ഭക്ഷ്യസുരക്ഷ; ഇസ്‌ലാമിക നിർദേശങ്ങൾ

ഡോ. ടി. കെ യൂസുഫ്

2023 ജൂലൈ 29 , 1444 മുഹറം 11

വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ പൊണ്ണത്തടി കുറയ്ക്കാനുപയോഗിക്കുന്ന പണവും വിലനിലവാരം പിടിച്ചുനിര് ത്താനായി കടലില് തള്ളുന്ന ഭക്ഷ്യവസ്തുക്കളുമുണ്ടെങ്കില്‍ ലോകത്തിന് റെ പട്ടിണി മാറ്റാമെ ന്ന തിരിച്ചറിവ് മനഃസാക്ഷിയുള്ളവരെ ഞെ ട്ടിപ്പിക്കുന്നതാണ്. മനുഷ്യരുടെ ആര്ത്തിയും അതിക്ര മവും ഭക്ഷ്യവിതരണത്തിലെ അസന്തുല ിതാവസ്ഥയുമാണ് പട്ടിണിയുടെ മൂലകാരണം. ഭക്ഷണം കിട്ടാതെ ദിനംപ്രത ി ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്ക മാത്രം മതിയാവും ഇതിന്റെ ഗൗരവത്തെ ബോധ്യപ്പെടുത്താന്‍!

ജനപ്പെരുപ്പം പട്ടിണിയിലേക്ക് നയിക്കും എന്ന നിലവിളിയാണ് കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ടിരുന്നത്. അതുകൊണ്ട്തന്നെ പല രാജ്യങ്ങളും ജനസംഖ്യാനിയന്ത്രണത്തിന് തീവ്ര ബോധവത്ക്കരണം നടത്തിയിരുന്നു. എന്നാൽ കാർഷിക രംഗത്തെ സാങ്കേതിക വിദ്യകൾ വിളവ് സമൃദ്ധമാക്കുകയും ഭക്ഷ്യവിഭവങ്ങൾ ഗണ്യമായി വർധിപ്പിക്കുകയും ചെയ്തത് കാരണം വിപണിയിലെ വിലനിലവാരം കാത്തുസൂക്ഷിക്കാൻ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. ജനപ്പെരുപ്പം തടഞ്ഞിട്ടില്ലെങ്കിൽ എഴുപതുകളിൽ ലക്ഷക്കണക്കിന് പട്ടിണിമരണങ്ങൾ ഉണ്ടാകുമെന്ന് കഴിഞ്ഞ നൂറ്റാണ്ടിൽ ചിലർ പ്രവചിച്ചിരുന്നു. പക്ഷേ, അത് സംഭവിച്ചില്ല എന്ന് മാത്രമല്ല, ലോകത്ത് എല്ലായിടത്തും ഭക്ഷ്യോത്പാദനം ഇരട്ടിയാകുകയാണുണ്ടായത്. കൃഷിഭൂമിയുടെ നാശം കാരണം പട്ടിണി വരാൻ സാധ്യയുണ്ടെന്ന ആധുനിക ശാസ്ത്രജ്ഞരുടെ പ്രവചനവും ഇപ്പോൾ നിരർഥകമായിരിക്കുകയാണ്.

ഭക്ഷ്യസുരക്ഷയെ കുറിച്ച് ഒട്ടും ആശങ്കപ്പെടേണ്ടതില്ല എന്നാണ് ക്വുർആൻ ധാരാളം വചനങ്ങളിലൂടെ വ്യക്തമാക്കുന്നത്.

‘‘അതിൽ (ഭൂമിയിൽ)-അതിന്റെ ഉപരിഭാഗത്ത്-ഉറച്ചുനിൽക്കുന്ന പർവതങ്ങൾ അവൻ സ്ഥാപിക്കുകയും അതിൽ അഭിവൃദ്ധിയുണ്ടാക്കുകയും അതിലെ ആഹാരങ്ങൾ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ് (അവനത് ചെയ്തത്.) ആവശ്യപ്പെടുന്നവർക്ക് വേണ്ടി ശരിയായ അനുപാതത്തിൽ’’ (ക്വുർആൻ 41:10).

