേർത്തിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

കർണാടക: കഴിഞ്ഞ അഞ്ച് വർഷം

കഴിഞ്ഞ അഞ്ച് വർഷക്കാലം കർണാടക ഭരിച്ച ബിജെപി കാര്യമായും ശ്രദ്ധിച്ചത് സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ വെറുപ്പും വൈരവും സൃഷ്ടിക്കുന്നതിലായിരുന്നു. മുസ്‌ലിം ന്യൂനപക്ഷത്തെ പ്രതിസ്ഥാനത്ത് നിർത്തി ഹൈന്ദവ മനസ്സുകളിൽ മുസ്‌ലിം വിരോധവും വർഗീയതയും കുത്തിനിറക്കുകയായിരുന്നു ഈ കാലയളവിൽ അവർ ചെയ്തുകൊണ്ടിരുന്നത്. ജനങ്ങളെ ബാധിക്കുന്ന ഗൗരവതരമായ വിഷയങ്ങളിലൊന്നും ഇടപെടാതെ കേവലം മതവൈകാരികതയിൽ അധിഷ്ഠിതമായ കാര്യങ്ങൾക്ക് അമിതപ്രാധാന്യം നൽകിയായിരുന്നു അവർ ഭരിച്ചിരുന്നത്.

ഗോവധ നിരോധന ആക്റ്റ്

2019ൽ ഭരണം പൂർണമായും കൈപ്പിടിയിൽ ഒതുക്കിയ ബിജെപി ആദ്യമായി കൈവെച്ചത് ഗോവധ നിരോധനത്തിന്മേലായിരുന്നു. 2020ൽ The Karnataka Prevention of Slaughter and Preservation of Cattle Act (KPSPCA) കൊണ്ടുവന്നുകൊണ്ടായിരുന്നു ആദ്യത്തെ പ്രകോപനം. മുസ്‌ലിം സമുദായത്തെ വൈകാരികമായി പ്രതിഷേധിക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യമല്ലാതെ മറ്റൊന്നും ഈ നിയമത്തിന്റെ പിന്നിൽ ഇല്ലായിരുന്നു.

മതപരിവർത്തന നിരോധന ആക്റ്റ്

ഒരു വർഷം പിന്നിട്ട് 2021 ൽ ആയിരുന്നു ‘മതപരിവർത്തന നിരോധന നിയമം’ എന്ന പേരിലറിയപ്പെടുന്ന ‘The Karnataka Protection of Right to Freedom of Religion Act’ എന്ന നിയമം കൊണ്ടുവന്നത്. സംസ്ഥാനത്താകമാനം ‘ലവ് ജിഹാദ്’ വർധിച്ചിരിക്കുകയാണെന്നും ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് മതം മാറ്റുകയാണെന്നും ആരോപിച്ചുകൊണ്ടായിരുന്നു പുതിയ നിയമം കൊണ്ടുവന്നത്. എന്നാൽ ഈ നിയമത്തിലൂടെ മുസ്‌ലിം സമുദായത്തെയും ഇതര ന്യൂനപക്ഷങ്ങളെയും തെരുവിൽ കൊണ്ടുവരാൻ ബിജെപിക്ക് സാധിച്ചിരുന്നില്ല. വൈകാരിക പ്രതികരണങ്ങൾക്കെതിരെ പണ്ഡിതന്മാരും മത, രാഷ്ട്രീയ നേതാക്കളും ന്യൂനപക്ഷങ്ങളെ ഉദ്ബുദ്ധരാക്കിയിരുന്നു.

ഹിജാബ് -ഹലാൽ- അദാൻ നിരോധനങ്ങൾ

2022 ന്റെ തുടക്കത്തിലാണ് മുസ്‌ലിം പെൺകുട്ടികളുടെ ശിരോവസ്ത്രം (ഹിജാബ്) നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. എന്നാൽ നിരോധനത്തിനെതിരെ ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ഹരജി നൽകുകയും മുസ്‌ലിം പെൺകുട്ടികൾ ഭാഗിക വിജയം കൈവരിക്കുകയും ചെയ്തത് ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. അതേവർഷം തന്നെയാണ് ‘ഹലാൽ’ സർട്ടിഫിക്കേഷൻ നിരോധിക്കണമെന്ന ആവശ്യവുമായി കർണാടകയിൽ ബിജെപി മന്ത്രിമാരും എംഎൽഎ മാരും രംഗത്ത് വന്നത്. അതിനെത്തുടർന്ന് ബാങ്ക്‌വിളിക്കെതിരെയും നിയമം കൊണ്ടുവരാനുള്ള ശ്രമങ്ങളുണ്ടായി. എന്നാൽ ഹൈക്കോടതി ഇടപെടുകയും നിരോധനം എടുത്തുകളയുകയും ചെയ്തു. ക്ഷേത്ര പരിസരങ്ങളിൽനിന്ന് മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടികൾക്കും കർണാടക സാക്ഷിയായി.

മുസ്‌ലിം സംവരണവും കേരള സ്റ്റോറിയും

തെരഞ്ഞെടുപ്പിലേക്ക് കർണാടക നീങ്ങിക്കൊണ്ടിരുന്ന സന്ദർഭത്തിലാണ് ആഭ്യന്തരമന്ത്രി അമിത്ഷായുടെ മറ്റൊരു പ്രഖ്യാപനം വന്നത്. കർണാടകയിൽ മുസ്‌ലിം സംവരണം എടുത്തുകളയുമെന്നും മുസ്‌ലിംകൾക്ക് ലഭിച്ചുകൊണ്ടിരുന്ന നാല് ശതമാനം സംവരണം ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾക്ക് വീതിച്ചു നൽകുമെന്നുമായിരുന്നു അത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുപടി കൂടി കടന്ന് ലവ് ജിഹാദ് അടക്കമുള്ള വിഷയങ്ങളെ പ്രചാരണ ആയുധമാക്കുകയും വർഗീയ വിഷം തുപ്പുന്ന ‘ദ കേരള സ്റ്റോറി’ എന്ന സിനിമ എല്ലാവരും കാണണം എന്ന് ആഹ്വാനം ചെയ്യുക കൂടി ചെയ്തപ്പോൾ കാര്യങ്ങൾ അതിന്റെ പരകോടിയിലെത്തി. ജനഹൃദയങ്ങളിൽ വർഗീയ വിഷം നിറച്ചതുകൊണ്ട് അവരുടെ ആമാശയങ്ങളെ നിറക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കാൻ ബിജെപി നേതാക്കൾക്ക് സാധിച്ചില്ല. എല്ലാ മേഖലകളിലും അഴിമതി കൊടികുത്തി വാഴുകയും ചെയ്തപ്പോൾ ജനങ്ങൾ പൊറുതിമുട്ടി. ഏതൊരു കരാറിനും നാൽപത് ശതമാനം കമ്മീഷൻ എന്ന അപ്രഖ്യാപിത ‘അവിഹിതം’ കാരണം പൂർത്തിയാക്കപ്പെടേണ്ട നിരവധി പ്രൊജക്റ്റുകൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ‘40% സർക്കാർ’ എന്ന അപഖ്യാതി ബാസവരാജ ബൊമ്മെ നേതൃത്വം നൽകിയിരുന്ന സർക്കാരിന്റെ ഇരട്ടപ്പേരായി മാറുകയും ചെയ്തു.

