ദൈവാസ്തിക്യം പ്രപഞ്ചം നാസ്തികത

ഷാഹുൽ പാലക്കാട്

2023 മെയ് 13 , 1444 ശവ്വാൽ 20

സ്രഷ്ടാവിന്റെ അസ്തിത്വത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് നാഗരികതകളുടെ സംവാദപാരമ്പര്യമുണ്ട്. ജ്ഞാനശാസ്ത്രപരമായ ഒരു അസ്തിത്വത്തെ പൂർണമായി നിഷേധിക്കാൻ സാധ്യമല്ല എന്ന തത്ത്വശാസ്ത്രചിന്തയിലൂന്നിയ പൊതുനിലപാടിലേക്ക് ആസ്തിക-നാസ്തിക ചർച്ചകൾ കൊണ്ടുചെന്നെത്തിച്ചു എന്നത് ശുഭോദർക്കമാണ്. പ്രപഞ്ച സൃഷ്ടിപ്പിനെപറ്റിയുള്ള ചിന്തകളിലും മനുഷ്യാസ്തിക്യത്തിന്റെ വിശദീകരണത്തിലുമെല്ലാം നവനാസ്തികരുടെ നയംമാറ്റത്തിൽ ചെറിയൊരു പ്രതീക്ഷ നിഴലിക്കുന്നുണ്ട്.

ദൈവമുണ്ടോ എന്ന ചോദ്യത്തിന് മനുഷ്യനാഗരികതകളുടെ സംവാദ പഴക്കമുണ്ടാകും. ദൈവമുണ്ടെന്ന് വാദിക്കുന്നവർ ആസ്തികർ (Theists) എന്നും, ഇല്ലായെന്ന് വാദിക്കുന്നവർ നാസ്തികർ (Atheists) എന്നും തിരിഞ്ഞ് നൂറ്റാണ്ടുകളായി ഈ വിഷയം സംവദിച്ചുകൊണ്ടിരിക്കുന്നു. പ്രാചീന ഗ്രീക്ക് തത്ത്വചിന്തകർ മുതൽ സ്റ്റീഫൻ ഹോക്കിങ്സ് വരെ വിവിധ വാദങ്ങൾ ഉന്നയിച്ച് ഈ സംവാദ ചരിത്രത്തിൽ പങ്കാളികളായി. ഇന്നും ഇതുതന്നെ തുടരുന്നു.

ഇത്തരം സംവാദങ്ങൾകൊണ്ടെല്ലാം എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലായെന്ന് പറയാൻ കഴിയില്ല. ദൈവത്തെ സംബന്ധിച്ചും യുക്തിയെ സംബന്ധിച്ചും പ്രപഞ്ചത്തെ സംബന്ധിച്ചുമൊക്കെ ബുദ്ധിപരമായ ഉൾക്കാഴ്ചയുണ്ടാക്കാനും ചില തീർപ്പുകളിലെത്താനും ഇത്തരം സംവാദങ്ങൾ സഹായിച്ചിട്ടുണ്ട്. പ്രധാനമായും ജ്ഞാനശാസ്ത്രപരമായി ഒരസ്തിത്വത്തെ പൂർണമായും നിരാകരിക്കാൻ കഴിയില്ലെന്നും അതുകൊണ്ട് ദൈവത്തെയും പൂർണമായും നിരാകരിക്കുക സാധ്യമല്ലെന്നും പറയുന്നതുവരെ നവനാസ്തികരെ കൊണ്ടെത്തിച്ചത് ഈ തത്ത്വശാസ്ത്രപരമായ ബൗദ്ധിക സംവാദങ്ങളാണ്.

നാസ്തികർ ഈ പരിമിതി വ്യക്തമാക്കി തുടങ്ങിയതിന് നവനാസ്തിക തരംഗങ്ങൾക്കെല്ലാം പ്രധാന കാരണമായിയെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള റിച്ചാർഡ് ഡോക്വിൻസ് പോലും ഒരു ഉദാഹരണമാണ്. ദൈവമില്ലെന്ന വാദത്തിൽ തനിക്ക് നൂറുശതമാനം ഉറപ്പൊന്നുമില്ലെന്ന് ഡോക്കിൻസ് പറഞ്ഞതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതുകാണാം. ദി നേച്ചർ ഓഫ് ഹ്യൂമൺ ബീയിങ്സ് ആന്റ് ദി ക്വസ്റ്റ്യൻ ഓഫ് ദെയർ അൾട്ടിമേറ്റ് ഒറിജിൻ എന്ന തലക്കെട്ടിൽ 2012 ഫെബ്രുവരിയിൽ ഓക്സഫഡിൽ വച്ച് സംഘടിപ്പിക്കപ്പെട്ട ചർച്ചയിലാണ് ഡോക്കിൻസ് തന്റെ അവിശ്വാസത്തിനോടുള്ള വിശ്വാസമില്ലായ്മ പറയുന്നത്.

തങ്ങൾ ഒരിക്കലും ദൈവമില്ലായെന്നല്ല വാദിക്കുന്നത്, മറിച്ച് ദൈവമുണ്ടായിരിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നതാണ് തങ്ങളുടെ വാദമെന്നും ഡോക്കിൻസ് കൂട്ടിച്ചേർക്കുന്നു. There is no God (ദൈവമില്ല) എന്ന വാദത്തിൽനിന്നും There is probably no God (ഏറെക്കുറെ ദൈവമില്ലാതിരിക്കാനാണ് സാധ്യത) എന്ന് പറയുന്നതിലേക്ക് നാസ്തികതയെ കൊണ്ടെത്തിച്ചുവെന്ന പ്രശംസനീയമായ ധർമമാണ് ഡോക്കിൻസ് ചെയ്തിട്ടുള്ളത് എന്നു കാണാം.

നിരീക്ഷണമേഖലയ്ക്ക് പുറത്തുള്ള (Unobserved) യാതൊന്നിന്റെ അസ്തിത്വത്തെയും നിരാകരിക്കാൻ കഴിയില്ലെന്നും അത് ശാസ്ത്രവിരുദ്ധമായ കടുംപിടുത്തം കൂടിയാണെന്നും നാം മനസ്സിലാക്കിയതാണ്. അപ്പോൾ ദൈവത്തെ നിഷേധിക്കാൻ കഴിയില്ലെന്നു മാത്രമല്ല അത് അശാസ്ത്രീയവുമാണ്. ഇത് ലേശമെങ്കിലും യാഥാർഥ്യബോധമുള്ള പല നാസ്തികർ തന്നെയും അംഗീകരിച്ചു തുടങ്ങിയതായും കാണാം. ഒരസ്തിത്വത്തെയും പൂർണമായി ഇല്ലായെന്ന് തെളിയിക്കാൻ കഴിയില്ലെന്നും അതുകൊണ്ട് നാസ്തികതയുടെ അടിസ്ഥാനം തന്നെ തെളിയിക്കാൻ കഴിയാത്തതാണെന്നും (Unprovable Claim)) മലയാളത്തിലെതന്നെ മുൻനിര നാസ്തിക പ്രഭാഷകർ തന്നെ സമ്മതിച്ചിട്ടുണ്ട്. അപ്പോൾ ദൈവമുണ്ടെന്നു വാദിക്കാനാണ് തെളിവുള്ളത്; അതിനുമാത്രം.

