കളമശ്ശേരി, ഫലസ്തീൻ; വർത്തമാനങ്ങളുടെ വർത്തമാനം

ടി.കെ അശ്‌റഫ് /ഉസ്മാൻ പാലക്കാഴി

2023 നവംബർ 11 , 1445 റ.ആഖിർ 27

പകയുടെ കരിമ്പുകയിൽ ശ്വാസം കിട്ടാതുലയുന്ന സമകാലികലോകത്താണ് നാം ജീവിക്കുന്നത്. സ്വന്തമല്ലാത്തതെല്ലാം എതിർപക്ഷത്താണെന്നും ജീവിതമർഹിക്കുന്നില്ലെന്നും ചിന്തിക്കുന്നവരുടെ മനോനില ഏറെ വിചിത്രമാണ്! ഫലസ്തീനിലും മണിപ്പൂരിലും ഇങ്ങ് കളമശ്ശേരിയിലുമെല്ലാം വീശിത്തുടങ്ങിയ ആ വിഷപ്പുക നമ്മുടെ അന്നനാളങ്ങളെ അലോസരപ്പെടുത്തുന്നതിന് മുമ്പ് തിരുത്തിയേ മതിയാവൂ.

ചോദ്യം: ഇസ്‌ലാം എന്ന വാക്കിന്റെ അർഥം തന്നെ രക്ഷ, സമാധാനം, സമർപ്പണം എന്നൊക്കെയാണ്. എന്നിട്ടും അസമാധാനത്തിന്റെ വിത്ത് വിതക്കുന്ന ആദർശമായി ഇസ്‌ലാമിനെ പാശ്ചാത്യൻ രാജ്യങ്ങൾ മുദ്രകുത്തുന്നതിന്റെ കാരണമെന്തായിരിക്കും?

മറുപടി: അതിന്റെ കാരണം വളരെ വ്യക്തമാണ്. ഇസ്‌ലാമിനെ ആശയപരമായി നേരിടുക എന്നത് സാധിക്കാത്ത കാര്യമാണ്. ആശയപരമായ ചർച്ചകൾ ആരോഗ്യകരമായി നടന്നാൽ ഏതു വിമർശകനും ഇസ്‌ലാമിക അധ്യാപനങ്ങളിൽ ആകൃഷ്ടനാകാനുള്ള സാധ്യത ഏറെയാണ്. അതാണ് ഇസ്‌ലാമിന്റെ ഇതുവരെയുള്ള ചരിത്രം. ഇക്കാര്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇസ്‌ലാമിനെക്കുറിച്ച് മുൻവിധികൾ പടച്ചുവിടുന്നതിൽ പാശ്ചാത്യലോകം മത്സരിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു കാരണം കൂടിയുണ്ട്; ഇസ്‌ലാമിന്റെ വിശ്വാസദർശനവും ആചാരാനുഷ്ഠാനങ്ങളും സർവ ചൂഷണങ്ങളുടെയും വേരറുക്കുന്നതാണ്. അല്ലാഹുവിനോട് പ്രാർഥിക്കാൻ ഇടയാളന്റെയോ നാണയത്തുട്ടിന്റെയോ ആവശ്യമില്ല. പൗരോഹിത്യം ഇസ്‌ലാമിന്റെ പടിക്ക് പുറത്താണ്. ഇസ്‌ലാമിന്റെ മധ്യമ നിലപാട്, സാമ്പത്തിക മിതവ്യയ സിദ്ധാന്തം, സ്ത്രീകളോടുള്ള മാന്യമായ നിലപാട്, ചൂഷണമുക്തമായ സാമ്പത്തിക വ്യവസ്ഥ, ലഹരിവസ്തുക്കളെല്ലാം നിഷിദ്ധമെന്ന നിലപാട്, കുടുംബ ഭദ്രത നിലനിർത്താനുള്ള ആഹ്വാനം... തുടങ്ങിയ ആശയങ്ങളെല്ലാം സമൂഹത്തിൽ വേരുപിടിച്ചാൽ സാമ്രാജാത്യത്വ-കോർപ്പറേറ്റ് ഭീമന്മാർക്ക് സാധാരണക്കാരെ ഊറ്റിയെടുത്ത് ജീവിക്കാൻ കഴിയില്ലെന്നും അവരുടെ, പലിശയിൽ ഊട്ടപ്പെട്ട സംവിധാനങ്ങൾക്ക് നിലനിൽപുണ്ടാകില്ലെന്നും നന്നായി അറിയാം. അതുകൊണ്ട് ഇസ്‌ലാമിന്റെ വളർച്ച തടയുക എന്നത് പാശ്ചാത്യരുടെ അജണ്ടയാണ്. ഈ ലക്ഷ്യം വേഗത്തിൽ നടപ്പാവുക തീവ്രവാദ ചാപ്പകുത്തുന്നതിലൂടെയാണെന്ന് അവർ തിരിച്ചറിയുന്നു.