കർണാടക രാഷ്ട്രീയം, ഒരു ലഘു ചിത്രം

1952 മുതൽ 1978 വരെ തുടർച്ചയായി സംസ്ഥാനം ഭരിച്ച കോൺഗ്രസിന് ആദ്യമായി ഭരണം നഷ്ടപ്പെട്ടത് 1983 ലായിരുന്നു. നിജ ലിംഗപ്പ, ദേവരാജ് അരസ്, ഗുണ്ടുറാവു തുടങ്ങിയ പ്രമുഖരിലൂടെ വളർന്നു പന്തലിച്ച കർണാടകയിലെ കോൺഗ്രസിൽ രൂപം കൊണ്ട ആഭ്യന്തര പ്രശ്നങ്ങളും അടിയന്തരാവസ്ഥ സമ്മാനിച്ച ദുരിതങ്ങളും പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയ സന്ദർഭത്തിൽ രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തിൽ 1983ൽ ജനതാപാർട്ടി സംസ്ഥാന ഭരണം പിടിച്ചടക്കുകയായിരുന്നു. കോൺഗ്രസ് ക്ഷീണിച്ചപ്പോൾ ജനത വിജയിക്കുക മാത്രമല്ല, അത് ബിജെപിക്ക് ബീജാവാപം നൽകുകയും ചെയ്തു. ഒന്നുമില്ലാതിരുന്ന ബിജെപി 1983ൽ 18 സീറ്റുകളാണ് നേടിയത്. 1989 ൽ വീരേന്ദ്ര പാട്ടീൽ, എസ്.ബങ്കാരപ്പ, വീരപ്പ മൊയ്‌ലി എന്നിവരിലൂടെ കോൺഗ്രസ് സംസ്ഥാനഭരണം തിരിച്ചുപിടിക്കുകയും ബിജെപിയെ കേവലം 4 എന്ന അക്കത്തിലേക്ക് ഒതുക്കുകയും ചെയ്തുവെങ്കിലും അത് അധികം നീണ്ടുനിന്നില്ല. ജനത മാറി പകരം ജനതാദൾ രൂപം കൊണ്ടത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. എച്.ഡി.ദേവഗൗഡയുടെ നേതൃത്വത്തിൽ 1994 ൽ അവർ സംസ്ഥാനഭരണം പിടിച്ചടക്കി. ബാബരി മസ്ജിദിന്റെ തകർച്ച ശേഷം നടന്ന ഈ തെരഞ്ഞെടുപ്പിൽ ബിജെപിയും അവരുടെ സ്വാധീനം ഗണ്യമായി വർധിപ്പിക്കുകയും 40 സീറ്റുകൾ നേടി കോൺഗ്രസിനെക്കാൾ മുന്നിലെത്തി പ്രധാന പ്രതിപക്ഷ കക്ഷിയായി മാറുകയും ചെയ്തു. കോൺഗ്രസ് അന്ന് 34 സീറ്റുകൾ മാത്രമാണ് നേടിയിരുന്നത്. 1999ൽ എസ്.എം.കൃഷ്ണയിലൂടെ കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചെങ്കിലും അപ്പോഴേക്കും പ്രധാന പ്രതിപക്ഷ കക്ഷിയായി ബിജെപി മാറിയിരുന്നു. പ്രധാന പ്രതിപക്ഷമായി വരേണ്ടിയിരുന്ന ജനതാദൾ പിളർന്ന് സെക്കുലർ, യുണൈറ്റഡ് എന്നിങ്ങനെ രണ്ട് കഷ്ണങ്ങളായി മാറിയതും ബിജെപിക്ക് ഗുണകരമായി.

ബിജെപിയുടെ വളർച്ച കർണാടകയിൽ

2004 ബിജെപിക്ക് ഏറെ ഭാഗ്യം ലഭിച്ച വർഷമാണ്. കർണാടകയുടെ പൂർണ നിയന്ത്രണം അവരിലേക്ക് വന്നുചേരാൻ സഹായകമായ സംഭവങ്ങൾ അരങ്ങേറിയത് ആ വർഷമാണ്. 2004 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ബിജെപി 79, കോൺഗ്രസ് 65, ജനതാദൾ എസ് 58, ജനതാദൾ യു 5, മറ്റുള്ളവർ 17 എന്നിങ്ങനെയായിരുന്നു കക്ഷിനില. കോൺഗ്രസ് ജെഡി എസിന്റെ പിന്തുണ നേടി സർക്കാറുണ്ടാക്കിയെങ്കിലും 2006 ൽ ജെഡിഎസ് കോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ചു ബിജെപിക്ക് പിന്തുണ നൽകുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തു.

