ഹരിയാന: കലാപവും കരുതൽ തേടുന്ന ജീവിതങ്ങളും

മുജീബ് ഒട്ടുമ്മൽ

2023 സെപ്തംബർ 02 , 1445 സ്വഫർ 17

ഇന്ത്യയിൽ നടന്ന വർഗീയകലാപങ്ങളിൽ ബഹുഭൂരിപക്ഷവും മതഘോഷയാത്രയുമായി ബന്ധപ്പെട്ടാണ് തുടക്കം കുറിച്ചിട്ടുള്ള എന്ന കാര്യം കേവലം യാദൃച്ഛികതയായി എഴുതിത്തള്ളാവുന്നതല്ല. ‘ദൈവ പ്രീതിക്കായി’ സംഘടിപ്പിക്കുന്ന ആഘോഷങ്ങളെ മാനവികവിരുദ്ധ പ്രവർത്തനങ്ങളുടെ നാട്ടക്കുറിയാക്കി മാറ്റുന്നതിലൂടെ സംഹാരമൂർത്തികൾ മാത്രമാണ് തങ്ങളുടെ ‘ദൈവങ്ങൾ’ എന്ന സന്ദേശമാണ് സംഘ്പരിവാർ സമൂഹത്തിന് കൈമാറാനുദ്ദേശിക്കുന്നത്.

ഹരിയാനയിലെ മേവാത്ത് മേഖലയിലെ മുസ്‌ലിം ഭൂരിപക്ഷ ജില്ലയാണ് നുഹ്. ജൂലൈ 31ന് വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗ്ദൾ, മാതൃശക്തി, ദുർഗാവാഹിനി തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനകൾ സംയുക്തമായി അവിടെ ബ്രിജ് മണ്ഡൽ ജലാഭിഷേക ഘോഷയാത്ര സംഘടിപ്പിക്കുകയുണ്ടായി. ഗുരുഗ്രാമിലെ സിവിൽ ലൈനിൽനിന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഗാർഗികക്കർ ഫ്‌ളാഗ് ഓഫ് ചെയ്ത ഘോഷയാത്ര നുഹിലെ ഖേദ്‌ല മോഡിന് സമീപം ഒരു സംഘം ആളുകൾ തടഞ്ഞെന്ന് ആരോപിച്ചത് വ്യാപകമായ സംഘർഷങ്ങൾക്കും വർഗീയ സംഘട്ടങ്ങൾക്കും കാരണമായി. കൊലപാതകവും കല്ലേറും തീവയ്പുമായി ഗുഡ്ഗാവിലെ സോഹ്ന, പൽവാലിലെ ഹോദൽ, ഫരീദാബാദിലെ ബല്ലബ്ഗഡ് എന്നിവ ഉൾപ്പെടെ നൂഹിന്റ സമീപ പ്രദേശങ്ങളിലേക്കും കലാപം പടർന്നുപിടിച്ചു. നീരജ്, ഗുർസേവക് എന്നീ രണ്ട് ഹോംഗാർഡുകൾ ഉൾപ്പെടെ ആറു പേരാണ് അവിടെ കൊല്ലപ്പെട്ടത്. പോലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഗുരുഗ്രാമിലെ അഞ്ജുമാൻ മസ്ജിദിന് ആക്രമികൾ തീയിടുകയും അവിടുത്തെ ഇമാം സഅദ് മുഹമ്മദിനെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. വാഹനങ്ങൾ, പോലീസ് സ്റ്റേഷനുകൾ, കടകൾ, ഗ്യാസ് സ്റ്റേഷനുകൾ, സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ ധാരാളം സംവിധാനങ്ങൾ അഗ്‌നിക്കിരയാക്കി.

ഇന്ത്യയിലുടനീളം നടക്കുന്ന വർഗീയ കലാപങ്ങളിൽ മതഘോഷയാത്രകൾക്ക് കൂടുതൽ പങ്കുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. രാമനവമി, ഹനുമാൻ ജയന്തി, ഗണേഷോൽസവം പോലെയുള്ള ആഘോഷങ്ങളിലും അനുബന്ധ ഘോഷയാത്രകളിലും ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളും ജനങ്ങളുമാണ് അധികവും ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയമാകുന്നത്. സാമ്പത്തിക സ്രോതസ്സുകളും ഉപജീവനമാർഗങ്ങളും കിടപ്പാടങ്ങളുമെല്ലാം ഇത്തരം സംഘർഷങ്ങളിൽ തകർക്കപ്പെടുകയോ അഗ്‌നിക്കിരയാക്കപ്പെടുകയോ ചെയ്യാറുണ്ട്. മണിപ്പൂരിലെ ഭീകരതാണ്ഡവങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പുതന്നെ ഹരിയാനയിലെ നുഹ് ജില്ലയിലേക്കും അക്രമവും വിദ്വേഷവും കടത്താനുള്ള ശ്രമം കേവലം യാദൃച്ഛികമല്ല. 2024ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ബിജെപി, ആർഎസ്എസ് പോലെയുള്ള സംഘ പരിവാര സംഘടനങ്ങൾ ന്യൂനപക്ഷങ്ങളുടെ ചുടുചോരയിൽ സാഹചര്യങ്ങൾ തങ്ങൾക്കനുകൂലമാക്കുകയാണിവിടെ. മണിപ്പൂരും ഹരിയാനയും ഉത്തരേന്ത്യയിലെ ഇതര പ്രദേശങ്ങളും അതിന് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്.