ചോദ്യം: ‘ഭീകരവാദം സമം ഇസ്‌ലാം’ എന്ന സമവാക്യം ലോകത്ത് രൂപപ്പെട്ടിട്ട് കാലമേറെയായി. ഇന്ത്യയിൽ മോദി ഭരണത്തിന്റെ കടന്നുവരവോടെ അതിന്റെ പ്രചാരണം കനത്തിട്ടുണ്ട്. അടുത്ത കാലത്തായി കേരളത്തിലും വ്യാപിച്ചുതുടങ്ങിയിട്ടുണ്ട്. അതിന് തെളിവുണ്ടാക്കാനുള്ള ശ്രമങ്ങളും ഇവിടെ നടക്കുന്നുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കളമശ്ശേരി സ്‌ഫോടനാനന്തര സംഭവ വികാസങ്ങൾ. ഇതിനെ എങ്ങനെ വിലയിരുത്തുന്നു?

മറുപടി: ‘എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ല; എന്നാൽ എല്ലാ തീവ്രവാദികളും മുസ്‌ലിംകളാണ്’ എന്നതാണ് ലോകത്ത് പുതുതായി രൂപപ്പെട്ട ഇസ്‌ലാംവിരുദ്ധ പ്രമേയം. ഈ ആശയം കേരളത്തിലും യാഥാർഥ്യമായിരിക്കുന്നു എന്ന് വരുത്തിത്തീർക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് അടുത്ത കാലത്തായി നടന്നുവരുന്നത്. എന്ത് സംഭവിച്ചാലും അതിനെ വർഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഏത് അക്രമമാണെങ്കിലും അതിനു പിന്നിൽ മുസ്‌ലിം പേരുകാരനാണെങ്കിൽ അതിനെ ഇസ്‌ലാമുമായി ചേർത്തുവായിക്കാനുള്ള വല്ലാത്ത വ്യഗ്രതയാണ് നാം കാണുന്നത്. യഥാർഥത്തിൽ എല്ലാ തീവ്രവാദികളും മുസ്‌ലിംകളാണെന്ന ആഖ്യാനം തികച്ചും അസംബന്ധമാണ്. ലോകത്താകമാനം ഉണ്ടായ ഭീകരാക്രമണങ്ങളുടെ കണക്ക് അമേരിക്കതന്നെ പുറത്തുവിട്ടത് പരിശോധിച്ചാൽ ഇത് ബോധ്യമാകും. 1980 മുതൽ 2005 വരെയുള്ള, അമേരിക്കയിലെ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്ക് ഈ ആരോപണത്തെ തള്ളിക്കളയുന്നുണ്ട്. ലോകത്താകെ ഉണ്ടായ ഭീകരാക്രമണങ്ങളിൽ 94%വും ഇസ്‌ലാമിതര വിഭാഗങ്ങളിൽനിന്നുണ്ടായതാണ്. വെറും 6% മാത്രമാണ് മുസ്‌ലിം നാമധാരികളിൽനിന്ന് ഉണ്ടായിട്ടുള്ളത്. അവരാകട്ടെ, യഥാർഥ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവരുമല്ല.

‘ഇസ്‌ലാം എന്നാൽ ഭീകരതയാണ്’ എന്ന് സമർഥിക്കാൻ ശത്രുക്കൾ എടുത്തുകാട്ടുന്ന രണ്ടു സംഘടനകളാണ് ഐഎസ്‌ഐഎസ്സും അൽക്വാഇദയും. ഇവ രണ്ടും അമേരിക്കയുടെ സൃഷ്ടിയാണെന്നത് ഇതിനകം പുറത്തുവന്ന യാഥാർഥ്യവുമാണ്. മുസ്‌ലിംലോകം ഈ ഭീകരസംഘങ്ങളെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിംകൾ മാത്രമുള്ള പരിശുദ്ധ ഹറമിലേക്ക് മിസൈൽ തൊടുത്തുവിടുന്ന, മുസ്‌ലിംകളെ കൊല്ലാൻ മടിയില്ലാത്ത ഈ ഭീകരർ എങ്ങനെയാണ് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സംരക്ഷകരാവുക?