ബിജെപി - ജെഡിഎസ് കുതിരക്കച്ചവടം

ബിജെപി നടത്തിയ കുതിരക്കച്ചവടത്തിൽ ജെഡിഎസ് കൂട്ടുകക്ഷിയായി. ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രിയും ബിജെപി നേതാവ് യെദിയൂരപ്പ ഉപമുഖ്യമന്ത്രിയുമായി. ഭരണക്കൊതി പൂണ്ട ജെഡിഎസിന് എന്നാൽ ഈ നീക്കം ഭാവിയിൽ വലിയ നഷ്ടമാണ് വരുത്തിവച്ചത്. അവർ ഉപ്പുവെച്ച കലം പോലെയായി. 2008 ലെ തെരഞ്ഞെടുപ്പിൽ അവർക്ക് കേവലം 28 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 110 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സംസ്ഥാന ഭരണം കൈപ്പിടിയിൽ ഒതുക്കി. കോൺഗ്രസ് 80 സീറ്റുകൾ നേടി അഭിമാനം കാത്തു. 2013 ൽ സിദ്ദരാമയ്യയുടെ നേതൃത്വത്തിൽ 122 സീറ്റുകളുമായി കോൺഗ്രസ് തിരിച്ചുവരികയും ചെയ്തു. 2018 ൽ 104 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ കക്ഷിയായെങ്കിലും 80 സീറ്റ് നേടിയ കോൺഗ്രസും 38 സീറ്റ് നേടിയ ജെഡിഎസും ചേർന്ന് സർക്കാറുണ്ടാക്കി. എന്നാൽ ബിജെപിയുടെ കുതിരക്കച്ചവടത്തിൽ സർക്കാർ തകർന്നു. കോൺഗ്രസിൽനിന്നും ജെഡിഎസിൽ നിന്നുമായി 15 എംഎൽഎമാരെ ചാക്കിട്ട് പിടിച്ച് രാജിവെപ്പിക്കുകയും തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 12 സീറ്റ് കൂടുതൽ ഒപ്പിച്ച് 116 അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ അവർ സർക്കാർ രൂപീകരിക്കുകയും ചെയ്തു.

കോൺഗ്രസിെൻറത് അഭിമാന വിജയം

വർഗീയ ധ്രുവീകരണത്തിലൂടെ കർണാടകയെ കീഴടക്കിയ ബിജെപി ഒരിക്കലും ഇങ്ങനെയൊരു തിരിച്ചടി സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. ദക്ഷിണേന്ത്യയിലെ ബിജെപിയുടെ താക്കോൽ മുറിയായിരുന്നു കർണാടക. കർണാടകയിലൂടെ ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും കടന്നുവരാമെന്നായിരുന്നു അവർ വ്യാമോഹിച്ചിരുന്നത്. കോൺഗ്രസ് തിരിച്ചുവരുമെന്ന് ബിജെപിയോ, എന്തിനേറെ കോൺഗ്രസ് തന്നെയുമോ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ മെയ് 8 നു തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ഘട്ടത്തിൽ ചിത്രം പൂർണമായും മാറി. എക്സിറ്റ് പോളുകൾ കോൺഗ്രസിന് അനുകൂലമെന്ന് വിധിയെഴുതി. എന്നിരുന്നാലും കേവലഭൂരിപക്ഷമോ അല്ലെങ്കിൽ ജെഡിഎസുമായി ചേർന്ന് ഒരു സർക്കാറോ മാത്രമായിരുന്നു മാധ്യമങ്ങൾ പോലും പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യ ടുഡേ 140 വരെ കോൺഗ്രസിന് പ്രവചിച്ചുവെങ്കിലും അത് അതിശയോക്തിപരമാണെന്ന് പലരും കരുതി. 1989 നു ശേഷം കർണാടക കണ്ട ഏറ്റവും മികച്ച നമ്പറിലേക്കാണ് കോൺഗ്രസ് ഇപ്പോൾ കുതിച്ചിരിക്കുന്നത്. 136 സീറ്റുകൾ നേടിയ കോൺഗ്രസ് 1989 ൽ 178 സീറ്റ് നേടിയിരുന്നു. ഈ റിക്കോർഡുകൾ ഭേദിക്കുവാൻ ഇന്നുവരെ ബിജെപിക്കോ ജെഡിഎസിനോ സാധിച്ചിട്ടില്ല.

കോൺഗ്രസിന് ഇതെങ്ങനെ സാധിച്ചു?

തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ നടത്തിയ വികാരനിർഭരമായ പ്രതികരണം കോൺഗ്രസിന്റെ വിജയരഹസ്യം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുന്നുണ്ട്. ‘കൂട്ടായ പരിശ്രമത്തിന്റെ ഫലം’, ‘കോൺഗ്രസ് ആയിരുന്നു ഞങ്ങളുടെ വികാരം’, ‘മതേതരത്വത്തെ തിരിച്ചുപിടിക്കാൻ ഞങ്ങൾ ഒന്നിച്ചു’, ‘ഇനി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം’, ‘സോണിയയുടെയും രാഹുലിന്റെയും പ്രിയങ്കയുടെയും സ്നേഹത്തിൽ പൊതിഞ്ഞ പിന്തുണ ഞങ്ങൾക്ക് ആവേശം പകർന്നു’... തുടങ്ങി അദ്ദേഹം നടത്തിയ പ്രസ്താവനകൾ ഇതിനുള്ള ഉത്തരമാണ്. സംസാരത്തിനിടെ വിങ്ങിപ്പൊട്ടിയ അദ്ദേഹത്തെ ശ്രവിച്ചുകൊണ്ടിരുന്ന ശ്രോതാക്കളും സന്തോഷക്കണ്ണീർ പൊഴിച്ചു.

ജോഡോ യാത്ര ഉയർത്തിവിട്ട വികാരം

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയാണ് കന്നഡ മക്കളുടെ മനസ്സുകളിൽ ഇളക്കം സൃഷ്ടിച്ചു തുടങ്ങിയത്. യാത്ര കടന്നുപോയ 20 മണ്ഡലങ്ങളിൽ രണ്ടെണ്ണമൊഴികെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് വിജയപതാക നാട്ടി. യാത്രയിലൂടെ രാഹുൽ സൃഷ്ടിച്ച ഓളങ്ങളിൽ പ്രിയങ്കയും സോണിയയും നീന്തിത്തുടിച്ചപ്പോൾ കർണാടകം അവരെ ചേർത്തുപിടിച്ചു. തെരഞ്ഞെടുപ്പിൽ അതൊരു കോൺഗ്രസ് വികാരമായി കർണാടകയിലുടനീളം അലയടിച്ചു. സംസ്ഥാനത്തെ നാഥനില്ലാ കളരിയാക്കി മാറ്റിയ ബിജെപിയോടുള്ള അടങ്ങാത്ത രോഷമായി അത് മാറുകയും ചെയ്തു.

കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ

രാഹുൽ ഉയർത്തിയ ആവേശത്തിൽ മാത്രം അഭിരമിക്കുകയായിരുന്നില്ല കർണാടകയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. വിജയത്തിനാവശ്യമായ ഘടകങ്ങൾ എന്തെല്ലാമാണെന്ന് ഫീൽഡ് വർക്കിലൂടെ അവർ മനസ്സിലാക്കി. ബിജെപിയുടെ വർഗീയ പ്രചാരണങ്ങളെ അതിജയിക്കണമെങ്കിൽ സ്നേഹത്തിന്റെ തുരുത്തുകൾ സൃഷ്ടിക്കണമെന്ന് അവർ മനസ്സിലാക്കി. പ്രാദേശിക വിഷയങ്ങളിൽ ഊന്നിനിന്നുകൊണ്ടുള്ള പ്രചാരണവും വർഗീയതയോട് അണുഅളവ് സന്ധിയാവുകയില്ല എന്ന പ്രഖ്യാപനവും ജനങ്ങളുടെ മനസ്സറിഞ്ഞുകൊണ്ടുള്ള വാഗ്ദാനങ്ങളുമാണ് വിജയിക്കാനാവശ്യമായ ഘടകങ്ങളെന്ന് അവർ മനസ്സിലാക്കി. മെയ് 2 ന് പുറത്തിറക്കിയ പ്രകടനപത്രികയിൽ കോൺഗ്രസ് പ്രധാനമായും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കാണ് ഊന്നൽ നൽകിയത്. സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് പ്രതിമാസ അലവൻസ്, തൊഴിൽരഹിതരായ യുവാക്കൾക്ക് സ്റ്റൈപ്പൻഡ്, പാവപ്പെട്ടവർക്ക് എല്ലാ മാസവും 10 കിലോ സൗജന്യ അരി തുടങ്ങിയ ജനക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതികൾ പ്രകടനപത്രികയിൽ ഇടം പിടിച്ചു.

ബജ്‌റംഗ്ദൾ നിരോധനം

പ്രകടനപത്രികയിൽ പിഎ ഫ്ഐ, ബജ്‌റംഗ്ദൾ തുടങ്ങിയ എല്ലാ തീവ്രവാദ സംഘങ്ങളെയും നിരോധിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യം പിഎഫ്ഐയെ നിരോധിച്ചത് അതിന്റെ തീവ്ര ഭീകര സ്വഭാവങ്ങൾ കാരണമാണ്. എങ്കിൽ അതൊരു പിഎഫ്ഐയിൽ മാത്രം ഒതുങ്ങില്ല, അനവധി ഭീകരപ്രവർത്തനങ്ങൾക്ക് കാരണമായ ബജ്‌റംഗ്ദൾ പോലെയുള്ള എല്ലാ സംഘടനകളെയും നിരോധിക്കണമെന്നത് രാജ്യ താല്പര്യമായാണ് കാണേണ്ടത്. കോൺഗ്രസ് പ്രകടന പത്രിക പറയുന്നത് ഇങ്ങനെയാണ്: ‘ബജ്‌റംഗ്ദൾ, പിഎഫ്‌ഐ പോലുള്ള സംഘടനകൾ, അവ ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആവട്ടെ, പവിത്രമായ ഭരണഘടനയും നിയമങ്ങളും ലംഘിച്ചുകൊണ്ടും ശത്രുതയും വിദ്വേഷവും പ്രോത്സാഹിപ്പിച്ചുകൊണ്ടും പ്രവർത്തിക്കാൻ അവക്ക് അനുമതി നൽകാൻ കഴിയില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.’

മോദിയുടെ തെറ്റിദ്ധരിപ്പിക്കൽ

ബജ്‌റംഗ്ദൾ നിരോധനം പ്രകടനപത്രികയിൽ വന്നതോടെ മോദി കർണാടകയിലെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ തുടങ്ങി. ‘ബജ്‌റംഗ് ബലി’ അഥവാ ഹനുമാൻ സ്വാമിയെ നിരോധിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത് എന്നായിരുന്നു മോദിയുടെ പ്രസംഗം. കോൺഗ്രസിന് മറുപടിയായി വോട്ട് ചെയ്യുമ്പോൾ ‘ജയ് ബജ്‌റംഗ് ബലി’ എന്ന് പറഞ്ഞുകൊണ്ട് വോട്ട് ചെയ്യണമെന്നായിരുന്നു മോദിയുടെ ആഹ്വാനം. ബജ്‍റംദളും ബജ്‌റംഗ് ബലിയും എന്താണെന്ന് കർണാടകയിലെ ഹൈന്ദവ വിശ്വാസികൾക്ക് പറഞ്ഞു കൊടുക്കേണ്ടതില്ല. അവരുടെ ആരാധനാ മൂർത്തിയായ ബജ്‌റംഗ് ബലി എന്ന ഹനുമാൻ സ്വാമിയെ കർണാടകയുടെയും രാജ്യത്തിന്റെയും സമാധാനം കെടുത്തുന്ന ബജ്‌റംഗ്ദൾ എന്ന ഭീകര സംഘടനയോട് താരതമ്യം ചെയ്തതിന് അവർ ബാലറ്റിലൂടെ പകരം വീട്ടി. കോൺഗ്രസിന്റെ നിരോധന പ്രഖ്യാപനം കോൺഗ്രസിനകത്തും കോൺഗ്രസിനെ സ്നേഹിക്കുന്നവരിലും അല്പം ആശങ്ക ഉണ്ടാക്കിയിരുന്നു. പ്രഖ്യാപനം മോദി ഏറ്റെടുത്ത് അതൊരു ഹൈന്ദവ വികാരമാക്കി ആളിക്കത്തിക്കുമോ എന്ന ആശങ്കയായിരുന്നു അത്. രാജ്യത്തെ പല മീഡിയകളും ആ ആശങ്ക പങ്കുവെച്ചു. എന്നാൽ കോൺഗ്രസ് ഉറച്ചു നിന്നു. ബജ്‌റംഗ്ദൾ നിരോധിക്കപ്പെടേണ്ട ഭീകര സംഘടനയാണ് എന്ന നിലപാടിൽ അവർ ഉറച്ചു നിന്നു. ഉറച്ച നിലപാടിനായിരുന്നു കർണാടകയിലെ ഹൈന്ദവ വിശ്വാസികൾ വോട്ട് രേഖപ്പെടുത്തിയത്.

