മാനവ രക്ഷയ്ക്ക് ദൈവിക ദർശനം

റഷീദ് കുട്ടമ്പൂർ

2023 ഫെബ്രുവരി 11, 1444 റജബ് 19

സമാധാനം തേടിയുള്ള അലച്ചിലിലാണ് ലോകം. തിരക്കുപിടിച്ച ജീവിതയാത്രയ്ക്കിടയിൽ ആശ്വാസം കണ്ടെത്താനായി അവർ ചെന്നെത്താത്ത ഇടങ്ങളില്ല. ലഹരിയിലും ആൾദൈവങ്ങളിലും ഭോഗാസക്തിയിലുമെല്ലാം അഭയം കണ്ടെത്തിയവർ പിന്നീട് മുമ്പത്തേക്കാൾ ദുരിതത്തിലേക്ക് കാലിടറി വീണ ചരിത്രമാണ് നമുക്ക് മുമ്പിലുള്ളത്. മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിന് മാത്രമെ സ്പഷ്ടവും ശാശ്വതവുമായ ശാന്തിയെ കുറിച്ചുള്ള അറിവ് പകർന്നുനൽകാൻ കഴിയൂ. അത് മാത്രമെ പ്രായോഗികമായി നിലനിൽക്കുകയുള്ളൂ.

നാഗരിക വികാസ പരിണാമങ്ങളുടെ നിരവധി അടരുകൾ പിന്നിട്ടാണ് ആധുനിക മനുഷ്യൻ വർത്തമാന കാലഘട്ടത്തിൽ എത്തിയിട്ടുള്ളത്. ഭൗതിക പുരോഗതിയുടെ പടവുകൾ ചവിട്ടിക്കയറുമ്പോഴും അവന്റെ സ്വത്വബോധം കാത്തുസൂക്ഷിക്കാനും ലക്ഷ്യബോധത്തോടെ ജീവിതപ്രയാണം നടത്താനും അവനെ പ്രേരിപ്പിച്ചത് ആത്മനിഷ്ഠമായ ദൈവബോധമാണ്. പരസ്പര ബന്ധമില്ലാതെ തികച്ചും ഒറ്റപ്പെട്ടു കഴിഞ്ഞ പൗരാണിക ഗോത്രവിഭാഗങ്ങളിൽ പോലും എങ്ങനെയാണ് ഒരു ഏകദൈവത്തെക്കുറിച്ച ബോധം നിലനിന്നത് എന്നത് ദൈവനിരാസത്തിന്റെ വക്താക്കൾക്ക് ഇന്നേവരെ മറുപടി നൽകാൻ കഴിയാത്ത കാര്യമാണ്.

പ്രപഞ്ചസൃഷ്ടികളിൽ സവിശേഷമായ ശാരീരിക ഘടനയും ബൗദ്ധിക നിലവാരവും വെച്ചുപുലർത്തുന്ന മനുഷ്യൻ ചിന്താസ്വാതന്ത്ര്യവും പ്രവർത്തനസ്വാതന്ത്ര്യവും നൽകപ്പെട്ടവനായതുകൊണ്ടുതന്നെ ജൈവികമായ ബോധത്തിനപ്പുറം കൃത്യമായ മാർഗനിർദേശങ്ങൾ ജീവിതത്തിന്റെ ഓരോ മേഖലയുമായും ബന്ധപ്പെട്ട് അവന് ലഭിക്കൽ അനിവാര്യമാണ്. വൈയക്തിക, സാമൂഹിക മേഖലകളിൽ സമാധാനം കൈ വരണമെങ്കിൽ ധർമനിഷ്ഠമായ ജീവിതം അനിവാര്യമാണെന്നിരിക്കെ, ധർമാധർമങ്ങളുടെ വ്യവച്ഛേദനം എങ്ങനെ സാധ്യമാകും എന്നത് ഒരു പ്രശ്‌നമാണ്. ഈ ദൗത്യമാണ് മഹാന്മാരായ പ്രവാചകന്മാരിലൂടെ നിർവഹിക്കപ്പെട്ടിട്ടുള്ളത്.