പ്രപഞ്ചങ്ങളുടെ മൂലകാരണം

ദൈവത്തെ സംബന്ധിച്ച അന്വേഷണങ്ങളുടെയെല്ലാം മർമം പ്രപഞ്ചത്തിന്റെ തന്നെ അസ്തിത്വമാണ്. എന്തുകൊണ്ട് മനുഷ്യനടക്കമുള്ള സർവതും നിലനിൽക്കുന്നുവെന്ന ചോദ്യത്തിൽനിന്നാണ് സകലതിന്റെയും സൃഷ്ടിപ്പിനും സംവിധാനത്തിനും കാരണമായതെന്തെന്ന ചർച്ചയുണ്ടാകുന്നത്. പ്രപഞ്ച നിലനിൽപിന്റെതന്നെ തത്ത്വശാസ്ത്രപരമായ അവലോകനങ്ങളിൽനിന്നാണ് ഒരുപിടി ഫിലോസഫിക്കലായ വാദങ്ങൾ പിന്നെ ദൈവത്തെ സ്ഥാപിക്കുന്നതെന്ന് കാണാം. പ്രപഞ്ചത്തിന്റെ കാരണങ്ങളെ തേടി ഒടുക്കം ദൈവത്തിൽ എത്തലാണിവയെല്ലാം. ഭൗതികമായി നിലനിൽക്കുന്ന ഏതൊന്നിനും ഒരു ബാഹ്യകാരണം അനിവാര്യമായി വരുന്നു എന്ന നിരീക്ഷണത്തിൽനിന്നാണ് കാര്യകാരണബന്ധങ്ങളെ സംബന്ധിച്ച ഈ ചർച്ച തുടങ്ങുന്നത്.

ഉദാഹരണത്തിന് നിങ്ങളുടെ കൈയിലിരിക്കുന്ന ഈ പുസ്തകം, അതിലെ ഓരോ അക്ഷരവും, നിങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രം, മേശ, കസേര... തുടങ്ങി ഏതൊരു ഭൗതിക വസ്തുവിനെയെടുത്താലും അതുണ്ടായി വന്നത് മറ്റു കാരണങ്ങളുടെ പ്രവൃത്തികൊണ്ടാണ്. ഈ ലേഖനം നിങ്ങൾ വായിക്കുന്നത് ഞാൻ അത് എഴുതിയതുകൊണ്ടാണ്. മേശയും കസേരയും വസ്ത്രങ്ങളുമൊക്കെ മറ്റാരോ ഉണ്ടാക്കിയതാണ്. നിങ്ങൾ കാണുന്ന ഓരോ അരിമണിക്കും മൺതരിക്ക് പോലും പിന്നിൽ ഇങ്ങനെ അനേകം കാരണങ്ങളുണ്ട്. ഇതാണ് കലാം കോസ്‌മോളജിക്കൽ ആർഗ്യുമെന്റ് ആശ്രയിക്കുന്ന ആദ്യത്തെ വസ്തുത.

കലാം കോസ്മോളജിക്കൽ ആർഗ്യുമെന്റ് ഏതൊന്നിനും പിറകിലെ കാരണത്തെയാണ് സ്ഥാപിക്കുന്നത്. എങ്കിൽ ഡിപ്പന്റൻസി ആർഗ്യുമെന്റ് പറയുന്നത് നിലനിൽക്കുന്ന ഭൗതികമായ എന്തിനും ഒരു വിശദീകരണം ആവശ്യമാണെന്നാണ്. ഉദാഹരണത്തിന് നിങ്ങൾ നിലനിൽക്കുന്നതിനുള്ള വിശദീകരണമാണ് (Explanation) നിങ്ങളുടെ മാതാപിതാക്കൾ. ഇങ്ങനെ നിലനിൽക്കുന്ന ഏതൊന്നിനും ബാഹ്യമായ വിശദീകരണം വേണ്ടിവരുന്നുവെന്നു മാത്രമല്ല, ഏതൊരു ഭൗതിക ഗുണത്തിനും അവസ്ഥയ്ക്കുംകൂടി ഇത് ബാധകമാണെന്നു വരുന്നു. അഥവാ നിങ്ങളുടെ കൈയിലെ മൊബൈൽ തന്നെയെടുത്താൽ മൊബൈൽ എന്ന ഒരൊറ്റ വസ്തുവിന്റെ നിലനിൽപിനുള്ള വിശദീകരണത്തെക്കുറിച്ച് മാത്രമല്ല അത് സംസാരിക്കുന്നത്; മറിച്ച് അതിന്റെ ഏതൊരു ഭൗതിക ഗുണത്തിനും ഒരു ബാഹ്യമായ വിശദീകരണം വേണ്ടിവരുന്നുവെന്നിത് പറയുന്നു. എന്തുകൊണ്ട് നിങ്ങളുടെ മൊബൈലിന് നിശ്ചിതരൂപം? (Why a limited shape?) എന്തുകൊണ്ട് നിശ്ചിതമായ ഒരു നിറം? എന്തുകൊണ്ട് നിശ്ചിതമായ ഒരു ഭാരം? എന്തുകൊണ്ട് ഒരു പ്രത്യേകരൂപത്തിൽ ആന്തരികമായി അത് സംവിധാനിക്കപ്പെട്ടിരിക്കുന്നു? ഇങ്ങനെ ഓരോ ഭൗതികമായ ഗുണത്തിനും വിശദീകരണമെന്താ ണെന്ന് ചോദിക്കാം. ഇങ്ങനെ ചോദിക്കാൻ കഴിയുന്നത് മറ്റു സാധ്യതകൾ നിലനിൽക്കുമ്പോഴും ഒരു പ്രത്യേക ഗുണം മാത്രം അതിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് കൊണ്ടാണ്.

നിങ്ങളുടെ മൊബൈൽ കറുത്ത നിറത്തിൽ ഉള്ളതാണെങ്കിൽ ചുവപ്പോ, പച്ചയോ തുടങ്ങി എന്തുനിറവും ആകാനുള്ള സാധ്യതകൾക്ക് പകരം കറുത്ത നിറം തെരഞ്ഞെടുക്കപ്പെടുകയാണ് സംഭവിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അതെന്തുകൊണ്ട് സംഭവിച്ചുവെന്ന ചോദ്യവുമുണ്ടാകും. തീർച്ചയായും ഇവയ്ക്കെല്ലാം ഉത്തരവും ഉണ്ട്. ഇങ്ങനെ നിലനിൽക്കുന്ന ഭൗതികമായ എന്തൊന്നിനും ഒരു ബാഹ്യകാരണം അനിവാര്യമായി വരുന്നു എന്ന് യുക്തിപരമായി സ്ഥാപിക്കുകയാണ് ഡിപ്പന്റൻസി ആർഗ്യുമെന്റ് ചെയ്യുന്നത്.

ഡിപ്പന്റൻസി ആർഗ്യുമെന്റ് സർവതിനെയും രണ്ടുതരത്തിൽ വേർതിരിക്കുന്നു:

1. അനിവാര്യമായ അസ്തിത്വം (Necessary Existence).

2. മറ്റൊന്നിനെ ആശ്രയിച്ച് മാത്രം നിലനിൽപുള്ളത് (Contingent Things).

സ്വാഭാവികമായും ഭൗതികമായ ഏതൊന്നിനെ എടുത്താലും അവയ്ക്ക് സ്വന്തമായ നിലനിൽപിനെ വിശദീകരിക്കാൻ കഴിയില്ലെന്നുകാണാം. അതിനാൽ സ്വയം നിലനിൽപില്ലാത്ത മറ്റൊന്നിനെ ആശ്രയിച്ചുമാത്രം നിലനിൽക്കുന്നതാണ് ഭൗതികമായതെന്തും എന്ന തീർപ്പിലേക്ക് ഈ വാദം യുക്തിപരമായി ചെന്നെത്തുന്നു.

പ്രപഞ്ചത്തിന് തുടക്കമുണ്ടോ?

ദൈവാസ്തിത്വത്തെ സംബന്ധിച്ച ചർച്ചകളിൽ പ്രപഞ്ചത്തിന് തുടക്കമുണ്ടോ എന്ന ചോദ്യം അതിപ്രധാനമാണ്. പ്രപഞ്ചത്തിന് തുടക്കമില്ലെങ്കിൽ പിന്നെയത് അനാദിയായി നിലനിൽക്കുന്നതാണെന്ന് വരും. പ്രപഞ്ചം അനാദിയാണെങ്കിൽ എന്നെന്നും നിലനിൽക്കുന്നതാണെന്നും, എ ന്നെന്നും നിലനിൽക്കുന്ന പ്രപഞ്ചത്തിന് പ്രത്യേകിച്ച് ഒരു സ്രഷ്ടാവിന്റെ ആവശ്യമില്ലെന്നും നിരീശ്വര ചിന്തകർ പൊതുവിൽ വാദിക്കുന്നു. പ്രപഞ്ചത്തിന് തുടക്കമുണ്ടെന്നും അതിനാൽ സ്രഷ്ടാവിന്റെ സാന്നിധ്യം അനിവാര്യമാണെന്നും ആസ്തികപക്ഷവും വാദിച്ചുവരുന്നു. അതിനാൽ നാസ്തിക-ആസ്തിക സംവാദങ്ങളുടെ ഒരു മർമബിന്ദു കൂടിയാണ് ഈ പ്രശ്നം. കലാം കോസ്മോളജിക്കൽ ആർഗ്യുമെന്റിലേക്ക് വന്നാൽ ഇത് ദൈവത്തെ സ്ഥാപിക്കാൻ പ്രധാന തെളിവായി ഉപയോഗിക്കുന്നത് പ്രപഞ്ചോൽപത്തിയെയാണെന്നു കാണാം.

1. ഉൽപത്തിയുള്ള എന്തിനും ഒരു ബാഹ്യകാരണമുണ്ട്.

2. പ്രപഞ്ചത്തിന് ഉൽപത്തിയുണ്ട്.

3. അതിനാൽ പ്രപഞ്ചേതരമായ ഒരു കാരണം പ്രപഞ്ചസൃഷ്ടിപ്പിന് പിറകിൽ ഉണ്ട്.

കലാം കോസ്മോളജിക്കൽ ആർഗ്യുമെന്റിനെ പൊതുവിൽ അവതരിപ്പിക്കാറുള്ള ഒരു രൂപമാണ് മുകളിൽ. ഉൽപത്തിയുള്ള എന്തിനും പിറകിൽ ഒരു കാരണമുണ്ടെന്ന് പറഞ്ഞശേഷം പ്രപഞ്ചത്തിന് തുടക്കമുണ്ടെന്ന് സ്ഥാപിക്കാനാണ് ഇത് ശ്രമിക്കുന്നതെന്ന് കാണാം. അഥവാ പ്രപഞ്ചത്തിന്റെ ഉൽപത്തിയെ തെളിയിക്കേണ്ടത് കലാം കോസ്മോളജിക്കൽ ആർഗ്യുമെന്റ് സ്ഥാപിക്കാനുള്ള അനിവാര്യത കൂടിയാണ്. ആധുനിക ശാസ്ത്രം മനുഷ്യർക്ക് നൽകിയ വലിയ സംഭാവനകളിലൊന്ന് ഈ പ്രശ്നങ്ങളിൽ ഒരുൾക്കാഴ്ച ലഭിക്കുന്നതിന് സഹായിച്ചുവെന്നതാണ്.

പ്രപഞ്ചത്തിന് നിശ്ചിതമായ ഒരു തുടക്കമുണ്ടെന്ന് ഗവേഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ട ഒരു യുഗത്തിലാണ് നാം ഉള്ളത്. മഹാവിസ്ഫോടന സിദ്ധാന്തമനുസരിച്ച് (Big Bang Theory) പ്രപഞ്ചത്തിന്റെ തുടക്കത്തെയും പ്രകൃതത്തെയും വിശദീകരിക്കാൻ കഴിയുമെന്ന വീക്ഷണത്തിനാണ് ശാസ്ത്രലോകത്ത് ഇന്ന് മുൻതൂക്കം. വളരെ സൂക്ഷ്മമായ ഒരവസ്ഥയിൽനിന്നും വികസിച്ചുണ്ടായതാണ് പ്രപഞ്ചം എന്നിത് സിദ്ധാന്തിക്കുന്നു. പ്രപഞ്ചത്തെ കൃത്യമായും വിശദീകരിക്കാൻ കഴിയുന്നുവെന്നതാണ് മഹാവിസ്ഫോടന സിദ്ധാന്തത്തെ കൂടുതൽ ആധികാരികമാക്കുന്നത്. ഗ്യാലക്സികൾ തമ്മിൽ പരസ്പരം അകലുകയാണ് എന്ന നിരീക്ഷണമാണ് പ്രപഞ്ചോൽപത്തിക്ക് സൂചന നൽകുന്ന ഒന്നാമത്തെ ഘടകം.

എഡ്വിൻ ഹബ്ബിൾ 1929ൽ ഗ്യാലക്സികൾക്കിടയിൽ ചുവപ്പുനീക്കം (Red Shift) എന്ന പ്രതിഭാസത്തെ നിരീക്ഷിച്ചു. ചുവന്ന നിറത്തിന്റെ പ്രത്യേകത അത് കൂടിയ തരംഗദൈർഘ്യമുള്ളതാണെ ന്നാണ്. ഉപരിലോകത്തുനിന്നും ഈ നിറം കൂടുതലായി നിരീക്ഷിക്കാൻ കഴിഞ്ഞാൽ പ്രകാശ സ്രോതസ്സ് നമ്മിൽനിന്നും അകലുന്നുവെന്നാണതിനർഥം. അപ്പോൾ പ്രപഞ്ചത്തിൽ പൊതുവിൽ എല്ലായിടത്തുനിന്നും ഈ പ്രതിഭാസം കാണാൻ കഴിയുന്നുവെന്നത് തെളിയിക്കുന്നത് പ്രപഞ്ചത്തിന്റെ മൊത്തത്തിലുള്ള വികാസത്തെയാണ്. ഈ നിരീക്ഷണം മുന്നേ തിയററ്റിക്കലായി അനുമാനത്തിലുണ്ടായിരുന്ന പ്രപഞ്ചവികാസമെന്ന വീക്ഷണത്തിന് നിരീക്ഷണാത്മകമായ തെളിവുകൾ നൽകി.

പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നു വന്നാൽ സ്വാഭാവികമായും ഇന്നലെ അതിന്റെ വലിപ്പം ഇതിലും കുറവാണെന്നാകുമല്ലോ. അപ്പോൾ കാലങ്ങളെ പിറകോട്ട് ചലിപ്പിച്ച് സങ്കൽപിച്ചാൽ പ്രപഞ്ചത്തിന്റെ വലിപ്പം കുറഞ്ഞുകുറഞ്ഞു വരും. ഇത് പ്രപഞ്ചസാന്ദ്രതയെല്ലാം കേന്ദ്രീകരിക്കപ്പെട്ടിരിക്കു ന്ന ഒരു സൂക്ഷ്മാവസ്ഥയിലേക്കാണ് ചെന്നവസാനിക്കുക. അഥവാ പ്രപഞ്ചം അതിസാന്ദ്രമായ ഒരു ബിന്ദുവിൽനിന്നാരംഭിച്ചതാണെന്ന് ഇത് തെളിയിക്കുന്നു. ഇതിന് തെളിവെന്നോണം പ്രപഞ്ചാരംഭ കാലങ്ങളെ തെളിയിക്കുന്ന കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ട് റേഡിയേഷൻ 1965ൽ നിരീക്ഷിക്കപ്പെട്ടത് മഹാവിസ്ഫോടന സിദ്ധാന്തത്തിനുള്ള അനുബന്ധ തെളിവായി. പ്രപഞ്ചത്തിൽ ഹൈഡ്രജനും ഹീലിയവും അടങ്ങുന്ന ലളിത മൂലകങ്ങളെക്കാൾ അളവിൽ കുറവ് കാണുന്നതും മഹാവിസ്ഫോടനത്തിനുള്ള മറ്റൊരു തെളിവായി വായിക്കപ്പെടുന്നു.

തെർമോ ഡൈനാമിക്സിന്റെ രണ്ടാം നിയമവും പ്രപഞ്ചവും

തെർമോ ഡൈനാമിക്സ് മുന്നോട്ടുവെക്കുന്ന പ്രധാന ആശയങ്ങളിലൊന്നാണ് എൻട്രോപ്പി. ക്രമരാഹിത്യത്തെ സംബന്ധിച്ച ഒരു പഠനമാണിതെന്നു പറയാം. തെർമോഡൈനാമിക്സിലെ രണ്ടാം നിയമമനുസരിച്ച് ഒരു അടഞ്ഞ വ്യൂഹത്തിൽ (Closed System) ക്രമത്തിൽനിന്നും ക്രമരാഹിത്യത്തിലേക്കുള്ള പരിണാമമാണ് സംഭവിക്കുക. ഈ ക്രമരാഹിത്യം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തുന്ന അവസ്ഥയെ ഇക്വിലിബ്രിയം (Equilibrium) എന്നും വിശേഷിപ്പിക്കപ്പെടുന്നു.

പ്രപഞ്ചം നിശ്ചിതമായ സ്ഥലകാല മാനങ്ങൾക്കകത്ത് നിലനിൽക്കുന്നതായതു കൊണ്ടുതന്നെ അത് സ്വയം ഒരടഞ്ഞ വ്യൂഹമാണ്. അതുകൊണ്ട് തന്നെ തെർമോഡൈനാമിക്സിലെ ഈ നിയമം പ്രപഞ്ചത്തിനും ബാധകമാണ്. ഇതാണെങ്കിൽ പ്രപഞ്ചത്തിന് നിശ്ചിതമായ തുടക്കമുണ്ടെന്ന് നേർക്കുനേരെ തെളിയിക്കുകയും ചെയ്യുന്നു. കാരണം നാം കാണുന്ന പ്രപഞ്ചം ഒരിക്കലും പൂർണമായ ക്രമരാഹിത്യത്തിലെത്തിയ ഒരു ഇക്വിലിബ്രിയം അവസ്ഥയിലുള്ളതല്ല. പ്രപഞ്ചം അനാദിയായി നിലനിന്നിരുന്നതാണെങ്കിൽ അത് എൻട്രോപ്പി വർധിച്ച് എന്നോ തന്നെ ക്രമരാഹിത്യത്തിന്റെ മൂർധന്യാവസ്ഥയിൽ എത്തിച്ചേർന്നിരിക്കണം. പൂർണമായ താപമരണം (Heat Death) എന്നുകൂടി വിളിക്കാവുന്ന അത്തരമൊരവസ്ഥയിൽ നക്ഷത്രങ്ങളോ ഗ്യാലക്സികളോ ഒന്നും തന്നെ നിലനിൽക്കുക സാധ്യമല്ല. എന്നാൽ ഇവയെല്ലാം ഇന്നു നിലനിൽക്കുന്നുണ്ട് എന്നത് തന്നെയാണ് പ്രപഞ്ചം അനാദികാലമായി നിലനിൽപുള്ളതല്ല എന്നതിനും അതിനു നിശ്ചിതമായൊരു തുടക്കമുണ്ടെന്നതിനും തെളിവ്.

അനാദി: ഒരു ഗണിതശാസ്ത്ര വിശകലനം

പ്രപഞ്ചത്തിന് അനാദിയായൊരു ഭൂതകാലമുണ്ട് എന്ന ലോകചിന്തയെയാണ് ദൈവനിരാസത്തിന് നാസ്തികത പ്രധാനമായും ആശ്രയിക്കുന്നത്. ഭൗതികത എന്നെന്നും നിലനിൽക്കുന്നുവെന്ന് സ്ഥാപിച്ചു കഴിഞ്ഞാൽ ഒരു സ്രഷ്ടാവിന്റെ ആവശ്യമില്ലായ്മയെ തെളിയിക്കാൻ കൂടിയത് സഹായിക്കും എന്നതാണ് നാസ്തികരെ ഇതിനു പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അനാദി(Infinity)യെന്ന ഗുണം പ്രപഞ്ചത്തിന് എത്രത്തോളം യോഗ്യമാണ് എന്നതിനെ സംബന്ധിച്ച വിശദമായ ചർച്ചകളും സംവാദങ്ങളും മനുഷ്യചരിത്രത്തിൽ ഉണ്ടായിട്ടുള്ളത്. യുക്തിപരമായ ഇത്തരം തത്ത്വശാസ്ത്ര സംവാദങ്ങൾ അധികവും പ്രപഞ്ചത്തിന്റെ അനാദിത്വത്തെ നിഷേധിക്കുന്നതിലാണ് ചെന്നെത്തുകയെന്നു കാണാം.

(എ) അനന്തതയ്ക്ക് അറ്റമില്ല

അനന്തമായ ഒരു ശൃംഖലയ്ക്കും ഒരവസാനമുണ്ടാകില്ല (No infinite sereis can be completed) എന്ന വസ്തുതയെയാണ് പ്രപഞ്ചത്തിന് അനാദിയായ ഭൂതകാലം ഉണ്ടാവുക സാധ്യമല്ലെന്നതിന് പറയാവുന്ന ഒന്നാമത്തെ തെളിവ്. പ്രപഞ്ചത്തിനകത്ത് ചലനങ്ങളും പ്രവർത്തനങ്ങളും നടക്കുന്നുണ്ട് എന്നത് നാം അംഗീകരിക്കുന്ന നിരീക്ഷണമാണ്. എന്നാൽ അനാദിയായ ഭൂതകാലമുള്ള (Eternal Past) പ്രപഞ്ചത്തിൽ ഈ ചലനങ്ങളും മാറ്റങ്ങളും (Motions & Changes) അനാദി തവണതന്നെ നടന്നു കഴിഞ്ഞിട്ടുണ്ടാകണം. ഉദാഹരണത്തിന് അനന്തമായ പ്രപഞ്ചത്തിൽ ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊക്കെ അനാദി തവണ ഇതിനകം ഭ്രമണം പൂർത്തിയാക്കിയിട്ടുണ്ടാകണം.

അനന്തതയ്ക്ക് അറ്റമില്ലാത്തതുകൊണ്ടുതന്നെ അത് പൂർണതയിലെത്തിയെന്നു വാദിക്കുന്നത് മഹാവൈരുധ്യമാവുകയും ചെയ്യും. കൂടാതെ അനന്തമായ പ്രപഞ്ചത്തിൽ ഇതിനോടകം അനന്തമായ അത്രയും നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടാകണം. എങ്കിൽ അനന്തമായ (infinite) അത്രയും നിമിഷങ്ങളുടെ ശൃംഖലകൾക്കിപ്പുറം എങ്ങനെയാണ് ലോകം നിലനിൽക്കുക? നിങ്ങൾ ഓരോ പ്രവൃത്തി ചെയ്യുമ്പോഴും അതിനുമുമ്പ് അനാദിയായ നിമിഷങ്ങളുടെ ശൃംഖലകൾ കഴിഞ്ഞ ശേഷമാണ് അത് ചെയ്യുന്നതെന്നു വരും. അറ്റമില്ലാത്ത ഭൂതകാലമുള്ള പ്രപഞ്ചത്തിലാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ ഇതെങ്ങനെയാണ് സംഭവിക്കുക?

ഒരു ചിന്താപരീക്ഷണം നോക്കാം. ഈ ലേഖനം വായിക്കുന്നതിനു നിങ്ങൾക്ക് മറ്റൊരാളുടെ സമ്മതം വേണമെന്ന് കരുതുക. എന്നാൽ അങ്ങനെ അയാൾ സമ്മതം തരുന്നതിന് അദ്ദേഹത്തിന് മറ്റൊരാളുടെ സമ്മതവും അവർക്ക് വേറെ ആളുടെ സമ്മതവും വേണം എന്നിങ്ങനെ ഈ ശൃംഖല അനന്തമായി പുറകോട്ട് നീളുന്നു എന്നും കരുതുക. എങ്കിൽ അനന്തമായ ഈ ആളുകളുടെ പുറകോട്ട് നീളുന്ന ശൃംഖലയെ താണ്ടി എന്നെങ്കിലും നിങ്ങൾക്ക് ഒരു അനുമതി വന്നെത്തുമോ? ഇല്ല എന്നുറപ്പാണ്. അതുപോലെ തന്നെ അനന്തമായ കാര്യകാരണങ്ങളുടെ ഭൂതകാലത്തെ താണ്ടി ഇന്ന് നിങ്ങൾ നിലനിൽക്കുകയും സാധ്യമല്ല.

ചുരുക്കത്തിൽ അറ്റമില്ലായ്മയുടെ അറ്റമെന്ന മഹാവൈരുധ്യത്തിലേക്കാണ് തുടക്കമില്ലാത്ത പ്രപഞ്ചം എന്ന ചിന്ത കൊണ്ടെത്തിക്കുന്നത്. അനന്തതയെ താണ്ടി ഒരു ഫലവും ഉണ്ടാകില്ല എന്നതുകൊണ്ട് ഇത് അസംഭവ്യതയാണ് താനും.

(ബി) ഇൻഫിനിറ്റ് കൗണ്ടർ

പ്രപഞ്ചത്തിന് സമാന്തരമായി നിമിഷങ്ങളെ എണ്ണുന്ന ഒരു കൗണ്ടർ നിലനിൽക്കുന്നുവെന്ന് കരുതുക. പൂജ്യത്തിൽനിന്നും അനന്തതയിലേക്ക് എണ്ണുന്നതിനുപകരം നേരേതിരിച്ച് അനന്തതയിൽനിന്നും പൂജ്യത്തിലേക്കാണ് ഇത് എണ്ണുന്നത് എന്നും സങ്കൽപിക്കുക. എങ്കിൽ അനന്ത എണ്ണിത്തീർന്ന് പൂജ്യത്തിലേക്ക് എത്തി നിൽക്കുന്നുണ്ടാകും. കാരണം പ്രപഞ്ചത്തിന് തുടക്കമില്ലെങ്കിൽ ഇന്നിത് മുമ്പ് അനന്തമായ ഭൂതകാലം കടന്നുപോയിട്ടുണ്ടാകുമല്ലോ!

പക്ഷേ, ഇന്നലെ ആ കൗണ്ടർ എടുത്ത് നോക്കിയതാണെങ്കിലും അത് പൂജ്യം ആയിട്ടുണ്ടാകും. കാരണം അനന്തമായ ഭൂതകാലമുള്ള പ്രപഞ്ചത്തിൽ ഇന്നലെയ്ക്ക് മുന്നിലും അനന്തമായ നിമിഷങ്ങൾ ഉണ്ടാകണം. അപ്പോൾ ദശലക്ഷമോ കോടിക്കണക്കിന് വർഷമോ മുമ്പാണ് ആ കൗണ്ടർ പരിശോധിക്കുന്നതെങ്കിലോ? അ പ്പോഴും അത് പൂജ്യമായിരുന്നിരിക്കണം. അനന്തമായ ഭൂതകാലമുള്ള പ്രപഞ്ചത്തിലെ ഏതൊരു നിമിഷത്തെ എടുത്താലും അതിനുമുമ്പ് അനന്തമായ നിമിഷങ്ങൾ ഉണ്ടാകും. ഇതാണെങ്കിൽ കൃത്യമായ വൈരുധ്യവും ഒരു അസംഭവ്യതയും കൂടിയാണ്. പ്രപഞ്ചത്തിന്റെ അനാദിത്വം എന്ന ആശയത്തിലെ വൈരുധ്യം മനസ്സിലാക്കിക്കൊടുക്കാൻ സാധാരണയായി ഉപ യോഗിക്കാറുള്ളൊരു ചിന്താപരീക്ഷണമാണിത്.

(സി) ഹിർബർട്ട്‌സ് ഹോട്ടൽ പാരഡോക്സ്

ഭൗതികമായ അനന്തത ഒരു അസംഭവ്യതയാണെന്ന് കാണിക്കാൻ ഉപയോഗിക്കുന്ന നിരവധി ചിന്താ പരീക്ഷണങ്ങളിൽ ഒന്നാണ് ഹിർബർട്ട്‌സ് ഹോട്ടൽ പാരഡോക്സ്. ഇതനുസരിച്ച് അനന്തമായ റൂമുകളുള്ള ഒരു ഹോട്ടൽ സങ്കൽപിക്കുക. അതിന്റെ അനന്തമായ റൂമുകളിലെല്ലാം ഓരോ വ്യക്തികൾ വീതം ഉണ്ടുതാനും. അപ്പോൾ പുതുതായി ഒരു വ്യക്തി വന്ന് തനിക്ക് റൂം വേണമെന്നാവശ്യപ്പെട്ടാലോ? സ്വാഭാവികമായും എല്ലാ അറകളിലും ആളുള്ളതിനാൽ പുതുതായി വന്ന മനുഷ്യന് കൊടുക്കാൻ ഒരു റൂമും ബാക്കിയുണ്ടാകില്ല. എന്നാൽ അനന്തമായ റൂമുകളുള്ള ഹോട്ടലിൽ റൂം കണ്ടെത്താനുള്ള ഗണിതശാസ്ത്ര സാധ്യതയുണ്ട്. അതിന് റൂം ഒന്നിലെ വ്യക്തിയെ രണ്ടിലേക്കും രണ്ടിലെ വ്യക്തിയെ മൂന്നിലേക്കും എന്നിങ്ങനെ തൊട്ടടുത്ത അക്കത്തിലുള്ള അറകളിലേക്ക് ആളുകളെ മാറ്റിയാൽ റൂം ഒന്ന് ഫ്രീ ആയിരിക്കും. പുതുതായി വന്ന ആൾക്ക് ആ റൂം കൊടുക്കാം.

അനന്തതയിലെ (Infinity) ഏതൊരു അക്കത്തിനു ശേഷവും മറ്റൊരു അക്കമുള്ളതുകൊണ്ട് തന്നെ ഈ മാറ്റപ്പെടുന്ന എല്ലാവർക്കും റൂം ലഭിക്കുകയും ചെയ്യും. അപ്പോൾ ഈ ഹോട്ടലിലെ അറകളിലെല്ലാം ആളുകൾ ഉണ്ടെന്നിരിക്കെ അനന്തമായ (Infinite) അത്രയും മറ്റൊരു കൂട്ടർ കൂടി ഹോട്ടലിൽ റൂം ആവശ്യപ്പെട്ട് വന്നുവെന്നു കരുതുക. എങ്കിൽ അതിനെ എങ്ങനെ പരിഹരിക്കും?

അനന്തതയനുസരിച്ച് ഇതിനും പരിഹാരമുണ്ട്. ഓരോ റൂമിലെ വ്യക്തികളെയും അതിനോട് രണ്ടുകൊണ്ട് ഗുണിച്ചാൽ കിട്ടുന്ന അക്കമായ റൂം നമ്പറിലേക്ക് മാറ്റുക. ഉദാഹരണത്തിന് റൂം നമ്പർ ഒന്നിലെ മനുഷ്യനെ രണ്ടിലേക്കും രണ്ടിലെ നാലിലേക്കും മൂന്നിലെ ആളെ ആറിലേക്കും നാലിലെയാളെ എട്ടിലേക്കും എന്നിങ്ങനെ റൂം മാറ്റുക. അപ്പോൾ സംഭവിക്കുക, ഒറ്റ അക്ക നമ്പറിലുള്ള (Odd numbers)റൂമിലെ മനുഷ്യരെല്ലാം ഇരട്ട അക്കത്തിലുള്ള (even numbers)റൂമുകളിലേക്ക് മാറ്റപ്പെടും എന്നതാണ്. അപ്പോൾ സ്വാഭാവികമായും ഹോട്ടലിലെ ഒറ്റയക്ക നമ്പറുള്ള റൂമുകളെല്ലാം കാലിയായിരിക്കും. ഇനി അനന്തതയിൽ എത്ര ഒറ്റ സംഖ്യയുണ്ടെന്ന് ചോദിച്ചാലോ, അനന്തമായത്രയും തന്നെയുണ്ട്. അഥവാ അനന്തമായ അത്രയും ഒറ്റസംഖ്യയിലുള്ള റൂമുകൾ ആ ഹോട്ടലിൽ ഇപ്പോൾ ബാക്കി കിടക്കുന്നുണ്ട്. പുതുതായി വന്ന അനന്തമായ അത്രയും ആളുകൾക്ക് ആ റൂമുകൾ നൽകി ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. എല്ലാ അറകളും മുഴുവനായിരിക്കെതന്നെ വീണ്ടും വരുന്ന എത്രയും ആളുകൾക്ക് അതിൽ ഒഴിഞ്ഞ അറകൾ കണ്ടെത്തുകയെന്നത് ഒരു അസംഭവ്യതയാണെന്ന കാര്യത്തിൽ സംശയമില്ല. ഭൗതിക ലോകത്തിൽ അനന്തതയെന്ന ആശയം അപ്രായോഗികമാണെന്ന് തെളിയിക്കുകയാണ് ഈ ചിന്താപരീക്ഷണം. അതിനാൽ ഇങ്ങനെ അനന്തമായ നിലനിൽപാണ് പ്രപഞ്ചം എന്നു കരുതുന്നതും തീർത്തും ശരിയല്ലാത്ത, വൈരുധ്യമാണെന്ന് ഈ ചിന്താപരീക്ഷണം തെളിയിക്കുന്നു.

(ഡി) പ്രപഞ്ച ചലനങ്ങളുടെ അനന്തത

നാസ്തികർ കരുതുംപോലെ ഈ പ്രപഞ്ചം അനാദികാലമായി നിലനിൽപുള്ളതാണെന്ന് കരുതുക. എങ്കിൽ പ്രപഞ്ചത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചലനങ്ങളും (motions)അനാദി തൊട്ടേ നടന്നു കൊണ്ടിരിക്കുന്നതാകണം. എന്നാൽ ഇവിടെ ഗണിതശാസ്ത്രപരമായി അനന്തതയ്ക്ക് ഒരബദ്ധം പറ്റുന്നുണ്ട്. അത് മനസ്സിലാക്കാൻ മറ്റൊരു ചിന്താ പരീക്ഷണത്തിലേക്ക് വരാം. ഭൂമി സൂര്യനെ ചുറ്റി ചലിച്ചുകൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. അപ്പോൾ ഇതെത്ര തവണ സൂര്യനെ വലംവെച്ച് കഴിഞ്ഞുവെന്ന് ചോദിച്ചാലോ? അതിന്റെ എണ്ണം കൃത്യമായി അറിയില്ലെങ്കിലും സൂര്യനെ ഭൂമി വലംവെച്ച അത്രയും എണ്ണത്തെ കാണിക്കാൻ സൂചിപ്പിക്കുന്ന സംഖ്യയുടെ സാധ്യതകൾ നോക്കാം.

1. അതൊരു ഒറ്റ സംഖ്യ ആയിരിക്കാം (Odd number).

2. അതൊരു ഇരട്ട സംഖ്യ ആയിരിക്കാം (Even Number).

3. അതൊരു ഒറ്റ സംഖ്യയും ഇരട്ട സംഖ്യയും ആയിരിക്കാം (Both Even and Odd).

4. അത് ഒറ്റ സംഖ്യയോ ഇരട്ട സംഖ്യയോ അല്ല.

ഗണിത ശാസ്ത്രപരമായി ഇതിലെ അവസാനത്തെ രണ്ട് സാധ്യതയും സംഭവ്യമല്ല. ഒരിക്കലും ഒരു സംഖ്യയും ഒരേസമയം ഒറ്റ സംഖ്യയും ഇരട്ട സംഖ്യയും ആവുകയില്ല. അപ്പോൾ പ്രപഞ്ചത്തിലെ ഒരു ചലനം ഒറ്റ സംഖ്യയോ അതല്ലെങ്കിൽ ഇരട്ട സംഖ്യയോ ആകാൻ മാത്രമാണ് സാധ്യത. ഇനി ഈ യുക്തിയനുസരിച്ച് നാസ്തികർ പ്രബോധനം ചെയ്യുന്ന അനന്ത പ്രപഞ്ചത്തെ വിശകലനം ചെയ്തുനോക്കാം. എങ്കിൽ പ്രപഞ്ചത്തിൽ നടക്കുന്ന ഒരു ചലനത്തെ സംഖ്യാപരമായി ഒറ്റയെന്നോ അതോ ഇരട്ടയെന്നോ ഏതാണ് വിളിക്കാൻ കഴിയുക? അനാദികാലമായി നടക്കുന്ന ഏതൊരു ചലനത്തെയും ഒറ്റയെന്നോ ഇരട്ടയെന്നോ വിളിക്കാൻ കഴിയില്ല എന്നതാണ് ഇവിടെ സംഭവിക്കുന്ന പ്രധാന വെല്ലുവിളി.

ഒറ്റയെന്നു വിളിച്ചുകഴിഞ്ഞാൽ അതിനോട് ഒന്നു ചേർത്താൽ ഇരട്ട സംഖ്യയാവുമത്. സംഖ്യാപരമായി അനന്തത പൂർണതയുൾക്കൊള്ളുന്നത് ആയതുകൊണ്ടുതന്നെ അതെങ്ങനെയാണ് മറ്റൊന്നിനെ ചേർക്കാവുന്നതും അതനുസരിച്ച് മൂല്യവും പ്രകൃതവും മാറ്റാവുന്നതും ആവുക? ഇനി അനാദി തവണയായി നടക്കുന്ന ഒരു പ്രതിഭാസം സംഖ്യാപരമായി ഇരട്ടസംഖ്യയാണെന്ന് വാദിച്ചാലും ഈ പ്രശ്നം ആവർത്തിക്കും. അഥവാ ഒരു സംഖ്യ കൂടി ചേർത്താൽ അത് ഒറ്റ സംഖ്യയായി മാറും. അപ്പോൾ ഇത് പൂർണമല്ലെന്നാണ് വീണ്ടും തെളിയുന്നത്. പൂർണമല്ലെങ്കിൽ അത് അനന്തതയും അല്ല. കാരണം അനന്തത നിർവചനപ്രകാരം തന്നെ സ്വയം സമ്പൂർണമായതും മറ്റൊന്നിന്റെ കുറവില്ലാത്തതും ആണ്. ചുരുക്കത്തിൽ അനന്തമായ ഒരു പ്രപഞ്ചത്തിലെ ഒരു ചലനത്തെയും സംഖ്യാപരമായി മൂല്യം രേഖപ്പെടുത്താൻ കഴിയില്ലെന്ന മറ്റൊരു വൈരുധ്യം കൂടിയുണ്ടാകുന്നു. ഇതൊരു അസംഭ്യവ്യതയായതുകൊണ്ടുതന്നെ അനാദിയായ പ്രപഞ്ചം എന്ന വാദത്തെ ഒരിക്കൽ കൂടിയിത് ഖണ്ഡിക്കുന്നു.

(ഇ) ഇൻഫിനിറ്റി സമം ചെറിയ ഇൻഫിനിറ്റി

അനന്തമായ പ്രപഞ്ചത്തിൽ സംഭവിക്കുന്ന മറ്റൊരു വൈരുധ്യത്തിലേക്ക് വരാം. ഭൂമി ഒരു വർഷം കൊണ്ടും, ശനി നാം കണക്കാക്കുന്ന 30 വർഷം കൊണ്ടുമാണ് സൂര്യനെ ഒരുവട്ടം വലയം ചെയ്തു തീർക്കുന്നതെന്ന് അറിയാമല്ലോ. അനന്തമായ പ്രപഞ്ചത്തിൽ ഇങ്ങനെ അനന്തമായി എന്തെങ്കിലും സംഭവിക്കുമോ എന്നു നോക്കാം.

പ്രപഞ്ചത്തിൽ അനാദികാലമായി ഈ ഭ്രമണങ്ങൾ (Orbits) നടക്കുന്നുണ്ടെങ്കിൽ സംഖ്യാപരമായി അവ നടത്തിയിട്ടുള്ള ഭ്രമണങ്ങളുടെ എണ്ണവും അനന്തമാകണമല്ലോ. അപ്പോൾ അനന്തമായാണ് ഭൂമിയും ശനിയുമൊക്കെ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നത് എങ്കിൽ ഇവ രണ്ടിന്റെയും ഭ്രമണങ്ങളുടെ എണ്ണവും അനന്തമാണ്. ഇതിനെ ഇങ്ങനെ അടയാളപ്പെടുത്താം:

ഭൂമിയുടെ ഭ്രമണം = 8 (ഇൻഫിനിറ്റി).

ശനിയുടെ ഭ്രമണം =8 (ഇൻഫിനിറ്റി).

എങ്കിൽ അനന്തതയ്ക്ക് അനന്തത തുല്യമായതിനാൽ ഭൂമിയുടെ ഭ്രമണസംഖ്യയും ശനിയുടെ ഭ്രമങ്ങളുടെ എണ്ണവും തുല്യമാണെന്നു വരും.

എന്നാൽ ഇതൊരിക്കലും സംഭവ്യമല്ല. കാരണം ശനി ഒരു തവണ ഭ്രമണം ചെയ്യുന്ന നേരംകൊണ്ട് ഭൂമി 30 തവണ ഭ്രമണം തീർക്കുന്നു. ഈ അവസ്ഥയിൽ ശനിയുടെ ഭ്രമണങ്ങളുടെ എണ്ണത്തിന്റെ മുപ്പത് ഇരട്ടിയായിരിക്കണം ഭൂമിയുടെ ഭ്രമണങ്ങളുടെ എണ്ണം. അഥവാ ഇവയുടെ ഭ്രമണങ്ങളുടെ എണ്ണം ഒരിക്കലും തുല്യമാവില്ല. ഈ പറഞ്ഞ രണ്ട് കാര്യങ്ങളെയും കൂടി ഇങ്ങനെ ചേർക്കാം:

1) ഭൂമിയുടെ ഭ്രമണങ്ങളുടെ എണ്ണം x 30 = ശനിയുടെ ഭ്രമണങ്ങളുടെ എണ്ണം.

(ഇതനുസരിച്ച് ശനിയുടെയും ഭൂമിയുടെയും ഭ്രമണങ്ങളുടെ എണ്ണം തുല്യമല്ല)

2) ഭൂമിയുടെ ഭ്രമണങ്ങൾ = 8 (അനന്തത).

ശനിയുടെ ഭ്രമണങ്ങളുടെ എണ്ണം =8 (അനന്തത). 8=8 ആയതിനാൽ ശനിയുടെയും ഭൂമിയുടെയും ഭ്രമണങ്ങളുടെ എണ്ണം തുല്യമാണ്.

അഥവാ ഇവകളുടെ ഭ്രമണങ്ങളുടെ എണ്ണങ്ങൾ ഒരേസമയം തുല്യമാണെന്നും അതേസമയം തുല്യമല്ലെന്നും ഉള്ള ആശയത്തിലേക്കാണ് ഈ അനന്തതയെന്ന യുക്തി കൊണ്ടെത്തിക്കുന്നത്. ഒരു സംഖ്യയും ഒരേസമയം തുല്യമാവുകയും തുല്യമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്ല. അതിനാൽ ഈ കാരണം കൊണ്ടും പ്രപഞ്ചത്തിന്റെ ഭൂതകാലം അനന്തമാണെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല.

അനാദിയായ പ്രതിസന്ധി

നാം നിലനിൽക്കുന്ന പ്രപഞ്ചം അനാദിയായി നിലനിൽക്കുക സാധ്യമല്ലെന്ന ബോധ്യം കുറച്ചെങ്കിലും നാസ്തികരെ ബാധിച്ചു തുടങ്ങിയിരിക്കുന്നതു കൊണ്ടാകണം, ചിലരെങ്കിലും പ്രപഞ്ചം അനാദിയല്ലെന്ന് സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ പ്രപഞ്ചത്തിനപ്പുറം മറ്റൊരു പ്രപഞ്ചം നിലനിന്നിരുന്നുവെന്നും അത് നശിച്ചപ്പോൾ ബാക്കി വന്നതിൽനിന്ന് നമ്മുടെ പ്രപഞ്ചമുണ്ടായിയെന്നും, അതല്ല ചില ക്വാണ്ടം ചാഞ്ചാട്ടങ്ങൾ (quantum fluctuations) കൊണ്ട് ഇങ്ങനെ വെറുതെ പ്രപഞ്ചങ്ങൾ ഉണ്ടാവുകയാണെന്നും ഒക്കെ പറയുന്ന നിരവധി നാസ്തിക ന്യായങ്ങൾ വേറെയും ഉണ്ട്. ഇവയൊന്നും ശാസ്ത്രീയമായി സാധ്യമല്ല എന്നതുപോട്ടെ, യുക്തിപരമായി പോലും ശരിയാകില്ല എന്നതിന് നിരവധി തെളിവുകളും ന്യായങ്ങളുമാണ് മുകളിൽ ഉന്നയിച്ചിട്ടുള്ളത്. ഭൗതികമായ ചലനങ്ങൾ കൊണ്ടോ സമയംകൊണ്ടോ മാറ്റങ്ങൾ (changes) കൊണ്ടോ കാര്യകാരണങ്ങളുടെ ശൃംഖലകൾ കൊണ്ടോ ഒന്നും തന്നെ അനന്തമായ ഭൂതാവസ്ഥ (infinite past) പ്രപഞ്ചത്തിനു പിറകിൽ സാധ്യമല്ലെന്ന് ഇവിടെ സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. ഒരു തരത്തിലുള്ള ഭൗതിക പ്രതിഭാസത്തെയും അതുകൊണ്ട് തന്നെ പ്രപഞ്ചത്തിനുള്ള കാരണമായി വാദിക്കാൻ കഴിയില്ലെന്ന കൃത്യമായ വസ്തുതയാണ് ഇത് നാസ്തികർക്ക് മുന്നിലേക്ക് നീട്ടുന്നത്.

(തുടരും)