തീവണ്ടിയിലെ തീ: ഭീകരത, മനോരോഗം

മുജീബ് ഒട്ടുമ്മൽ

2023 ജൂൺ 17 , 1444 ദുൽഖഅ്ദ 28

തെറ്റുകളുടെ കാഠിന്യത്തേക്കാളേറെ തെറ്റു ചെയ്തവന്റെ മതം ശിക്ഷയുടെ മാനദണ്ഡമാകുന്ന നാട്ടില്‍ അരാജകത്വം നടമാടും. തെറ്റു ചെയ്തതിന്റെ പേരില്‍ അതിനെയെതിര്‍ക്കുന്ന അവന്റെ സമുദായം പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട സാഹചര്യം വന്നാല്‍ അത് വര്‍ഗീയതയക്ക് വിളനിലമൊരുക്കും. ദൗര്‍ഭാഗ്യവശാല്‍, രാജ്യം ആ ഒരു സ്ഥിതിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.

2023 ഏപ്രിൽ രണ്ടിന് ഞായറാഴ്ച രാത്രി 9 മണിയോടെ എലത്തൂരിലെത്തിയ ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിലെ ഡി 1 റിസർവ്ഡ് ബോഗിയിലെ ഒന്ന് മുതൽ 6 വരെയുള്ള സീറ്റുകളിൽ അജ്ഞാതൻ പെട്രോളൊ ഴിച്ച് തീ കൊളുത്തുകയുണ്ടായി. ആക്രമണത്തിൽ ആത്മരക്ഷാർഥം ഓടാൻ ശ്രമിച്ച കുട്ടിയടക്കം മൂന്ന് പേർ മരണപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. സംഭവം അന്വേഷിക്കാനും യഥാർഥ പ്രതിയെ പിടികൂടാനുമായി എഡിജിപി അജിത് കുമാറിന്റ നേതൃത്വത്തിലുള്ള 18 അംഗ സംഘത്തെ ഡിജിപി അനിൽ കാന്ത് നിയോഗിക്കുകയുണ്ടായി.

പ്രതി രക്ഷപ്പെട്ടതിനാൽ ആരാണെന്നറിയാതെ പല വർത്തമാനങ്ങളുമുയർന്നു. കാരിക്കേച്ചർ തയ്യാറാക്കി മാധ്യമങ്ങളിലൂടെ പ്രചാരണം നൽകി.

യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ വച്ച സംഭവത്തിലെ പ്രതിയെ മൂന്നാം നാൾ മഹാരാഷ്ട്രയിലെ രത്‌നഗിരി റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശിയായ ഷാറൂഖ് സെയ്ഫി എന്ന യുവാവാണ് പിടിയിലായതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

ജൂൺ ഒന്ന്, വ്യാഴാഴ്ച പുലർച്ചെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ട കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിന്റ ഒരു ബോഗിക്ക് പൂർണമായി തീപിടിക്കുകയുണ്ടായി. സിസിടിവിയിൽ ദൃശ്യങ്ങൾ പരതിയപ്പോൾ ഒരാൾ കാനയുമായി തീവണ്ടിയുടെ അടുത്തേക്ക് നടന്നടുക്കുന്നത് ദൃഷ്ട്രിയിൽ പെട്ടു. മനഃപൂർവം ആരോ തീവച്ചതാണെന്ന നിഗമനത്തിൽ എല്ലാരും എത്തിച്ചേചർന്നു. ബംഗാളിലെ നോർത്ത് 24 പർഗാന സ്വദേശി പ്രസോൻജിത്ത് സിദ്ഗർ എന്ന ചെറുപ്പക്കാരനാണ് പ്രതിയെന്ന് കണ്ടെത്തുകയും ചെയ്തു.

ജൂൺ അഞ്ച്, തിങ്കളാഴ്ച എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസ് കൊയിലാണ്ടിയിലെത്തിയപ്പോൾ മറ്റൊരു യുവാവ് ട്രെയ്‌നിന് തീവയ്ക്കാൻ ശ്രമിച്ചതിന്റ വാർത്തയും നാം കണ്ടു. മഹാരാഷ്ട്ര സ്വദേശിയായ 20 കാരനാണ് പ്രതി. ട്രെയ്‌നിനുള്ളിലെ പോസ്റ്റർ വലിച്ചുകീറി ലൈറ്റർ ഉപയോഗിച്ച് കത്തിക്കാനുള്ള ശ്രമത്തിനിടെ യാത്രക്കാർ യുവാവിനെ പിടികൂടി റെയിൽവെ പോലീസിനെ ഏൽപിക്കുകയായിരുന്നു.

