ഇസ്‌ലാം: വിമർശന ശരങ്ങളിൽ തളരാതെ

മുജീബ് ഒട്ടുമ്മൽ

2023 ഡിസംബർ 02 , 1445 ജു.ഊലാ 18

അധികാരവും ആയുധങ്ങളും ആൾബലവും ആശയവിമർശനവും കൊണ്ട് ഇസ്‌ലാമിനെ താറടിച്ച് കാണിക്കാനുള്ള സ്വാർഥതാൽപര്യക്കാരുടെ പരിശ്രമങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ, പ്രതിലോമകരമായ പ്രതിരോധങ്ങൾക്കിടയിലും അഭൂതപൂർവമായ വളർച്ചയാണ് ഇസ്‌ലാമിനുണ്ടായിട്ടുള്ളത് എന്നതിന് ചരിത്രം സാക്ഷിയാണ്.

അമേരിക്കയിലെ വെർമോണ്ട് യൂണിവേഴ്‌സിറ്റി ക്യാമ്പസിന് സമീപം കഴിഞ്ഞ ആഴ്ചയിൽ ഹിശാം അവർത്താനി, തഹ്‌സീൻ അഹ്‌മദ്, കിന്നൻ അബ്ദുൽ ഹമീദ് എന്നീ മൂന്ന് ഫലസ്തീൻ വിദ്യാർഥികൾക്ക് അജ്ഞാതന്റെ വെടിയേൽക്കുകയുണ്ടായി. അക്രമത്തെ അപലപിച്ചുകൊണ്ട് വെർമോണ്ട് സെനറ്ററും മുൻ ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാർഥിയുമായ ബെർണി സാന്റേഴ്‌സ് ഇങ്ങനെ പ്രസ്താവിച്ചു: “വെർമോണ്ടിലെ ബർലിംഗ്ടണിൽ മൂന്ന് ഫലസ്തീൻ യുവാക്കൾക്കൾക്ക് വെടിയേറ്റത് ഞെട്ടിപ്പിക്കുന്നതും ആഴത്തിൽ അസ്വസ്ഥമാക്കുന്നതുമാണ്. വിദ്വേഷത്തിന് ഇവിടെയും എവിടെയും സ്ഥാനമില്ല.’’

2011 ജൂലൈ 22ന് നോർവേയിലെ ഓസ്‌ലോയിൽവച്ച് ആൻഡേഴ്‌സ് ബെഹ്‌റിംഗ് ബ്രെയ്വിക്ക് എന്ന വലതുപക്ഷ ക്രിസ്ത്യൻ തീവ്രവാദി മുസ്‌ലിംകളെ ലക്ഷ്യമാക്കി നഗരത്തിൽ ബോംബുസ്‌ഫോടനവും തൊട്ടടുത്ത ഒട്ടോയ ദ്വീപിൽ വെടിവയ്പും നടത്തുകയുണ്ടായി. എഴുപത്തിയാറോളം മനുഷ്യരാണ് ബ്രെയ്വിക്കിന്റെ ഇസ്‌ലാം വിരുദ്ധ ഭീകര പ്രവർത്തനത്തിന് ഇരയായി പിടഞ്ഞുവീണു മരിച്ചത്. സയണിസ്റ്റുകളെ കൂട്ടുപിടിച്ച് മുസ്‌ലിംകളെ യൂറോപ്പിൽനിന്ന് തുരത്തണമെന്ന് ഏറെ നാളായി വാദിച്ചുകൊണ്ടിരുന്ന സാമ്രാജ്യത്വ പക്ഷപാതിയായിരുന്നു ഇയാൾ.

ലോകത്തിന്റ നാനാഭാഗങ്ങളിലും ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരെ വ്യാപകമായ അക്രമങ്ങളും വിമർശനങ്ങളും അരങ്ങുവാഴുകയാണ്. സമൂഹത്തിലെ രാഷ്ട്രീയവും സാമൂഹികവുമായ പരിഷ്‌കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാക്കൾ നിഷ്പക്ഷത പുലർത്തിയും അക്രമങ്ങളെ ശക്തമായി അപലപിച്ചും വിയോജിപ്പുകൾ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രവണതയും എക്കാലത്തുമുണ്ടായിട്ടുണ്ട്.

1948 ജനുവരി 30ന് ഡൽഹിയിലെ രണ്ട് മുസ്‌ലിം നേതാക്കളായിരുന്ന മൗലാനാ ഹിഫ്സു റഹ്‌മാനും മൗലാനാ അഹ്‌മദ് സൈനും മഹാത്മാ ഗാന്ധിയെ സന്ദർശിക്കുകയുണ്ടായി. ഡൽഹിയിലെ മുസ്‌ലിംകൾ സുരക്ഷിതരാണോ എന്നായിരുന്നു ഗാന്ധി അവരോട് അന്വേഷിച്ചിരുന്നത്. മുസ്‌ലിംകൾക്കെതിരെ കലാപമുയർത്തി അവരെ ഉൻമൂലനം ചെയ്യാനുള്ള ശ്രമത്തിനെതിരെ സമാധാനത്തിനായി ഒരു വർഷക്കാലം ശബ്ദമുയർത്തിയതിനു ശേഷം തന്റെ ആശ്രമത്തിലേക്ക് പോകാൻ തയ്യാറായി നിൽക്കെയാണ് ഗാന്ധിജി അവരോട് ഇങ്ങനെ ചോദിച്ചത്. 125 വർഷക്കാലമെങ്കിലും ജീവിക്കണമെന്ന തന്റെ ആഗ്രഹം ഒരിക്കൽ പ്രകടിപ്പിച്ച ഗാന്ധിജി, മുസ്‌ലിം സമുദായത്തിനു നേരെയുള്ള വർഗീയ കോമരങ്ങളുടെ ആക്രമണത്തിൽ മനസ്സ് മരവിച്ച് പോയപ്പോൾ ‘ഇപ്പോഴും ജീവിച്ചിരിക്കുന്നതിൽ ഞാൻ ലജ്ജിക്കുന്നു’ എന്ന് പറയുകയുണ്ടായി.