ഘോഷയാത്രകൾ കലാപങ്ങൾ സൃഷ്ടിക്കും വിധം

ഇന്ത്യയിൽ കലാപങ്ങളും സംഘർഷങ്ങളും നടക്കുന്നതിൽ മതഘോഷയാത്രകൾ അനൽപമായ പങ്ക് വഹിക്കുന്നുണ്ട് എന്ന് സൂചിപ്പിച്ചു. അടുത്തിടെ നടന്ന ഡൽഹിയിലെ ജഹാംഗിർപുരിയിലുണ്ടായ കലാപവും അതിനൊരു ഉദാഹരണമാണ്. ഹനുമാൻ ജയന്തിയോടനുബന്ധിച്ച് സംഘപരിവാര സംഘടകളുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്ര ജുമാമസ്ജിദിന് സമീപമെത്തിയപ്പോൾ വാദ്യോപകരണങ്ങളും മുദ്രാവാക്യങ്ങളുംകൊണ്ട് ശബ്ദമുഖരിതമായിരുന്നു. മുസ്‌ലിം ന്യൂനപക്ഷത്തെ പ്രകോപിപ്പിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. മൂന്നുതവണ പ്രകോപനമുണ്ടാക്കിയെങ്കിലും ആരും പ്രതികരിക്കാതായപ്പോൾ മുസ്‌ലിം നാമധാരിയായ സംഘപരിവാര പ്രവർത്തകനെ ഉപയോഗിച്ച് ഘോഷയാത്രക്ക് കല്ലെറിയുകയായിരുന്നു. മുസ്‌ലിം സമുദായത്തിലെ ചെറുപ്പക്കാർ ഘോഷയാത്രയെ ആക്രമിച്ചെന്ന് ആരോപിച്ച് അവിടെയുള്ള മുസ്‌ലിം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. അതാണ് അവരുടെ ലക്ഷ്യമായിരുന്നത്.

‘സിറ്റിസൺസ് ആന്റ് ലോയേ ഴ്‌സ് അസോസിയേഷൻ’ എന്ന സന്നദ്ധ സംഘടന മതാഘോഷ യാത്രകളുടെ അകംപൊരുളുകളെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്. ‘കാലുഷ്യത്തിന്റ വഴിത്താരകളും മതഘോഷയാത്രകളുടെ ആയുധവൽക്കരണവും’ എന്ന പേരിലുള്ള റിപ്പോർട്ട് ഇന്ത്യയിൽ ഘോഷയാത്രകൾ സൃഷ്ടിച്ച കബന്ധങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

പ്രദേശത്ത് വിദ്വേഷം പരത്തുന്നതിലുള്ള ഇത്തരം യാത്രകളുടെ പങ്കിനെക്കുറിച്ച് റിപ്പോർട്ട് ഗൗരവത്തിൽ കോറിയിടുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ കിഴക്കൻ മേഖലകളിലും ദക്ഷിണേന്ത്യയിലും മതപരമായ ഉൽസവങ്ങൾ വർഗീയ സംഘർഷത്തിന്റ പ്രഭവ കേന്ദ്രങ്ങളാക്കാൻ സംഘപരിവാർ ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി. നവരാത്രി വ്രതകാലത്ത് ഡൽഹിയിൽപോലും മാംസക്കടകൾ നിർബന്ധിതമായി അടച്ച് പൂട്ടിക്കുന്ന പ്രവണത അടുത്തകാലം മുതൽ ആരംഭിച്ചതാണ്.

വിദേശ എംബസികൾ സ്ഥിതിചെയ്യുന്ന ദക്ഷിണ ഡൽഹിയിലെ പ്രധാന മാർക്കറ്റുകളിൽപോലും മാംസക്കടകൾ ബലമായി അടപ്പിക്കും. ഇന്ത്യയുടെ വൈവിധ്യം പേറുന്ന ജവഹർലാൽ നെഹ്‌റു സർവകലാശാല മെസ്സിൽപോലും നവരാത്രി കാലത്ത് കോഴിക്കറി നൽകിയതിന് സംഘർഷമുണ്ടായി. ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ട് വംശഹത്യക്ക് പാകപ്പെടുത്തുകയെന്ന ഫാസിസ്റ്റ് കുതന്ത്രമായിരുന്നു അവിടെ അവർ പയറ്റിയിരുന്നത്.