മൂന്ന് മാസത്തിനിടെ മൂന്ന് തവണ തീവണ്ടിക്ക് തീയിട്ട സംഭവങ്ങൾ ഏറെ ഞെട്ടലോടുകൂടിയാണ് മലയാളികളറിഞ്ഞത്. അന്യസംസ്ഥാനത്തുള്ളവരാണ് പിടിക്കപ്പെട്ട പ്രതികളെല്ലാം എന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. വെറുപ്പിന്റ രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രത്തിനും വേരോട്ടമില്ലാത്ത ഈ കൊച്ചു സംസ്ഥാനത്ത് ഇത്തരം സംഭവങ്ങളരങ്ങേറുമ്പോൾ യാഥാർഥ്യം തിരിച്ചറിയാനും നിജസ്ഥിതി മനസ്സിലാക്കാനും ഓരോ മലയാളിക്കും അവകാശമുണ്ട്.

ഈ സംഭവങ്ങളെ മലയാള മാധ്യമങ്ങളും നിയമപാലകരും സമീപിച്ച രീതി വളരെ വിചിത്രമാണ്. ഒന്നാമത്തെ തീവയ്പിലെ പ്രതി ഷാറൂഖ് സെയ്ഫി എന്ന മുസ്‌ലിം നാമധാരിയാണ്. പേരിലെ വേഷം തിരിച്ചറിഞ്ഞതോടെ അന്താരാഷ്ട്ര ഭീകര പ്രവർത്തനങ്ങളിലേക്കും തീവ്രവാദ സംഘടനകളിലേക്കും അതിന്റ വേരുകൾ തേടി നിയമപാലകർ ജാഗരൂകരായി. ആസൂത്രിത ഭീകരാക്രമണമാണ് എലത്തൂരിൽ നടന്നതെന്ന് കേരളത്തിലെ ഭരണപക്ഷത്തിന്റ കൺവീനർ പത്രക്കാരോട് മൊഴിഞ്ഞു. 2017 മാർച്ച് 7 ന് കാൺപൂർ-ഉജ്ജയ്ൻ പാസഞ്ചർ തീവണ്ടിയിൽ ബോംബു സ്‌ഫോടനം നടത്തിയ സംഭവവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കേസരി ആരോപിക്കുന്നുണ്ട്. സംസ്ഥാനത്തെ അരക്ഷിതമായ തീവണ്ടിയാത്രയുടെയും സുരക്ഷാസംവിധാനത്തിന്റെയും ഭീകരവാദ പ്രവർത്തനത്തിന്റെയും പ്രകടമായ ഉദാഹരണമായി ഇതിനെ വ്യാഖ്യാനിക്കാനും ചിലർ ശ്രമിക്കുന്നു. ഗോധ്രയിലെ തീവണ്ടിയിലെ തീവയ്പിനോട് സമാനതയാകാൻ ഇതിനെ വ്യത്യസ്ത തലങ്ങളിൽ വ്യാഖ്യാനിക്കുന്നുണ്ട്. കേരളത്തെ തീവ്രവാദത്തിന്റ ഹബ്ബായി വ്യാജ പ്രചാരണം നടത്താനുള്ള ആയുധമായാണ് മലയാള മണ്ണിനോട് ശത്രുതാമനോഭാവമുള്ള സംഘ രാഷ്ട്രീയം ഇതിനെയും വ്യാഖ്യാനിക്കുന്നത്. ഡൽഹി നിവാസിയായതിനാൽ സിഎഎ, എൻആർസി സമര പോരാട്ടത്തിൽ പ്രസിദ്ധി നേടിയ ഷഹീൻ ബാഗിലേക്കും ചേർത്ത് പറയാൻ പലരും ആവേശം കാണിക്കുന്നുമുണ്ട്. ബ്രഹ്‌മപുരം മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചതിന് പിന്നിലും ഇയാളെ കാണുന്നവരുണ്ട്. തീവ്ര വർഗീയ രാഷ്ട്രീയം മുതലെടുപ്പിന് വേണ്ടി പരമാവധി അവസരം ഉപയോഗപ്പെടുത്തുന്നുമുണ്ട്. ‘ട്രെയ്‌നിന് തീയിട്ട കേസിലെ പ്രതിക്ക് നോമ്പ് തുറക്കാനും നിസ്‌കരിക്കാനും കേരള പോലീസ് സൗകര്യം ഒരുക്കും’ എന്ന പേരിൽ മാതൃഭൂമി ന്യൂസിന്റെത് എന്ന പേരിൽ വ്യാജ സന്ദേശം ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്. ‘മതേതറ-കേരളത്തോട്-ഒരു ചോദ്യം’ എന്ന ഹാഷ് ടാഗിലാണ് ഈ പോസ്റ്റുകൾ പ്രചരിക്കുന്നത്. ഷാറൂഖ് സെയ്ഫിയെ മുഖം മറയ്ക്കാതെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ മീഡിയകളും നിയമപാലകരും വളരെയധികം ശ്രദ്ധിച്ചിട്ടുമുണ്ട്.