മോദിയുടെ റോഡ് ഷോ; അമിത്ഷായുടെയും

ബിജെപിക്ക് തങ്ങളുടെ ഗോഡ് ഫാദറായ മോദിയായിരുന്നു പ്രചാരണത്തിന് ആശ്രയം. മോദി വന്നാൽ കർണാടക ഇളകിമറിയുമെന്ന് അവർ പ്രതീക്ഷിച്ചു. അമിതപ്രതീക്ഷയാൽ തെരഞ്ഞെടുപ്പിന്റെ അവസാന പത്ത് ദിവസങ്ങൾ അവർ മോദിക്ക് നൽകി. ഒമ്പത് റാലികളും ആറ് റോഡ്ഷോകളും മോദിയെ വെച്ചവർ നടത്തി. രണ്ടാം മോദി എന്നറിയപ്പെടുന്ന യോഗി ആദിത്യനാഥായിരുന്നു മറ്റൊരു സ്റ്റാർ കാമ്പയ്‌നർ. അമിത്ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാർ തലങ്ങും വിലങ്ങും ഓടി. കേന്ദ്രമന്ത്രിമാരും ബിജെപി കേന്ദ്ര നേതാക്കളും പങ്കെടുത്ത 206 റാലികൾ നടന്നു. ആവനാഴിയിലെ സകല അസ്ത്രങ്ങളെടുത്ത് പയറ്റിയിട്ടും ഒടുവിൽ ബിജെപി 66 എന്ന അക്കത്തിൽ ഒടുങ്ങി. തങ്ങളുടെ കോട്ടകൊത്തളമെന്ന് അവകാശപ്പെടുന്ന, ഹിന്ദുത്വ മുദ്രാവാക്യങ്ങൾ ഏറെ മുഴങ്ങിയിരുന്ന മലേനാട് മേഖലയിൽ പോലും ബിജെപി തകർന്നടിഞ്ഞു. കഴിഞ്ഞ തവണ എല്ലാ സീറ്റുകളിലും ബിജെപി വിജയിച്ച ചിക്കമഗളൂർ ജില്ല പൂർണമായും അവരെ കൈയൊഴിഞ്ഞത് എങ്ങനെയെന്ന് കോൺഗ്രസ് പോലും അതിശയത്തോടെയാണ് കാണുന്നത്. മുഖ്യമന്ത്രി ബൊമ്മെയുടെ ജില്ലയായ ഹാവേരിയിലെ ആറ് മണ്ഡലങ്ങളിൽ അഞ്ചും ബിജെപിയെ കൈവിട്ടു. വർഗീയതയെ മാറടക്കിപ്പിടിച്ച ബിജെപിയോടുള്ള ഒടുങ്ങാത്ത രോഷമാണ് അവരുടെ കോട്ടകളിൽ പോലും പ്രകടമായത്. അങ്ങനെ മോദി-യോഗി-അമിത് പ്രഭാവങ്ങൾ കർണാടകയോടെ തിരശ്ശീലക്ക് പിന്നിലേക്ക് മറഞ്ഞു.

പാളിപ്പോയ സംവരണ സ്ട്രാറ്റജി

മുസ്‌ലിം സംവരണം എടുത്ത് കളഞ്ഞത് ലിംഗായത്ത് സമുദായത്തെ പ്രീണിപ്പിക്കാൻ വേണ്ടിയായിരുന്നു. എന്നാൽ അവർക്കേറെ സ്വാധീനമുള്ള വടക്കൻ ജില്ലകളായ ബേലാഗാവി, ധർവാഡ്, ഗഡാഗ് എന്നിവിടങ്ങളിൽ കോൺഗ്രസ് വൻവിജയം നേടിയത് ബിജെപിയുടെ പ്രീണന രാഷ്ട്രീയത്തെ കോൺഗ്രസ് അതിജയിച്ചു എന്നാണ് തെളിയിക്കുന്നത്. ലിംഗായത്, വൊക്കലിഗ, മുസ്‌ലിം, ക്രിസ്ത്യൻ, ദളിത് വിഭാഗങ്ങൾ, ഭൂരിപക്ഷ ഹൈന്ദവ വിഭാഗങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും ഒരുപോലെ കോൺഗ്രസിന് പിന്തുണ ലഭിച്ചതാണ് കോൺഗ്രസിന്റെ ഐതിഹാസിക വിജയത്തിന് പിന്നിലെന്ന് നിസ്സംശയം പറയാം.

എന്തിനോ തിളയ്ക്കുന്ന സാമ്പാറുകൾ!

കർണാടകയിലെ പ്രധാന പാർട്ടികൾ കോൺഗ്രസ്, ബിജെപി, ജെഡിഎസ് എന്നിവയാണ്. ഒരു കാലത്ത് സംസ്ഥാനം ഭരിച്ചിരുന്ന ജനതയാണ് പിൽക്കാലത്ത് 1994 ൽ എച്ച്.ഡി.ദേവഗൗഡയുടെ നേതൃത്വത്തിൽ ഭരിച്ച ജനതാദൾ. എന്നാൽ പിന്നീട് സെകുലർ, യുണൈറ്റഡ് എന്നിങ്ങനെ ജനതാദൾ രണ്ട് കഷ്ണമായി. യുണൈറ്റഡ് പിന്നീട് നാമാവശേഷമായെങ്കിലും സെക്കുലർ അഥവാ ജെഡിഎസ് പിടിച്ചു നിന്നു. കോൺഗ്രസിനെ അധികാരത്തിൽ നിന്നും തറ പറ്റിക്കുകയും സാധ്യമായ വിധത്തിൽ ബിജെപിയെ സഹായിക്കുകയും ചെയ്യുക എന്ന ദൗത്യം മാത്രമായിരുന്നു പിന്നീട് അവർക്ക് നിർവഹിക്കാനുണ്ടായിരുന്നത്. 2004 ൽ 58 സീറ്റ് വരെ പിടിച്ചു നിന്ന അവർ ബിജെപിക്ക് ദാസ്യവേല ചെയ്തു തുടങ്ങിയത് മുതൽ ദുർബലമായി. 2018 ൽ 38 സീറ്റുകൾ നേടിയ അവരുടെ സീറ്റുകളുടെ എണ്ണം നേർപകുതിയായി. അധികാരത്തിലെത്താനുള്ള കുറുക്കുവഴി എന്നതിൽ കവിഞ്ഞ് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് രൂപീകരിക്കാനോ പ്രചരിപ്പിക്കാനോ സാധിക്കാതെ എന്തിനോ വേണ്ടി തിളയ്ക്കുന്ന അവസ്ഥയിലേക്ക് ജനതാദൾ സെക്കുലർ മാറി എന്നതാണ് ഇന്ന് അവർ അനുഭവിക്കുന്ന പ്രശ്നം. അവരുടെ ശക്തി കേന്ദ്രങ്ങളായി അറിയപ്പെടുന്ന മൈസൂരു, ഹസ്സാൻ, മാണ്ഡ്യ എന്നിവിടങ്ങളിലെല്ലാം കോൺഗ്രസ് വേരുപിടിച്ചുകഴിഞ്ഞു.