ഭൂമിയിലെ ഓരോ പ്രദേശത്തുളളവർക്കുമുളള അന്നം അവിടെത്തന്നെ സംവിധാനിച്ചിരിക്കുന്നു എന്നാണ് മേൽവചനം സൂചിപ്പിക്കുന്നത്. എല്ലാ ജനവിഭാഗങ്ങൾക്കും വിശപ്പകറ്റാനുളള ഭക്ഷണം ഭൂമി ഉത്പാദിപ്പിക്കുന്നുണ്ടെന്നും മനുഷ്യരുടെ ആർത്തിയും അതിക്രമവും വിതരണത്തിലെ താളപ്പിഴയുമാണ് പട്ടിണിയുണ്ടാക്കുന്നതെന്നുമാണ് ഹരിത വിപ്ലവത്തിന് ചുക്കാൻ പിടിക്കുകയും നോബൽ സമ്മാനമടക്കം ഒട്ടനവധി ബഹുതികൾ കരസ്ഥമാക്കുകയും ചെയത നോർമാൻ ഏണസ്റ്റ് ബോർലോഗ് (Norman Ernest Borlaug) എന്ന കൃഷിശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടിട്ടുള്ളത്. അമേരിക്കയും യൂറോപ്പും ടൺ കണക്കിന് ഭക്ഷ്യവസ്തുക്കൾ വിലനിലവാരം പിടിച്ചുനിർത്തുന്നതിന് വേണ്ടി കടലിൽ തട്ടുമ്പോൾ ആഫ്രിക്കയിൽ പട്ടിണി പേക്കോലങ്ങൾ മരിച്ചുവീഴുന്നത് ഈ ഭക്ഷ്യവിതരണത്തിലെ ഉച്ചനീചത്വംകൊണ്ടാണ്.

പട്ടിണി മരണങ്ങൾക്ക് കാരണം ജനപ്പെരുപ്പമോ ഭൂമിയുടെ ഉത്പാദനക്ഷമതയുടെ കുറവോ അല്ല. മറിച്ച്, വിതരണത്തിലെ അസന്തുലിതാവസ്ഥയാണ്. അമേരിക്കയിൽ മാത്രം ആളുകൾ തടി കുറക്കാനും ശരീരത്തിലെ കൊഴിപ്പ് അലിയിപ്പിക്കാനുമുളള മരുന്നുകൾക്കും വേണ്ടി വർഷത്തിൽ അഞ്ഞൂറ് കോടിയിലേറെ ഡോളർ ചെലവഴിക്കുന്നുണ്ടത്രെ! ഈ ഭീമമായ തുക ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പട്ടിണി മാറ്റാൻ തികച്ചും പര്യാപ്തമായതാണ്. പൊണ്ണത്തടി കുറക്കാൻ പണം ചെലവഴിക്കുന്ന കാര്യത്തിൽ മറ്റു വികസിത രാജ്യങ്ങളിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല.