രണ്ടാമത്തെ തീവയ്പ് കണ്ണൂർ റയിൽവേ സ്റ്റേഷനിൽനിന്നാണ്. പ്രതിയാകട്ടെ ബംഗാളിലെ നോർത്ത് പെർഗാന സ്വദേശി പ്രസോൻജിത്ത് സിദ്ഗർ എന്ന യുവാവാണ്. മൂന്നാം പ്ലാറ്റ്‌ഫോമിന് സമീപം എട്ടാമത്തെ യാർഡിൽ നിറുത്തിയിട്ട എക്‌സിക്യൂട്ടീവ് ട്രെയ്‌നിന്റെ ഒരു ബോഗി പൂർണമായും കത്തിയമർന്നു. മറ്റു ബോഗികൾ വേർപെടുത്തിയതിനാൽ ഭീകരമായ തീപിടുത്തം ഉണ്ടായില്ല. അന്വേഷണ ഉദ്യോഗസ്ഥൻമാർ കൃത്യമായി അന്വേഷിച്ച് യാഥാർഥ്യം കണ്ടെത്താനുള്ള ആത്മാർഥമായ പരിശ്രമം നടത്തി. അതിന് മുമ്പുതന്നെ മുൻവിധിയോടെ പ്രതിയുടെ ഭീകര ബന്ധങ്ങളെക്കറിച്ച് വാചാലരായില്ല. അന്താരാഷ്ട്ര ഭീകര സംഘങ്ങളിലേക്ക് ദുരൂഹതയുടെ കെട്ടഴിച്ച് സംശയങ്ങളുടെ നിഴലുകൾ ചാർത്താൻ നിയമപാലകരിൽ ആവേശം കണ്ടില്ല. പകരം ആദ്യനിമിഷം മുതൽതന്നെ പ്രതിയുടെ അഭിമാനത്തെ മാന്യമായി കണ്ടുകൊണ്ടുളള പരിചരണങ്ങളും ന്യായങ്ങളും നിരത്താൻ പ്രത്യേകം ശ്രദ്ധിച്ചു. പ്രതിയുടെ വാമൊഴിയിൽ എല്ലാം അവർ വായിച്ചെടുത്തു.

അതെ, പ്രതിയായ പ്രസോൻജിത്ത് സിദ്ഗറിൽ ഭീകരവാദ ചാപ്പ കുത്താൻ പേരിൽ പോലും അതിന്റെ അംശമില്ലെന്ന വിചിത്രതയാണ് തീരുമാനമായത്. ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന ഇയാൾ കൈയിൽ പണമില്ലാത്തതിന്റെ നിരാശയും മാനസികസമ്മർദവും കാരണം ട്രെയ്‌നിൽ കയറി തീയിടുകയായിരുന്നുവെന്ന് ഉത്തരമേഖലാ ഐജി നീരജ് കുമാർ ഗുപ്ത പറഞ്ഞു. ഇയാൾക്ക് മറ്റു ലക്ഷ്യങ്ങളില്ലെന്നും സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും തീവ്രവാദ ബന്ധമില്ലെന്നും ഐജി കട്ടായം പറഞ്ഞു. ഭിക്ഷാടനം വിലക്കിയ ആർപിഎഫ് ഉദ്യോഗസ്ഥരോടുള്ള വിരോധവുമാണത്രെ അക്രമണത്തിന് കാരണം.

പോലീസുകാരുടെ പരിലാളനയേറ്റ് ഓമനത്തം തുളുമ്പുന്ന മധുരപദങ്ങളിൽ പ്രതി ഇങ്ങനെ പറഞ്ഞു: ‘ഇവിടെയുള്ളവരൊക്കെ നല്ലയാളുകളാണ്. എനിക്ക് സ്റ്റേഷനിൽ ജോലി തരുമോ സർ?’ അത് കേട്ട് പോലീസുകാർ ചിരിച്ചുവത്രെ! കൊൽക്കത്തയിൽ നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹം വിചിത്ര സ്വഭാവമുള്ളയാളാണ് എന്ന് കൂടി അറിഞ്ഞതോടെ സമാധാനമായി! പ്രതിയുടെ മുഖം കേരളക്കരയിൽ പരിചിതമാകാനിടയില്ല. കാരണം അവന്റ മുഖം മറച്ചുകൊണ്ട് അഭിമാനം കാത്ത് സൂക്ഷിക്കാൻ നിയമപാലകർ പരമാവധി ശ്രമിച്ചിട്ടുണ്ട്.