വസ്തുത ഇതായിരിക്കെ, സെപ്റ്റംബർ 11ന് ശേഷം ലോകത്ത് രൂപപ്പെട്ട ഇസ്‌ലാമോഫോബിയയെ മുൻനിർത്തി കേരളത്തിലും വിഭജനമുണ്ടാക്കാൻ നീചമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിന് ഏതു വഴിവിട്ട മാർഗവും ഉപയോഗിക്കും. അതിന്റെ നേർക്കാഴ്ചയാണ് 2023 ഒക്ടോബർ 29ന് കളമശ്ശേരിയിലെ സാമ്രാ കൺവെൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തെ തുടർന്ന് നാം കണ്ടത്. ഈ സ്ഫോടനത്തിൽ നാലുപേർ മരണപ്പെട്ടു. നിരവധിപേർ ചികിത്സയിലാണ്. ക്രൈസ്തവ വിഭാഗത്തിലെ യഹോവസാക്ഷികളുടെതായിരുന്നു സമ്മേളനം. സംഭവം നടന്ന ആദ്യ മണിക്കൂറുകളിൽ ഇത് മുസ്‌ലിം പക്ഷത്തുനിന്നുണ്ടായ ഭീകരാക്രമണമാണെന്ന തരത്തിൽ, കേന്ദ്രമന്ത്രിമാർ, ദേശീയ പത്രങ്ങൾ, കേരളത്തിലെ ചില ചാനലുകൾ, സാമൂഹികമാധ്യമങ്ങളിലെ അറിയപ്പെടുന്ന ചില അക്കൗണ്ടുകൾ എന്നിവയിൽനിന്ന് ഉഗ്രവിഷം വമിക്കുന്ന പ്രതികരണങ്ങളാണ് വന്നുതുടങ്ങിയത്. ചിലർ ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിലേക്കുവരെ ഈ സംഭവത്തെ ചേർത്തുകെട്ടി വ്യാഖ്യാനിച്ചു. യഹോവസാക്ഷികൾ യഹൂദരുമായി ബന്ധമുള്ളവരായതുകൊണ്ട്, ഫലസ്തീൻ അനുകൂല നിലപാടുള്ളവരാണ് ഈ സ്ഫോടനത്തിനു പിന്നിലെന്നു വരുത്താനായി എല്ലാ വഴികളിലൂടെയും ശ്രമിച്ചുനോക്കി. ഇതിനിടക്കാണ് ഈ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തുകൊണ്ട് ‘മുസ്‌ലിം അല്ലാത്ത’ ഡൊമിനിക് മാർട്ടിൻ എന്ന, പഴയ യഹോവസാക്ഷി പ്രവർത്തകൻ ഫെയ്സ്ബുക്ക് ലൈവിലൂടെ രംഗത്തു വന്നത്. മുസ്‌ലിം സമൂഹത്തിന്റെ തലയിൽ ഈ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം കെട്ടിവെക്കാൻ കച്ചകെട്ടിയിറങ്ങിയവരെല്ലാം പരിഹാസ്യരായി മാളത്തിലൊളിക്കുന്നതാണ് നാം പിന്നീടു കണ്ടത്. പലരും ഫെയ്സ്ബുക്ക് പോസ്റ്റുകൾ പിൻവലിച്ചുകൊണ്ട് ന്യായീകരണത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോയി.

തൊട്ടടുത്ത ദിവസം പുറത്തിറങ്ങിയ ദേശീയ പത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ’ ഈ സംഭവത്തിന് നൽകിയ തലവാചകം ഇസ്‌ലാമോഫോബിയ എത്രത്തോളം നമ്മുടെ മാധ്യമങ്ങളെ പോലും സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു. അതിപ്രകാരമാണ്: “”Twist in the tale: No terror angle in IED blast at prayer meet that kills 2, injures 58.’’‘

ടെറർ ആംഗിൾ ഇല്ല; കഥയിൽ വഴിത്തിരിവ്’ എന്ന തലവാചകം പറയാൻ ശ്രമിച്ചത് ഇത് ഒരു മുൻ വിശ്വാസിയുടെ പ്രതിഷേധം മാത്രമാണെന്നാണ്. ഭീകരാക്രമണമാകണമെങ്കിൽ ഒരു മുസ്‌ലിം പേര് നിർബന്ധമാണെന്ന പൊതുബോധമാണ് ഇവരെ പോലും നയിക്കുന്നത്.

ചോദ്യം: ഭീകരാക്രമണങ്ങൾക്കു പിന്നിലെല്ലാം മുസ്‌ലിമിനെയും ഇസ്‌ലാമിനെയും തിരയുന്ന, മുസ്‌ലിമല്ലെങ്കിൽ ഇച്ഛാഭംഗപ്പെടുന്ന സംഘപരിവാറുകാരെപ്പോലെ തന്നെ ചില മുഖ്യധാരാ മാധ്യമങ്ങളും അറിയപ്പെടുന്ന വ്യക്തികളും കേരളത്തിലുമുണ്ടെന്ന് നാം തിരിച്ചറിഞ്ഞു. ഇത് വലിയൊരു ദുരന്ത സൂചനയല്ലേ?

മറുപടി: തീർച്ചയായും! ഇത് വലിയൊരു ദുരന്തം മാത്രമല്ല; ഭാവിയിൽ വൻ പ്രഹരശേഷിയുള്ള നിരവധി ദുരന്തങ്ങൾക്ക് വിത്തും വളവും നൽകുന്നതുകൂടിയാണ്. സമാധാനം ആഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരെ രംഗത്തുവരണം.

ചോദ്യം: കേരളം ‘സമാധാനത്തിന്റെ തുരുത്ത്’ എന്ന അവസ്ഥയിൽനിന്ന് പാടെ മാറിപ്പോയി എന്നാണോ നാം കരുതേണ്ടത്?