കലാപം:കാരണങ്ങളും യാഥാർഥ്യവും

ഡൽഹിക്ക് സമീപമുള്ള ഹരിയാനയിലെ മുസ്‌ലിം ഭൂരിപക്ഷജില്ലയായ നുഹിലും അവർ പയറ്റിയത് സമാനമായ തന്ത്രമായിരുന്നു. ബ്രിജ് മണ്ഡൽ ജലാഭിഷേക് ഘോഷയാത്ര നടക്കുന്നതിന് മുമ്പുതന്നെ മുസ്‌ലിം സമുദായത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമമുണ്ടായിരുന്നു. ബോധപൂർവമായ കലാപ ശ്രമമാണ് നടന്നതെന്ന് പ്രദേശവാസികളും സാമൂഹ്യസംഘടനകളും വ്യക്തമാക്കുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്നിടത്താണ് ഘോഷയാത്ര സംഘടിപ്പിച്ചത് എന്നതിൽനിന്നുതന്നെ കാര്യം വ്യക്തമാണ്. ഫെബ്രുവരി 15ന് രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ ഘാത്മിക ഗ്രാമത്തിലെ താമസക്കാരായ നസീർ, ജുനൈദ് എന്നിവരെ കാണാതായി. അടുത്തദിവസം ഹരിയാനയിലെ ഭിവാനി ജില്ലയിലെ ലോഹരുവിൽനിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തി. മോനു മനേസർ എന്ന പേരിൽ അറിയപ്പെടുന്ന ഗോരക്ഷാപ്രവർത്തകനും ബജ്‌റംഗ്ദൾ നേതാവുമായ മോഹിത് യാദവായിരുന്നു പ്രധാന പ്രതി. തനിക്കെതിരെ എഫ്‌ഐആർ രേഖപ്പെടുത്തിയ പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും രേഖകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തുവെന്ന് ഇയാൾക്കെതിരെ വാർത്തയുണ്ട്. പിന്നീട് ഇയാൾ ഒളിവിലായിരുന്നുവത്രെ!

ഘോഷയാത്രയുടെ രണ്ടുദിവസം മുമ്പ് പ്രദേശത്തെയും അവിടെയുള്ള ജനങ്ങളെയും മോശമായി ചിത്രീകരിച്ചുകൊണ്ട് ഇയാൾ ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ഇയാൾ ഘോഷയാത്രയിൽ പങ്കെടുക്കുമെന്നും അതിനാൽ എല്ലാവരും അണിനിരക്കണമെന്നും ഉപദേശിച്ചുകൊണ്ടുമുള്ള ഇയാളുടെ വീഡിയോ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. യാത്രയിൽ പങ്കെടുത്ത വാഹനങ്ങളിലധികവും ‘ഗോരക്ഷക്’ എന്ന സ്റ്റിക്കർ പതിച്ചവയായിരുന്നു. അതും പ്രദേശത്ത് ശക്തമായ പ്രകോപനമുണ്ടാക്കുന്നതായിരുന്നു. എന്നാൽ പ്രദേശത്തെ പോലീസ് സംവിധാനങ്ങൾ ക്രിയാത്മകമായി പ്രതികരിക്കേണ്ടതിന് പകരം നിസ്സംഗരാവുകയായിരുന്നു. ബി ജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടമാകട്ടെ ഇത്തരം വിദ്വേഷ പ്രചാരണങ്ങളും സംഘർഷത്തിലേക്ക് നയിക്കാവുന്ന സാഹചര്യങ്ങളും തടയിടാൻ ശ്രമിച്ചതുമില്ല. അഥവാ കലാപത്തിനു ഭരണകൂടത്തിന്റ പിന്തുണ വിളിച്ചോതുന്ന സമീപനമായിരുന്നു അവർ സ്വീകരിച്ചിരുന്നത്.

ഘോഷയാത്രയിൽ പങ്കെടുത്തവർ മാരകമായ ആയുധങ്ങളുമേന്തിയാണ് മുദ്രാവാക്യം വിളിച്ചിരുന്നത്. ഗുഡ്ഗാവ് എംപിയും കേന്ദ്ര സഹമന്ത്രിയുമായ റാവു ഇന്ദ്രജിത് സിംഗിന്റ വാക്കുകൾ ഈ ആരോപണം ശരിവയ്ക്കുന്നുണ്ട്. മതപരമായ യാത്രകളിൽ പങ്കെടുക്കുന്നവർ വാളുകളും വടികളും കൈവശം വയ്ക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. ‘ആരാണ് ജാഥയ്ക്ക് ആയുധങ്ങൾ നൽകിയത്? ആരാണ് വാളുകളോ വടികളോ വഹിച്ചുകൊണ്ട് ഘോഷയാത്രയിൽ പോകുന്നത്? ഇത് തെറ്റാണ്. ഈ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായി. മറുവശത്തുനിന്ന് ഒരു പ്രകോപനവും ഉണ്ടായിട്ടില്ലന്ന് ഞാൻ പറയുന്നില്ല.’ ഒരു മാധ്യമത്താടുള്ള അദ്ദേഹത്തിന്റ സംസാരമാണിത്.

മതഘോഷയാത്രകളെ ആയുധമണിയിക്കുന്നത് ആർഎസ്എസ് രൂപീകൃതമായ അന്നുമുതൽ ആരംഭിച്ചതാണ്. മോദിയുടെ ഭരണത്തിൽ ഇന്ത്യ എത്തിയതോടെ അത് നിത്യസംഭവമായി. 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറയുമ്പോൾ ഈ ആയുധവിന്യാസത്തിന്റ വ്യാപ്തിയും വർധിക്കുന്നു. വിഭജനകാലത്ത് പോലും കലാപം പൊട്ടിപ്പുറപ്പെടാത്ത നൂഹ് എന്ന പ്രദേശത്തെ തന്നെ തെരഞ്ഞെടുത്തതിന് പലകാരണങ്ങളുമുണ്ട്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശം എന്നതിലപ്പുറം രാജസ്ഥാനിലെ ഏഴോളം ലോക്‌സഭാ മണ്ഡലങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന വർഗീയ പ്രസരണം സാധ്യമാകുമെന്ന അനുമാനവും ഇതിന്റ പിന്നിലുണ്ട്. പശ്ചിമ ഉത്തർപ്രദേശിലെ ഗാട്ടുകളെ വർഗീയ ചരടിൽ കോർക്കുക എന്നതും ലക്ഷ്യങ്ങളിലൊന്നാണ്. ജലാഭിഷേക യാത്രയുടെ മുൻനിരയിലേക്ക് മോനു മനേസർ കടന്നുവന്നതും ഇതെല്ലാം ലക്ഷ്യമാക്കിയാണ്.

ജാഥ ആയുധമണിഞ്ഞതിന് പുറമെ വിദ്വേഷം വമിക്കുന്ന മുദ്രാവാക്യങ്ങൾകൊണ്ട് പ്രകോപനമുണ്ടാക്കലും തടർന്നു. 2000ലധികം വരുന്ന ആളുകൾ പങ്കാളികളായ ജാഥക്ക് നേരെ പ്രദേശവാസികളിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. അതിൽ നിരാശരായ ജാഥാംഗങ്ങൾതന്നെ പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യങ്ങൾക്കൊപ്പം കല്ലെറിയുകയായിരുന്നു. പിന്നീട് ജാഥാംഗങ്ങൾ അക്രമാസക്തരായി.

കലാപാഗ്‌നി ആളിക്കത്തിക്കാൻ സംസ്ഥാനഭരണകൂടത്തിന്റ ഭാഗത്തുനിന്നും ശ്രമമുണ്ടായതായി കാണാം. ഭരണകക്ഷികളായ ബിജെപി-ജെജെപി സഖ്യമാണ് ക്രമസമാധാന തകർച്ചക്ക് കാരണമെന്ന് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നിർഭാഗ്യകരമായ സംഭവം എന്ന് വിശേഷിപ്പിച്ചുകൊണ്ട് യാത്രികരെയും പോലീസിനെയും ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുസ്‌ലിം സമുദായത്തിലേക്ക് വിരൽചൂണ്ടി കുറ്റം സമുദായത്തിന്മേൽ ചാർത്താനുള്ള ശ്രമമാണ് നടത്തിയത്. ആയിരത്തോളം പോലിസുകാരുടെ അകമ്പടിയുണ്ടായിട്ടും പുറത്തുനിന്ന് ആക്രമണം നേരിടേണ്ടിവന്നു എന്ന് വാദിക്കുന്നതിലെ യുക്തി ആർക്കും ബോധ്യമാകും. അക്രമ സംഭവങ്ങൾ ആരംഭിച്ച് മണിക്കൂറുകൾക്കകം സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ് നടത്തിയ പ്രസ്താവന എരിതീയിൽ എണ്ണയൊഴിക്കുന്നതായിരുന്നു. സംഘർഷത്തെ തുടർന്ന് മുവായിരത്തോളം പേർ ക്ഷേത്രത്തിൽ അഭയം തേടിയിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റ പ്രസ്താവന. ജനങ്ങളെ പ്രകോപിപ്പിക്കുവാനായുള്ള ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ഭരണകൂടത്തിന്റ പിന്തുണയും പങ്കും വ്യക്തമാക്കുന്നതായിരുന്നു. ഇതേ തുടർന്നാണ് അർധരാത്രിയിൽ മുസ്‌ലിം പള്ളിക്കുനേരെ അക്രമമുണ്ടായത്.

കലാപങ്ങളിൽ ബാക്കിയാകുന്നത്

‘ഇന്ത്യ ഛിന്നഭിന്നമായാൽ പാക്കിസ്ഥാനെയോ മറ്റേതെങ്കിലും വിദേശരാജ്യത്തെയോ പഴിക്കേണ്ട, അതിനു കാരണം നമ്മുടെ രാഷ്ട്രീയ ആത്മഹത്യതന്നെയായിരിക്കും’ എഴുത്തുകാരനായ ഖുഷ്‌വന്ത് സിങ് കലാപങ്ങളെ അപഗ്രഥിച്ചെഴുതിയ പുസ്തകത്തിൽ അടിവരയിട്ടുപറഞ്ഞതാണിത്. വിഭജനം മുതൽ ഗുജറാത്തുവരെയുള്ള കലാപങ്ങളെ അപഗ്രഥിച്ചുകൊണ്ടാണ് ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. വിഭജനകാലത്തെ കലാപമായിരുന്നു ഏറ്റവും ഭീകരമെന്ന് താൻ വിചാരിച്ചുവെങ്കിലും ഡൽഹിയിലെ 1984ലെ സിഖ് കലാപവും 2002ലെ ഗുജറാത്ത് കലാപവും തന്റ ധാരണകളെ മാറ്റിമറിച്ചുവെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. തുടർന്ന് നടക്കുന്ന നരമേധങ്ങൾക്ക് സാക്ഷിയാകാൻ അദ്ദേഹം ഇല്ലാതെപോയതു കൊണ്ട് രചനകളിൽ അത് രേഖപ്പെടുത്താതെപോയിയെന്ന് മാത്രം.

വർഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസുകളിൽ 2020ൽതന്നെ 95% വർധനവുണ്ടായതായി ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർച്ചയായുണ്ടാകുന്ന കലാപങ്ങൾ ദുരിതബാധിത പ്രദേശങ്ങളിലെ സമ്പദ് വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നുണ്ട്. ഹരിയാനയുടെ തലസ്ഥാനത്തോട് ചേർന്നുകിടക്കുന്ന മില്ലേനിയം സിറ്റിയായ ഗുരുഗ്രാം പ്രശ്‌നബാധിത പ്രദേശമായി മാറിയപ്പോഴുണ്ടായ സാമ്പത്തിക ആഘാതം ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ കമ്പനികൾ പ്രവർത്തിക്കുന്ന നഗരമാണ് ഗുരുഗ്രാം. ആധുനികതയുടെ അംബരചുംബികൾ വിളിച്ചോതുന്ന സമൃദ്ധിക്ക് സമാനമായി ഹരിയാനയുടെ വരുമാനത്തിൽ 72 ശതമാനവും സംഭാവന ചെയ്യുന്ന പ്രദേശമാണ് ഗുരുഗ്രാം. ഗുരുഗ്രാമിനെ കണ്ടുപഠിക്കൂ എന്ന് കേരളംപോലെയുള്ള സംസ്ഥാനങ്ങൾക്ക് മാതൃകയായി എല്ലാ നിക്ഷേപകരും എടുത്ത് കാണിക്കുന്ന ഒരു നഗരം കൂടിയാണത്. അത്തരം ഒരു നഗരത്തിൽ വൻ കമ്പനികളുടെ ജീവനക്കാരും ഉദ്യോഗസ്ഥരും ആഴ്ചകളായി സുരക്ഷക്കായി വീടുകളിൽ അടച്ചിരിക്കുകയാണ്!

രാജ്യത്തിന്റ സാമ്പത്തിക സുസ്ഥിരത തകർക്കുന്ന വർഗീയ കലാപങ്ങളെ ചെറുത്ത് തോൽപിക്കേണ്ടത് എല്ലാ ഇന്ത്യക്കാരുടെയും ബാധ്യതയാണ്. വർഗീയ സംഘർഷങ്ങൾക്ക് അധികാരം ദുരുപയോഗം ചെയ്യുന്ന പ്രത്യയശാസ്ത്രത്തെ രാജ്യത്തുനിന്ന് തുടച്ചുനീക്കാനായി എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണം. ഏതെങ്കിലും ഒരു സമുദായത്തെ ലക്ഷ്യമാക്കുമ്പോൾ അതിനെ പ്രതിരോധിക്കേണ്ടത് അവർ മാത്രമാണെന്ന ധാരണയെ വച്ചുപൊറുപ്പിക്കരുത്. ഫാസിസ്റ്റുകളുടെ ദ്രംഷ്ടങ്ങൾ ആർക്ക് നേരെയാണ് നീളുന്നതെങ്കിലും ഇന്ത്യക്കാരനെന്ന നിലയിൽ അതിനെ ചെറുത്തുതോൽപിക്കാൻ മുന്നോട്ടുവരേണ്ടതുണ്ട്.

മൂന്ന് മാസമായി കത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂരിന്റ രണ്ടാം പതിപ്പാണ് ഹരിയാനയിൽ അരങ്ങേറിയത്. തെരഞ്ഞെടുപ്പിലേക്ക് അടുക്കുംതോറും അതിന്റ തീവ്രത കൂടുമെന്ന് പുൽവാമ വെളിപ്പെടുത്തൽ നടത്തിയ മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. അദ്ദേഹത്തിന്റെയും പ്രശാന്ത് ഭൂഷന്റെയും നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന രാജ്യസുരക്ഷ സമ്പന്ധിച്ച കോൺക്ലേവിൽ വ്യക്തമായ പല സൂചനകളും നൽകി ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയുണ്ടായി. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുമ്പ് അരങ്ങേറിയ പുൽവാമയുടെ ആവർത്തനങ്ങൾ ഇല്ലാതിരിക്കാൻ രാജ്യം കണ്ണും കാതും കൂർപ്പിച്ചിരിക്കാൻ മാലികും ഭൂഷനും ഒരുപോലെ ആഹ്വാനം ചെയ്യുന്നുണ്ട്. ഓരോ കലാപവേളയിലും ജാഗരൂകരായി, മുതലെടുപ്പിന്റ ധ്രുവീകരണ രാഷ്ട്രീയത്തെ പിഴുതെറിയാൻ ഇനിയും ശ്രമിക്കാതിരുന്നാൽ രാജ്യം തകർന്ന് തരിപ്പണമാകും.