1095 നവംബർ 28ന് പോപ്പ് അർബൻ രണ്ടാമൻ ജറൂസലേം പോലുള്ള വിശുദ്ധ പ്രദേശങ്ങൾ മുസ്‌ലിം ഭരണാധികാരികളിൽനിന്ന് മോചിപ്പിക്കാനാഹ്വാനം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണം കാരണമായി ക്രിസ്ത്യൻ രാജാക്കൻമാർ മതാന്ധതയുടെ വന്യത മുറ്റിനിന്ന കുരിശ് പടയോട്ടങ്ങൾക്ക് ആരംഭം കുറിക്കുകയുണ്ടായി. ശരീരത്തിൽ, കുരിശ് തുന്നിയ കുപ്പായവും ചുണ്ടിൽ ബൈബിൾ മന്ത്രങ്ങളും കൈയിൽ ആയുധങ്ങളുമായി പോപ്പിന്റെ പടയാളികൾ രണ്ടു നൂറ്റാണ്ടുകാലം മുസ്‌ലിം നാടുകളിൽ ചോര ചിന്തിയ കാപാലികത്വമായിരുന്നു ഈ കുരിശുയുദ്ധം. ബഹുദൈവാരാധകരായ മുഹമ്മദൻമാരെ കൊല്ലുന്നത് കർത്താവിന് ഇഷ്ടമാണെന്നും മുസ്‌ലിം രക്തം ചാലിട്ടൊഴുകുന്നത് സത്യക്രിസ്ത്യാനികളിൽ യാതൊരുവിധ മനഃസ്താപവും സൃഷ്ടിക്കേണ്ടതില്ലെന്നും സമർഥിക്കുന്ന പുരോഹിത പ്രഭാഷണങ്ങളുണ്ടാക്കിയ പ്രശ്‌നങ്ങൾ ക്രൂരതകളുടെ കൂത്തരങ്ങായി ഇന്നും ചരിത്രം ഓർമിപ്പിക്കുന്നു. കുരിശ് പടയോട്ടത്തിൽ മുസ്‌ലിം വിരുദ്ധതയും ഇസ്‌ലാം വെറിയും മാനസികരോഗമായി യൂറോപ്യൻമാരിൽ പടർന്നുപിടിച്ചിട്ടുണ്ട്. മുസ്‌ലിം സാന്നിധ്യത്തിന്റ വേരറുക്കാനും ‘പടിഞ്ഞാറൻ സംസ്‌കാരത്തിെന്റ വിശുദ്ധി’ കാത്തുസൂക്ഷിക്കാനും പ്രത്യേകമായ പ്രചാരണങ്ങളിലൂടെ ജനങ്ങളുടെ മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാംവിരുദ്ധത മനസ്സുകളിൽ വളർത്തിയെടുക്കാൻ അവസരങ്ങൾ സൃഷ്ടിക്കുകയും അത് ഉപയോഗപ്പെടുത്തുന്നതിൽ ജാഗ്രത പുലർത്തുകയും ചെയ്യുകയായിരുന്നു അവർ.

2015 ജനുവരി 7ന് ‘ഷാർലി എബ്‌ദോ’ എന്ന ഫ്രഞ്ച് മാസികയ്ക്കുനേരെ നടന്ന ആക്രമണം ദശലക്ഷക്കണക്കിന് യൂറോപ്യൻമാരെ മുസ്‌ലിംകൾക്കെതിരെ ആക്രമണത്തിന് പ്രേരിപ്പിക്കാനുള്ള വാതിൽ തുറക്കുകയായിരുന്നു. ‘നാം ഒരു യുദ്ധത്തെയാണ് അഭിമുഖീകരിക്കുന്നത്’ എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസോ ഒലാന്റ് പറഞ്ഞിരുന്നത്. സെപ്തമ്പർ 11ന്റെ ആക്രമണത്തിന് സമാനമായ ആക്രമണമാണ് ഫ്രാൻസ് നേരിടുന്നതെന്ന് എഴുത്തുകാരും അവരുടെ തൂലികകളിലൂടെ വിഷം പ്രസരിച്ചുകൊണ്ടിരുന്നു. അതിനുശേഷം മുസ്‌ലിംകളെ മാത്രം ലക്ഷ്യമാക്കി നിരവധി പ്രഖ്യാപനങ്ങൾ ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഇമ്മാനുവൽ മക്രോൺ നടത്തിയിരുന്നു. മുസ്‌ലിം ഗ്രൂപ്പുകൾക്കുള്ള വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി, പള്ളികളിലെ ഇമാമുമാർക്ക് പരീക്ഷ ഏർപെടുത്തി. വിദേശത്തുനിന്ന് ഇമാമുമാരെ സ്വീകരിക്കുന്നതിന് വിലക്കേർപ്പെടുത്തി. ജനങ്ങളാണെങ്കിൽ മുസ്‌ലിം അടയാളങ്ങൾക്കെതിരെപോലും അക്രമാസക്തരായി. പള്ളികൾക്കുനേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയായി. പള്ളിവാതിലുകളിൽ പന്നികളുടെ തലകൾ തൂക്കി മുസ്‌ലിംകളെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു.