വിശുദ്ധ ക്വുർആനും നബിവചനങ്ങളും പരിശോധിക്കുകയാണെങ്കിൽ ഭക്ഷ്യസുരക്ഷക്ക് വേണ്ട ധാരാളം നിർദേശങ്ങൾ നൽകിയതായി കാണാം. തന്റെ ആവശ്യം കഴിച്ച് ബാക്കിയുളളത് മറ്റുളളവർക്ക് നൽകണം എന്ന പ്രവാചക വചനം പ്രകൃതി വിഭവങ്ങൾ കുത്തകയാക്കുന്നതിനെ തടയുകയാണ് ചെയ്യുന്നത്. ഇസ്‌ലാം കൃഷിക്ക് വളരെയധികം പ്രാധാന്യം നൽകിയതായി കാണാം. വെളളം, പുല്ല്, അഗ്‌നി എന്നിവയിൽ എല്ലാവരും പങ്കാളികളാണ് എന്ന ഹദീസും ശ്രദ്ധേയമാണ്. ഇത്തരത്തിലുളള പ്രകൃതിവിഭവങ്ങൾ എല്ലാവർക്കും ലഭ്യമാകുമ്പോഴാണ് കൃഷിയിലൂടെ അവരുടെ വരുമാനം വർധിക്കുന്നത്.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണം തന്നെയാണ്. കാരണം അതില്ലാതെ ജീവൻ നിലനിർത്താൻ സാധ്യമല്ല. ഒരു രാജ്യം അവിടുത്തെ പൗരന്മാർക്ക് ആവശ്യമായ ഭക്ഷ്യവസ്തക്കൾ ലഭ്യമാക്കുക എന്നതാണ് ഭഷ്യസുരക്ഷ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാന ആശയം, എല്ലാ സമയത്തും എല്ലാ ആളുകൾക്കും അവരുടെ സജീവവും ആരോഗ്യകരവുമായ ജീവിതത്തിന് അടിസ്ഥാന ഭക്ഷണം ലഭ്യമാവുക എന്നതാണ്. അതായത്, എല്ലാ ജനങ്ങളും എല്ലായ്‌പ്പോഴും സജീവവും ആരോഗ്യപൂർണവുമായ ജീവിതം നയിക്കുന്നതിനായി ഭക്ഷണാഭിരുചിയും ആഹാരാവശ്യങ്ങളും നിറവേറ്റത്തക്ക രീതിയിൽ മതിയായതും സുരക്ഷിതവും പോഷക സമ്പുഷ്ടവുമായ ഭക്ഷണത്തിന്റെ ഭൗതിക, സാമൂഹിക, സാമ്പത്തിക പ്രാപ്യതയുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷ നിലനിൽക്കുന്നുവെന്ന് പറയാം. ലഭ്യത, പ്രാപ്യത, ഉപയുക്തത, സ്ഥിരത എന്നിവയാണ് ഭക്ഷ്യസുരക്ഷയുടെ നാല് സ്തംഭങ്ങൾ. ഭക്ഷ്യസുരക്ഷ എന്ന ആശയത്തിൽ പോഷകാഹാരം എന്നത് സമന്വയിച്ചിരിക്കുന്നു. ‘വിശപ്പുരഹിതസമൂഹം’ എന്ന ലക്ഷ്യം നേടുന്നതിനായി വിശപ്പ് അവസാനിപ്പിക്കൽ, ഭക്ഷ്യസുരക്ഷയും മെച്ചപ്പെട്ട പോഷകാഹാരവും, സുസ്ഥിരകൃഷി പ്രോത്സാഹിപ്പിക്കൽ എന്നിവയെ ഐക്യരാഷ്ട്രസഭ സുസ്ഥിരവകസന ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു കുടുംബത്തിനും പട്ടിണിയും വിശപ്പും ഭീഷണി സൃഷ്ടിക്കാത്ത സ്ഥിതിയാണ് ഭക്ഷ്യസുരക്ഷകൊണ്ട് വിവക്ഷിക്കപ്പെടുന്നത് എന്നു വ്യക്തം. വ്യക്തികളുടെ സാമ്പത്തിക പരാധീനത അവരുടെ ഭക്ഷ്യലഭ്യതക്ക് പ്രയാസം സൃഷ്ടിക്കരുത്. പാവപ്പെട്ടവർക്ക് സൗജന്യ നിരക്കിൽ ഭക്ഷണം ലഭ്യമാകണം. ഇതിന്റെ അടിസ്ഥാനത്തിലാണ് 2013ൽ യുപിഎ സർക്കാർ ഭക്ഷ്യസുരക്ഷാ നിയമം പാസ്സാക്കിയത്. രാജ്യത്തെ ജനസംഖ്യയിൽ 70 ശതമാനത്തിന് ഭക്ഷ്യസുരക്ഷാപദ്ധതിയുടെ മുൻഗണനാ പട്ടികയിൽ പെടുത്തി കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യം ഉറപ്പാക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നത്. എന്നാൽ മുൻഗണനാ ഗണത്തിൽ ഉൾപ്പെടുന്നതിന് നിശ്ചയിച്ച ചില മാനദണ്ഡങ്ങൾ കേരളത്തിനു തിരിച്ചടിയായി. സംസ്ഥാനത്ത് അർഹതപ്പെട്ട പലർക്കും ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള റേഷൻ നിഷേധിക്കപ്പെട്ടു. വീടിന്റെ വലിപ്പം 1,000 സ്‌ക്വയർ ഫീറ്റുള്ളവരും ഒരു കാർ (പഴയതായാലും വിലകുറഞ്ഞതായാലും) ഉള്ളവരും നിയമപ്രകാരം മുൻഗണനാ പട്ടികക്ക് പുറത്താണ്. ഇതുകാരണം സൗജന്യ നിരക്കിലുള്ള ഭക്ഷ്യധാന്യത്തിന് അർഹരായ നിരവധി കുടുംബങ്ങൾക്ക് അത് ലഭിക്കാത്ത സ്ഥിതി വന്നു.

ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതോടൊപ്പം അവ തികച്ചും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുകയും വേണം. അരിക്കെന്നപോലെ പച്ചക്കറികൾക്കും കേരളീയർ ആശ്രയിക്കുന്നത് അയൽ സംസ്ഥാനങ്ങളെയാണ്. സമീപ കാലത്ത് നടന്ന പല പഠനങ്ങളും കാണിക്കുന്നത് അയൽ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന പച്ചക്കറികളിൽ കൂടിയ അളവിൽ മാരകമായ കീടനാശിനി അവശിഷ്ടമുണ്ടെന്നാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇതിന്റെ പരിണതി. കേരളീയർക്കാവശ്യമായ ഭക്ഷണം, ചുരുങ്ങിയത് പച്ചക്കറിയെങ്കിലും ജൈവകൃഷി രീതിയിലൂടെ ഇവിടെ തന്നെ ഉത്പാദിപ്പിക്കുകയാണ് ഇതിനു പരിഹാരം. ആവശ്യത്തിന് മഴയും സൂര്യപ്രകാശവും ജൈവ വൈവിധ്യവുമുള്ള കേരളത്തിൽ ഇതത്ര പ്രയാസമുള്ള കാര്യമല്ല.

ഉത്പന്നത്തിന്റെ ഗുണത്തിലൂടെ മാർക്കറ്റ് പിടിച്ചടക്കുന്ന പഴയകാല രീതിയിൽ നിന്ന് മാറി, ഉത്പാദന വർധനവിനും ഉത്പന്നങ്ങൾ കേടുവരാതെ സൂക്ഷിക്കുന്നതിനും എന്ത് അധാർമിക മാർഗങ്ങളും സ്വീകരിക്കുന്ന സ്ഥിതിവിശേഷമാണ് വിപണനം ലക്ഷ്യമാക്കിയുള്ള കാർഷികോത്പാദന മേഖലയിൽ കണ്ടുവരുന്നത്.

ലോക ഭക്ഷ്യ സംഘടനയും ഐക്യരാഷ്ട്ര സംഘടനയും ചേർന്ന് പ്രസിദ്ധീകരിച്ച 2016ലെ കണക്കനുസരിച്ച് ലോകത്താകമാനം ഭക്ഷ്യദൗർലഭ്യം അനുഭവപ്പെടുന്ന ജനതയുടെ എണ്ണം 815 ദശലക്ഷമായി വർധിച്ചിട്ടുണ്ട്. അതിൽ 520 ദശലക്ഷംപേർ ഏഷ്യൻ രാജ്യങ്ങളിലാണ് താമസിക്കുന്നത്. 2011-12ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 264.9 ദശലക്ഷം പേർ ദരിദ്രരാണ്. കൂടാതെ, ഇന്ത്യയിൽ ഭൂരിഭാഗം ജനങ്ങളുടെയും ഭക്ഷണത്തിൽ കലോറിയുടെയും പ്രോട്ടീന്റെയും അളവ് ഗ്രാമപ്രദേശങ്ങളിൽ സാധാരണനിരക്കിനെക്കാൾ കുറവാണ്. ഭക്ഷ്യകാർഷിക സംഘടനയുടെ സ്റ്റേറ്റ് ഓഫ് ഫുഡ് ഇൻ സെക്യുരിറ്റി (2015) അനുസരിച്ച് ലോകത്തെ പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന ജനതയിൽ (194.6 മില്യൺ) രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. ഇത് ലോക ജനസംഖ്യയിൽ പോഷകാഹാരക്കുറവ് നേരിടുന്നവരുടെ 15.2 ശതമാനം വരും.

ഇന്ത്യൻ ഭരണഘടനയിൽ ഭക്ഷണത്തിനുള്ള അവകാശം സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകളൊന്നുമില്ലെങ്കിലും ഭരണഘടനയുടെ 21ാം അനുച്ഛേദം അനുശാസിക്കുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിൽ ഭക്ഷണത്തിനും മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കുമുള്ള അവകാശം ഉൾപ്പെടുന്നമെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.

ഓരോ രാജ്യവും അവരുടെ പൗരന്മാരുടെ അന്നത്തിനുളള മാർഗം കണ്ടെത്തേണ്ടതുണ്ട്. പ്രാദേശികമായി ഈ ആവശ്യം നിറവേറ്റാൻ പറ്റാതെ വരുമ്പോൾ ദേശീയമായോ അന്തർദേശീയമായോ ഇതിന് ഒരു പരിഹാര മാർഗം കാണേണ്ടിവരും. ഭൂമിയിൽ എല്ലായിടത്തും എല്ലാ ഭക്ഷ്യവിഭവങ്ങളും ഉത്പാദിപ്പിക്കാത്തതുകൊണ്ട് ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തിൽ ഇറക്കുമതിയും കയറ്റുമതിയും കൂടാതെ ഒരു പ്രദേശത്തിനോ രാജ്യത്തിനോ ഭക്ഷ്യസുക്ഷ ഉറപ്പുവരുത്താൻ കഴിയുകയില്ല. ഭൂമിയുടെ മൊത്തം വിഭവങ്ങൾ പരസ്പരം കൈമാറുകയാണെങ്കിൽ ഭക്ഷ്യസുരക്ഷ എല്ലാ രാഷ്ട്രങ്ങൾക്കും സാക്ഷാത്ക്കരിക്കാനാകും.