‘ദേശീയ’ പാർട്ടികളും രംഗത്ത്

പ്രബലമായ ഈ മൂന്ന് പാർട്ടികൾക്ക് പുറമെ കുറെ ‘ദേശീയ’ പാർട്ടികളും ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. കർണാടക സംസ്ഥാനത്ത് യാതൊരുവിധ സ്വാധീനവുമില്ലാത്ത ഈ പാർട്ടികൾ കേവലം സാന്നിധ്യമറിയിക്കാൻ വേണ്ടി മാത്രമാണ് മത്സരിച്ചത്. 208 സീറ്റുകളിൽ മത്സരിച്ച ആം ആദ്മി പാർട്ടി, 131 സീറ്റുകളിൽ മത്സരിച്ച ബഹുജൻ സമാജ് പാർട്ടി എന്നിവക്ക് പുറമെ എൻസിപി, സമാജ്‌വാദി പാർട്ടി, സിപിഎം, സിപിഐ, ശിവസേന എന്നീ പാർട്ടികളെല്ലാം മത്സരരംഗത്തുണ്ടായിരുന്നു. എന്നാൽ ഇവയിലാർക്കും തന്നെ കെട്ടി വെച്ച കാശ് പോലും കിട്ടിയിട്ടില്ല. ഏതൊരു പാർട്ടിക്കും വ്യക്തിക്കും മത്സരിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട് എന്നത് നിഷേധിക്കുന്നില്ല. പക്ഷേ, എന്താണ് ലക്ഷ്യം എന്നുകൂടി അറിയേണ്ടതുണ്ട്. മുകളിൽ പറയപ്പെട്ട പാർട്ടികൾ എല്ലാവരും ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണമെന്ന് പ്രസ്താവന ഇറക്കുന്നവരാണ്. പലപ്പോഴും ബിജെപി രക്ഷപ്പെടുന്നത് ചില്ലറ വോട്ടുകൾക്കാണ് എന്ന് ഓർക്കേണ്ടതുണ്ട്. ഉദാഹരണമായി ജയനഗർ മണ്ഡലത്തിൽ കേവലം 16 വോട്ടിനാണ് ബിജെപി ജയിച്ചത്. അവിടെ മുകളിൽ സൂചിപ്പിച്ച പാർട്ടികളിൽ ചിലർക്ക് മൊത്തമായി ലഭിച്ച വോട്ട് 777 ആണ്. ഇതുപോലെ ബിജെപി തുച്ഛം വോട്ടിന് വിജയിച്ച എത്രയോ ഉദാഹരണങ്ങൾ കാണാൻ കഴിയും.

നൂറോളം പ്രാദേശിക പാർട്ടികൾ

ഈ പാർട്ടികൾക്ക് പുറമെ കർണാടകയിലെ നൂറോളം പ്രാദേശിക പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട് എന്നത് ഏതൊരു ജനാധിപത്യ ബോധമുള്ള മനുഷ്യന്റെയും കണ്ണ് തുറപ്പിക്കുന്നതാണ്. ഇതിൽ ചിലയിടങ്ങളിൽ ശക്തമായ സ്വാധീനമുള്ളവയും ഒരു സ്ഥലത്തും ഒരു സ്വാധീനവും ഇല്ലാത്തവയുമുണ്ട്. രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ് ഈ പാർട്ടികൾ വിജയം കണ്ടത്. ബെല്ലാരി ജില്ലയിലെ ഗംഗാവതി മണ്ഡലത്തിൽ വിജയിച്ച ‘കല്യാണ രാജ്യ പ്രഗതി പക്ഷ’ (കെആർപിപി) പാർട്ടിയുടെ ജി.ജനാർദ്ദന റെഡ്ഢി മുൻ ബിജെപി അംഗമായിരുന്നു. ബിജെപിയുടെ റിസോർട്ട് രാഷ്ട്രീയത്തിന്റെ പ്രധാന കണ്ണിയായിരുന്ന റെഡ്ഢിക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. മാണ്ഡ്യ ജില്ലയിലെ മേലുകോട്ട മണ്ഡലത്തിൽനിന്നും വിജയിച്ചത് സർവോദയ കർണാടക പക്ഷയാണ്. ജെഡിഎസിന്റെ ശക്തിദുർഗമായ മേലുകോട്ട സീറ്റ് പിടിച്ചെടുക്കാൻ കോൺഗ്രസ് സർവോദയക്ക്‌ പിന്തുണ നൽകുകയായിരുന്നു.

മുസ്‌ലിം ആഭിമുഖ്യമുള്ള പാർട്ടികൾ

മുസ്‌ലിം സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടും അവർക്കെതിരെ നിയമങ്ങൾ നിർമിച്ചുകൊണ്ടുമാണ് ബിജെപി അഞ്ച് വർഷക്കാലം ഭരിച്ചത്. അതുകൊണ്ടുതന്നെ ബിജെപി ഭരണം അവസാനിക്കേണ്ട ഏറ്റവും വലിയ ആവശ്യം മുസ്‌ലിംകളുടേതാണ്. ബിജെപിയെ തറപറ്റിക്കാൻ പ്രബലമായ മതനിരപേക്ഷ പാർട്ടിക്ക് പിന്തുണ നൽകുക എന്നതാണ് പ്രായോഗികമായ കാര്യം. ഉത്തരേന്ത്യയിൽ ബിജെപി മുസ്‌ലിം സമുദായത്തിന്റെ വോട്ടുകളെ ഭിന്നിപ്പിച്ചാണ് വിജയം കൊയ്യുന്നത്. സമാനമായ സാഹചര്യം കർണാടകയിലും അവർ ഉണ്ടാക്കിയെടുത്തിരുന്നു. മുസ്‌ലിം വൈകാരികതയെ ഉയർത്തിക്കാട്ടിയാൽ മുസ്‌ലിം പാർട്ടികൾ മത്സര രംഗത്തേക്ക് കടന്നുവരുമെന്ന് അവർക്കറിയാം.