പടിഞ്ഞാറൻ രാജ്യങ്ങളിൽ വ്യാപകമായ ആക്രമണങ്ങൾക്ക് മുസ്‌ലിംകൾ വിധേയരായിക്കൊണ്ടിരുന്നു. ന്യൂസിലാന്റിലെ അന്നൂർ പള്ളിയിൽ ആരാധന നടത്തിക്കൊണ്ടിരിക്കുന്നവർക്കെതിരെ വെടിയുതിർത്ത ബ്രണ്ടന്റ് ടാറന്റ് എന്ന നാസികനായ ഭീകരവാദിയും നോർത്ത് കരോലിനയിലെ കറുത്ത വർഗക്കാരുടെ പള്ളിയിൽ വെടിവയ്പ് നടത്തിയ ഡിലൻ റൂഫ് എന്ന തീവ്രവാദിയുമെല്ലാം ഇസ്‌ലാം വെറുപ്പ് മനസ്സിൽ തളിരിട്ടതിന്റെ പ്രതിഫലനങ്ങളാണ്. ആയുധബലവും അധികാരവും സാമ്പത്തിക ശക്തിയുമെല്ലാം ഉപയോഗിച്ച് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഭൂമിയിൽനിന്നുതന്നെ തുടച്ചുമാറ്റാനുള്ള ശ്രമങ്ങളാണ് ഇതല്ലാം. എന്നിട്ടും ഒരു ചാഞ്ചല്യവുമില്ലാതെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇസ് ലാമിന്റ മാസ്മരികതയിൽ എന്തുകൊണ്ടാണ് അത്ഭുതം തോന്നാത്തത്? മനസ്സിരുത്തി നിഷ്പക്ഷ പഠനത്തിന് പ്രേരിപ്പിക്കപ്പെടാൻ ഇനിയും എന്തല്ലാം അത്ഭുതങ്ങൾ നാം കാണണം?

സാംസ്കാരികാധിനിവേശ ശ്രമങ്ങൾ

ആയുധങ്ങളും ആൾബലങ്ങളും അധികാരവുംകൊണ്ട് ഇസ്‌ലാമിനെ ഉൻമൂലനം ചെയ്യാൻ ലോകത്ത് ശ്രമങ്ങൾ നടക്കുന്നതുപോലെതന്നെ സാംസ്‌കാരിക അധിനിവേശത്തിലൂടെ ഇസ്‌ലാമിക ദർശനത്തെ തകർക്കാനുള്ള ശ്രമങ്ങളുമുണ്ട്. സാമ്രാജ്യത്വം അതിന് വെള്ളവും വളവും നൽകി യഥേഷ്ടം പരിപാലിക്കുകയും പ്രകോപനം പോലെത്തന്നെ പ്രലോഭനവും പ്രീണനവും മാർഗമായി സ്വീകരിച്ചുകൊണ്ട് സാംസ്‌കാരികാധിനിവേശത്തിന് കരുക്കൾ നീക്കുന്നുമുണ്ട്. മാധ്യമങ്ങളെയും സാങ്കേതികവിദ്യകളെയും അതിനായി ധാരാളമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇസ്‌ലാം വെറുപ്പ് മനസ്സുകളിൽ വിതറാൻ നട്ടാൽ മുളക്കാത്ത നുണകൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്തുകൊണ്ടാണ് മാധ്യമങ്ങൾ ആഘോഷിക്കുന്നത്. പടിഞ്ഞാറൻ മാധ്യമങ്ങൾ ലോകത്തെ ജനങ്ങളുടെ പൊതുബോധത്തെ അപഹരിച്ചുകൊണ്ടാണ് സമാധാനത്തിന്റ സന്ദേശമായ ഇസ്‌ലാമിന് സംഘർഷങ്ങളുടെയും ഭീകരതയുടെയും വർണങ്ങൾ നൽകാൻ ശ്രമിക്കുന്നത്. കോടിക്കണക്കിന് മനുഷ്യരെ നിഷ്‌കരുണം കൊന്നുതള്ളിയ പടിഞ്ഞാറൻ സംസ്‌കാരത്തിന് മാനവികതയുടെ പുറംമോടി നൽകുന്നതും മാധ്യമങ്ങൾ തന്നെയാണ്.

മക്കയിലെ ഏറ്റവും വലിയ, പ്രവാചക ശത്രുവായിരുന്ന അബൂജഹൽ പ്രവാചകനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: “മുഹമ്മദ് കള്ളനാണെന്നോ മോശപ്പെട്ടവനാണെന്നോ എനിക്കഭിപ്രായമില്ല, എന്നാൽ അവൻ കൊണ്ടുവന്ന ആശയം, അത് കളവാണ്! അതിനോടാണ് ഞങ്ങളുടെ എതിർപ്പ്.’ എല്ലാ മുസ്‌ലിംകളും തീവ്രവാദികളാണെന്ന് ഞങ്ങൾക്ക് അഭിപ്രായമില്ല, എന്നാൽ എല്ലാ തീവ്രവാദികളും മുസ്‌ലിംകളാണെന്നു പറഞ്ഞ് ഇസ്‌ലാം വിരോധികൾ അബൂജഹ്‌ലിന്റെ വാക്കുകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് സത്യം. റോമൻ സാമ്രാജ്യത്തിന്റെ അധിനിവേശ പ്രദേശങ്ങളിലെ ജനഹൃദയങ്ങളിലേക്ക് ഇസ്‌ലാമിെന്റ സമാധാനസന്ദേശം കുളിർത്തെന്നലായി പടർന്നുകയറിയപ്പോൾ പതറിയ റോമൻ സാമ്രാജ്യം നുണപ്രചാരണങ്ങളിൽ അഭയം തേടുകയായിരുന്നു. അവരുടെ രചനകളിലൂടെയും കൃതികളിലൂടെയും ശക്തമായ ആക്രമണത്തിന് മുതിരുകയായിരുന്നു. അന്തിക്രിസ്തുവിന് വഴിയൊരുക്കാൻ വന്ന പൈശാചിക വ്യക്തിത്വമായി പ്രവാചകനെ തെറ്റിദ്ധരിപ്പിക്കാൻ അവർ ശ്രമിച്ചു. റോമിന്റ മത, സാംസ്‌കാരിക, രാഷ്ട്രീയ പൈതൃകത്തെ ഉപജീവിച്ച യൂറോപ്യൻ രാഷ്ട്രങ്ങളെല്ലാം ഇസ്‌ലാംവിരുദ്ധതയിലും അവരെയാണ് പിന്തുടർന്നിട്ടുള്ളത്.