ഭൂമിയുടെ കരഭാഗത്തിന്റെ പകുതിയിലധികവും കൃഷിയോഗ്യമല്ല. കൃഷിക്ക് അനുയോജ്യമായ മണ്ണിൽ അമ്പത് ശതമാനത്തിൽ താഴെ മാത്രമെ ഇന്ന് കൃഷി ചെയ്യപ്പെടുന്നുളളൂ. കൃഷിക്ക് ഉപയുക്തമായ മുഴുവൻ വിളനിലങ്ങളും ഉപയോഗപ്പെടുത്തപ്പെടുകയാണെങ്കിൽ ലോകത്തുനിന്നും പട്ടിണി നിർമാർജനം ചെയ്യാനാകും എന്നതിൽ സംശയമില്ല. ഇന്ന് ഏറ്റവും കൂടുതൽ പട്ടിണി കാണപ്പെടുന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണല്ലോ. എന്നാൽ അവിടുത്തെ ഫലഭൂയിഷ്ടമായ മണ്ണിന്റെ പതിനാറ് ശതമാനം മാത്രമാണ് കൃഷിക്കുവേണ്ടി വിനിയോഗിക്കപ്പെടുന്നത്.

പോഷകാഹാരത്തിന്റെ പട്ടിക പരിശോധിക്കുകയാണെങ്കിൽ ഇരുനൂറ് മില്യൺ ടൺ പ്രോട്ടീനാണ് ലോകജനതക്ക് ഒരു വർഷത്തിൽ ആവശ്യമാകുന്നത്. അത് മുഴുവൻ ഉത്പാദിപ്പിക്കാനും ഈ ഭൂഗോളം ധാരാളം മതിയാകും. മറ്റു ഭക്ഷ്യഘടകങ്ങളുടെ കാര്യവും ഇപ്രകാരം തന്നെയാണ്. തന്നെയുമല്ല, ഇന്നത്തെ ജനസംഖ്യയുടെ എത്രയോ ഇരട്ടി ജനങ്ങളെ തീറ്റിപ്പോറ്റാനും ഈ ഭൂമി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവിഭവങ്ങൾ തന്നെ ധാരാളം മതിയാകും.

ഭൂവിഭവങ്ങൾ ശാസ്ത്രീയമായി വിതരണം ചെയ്യപ്പെടാത്തതുകൊണ്ട് ലോകത്തിൽ ഒരിടത്ത് പട്ടിണിയും മറ്റിടങ്ങളിൽ ധൂർത്തുമാണ് ഇന്ന് കാണപ്പെടുന്നത്. ഭൂവിസ്തൃതിയുടെ നല്ലൊരു ഭാഗവും കൈമുതലുളള അറബ് രാജ്യങ്ങൾ പോലും കൃഷിയുടെ കാര്യത്തിൽ താരതമ്യേന പിന്നാക്കമാണ് എന്നത് ഒരു വിരോധാഭാസമാണ്. കൃഷിയിൽ വിമുഖത കാണിക്കുന്നതു കാരണം അറബ് രാജ്യങ്ങളിലൊന്നും തന്നെ അവർക്ക് വേണ്ട ഭക്ഷ്യ വിഭവങ്ങൾ പൂർണമായും ഉത്പാദിപ്പിക്കപ്പെടുന്നില്ല. ആവശ്യമായ ഭക്ഷണത്തിന്റെ പകുതിയിലധികവും അവർ ഇറക്കുമതി ചെയ്യുകയാണ്. ഒരു പക്ഷേ, ഭക്ഷ്യ ഇറക്കുമതിയിൽ ഏറെ മുന്നിട്ടുനിൽക്കുന്നതും അറബ് രാജ്യങ്ങൾ തന്നെയാണ്. അറബ് നാടുകൾ കൃഷിയുടെ വിഷയത്തിൽ ഇസ്‌ലാമിക നിർദേശങ്ങൾ യഥാവിധി പാലിച്ചിരുന്നുവെങ്കിൽ അവരുടെ ഒട്ടേറെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമായിരുന്നു. ഭക്ഷ്യ പ്രതിസന്ധി ഒരു ഒറ്റപ്പെട്ട പ്രശ്‌നമല്ല; അത് രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക, സുരക്ഷാ പ്രശ്‌നങ്ങളെയെല്ലാം ചൂഴ്ന്നു നിൽക്കുന്നതാണ്.