മാനവസമൂഹത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രത്തിൽ ലക്ഷക്കണക്കിന് പ്രവാചകന്മാർ ദൗത്യനിർവഹണവുമായി നിയുക്തരായിട്ടുണ്ട്. ഏകനായ സ്രഷ്ടാവിന്റെ സവിശേഷതകൾ സമ്പൂർണമായി അതാതുകാലത്തെ ജനതയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും അവനു മാത്രമുള്ള ആരാധനയെ കുറിച്ച് അവരെ ഉത്ബുദ്ധരാക്കുകയും മരണശേഷമുള്ള ശാശ്വത ജീവിതത്തിൽ സ്വർഗ പ്രാപ്തിക്ക് ആവശ്യമായ സമ്പൂർണമായ ജീവിതമാതൃക അവരെ പരിചയപ്പെടുത്തുകയും ചെയ്തുകൊണ്ട് വ്യക്തി, സാമൂഹിക തലങ്ങളിലെ സമ്പൂർണമായ വിശുദ്ധിയും അതുവഴിയുള്ള സർവതോമായ പുരോഗതിയുമാണ് തങ്ങളുടെ സമൂഹങ്ങളിൽ പ്രവാചകൻമാർ സാധിതമാക്കിത്തീർത്തത്. ഇസ്‌ലാം അഥവാ സമ്പൂർണ സമർപ്പണം എന്ത് എന്നതാണ് പ്രവാചകന്മാർ അവരുടെ ജീവിതത്തിലൂടെ ലോകത്തെ പഠിപ്പിച്ചിട്ടുള്ളത്.

സകലവിധ ചൂഷണങ്ങളിൽനിന്നും മനുഷ്യരെ രക്ഷപ്പെടുത്തി യഥാർഥ മോക്ഷമാർഗം പരിചയപ്പെടുത്തുകയാണ് ദൈവിക മതമായ ഇസ്‌ലാം. സ്രഷ്ടാവിനും സൃഷ്ടിക്കും ഇടയിൽ മധ്യവർത്തികൾ ഇല്ലാതെ, പ്രാർഥനയാകുന്ന പാശത്തിലൂടെ അടിമയെ ഉടമയുമായി നേർക്കുനേർ ബന്ധപ്പെടുത്തുന്ന ഏകദൈവാരാധന സകല ചൂഷണങ്ങളിൽനിന്നും മനുഷ്യനെ രക്ഷപ്പെടുത്തുന്നു. എന്നാൽ ഇതിനു പകരം ആൾദൈവങ്ങളിലേക്കും വ്യാജ സിദ്ധൻമാരിലേക്കും വിശ്വാസം വഴിമാറിയപ്പോൾ ജീവിതത്തിൽ വെളിച്ചം നൽകേണ്ട വിശ്വാസം ഇരുട്ട് പകരുന്നതായി മാറി. സമാധാനവും സുരക്ഷിതത്വവും നൽകേണ്ടുന്ന വിശ്വാസം ചൂഷണത്തിന്റെ ഏറ്റവും വലിയ ഉപാധിയായി മാറി. പുരോഗമനത്തിന്റെ വർത്തമാനകാലത്ത് പോലും നരബലിയുടെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ നാം കേൾക്കേണ്ടി വന്നു. തൗഹീദ് (ഏകദൈവാരാധന) എന്നത് അടിസ്ഥാന പ്രമാണമായി സ്വീകരിക്കുകയും അക്കാര്യത്തിൽ വിട്ടുവീഴ്ച അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഇസ്‌ലാമിന്റെ അനുയായികൾ പോലും മരണപ്പെട്ടു മണ്ണോടുചേർന്ന മഹാത്മാക്കളെ ‘മുദബ്ബിറുൽ ആലം’ (ലോക നിയന്താവ്) എന്നുവരെ വിശേഷിപ്പിക്കാൻ മടികാണിക്കാത്തത്ര ആശയപരമായ അപഭ്രംശത്തിൽ എത്തിച്ചേർന്നു. വിശ്വാസവൈകല്യങ്ങളുടെ ചങ്ങലക്കെട്ടുകളിൽനിന്ന് ഒരു ജനതയെ രക്ഷപ്പെടുത്തി ലോകത്തിന് മാതൃകയാക്കി മാറ്റിയ ദൈവിക ഗ്രന്ഥം വിശുദ്ധ ക്വുർആനിനെ അതിന്റെ അനുയായികൾ കൈവെടിയുകയും പൗരോഹിത്യം പറയുന്നത് മതമായി മാറുകയും ചെയ്തതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണം. ക്വുർആൻ നിർവഹിക്കുന്ന ദൗത്യത്തെക്കുറിച്ച്, പ്രവാചകനെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പരിചയപ്പെടുത്തുന്നത് നോക്കൂ:

“മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളിൽനിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി താങ്കൾക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്’’ (14:1).