മറുപടി: ഒരിക്കലും അല്ല! സാമൂഹിക മാധ്യമങ്ങളിൽ കാണുന്നതല്ല യഥാർഥ കേരളം. കേരളത്തി്ന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്നാൽ പരസ്പര സൗഹാർദത്തിന്റെയും സ്‌നേഹത്തിന്റെയും അനുഭവങ്ങൾ ധാരാളം നമുക്ക് കണ്ടെത്താനാവും. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും പരസ്പരം സഹകരിച്ചും സഹായിച്ചുമാണ് മുന്നോട്ടുപോകുന്നത്. വർഗീയവിഭജനം ലക്ഷ്യം വെക്കുന്ന വിഭാഗം സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി മനുഷ്യരെ പരസ്പരം അകറ്റുന്ന കമന്റുകൾ വാരിവിതറുകയാണ് ചെയ്യുന്നത്. ഒരേ വ്യക്തിതന്നെ ഹിന്ദുവായും മുസ്‌ലിമായും ക്രിസ്ത്യാനിയായും വിവിധ പേരുകളിൽ പ്രത്യക്ഷപ്പെട്ട് വെറുപ്പ് കുത്തിവെക്കുന്ന കമന്റുകൾ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഇതു കണ്ട് സങ്കടപ്പെടുന്നവരും അതിനനുസരിച്ച് പ്രതികരിക്കുന്നവരും സമൂഹത്തിൽ ഉണ്ടെന്ന് മാത്രം. ഈ കെണി മനസ്സിലാക്കി സൗഹാർദത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും വർഗീയശക്തികളെ ഒറ്റപ്പെടുത്താനും ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടായാൽ കേരളത്തെ സമാധാനത്തിന്റെ പച്ചത്തുരുത്തായി നമുക്ക് നിലനിർത്താനാകും.

ചോദ്യം: ‘കാസ’യും ‘മറുനാടനു’മൊക്കെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ മാരകമായ രീതിയിൽ വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ടും എന്തുകൊണ്ട് അതിനു കൂച്ചുവിലങ്ങിടാൻ സർക്കാർ തയാറാകുന്നില്ല? അത്തരം വർഗീയ പ്രചാരകരെ എങ്ങനെയാണ് മുസ്‌ലിം സമൂഹം നേരിടേണ്ടത്?

മറുപടി: സർക്കാർ കളമശ്ശേരി സ്ഫോടനത്തെ തുടർന്ന് മാതൃകാപരമായ നടപടികൾ തന്നെയാണ് സ്വീകരിച്ചത്. അമ്പതിലധികം പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. അതിൽ കേന്ദ്രമന്ത്രിയടക്കം, നിങ്ങൾ സൂചിപ്പിച്ച കാസയും മറുനാടനുമെല്ലാം ഉൾപ്പെടും. വിദ്വേഷം വമിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുകയും നിയമനടപടിക്ക് വിധേയമാക്കുകയും ചെയ്താൽ വർഗീയ വിഭജനത്തിന് വൻതോതിൽ പ്രതിരോധം തീർക്കാനാകും. കുറ്റക്കാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതുവരെ കോടതിയിൽ പബ്‌ളിക്ക് പ്രോ

സിക്യൂട്ടറുടെ ഉത്തരവാദിത്തത്തിൽ കൃത്യവിലോപം വരാതെ നോക്കുന്നതിലാണ് സർക്കാറിന്റെ ആത്മാർഥത തെളിയേണ്ടത്.

ഇത്തരം ഘട്ടങ്ങളിൽ മുസ്‌ലിം സമൂഹം അതീവ ജാഗ്രത പാലിക്കുകയും വേണം. കളമശ്ശേരി സംഭവത്തോടെ മുസ്‌ലിം സമുദായം അകാരണമായി വേട്ടയാടപ്പെടുകയാണെന്നും ഇസ്‌ലാമോഫോബിയ ഒരു യാഥാർഥ്യമാണെന്നും നിഷ്പക്ഷരായ ധാരാളം പേർക്ക് ഇതിനകം ബോധ്യമായിട്ടുണ്ട്. ഈ സവിശേഷ സാഹചര്യത്തെ തകിടംമറിക്കുന്ന വൈകാരിക പ്രതികരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിലടക്കം ഉണ്ടാവാതിരിക്കാൻ നിതാന്ത ശ്രദ്ധവേണം.

ഇസ്‌ലാമിക പ്രമാണങ്ങളിലും രാജ്യത്തെ നിയമങ്ങളിലും വന്നിട്ടുള്ള, ഒരു ബഹുമത സമൂഹത്തിൽ ജീവിക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സ്വീകരിക്കുന്നതിൽ പുതിയ സാഹചര്യത്തിൽ അതീവ ശ്രദ്ധയുണ്ടാകണം.