ഇസ്‌ലാമിന്റെ നിയമപ്രമാണങ്ങളായ ക്വുർആനും സുന്നത്തും കാർഷിക രംഗത്ത് ഫലപ്രദമായ ധാരാളം നിർദേശങ്ങൾ നൽകുന്നുണ്ട്. വായിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അവതരിച്ച വേദത്തിലെ ധാരാളം സൂക്തങ്ങൾ ശാസ്ത്ര പുരോഗതിക്ക് അങ്ങേയറ്റം പ്രോത്സാഹനം നൽകുന്നതാണ്.

കൃഷി നാഗരികതയുടെ അടിത്തറയാണെങ്കിലും എല്ലായിടത്തും എല്ലാ ഭക്ഷ്യവസ്തുക്കളും കൃഷിചെയ്യപ്പെടുന്ന രൂപത്തിലല്ല. ഭൂമിയുടെ ഘടന സംവിധാനിക്കപ്പെട്ടിട്ടുളളത്. അതുകൊണ്ട് തന്നെ വിഭവങ്ങൾ കൈമാറ്റം ചെയ്യപ്പെടേണ്ടത് വളരെ അനിവാര്യമാണ്. കാർഷിക വിഭവങ്ങളുടെ കച്ചവടസംഘങ്ങൾ ഇസ്‌ലാമിക പ്രചാരണ രംഗത്ത് വിലപ്പെട്ട സംഭവാനകൾ അർപ്പിച്ചിട്ടുണ്ട്.

കൃഷിയുമായി ബന്ധപ്പെട്ട് ധാരാളം സൂക്തങ്ങൾ ക്വുർആനിൽ നമുക്ക് കാണാൻ സാധിക്കും.

‘‘അവനാണ് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നവൻ. എന്നിട്ട് അത് മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകൾ പുറത്ത് കൊണ്ടുവരികയും, അനന്തരം അതിൽനിന്ന് പച്ചപിടിച്ചചെടികൾ വളർത്തിക്കൊണ്ട് വരികയും ചെയ്തു. ആ ചെടികളിൽനിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത് വരുത്തുന്നു. ഈന്തപ്പനയിൽനിന്ന് അഥവാ അതിന്റെ കൂമ്പോളയിൽനിന്ന് തൂങ്ങിനിൽക്കുന്ന കുലകൾ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും പരസ്പരം തുല്യതതോന്നുന്നതും എന്നാൽ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉൽപാദിപ്പിച്ചു). അവയുടെ കായ്കൾ കായ്ച്ച് വരുന്നതും മൂപ്പെത്തുന്നതും നിങ്ങൾ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങൾക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്’’ (ക്വുർആൻ 6:99).

നബി ﷺ പറഞ്ഞു: ‘‘ഒരു വിശ്വാസി ഒരു വൃക്ഷമോ ചെടിയോ നടുന്നു. എന്നിട്ട് അതിൽനിന്ന് ഒരു പക്ഷിയോ മൃഗമോ മനുഷ്യമോ ഭക്ഷിച്ചാലും അവന് അത് ഒരു ദാനമാണ്്’’ (അഹ്‌മദ്).

കൃഷിയോഗ്യമാല്ലാത്ത ഭൂമി ആരെങ്കിലും അധ്വാനിച്ച് കൃഷിക്ക് ഉപയുക്തമാക്കുകയാണെങ്കിൽ അത് അവന് അർഹതപ്പെട്ടതാണ് എന്ന് പഠിപ്പിക്കുന്ന പ്രവാചക വചനങ്ങളുണ്ട്. തരിശുഭൂമിയെ ഫലഭൂയിഷ്ടമാക്കാൻ ഊർജം ചെലവഴിക്കാനാണ് പ്രസ്തുത വചനങ്ങൾ പ്രോത്സാഹനം നൽകുന്നത്.

ഇസ്‌ലാമിലെ സകാത്ത് സംവിധാനം ഭക്ഷ്യസുരക്ഷക്കും സാമ്പത്തിക പുരോഗതിക്കും തികച്ചും പര്യാപ്തമാണ്. സകാത്ത് പാവപ്പെട്ടവർക്കും ദരിദ്രർക്കും നേരിട്ട് ലഭിക്കുന്നതിലൂടെ ദാരിദ്ര്യനിർമാർജനം സാധ്യമാകും. ഇസ്‌ലാമിക നാടുകളെ സംബന്ധിച്ചിടത്തോളം സകാത്ത് സ്ഥിരവും നിർബന്ധവുമായ ഒരു വരുമാനമായതുകൊണ്ട് സാമ്പത്തിക പ്രതിസന്ധികളിൽ എപ്പോഴും അതിനെ ആശ്രയിക്കാൻ കഴിയും. ദാരിദ്ര്യ നിർമാർജനത്തിന് ഭരണകൂടങ്ങൾ മാറ്റിവെക്കുന്ന തുക പലപ്പോഴും മതിയാകാറില്ല. ജനങ്ങളുടെ സകാത്ത് മുതൽ കൂടി അതിനോട് ചേർക്കുകയാണെങ്കിൽ ഭീമമായ തുക ഈ രംഗത്ത് വകയിരുത്താനാകും. നിർബന്ധ ബാധ്യതയായ സകാത്തിന് പുറമെ ഐച്ഛികമായ ദാനധർമങ്ങളെയും ഇസ്‌ലാം പ്രോ ത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരം നിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കിയതുകൊണ്ടാണ് അബ്ബാസിയ ഭരണകാലത്ത് സകാത്ത് വാങ്ങാൻ പോലും ആളില്ലാത്തവിധം ഭക്ഷ്യ സുരക്ഷയും സാമ്പത്തിക വളർച്ചയും സാധ്യമായത്. മറ്റുളളവരുടെ ആവശ്യങ്ങൾ കണ്ടറിയാനും അവരെ സഹായിക്കാനുമുളള സന്നദ്ധതയും ഇതിന് വഴിവെച്ചിട്ടുണ്ട്.

സാമ്പത്തിക രംഗത്തെ കുത്തകയാണ് പലപ്പോഴും പട്ടിണിക്ക് കാരണമായിത്തീരുന്നത്. എന്നാൽ ഭക്ഷ്യവസ്തുക്കൾ കുത്തകയാക്കുന്നതിനെ ഇസ്‌ലാം കണിശമായി വിരോധിക്കുന്നുണ്ട്.

നബി ﷺ പറഞ്ഞു: ‘‘കുത്തകയാക്കുന്നവൻ ശപിക്കപ്പെട്ടവനാണ്’’(ഹാകിം).

ഭക്ഷ്യധാന്യങ്ങൾ വിൽക്കുന്നവൻ വില വർധിക്കാൻ വേണ്ടി ഭക്ഷ്യവസ്തുക്കൾ വിപണിയിലിറക്കാതെ പൂഴ്ത്തിവെക്കുന്നതാണ് കൂത്തകയുടെ വിവക്ഷയായി പണ്ഡിതന്മാർ നിർവചിച്ചിട്ടുളളത്. കുത്തക തടയപ്പെടുന്നതോടുകൂടി ഭക്ഷ്യവസ്തുക്കൾ വിപണിയിൽ വർധിക്കുകയും വില കുറയുകയും ഏവർക്കും വാങ്ങാനാകുന്ന രുപത്തിലാകുകയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടുകയും ചെയ്യും.

അധ്വാനത്തിന് ഇസ്‌ലാം നൽകിയ പ്രാധാന്യം ഭക്ഷ്യ പ്രശ്‌നങ്ങൾ പരിഹരിക്കാനുളള ഏറ്റവും നല്ല മാർഗ്ഗമാണ്. ക്വുർആൻ പറയുന്നു:

‘‘അവനാകുന്നു നിങ്ങൾക്ക് വേണ്ടി ഭൂമിയെ വിധേയമാക്കിത്തന്നവൻ. അതിനാൽ അതിന്റെ ചുമലുകളിലൂടെ നിങ്ങൾ നടക്കുകയും അവന്റെ ഉപജീവനത്തിൽനിന്ന് ഭക്ഷിക്കുകയും ചെയ്തുകൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിർത്തെഴുന്നേൽപ്’’ (67:15).

‘‘അങ്ങനെ നമസ്‌കാരം നിർവഹിക്കപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾ ഭൂമിയിൽ വ്യാപിച്ചുകൊള്ളുകയും അല്ലാഹുവിന്റെ അനുഗ്രഹത്തിൽനിന്ന് തേടിക്കൊള്ളുകയും ചെയ്യുക്’’ (62:10).