മനുഷ്യരെ പോക്കറ്റടിക്കുന്ന പുരോഹിത മതങ്ങളിൽനിന്ന് സ്രഷ്ടാവിന്റെ സന്ദേശത്തിലേക്കുള്ള തിരിച്ചു പോക്ക് മാത്രമാണ് വിശ്വാസ രംഗത്തെചൂഷണങ്ങൾക്കുള്ള പരിഹാരം.

നാം ജീവിക്കുന്ന പ്രപഞ്ചം അത്ഭുതങ്ങളുടെ കലവറയാണ്. സൂക്ഷ്മവും സ്ഥൂലവുമായ സകല വസ്തുക്കളും കൃത്യമായ ഒരു വ്യവസ്ഥിതിയിലാണ് നിലനിൽക്കുകയും മുന്നോട്ടുപോകുകയും ചെയ്യുന്നത് എന്നതാണ് ഈ പ്രപഞ്ചത്തിന്റെ സവിശേഷത. എല്ലാ വസ്തുക്കളും ഇണകളായാണ് സൃഷ്ടിക്കപ്പെട്ടത് എന്നതാണ് സവിശേഷമായ ഈ വ്യവസ്ഥിതിയുടെയും പാരസ്പര്യബന്ധത്തിന്റെയും അടിസ്ഥാനം. ആൺ-പെൺ, പോസിറ്റീവ്-നെഗറ്റീവ്, ക്വോർക്ക്-ആന്റി ക്വോർക്ക് തുടങ്ങി എല്ലാ വസ്തുക്കളും നിലനിൽക്കുന്ന ഈ ഇണകളായ അവസ്ഥ പ്രകൃതിയുടെ സ്രഷ്ടാവ് ഒരുക്കിയ ചിന്തനീയമായ സംവിധാനത്തിന്റെ ഭാഗമാണ്. പ്രകൃതിപരമായ ഈ ഇണ തത്വത്തെ വിവാഹവും കുടുംബ ജീവിതവുമെന്ന മഹത്തായ ഒരു വ്യവസ്ഥിതിയുടെ ഭാഗമാക്കിത്തീർക്കുകയും അതിലൂടെ ജീവിതപ്രയാണത്തിന് അനിവാര്യമായ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മഹത്തായ ഒരു പാതയൊരുക്കുകയുമാണ് സൃഷ്ടികർത്താവ് ചെയ്തിട്ടുള്ളത്. മനുഷ്യന്റെ അടിസ്ഥാന താൽപര്യങ്ങളിലൊന്നായ സെക്‌സിനെ സമ്പൂർണമായി നിരാകരിക്കുകയോ പരിധിയില്ലാത്ത സമ്പൂർണ സ്വാതന്ത്ര്യം നൽകി തുറന്നു വിടുകയോ ചെയ്യുന്നതിനു പകരം വിവാഹമെന്ന ഉടമ്പടിയിലൂടെ, പരിശുദ്ധവും വ്യവസ്ഥാപിതവുമായ ഒരു മാർഗത്തിലൂടെ മാത്രം സെക്‌സിനെ ഉപയോഗപ്പെടുത്താനുള്ള കണിശമായ നിർദേശമാണ് പ്രകൃതിമതമായ ഇസ്‌ലാം നൽകുന്നത്. ദാമ്പത്യത്തെ അതിമഹത്തായൊരു ദൈവിക ദൃഷ്ടാന്തമായാണ് അല്ലാഹു വിശുദ്ധ ക്വുർആനിൽ വിശേഷിപ്പിക്കുന്നത്:

“നിങ്ങൾക്ക് സമാധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങളിൽനിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്’’ (30:21).

എന്നാൽ സ്വാതന്ത്ര്യത്തിന്റെയും പുരോഗമനത്തിന്റെയും പേരുപറഞ്ഞ് അസാന്മാർഗികവും പ്രകൃതിവിരുദ്ധവുമായ നിലപാടുകളിലേക്ക് മനുഷ്യരെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ലിബറലിസത്തിന്റെയും നിരീശ്വരവാദത്തിന്റെയും വക്താക്കൾ ചെയ്തുകൊണ്ടിരിക്കുന്നത്. സ്ത്രീയും പുരുഷനും വിവാഹമെന്ന കരാറിലൂടെ ഒന്നിക്കുന്നതിനു പകരം, സ്ത്രീയും സ്ത്രീയും തമ്മിലുള്ള ലൈംഗികാഭിമുഖ്യം (Lesbians), പുരുഷനും പുരുഷനും തമ്മിലുള്ള ലൈംഗികത (Gay), ഇരുലിംഗ വിഭാഗവുമായിയുള്ള സ്വതന്ത്ര ലൈംഗികത (bisexual), ശാരീരിക ഘടനക്കു നേർവിപരീതമായ ലൈംഗിക താൽപര്യം (transjender), വിഭിന്ന ലൈംഗികത (queer) തുടങ്ങി ശവരതിയും മൃഗരതിയുംവരെ സർവ്വാംഗീകൃതമാക്കാനുള്ള മുറവിളികളാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. സെക്‌സ്, ജെൻഡർ എന്നീ ആശയങ്ങളിൽ സഹസ്രാബ്ദങ്ങളായി തുടർന്നുവരുന്ന പ്രകൃതിനിയമത്തിന് വിരുദ്ധമായി തികച്ചും കുത്തഴിഞ്ഞ ഒരു ജീവിതക്രമത്തിലേക്ക് പുതുതലമുറയെ തിരിച്ചുവിട്ട് സമ്പൂർണ അരാജകത്വം സൃഷ്ടിച്ചെടുക്കലാണ് ഇവരുടെ താൽപര്യം. ഇന്റർനെറ്റിന്റെയും സാമൂഹ്യ മാധ്യമങ്ങളുടെയും അമിത സ്വാധീനത്തിലൂടെ മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകത്ത്, കുരങ്ങന് ഏണിവെച്ചു കൊടുക്കുന്നതുപോലുള്ള പ്രവർത്തനമാണ് ഈ അപകടചിന്തയുടെ വക്താക്കൾ ചെയ്തുകൊണ്ടിരിക്കുന്നത്. മാതാപിതാക്കളും സഹോദരങ്ങളും ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നട്ടുനനച്ചുണ്ടാക്കുന്ന നന്മകൾക്ക് പകരം വെക്കാൻ മറ്റൊന്നില്ല. ഗർഭപാത്രം പോലും വാടകച്ചരക്കായി മാറുന്ന വൃത്തികെട്ട സാമൂഹ്യ വ്യവസ്ഥയാണ് ഈ ചിന്താഗതിയുടെ വക്താക്കൾ മുന്നോട്ടുവെക്കുന്ന പുരോഗമനാശയം എന്നത് സമൂഹം തിരിച്ചറിയേണ്ടതുണ്ട്. പ്രകൃതിക്കനുസരിച്ചു ജീവിക്കാൻ മനുഷ്യനെ പഠിപ്പിക്കുന്ന, സ്രഷ്ടാവിന്റെ സന്ദേശത്തിലേക്കുള്ള തിരിച്ചുപോക്ക് മാത്രമാണ് ഇതിനെല്ലാമുള്ള പരിഹാരം.

കുറ്റകൃത്യങ്ങൾ പെരുകുന്നതാണ് ഇന്ന് സമൂഹത്തിന്റെ സമാധാനം നഷ്ടപ്പെടുത്തുന്ന പ്രധാന കാര്യങ്ങളിൽ ഒന്ന്. സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി ഏതു മാർഗവും സ്വീകരിക്കാം എന്ന സമീപനമാണ് കുറ്റകൃത്യങ്ങൾക്കു കാരണം. പ്രമുഖ അമേരിക്കൻ ക്രിമിനോളജിസ്റ്റുകളായ ഹിർഷി (Hirschi)യും മൈക്കൽ ആർ ഗോട്ട്ഫ്രഡ്‌സനും (Michel R. Gottfredson) ചേർന്ന് രചിച്ച “A general theory of crime (1990)’ എന്ന ഗ്രന്ഥത്തിൽ കുറ്റകൃത്യത്തെ വ്യാഖ്യാനിച്ചത് ഇപ്രകാരമാണ്: “act of force or fraud undertaken in pursuit of self interest’ (സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി നടത്തുന്ന ബലപ്രയോഗം അഥവാ വഞ്ചന). പ്രായപൂർത്തി എത്താത്തവർക്കിടയിലുള്ള കുറ്റകൃത്യങ്ങൾ മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമാവുംവിധം വർധിച്ചിരിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിന്റെ പരിഹാരമായി പ്രസ്തുത ഗ്രന്ഥകാരൻമാർ ആവശ്യപ്പെടുന്നത്, കുട്ടികൾ വളർന്നുവരുന്ന കുടുംബാന്തരീക്ഷം നന്നാക്കിയെടുക്കുകയും ഏറ്റവും ഫലപ്രദമായ പാരന്റിങ്ങ് അവർക്ക് നൽകുകയുമാണ്:

“A child’s level of self- cotnrol, which is heavily influenced by child- rearing practices, stabilizes by the time here reaches the age of eight. Parenting is the most decisive factor in determining the likelihood that a person will commit crimes.’

കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ടുകളായി ക്രിമിനോളജിയുടെ രംഗത്ത് ശ്രദ്ധേയമായ ഋഷിയുടെ പ്രസിദ്ധ ഗ്രന്ഥം "In cause of Delinquency’യിൽ കൗമാര കുറ്റകൃത്യങ്ങളിൽനിന്നുള്ള മോചനം സാധ്യമാകണമെങ്കിൽ ഗാർഹികവും സാമൂഹികവുമായ ഘടകങ്ങൾ ചേർന്നു പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം തുറന്നെഴുതുന്നുണ്ട്:

“Social attachments (eg: to parents, teachers and peers), involvement in conventional activities, acceptance of social norms (such as the norm that criminal acts should be avoided), and recognition of the moral validtiy of law are most likely to prevent delinquency.

പരിധികൾ ഇല്ലാത്ത സ്വാതന്ത്ര്യമല്ല, മറിച്ച് ദൈവികമതം ആവശ്യപ്പെടുന്ന സുഭദ്രമായ കുടുംബാന്തരീക്ഷമാണ് പ്രശ്‌നങ്ങൾക്കുള്ള പരിഹാരം എന്ന് ചുരുക്കം.

വിവേകമാണ് മനുഷ്യനെ ഉന്നതനാക്കുന്ന സവിശേഷ ഘടകം. അവൻ എപ്പോഴും വിവേകം നഷ്ടപ്പെടാത്തവിധം നിലകൊള്ളുകയും സ്രഷ്ടാവ് നൽകിയ ചിന്തയും ബുദ്ധിയും നന്മയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്നാണ് ദൈവിക മതമായ ഇസ്‌ലാമിന്റെ താൽപര്യം. അതുകൊണ്ടുതന്നെ മനുഷ്യന്റെ ബുദ്ധിയെയും വിവേകത്തെയും നഷ്ടപ്പെടുത്തുന്ന മദ്യവും മറ്റു ലഹരി വസ്തുക്കളും ഇസ്‌ലാം നിഷിദ്ധമാക്കുന്നു. വ്യക്തികളുടെ ക്രിയാത്മകതയെയും ചിന്താശേഷിയെയും തകർക്കുക മാത്രമല്ല കുടുംബഛിദ്രം, വാഹനാപകടങ്ങൾ, ആത്മഹത്യകൾ, കൊലപാതകങ്ങൾ തുടങ്ങി ലഹരിയുടെ അനന്തരഫലങ്ങൾ നിരവധിയാണ്. ചിന്താശേഷിയെ നശിപ്പിക്കുന്ന, ബന്ധങ്ങളെ തകർക്കുന്ന, അക്രമങ്ങൾക്കും അസാന്മാർഗികതകൾക്കും പ്രേരണ നൽകുന്ന, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷിത വലയത്തിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ് ആധുനിക യുവ-കൗമാരങ്ങളിൽ വലിയൊരു വിഭാഗവും. ലഹരിയുടെ വിപണനം വഴിയുള്ള ബ്ലാക്ക് മണി ഇന്ന് ആഗോള സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ്. 2007-2008 കാലഘട്ടത്തിലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ പടിഞ്ഞാറൻ നാടുകളിലെ പല ബാങ്കുകളും പിടിച്ചുനിന്നത് ഈ ബ്ലാക്ക് മണിയുടെ പിൻബലത്തിൽ ആണെന്ന് പിന്നീടുള്ള പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അത്രയേറെ ശക്തമാണ് ഈ മേഖല എന്നർഥം.

മദ്യവും മയക്കുമരുന്നുകളും എത്ര കുടുംബങ്ങളെയാണ് അനാഥരാക്കിയിട്ടുള്ളത്! എത്രയെത്ര വീടകങ്ങളിലാണ് ഇന്നും നിരാലംബരായ മാതാക്കളുടെയും കുഞ്ഞുങ്ങളുടെയും കണ്ണീർ തളംകെട്ടി നിൽക്കുന്നത്! എന്തുണ്ട് പരിഹാരം ?

‘മരണപ്പെട്ടാൽ എന്നെ മുന്തിരിവള്ളിയുടെ താഴെ മറവ് ചെയ്യണം, എങ്കിൽ എനിക്ക് അതിന്റെ വേരിൽ നിന്ന് വീഞ്ഞ് വലിച്ചുകുടിക്കാമല്ലോ’ എന്ന് കവിതയെഴുതാൻ മാത്രം മദ്യവുമായി ഇഴുകിച്ചേർന്നിരുന്ന ഒരു ജനത ഒരു സുപ്രഭാതത്തിൽ ആ ശീലത്തെ ജീവിതത്തിൽനിന്ന് വലിച്ചെറിഞ്ഞ ചരിത്രം ലോകത്തിനു മുമ്പിലുണ്ട്. ലഹരിയും ചൂതാട്ടവും പൈശാചിക വൃത്തികളിൽ പെട്ടതാണെന്നും ജീവിതത്തിൽ വിജയിക്കാൻ നിങ്ങൾ അവ സമ്പൂർണമായി വർജിക്കണമെന്നും മുഹമ്മദ് നബി ﷺ യിലൂടെ ദൈവ കൽപന വന്നപ്പോൾ ഒരു നിമിഷം പോലും മടിച്ചുനിൽക്കാതെ മദ്യചഷകങ്ങളെ വലിച്ചെറിഞ്ഞ ഒരു ജനതയായിരുന്നു അവർ. ശരിയായ ദൈവബോധം ഉൾക്കൊള്ളുകയും സ്വർഗീയ അനുഗ്രഹങ്ങളെക്കുറിച്ച പ്രതീക്ഷയുടെ പച്ചപ്പുകൾ നിലനിൽക്കുകയും ചെയ്ത ഒരു ജനതയായിരുന്നു അവർ എന്നതാണ് ആ മാറ്റം എളുപ്പമാക്കിത്തീർത്തത്. ലഹരിക്കടിമപ്പെട്ട്, ഇനിയെന്ത് രക്ഷാമാർഗം എന്നു ചിന്തിച്ച് ചികിത്സക്ക് സന്നദ്ധരാകുന്നവരോട് നമുക്ക് ഉറക്കെ പറയാനുള്ളതും ഒരേ വാക്യം തന്നെ. മാനവ രക്ഷ ദൈവിക ദർശനത്തെ പിന്തുടരുന്നതിൽ മാത്രമാണ്.