എസ്ഡിപിഐ, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ, ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ, അഖില ഭാരതീയ മുസ്‌ലിംലീഗ്, ആൾ ഇന്ത്യ മജ്‌ലിസെ ഇങ്കിലാബെ മില്ല, ആൾ ഇന്ത്യ ഉലമ കോൺഗ്രസ് എന്നിവയാണ് മുസ്‌ലിം ആഭിമുഖ്യമുള്ള പാർട്ടികളായി മത്സര രംഗത്തുണ്ടായിരുന്നത്. ഇവക്ക് ഒന്നിനും തന്നെ കർണാടക രാഷ്ട്രീയത്തിലോ കർണാടകയിലെ മുസ്‌ലിം ജനതയിലോ യാതൊരു സ്വാധീനവുമില്ല എന്ന് അവർക്ക് തന്നെ അറിയാം. ഈ തെരഞ്ഞെടുപ്പിൽ അവരുടെ വോട്ടുകൾ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ഉണ്ടാക്കിയതായി കാണുന്നുമില്ല. എന്നാൽ ഇത്തരം പാർട്ടികളുടെ തെരഞ്ഞെടുപ്പ് സാന്നിധ്യം മതേതര കക്ഷികളിൽ ആശങ്കയുളവാക്കുമെന്ന കാര്യത്തിൽ സംശയമില്ല. പ്രത്യേകിച്ച് മുസ്‌ലിം സമുദായം ഭീതിജനകമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന ഒരു സംസ്ഥാനത്ത് യാതൊരു ആലോചനയുമില്ലാതെ, വിജയ സാധ്യതയുള്ള മതനിരപേക്ഷ കക്ഷിയുടെ പരാജയത്തിന് ഹേതുവായേക്കാവുന്ന ഇത്തരം നടപടികൾ അപക്വവും വലിയ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നവയുമാണെന്ന കാര്യത്തിൽ സംശയമില്ല.

കോൺഗ്രസിന്റെ കൈയിലെ ഭാവി കർണാടക

കോൺഗ്രസിന് അധികാരം ലഭിച്ചതിൽ രാജ്യത്തെ മതേതര സമൂഹം ഏറെ സന്തോഷത്തിലും ആശ്വാസത്തിലുമാണ്. മിസോറാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്ത മാസങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് കർണാടക ഫലം ഒരു സൂചകമായിരിക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന രാജ്യത്തെ ഭാവി നിർണയിക്കുന്ന പൊതുതെരഞ്ഞെടുപ്പിലേക്കുള്ള ഒരു കുതിപ്പായി കോൺഗ്രസിനും മതേതര കക്ഷികൾക്കും ഈ ഫലത്തെ കാണാനാവും. വളരെ അടുക്കും ചിട്ടയോടും അച്ചടക്കത്തോടും കൂടി കർണാടക കോൺഗ്രസ് നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തെ ഇതര പിസിസികൾക്കും മാതൃകയാണ്. ഗ്രൂപ്പ് വഴക്കുകളും തമ്മിലടിയും അവസാനിപ്പിച്ച് രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പര്യമനുസരിച്ച് പ്രവർത്തിച്ചാൽ ജനങ്ങൾ കൂടെ നിൽക്കും എന്നതിനുള്ള ജീവിക്കുന്ന ഉദാഹരണമാണ് കർണാടക തെരഞ്ഞെടുപ്പും കർണാടകയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും.എന്നാൽ ഈ ഒരു വർഷത്തിനിടയിൽ കോൺഗ്രസ് കർണാടകയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളെ ആശ്രയിച്ചായിരിക്കും കർണാടകയുടെയും രാജ്യത്തിന്റെയും ഭാവി. മുസ്‌ലിം സംവരണം എടുത്തുകളഞ്ഞ ബിജെപി സർക്കാറിന്റെ നടപടി റദ്ദ് ചെയ്യുമെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിജാബ് നിരോധിച്ചവൻ പുറത്ത് ഹിജാബ് ധരിച്ചവൾ അകത്ത്

കർണാടകയിലെ വിദ്യാലയങ്ങളിൽ ശിരോവസ്ത്രം നിരോധിച്ച വിദ്യാഭ്യാസമന്ത്രി ബി.സി.നാഗേഷ് തിപ്‌തുർ മണ്ഡലത്തിൽ പരാജയപ്പെട്ടത് ഇരുപതിനായിരത്തോളം വോട്ടിനാണ്. അതേസമയം കഴിഞ്ഞ അഞ്ച് വർഷക്കാലം ശിരോവസ്ത്രം ധരിച്ച് കോൺഗ്രസിന്റെ ‘ഹിജാബ് മുഖ’മായി നിയമസഭയിലിരുന്ന വനിതാ അംഗം കനീസ് ഫാത്തിമ ബിജെപിയുടെ ശക്തികേന്ദ്രമായ ഗുൽബർഗ നോർത്തിൽ വീണ്ടും വിജയിക്കുകയും ചെയ്തു. വിദ്യാലയങ്ങളിൽ ഹിജാബിനേർപ്പെടുത്തിയ വിലക്ക് റദ്ദ് ചെയ്യുമെന്ന് കനീസ് ഫാത്തിമയുടെ പ്രഖ്യാപനവും ഇതിനകം വന്നു കഴിഞ്ഞു. ഹിജാബ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. ഒരു വിശാലബെഞ്ച് രൂപീകരിച്ച് പുതുതായി വാദം കേൾക്കാനും അന്തിമ വിധി പ്രഖ്യാപിക്കാനുമിരിക്കെയാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതിയ കോൺഗ്രസ് സർക്കാർ ഹിജാബ് നിരോധനം പിൻവലിക്കുന്നതോടെ സുപ്രീംകോടതിയിൽ പുതിയ വാദമുഖങ്ങൾ തുറക്കാനിടയില്ല. അതുവഴി കോടതിക്കും അതൊരു ആശ്വാസമാവാൻ സാധ്യതയുണ്ട്.

സംഘ്പരിവാർ സംസ്ഥാനത്ത് ചെയ്തുവെച്ച മുഴുവൻ വർഗീയ വിധ്വംസക പ്രവർത്തനങ്ങളെയും ഇല്ലാതാക്കാൻ കോൺഗ്രസിന് കഴിയേണ്ടതുണ്ട്. അവർ ചെയ്തുവെച്ച ഓരോ ദ്രോഹനടപടികളും ‘അൺഡു’ അടിച്ച് പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരിക അത്ര എളുപ്പമുള്ള കാര്യമല്ല. അതോടൊപ്പം ഹിന്ദുത്വവാദികൾക്ക് കൂടുതൽ അവസരം നല്കാതിരിക്കാനുള്ള ജാഗ്രതയും ഉണ്ടായിരിക്കണം. എന്നാൽ വർഗീയ വിധ്വംസക പ്രവർത്തനങ്ങളോട് ഒരു നിലക്കും രാജിയാവാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. സിദ്ദരാമയ്യക്കും ശിവകുമാറിനും അത് സാധിക്കും.

ന്യൂനപക്ഷ പ്രാതിനിധ്യം കയ്യാലപ്പുറത്ത്

സംസ്ഥാന നിയമസഭയിലേക്ക് കോൺഗ്രസ് ഇത്തവണ 14 മുസ്‌ലിംകൾക്കും ഒരു ക്രൈസ്തവനുമാണ് അവസരം നൽകിയത്. അതിൽ 9 മുസ്‌ലിംകളും ക്രൈസ്തവനുമടക്കം പത്ത് പേർ മാത്രമാണ് വിജയിച്ചത്. ജെഡിഎസ് 23 മുസ്‌ലിം സ്ഥാനാർഥികൾക്ക് അവസരം നൽകിയിരുന്നുവെങ്കിലും അതൊന്നും ജെഡിഎസ് സ്വാധീന മേഖലകളിൽ ആയിരുന്നില്ല. തോൽക്കാവുന്ന സീറ്റുകളായിരുന്നു മുസ്‌ലിം സ്ഥാനാർത്ഥികൾക്ക് നൽകിയിരുന്നത്.

1978 ൽ ദേവരാജ് അരസിന്റെ കോൺഗ്രസ് സർക്കാരിലായിരുന്നു ഏറ്റവും കൂടുതൽ മുസ്‌ലിം പ്രാതിനിധ്യം. 16 മുസ്‌ലിം എംഎൽഎമാർ ആയിരുന്നു അന്നുണ്ടായിരുന്നത്. രണ്ട് മുസ്‌ലിം അംഗങ്ങൾ മാത്രമുണ്ടായിരുന്ന 1983 ലെ രാമകൃഷ്ണ ഹെഗ്‌ഡെയുടെ ജനതാ സർക്കാറിന്റെ കാലത്തായിരുന്നു ഏറ്റവും കുറവ്. 2008 ൽ ഒമ്പതും 2013 ൽ പതിനൊന്നും 2018 ൽ ഏഴും മുസ്‌ലിം അംഗങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് 84% ഹിന്ദുക്കളും 13% മുസ്‌ലിംകളും 2% ക്രിസ്ത്യാനികളുമാണുള്ളത്. ഈ കണക്കനുസരിച്ച് 224 അംഗ നിയമസഭയിൽ 29 മുസ്‌ലിം അംഗങ്ങളും 4 ക്രിസ്ത്യൻ അംഗങ്ങളും വേണ്ടതുണ്ട്. ഏന്നാൽ 9 മുസ്‌ലിംകളും ഒരു ക്രിസ്ത്യാനിയും മാത്രമാണ് ഇപ്പോൾ സഭയിലുള്ളത്.

രാഷ്ട്രീയബോധം ശക്തമാക്കുക

ഈ പ്രാതിനിധ്യക്കുറവ് പരിഹരിക്കണമെങ്കിൽ ശക്തമായ രാഷ്ട്രീയ ബോധം മുസ്‌ലിംകൾക്കിടയിൽ വളരേണ്ടതുണ്ട്. തീവ്രവാദ സംഘങ്ങൾ ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങൾക്ക് പിറകെ പോവാതെ ഹൈന്ദവ ഭൂരിപക്ഷത്തിലെ മതനിരപേക്ഷ കൂട്ടായ്മകളോടും വ്യക്തികളോടും സഹകരിച്ചും ഒന്നിച്ചുനിന്നും ജാതിമത പരിഗണനകളില്ലാതെ അയൽപക്ക കൂട്ടായ്മകൾ സജീവമാക്കിയും കാരുണ്യപ്രവർത്തനങ്ങൾ വർധിപ്പിച്ചും മുസ്‌ലിം സമൂഹം മുന്നേറേണ്ടതുണ്ട്. ജനാധിപത്യബോധം പ്രചരിപ്പിക്കുകയും രാജ്യത്തോടും രാജ്യക്കാരോടുമുള്ള കൂറും ഉത്തരവാദിത്തവും ബോധ്യപ്പെടുത്തുകയും ചെയ്തുകൊണ്ട് പ്രവർത്തിക്കേണ്ടതുണ്ട്. സ്വന്തം അസ്തിത്വത്തെ പണയപ്പെടുത്താതെ, മതവിശ്വാസത്തെ നെഞ്ചോട് ചേർത്ത് പിടിച്ച് മറ്റുള്ളവരുടെ വിശ്വാസങ്ങൾക്ക് നേരെ ജനാധിപത്യപരമായ സമീപനം വെച്ചുപുലർത്തിക്കൊണ്ട് ജീവിക്കുകയും വേണം.

തിരിച്ചുവരുന്ന മതസൗഹാർദം

വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹാർദത്തെയാണ് മതസൗഹാർദം എന്ന് വിളിക്കുന്നത്. കർണാടകയുടെ പാരമ്പര്യം മതസൗഹാർദമാണ്. ഏന്നാൽ അതിനെ തകർക്കാൻ വേണ്ടി സംഘ്പരിവാർ നടത്തിയ പരിശ്രമങ്ങൾക്ക് കർണാടകയിലെ ഹൈന്ദവ, മുസ്‌ലിം, ക്രൈസ്തവ സഹോദരങ്ങൾ മറുപടി നൽകിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കുന്ന വീഡിയോകൾ അതാണ് വ്യക്തമാക്കുന്നത്. സിന്ദൂരമണിഞ്ഞ ഹൈന്ദവ സഹോദരിമാരും പർദയണിഞ്ഞ മുസ്‌ലിം സഹോദരിമാരും കുരിശണിഞ്ഞ ക്രൈസ്തവ സഹോദരിമാരും ഒരുപോലെ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് അവരുടെ സന്തോഷം പങ്കിടുന്നത് അതാണ് വ്യക്തമാക്കുന്നത്. ഇതാണ് കർണാടകക്ക് പറയാനുള്ള റിയൽ സ്റ്റോറി. സംഘ് പരിവാറിന്റെ ഫെയ്ക് സ്റ്റോറികളെ ദക്ഷിണേന്ത്യയിൽ നിന്നും കെട്ടുകെട്ടിച്ച കന്നഡ മക്കൾ ദക്ഷിണേന്ത്യയുടെ പാരമ്പര്യം വിളിച്ചോതുന്ന സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും റിയൽസ്റ്റോറികൾ ഭാരതീയ ഹൃദയങ്ങളിലേക്ക് പകർന്നുകൊടുക്കുകയാണ്. ഈ പാരമ്പര്യം കൈമോശം വരാതെ സൂക്ഷിക്കാനും മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്നവരെ തിരിച്ചറിയാനുമുള്ള ജാഗ്രത നിലനിർത്തിയാൽ ഭാരത്തിന്റെ മഹനീയ പൈതൃകം നിലനിർത്താൻ സാധിക്കും.