പ്രവാചകന്മാർ; ദൗത്യവും സന്ദേശവും

ഉസ്മാൻ പാലക്കാഴി

2023 ഫെബ്രുവരി 25, 1444 ശഅ്ബാൻ 04

അല്ലാഹുവിന്റെ സവിശേഷ സൃഷ്ടിയാണ് മനുഷ്യൻ. നന്മ ചെയ്ത് ഉത്തമരാവാനും തിന്മ ചെയ്ത് അധമരാവാനും പറ്റിയ രൂപത്തിലാണ് മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യർക്ക് നേർവഴി കാട്ടാനായി അവരിൽ നിന്നുതന്നെ ദൈവം തെരഞ്ഞെടുത്തവരാണ് പ്രവാചകന്മാർ. സ്രഷ്ടാവായ അല്ലാഹുവിന്റെ നിയമനിർദേശങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ നിയുക്തരായ പ്രവാചകന്മാരെ കുറിച്ച് അറിഞ്ഞിരിക്കൽ ഓരോരുത്തരുടെയും കടമയാണ്.

പ്രപഞ്ചവും പ്രപഞ്ചത്തിലെ ജീവജാലങ്ങളും അജൈവ വസ്തുക്കളുമൊന്നും താനേ ഉണ്ടായതല്ല. സർവശക്തനും സൂക്ഷ്മജ്ഞാനിയുമായ ദൈവം സൃഷ്ടിച്ചതാണെല്ലാം. അല്ലെന്നു പറയുന്നവർ സ്വന്തം മനസ്സാക്ഷിപോലും അംഗീകരിക്കാത്ത കാര്യമാണ് പറയുന്നത്. ഒരു തീപ്പെട്ടിക്കൊള്ളി കാണിച്ച് ഇത് സ്വയം ഉണ്ടായതാണെന്നു പറഞ്ഞാൽ അത് അംഗീകരിക്കാൻ തയ്യാറാകാത്ത, അതിനു പിന്നിൽ ഒട്ടേറെ മനുഷ്യരുടെ പ്രയത്‌നമുണ്ടെന്ന് വിശദീകരിക്കുന്ന ഒരാൾ കോടിക്കണക്കായ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഭൂമിയും അതിലെ എണ്ണിയാലൊടുങ്ങാത്ത ജീവിവർഗങ്ങളും താനേ ഉണ്ടായതാണെന്നു പറയുന്നുവെങ്കിൽ അതിനെക്കാൾ വലിയ വിരോധാഭാസം എന്താണുള്ളത്?

വിശുദ്ധ ക്വുർആൻ പഠിപ്പിക്കുന്നത് സൂക്ഷ്മ, സ്ഥൂല പ്രപഞ്ചം അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്നാണ്. “..എല്ലാ വസ്തുക്കളെയും അവൻ സൃഷ്ടിച്ചതാണ്. അവൻ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്’’ (6:101).

“...ഓരോ വസ്തുവെയും അവൻ സൃഷ്ടിക്കുകയും അതിനെ അവൻ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു’’ (25:2).

ജീവികളെ വെറുതെയങ്ങ് സൃഷ്ടിച്ചുവിട്ടിരിക്കുകയല്ല സ്രഷ്ടാവ് ചെയിതിരിക്കുന്നത്; അവയ്ക്ക് വളരുവാനും ഇരതേടുവാനും ഇണചേരുവാനും താമസസ്ഥലമൊരുക്കുന്നതിനുമൊക്കെ ആവശ്യമായ ചോദനകളും കഴിവുകളും കൂടെ നൽകിയിട്ടുണ്ട്. അവ ഏതുതരം ഭൂപ്രദേശത്താണോ ജീവിക്കുന്നത് അവിടെ അതിജീവനം സാധ്യമാകും വിധത്തിലുള്ള ബാഹ്യവും ആന്തരികവുമായ പ്രത്യേകതകൾ അവയ്ക്ക് നൽകപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു:

“അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമം പ്രകീർത്തിക്കുക. സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്റെ). വ്യവസ്ഥ നിർണയിച്ചു മാർഗദർശനം നൽകിയവനും’’ (87:1-3).

“അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നൽകുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്’’ (ക്വുർആൻ 20:50).

ജന്മവാസനകൾ

ഓരോ ജീവിക്കും നിലനിൽപിനാവശ്യമായ ജന്മവാസനകൾ നൽകപ്പെട്ടിട്ടുണ്ട്. അതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയാണെങ്കിൽ നാം അത്ഭുതപ്പെട്ടുപോകും. അത്രയും കൃത്യതയും കണിശതയും അതിൽ കണ്ടെത്താനാകും.

ഉദാഹരണത്തിന് ‘കാട്ടിലെ എഞ്ചിനീയർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവിയായ ബീവറിനെ എടുക്കാം. അവ അണക്കെട്ടുനിർമാണത്തിൽ അതിവിദഗ്ധരാണ്. സ്വന്തം പല്ലുകളും ശരീരഭാഗങ്ങളുമുപയോഗിച്ച് മരങ്ങൾ മുറിച്ച് അണകെട്ടേണ്ട സ്ഥലത്തെത്തിക്കും. ഇങ്ങനെ വെള്ളം കെട്ടിനിർത്തി അതിനു നടുവിൽതന്നെ ബീവറുകൾ വീടും ഒരുക്കും. മരച്ചില്ലകളും ചെളിയും ഉപയോഗിച്ചാണ് വീടുനിർമാണം. ജലത്തിനടിയിലാണ് വീടിന്റെ വാതിൽ. മഞ്ഞുകാലത്ത് ജലം ഉറഞ്ഞ് ഐസാകുമ്പോൾ പോലും ജലാശയത്തിനടിയിലേക്കും ഭക്ഷണക്കലവറയിലേക്കും പോകാനുള്ള മാർഗങ്ങളും ബീവർ വീടുനിർമിക്കുമ്പോഴേ ഉണ്ടാക്കും. മഞ്ഞുകാലം കഴിയുമ്പോൾ മഞ്ഞുരുകി ജലനിരപ്പുയർന്നാലും വീടിനെ രക്ഷിക്കാൻ മാർഗമുണ്ട്. ഡാമിന്റെ ഒരറ്റത്തുണ്ടാക്കിയ വിള്ളലിലൂടെ അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയും.

തേനീച്ചയെക്കുറിച്ച് ചിന്തിച്ചുനോക്കുക. അവയുടെ കൂടുനിർമാണവും അവ തമ്മിൽ നടത്തുന്ന ആശയ വിനിമയവും വിസ്മയിപ്പിക്കുന്നതാണ്. അല്ലാഹു പറയുന്നു:

“നിന്റെ നാഥൻ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യർ കെട്ടിയുയർത്തുന്നവയിലും നീ പാർപ്പിടങ്ങളുണ്ടാക്കിക്കൊള്ളുക’’ (ക്വുർആൻ 16:68).

ഇങ്ങനെ ഏതു ജീവിയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചാലും നമ്മെ വിസ്മയിപ്പിക്കുന്ന, എങ്ങനെ ഇവയ്ക്ക് ഇതിന് കഴിയുന്നു, ആരാണിത് പഠിപ്പിച്ചത് എന്ന ചോദ്യം നമ്മുടെയുള്ളിലുണ്ടാക്കുന്ന ഒട്ടേറെ കഴിവുകൾ കാണാം. അല്ലാഹു പറയുന്നത് അവനാണ് അവയ്ക്ക് മാർഗദർശനം നൽകിയത് എന്നാണ്. ജന്മനാ അല്ലാഹു അവയ്ക്ക് നൽകുന്ന കഴിവും ബോധനവുമാണത്. അതുകൊണ്ടാണ് ആരും പഠിപ്പിച്ചുകൊടുക്കാതെ അവയ്ക്ക് അതിന് സാധ്യമാകുന്നത്.