കിടപ്പാടം തകർത്തെറിയുന്ന ബുൾഡോസറുകൾ

ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലേക്ക് ബുൾഡോസർ അയക്കുന്ന പതിവ് തുടങ്ങി വെച്ചത് യുപിയിലെ യോഗി ആദിത്യനാഥാണ്. അത് പിന്നീട് മധ്യപ്രദേശ് ഉൾപെടെയുള്ള ബിജെപി സർക്കാറുകൾ ഏറ്റെടുത്തു. നൂഹിലെ കലാപത്തിന്റ പേരിൽ മുസ്‌ലിം സമുദായത്തിന്റെ കടകളും വീടുകളും ഇടിച്ചുനിരപ്പാക്കി ഹരിയാനയും യോഗിയുടെ പാതയിൽ പ്രവേശിച്ചിരിക്കുന്നു. ആർഎസ്എസ് പ്രചാരകരെന്ന നിലയിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചവരാണ് മോദിയും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും. ആദ്യതവണ എംഎൽഎ ആയപ്പോൾതന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഖട്ടർ ആരോഹണം നടത്തിയതിന് പിന്നിലും ഈ പ്രചാരക് സൗഹൃദമുണ്ട്. ഖട്ടറിന്റ നിർദേശപ്രകാരം കലാപമുണ്ടായ നൂഹിൽനിന്ന് ഇരുപത് കിലോമീറ്റർ മാറി തൗരുവിൽ രോഹിങ്ക്യൻ അഭയാർഥികളുടെ 250 കുടിലുകളാണ് ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്. നാല് വർഷമായി അഭയാർഥികൾ താമസിച്ചിരുന്ന കുടിലുകളായിരുന്നു അത്. കലാപത്തിന് പിന്നിൽ രോഹിങ്ക്യൻ അഭയാർഥികളാണെന്ന് ആരോപിച്ചാണ് ഈ ക്രൂരത ചെയ്തത്. നൽഹാർ മെഡിക്കൽ കോളജിന് ചുറ്റുമുള്ള 2.6 ഏക്കർ ഭൂമി ഉൾപ്പെടെ 12 സ്ഥലങ്ങളിലെ നിർമാണവും ജില്ലാഭരണകൂടം തകർത്തിരുന്നു.

നൂഹ് ജില്ലയിൽ വീണ്ടും ബുൾഡോസർ രാജ് പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ കണ്ടെത്തുന്നതിനായി സർവേ നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്കും വിവിധ വകുപ്പുകൾക്കും നിർദ്ദേശം നൽകിക്കഴിഞ്ഞു. കൈയേറ്റം കണ്ടെത്തിയാൽ നോട്ടീസ് നൽകി പൊതു പ്രഖ്യാപനം നടത്താനും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്താനുമാണ് നിർദേശം നൽകിയിരിക്കുന്നു. ഇടിച്ച് നിരത്തൽ പുരോഗതി എല്ലാ മാസവും വിലയിരുത്തി തദ്ദേശ സ്ഥാപനങ്ങൾ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കണം. നൂഹ് ജില്ലയിൽ മാത്രമാണ് ഇങ്ങനെയൊരു സർവേക്കും നടപടികൾക്കും നിർദേശം നൽകിയിരിക്കുന്നത്.

നൂഹിലെ കലാപത്തിനു പിന്നാലെ ആഗസ്ത് മൂന്നുമുതൽ ആറുവരെയായി ജില്ലയിൽ ബുൾഡോസറുകൾ ഉപയോഗിച്ച് വ്യാപകമായ ഇടിച്ചുനിരത്തൽ സർക്കാർ നടത്തിയിരുന്നു. ഏഴിന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി ഇടപെട്ട് ഇടിച്ചുനിരത്തൽ തടഞ്ഞു. നോട്ടീസുപോലും അയക്കാതെയുള്ള ഏകപക്ഷീയ ഇടിച്ചുനിരത്തലിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. വംശീയശുദ്ധീകരണമാണോ ലക്ഷ്യമിടുന്നതെന്നുപോലും ബിജെപി സർക്കാരിനോട് കോടതി ആരാഞ്ഞു. കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സർവേ നടത്തി ഇടിച്ചുനിരത്തൽ പുനരാരംഭിക്കാനുള്ള സർക്കാർ നീക്കം.

കലാപത്തിന്റ ക്രൂരതകൾ അരങ്ങേറിയ മണിപ്പൂരിന്റ വേദനകൾ നേരിട്ടറിയാൻ മതനിരപേക്ഷ പാർട്ടികളുടെ പ്രതിനിധിസംഘം സന്ദർശിച്ചത് ഏറെ ആശ്വാസം നൽകുന്നതായിരുന്നു. കലാപങ്ങളിൽ എല്ലാ സ്വപ്‌നങ്ങളും തകർന്ന, വേനദയുടെ നെരിപ്പോടിൽ വെന്തെരിഞ്ഞവരെ ചേർത്തുപിടിക്കാനുള്ള ഇന്ത്യയുടെ പൈതൃകത്തെ മണിപ്പൂരിൽ പുനരുജ്ജീവിപ്പിക്കുവാനുളള ശ്രമം പ്രതീക്ഷ നൽകുന്നതായിരുന്നു. ഹരിയാനയിലും അങ്ങനെയുളള കരുതൽ അനിവാര്യമാണ്. ബുൾഡോസറുകൾകൊണ്ട് തകർത്തെറിയാനുള്ള രാക്ഷസീയ നടപടികൾക്കെതിരെ ശക്തമായ പ്രതികരണം ഉയരണം. ഇടത്പക്ഷത്ത് നിന്നുളള നേതാക്കളുടെ സന്ദർശനംപോലെ സർവ മതനിരപേക്ഷ കക്ഷികളുടെ കരുതലും ഹരിയാനയിൽ ഉണ്ടാകണം. കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലായ ജീവിതങ്ങളെ ചേർത്തുപിടിക്കാൻ മഹാമനസ്‌കരാകണം നാം.

വംശഹത്യാ പ്രത്യയ ശാസ്ത്രത്തെ തിരിച്ചറിയുക

വൈവിധ്യത്തിൽ ഏകത്വമെന്ന മഹത്തായ പൈതൃകമുള്ള ഇന്ത്യാമഹാരാജ്യത്തെ കലാപങ്ങളുടെയും സംഘർഷങ്ങളുടെയും ചോരച്ചാലിൽ മുക്കി തകർത്തെറിയാൻ ശ്രമിക്കുന്ന സംഘപരിവാരങ്ങളുടെ കരാളഹസ്തങ്ങളിലാണ് ഇന്ന് നമ്മുടെ രാജ്യം. വെറുപ്പിന്റ പ്രചാരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘപരിവാര രാഷ്ട്രീയത്തിന്റ തനിനിറം അവരുടെതന്നെ രചനകളിലും അപ്പോസ്തലൻമാരുടെ വാക്കുകളിലും വ്യക്തമാക്കുന്നുണ്ട്.

‘മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ഹിന്ദുരാഷ്ട്രത്തിന്റ ആന്തരിക ശത്രുക്കളാണ്’(വിചാരധാര).

‘സെമിറ്റിക് വംശങ്ങളെ ഉൻമൂലനം ചെയ്ത് ലോകത്തെ ഞെട്ടിച്ച വംശിയാഭിമാനം അതിന്റ പരകോടിയിലെത്തിയ ജർമനിയിൽനിന്ന് ഹിന്ദുസ്ഥാന് പഠിക്കാനും പ്രയോജനപ്പെടുത്താനും നല്ലൊരു പാഠമുണ്ട്. ഹിന്ദു വംശത്തിൽ ഉൾപെടാത്തവർക്ക് പൗരാവകാശംപോലും നൽകരുത്’(we or our nationhood defined).

1930 കളിൽ ജർമനിയിൽ യഹൂദൻമാർക്കെതിരായി നടന്ന നാസീ വംശശുദ്ധീകരണത്തെ പിന്തുണച്ചുകൊണ്ട് തന്റ രണ്ട് പുസ്തകങ്ങളിലായി ആർഎസ്എസിന്റ സ്ഥാപക നേതാവായ ഹെഡ്‌ഗേവാറിന്റ അരുമ ശിഷ്യനായ എംഎസ് ഗോൾവാൾക്കർ എഴുതിയ വിഷലിപ്തമായവരികളാണ് മുകളിൽ നാം വായിച്ചത്. 1940ൽ ആർഎസ്എസിന്റ സർസംഘ് ചാലകായി അവരോധിക്കപ്പെട്ട ഗോൾവാൾക്കർ 1973ൽ മരിക്കുന്നതുവരെ 33 വർഷക്കാലം ആ സ്ഥാനത്ത് അവരോധിതനായത് തന്നെ ആർഎസ്എസിന്റ വംശഹത്യാ പ്രത്യയശാസ്ത്രമുഖം വ്യക്തമാക്കുന്നതാണ്.

കേരളത്തിലെ ആർഎസ്എസ് ശാഖകളിൽ ഇന്നും പഠിപ്പിച്ചുകൊണ്ടിരിക്കുന്ന വിചാരധാരയിൽ ശത്രുക്കളാരാണെന്ന് നിർവചിക്കുമ്പോഴും വടക്കെ ഇന്ത്യയിൽ അത് പ്രായോഗികതലങ്ങൾ സ്പർശിച്ച് തുടങ്ങിയെന്നതാണ് ആധുനിക വർത്തമാനങ്ങൾ നമ്മോട് പറയുന്നത്.

1980കളിൽ സംഘപരിവാർ ഒന്നാമത്തെ ശത്രുവായി ഗോൾവാൾക്കർ അടയാളപ്പെടുത്തിയ മുസ്‌ലിം സമുദായത്തെ മുഖ്യലക്ഷ്യമായി കണ്ടു. സംഘപരിവാറിലെ വിവിധ പ്രസ്ഥാനങ്ങൾ തികച്ചും ആസൂത്രിതമായി ഒരുക്കിയ സാമുദായിക ലഹളകളും കൂട്ടനരമേധങ്ങളും രാജ്യത്തിന്റ പല ഭാഗങ്ങളിലും അരങ്ങേറി. വർഗീയ കലാപങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ വിവിധ കമ്മീഷനുകൾ ഏതെങ്കിലും ഒരു വിധത്തിൽ സംഘ പരിവാറിനുള്ള പങ്ക് അവരുടെ റിപ്പോർട്ടുകളിൽ പ്രത്യേകം എടുത്ത് കാട്ടിയിട്ടുണ്ട്. രേഖകൾ പരിശോധിച്ചാൽ ഈ സംഭവങ്ങളിലെല്ലാം ഇരകളിൽ 65 ശതമാനവും മുസ്‌ലിംകളാണെന്ന് കാണാം. അക്രമങ്ങൾക്ക് ശക്തിപകരാനും ന്യായീകരിക്കാനും മുസ്‌ലിം സമുദായത്തെ ശത്രുക്കളാക്കി ചിത്രീകരിച്ചുകൊണ്ടുള്ള കള്ളപ്രചാരണങ്ങളിൽ അഭിരമിക്കാനാണവർ ശ്രമിച്ചത്. ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദികൾ മുസ്‌ലിംകളാണ് എന്നവർ വാദിച്ചു. ബ്രിട്ടീഷുകാരുടെ കരാളഹസ്തങ്ങളിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ ത്യാഗം ചെയ്ത സമുദായത്തിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചപ്പോൾ ഇന്ത്യാഗൈറ്റ് അടക്കമുള്ള ചരിത്രസ്മാരകങ്ങളിൽ സംഘ് രാഷ്ട്രീയത്തിന്റ ഒരു അപ്പോസ്തലനെയും ദർശിക്കാൻ സാധ്യമല്ലെന്നത് അവർ മനസ്സിലാക്കാതെപോയി.

പാക്കിസ്താനോടാണ് സമുദായത്തിന് കൂറെന്ന് ആരോപിച്ചുകൊണ്ട് ദേശസ്‌നേഹത്തെ ചോദ്യം ചെയ്തപ്പോഴും രാജ്യത്തിന്റ പരമപ്രധാനമായ സുരക്ഷാരഹസ്യങ്ങളെ ശത്രുരാജ്യങ്ങൾക്ക് ചോർത്തിക്കൊടുത്തുകൊണ്ടിരിക്കുന്ന കാവിരാഷ്ട്രീയ പ്രചാരകരെയും ഇവർ മറന്നുപോയി.

ബിജെപി, വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ്ദൾ, ഹിന്ദു ജാഗരൺ മഞ്ച്, ഹിന്ദു മുന്നണി, ഹിന്ദു ഐക്യവേദി, രാഷ്ട്ര സേവികാ സമിതി, വനവാസി കല്യാൺ ആശ്രമം, വിവേകാനന്ദ കേന്ദ്ര, ഭാരത് വികാസ് പരിഷത്ത്, അഖില ഭാരതീയ സാഹിത്യ പരിഷത്ത്, ഭരതീയ ശിക്ഷൺ മണ്ഡൽ, ഭാരതീയ കിസാൻ സംഘ്, ദീൻ ദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഭരതീയ ഇതിഹാസ് സങ്കലൻ യോജന, വിദ്യാഭാരതി, സംസ്‌കൃത ഭാരതി, ദുർഗാവാഹിനി അടക്കം ധാരാളം പരിവാര സംഘടനങ്ങൾ വിദ്വേഷ രാഷ്ട്രീയത്തിന്റ കനലുകൾ പേറി സമൂഹത്തിൽ വിഷം ചുരത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിന്റ അലയൊലികൾ കേരളത്തിന്റ പ്രബുദ്ധതയിലും വളരാൻ ശ്രമിക്കുന്നുണ്ട്.

പച്ചയായ മനുഷ്യരുടെ വേദനകളറിയാത്ത, ചമയങ്ങൾ തീർത്ത താരകങ്ങൾ മണ്ണിലിറങ്ങി വിഷം വമിക്കുന്ന വാചകക്കസർത്തുകൾകൊണ്ട് സൗഹൃദാന്തരീക്ഷത്തെ മലിനപ്പെടുത്തുന്നുണ്ട്. ഇവരുടെ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് ഇന്ത്യയെ വീണ്ടെടുക്കാൻ ആത്മാർഥമായ ശ്രമം ഉണ്ടാകണം. 2024ലെ തെരഞ്ഞെടുപ്പ് അങ്ങനെയൊരു ശുഭപ്രതീക്ഷ നൽകാൻ മതനിരപേക്ഷ സമൂഹം കാത്തിരിക്കുകയാണ്.