മൂന്നാമത് ട്രെയ്‌നിന് തീ വയ്ക്കാനുള്ള ശ്രമത്തിനിടയിൽ പിടിക്കപ്പെട്ട പ്രതി മഹാരാഷ്ട്ര സ്വദേശിയായ 20 കാരനാണ്. മാധ്യമങ്ങളധികവും അവന്റെ പേര് പോലും പുറത്ത് വിട്ടിട്ടില്ല. കടലാസും ഉപയോഗശൂന്യമായ ലൈറ്ററും ഉപയോഗിച്ച് ട്രെയ്ൻ കത്തിക്കാൻ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശി മാനസികാസ്വാസ്ഥ്യം നേരിടുന്ന വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു. ഭീകരതയുടെ കഥകൾക്കും ഊഹങ്ങൾക്കുമൊന്നും ഇടനൽകാതെ പ്രതിയുടെ മനോരോഗം സ്ഥിരീകരിക്കാൻ നിയമപാലകർക്ക് കഴിഞ്ഞുവെന്നതിൽ നമുക്ക് അഭിമാനിക്കാം.

289 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ട്രെയ്ൻ ദുരന്തത്തിലും വർഗീയത വിതക്കാനുള്ള ശ്രമമുണ്ടായി. ട്രെയ്‌നുകൾ കൂട്ടിയിച്ച സ്ഥലത്തിന് സമീപം വെളുത്ത നിറത്തിലുള്ള ക്ഷേത്രം മുസ്‌ലിം പള്ളിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമുണ്ടായി. എന്നാൽ അത് ബഹാനഗയിലെ ഇസ്‌കോൺ ക്ഷേത്രമാണെന്ന് ആൾട്ട് മീഡിയകൾ വ്യക്തമാക്കുകയുണ്ടായി. എന്നാൽ ഇത്തരം കളവ് പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ തണലൊരുക്കുകയാണ് ഭരണകൂടങ്ങൾ.

ആയിരങ്ങൾ യാത്ര ചെയ്യുന്ന തീവണ്ടി തീയിട്ട് നശിപ്പിക്കുന്നത് വലിയ പാതകം തന്നെയാണ്. യാത്രക്കാരുടെ ദേഹത്തേക്ക് ഇന്ധനം ഒഴിച്ച് തീ വയ്ക്കുന്നത് കൊടും അക്രമമാണ് എന്നതിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല. എന്നാൽ ഇത്തരം ആക്രമണങ്ങളെ വേഷവും പേരും വർഗവും മതവും അനുസരിച്ച് വേരുകൾ തേടുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ല. കുറ്റവാളി ആരായിരുന്നാലും എല്ലാ സാധ്യതകളും അന്വേഷിക്കുകയാണ് വേണ്ടത്. ഒരു സമുദായത്തെ മാത്രം അരികുവൽക്കരിച്ച് എല്ലാ കുറ്റവും ചാർത്താനുള്ള സംഘ് രാഷ്ട്രീയത്തിന്റ ശ്രമങ്ങളെ അധികാരത്തണൽ നൽകി വളർത്താനുളള അജണ്ടയെ ഒരിക്കലും അംഗീകരിക്കാനാവില്ല. ജൂതൻമാരെ പ്ലേഗ് പരത്തുന്ന എലിയോടുപമിച്ച് അവരെ ഉൻമൂലനം ചെയ്യാൻ ജർമൻ മനസ്സിനെ പാകപ്പെടുത്താനുള്ള ജോസഫ് ഗീബൽസിന്റ തന്ത്രമാണ് കാവി രാഷ്ട്രിയം ഇവിടെയും പയറ്റുന്നത്. അതിന് കുടപിടിച്ച് കൊടുക്കാൻ മലയാളി പ്രബുദ്ധത ഒരുക്കമല്ല എന്ന് ഉറക്കെ പറയാൻ നമുക്കാകണം.

മലബാറിൽ ട്രെയ്ൻ കത്തുമ്പോൾ

മഹാരാഷ്ട്ര, ഡൽഹി, ബംഗാ ൾ സ്വദേശികൾ ട്രെയ്‌നിന് തീ വയ്ക്കാൻ മലബാറിലെ സ്ഥലങ്ങൾ തന്നെ തെരഞ്ഞെടുത്തുവെന്നതാണ് ഏറെ വിചിത്രമായിട്ടുള്ളത്. ശരിയായ അന്വേഷണത്തിലൂടെ ഈ അക്രമങ്ങളിലെ ദുരൂഹതയകറ്റാനും ജനങ്ങളെ യാഥാർഥ്യം ബോധ്യപ്പെടുത്തേണ്ട ബാധ്യത അധികാരികൾക്കുണ്ട്. പ്രത്യേകിച്ച് കാലങ്ങളായി മലബാറിനെ പ്രശ്‌ന കാലുഷ്യങ്ങളിൽ തളച്ചിട്ട് രാജ്യത്തെ സംശയമുനയിൽ നിറുത്തി മുതലെടുപ്പിനുള്ള ശ്രമങ്ങൾ നടക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. മലബാറിൽ പ്രശ്‌നങ്ങളുണ്ടാക്കാനായി വർഗീയ ലോബികൾ പരിശ്രമിക്കാൻ തുടങ്ങിയിയിട്ട് നാളുകളേറെയായി. രണ്ടുതരം നേട്ടങ്ങൾ ലക്ഷ്യമാക്കിയാണ് ഇവർ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തുള്ള സാമ്പത്തിക സ്രോതസ്സ് നശിപ്പിക്കുക, ഹിന്ദുക്കൾ മർദിക്കപ്പെടുന്നുവെന്ന ധാരണ സൃഷ്ടിക്കുക എന്നിവയാണവ. എലത്തൂരിലെ ട്രെയ്ൻ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതിനോട് മൗനമാവുകയും പരിക്കേറ്റ ഹിന്ദു സഹോദരങ്ങളുടെ പേരുകൾ പ്രത്യേകം ബോൾഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഘപരിവാര പത്രങ്ങൾ അതിനൊരു തെളിവാണ്.

ഹിന്ദു-മുസ്‌ലിം സൗഹൃദം തകർക്കാനായി ധാരാളം ഗൂഢതന്ത്രങ്ങൾ ഇവർ മെനയുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് തുടർച്ചയായി സിനിമാഹാളുകൾ അഗ്‌നിക്കിരയാക്കിയത് അതിന്റ ഒരു ഭാഗമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. മലബാറിൽ മുസ്‌ലിം മൗലികവാദം വളർന്നുകൊണ്ടിരിക്കുകയാണെന്നും ഹിന്ദുക്കൾ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുമുള്ള പ്രചാരണങ്ങൾ ഇന്ത്യയിലുടനീളം നടക്കുന്നുമുണ്ട്. വർഗീയ രാഷ്ട്രീയ സംഘത്തിന് ജനമനസ്സുകളിൽ സ്വാധീനം ലഭിക്കാനാവശ്യമായ സാമൂഹ്യാവസ്ഥ സൃഷ്ടിക്കാൻ ഹിന്ദു ഇന്റലിജൻഷ്യയുടെ അജണ്ടയുടെ ഭാഗമാണിതെല്ലാം. ഇസ്‌ലാമിനെയും മുസ് ലിംകളെയും ക്വുർആനിനെയും പ്രവാചകനെയും സംബന്ധിച്ച് സാധാരണക്കാർക്കിടയിൽ തെറ്റുധാരണകൾ സൃഷ്ടിക്കുക, ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള ലക്ഷ്യത്തിനാണ് മുസ്‌ലിംകൾ പ്രവർത്തിക്കുന്നതെന്ന് ഹിന്ദുക്കളെ ബോധ്യപ്പെടുത്തുക, മുസ്‌ലിംകൾ ഭരിച്ച കാലഘട്ടങ്ങളിൽ ഹിന്ദുക്കൾ അടിച്ചമർത്തപ്പെടുകയായിരുന്നുവെന്നും ഹിന്ദുസ്ഥാപനങ്ങൾ ധ്വംസിക്കപ്പെടുകയായിരുന്നുവെന്നും സാധാരണക്കാരായ ജനങ്ങളെ പഠിപ്പിക്കുക, ഹിന്ദുരാഷ്ട്രം ചരിത്രത്തിന്റ അനിവാര്യതയാണെന്നും അതിന് വേണ്ടി പ്രവർത്തിക്കുന്നത് ഹിന്ദുയുവതയുടെ ബാധ്യതതയാണെന്നും യുവാക്കളെ ബോധ്യപ്പെടുത്തുക, മുസ്‌ലിംകളെ പ്രകോപിപ്പിച്ച് വൈകാരികമായി പ്രതികരിക്കാൻ പ്രേരിപ്പിക്കുക, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ വർഗീയ കലാപങ്ങളുണ്ടാക്കി ചേരിതിരുവുണ്ടാക്കുക, അതിന് വേണ്ടി ടിപ്പു സുൽത്താന്റെയും ഔറംഗസീബിന്റയും മറ്റു മുസ്‌ലിം ചക്രവർത്തിമാരുടെയും കാലത്ത് നടന്നുവെന്ന് പറയപ്പെടുന്ന ക്ഷേത്രധ്വംസനങ്ങളും മതപരിവർത്തനങ്ങളും ചൂണ്ടിക്കാട്ടി ഒരു മുസ്‌ലിം അധികാരത്തിൽ വന്നാൽ ഇതായിരിക്കും അവസ്ഥയെന്ന് ചിത്രീകരിക്കുന്ന ചരിത്രരചനാ ശൈലി സ്വീകരിക്കുക തുടങ്ങിയതെല്ലാം ഒരു സമുദായത്തെ അപരവത്കരിക്കുവാനും അവരെക്കുറിച്ച് അന്യ സമുദായങ്ങൾക്കിടയിൽ ഭീതിയുണ്ടാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്. സംഘ്പരിവാരത്തിന്റെ ഇത്തരം ദുഷിച്ച പ്രവർത്തനങ്ങളെ സാധൂകരിക്കാനുള്ള സ്റ്റെപ്പുകളാണ് തീവണ്ടിയിലെ തീയും മുസ്‌ലിം നാമധാരിക്ക് ഭീകരതയുടെ പരിവേഷം നൽകലുമെല്ലാം എന്ന് പറയുന്നത് അതിശോക്തിയാവുകയില്ല.

കുറ്റകൃത്യങ്ങളും മതപരിവേഷവും

‘ഗാന്ധിയുടെ ഘാതകൻ ഗോ ഡ്‌സെ ആണെങ്കിൽ, അയാളും രാജ്യത്തിന്റെ പുത്രനാണ്. അയാൾ ജനിച്ചത് ഇന്ത്യയിലാണ്, ഔറംഗസീബിനെയും ബാബറിനെയും പോലെ ഒരു അധിനിവേശക്കാരനായിരുന്നില്ല. ബാബറിന്റെ മകൻ എന്ന് വിളിക്കപ്പെടുന്നതിൽ ആർക്കെങ്കിലും സന്തോഷമുണ്ടെങ്കിൽ ആ വ്യക്തിക്ക് ഭാരത് മാതയുടെ മകനാകാൻ കഴിയില്ല’ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ് സിംഗ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയെ ന്യായീകരിച്ച് പറഞ്ഞ വാക്കുകളാണിവ. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കൊന്ന രാജ്യദ്രോഹിയുടെ ക്രൂരതയെ സാമാന്യവൽക്കരിക്കാൻ യാതൊരു സങ്കോചവുമില്ലാതെ കേന്ദ്ര മന്ത്രി തന്നെ മുന്നോട്ട് വന്നുവെന്നത് എത്ര ഭയാനകമാണ്! പക്ഷേ, ഒരു മുസ്‌ലിമിന്റെ വായയിൽ നിന്നാണ് അത്തരം പരാമർശം വന്നതെങ്കിൽ എന്തായിരിക്കും പുകില്! പാക്കിസ്ഥാൻ ചാരൻ, രാജ്യദ്രോഹി തുടങ്ങിയ പേരുകൾ കൊണ്ട് മാധ്യമങ്ങൾ ആഘോഷിച്ചേനെ!

പ്രജ്ഞാസിങ് ഠാക്കൂറിന്റ ഗോഡ്‌സേയെ കുറിച്ചുള്ള ‘ദേശഭക്ത്’ പരാമർശം വിവാദമായതിന് പിന്നാലെ ഗോഡ്‌സെയെ വാഴ്ത്തി കേന്ദ്ര മന്ത്രി അനന്ത കുമാർ ഹെഡ്‌ഗെ രംഗത്ത് വന്നപ്പോഴും കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ല. അതും ഒരു മുസ്‌ലിം നാമധാരിയുടെ പേരിലായിരുന്നെങ്കിൽ ഒരു സമുദായം നൽകേണ്ടി വരുന്ന വില എന്താകുമായിരുന്നു! തന്റെ വിശ്വാസവും സംസ്‌കാരവും രാജ്യത്തോടുള്ള പ്രതിബദ്ധതയും കാരണമായി ഒരിക്കലും ഒരു മുസ്‌ലിമിന്റെ നാവിൽനിന്ന് അത്തരം വാക്കുകൾ വരില്ലെന്നത് വേറെ കാര്യം.

രാജ്യത്തിന്റെ പ്രതിരോധ രഹസ്യം പാക്കിസ്ഥാന് ചോർത്തിക്കൊടുത്തത് ഡിആർഡിഒ ഡയറക്ടർ പ്രതീപ് കുരുൽക്കർ ആർഎസ്എസുകാരനായിരുന്നു. അയാൾ മുസ്‌ലിം നാമധാരിയായിരുന്നെങ്കിൽ മുസ്‌ലിം സമുദായം ഭീകരമായ വിധത്തിൽ ക്രൂശിക്കപ്പെടുമായിരുന്നില്ലേ? രാജ്യത്തിന്റ പല ഭാഗങ്ങളിലും അരങ്ങേറിയ സാമുദായിക ലഹളകൾക്കും കൂട്ടനരമേധങ്ങൾക്കും കാരണം സംഘ്പരിവാരിലെ വിവിധ പ്രസ്ഥാനങ്ങളായിരുന്നുവെന്ന് അ ന്വേഷണം നടത്തിയ വിവിധ കമ്മീഷനുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിന് കാരണമായിട്ടുള്ളത് ഗോൾവാൾക്കറിയൻ പ്രത്യയശാസ്ത്രമാണ് താനും. ഗോൾവാൾക്കർ പറയുന്നു: ‘ഈ മണ്ണിൽ ജനിച്ച് വികാസം പ്രാപിച്ച് ആയിരമായിരം വർഷങ്ങളായി ഇവിടെ കഴിയുന്ന ഒരു ജനസമൂഹമാണ് നമ്മുടെത്. ഹിന്ദു സമൂഹം എന്നാണ് ഈ സമൂഹം പ്രത്യേകിച്ച് അടുത്ത കാലത്തായി അറിയപ്പെടുന്നത്. അതൊരു ചരിത്ര യാഥാർഥ്യമാകുന്നു. കാരണം ഹൈന്ദവ ജനതയുടെ പ്രപിതാക്കളാണ് സമൂഹത്തിന്റ പാരമ്പര്യങ്ങളും വിവിധ മാനദണ്ഡങ്ങളും നിശ്ചയിച്ചതും കടമകളും അവകാശങ്ങളും തിട്ടപ്പെടുത്തിയിട്ടുള്ളതും. മാതൃഭൂമിയുടെ അഖണ്ഡതയും പവിത്രതയും സംരക്ഷിക്കുന്നതിന് വേണ്ടി രക്തം ചൊരിഞ്ഞതും അവർതന്നെയാണ്. ആയിരമായിരം വർഷത്തെ നമ്മുടെ ചരിത്രത്തിൽ ഇതിനെല്ലാം തെളിവുകളുണ്ട്. വളരെ സ്പഷ്ടമാണ്, ഇത് ഹിന്ദുക്കളുടെ ജൻമഭൂമിയാണ്, ഹിന്ദുക്കളുടെ മാത്രം.’

ഈ ആശയം ഗ്രഹിച്ച് അതനുസരിച്ച് ജീവിക്കുന്നവന്റ പ്രവൃത്തിയിലൂടെയും നാവിലൂടെയും സ്പർദയും വിദ്വേഷ പ്രവാഹവും വന്നാലും ഒരു നിയമനടപടിയും അവനെ ബാധിക്കുകയില്ലന്ന പൊതുബോധം രൂപപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തെ മുഖ്യ ലക്ഷ്യമാക്കി സംഘ്പരിവാരങ്ങൾ കരുക്കൾ നീക്കിയ 1980 മുതൽ പ്രത്യേകിച്ച് അങ്ങനെയൊരു ബോധം രൂപപ്പെടുത്തിയിട്ടുണ്ട്.

കേരളീയ പരിസരങ്ങളിലെ ‘മനോരോഗം’

ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആർഎസ്എസ് ശാഖകളുള്ള സംസ്ഥാനമാണ് കേരളം. അതിന്റ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് മലയാളികൾക്കിടയിൽ വെറുപ്പുൽപാദിപ്പിച്ച് കൊണ്ടിരിക്കുന്നുണ്ട്. എന്നിട്ടും സാമൂഹിക സഹോദര്യത്തിന് വിള്ളലേൽപിക്കാൻ സാധിച്ചിട്ടില്ലെന്നത് മലയാളികളുടെ പ്രബുദ്ധതയെയും സൗഹൃദബോധത്തെയും കൂടുതൽ പ്രതിഫലിപ്പിക്കുന്നതാണ്. സിനിമാ രംഗത്തെയും സാംസ്‌കാരിക രംഗത്തെയും കാവിവൽകരിച്ച് മലയാളികൾക്കിടയിൽ വിദ്വേഷം വിതക്കാൻ ശ്രമിച്ചിട്ടും യാതൊരു പ്രതിഫലനവും ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നതാണ് സാമൂഹിക ജീവിതം സാക്ഷ്യപ്പെടുത്തുന്നത്.

കേരളത്തിൽ കലാപമുണ്ടാക്കാനും മതവിദ്വേഷം വളർത്താനും ആസൂത്രിതമായ ശ്രമങ്ങളുണ്ട്. അതിന് നേതൃത്വം നൽകുന്നവർ പ്രത്യക്ഷത്തിൽ തന്നെ ജനങ്ങൾക്കിടയിൽ ജീവിക്കുന്നുമുണ്ട്. അധികാരികളും നിയമപാലകരും ഇതിനോട് നിസ്സംഗത പുലർത്തുന്നത് സമാധാനകാംക്ഷികളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.

2020ൽ തോക്കുകളും വടിവാളുകളും മറ്റു മാരകായുധങ്ങളുമായി ഫേസ്ബുക്കിലും ട്വിറ്ററിലും കലാപാഹ്വാനം നടത്തിയ ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുക്കാൻ പോസ്റ്റിന്റെ ചിത്രങ്ങൾ പോലീസിെൻറ സോഷ്യൽ മീഡിയാ സെല്ലിന് അയച്ച് കൊടുത്തയാൾക്ക് "not in Kerala (അയാൾ കേരളത്തിലല്ല)’ എന്ന വിചിത്രമായ മറുപടിയാണത്രെ ലഭിച്ചത്. അമിത് ഷാ, യോഗി ആദിത്യ നാഥ്, മോദി തുടങ്ങിയ സംഘ് പരിവാറിന്റ മുതിർന്ന നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്നയാളാണ് പ്രതീഷ്. സോഷ്യൽ മീഡിയയിൽ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന ഇയാൾക്കെതിരെ നിരവധി പേർ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നു മുണ്ടായിട്ടില്ല.

‘ആയുധം താഴെ വയ്ക്കാൻ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയിൽ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാക്കിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരുംതലമുറക്ക് സമ്മാനിക്കേണ്ടതില്ലെങ്കിൽ വിശ്രമത്തിനുളള സമയമല്ല ഇത്’ എന്ന് ആഹ്വാനം ചെയ്താണ് തോക്കുകളും വടിവാളുകളുമടങ്ങിയ മാരകായുധങ്ങൾ പൂജയ്ക്ക് വയ്ക്കുന്ന ചിത്രം പ്രതീഷ് ഫേസ്ബുക്കിലിട്ടത്. ഇതേ ചിത്രങ്ങൾ ഇംഗ്ലീഷ് അടിക്കുറിപ്പോടെ ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുലക്ഷം ഹിന്ദു യുവാക്കൾക്ക് ത്രിശൂലം വിതരണം ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്രയൊക്കെ ആയിട്ടും ഇയാൾക്കെതിരെ നിയമനടപടിയെടുക്കാൻ അധികാരികൾ തയ്യാറായിട്ടില്ല. എന്നാൽ പുസ്തകങ്ങളും ലഘുലേഖകളും കൈവശം വച്ചതിന് അലൻ, ത്വാഹ എന്നീ ഇടതുപക്ഷ സഹയാത്രികരെ യുഎപിഎ ചുമത്തി മാസങ്ങളോളം തടവിലിട്ടതും നമ്മുടെ കേരളത്തിലാണ്. ശബരിമല വിഷയത്തിൽ കൊച്ചി കമ്മീഷണർ ഓഫീസിന് മുന്നിൽ വച്ച് ബിന്ദു അമ്മിണിയെ മുളക് പൊടി സ്‌പ്രേ ഉപയോഗിച്ച് ആക്രമിച്ചത് പ്രതീഷിന്റ നേതൃത്വത്തിലുള്ള സംഘമായിരുന്നു. തൃശൂർ കൊടുങ്ങല്ലൂരിൽ വൈദികരെ കൈയേറ്റം ചെയ്തത് ഹിന്ദു പരിഷത്ത് ജില്ലാ ഭാരവാഹി ഗോപിനാഥൻ കൊടുങ്ങല്ലൂരായിരുന്നു. ആലുവയിൽ സിനിമയുടെ സെറ്റ് തകർത്തതും പറവൂരിൽ നോട്ടീസ് വിതരണം ചെയ്ത മുജാഹിദ് പ്രവർത്തകരെ ആക്രമിച്ചതും ഇവർ തന്നെയാണ്. എന്നിട്ടും ഇവർക്കെതിരെ നടപടി സ്വീകരിക്കുവാൻ അധികാരികൾ തയ്യാറാവാത്തതാണ് സമാധാനകാംക്ഷികളെ ആകുലപ്പെടുത്തുന്നത്. ചാനൽ ചർച്ചകളിൽ വന്നിരുന്ന് കളവു പറഞ്ഞ് വർഗീയ വിഷം ചീറ്റുന്നവർക്കെതിരെയും ചെറുവിരലനക്കുന്നില്ലന്നതും ‘മനോരോഗികൾ’ വളരാൻ കാരണമാകുന്നുണ്ട്.