പ്രകൃതി വിഭവങ്ങളെ മനുഷ്യന് അല്ലാഹു കീഴ്‌പ്പെടുത്തി കൊടുത്തിട്ടുണ്ടെന്നും അവ ഉപയോഗപ്പെടുത്തുകയെന്നത് മനുഷ്യന്റെ കർത്തവ്യമാണെന്നുമാണ് ഈ വചനങ്ങൾ വ്യക്തമാക്കുന്നത്.

കൃഷി, വ്യവസായം, വ്യാപാരം തുടങ്ങി സാമ്പത്തിക വളർച്ചക്ക് സാഹായകമായ എല്ലാ അധ്വാനങ്ങളും ഇസ്‌ലാമിക ദൃഷ്ടിയിൽ പുണ്യകർമങ്ങളാണ്.

‘‘നിങ്ങളുടെ കൂട്ടത്തിൽ ഭൂമിയിൽ സഞ്ചരിച്ച് അല്ലാഹുവിന്റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന മറ്റു ചിലരും ഉണ്ടാകും എന്ന് അല്ലാഹുവിന്നറിയാം’’ (73:20).

തൊഴിലെടുക്കുന്ന വിശ്വാസിയെ അല്ലാഹു ഇഷ്ടപ്പെടുന്നു എന്ന് പ്രവാചകൻ ﷺ പറഞ്ഞതായി കാണാം. ശൂന്യമായ മനസ്സ് പൈശാചിക പ്രവർത്തനങ്ങൾക്ക് പ്രേരണ നൽകുന്നതിനാൽ ഇസ്‌ലാം നിഷ്‌ക്രിയത്വത്തെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. അധ്വാനിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉത്തമമായ ഭക്ഷണമെന്ന് തിരുവചനങ്ങളിൽ കാണാം.

നബി ﷺ പറഞ്ഞു: ‘‘സ്വന്തം കരങ്ങൾകൊണ്ട് അഛ്വാനിച്ച് ലഭിക്കുന്ന ഭക്ഷണത്തെക്കാൾ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട ഒരു ആഹാരവും നിങ്ങളിലാരും കഴിച്ചിട്ടില്ല’’ (അഹ്‌മദ്).

ജീവതമാർഗം കണ്ടെത്തുന്നതിനുളള തൊഴിലുകളിൽ ഉച്ചനീചത്വം ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഏത് തൊഴിലിനും അതിന്റെതായ സ്ഥാനവും മഹത്ത്വവുമുണ്ട്. ജോലി എന്ത് തന്നെയാണെങ്കിലും അത് ദൈവ മാർഗത്തിൽ തന്നെയാണ്.

നബി ﷺ പറഞ്ഞു: ‘‘ആരെങ്കിലും തന്റെ ചെറിയ കുഞ്ഞുങ്ങൾക്ക് വേണ്ടി പരിശ്രമിക്കുകയാണെങ്കിൽ അത് അല്ലാഹുവിന്റെ മാർഗത്തിലാണ്. ആരെങ്കിലും തന്റെ പ്രായമായ മാതാപിതാക്കൾക്ക് വേണ്ടി പരിശ്രമിക്കുകയാണെങ്കിൽ അത് അല്ലാഹുവിന്റെ മാർഗത്തിലാണ്. ആരെങ്കിലും തനിക്കുവേണ്ടി പരിശ്രമിക്കുകയാണെങ്കിൽ അത് അല്ലാഹുവിന്റെ മാർഗത്തിലാണ്. ആരെങ്കിലും തന്റെ കുടുംബത്തിന് വേണ്ടി പരിശ്രമിക്കുകയാണെങ്കിൽ അത് അല്ലാഹുവിന്റെ മാർഗത്തിലാണ്. ആരെങ്കിലും പെരുമക്കും പൊങ്ങച്ചത്തിനും പരിശ്രമിക്കുകയാണെങ്കിൽ അത് പിശാചിന്റെ മാർഗത്തിലാണ്’’ (ത്വബ്‌റാനി). കൃഷി ചെയ്യുന്നതും അധ്വാനിക്കിന്നതും ദൈവിക പ്രീതി ലഭിക്കുന്ന ഒരു പുണ്യകർമമാണ് എന്ന് തിരിച്ചറിഞ്ഞ് എല്ലാവരും പണിയെടുക്കാൻ തയ്യാറാകുകയാണെങ്കിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകും.