ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങുന്നുവോ?

മുജീബ് ഒട്ടുമ്മൽ

2023 ഏപ്രിൽ 01, 1444 റമദാൻ 10

തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ പ്രസംഗ വാചകങ്ങളെ വ്യാഖ്യാനിച്ച് രാഹുൽ ഗാന്ധിക്കെതിരെ കോടതിയും അതുവഴി സ്പീക്കറും നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്‌. നിലനിൽക്കുന്ന, ഭരണകൂട കൊള്ളരുതായ്മകൾക്കെതിരെ ശക്തിയുക്തം ശബ്ദിക്കുന്ന പ്രതിപക്ഷ നേതാക്കളെയൊന്നൊന്നായി അധികാരദണ്ഡുപയോഗിച്ച് നിശ്ശബ്ദരാക്കുന്ന ഭരണകൂട ധാർഷ്ട്യത്തിനെതിരെ പ്രതികരിച്ചേ മതിയാവൂ. ജാതി, മത, കക്ഷി വ്യത്യാസമില്ലാതെ എല്ലാവരുടെയും ശക്തമായ പ്രതികരണങ്ങളിലൂടെ മാത്രമെ ഇന്ത്യയുടെ അടിത്തറയായ ജനാധിപത്യത്തെ സംരക്ഷിക്കുവാൻ കഴിയുകയുള്ളൂ.

2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ പൊതുതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നടത്തിയ രാഹുൽ ഗാന്ധി എംപിയുടെ പ്രസംഗത്തിലെ പരാമർശമാണിത്. ബിജെപിയുടെ സൂറത്ത് വെസ്റ്റ് എം എൽഎ പൂർണേഷ് മോദി ഈ പരാമർശത്തിനെതിരെ നൽകിയ പരാതിയിൽ സൂറത്ത് സിജെഎം കോടതി കേസെടുത്തു രണ്ട് വർഷം തടവുശിക്ഷ വിധിക്കുകയുണ്ടായി. മോദിസമുദായത്തെ ഒന്നടങ്കം അപകീർത്തിപ്പെടുത്തുന്ന വാചകങ്ങളാണ് രാഹുൽ ഗാന്ധിയിൽ നിന്നുണ്ടായതെന്ന് പരാതിയിൽ അയാൾ ആരോപിച്ചു. വാക്കാലോ രേഖാമൂലമോ ഉള്ള അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിന്റ 499,500 വകുപ്പുകൾ പ്രകാരമാണ് വിധി. പ്രതിഭാഗത്തിന്റ അപേക്ഷ പരിഗണിച്ച് ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിക്കുകയും 10000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിക്കുകയും ചെയ്തു. കോടതി വിധിയുടെ പശ്ചാതലത്തിൽ ലോകസഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കാൻ അസാമാന്യ തിടുക്കം കാണിച്ചതിലൂടെ സംഘപരിവാര രാഷ്ട്രീയത്തിന്റ കുതന്ത്രം വ്യക്തമാകുകയുണ്ടായി.

സൂറത്ത് കോടതിവിധി റദ്ദാക്കാതെ വന്നാൽ അടുത്ത ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള യോഗ്യത നഷ്ടപ്പെടുന്നതിലൂടെ പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനും ജനാധിപത്യ മൂല്യങ്ങളെ നിരാകരിക്കാനും സാധിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു.

പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ശബ്ദം സർക്കാരിനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നതിന് തെളിവാണ് ഇത്തരം നടപടികൾ. എതിർക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള തുറുപ്പ് ചീട്ടുകളായി കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണിവിടെ. നിസ്സാരമായ സംഭവങ്ങളുടെ പേരിൽ ദിവസങ്ങളോളം ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യുകയും രാഷ്ട്രീയ ഭീഷണികൾ നിരന്തരമായി നടത്തുകയും കോടതിയെ കാണിച്ച് ഭയപ്പെടുത്തുകയും ചെയ്തുകൊണ്ടെല്ലാം രാഹുലിന്റെ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ സർക്കാർ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. കന്യാകുമാരി മുതൽ കാശ്മീർവരെ നടത്തിയ ഐതിഹാസികമായ ജോഡോ യാത്രയുടെ ഫലങ്ങൾ രാജ്യത്തുണ്ടാക്കാൻ പോകുന്ന പരിവർത്തനത്തെയാണിവർ ഭയപ്പെടുന്നത്. ഇല്ലായ്മയുടെ നെരിപ്പോടിൽ കഴിഞ്ഞ് കുടുന്നവരുടെ വേദനകളെ നെഞ്ചിലേറ്റി രാജ്യം മുഴുവനും നടന്നുനീങ്ങുമ്പോൾ സിംഹാസനങ്ങൾ വിറകൊള്ളുന്നുണ്ടെന്നതിന്റെ സൂചനയാണ് ഈ പ്രതികാര നടപടികളെല്ലാം.

രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾ

രാജ്യം വലിയ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക പ്രതിസന്ധിക്ക് രാജ്യം സാക്ഷിയായി. തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിച്ച് വരുന്നു. കോവിഡാനന്തരം അതിസമ്പന്നരുടെ സാമ്പത്തികനില ഉയരുകയും ഇടത്തരക്കാരും പാവപ്പെട്ടവരും കൂടുതൽ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. പുനരധിവാസ പദ്ധതികളും തൊഴിലവസരങ്ങളും പ്രതീക്ഷിച്ച ഇന്ത്യൻ ജനതയിലേക്ക് വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കാനാണ് ശ്രമമുണ്ടായത്. അതിലൂടെ പരസ്പരം വെറുപ്പും ശത്രുതയും വളർന്നു. രാജ്യത്തിന്റ ദയനീയാവസ്ഥയെ വിസ്മരിച്ചുകൊണ്ട് സമൂഹത്തിൽ അക്രമങ്ങളഴിച്ച് വിട്ടുകൊണ്ടിരുന്നു. രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും അധികാരികളുടെ സുഖലോലുപതയും ചർച്ച ചെയ്യുന്നതിനെ ഭരണകൂടം ഭയക്കുന്നുവെന്നതാണ് സമകാലിക പ്രതികാര രാഷ്ട്രീയത്തിന്റ കാതൽ.

ന്യൂനപക്ഷ ഉൻമൂലം ലക്ഷ്യമാക്കിയ സംഘപരിവാര രാഷ്ട്രീയം പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുക്ത ഭാരതമെന്ന അജണ്ടയുടെ പ്രചാരണത്തിന് ആസൂത്രണം ചെയ്തു. ഭരണകൂടത്തെ എതിർക്കുന്ന ശബ്ദത്തെ അടിച്ചമർത്താനായിരുന്നു അവരുടെ ശ്രമം. അതിന്റ ഭാഗമായാണ് രാഹുൽ ഗാന്ധിയെ നിരന്തരമായി വേട്ടയാടിക്കൊണ്ടിരുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഏതൊരു ഇലയനക്കവും ഭീകരശബ്ദമായി അനുഭവപ്പെടുന്നുവെന്നതാണ് രാജ്യത്തെ പ്രതിപക്ഷ നേതാവിനെതിരെയുള്ള ഭരണകൂട നീക്കം വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധിയെ വേട്ടയാടാൻ പ്രേരിപ്പിച്ച അദ്ദേഹത്തിന്റ ചില പ്രസ്താവനകളും പരാമർശങ്ങളും ശ്രദ്ധേയമാണ്. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രഭാഷണത്തിലെ ‘ജനാധിപത്യം ക്രൂരമായ ആക്രമണത്തിനിരയായി’ എന്ന പരാമർശമാണ് കേന്ദ്ര മന്ത്രിമാർ ഉൾപെടെയുള്ള ബിജെപി നേതാക്കളെ ചൊടിപ്പിച്ചതത്രെ! ‘കോൺഗ്രസ് നേതാവ് പാർലമെന്റിന് മുകളിലല്ല’ എന്ന് ശഠിച്ചുകൊണ്ട് രാഹുൽ ഗാന്ധിയോട് മാപ്പ് പറയണമെന്ന് അവർ ആവശ്യപ്പെട്ടു. ‘പാർലമെന്റംഗത്തിന്റ അവഹേളനപരവും അനുചിതവുമായ പെരുമാറ്റം’ എന്ന് ആരോപിച്ചുകൊണ്ട് ലോക് സഭയിലെ നടപടി ക്രമങ്ങളുടെയും പെരുമാറ്റ ചട്ടങ്ങളുടെയും ചട്ടം 223 പ്രകാരം നോട്ടീസ് നൽകുന്നതായി ലോകസഭാ സ്പീക്കർക്ക് അയച്ച കത്തിൽ ബിജെപി എംപി നിഷികാന്ത് ദുബെ പറയുകയുണ്ടായി. അദ്ദേഹത്തെ സഭയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ജനാധിപത്യം ക്രൂരമായ ആക്രമണത്തിനിരയായി എന്ന് യുകെയിൽ പ്രഭാഷണത്തിൽ പറഞ്ഞുവെങ്കിലും അത് പരിഹരിക്കാൻ ഇന്ത്യൻ ജനതയ്ക്ക് സാധിക്കുമെന്നും അതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നുമാണ് താൻ പറഞ്ഞതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നുണ്ട്. വാക്കുകളെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമമാണ് സംഘപരിവാര രാഷ്ട്രീയത്തിൽ കാണുന്നത്.

അന്താരാഷ്ട്ര പ്രശസ്തമായ സംഘടനയായ ഹിൻഡൻബർഗ് ഗവേഷണ പ്രബന്ധത്തിലെ റിപ്പോർട്ട് പ്രകാരം ഭരണകൂടത്തിെൻറ ഒത്താശയോടെ വലിയ സാമ്പത്തിക ക്രമക്കേടുകളും വഞ്ചനയും നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത്തരം ഗൗരവമുള്ള ആരോപണത്തിന് മറുപടി പറയേണ്ട ഉത്തരവാദിത്തം പ്രധാനമന്ത്രിക്ക് ഉണ്ടായിരിക്കെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രകടനത്തിന് മറുപടി പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെക്കുറിച്ച് മൗനം പാലിക്കുകയും തന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തുകൊണ്ടാണ് പ്രസംഗിച്ചതെന്നതും ആരോപണം ശരിവെക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യവ്യമായി രാഹുൽ ഗാന്ധി രംഗപ്രവേശം ചെയ്യുന്നത് സ്വാഭാവികമാണ്. രാജ്യത്തെ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടാക്കുന്ന യഥാർഥ പ്രതിഭാസം എന്താണെന്നറിയാനുളള ആഗ്രഹം സ്വാഭാവികമാണ്. കാരണം ആഗോളവത്കരിക്കപ്പെട്ട ലോകത്തെ കുറിച്ച് സംസാരിക്കുമ്പോൾ രാജ്യത്തെ ദീർഘകാല മുതലാളിയുടെ സാമ്പത്തിക ഇടപാടുകളുടെ ക്രമക്കേടുകളുടെ ഉത്തരവാദിത്തത്തിൽട്‌നിന്ന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി സുഹൃത്ത് ഗൗതം അദാനിയുമായുള്ള വഴിവിട്ടബന്ധം പാർലമെൻറിൽ തുറന്നുകാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുകയുണ്ടായി. സർക്കാർ ഒത്താശയില്ലാതെ ഒരു വ്യവസായിക്ക് ചുരുങ്ങിയ കാലംകൊണ്ട് ലോകത്ത് രണ്ടാമത്തെ അതിസമ്പന്നനായി അപാരവളർച്ച നേടാനാവില്ല. പ്രധാനമന്ത്രിക്ക് അദ്ദേഹവുമായുള്ള ബന്ധം എന്താണെന്ന് രാജ്യം അറിയേണ്ടതുണ്ട് എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ഭരണാധികാരികളുടെ ഇടപാടുകളിലും വ്യവഹാരങ്ങളിലും സംശയമുണ്ടാകുമ്പോൾ ജനാധിപത്യ രാജ്യമെന്ന നിലയ്ക്ക് അതേക്കുറിച്ച് ചോദിക്കാൻ ഓരോ പൗരനും അവകാശമുണ്ട്. പ്രത്യേകിച്ച് ജനപ്രതിനിധിയായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരംഗമെന്ന നിലയിൽ അതിന്റെ ഉത്തരവാദിത്തം പതിന്മടങ്ങ് വർധിക്കുന്നുണ്ട്. അത്തരം ഒരു ബാധ്യതയാണ് രാഹുൽ ഗാന്ധി നിർവഹിച്ചതെന്ന് പറയാതിരിക്കാനാവില്ല.

അദ്ദേഹത്തിന്റ പ്രസക്തമായ ചോദ്യങ്ങൾ ഇങ്ങനെയാണ്:

1) ഗൗതം അദാനിയെ കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രതവണ വിദേശയാത്ര നടത്തി? എത്രതവണ അദാനി പിന്നാലെ എത്തി? മോദി സന്ദർശിച്ചുമടങ്ങിയ രാജ്യത്തേക്ക് പിന്നാലെ അദാനി പോയത് എത്ര തവണ? മോദിയുടെ സന്ദർശനശേഷം ഓരോ രാജ്യത്തുനിന്നും അദാനി എത്ര കരാറുകൾ നേടി?

2) കഴിഞ്ഞ 20 വർഷത്തിനിടയിൽ അദാനി എത്ര പണം ബിജെപിക്ക് ഇലക്ടറൽ ബോണ്ടായും മറ്റും നൽകി?

3) തുടങ്ങിവെക്കുന്ന ഒരു സംരംഭത്തിൽപോലും തോൽക്കാതെ എല്ലാം വെട്ടിപ്പിടിക്കാൻ ഒരു വ്യവസായിക്ക് എങ്ങനെ കഴിയുന്നു?

രാഹുൽ ചൂണ്ടിക്കാട്ടിയ പ്രധാന വിഷയങ്ങൾ

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയതാണ് അദാനിബന്ധം. ഗുജറാത്ത് പുനരുദ്ധാന പരിപാടി പ്രഖ്യാപിച്ച മോദിക്ക് ഉറച്ച പിന്തുണ നൽകി വിശ്വസ്തവിധേയനായി അദാനി പിന്നിൽ നിന്നു. പിന്നീടങ്ങോട്ട് അദാനി വലിയ വ്യവസായവളർച്ച നേടുന്നതാണ് കണ്ടത്. 2014ൽ മോദി പ്രധാനമന്ത്രിയായതുതൊട്ടാണ് യഥാർഥ മാജിക്. ആഗോളവ്യവസായികളുടെ പട്ടികയിൽ 609ാം സ്ഥാനത്തു നിന്ന അദാനി എട്ടു വർഷംകൊണ്ട് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുകയറി. 2014നും 2022നുമിടയിലെ ചുരുങ്ങിയ കാലംകൊണ്ട് അദാനിയുടെ ആസ്തി 800 കോടി ഡോളറിൽനിന്ന് 14,000 കോടി ഡോളറായി പെരുകി.

അദാനിക്ക് വളർച്ചയും ലാഭവും നേടാൻ സർക്കാർ നയങ്ങളും ചട്ടങ്ങളും പൊളിച്ചെഴുതി. വൈദഗ്ധ്യമുള്ള കമ്പനികൾക്കല്ലാതെ വിമാനത്താവള നടത്തിപ്പ് നൽകില്ലെന്ന ചട്ടം അദാനിക്കുവേണ്ടി തിരുത്തി. ഈ രംഗത്ത് ഒരു പരിചയവും അവകാശപ്പെടാൻ കഴിയാത്ത അദാനിയുടെ പക്കലാണ് ഇന്ന് ലാഭകരമായ നിരവധി വിമാനത്താവളങ്ങൾ. മുംബൈ വിമാനത്താവളം തട്ടിയെടുത്തത് കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ചാണ്. വിമാനനിരക്കുകളിൽനിന്ന് 31 ശതമാനം വരുമാനവും അദാനിക്ക് കിട്ടുന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

പ്രതിരോധരംഗത്ത് അദാനി ആരുമായിരുന്നില്ല. വൈദഗ്ധ്യവും ഇല്ല. എന്നാൽ, പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സിനെയും പിന്തള്ളി സേനക്കുവേണ്ട ഡ്രോണുകൾ നിർമിക്കാനുള്ള കരാർ ഇപ്പോൾ അദാനിക്കാണ്. മോദി ഒരുവട്ടം ഇസ്രായേലിൽ പോയിവന്നശേഷം അവിടത്തെ വിമാനത്താവളങ്ങളുടെ വിപണിവിഹിതത്തിൽ 30 ശതമാനവും അദാനിക്കായി.

വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം അദാനിയുടെ വളർച്ചക്ക് ദുരുപയോഗിക്കുന്നു. ഇത് നമ്മുടെ വിദേശനയത്തിന് വിരുദ്ധമാണ്. ഇന്ത്യ-ബംഗ്ലാദേശ് വൈദ്യുതിവിതരണ കരാർ അദാനിക്കാണ്. കാറ്റിൽനിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി അദാനിക്ക് നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മർദം ചെലുത്തിയെന്നാണ് ശ്രീലങ്കയിൽനിന്ന് ഉയർന്ന ആരോപണം.

പൊതുമേഖല സ്ഥാപനങ്ങൾ അദാനിയെ കൈയയച്ച് സഹായിക്കുന്നു. അദാനിയേയും കൂട്ടി മോദി ആസ്‌ട്രേലിയയിൽ പോയിവന്നശേഷം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 100 കോടി ഡോളറിെൻറ വായ്പയാണ് അദാനിക്ക് നൽകിയത്. നിക്ഷേപകരുടെ സഹസ്ര കോടികൾ എൽഐസി അദാനിക്കമ്പനികളിൽ നിക്ഷേപിക്കുന്നു. ബാങ്ക് ഓഫ് ബറോഡ തുടങ്ങി നിരവധി ബാങ്കുകൾ അദാനിക്കമ്പനികൾക്ക് നിർലോഭം വായ്പ നൽകുന്നു. ഗ്രീൻ ഹൈഡ്രജൻറെയും മറ്റും പേരിലുള്ള പുതിയ ബജറ്റ് നിർദേശങ്ങളുടെ പ്രധാന ഗുണഭോക്താവ് അദാനിയാണ്.

ഷെൽ കമ്പനികളിലൂടെ അദാനി കമ്പനികളിലേക്ക് പണമെത്തുന്നത് ഹിൻഡൻബർഗ് റിപ്പോർട്ടിനു ശേഷവും അന്വേഷിക്കുന്നില്ല. മൊറീഷ്യസിൽനിന്നും മറ്റുമായി അദാനി കമ്പനികളിലേക്ക് ഒഴുകുന്ന നിക്ഷേപം ആരുടെ പണമാണെന്ന് സർക്കാർ അന്വേഷിക്കുന്നില്ല. ദേശസുരക്ഷ വിഷയമുള്ള തന്ത്രപ്രധാന മേഖലകളിൽ അടക്കം വലവിരിച്ച അദാനി കമ്പനികളിലേക്ക് പുറത്തുനിന്ന് എങ്ങനെ പണം വരുന്നു, ആരുടെ പണമാണ് എന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നില്ല.

അദാനിയുടെ പേരിലുള്ള വ്യാജ കമ്പനിയിലേക്ക് 20,000 കോടി രൂപ നിക്ഷേപിച്ചതാരാണെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം പ്രസക്തമാണ്: ‘അടിസ്ഥാന സൗകര്യ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന അദാനിക്ക് പണമായി ഇത്രയും തുക കണ്ടെത്താനാകില്ല. പ്രതിരോധ മേഖലയിലെ കമ്പനികളാണിവ. അതിലൊരു ചൈനീസ് പൗരനു പങ്കുണ്ട്. അദ്ദേഹം ആരാണെന്ന് ആരും ചോദിക്കാത്തതെന്താണ്? പ്രതിരോധ മന്ത്രാലയം ഇതേക്കുറിച്ച് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല?’

‘രാജ്യത്തെ ജനാധിപത്യത്തിനു നേർക്കുള്ള ആക്രമണങ്ങളുടെ അടിസ്ഥാനം മോദി-അദാനി ബന്ധമാണ്. ഇതേക്കുറിച്ചുള്ള എന്റെ പാർലമെന്റ് പ്രസംഗം സഭാ രേഖകളിൽനിന്നു നീക്കം ചെയ്തു. അഴിമതിക്കാരനായ അദാനിയെ മോദി എന്തിനാണു സംരക്ഷിക്കുന്നതെന്ന ചോദ്യം ഇപ്പോൾ ജനങ്ങളുടെ മനസ്സിലുമുണ്ട്. അദാനിക്കെതിരായ ആക്രമണം ഇന്ത്യയ്‌ക്കെതിരായ ആക്രമണമാണെന്നു ബിജെപി പറയുന്നു. ഈ സർക്കാരിനു രാജ്യമെന്നാൽ അദാനിയാണ്, അദാനിയെന്നാൽ രാജ്യവും. അയോഗ്യനാക്കിയും ജയിലിലടച്ചും എന്നെ നിശ്ശബ്ദനാക്കാമെന്ന് അവർ കരുതി. അവർക്കെന്നെ ശരിക്കറിയില്ല. ഏഴോ പത്തോ വർഷം ജയിലിലടച്ചാലും പ്രശ്‌നമില്ല...’ എന്നിങ്ങനെയുള്ള രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളും പ്രസ്താവനകളും ഭരണകൂടത്തിനെതിരെയുള്ള ഇടിമുഴക്കമായി അവശേഷിക്കുന്നുവെന്നതാണ് സത്യം. അതിനെ മറച്ചുപിടിക്കാനുള്ള ശ്രമമാണ് ശിക്ഷാവിധികളിറക്കിയും പാർലമെന്റ് അംഗത്വത്തിന് അയോഗ്യത കൽപിച്ചും പ്രതികാരം തീർക്കുന്നതെന്ന് ആർക്കാണറിഞ്ഞു കൂടാത്തത്.

പരാമർശങ്ങളിൽ അപകടമുണ്ടെങ്കിൽ ഇവരോ?

രാഹുൽഗാന്ധിയുടെ പ്രഭാഷണത്തിലെ പരാമർശങ്ങൾ കാരണത്താലാണല്ലോ അദ്ദേഹത്തെ അയോഗ്യനാക്കും വിധമുള്ള ശിക്ഷാവിധി വന്നിരിക്കുന്നത്. സംഘപരിവാര രാഷ്ട്രീയത്തിന്റ പ്രാരംഭം മുതലേ എഴുത്തിലും പ്രസംഗത്തിലും വിവാദ പ്രസ്താവനകളും വിദ്വേഷ പ്രചാരണങ്ങളും ധാരാളമായി കാണാം. ഗോൾവാൾക്കറിന്റ വിചാരധാര വിഷലിപ്തമായ തൂലികക്ക് ഒരു ഉദാഹരണമാണ്. ഭാരതാംബയുടെ കണ്ണിലെ കരടാണ് മുസ്‌ലിംകളെന്ന് അയാൾ പ്രസ്താവിക്കുന്നുണ്ട്. ഒരു സമുദായത്തെ ഒന്നടങ്കം പ്രസ്താവനകളിലുടെ അവഹേളിക്കുന്ന ധാരാളം രംഗങ്ങളുണ്ട്.