ചോദ്യം: മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

മറുപടി: കേരള ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുന്ന ഒരു ഇടപെടലായിരുന്നു കളമശ്ശേരി വിഷയത്തിൽ സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം. വിഭാഗീയതക്ക് തിരികൊളുത്തുമ്പോൾ അത് കെടുത്താൻ ഭരണകൂടം തന്നെയാണ് ആദ്യം ഓടിയെത്തേണ്ടത്. ഭരണകർത്താക്കൾ നിസ്സംഗത പാലിക്കുന്നിടത്താണ് വിഭാഗീയത അതിന്റെ ഉഗ്രരൂപം പ്രാപിക്കാറുള്ളത്. മണിപ്പൂരിൽ നാം കണ്ടത് അതാണ്.

താത്കാലിക രാഷ്ട്രീയതാൽപര്യങ്ങളുടെ സംരക്ഷണത്തിനായി സമൂഹത്തെ ഇരുചേരികളായി നിർത്തി തമ്മിലടിപ്പിക്കുകയും അതിൽ ഒരുവിഭാഗത്തിന് ഭരണകൂടം ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്തതാണ് ഇന്ത്യയിൽ ഉണ്ടായ എല്ലാ വർഗീയ കലാപങ്ങളുടെയും അടിസ്ഥാന കാരണം.

ചോദ്യം: ‘ഫലസ്തീൻ എന്താ മുസ്‌ലിംകളുടെ അമ്മായിയുടെ മകനാണോ’ എന്ന് ഒരു സഘപരിവാറുകാരൻ ചോദിച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ കാണുവാൻ കഴിഞ്ഞു. ഫലസ്തീൻ എന്ന രാജ്യവുമായി മുസ്‌ലിംകൾക്ക് എന്താണിത്ര വൈകാരിക ബന്ധം എന്നാണ് ഈ ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്താണ് ഇതിനുള്ള മറുപടി?

മറുപടി: വൈകാരിക ബന്ധമുണ്ട് എന്നുതന്നെയാണ് അതിനുള്ള മറുപടി. മുഹമ്മദ് നബിﷺയുടെ അത്ഭുതകരമായ നിശാപ്രയാണം (ഇസ്‌റാഅ്), ആകാശാരോഹണം (മിഅ്‌റാജ്) എന്നീ സംഭവങ്ങളുമായി ഏറ്റവും ബന്ധപ്പെട്ട വിശുദ്ധഗേഹമായ ബൈത്തുൽ മക്വ‌്‌ദിസ് സ്ഥിതിചെയ്യുന്നത് ഫലസ്തീനിലാണ്. വിശുദ്ധ ക്വുർആൻ 17ാം അധ്യായം ഒന്നാം വചനത്തിൽ ഇങ്ങനെ കാണാം:

“തന്റെ ദാസനെ (നബിയെ) ഒരു രാത്രിയിൽ മസ്ജിദുൽ ഹറാമിൽനിന്ന് മസ്ജിദുൽ അക്വ‌്സായിലേക്ക്-അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു-നിശായാത്ര ചെയ്യിച്ചവൻ എത്രയോ പരിശുദ്ധൻ...’’

പുണ്യം പ്രതീക്ഷിച്ചുള്ള യാത്രക്ക് ഇസ്‌ലാം അനുമതി നൽകിയത് മൂന്ന് പള്ളികളിലേക്ക് മാത്രമാണ്. അതിൽ മൂന്നാമത്തെത് മസ്ജിദുൽ അക്വ്‌സയാണ്.

ചോദ്യം: പണ്ടുമുതലേ യഹൂദരുടെ കൈയിലായിരുന്നു ഫലസ്തീൻ, മുസ്‌ലിംകൾ അത് കൈവശപ്പെടുത്താൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്കു കാരണം എന്ന തെറ്റായ പ്രചാരണം നടന്നുകൊണ്ടിരിക്കുന്നുണ്ട്.

മറുപടി: ഈസാ നബി(അ)ക്കു മുമ്പ് 12ാം നൂറ്റാണ്ടിൽ ആ പ്രദേശത്ത് താമസിച്ചിരുന്ന ‘ഫിലിസ്തിയൻ’ (ഫലസ്ത്യൻ) എന്ന ജനതയുടെ പേരിൽ നിന്നാണ് ‘ഫലസ്തീൻ’ എന്ന പേര് ലഭിച്ചതെന്നാണ് പ്രബലമായ അഭിപ്രായം. യഅ്ക്വൂബ് നബി(അ)യുടെ മറ്റൊരു നാമമാണ് ‘ഇസ്‌റാഇൗൽ.’ അദ്ദേഹത്തിന്റെ സന്തതിപരമ്പര ‘ബനൂഇസ്‌റാഇൗൽ’ അഥവാ ‘ഇസ്‌റാഈൽ സന്തതികൾ’ എന്ന പേരിൽ അറിയപ്പെടുന്നു. ഈജിപ്തിൽ ക്വിബ്തികളുടെ അടിമത്തത്തിൻ കഴിഞ്ഞിരുന്ന ബനൂഇസ്‌റാഇൗൽ സമൂഹത്തെ രക്ഷപ്പെടുത്തി നേർവഴി നടത്താൻ നിയുക്തനായ മൂസാ നബി(അ) അവരെയുമായി ചെങ്കടൽ കടന്ന് യാത്ര തിരിച്ചെങ്കിലും ക്വുദ്‌സിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. മൂസാ(അ) തന്റെ ജനതയോട് കൽപിച്ച കാര്യം ക്വുർആനിൽ 5ാം അധ്യായം 21ാം വചനത്തിൽ ഇങ്ങനെ കാണാം: “എന്റെ ജനങ്ങളേ, അല്ലാഹു നിങ്ങൾക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയിൽ നിങ്ങൾ പ്രവേശിക്കുവിൻ. നിങ്ങൾ പിന്നോക്കം മടങ്ങരുത്. എങ്കിൽ നിങ്ങൾ നഷ്ടക്കാരായി മാറും.’’

എന്നാൽ അനുസരണക്കേടിന്റെ പര്യായമായ ആ ജനതയുടെ പ്രതികരണം ‘പരാക്രമശാലികളായ ഒരു ജനതയാണ് അവിടെയുള്ളത്. അവർ അവിടെനിന്ന് പുറത്തുപോകുന്നതുവരെ ഞങ്ങൾ അവിടെ പ്രവേശിക്കുകയില്ല’ എന്നായിരുന്നു. ‘താങ്കളും താങ്കളുടെ റബ്ബും പോയി യുദ്ധം ചെയ്തുകൊള്ളുക, ഞങ്ങൾ ഇവിടെ ഇരിക്കുകയാണ്’ എന്നാണ് അവർ മൂസാനബി(അ)യോട് പ്രതികരിച്ചത്. സീനാ മരുഭൂമിയിൽ നാൽപതു വർഷം അന്തംവിട്ട് അലഞ്ഞുനടക്കുക എന്നതാണ് അതിന് അല്ലാഹു അവർക്ക് നൽകിയ ശിക്ഷ. അതിനുശേഷമാണ് ഫലസ്ത്യർക്കെതിരെ ഇസ്‌റാഈല്യർ വിജയം വരിച്ചത്. ത്വാലൂത്വിന്റെ നേതൃത്വത്തിൽ ഫലസ്ത്യരിലെ ജാലൂത്തിനെ തോൽപിച്ചതിലൂടെയാണ് ഇസ്‌റാഈല്യരുടെ അധികാരം സാധിതമായത്. ഒരു നൂറ്റാണ്ടുപോലും തികച്ച് അവർക്ക് ഫലസ്തീനിൽ ആധിപത്യം നിലനിർത്താൻ സാധിച്ചിട്ടുമില്ല.

പ്രവാചകന്റെ കാലഘട്ടത്തിൽ ഈ പ്രദേശം റോമക്കാരുടെ ആധിപത്യത്തിലായിരുന്നു. രണ്ടാം ഖലീഫ ഉമറി(റ)ന്റെ ഭരണകാലത്താണ് ഫലസ്തീൻ ഉൾപെടുന്ന സിറിയ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായി ചേർക്കപ്പെട്ടത്. ഉമർ(റ) നേരിട്ടെത്തിയാണ് റോമക്കാരുമായി കരാറുണ്ടാക്കുകയും 560 ഓളം വർഷത്തെ റോമൻ ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തത്. വിശുദ്ധ നഗരിയുടെ താക്കോൽ ഏറ്റുവാങ്ങിയ ഖലീഫ അതുവരേക്കും ആരാധനാസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട യഹൂദർക്ക് ആരാധനാ സ്വാതന്ത്ര്യം നൽകുകയും രക്തച്ചൊരിച്ചിലില്ലാതെ വിശുദ്ധ നഗരിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഒരു ലക്ഷത്തി നാൽപതിനാലായിരത്തോളം ചതുരശ്ര മീറ്ററുള്ള വിശാലമായ സ്ഥലമാണ് ഇന്ന് ബൈത്തുൽ മക്വ‌്‌ദിസ്. അംറുബ്‌നുൽ ആസ്വി(റ)നെ ഗവർണറായി നിശ്ചയിച്ചുകൊണ്ട് മദീനയിലേക്കു തിരിച്ചുപോയ ഉമറിന്റെ(റ) സമാധാനദൗത്യം ആ വിശുദ്ധഭൂമി മൂന്ന് മതവിഭാഗങ്ങളുടെ സമാധാനപൂർണമായ സഹവർത്തിത്വത്തിനാണ് വഴിതുറന്നത്. എഡി 638 മുതൽ നീണ്ട 450 വർഷത്തിലേറെ ഇസ്‌ലാമിക ഭരണത്തിനു കീഴിലെ ആ സൗഹാർദാന്തരീക്ഷം ഫലസ്തീനിന്റെ മണ്ണിൽ തുടർന്നു. എന്നാൽ എഡി 1099ൽ കുരിശു യുദ്ധത്തെത്തുടർന്ന് യൂറോപ്യർ ജറുസലേം കീഴടക്കി. ആ പ്രദേശം കത്തോലിക്കരുടെ നിയന്ത്രണത്തിലായി. പിന്നീട് എഡി 1187ൽ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി ജറുസലേം തിരിച്ചുപിടിക്കുകയും ചെയ്തു.