ഓരോ ജീവിക്കും അതിന്റെ ജീവിത സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഇന്ദ്രിയാവബോധം നൽകിയിരിക്കുന്നു. ഉറുമ്പും നായയും ഘ്രാണണശക്തിയിൽ മികച്ചു നിൽക്കുന്നവയാണ്. ഒരു ശർക്കരപ്പൊട്ട് മേശപ്പുറത്ത് വെച്ചുനോക്കുക. എത്ര പെട്ടെന്നാണ് നൂറുകണക്കിന് ചോണനുറുമ്പുകൾ അതിനു ചുറ്റും വന്നുകൂടുന്നത് എന്നു കാണാം. നായയുടെ മണം പിടിക്കാനുള്ള കഴിവുകൊണ്ടാണല്ലോ പൊലീസ് സേന അവയെ ഉപയോഗിക്കുന്നത്. കഴുകനും പരുന്തിനും മൂർച്ചയേറിയ കാഴ്ചശക്തിയാണുള്ളത്. വവ്വാലിന് അതിസൂക്ഷ്മമായ ശബ്ദവീചികൾ പോലും കേൾക്കാനുള്ള കഴിവുണ്ട്. ഇങ്ങനെ ഓരോതരം ജീവിക്കും അനുയോജ്യമായ സവിശേഷതകളുള്ളതായി കാണുവാൻ സാധിക്കും.

മനുഷ്യൻ

അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒട്ടേറെ സവിശേഷതകളുള്ള ജീവിയാണ് മനുഷ്യൻ.

“തീർച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാംവാഹനത്തിൽ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളിൽനിന്ന് നാം അവർക്ക് ഉപജീവനം നൽകുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക് നാം സവിശേഷമായ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു’’ (ക്വുർആൻ 17:70).

“തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു’’ (ക്വുർആൻ 95:4).

മനുഷ്യശരീരത്തിന്റെ നിസ്തുലമായ ഘടനയും അതിന്റെ സങ്കീർണമായ പ്രവർത്തനങ്ങളും വിസ്മയകരമാണ്. അല്ലാഹു ചോദിക്കുന്നു:

“ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തിൽ നിന്നെ വഞ്ചിച്ചുകളഞ്ഞതെന്താണ്? നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവൻ. താൻ ഉദ്ദേശിച്ച രൂപത്തിൽ നിന്നെ സംഘടിപ്പിച്ചവൻ’’ (ക്വുർആൻ 82:6-8).

നമ്മുടെ ആരുടെയും അഭിപ്രായ പ്രകാരമല്ല നാം ഇവിടെ ജനിച്ചതും ഇനി ഇവിടെ നിന്ന് വിടപറഞ്ഞ് പോകുന്നതും. ഒരു കുട്ടിയായി പിറന്ന് വാർധക്യത്തിൽ എത്തി മരിക്കുന്ന ഒരു മനുഷ്യന്റെ ശരീര ഘടനയിൽ വരുന്ന മാറ്റങ്ങളിൽ ആ വ്യക്തിക്ക് യാതാരു പങ്കുമില്ല. എല്ലാം തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും അല്ലാഹു മാത്രം. ജനിക്കുന്ന വേളയിൽ മറ്റു പല ജീവികൾക്കുമുള്ള കഴിവ് നൽകപ്പെടാത്തവനാണ് മനുഷ്യക്കുഞ്ഞ്. ഒരു ആട്ടിൻകുട്ടിയോ പശുക്കുട്ടിയോ ജനിച്ച് അൽപ സമയം കഴിഞ്ഞാൽ നടക്കാൻ തുടങ്ങും. മാതാവിന്റെ അകിടു തേടിച്ചെന്ന് പാൽകുടിക്കും. എന്നാൽ മനുഷ്യക്കുഞ്ഞിന് ഇത് അസാധ്യമാണ്. അല്ലാഹു പറയുന്നു:

“നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളിൽനിന്ന് നിങ്ങൾക്ക് യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയിൽ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ടുവന്നു. നിങ്ങൾക്ക് അവൻ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും നൽകുകയും ചെയ്തു. നിങ്ങൾ നന്ദിയുള്ളവരായിരിക്കാൻ വേണ്ടി’’ (ക്വുർആൻ 16:78).