വർഗീയ ലഹളക്ക് നിദാനമാകും വിധമുള്ള പരാമർശങ്ങൾ സംഘപരിവാര രാഷ്ട്രീയങ്ങളിലാണ് ഏറെയും നമുക്ക് കാണാനാക്കുക. 1942 മെയ് മാസം മൂന്നാം തീയതി ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ ഒരു പരിശീലന ക്യാമ്പിൽ വെച്ച് ചെയ്ത പ്രസംഗം ബ്രിട്ടീഷ് സിഐഡി റിപ്പോർട്ടിലുണ്ട്. സംഘത്തിന്റ ലക്ഷ്യമായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ഈ സംഘം ആരംഭിച്ചത് മുസ്‌ലിം തീവ്രവാദത്തെ ചെറുക്കുന്നതിന് മാത്രമല്ല, പ്രസ്തുത രോഗത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയത്രെ! മുസ്‌ലിംകളെ പൂർണമായും വേരോടെ നശിപ്പിക്കുകയാണ് സംഘത്തിന്റ ആത്യന്തിക ലക്ഷ്യമെന്നർഥം.

1979 ഏപ്രിൽ പതിനൊന്നിന് ജാംഷെഡ്പൂരിൽ നടന്ന കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജിതേന്ദ്ര നാരായൺ കമ്മീഷൻ ആർഎസ്എസ്, ജനസംഘം, ഭാരതീയ മസ്ദൂർ സംഘം എന്നിവയെ പ്രസ്തുത കലാപത്തിനുത്തരവാദികളായി എടുത്ത് പറഞ്ഞിട്ടുണ്ട്. ആർഎസ്എസ് സർസംഘ് ചാലക് ബാബാ സാഹബ് ദേവരസിന്റ പ്രസംഗമാണ് 1982 സെപ്തംബറിൽ മീററ്റിൽ നടന്ന കലാപങ്ങൾക്ക് വഴിമരുന്നിട്ടത്. അയോധ്യയിലെ കർസേവയോടനുബന്ധിച്ച് രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ പൊട്ടി പ്പുറപ്പെട്ട കലാപങ്ങളിൽ സംഘപരിവാരങ്ങളുടെ പങ്ക് അനിഷേധ്യവുമാണ്.

2019ലാണ് ഉത്തർപ്രദേശിലെ രാംകോലയിലുള്ള മഹിളാ മോർച്ച നേതാവായ സുനിതാ സിംഗ് ഗൗറ ഹിന്ദു പുരുഷൻമാർ മുസ്‌ലിം സ്ത്രീകളെ തെരുവിൽ പിടിച്ച് നിറുത്തി ബലാൽസംഗം ചെയ്ത് കെട്ടിത്തൂക്കണമെന്ന് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ മുഴുവൻ ആളുകളെയും അധിക്ഷേപിക്കുന്നവിധം മേനകാ ഗാന്ധി ട്വീറ്റ് ചെയ്തത് ആരും മറക്കാനിടയില്ല. കൊറോണ വ്യാപനത്തോടനുബന്ധിച്ച് മുസ്‌ലിംകളെ പ്രതിക്കൂട്ടിൽ നിറുത്തി പ്രസ്താവനയിറക്കിയ അർണബ് ഗോസ്വാമിയും വസിക്കുന്നത് ഇന്ത്യയിൽതന്നെയാണ്.

2014മുതൽ 2019വരെയുള്ള കാലയളവിൽ രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ മുൻകാലത്തെ അപേക്ഷിച്ച് വളരെയധികം വർധിച്ചതായി പ്രമുഖ എൻജിഒയായ ആക്ട് നൗ ഫോർ ഹാർമണി ആൻഡ് ഡമോക്രസി (എ.എൻ.എച്ച്.എ.ഡി) പ്രസിദ്ധീകരിച്ച കണക്കുകൾ പറയുന്നു. തെരഞ്ഞെടുപ്പിൽ വെറുപ്പ് പടർത്തി നേട്ടമുണ്ടാക്കുന്നവരെ കർശനമായി നേരിടാൻ ഉത്തരവാദപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷൻ പലപ്പോഴും മൗനം പാലിക്കുന്നതായാണ് കാണാനാകുന്നത്. പല്ലും നഖവും കൊഴിഞ്ഞ് അധികാരം ഉപേക്ഷിച്ചിരിക്കുകയാണോ എന്ന് ഈയിടെ കമ്മിഷനോടു ചോദിച്ചത് സുപ്രീം കോടതിയായിരുന്നു.

ഭരണ വൈകല്യങ്ങളിൽനിന്നും ഗുരുതര സ്വഭാവമുള്ള ജനകീയ വിഷയങ്ങളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ എളുപ്പമാണെന്നുള്ളതിനാൽ ഭരണകേന്ദ്രങ്ങളിലുള്ളവർ വർഗീയ ധ്രുവീകരണ പ്രയോഗങ്ങളുമായി നേരിട്ടിറങ്ങുന്നത് പതിവു കാഴ്ചയായിരിക്കുന്നു. രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധികളായ വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, പട്ടിണി, ഇന്ധന വിലവർധന, അതിർത്തി പ്രശ്‌നം തുടങ്ങിയവയെല്ലാം മൂടിവച്ച് ഹിന്ദു, മുസ്‌ലിം എന്നുരുവിട്ട് ഭിന്നതയുണ്ടാക്കുന്ന പുതിയകാല മാധ്യമങ്ങളെ ഭാരത് ജോഡോ യാത്രക്കിടയില് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.

ഡൽഹി കലാപത്തെ തുടർന്ന് ബിജെപി നേതാക്കളായ കപിൽ മിശ്രക്കും പർവേശ് വർമ്മക്കുമെതിരെ വിദ്വേഷ പ്രസംഗം മുൻനിർത്തി കേസെടുക്കണമെന്ന് ഡൽഹി നിയമസഭ ന്യൂനപക്ഷ ക്ഷേമകാര്യ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടപടി ഉണ്ടായില്ല. തെരഞ്ഞെടുപ്പ് വേളകളിലും ചിരിയോടെയും നടത്തുന്ന പ്രയോഗങ്ങൾ കാര്യമാക്കേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി ഒരിക്കൽ നിരീക്ഷിച്ചിരുന്നു.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ പോലും അപകീർത്തിപ്പെടുത്തിയ എംപിമാരും എംഎൽഎമാരും മന്ത്രിമാരും രാജ്യത്ത് ഉണ്ടായിരുന്നിട്ടും അവർക്കൊന്നുമില്ലാത്ത അയോഗ്യതകൊണ്ട് രാഹുൽ ഗാന്ധിയെ വേട്ടയാടുന്നതിലെ ലക്ഷ്യം ഫാഷിസത്തിന്റ പ്രതികാര ബുദ്ധിയല്ലാതെ മറ്റൊന്നുമല്ല.

ഭരണകൂടം കെണിയൊരുക്കുമ്പോൾ

പൂർണമായ കോർപറേറ്റ് വൽകരണം ഉദ്ദേശിച്ചുള്ള നവസാമ്പത്തിക നയങ്ങളിലൂടെയാണ് ഇന്ത്യൻ ഭരണകൂടം അധികാരത്തെ ഉറപ്പിച്ച് നിർത്തുന്നത്. പൗരാവകാശങ്ങളെ പൂർണമായും നിരാകരിക്കുന്ന നിയമനിർമാണവും നിലവിലുള്ള നിയമങ്ങളെ അതിനനുസൃതമായി പരിഷ്‌കരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ തന്ത്രവുമാണ് സംഘപരിവാർ പ്രയോഗിക്കുന്നത്. നട്ടാൽ മുളക്കാത്ത പെരുംനുണകൾ പടച്ച് വിട്ടുകൊണ്ട് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയാണിവർ പ്രയോഗിക്കുന്നത്. അതിന് വേണ്ടി മാധ്യമങ്ങളെയും സമുഹ മാധ്യമങ്ങളെയും ദുരുപയോഗം ചെയ്യുന്നുണ്ട്. ആശയവിനിമയത്തിന്റ ഏറ്റവും വലിയ സാധ്യതയായി വികസിച്ചിരിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന് മുകളിൽ പോലും അധികാരമുറപ്പിക്കുന്നതോടെ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന ഭരണഘടനാവകാശത്തെ നിരാകരിക്കുകയാണ്. ലക്ഷദ്വീപിൽ നടപ്പാക്കുന്ന പുതിയ പരിഷ്‌കാരങ്ങളും കാശ്മീരിന്റ സ്വതന്ത്ര പദവി എടുത്തുകളഞ്ഞ്‌കൊണ്ടുള്ള നിയമനിർമാണവുമെല്ലാം ഇത്തരം ലക്ഷ്യങ്ങളെ മുൻനിറുത്തിയാണെന്നതാണ് വസ്തുത. പശുരാഷ്ട്രീയവും ആൾക്കൂട്ട കൊലപാതകങ്ങളും പൗരത്വ നിയമ ഭേദഗതി ബില്ല് പാർലമെന്റിൽ പാസാക്കിയെടുത്തതുമെല്ലാം ഒരുവിഭാഗത്തെ മാത്രം ലക്ഷ്യമാക്കിയാണെന്ന് തെറ്റിദ്ധരിച്ചവരുടെ കണ്ണുതുറപ്പിക്കുന്നതാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടി.

ഹഥ്‌റസിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടിക്ക് വേണ്ടി ശബ്ദിച്ച സിദ്ദീഖ് കാപ്പനെ തുറുങ്കിലടച്ച പോലെ, 1818ൽ ദളിത് വിഭാഗത്തിന്റ ധീരമായ ചെറുത്ത് നിൽപിന്റ ഭാഗമായി നടന്ന കോരഗാവ് ഐതിഹാസിക സമരത്തിന്റ ഇരുന്നൂറാം വാർഷികാചരണത്തെ സംഘപരിവാരങ്ങൾ അലങ്കോലപ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടയിൽ പുണെ പോലീസ് പാതിരാത്രിയിൽ നടത്തിയ റെയ്ഡിൽ അഞ്ച് പ്രമുഖ പൗരാവകാശ പ്രവർത്തകരെയും തുറുങ്കിലടച്ചു. ഫാഷിസത്തിന്റ ക്രൂരമായ മനുഷ്യാവകാശ നിഷേധത്തിനെതിരെ ശബ്ദിച്ച പാൻസാരയും ധപോൽക്കറും ഗൗരി ലങ്കേഷും കൽബുർഗിയും കൊല്ലപ്പെട്ടു. ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് വേണ്ടി ശബ്ദിക്കുകയും ഭരണകൂട ഭീകരതയെ തുറന്നുകാണിക്കുകയും ചെയ്ത മനുഷ്യാവകാശ പ്രവർത്തകരായ ടീസ്റ്റ സെതൽവാദിനെയും ആർബി ശ്രീകുമാറിനെയും തടവറക്കുള്ളിലാക്കിയതും ശബ്ദിക്കുന്നവരെ അടിച്ചമർത്തുന്നതിന് മറ്റൊരു ഉദാഹരണമാണ്.

മതനിരപേക്ഷ ഇന്ത്യയെ വീണ്ടെടുക്കാനും മർദിതന്റ അവകാശത്തിനും അനീതിയുടെ തടവറ ജീവിതം നയിക്കുന്നവരുടെ വിമോചനത്തിനും സാമ്പത്തിക ക്രമക്കേടിനുമെതിരെ പോരാടുന്നവരെ അധികാരദണ്ഡ് ഉപയോഗിച്ച് നിശ്ശബ്ദമാക്കാനുള്ള ഭരണകൂടവേട്ടയാണ് നടക്കുന്നത്. പ്രതിപക്ഷത്തെ പ്രമുഖനായ നേതാവിനെവരെ നിസ്സാര കാരണങ്ങൾ പറഞ്ഞ് തടവറയിലിടാനുള്ള ശ്രമം ഭരണകൂട വേട്ടയുടെ ഭീകരമുഖമാണ് പ്രകടമാക്കുന്നത്. ഇന്ത്യൻ ജനത ഉണർന്നെഴുന്നേൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

130 കോടി ജനങ്ങളുടെ ശബ്ദ വും വികാരവും ഒരേതാളത്തിൽ പ്രവർത്തിച്ചാൽ നിഷ്പ്രയാസം പ്രതിസന്ധികളെ മറികടക്കാൻ സാധിക്കും. അതിനെ ഏകീകരിക്കാൻ രാഷ്ട്രീയ നേതൃത്വം ഉണർന്ന് പ്രവർത്തിക്കണം. അതിനായി മതനിരപേക്ഷ ചേരികൾ രാജ്യത്തിന് വേണ്ടി സർവതും മറന്ന് ഒരു മെയ്യായി പ്രവർത്തിക്കണം. അതിനുള്ള അവസരമാണ് ഒത്തുവന്നിരിക്കുന്നത്. ഇനിയും നിഷ്‌ക്രിയരാകുന്നപക്ഷം ഓരോർത്തർക്കും വിലക്ക് വീഴുന്ന സാഹചര്യം അതിവിദൂരമല്ലെന്ന കാര്യം മനസിലാക്കിയാൽ നന്ന്.