കൊളോണിയൽ യൂറോപ്പിെന്റ രാഷ്ട്രീയ സന്തതിയായിരുന്ന ഓറിയന്റലിസം ഇസ്‌ലാമിനെ മിത്തുകൾ പ്രചരിപ്പിച്ചുകൊണ്ട് സാംസ്‌കാരികമായി തകർക്കാൻ ശ്രമിച്ച പ്രസ്ഥാനമാണ്. ഇസ്‌ലാമിനെയും പൗരസ്ത്യ സംസ്‌കാരങ്ങളെയും നിഷ്പക്ഷമായ പഠനങ്ങളിൽനിന്ന് തടയാനാണ് ഓറിയന്റലിസം ശ്രമിച്ചിട്ടുള്ളത്. ഇവരെ തിരസ്‌കരിച്ചുകൊണ്ടുള്ള സ്വതന്ത്രമായ ഇസ്‌ലാം പഠനത്തെ അവിശ്വസനീയം എന്ന് മുദ്രകുത്തി സംശയത്തിന്റ പുകമറ സൃഷ്ടിക്കുന്നതും ഇവയുടെ ശൈലിയാണ്. ആധുനിക യുഗത്തിൽ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തി ഇസ്‌ലാമിനെ ആക്രമിക്കുന്നത് തുടർക്കഥയാണ്.

2012ൽ ഇംഗ്ലീഷിലും അറബിയിലും യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ട ‘ഇന്നസെൻസ് ഓഫ് മുസ്‌ലിംസ്’ എന്ന പതിനാലു മിനുട്ട് ദൈർഘ്യമുള്ള അമേരിക്കൻ ചലച്ചിത്ര ട്രൈലർ മുഹമ്മദ് നബി ﷺയുടെ സംക്ഷിപ്ത ജീവിതമാണെന്ന് അവകാശപ്പെട്ടുകൊണ്ട് പ്രവാചകനെ വിഡ്ഢിയും അധികാരമോഹിയും ശിശുരതിക്കാരനും സ്ത്രീലംബടനും രക്തദാഹിയും അസഹിഷ്ണുവും പൂർവവേദങ്ങളെ വളച്ചൊടിക്കുന്നവനും കള്ളനുമായി ചിത്രീകരിക്കുന്നു! പടിഞ്ഞാറൻ സംസ്‌കാരത്തിന്റെ അപ്പോസ്തലരെന്ന് വീമ്പുപറയുന്നവർ സത്യത്തിനു നിരക്കാത്ത ക്രൂരമായ ആരോപണങ്ങൾ പ്രവാചകനു നേരെ പടച്ചുവിടുകയാണ്. 2005ൽ ഡെൻമാർക്കിലെ ‘ജില്ലാൻഡ് പോസ്റ്റൺ’ പത്രം പ്രവാചകനെ ഭീകരവാദിയായി അധിക്ഷേപിച്ചുകൊണ്ട് വൃത്തികെട്ട കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു. 2008ൽ അമ്പതോളം യൂറോപ്യൻ പത്രങ്ങൾ നികൃഷ്ടമായ ആ ഡാനിഷ് കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ചുകൊണ്ട് പ്രവാചകനോടുള്ള വെറുപ്പും വിദ്വേഷവും തീർത്തു. 2012 സെപ്തംബർ അവസാനം ‘ഷാർളി എബ്‌ദോ’ എന്ന ഫ്രഞ്ച് മാസിക പ്രവാചകനെ നഗ്‌നനായി ചിത്രീകരിച്ചുകൊണ്ടുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ചു. കാത്തലിക് എൻസൈക്ലോപീഡിയ ഡോക്ടർ ഓർ ചർച്ച് എന്ന അപരാഭിധാനംകൊണ്ട് ആദരിച്ചിട്ടുളള പ്രശസ്ത ക്രിസ്തുമത പണ്ഡിതൻ ജോൺ ഓഫ് ഡമാസ്‌കസ് പ്രവാചകൻ മുഹമ്മദ് മസീഹുദ്ദജ്ജാലിന് വഴിയൊരുക്കാൻ വന്നവനാണെന്ന് പരിഹസിക്കുകയുണ്ടായി. കൊർദോവക്കാരനായ പാതിരി അൽവോറോസ് പൗലോസ് മുഹമ്മദ് നബിയാണ് മസീഹുദ്ദജ്ജാൽ എന്ന് പരിഹസിക്കുകയുണ്ടായി.

ഇസ്‌ലാം ഒരു പ്രാകൃത ഗോത്രവർഗ സംസ്‌കൃതിയും മുഹമ്മദ് നബിﷺ അതിന്റ അപരിഷ്‌കൃതനും ആയുധധാരിയുമായ ഗോത്രത്തലവനുമാണെന്ന, വെള്ളക്കാരന്റെ ഉപബോധത്തിൽ പതിഞ്ഞത് അങ്ങനെയാണ്. കുരിശുയുദ്ധങ്ങൾ അവസാനിച്ചതിനുശേഷവും യഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത, ഇസ്‌ലാം വിമർശനങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരുന്നു. മധ്യകാല യൂറോപ്പിൽ വികൃതമായ ഇസ് ലാം ധാരണകളാണ് വ്യാപകമായി പ്രചരിച്ചത്. ഇസ്‌ലാം വിരുദ്ധരായ പടിഞ്ഞാറൻ ബുദ്ധിജീവികൾ അതിനായി വ്യത്യസ്ത മാർഗങ്ങൾ കണ്ടെത്തുകയും അവയെ ഇതിനായി ഉപയോഗപ്പെടുത്തുകയും ചെയ്തു. പ്രവാചക പത്‌നിയായ മഹതി സ്വഫിയ്യ(റ)യെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിച്ച ബോണിയറുടെ കവിതാ നാടകം യൂറോപ്പിൽ ഇസ്‌ലാം വെറുപ്പിന് നിദാനമായിരുന്നു.

പിന്നീട് കൊളോണിയലിസം മുസ്‌ലിം ലോകത്ത് ശക്തമായ അധിനിവേശം ഉറപ്പിക്കുന്ന സാഹചര്യമുണ്ടായി. അൾജിയേഴ്‌സും ഏഡനും ഈജിപ്തും സുഡാനും ലിബിയയും മൊറോക്കോയുമെല്ലാം ഫ്രഞ്ച്, ബ്രിട്ടീഷ് കോളണികളായി മാറി. അധിനിവേശ ശക്തികൾക്ക് അകമ്പടി സേവിച്ച് മുസ്‌ലിം നാടുകളിൽ കപ്പലിറങ്ങിയ ക്രിസ്ത്യൻ മിഷണറിമാർ ഇസ്‌ലാം വിമർശനം ജീവിതദൗത്യമായി ഏറ്റെടുത്തു. ഓറിയന്റലിസ്റ്റുകളെ അതിെന്റ സഹായികളായി വ്യാപകമായി ഉപയോഗപ്പെടുത്താനും തുടങ്ങി. ഇസ്‌ലാമിനെ വികൃതമായി ചിത്രീകരിച്ചുകൊണ്ടുള്ള ഓറിയന്റലിസ്റ്റ് രചനകൾ വ്യാപകമായി. ലോകം ഇതിനെല്ലാം ശക്തമായ അക്കാദമിക പരിവേഷം നൽകി. മുമ്പുള്ള ഇസ്‌ലാംവിമർശന ഗ്രന്ഥങ്ങൾക്കതീതമായി ഗവേഷണത്തെയും ജ്ഞാനോൽപാദനത്തെയും വിലമതിക്കുന്ന ബുദ്ധിജീവിസമൂഹത്തെ ആകർഷിക്കുവാൻ അത്തരം ഗ്രന്ഥങ്ങൾക്ക് കഴിഞ്ഞു. ഇങ്ങനെ സാംസ്‌കാരികാധിനിവേശത്തിലൂടെ ഇസ്‌ലാമിനെ തകർക്കാൻ സർവസന്നാഹങ്ങളോടെയും ലോകരാഷ്ട്രങ്ങൾ ശ്രമിച്ചിട്ടും തലയെടുപ്പോടെ ഇസ്‌ലാം പടർന്നുപിടിക്കുന്നതിലെ യുക്തിയെക്കുറിച്ച് നിഷ്പക്ഷ പഠനത്തിന് തയ്യാറാകേണ്ടതല്ലേ?

ഇസ്‌ലാം ഭീകരതയുടെ സമവാക്യമോ?

സാമ്രാജ്യത്വവും അവരുടെ സേവകരായ മാധ്യമങ്ങളും നൂറ്റാണ്ടുകളായി ഇസ്‌ലാമിനെതിരിൽ പ്രചരിപ്പിക്കുന്ന നുണകളിൽ സമൂഹത്തിനിടയിൽ കൂടുതൽ വേരൂന്നിയത് ‘ഭീകരത സമം ഇസ്‌ലാം’ എന്ന സമവാക്യമാണ്. എക്കാലത്തും സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്തിരുന്ന സംഘപരിവാരം ഇന്ത്യയിൽ അതിന്റ പ്രചാരണദൗത്യം ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽനിന്ന് സംഘപരിവാരത്തെ വിട്ടുനിറുത്തിയതിനുള്ള പ്രചോദനവും അവരോടുള്ള നിരുപാധിക വിധേയത്വമാണ്. സാമ്രാജ്യത്വത്തെ എതിർക്കുന്നവരെ ഏതുകാലത്തും സാമ്രാജ്യത്വവും അവരുടെ പിണിയാളുകളും ഭീകരരായി മുദ്രകുത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാർക്ക് മഹാത്മാ ഗാന്ധിയും നെഹ്‌റുവും സുഭാഷ് ചന്ദ്രബോസും ഭഗത് സിങ്ങും ഭീകരരായിരുന്നു. ആഫ്രിക്കൻ സ്വാതന്ത്ര്യസമര നായകനായിരുന്ന നെൽസൺ മണ്ടേല സാമ്രാജ്യത്വത്തിന്റ കണ്ണിൽ ഇന്നും ഭീകരൻമാരുടെ ലിസ്റ്റിലാണുള്ളത്. അമേരിക്കയിലേക്കുള്ള യാത്ര പോലും അദ്ദേഹത്തിന് മുടങ്ങാനുള്ള കാരണം ഇങ്ങനെയൊരു പരിവേഷമുള്ളതുകൊണ്ടായിരുന്നു. ഒന്നാമത്തെ അമേരിക്കൻ പ്രസിഡന്റായ ജോർജ് വാഷിംഗ്ടൺ പോലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റ ദൃഷ്ടിയിൽ ഒരു കാലത്ത് ഭീകരനായിരുന്നു. കാരണം 1875ലെ അമേരിക്കൻ വിപ്ലവത്തിൽ ധാരാളം ജനങ്ങൾ രാജ്യത്തിന്റ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതുകയായിരുന്നു. ഈ പടയാളികളെ ബ്രിട്ടീഷുകാർ തീവ്രവാദികൾ എന്ന് വിളിച്ചു. പോരാളികളിൽ ബെഞ്ചമിൻ

ഫ്രാങ്ക്‌ളിനും ജോർജ് വാഷിംഗ്ടണും ഉണ്ടായിരുന്നു. ഇടത് ബുദ്ധിജീവികളും ഇസ്‌ലാമിൽ ഭീകരതയാരോപിക്കാൻ മുന്നിലുണ്ടായിരുന്നുവെന്നറിയുമ്പോഴാണ് ഇസ്‌ലാമിെന്റ പക്ഷത്ത് ഒരു ശക്തിയും ഉണ്ടായിരുന്നില്ലെന്ന് ബോധ്യപ്പെടുന്നത്. സ്വാതന്ത്ര്യമടക്കമുള്ള മൗലികാവകാശ പോരാട്ടങ്ങൾക്കായി സംഘടിച്ചവർക്ക് അനുകൂലമായ സമീപനം ഒരിക്കലും ഇവർക്കുണ്ടായില്ലെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.

അഫ്ഗാനിസ്ഥാനെ ആദ്യമായി ആക്രമിച്ചു കീഴടക്കിയത് സോവിയറ്റ് യൂണിയനായിരുന്നു. അന്ന് താലിബാനികളെ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ വിശേഷിപ്പിച്ചത് നമ്മുടെ സ്വാതന്ത്ര്യ പോരാളികൾ (our freedom fighters) എന്നായിരുന്നു. സോവിയറ്റ് യൂണിയനെതിരെ പോരാടാൻ ആയുധങ്ങളും പിന്തുണയും അമേരിക്ക അന്ന് അവർക്ക് നൽകുകയും ചെയ്തു. എന്നാൽ 2001ൽ അമേരിക്ക അഫ്ഗാൻ ആക്രമിച്ച് കീഴടക്കുമ്പോൾ റഷ്യ അമേരിക്കക്ക് പിന്തുണ നൽകുകയായിരുന്നു. എതിർപക്ഷത്ത് മുസ്‌ലിം സമുദായമാണെങ്കിൽ ആരോടും കൂട്ടുകൂടാമെന്ന നയമാണ് ഇടതു പ്രത്യയശാസ്ത്രം സ്വീകരിച്ചിട്ടുള്ളത് എന്നത് ചിന്തനീയമാണ്. 2001ന് ശേഷം 15876 മുസ്‌ലിം ഭീകരാക്രമണം നടന്നുവെന്ന കളവ് പ്രചരിപ്പിക്കാൻ പല സയണിസ്റ്റ് അനുകൂല വെബ്‌സൈറ്റുകളും ശ്രമിക്കുന്നതായി കാണാം. അത്തരം വെബ്‌സൈറ്റുകളുടെ പ്രചാരണ ചിത്രങ്ങൾ പരിശോധിച്ചാൽ അഫ്ഗാനിലെയും ഇറാഖിലെയും ഫലസ്തീനിലെയും മാതൃരാജ്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളെ ഭീകരാക്രമണമായാണ് ചിത്രീകരിച്ചിട്ടുള്ളത് എന്നു കാണാം. മാധ്യമങ്ങളുടെ കപട നിഷ്പക്ഷതയെ ഇവിടെയും ദർശിക്കാനാകും. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ നയപ്രകാരം ഏത് അധിനിവേശ സൈനികർക്കുനേരെയും തദ്ദേശീയർ നടത്തുന്ന പോരാട്ടത്തെ പ്രതിരോധമായാണ് പരിഗണിക്കുക. അമേരിക്കയുടെ എഫ്ബിഐ സൈറ്റിലെ കണക്കനുസരിച്ച് 2001ന് ശേഷം നടന്ന മുസ്‌ലിം പേരിൽ നടന്ന ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം പതിനാലായിരത്തിൽ താഴെയാണ്. എന്നാൽ ഈ കാലയളവിൽ അമേരിക്ക ഇറാഖിൽ നടത്തിയ അധിനിവേശത്തിന്റ ഭാഗമായി നടന്ന ആക്രമണങ്ങളിൽ കൊന്നൊടുക്കിയ സാധാരണക്കാരുടെ എണ്ണം ആറ് ലക്ഷത്തിലേറെയാണ്.

ലോകത്തിന്റ പല ഭാഗങ്ങളിലും കൂടുതൽ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ഇസ്‌ലാമും മുസ്‌ലിംകളുമാണ്. ഫലസ്തീനിൽ ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തെയാണ് ലോകം ഇന്ന് ചർച്ച ചെയ്യുന്നത്. എന്നാൽ തൊട്ടുമുമ്പുള്ള മാസങ്ങളിൽ യാതൊരു പ്രകോപനവുമില്ലാതെ (ഈ വർഷം മാത്രം) 200ൽ അധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. അനേകം കുടുംബങ്ങൾ വീടു നഷ്ടപ്പെട്ട് അഭയാർഥികളായിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്കെതിരെയുള്ള തദ്ദേശീയരുടെ പ്രതിരോധത്തെ ഭീകരാക്രമണമായി ചിത്രീകരിക്കുന്ന, ആ ചെറിയ പ്രദേശത്തെ ആക്രമിച്ച് പതിനയ്യായിരത്തിലധികം ആളുകളെ കൊന്നൊടുക്കുകയും നാഗരികതയെ മുച്ചൂടും തകർക്കുകയും ചെയ്തവരെ ഇരകളായും വിശേഷിപ്പിക്കുന്ന കാഴ്ചയാണ് അൽഭുതപ്പെടുത്തുന്നത്. ലോകത്തെ സമാധാന സന്ധികളുടെ എല്ലാ സീമകളെയും അതിലംഘിച്ച് ഭീകരാക്രമണം നടത്തുന്ന ഇസ്‌റായേലിനെ സമാധാനത്തിന്റ വെള്ളരിപ്രാവുകളായി വാഴ്ത്തുന്ന സാമ്രാജ്യത്വ ഭീകരതയെ ആരും കാര്യമാക്കുന്നില്ല. എന്നിട്ടും ഭീകരതയുടെ സമവാക്യം തേടുന്നത് ഇസ്‌ലാമിൽ തന്നെയാണ്. ബന്ധികളാക്കപ്പെട്ടവരോട് പാലിക്കേണ്ട മര്യാദകൾ പോലും മറികടന്നുകൊണ്ട് നരവേട്ട നടത്തുന്ന ഭീകരജയിലുകൾ അറബ് രാജ്യങ്ങളിലല്ല; മറിച്ച് സാമ്രാജ്യത്വത്തിന്റെ ഇരുമ്പു മറകൾക്കുള്ളിലാണ്. വ്യത്യസ്ത ദർശനങ്ങൾ ഉൾക്കൊണ്ട് ജീവിക്കുകയും അതനുസരിച്ച് ഭരണത്തിൽ നിയമ നിർമാണം നടത്തുകയും ചെയ്യുന്നവർ പക്ഷേ, തടവുകാരെ പീഡിപ്പിക്കുന്ന കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. യുദ്ധത്തടവുകാരായും കേവലം കുറ്റാരോപണങ്ങൾ നടത്തിയും ജയിലിലടക്കപ്പെട്ടവർ അനുഭവിക്കുന്ന വേദനകളും പീഡനങ്ങളും അറിയുമ്പോൾ മാനവികത ഭീകരമായ വന്യതയിലേക്ക് വഴിമാറുന്നതായി കാണാം. അതിന് ലോകത്ത് ജീവിക്കുന്ന ഉദാഹരണങ്ങളാണ് തടവുകാരെ കൊടുംപീഡനങ്ങൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്ന ക്യൂബയിലെ ഗ്വാണ്ടനാമോ ജയിൽ. ജീവനുള്ള മനുഷ്യനിൽനിന്നും പച്ചമാംസം വാർന്നെടുത്തും മാംസളമായ ശരീരഭാഗങ്ങൾ നായകളെക്കൊണ്ട് തീറ്റിച്ചും ക്രൂരതകളിൽ ആറാടുകയാണവിടെ. അമേരിക്കയിലെ ഒരു ദ്വീപിൽ നിർമിച്ച അൽകാട്രാസ് ജയിലിലും തടവുകാർ അനുഭവിക്കുന്നത് ഭീകരമായ പീഡനങ്ങളാണ്. മറ്റൊരു കേന്ദ്രമാണ് മുഹംഗ ജയിൽ. മനുഷ്യമാംസം പച്ചയായി തീറ്റിക്കുന്നതടക്കമുള്ള അക്രമങ്ങളാണവിടെ നടക്കുന്നത്. ബ്രസീലിലെ കരണ്ടിരു പെനിറ്റൻഷ്യറി ജയിലും കൊളറാഡോയിലെ എഡി എക്‌സ് ഫ്‌ലോറൻസ് ജയിലുമെല്ലാം മറ്റു ഉദാഹരണങ്ങളാണ്. വേറെയും ധാരാളം തടവറകൾ കണ്ടെത്താനാകും.

പടിഞ്ഞാറൻ മാധ്യമങ്ങളും പൗരസ്ത്യരായ ഇസ്‌ലാം വിരോധികളും മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന ധാരാളം ഭീകര പ്രവർത്തനങ്ങൾ ഉണ്ടായിരുന്നിട്ടും സമാധാനത്തിന്റെ സന്ദേശം മാത്രം പകർന്ന് നൽകുന്ന വിശുദ്ധ ഇസ്‌ലാമിനെ ഭീകരതയുടെ ആലയങ്ങളിൽ തളച്ചിടാൻ തന്ത്രങ്ങൾ മെനയുന്നതിന് കാരണം മാനവ വിരുദ്ധമായ എല്ലാ കാര്യങ്ങളെയും ഇസ്‌ലാം ആർജവത്തോടെ ചോദ്യം ചെയ്യുന്നുവെന്നതാണ്.

ഇസ്‌ലാമിനെ തകർക്കാനാവില്ല

മാനവ ചരിത്രത്തിൽ ഇന്നേവരെയുള്ള ദർശനങ്ങളിൽ ഒരിക്കലും തകർക്കാനും നശിപ്പിക്കാനും ഉൻമൂലനം ചെയ്യാനും സാധിക്കാത്ത ഒരേയൊരു ദർശനം ഇസ്‌ലാം മാത്രമാണ്. ഇതര ദർശനങ്ങൾ ഭൗതികമായാലും ആത്മീയമായാലും അതിന്റ സത്തയിൽ ഇന്ന് നിലനിൽക്കുന്നില്ലന്നതാണ് സത്യം. മാർക്‌സിസവും കമ്യൂണിസവും പോലെയുള്ള പ്രത്യയശാസ്ത്രങ്ങളുടെ ആശയങ്ങൾ എല്ലാ കാലത്തേക്കും പ്രായോഗികമല്ലെന്നതിന് തെളിവാണ് സോവിയറ്റ് യൂണിയ െന്റ തകർച്ചയും കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ആദർശ പ്രതിസന്ധികളും. ആത്മീയ ദർശനങ്ങളാകട്ടെ അവയുടെ പ്രമാണങ്ങളിലും വിശ്വാസങ്ങളിലും ആചാര-അനുഷ്ഠാനങ്ങളിലും വലിയ മാറ്റങ്ങൾ ചേർത്തുവച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. പലതും പല പരിഷ്‌കരണങ്ങൾക്കും വിധേയമായിട്ടുണ്ടെന്നത് വർത്തമാനകാല സത്യമാണ്.

ലോകത്തുള്ള ഒട്ടുമിക്ക മാധ്യമങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ മികവോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സമൂഹ മാധ്യമങ്ങളും ഇസ്‌ലാമിനെതിരെ ശക്തമായ ആദർശ യുദ്ധത്തിലാണ്. അധികാരവും സമ്പത്തും സാമർഥ്യവും സൗകര്യങ്ങളും ഇസ്‌ലാമിനെതിരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അനാവശ്യ വിമർശനങ്ങൾകൊണ്ട് ജനഹൃദയങ്ങളിൽ ഇസ്‌ലാമിനെക്കുറിച്ചുള്ള വെറുപ്പ് കുത്തിനിറക്കുന്നു. പ്രവാചകനെ ദിനേന നിന്ദിക്കാനും അപഹസിക്കാനും നിപുണരായവരെ പ്രത്യേകം ഉപയോഗിക്കുന്നു. സാമ്രാജ്യത്വവും നാസ്തികതയും ഇസ്‌ലാം വിമർശനത്തിനുവേണ്ടി മാത്രമായി വിഭവങ്ങളെ ഉപയോഗപ്പെടുത്തുന്നു. എന്നിട്ടും ഇസ്‌ലാം അജയ്യമായി, ഒരു പോറലുമേൽക്കാതെ ശക്തമായ മുന്നേറ്റം നടത്താനുള്ള കാരണമെന്താണ്. വിമർശിക്കുന്തോറും ജനഹൃദയങ്ങൾ കീഴടക്കാൻ ഇസ്‌ലാമിനു മാത്രം കഴിയുന്നതെന്തുകൊണ്ടാണ്? യൂറോപ്യൻ നാടുകളിൽ ഇസ്‌ലാം പടർന്ന് പന്തലിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്?

സാമ്രാജ്യത്വം സാംസ്‌കാരികാധിനിവേശത്തിലുടെ ഇസ്‌ലാമിനെ തകർക്കാനും വഴികൾ തേടുന്നുണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചു. അതിനുവേണ്ടി അവരുടെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്ത് ഇസ്‌ലാമിക സംസ്‌കാരത്തിൽ വിള്ളലുകൾ വീഴ്ത്താനുള്ള ശ്രമങ്ങളുമുണ്ട്. ഇങ്ങനെ സാമ്രാജ്യത്വം, കൊളോണിയലിസം, ഓറിയന്റലിസം, നാസ്തികത, മറ്റു ഭൗതിക-ആത്മീയ പ്രത്യയശാസ്ത്രങ്ങൾ എന്നിവയെല്ലാം ഒരേ സ്വരത്തിലും ഭാവത്തിലും ഇസ്‌ലാമിനെ തകർക്കാനുള്ള മനഃപൂർവമായ ശ്രമങ്ങളാണ് നടത്തുന്നത്. ഇത്രയും ആക്രമണങ്ങൾ മറ്റു പ്രത്യയശാസ്ത്രങ്ങൾക്കു നേരെയായിരുന്നുവെങ്കിൽ അവയുടെ അടയാളം പോലും ഭൂമിയിൽ അവശേഷിക്കുമായിരുന്നില്ല. എന്നാൽ ഇത്രയും വിനാശകരമായ സമീപനങ്ങൾ ഇസ്‌ലാമിനെതിരെ ഉണ്ടായിരുന്നിട്ടും ഇസ്‌ലാം അജയ്യമായി നിലനിൽക്കുന്നതിന്റെ അത്ഭുതം എന്താണെന്ന് വിലയിരുത്താൻ നിഷ്പക്ഷമായ പഠനങ്ങൾക്ക് തയ്യാറാകണം.

“തീർച്ചയായും അല്ലാഹുവിങ്കൽ മതം എന്നാൽ ഇസ്‌ലാമാകുന്നു. വേദഗ്രന്ഥം നൽകപ്പെട്ടവർ തങ്ങൾക്ക് (മതപരമായ) അറിവ് വന്നുകിട്ടിയശേഷം തന്നെയാണ് ഭിന്നിച്ചത്. അവർ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്റെ തെളിവുകൾ നിഷേധിക്കുന്നുവെങ്കിൽ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു’’ (3:19).

രണ്ടാമതായി, ഇസ്‌ലാമിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവാണ്. ലോകവസാനം വരെയുള്ള മാനവരാശിക്ക് ജീവിത ദർശനമായി അത് നിലനിൽക്കും.

“തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’’ (ഹിജ്ർ 9). അജയ്യമായ ഈ ദൈവിക ദർശനത്തെക്കുറിച്ച് നിഷ്പക്ഷമായി പഠിക്കാൻ ശ്രമിക്കണമെന്നാണ് എല്ലാവരോടും പറയാനുള്ളത്.