ക്രമേണ മനുഷ്യനിൽ ഓരോ കഴിവും വികസിച്ചുവരുന്നു. മാതാപിതാക്കളിൽനിന്നും ചുറ്റുപാടുകളിൽനിന്നും അവൻ പലതും മനസ്സിലാക്കുന്നു. പഞ്ചേന്ദ്രിയങ്ങളിലൂടെ പലതും തിരിച്ചറിയുന്നു. സംസാരിക്കാൻ ശീലിക്കുന്നു. അങ്ങനെ ശൈശവം, ബാല്യം, കൗമാരം, യൗവനം, വാർധക്യം തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. തനിക്ക് നൽകപ്പെട്ട ബുദ്ധിയും ചിന്താശേഷിയും ഉപയോഗപ്പെടുത്തി പലതും നേടിയെടുക്കുന്നു.

ശാസ്ത്ര, സാങ്കേതിക വിവരങ്ങളുടെ രംഗത്ത് മനുഷ്യൻ ദിനേന മുന്നോട്ടു കുതിക്കുകയാണ്. പക്ഷേ, മനുഷ്യന് പ്രപഞ്ചത്തെ മനസ്സിലാക്കാൻ കഴിയുന്നതിൽ, അറിവ് നേടുന്നതിൽ പരിമിതികളുണ്ട്. സ്ഥലകാല നൈരന്തര്യത്തിന് പുറത്തെ ഒന്നിനെക്കുറിച്ചും അവന് ചിന്തിക്കാനാവില്ല. പ്രപഞ്ചത്തെയോ പദാർഥങ്ങളെയോ കുറിച്ച് പൂർണമായി അറിയാൻ അവന് കഴിയില്ല. അല്ലാഹു പറയുന്നു:

“...അറിവിൽ നിന്ന് അൽപമല്ലാതെ നിങ്ങൾക്ക് നൽകപ്പെട്ടിട്ടില്ല’’ (ക്വുർആൻ 17:85).

ജീവിതലക്ഷ്യം

ഏറെ സവിശേഷതകളുള്ള, കണ്ടുപിടിത്തങ്ങൾ നടത്താൻ ശേഷിയുള്ള, നാഗരികതകൾ കെട്ടിപ്പടുക്കാൻ െകൽപുള്ള മനുഷ്യന്റെ ആത്യന്തിക ലക്ഷ്യമെന്താണ്? എവിടെനിന്നാണ് താൻ വന്നത്? മരണശേഷം എന്താണ് തന്റെ അവസ്ഥ? എന്താണ് നന്മ? എന്താണ് തിന്മ? നന്മ ചെയ്തിട്ട് എന്താണ് ഗുണം? തിന്മ ചെയ്താൽ എന്താണ് ദോഷം? അവനവന്റെ സുഖജീവിതത്തിന്റെ മാർഗത്തിൽ മറ്റുള്ളവർക്ക് പ്രയാസമുണ്ടാകുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നത് തെറ്റോ ശരിയോ? ഭൂമിയിൽ തനിക്ക് മനുഷ്യനായി ജനിക്കാൻ അവസരം തന്ന, എണ്ണമറ്റ അനുഗ്രഹങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സ്രഷ്ടാവിവിനോട് നന്ദി കാണിക്കേണ്ടതുണ്ടോ? ഉണ്ടെങ്കിൽ അതെങ്ങനെയായിരിക്കണം? ആരാണത് പഠിപ്പിച്ചുതരിക? ഇത്തരം ചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്താൻ സാധ്യമല്ല. ശാസ്ത്രത്തിന്റെ പക്കൽ ഇതിനൊന്നും ഉത്തരമില്ല. നന്മതിന്മകളും ജീവിത ലക്ഷ്യവും മനുഷ്യർ സ്വയം തീരുമാനിക്കുകയാണെങ്കിൽ വൈരുധ്യങ്ങളുടെ സംഘട്ടനമാണ് നടക്കുക. കാലുഷ്യങ്ങൾ വിട്ടകലില്ല. സ്രഷ്ടാവിൽനിന്നുള്ള ബോധനത്തിലൂടെ മാത്രമെ ഇതിനെല്ലാം കൃത്യവും വ്യക്തവുമായ ഉത്തരം കണ്ടെത്താൻ സാധിക്കുകയുള്ളൂ.

ദൈവിക ബോധനത്തിന്റെ അനിവാര്യത

മനുഷ്യരെ സൃഷ്ടിച്ച, ത്രികാലജ്ഞാനിയായ സ്രഷ്ടാവിനു മാത്രമെ അവരുടെ പ്രശ്‌നങ്ങൾക്കുള്ള പ്രായോഗിക പരിഹാരം നിർദേശിക്കുവാനും നന്മതിന്മകളെന്തെന്ന് വ്യവഛേദിച്ച് കൊടുക്കുവാനും കഴിയുകയുള്ളൂ. അതിനായി അല്ലാഹു നിയോഗിച്ചവരാണ് പ്രവാചകന്മാർ. ഇന്ദ്രിയാതീതമായ അറിവ് സമ്പാദിക്കാൻ ദൈവിക ബോധനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ കഴിയില്ല. മനുഷ്യരെ സൃഷ്ടിച്ച നാഥൻ അവരുടെ ഇഹപര ജീവിത വിജയത്തിനാവശ്യമായ കാര്യങ്ങൾ കാലാകാലങ്ങളിൽ അവന്റെ ദൂതന്മാർ മുഖേന നൽകിയിട്ടുണ്ട്.

“...തീർച്ചയായും അല്ലാഹുവിന്റെ മാർഗദർശനമാണ് യഥാർഥ മാർഗദർശനം. ലോകരക്ഷിതാവിന് കീഴ്‌പെടുവാനാണ് ഞങ്ങൾ കൽപിക്കപ്പെട്ടിരിക്കുന്നത്’’ (ക്വുർആൻ: 6:71).

തെളിച്ചമുള്ള രണ്ടുവഴിക ൾ-ഒന്ന് സ്വർഗത്തിലേക്കുള്ളത്, മറ്റൊന്ന് നരകത്തിലേക്കുള്ളത്-അല്ലാഹു മാനവരാശിക്ക് കാണിച്ചു കൊടുത്തിട്ടുണ്ട്.

“തെളിഞ്ഞു നിൽക്കുന്ന രണ്ടു പാതകൾ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു’’ (ക്വുർആൻ: 90:10).

മനുഷ്യന് അല്ലാഹു ഇച്ഛാസ്വാതന്ത്ര്യം നൽകിയിരിക്കുന്നു. ഏതു വഴിയും അവന് തിരഞ്ഞെടുക്കാം.

“...തീർച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകിൽ അവൻ നന്ദിയുള്ളവനാകുന്നു. അല്ലെങ്കിൽ നന്ദികെട്ടവനാകുന്നു’’ (76:3).

മാർഗദർശനം പിൻപറ്റുന്നവർക്ക് വിജയം

അല്ലാഹുവിന്റെ മാർഗദർശനം പിൻപറ്റി ജീവിക്കുന്നവർക്കാണ് ആത്യന്തിക വിജയം നേടാനാവുക. ഇക്കാര്യം ആദം നബി(അ)യിലൂടെ തന്നെ അല്ലാഹു അറിയിച്ചിട്ടുണ്ട്.

“..എന്റെ പക്കൽനിന്നുള്ള മാർഗദർശനം നിങ്ങൾക്ക് വന്നെത്തുമ്പോൾ എന്റെ ആ മാർഗദർശനം പിൻപറ്റുന്നവരാരോ അവർക്ക് ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല’’ (2:38).

“...എന്നാൽ എന്റെ പക്കൽനിന്നുള്ള വല്ല മാർഗദർശനവും നിങ്ങൾക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോൾ എന്റെ മാർഗദർശനം ആർ പിൻപറ്റുന്നുവോ അവൻ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല’’ (20:123).

പ്രവാചകന്മാരിലുള്ള വിശ്വാസത്തിന്റെ അനിവാര്യത

അല്ലാഹു അവന്റെ മാർഗദർശനം ലോകരിലേക്ക് എത്തിച്ചുകൊടുത്തത് അവൻ നിയോഗിച്ചയച്ച പ്രവാചകൻമാരിലൂടെയാണ്. ആ പ്രവാചകൻമാർ പൂർണരായ മനുഷ്യരായിരുന്നു. അവരെ അല്ലാഹുവിന്റെ ദൂതന്മാരായി മാത്രമാണ് കാണേണ്ടത്; അവർക്ക് ദിവ്യത്വം കൽപിക്കുവാനോ അവരോട് പ്രാർഥനകൾ നടത്തുവാനോ പാടില്ല. ഈസാ നബി(അ)ക്ക് ദൈവപുത്ര പദവി നൽകിയവരെ ആക്ഷേപിച്ചുകൊണ്ട് അല്ലാഹു പറയുന്നു:

“വേദക്കാരേ, നിങ്ങൾ മതകാര്യത്തിൽ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരിൽ വാസ്തവമല്ലാതെ നിങ്ങൾ പറയുകയും ചെയ്യരുത്. മർയമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കൽനിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അതുകൊണ്ട് നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതൻമാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങൾ പറയരുത്. നിങ്ങളുടെ നന്മയ്ക്കായി നിങ്ങൾ (ഇതിൽനിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യൻ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതിൽനിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകർത്താവായി അല്ലാഹുതന്നെ മതി’’ (4:171).

അല്ലാഹു ഏകനാണ്. പ്രപഞ്ചത്തെ മുൻമാതൃകയില്ലാതെ സൃഷ്ടിച്ച അവന് യാതൊരു പങ്കാളിയുമില്ല. അവൻ ഇച്ഛിക്കുന്നതെന്തോ അതേ സംഭവിക്കുകയുള്ളൂ.

“ആകാശങ്ങളെയും ഭൂമിയെ യും മുൻ മാതൃകയില്ലാതെ നിർമിച്ചവനത്രെ അവൻ. അവനൊരു കാര്യം തീരുമാനിച്ചാൽ ഉണ്ടാകൂ എന്ന് പറയുക മാത്രമെ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു’’ (2:117).

എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കേണ്ടതിന്റെ അനിരവാര്യത അല്ലാഹു ഉണർത്തുന്നു:

“തന്റെ രക്ഷിതാവിങ്കൽനിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു. (അതിനെതുടർന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതൻമാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതൻമാരിൽ ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കൽപിക്കുന്നില്ല (എന്നതാണ് അവരുടെ നിലപാട്). അവർ പറയുകയും ചെയ്തു: ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം’’ (2:285).

അല്ലാഹുവിലും അവന്റെ പ്രവാചകൻമാരിലും മാത്രം വിശ്വസിച്ചതുകൊണ്ട് ഒരാൾ യഥാർഥ വിശ്വാസികയാവുകയില്ല.

“സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന്ന് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്കുവിൻ. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതൻമാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു’’ (4:136).

പ്രവാചകന്മാരിലുള്ള വിശ്വാസത്തിന്റെ പ്രധാന ഭാഗങ്ങൾ

അവരുടെ പ്രവാചകത്വത്തെ അംഗീകരിക്കുക. സൃഷ്ടികൾക്ക് മാർഗദർശനത്തിനായി അല്ലാഹു അവരെ തിരഞ്ഞെടുത്തിരിക്കുന്നു. അവർ മാതൃകാപുരുഷന്മാരാണ്.

“മലക്കുകളിൽനിന്നും മനുഷ്യരിൽനിന്നും അല്ലാഹു ദൂതൻമാരെ തിരഞ്ഞെടുക്കുന്നു. തീർച്ചയായും അല്ലാഹു കേൾക്കുന്നവനും കാണുന്നവനുമത്രെ’’ (22:75).

“ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ ബോധനം നൽകപ്പെടുന്നത് നീ ശ്രദ്ധിച്ച് കേട്ടുകൊള്ളുക’’ (20:13).

മുഹമ്മദ് നബി ﷺ യെ അംഗീകരിക്കുവാൻ വിസമ്മതം കാണിച്ച മുശ്‌രിക്കുകൾ അതിന് പലവിധ മുടന്തൻ ന്യായങ്ങളും നിരത്തിയതായി ക്വുർആൻ പറയുന്നത് കാണാം. അനാഥനായി ജനിച്ചുവളർന്ന മുഹമ്മദ് നബി ﷺ യെ മഹാനായി ഗണിക്കാൻ അവരുടെ അഹങ്കാരം സമ്മതിച്ചില്ല. മക്കയിലോ ത്വാഇഫിലോ ഉള്ള ഏതെങ്കിലും ഒരു മഹാപുരുഷന്റെ മേൽ എന്തുകൊണ്ട് ഈ ക്വുർആൻ അവതരിപ്പിക്കപ്പെട്ടില്ല എന്ന് അവർ ചോദിച്ചു:

“ഈ രണ്ട് പട്ടണങ്ങളിൽനിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷന്റെ മേൽ എന്തുകൊണ്ട് ഈ ക്വുർആൻ അവതരിപ്പിക്കപ്പെട്ടില്ല എന്നും അവർ പറഞ്ഞു’’ (43:32).

“അവർ പറഞ്ഞു: ഈ ദൂതൻ എന്താണിങ്ങനെ? ഇയാൾ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്തുകൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല? അല്ലെങ്കിൽ എന്തുകൊണ്ട് ഇയാൾക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കിൽ ഇയാൾക്ക് (കായ്കനികൾ) എടുത്ത് തിന്നാൻ പാകത്തിൽ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികൾ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങൾ പിൻപറ്റുന്നത്’’ (25:7,8).

പ്രവാചകത്വം സ്വന്തമായി നേടിയെടുക്കാവുന്നതല്ല. പ്രവാചകത്വം ആഗ്രഹിച്ചു നടക്കുന്നു എന്നതിനാൽ ഒരാൾക്കും അത് അല്ലാഹു നൽകുകയില്ല. നബി ﷺ പ്രവാചകത്വം ആഗ്രഹിച്ചുകൊണ്ടല്ല ഹിറാ ഗുഹയിൽ പോയി ഇരുന്നിരുന്നത്.

“നിനക്ക് വേദഗ്രന്ഥം നൽകപ്പെടണമെന്ന് നീ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, നിന്റെ രക്ഷിതാവിങ്കൽനിന്നുള്ള കാരുണ്യത്താൽ (അതു ലഭിച്ചു)...’’ (28:86)

തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനെ അംഗീകരിക്കലും അനുസരിക്കലും അവരെ സ്‌നേഹിക്കലും ആദരിക്കലും സത്യപ്പെടുത്തലും ജനതയുടെ കടമയാണ്. ഒരു പ്രവാചകനിൽനിന്നും കളവോ വഞ്ചനയോ സത്യം മറച്ചുവെക്കലോ ഉണ്ടാകില്ല.

നബി ﷺ പറഞ്ഞു: “അല്ലാഹു അയച്ച ഏതൊരു പ്രവാചകനും തന്റെ സമൂഹത്തെ താനറിയുന്ന നന്മ അറിയിക്കലും താനറിയുന്ന തിന്മകളിൽനിന്ന് താക്കീത് ചെയ്യലും അനിവാര്യമാണ്’’ (മുസ്‌ലിം).

പ്രവാചകന്മാരെല്ലാം അവരവരുടെ ഉത്തരവാദിത്തങ്ങൾ പരിപൂർണമായ രീതിയിൽ നിർവഹിച്ചിട്ടുണ്ട്. തങ്ങളുടെ ജനങ്ങൾക്കെതിരിൽ വ്യക്തമായ തെളിവ് സ്ഥാപിച്ചതിന് ശേഷമല്ലാതെ അല്ലാഹു പ്രവാചകന്മാരെ മരിപ്പിക്കുകയില്ല:

“സന്തോഷവാർത്ത അറിയിക്കുന്നവരും താക്കീത് നൽകുന്നവരുമായ ദൂതൻമാരായിരുന്നു അവർ. ആ ദൂതൻമാർക്ക് ശേഷം ജനങ്ങൾക്ക് അല്ലാഹുവിനെതിരിൽ ഒരു ന്യായവും ഇല്ലാതിരിക്കാൻ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു’’ (4:165),

“നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് അയക്കുകയുണ്ടായി. അമ്പതുകൊല്ലം ഒഴിച്ചാൽ ആയിരം വർഷം തന്നെ അദ്ദേഹം അവർക്കിടയിൽ കഴിച്ചുകൂട്ടി. അങ്ങനെ അവർ അക്രമികളായിരിക്കെ പ്രളയം അവരെ പിടികൂടി’’ (29:14).

നബി ﷺ പറഞ്ഞു: “അല്ലാഹുവോളം തെളിവ് ഇഷ്ടപ്പെടുന്ന ആരുംതന്നെയില്ല. അതിനാൽ അവൻ ഗ്രന്ഥമിറക്കുകയും ദൂതന്മാരെ അയക്കുകയും ചെയ്തു’’ (മുസ്‌ലിം).

പ്രവാചകന്മാർ വൻപാപങ്ങളിൽനിന്നും മുക്തരാണ് (പാപസുരക്ഷിതരാണ്). മനുഷ്യരെന്ന നിലയിൽ ചെറിയ തെറ്റുകൾ സംഭവിച്ചേക്കാം. പക്ഷേ, അത് വഹ്‌യിനെ ബാധിക്കുന്നതായിരിക്കില്ല. അല്ലാഹു ഉടനെ അവരെ തൗബ ചെയ്യാൻ അനുഗ്രഹിക്കും.

നൂഹ് നബി(അ) മകനെ സംബന്ധിച്ചു പറഞ്ഞത് ചെറിയ അപാകതയ്ക്ക് ഉദാഹരണമാണ്. അല്ലാഹു പറയുന്നു:

“നൂഹ് തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെ മകൻ എന്റെ കുടുംബാംഗങ്ങളിൽ പെട്ടവൻ തന്നെയാണല്ലോ. തീർച്ചയായും നിന്റെ വാഗ്ദാനം സത്യമാണുതാനും. നീ വിധികർത്താക്കളിൽവെച്ച് ഏറ്റവും നല്ല വിധികർത്താവുമാണ്. അവൻ (അല്ലാഹു) പറഞ്ഞു: നൂഹേ, തീർച്ചയായും അവൻ നിന്റെ കുടുംബത്തിൽ പെട്ടവനല്ല. തീർച്ചയായും അവൻ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാൽ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായി പോകരുതെന്ന് ഞാൻ നിന്നോട് ഉപദേശിക്കുകയാണ്. അദ്ദേഹം (നൂഹ്) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും നീഎന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാൻ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും’’ (11:45-47).

യൂനുസ് നബി(അ) നാടുവിട്ടത് മറ്റൊരു ഉദാഹരണമാണ്. അല്ലാഹു പറയുന്നു: “ദുന്നൂനിനെയും (ഓർക്കുക). അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദർഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകൾക്കുള്ളിൽനിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു’’ (21:87).

(അവസാനിച്ചില്ല)