ചോദ്യം: ഇസ്‌റായേൽ എന്ന യഹൂദരാജ്യം പിറവിയെടുത്തത് എങ്ങനെയാണ്?

മറുപടി: യഹൂദരിലെ തീവ്ര നിലപാടുള്ള സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം ഒരു ജൂതരാഷ്ട്രം ഉണ്ടാക്കുകയെന്നതായിരുന്നു. ഒന്നാം ലോക മഹായുദ്ധ കാലത്തു സഖ്യശക്തികൾ ഈ അഭിലാഷം സാധിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ജൂതൻമാരുടെ സഹകരണം നേടിയിരുന്നു. 1917ലെ ബാൽഫർ പ്രഖ്യാപനത്തിൽ ഈ കരാറുമുൾപ്പെട്ടിരുന്നു. അതനുസരിച്ചു ജൂതൻമാർ യുദ്ധം കഴിഞ്ഞയുടൻ ഫലസ്തീനിലേക്കു മാറിത്താമസിക്കുവാൻ തുടങ്ങുകയും ചെയ്തു. ഹിറ്റ്‌ലറുടെ കൂട്ടക്കൊല സിയോണിസ്റ്റ് പ്രസ്ഥാനത്തെ കൂടുതൽ ശക്തമാക്കിത്തീർത്തു. അങ്ങനെ, 1948ൽ ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കപ്പെടുകയും ചെയ്തു. ബ്രിട്ടൻ, അമേരിക്ക പോലുള്ള വൻകിട രാഷ്ട്രങ്ങളുടെ ഇടപെടൽ കൊണ്ടും പരിശ്രമം കൊണ്ടും മാത്രം സ്ഥാപിതമായതും നിലനിന്നുപോരുന്നതുമായ രാജ്യമാണ് ഇസ്‌റായേൽ എന്നർഥം.

ചോദ്യം: ഇസ്രായേൽ- ഫലസ്തീൻ വിഷയത്തെ കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെടുത്താനുള്ള ശ്രമം ഉണ്ടായതായി താങ്കൾ പറഞ്ഞല്ലോ. ഫലസ്തീൻ മുന്നിൽ വെച്ച് കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങൾ എങ്ങനെ നോക്കിക്കാണുന്നു?

മറുപടി: ഫലസ്തീൻ പ്രശ്‌നം എന്നും ഫലസ്തീനികളുടെ മാത്രം പ്രശ്‌നമായി ചുരുങ്ങുന്നു എന്നതാണ് നമ്മെ വേദനിപ്പിക്കുന്ന കാര്യം. സ്വന്തം താൽപര്യസംരക്ഷണത്തിനായി ഫലസ്തീനികളുടെ ദൈന്യത ഉയർത്തിപ്പിടിക്കുന്നതാണ് നാം കഴിഞ്ഞ കാലങ്ങളിലെല്ലാം ലോകത്തു കണ്ടത്. കേരളത്തിലും ഇപ്പോൾ ഉയർന്നുവരുന്ന രാഷ്ട്രീയ വാദപ്രതിവാദങ്ങൾ ഫലസ്തീനികളുടെ പ്രശ്‌നത്തെയല്ല പ്രതിനിധീകരിക്കുന്നത്; സങ്കുചിതമായ പാർട്ടി താൽപര്യങ്ങളെയാണ്.

ഫലസ്തീൻ പ്രശ്‌നം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. ഒക്‌ടോബർ 7ന് ഉണ്ടായ ആക്രമണത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തെ വിലയിരുത്തുക എന്നതല്ല മുജാഹിദ് പ്രസ്ഥാനത്തിന്റെ നിലപാട്. ഫലസ്തീനികൾ നടത്തുന്നത് സ്വന്തം രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. ഇസ്രയേലിന്റെതാകട്ടെ അധിനിവേശം പൂർത്തിയാക്കാനുള്ള വംശഹത്യയുമാണ്.

സ്വതന്ത്ര ഫലസ്തീൻ എന്ന, ആ നാട്ടുകാരുടെ മോഹം പൂവണിയണം. അതിനായി അയൽ അറബ് രാജ്യങ്ങൾ ക്രിയാത്മകമായ ഇടപെടലുകൾ നടത്തണം. അറബ് രാജ്യങ്ങളെ മൊത്തത്തിൽ അസ്ഥിരപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് ഇത് പടരാതിരിക്കാനുള്ള ജാഗ്രത പാലിക്കേണ്ടതുമുണ്ട്.

ഫലസ്തീന്റെ വിമോചനത്തിന് ഹമാസിന്റെ വഴിതന്നെയാണോ ശരി എന്ന ചോദ്യവും അതിനോടുള്ള പ്രതികരണവും അതിന്റെ മെറിറ്റിൽ പരിഗണിക്കേണ്ട സന്ദർഭമല്ല ഇപ്പോഴുള്ളത്. ഒരു കാര്യം നമുക്ക് ഉറപ്പിച്ചു പറയാം; ഹമാസിനെ ഓഡിറ്റു ചെയ്യുന്നവർ ഫലസ്തീൻ വിരോധികളും ഇസ്രയേൽ അനുകൂലികളുമാകുന്നു എന്ന ആഖ്യാനം തിരുത്തപ്പെടേണ്ടതാണ്. ഹമാസിനുനേരെ ഇസ്‌ലാമിക പണ്ഡിതലോകത്തുനിന്നുയർന്ന യാഥാർഥ്യബോധത്തോടെയുള്ള

ചോദ്യങ്ങൾക്കുള്ള മറുപടിയായി ഉയർന്നുകേൾക്കുന്നത് ‘ഇവർ അതല്ലാതെ എന്തു ചെയ്യും’ എന്ന മറുചോദ്യമാണ്. ഈ മറുചോദ്യം കൊണ്ടുമാത്രം അപ്രസക്തമാകുന്നതല്ല അവർക്കുനേരെ ഉയരുന്ന ചോദ്യങ്ങൾ. അല്ലാഹുവിന്റെ സഹായമാണ് രക്ഷാമാർഗം. അതിനു പാലിക്കേണ്ട ഇസ്‌ലാമിക മര്യാദകൾ ഹമാസ് ശരിയാം വിധം പാലിക്കുന്നില്ല എന്ന നിരീക്ഷണം പ്രസക്തമാണ്; ശരിയും. ഒക്‌ടോബർ 7നുണ്ടായ തിരിച്ചടിയെക്കുറിച്ചും വ്യത്യസ്ത നിരീക്ഷണങ്ങൾ നിലവിലുണ്ട്. അതിലൊന്ന് ഹമാസിന്റെ വിജയമാണ്, ഇസ്രയേലിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് എന്നതാണ്. രണ്ടാമത്തെത് ഇസ്രയേലിന്റെ ആഭ്യന്തര പ്രശ്‌നങ്ങളിൽനിന്ന് രക്ഷപ്പെടാൻ അവർ സ്വയം നടത്തിയ ആക്രമണമാണ് ഇത് എന്നതാണ്. മൂന്നാമത്തെത് സുഊദി അറേബ്യയുടെ മധ്യസ്ഥതയെ തകർക്കാൻ ഇറാൻ ഹമാസുമായി ചേർന്ന് നടത്തിയ ആക്രമണമാണ് എന്നതാണ്. ഇതിൽ ഏതാണു ശരി എന്ന് എന്നെങ്കിലും തെളിയുമെന്ന് പ്രത്യാശിക്കാം.

ലോകത്തെ ഏതു രാജ്യത്തിന്റെയും നീക്കങ്ങളെയും നിലപാടുകളെയും സമയാസമയം നിരീക്ഷിച്ചറിയുന്ന, ലോകത്തെ ഏറ്റവും ശക്തമായ ചാരസംഘടന എന്ന ഖ്യാതി നേടിയ മൊസ്സാദിന് ഒരു മതിലിനപ്പുറത്തുനിന്ന് നടക്കാനിരിക്കുന്ന ആക്രമണത്തെ മണത്തറിയാൻ എന്തുകൊണ്ട് സാധിച്ചില്ല എന്നത് നിസ്സാരമായി തള്ളിക്കളയേണ്ട ചോദ്യമാണെന്ന് തോന്നുന്നില്ല.

മുക്കാൽ നൂറ്റാണ്ടിലേറെക്കാലമായി സ്വന്തം വീട്ടിൽനിന്നും നാട്ടിൽനിന്നും ആട്ടിയോടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ഒരു കാരണവുമില്ലാതെ തങ്ങളുടെ സ്വന്തക്കാരെ പിടിച്ചുകൊണ്ടുപോയി തടവറയിലിടുന്നതിനും കുട്ടികളെ തിരഞ്ഞുപിടിച്ച് കൊന്നുതള്ളിക്കൊണ്ടിരിക്കുന്നതിനും സാക്ഷികളായിക്കൊണ്ടിരിക്കുന്ന ഫല

സ്തീനികൾക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത് എന്ന കാര്യത്തിൽ തർക്കമില്ല. അവർക്കിടയിൽ മുസ്‌ലിംകളുണ്ട്, ക്രൈസ്തവരുണ്ട്, ജൂതൻമാരുമുണ്ട്. അവർ ആവശ്യപ്പെടുന്നത് കവർന്നെടുക്കപ്പെട്ട അവരുടെ മണ്ണും തടയപ്പെട്ട സ്വാതന്ത്ര്യവുമാണ്.