സാമൂഹിക നവോത്ഥാനത്തിന്റെ അടിസ്ഥാനശിലകളിൽ ഒന്നാണ് സഹവർത്തിത്വം. ആശയപരമായ പ്രതിബദ്ധത കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ മറ്റ് ആശയങ്ങളുമായി സമാധാനപൂർണമായ സഹവർത്തിത്വം കാത്തുസൂക്ഷിച്ച സമൂഹങ്ങൾക്ക് മാത്രമെ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുള്ളൂ. അപരവൽക്കരണത്തിന്റെയും നിഷ്‌കാസനത്തിന്റെയും നിലപാടുകൾ സ്വീകരിച്ചവർ പിന്നീട് കാലത്തിന്റെ ചവറ്റുകുട്ടകളിലേക്ക് വലിച്ചെറിയപ്പെട്ടിട്ടുണ്ട്. ഫാസിസത്തിന്റെയും നാസിസത്തിന്റെയും ചരിത്രം അതാണ് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നത്. പ ക്ഷേ, ഫാസിസ്റ്റ് തേരോട്ടത്തിന്റെ കാലത്ത് ജർമനിയിലേക്ക് നോക്കി ജർമനിയാണ് ഇന്ത്യക്ക് മാതൃക എന്ന് ഉറക്കെ പറഞ്ഞ ഗോൾവാൾക്കറുടെ അനുയായികൾ ഇന്നും ആ മൂഢധാരണയിൽ വിശ്വസിക്കുകയും ബഹുത്വത്തിന്റെ ലോകോത്തര മാതൃകയായ ഇന്ത്യൻ മണ്ണിൽ അത് നടപ്പാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. ആസാമും ഗുജറാത്തും ഇങ്ങ് തെക്ക് കർണാടകയും എല്ലാം അതിന്റെ പരീക്ഷണശാലകളായി അവർ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന വൈവിധ്യത്തെ ഏകശിലാത്മകമാക്കാനുള്ള ഏതൊരു ശ്രമവും രാഷ്ട്രത്തിന്റെ ഐക്യത്തെയും സമാധാനത്തേയും തകർക്കാനുള്ള ശ്രമമാണെന്നതുകൊണ്ട് അതിനെ പ്രതിരോധിക്കേണ്ടത് മുഴുവൻ രാജ്യസ്‌നേഹികളുടെയും ബാധ്യതയാണ്.

ഹൃദയത്തിന്റെ ആർദ്രതയും കരുണയും വറ്റിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. മാനവികത അന്യംനിന്നു പോകുന്ന ദുരന്തകാഴ്ചകൾക്കാണ് അനുദിനം നാം സാക്ഷ്യം വഹിക്കേണ്ടിവരുന്നത്. സാമ്പത്തിക കാര്യലാഭത്തിന് വേണ്ടി മനുഷ്യൻ കാട്ടിക്കൂട്ടുന്ന വിക്രിയകൾ എന്തൊക്കെയാണ്! സ്വന്തം ഭർത്താവിനും ബന്ധുക്കൾക്കും സയനൈയ്ഡ് നൽകി കൊന്നതിന്റെ നടുക്കുന്ന വാർത്തകൾ, സ്വർണവും പണവും കൈക്കലാക്കാൻ സ്വന്തം ഭാര്യയെ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല ചെയ്തതിന്റെ വാർത്തകൾ, പാവങ്ങളായ രണ്ട് സ്ത്രീകളെ തന്ത്രപൂർവം കൂട്ടിക്കൊണ്ടുപോയി നരബലി നടത്തിയതിന്റെ കരളലിയിക്കുന്ന വാർത്തകൾ... ആ പട്ടിക നീണ്ടതാണ്. എന്തുണ്ട് പരിഹാരം? മനസ്സുകളുടെ സംസ്‌കരണം മാത്രമാണ് ഏക പോംവഴി. ചരിത്രത്തിന്റെ ഇന്നലെകളിൽ തിന്മകളിൽ ആപതിച്ചുപോയ സമൂഹങ്ങളെയെല്ലാം സംസ്‌കരിച്ചത് അതാത് കാലഘട്ടങ്ങളിൽ ദൈവത്താൽ നിയുക്തരായ പ്രവാചകന്മാരാണ്. ഏകദൈവാരാധനയും പരലോകബോധവും അതാത് സമൂഹങ്ങളെ പഠിപ്പിച്ചുകൊണ്ടാണ് അവർ സംസ്‌കരണം സാധിതമാക്കിത്തീർത്തത്. ആ ദൈവിക ദർശനം കൊണ്ടു മാത്രമെ ആധുനിക സമൂഹത്തെയും നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ.