പ്രാർഥനയുടെ പൊരുൾ

ഉസ്‌മാൻ പാലക്കാഴി

2023 ആഗസ്റ്റ് 26 , 1445 സ്വഫർ 10

നിസ്സഹായന്റെ രോദനം മാത്രമല്ല പ്രാർഥന. ഏതൊരുത്തന്റെയും കരുത്തുറ്റ ആയുധം കൂടിയാണത്. തങ്ങളുടെ അറിവും കഴിവും മസിൽ പവറുമാണ് തീരുമാനങ്ങളുടെ മൂലകാരണമെന്ന മൗഢ്യധാരണയുടെ മുതുകത്തേക്കാണ് പലപ്പോഴും, വിധി എന്ന് നാം പരിചയപ്പെടുത്താറുള്ള തീരുമാനങ്ങൾ വന്നുപതിക്കാറ്. വിധിയുടെ ആത്യന്തിക ഉറവിടം അല്ലാഹുവിൽ നിന്നാണെന്ന് ഉറച്ചുവിശ്വസിക്കുമ്പോഴേ കറകളഞ്ഞ പ്രാർഥന മനസ്സിൽ നിർഗളിക്കുകയുള്ളൂ.

ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ സ്വന്തം ദൗർബല്യവും നിസ്സഹായതയും ബോധ്യപ്പെടുന്ന ഒട്ടവധി അവസരങ്ങൾ ഉണ്ടായേക്കാം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ സഹായമില്ലാതെ ഒരു നിമിഷം പോലും നിലനിൽക്കുക സാധ്യമല്ല. സൃഷ്ടിക്കുകയും പരിപാലിക്കുകയും ജീവിതത്തിന് ദിശാബോധം നൽകുകയും ചെയ്ത ആ മഹാശക്തിക്ക് മുന്നിൽ മനുഷ്യൻ നിസ്സാരനാണ്. അവനിൽനിന്ന് എന്തെങ്കിലും മറച്ചുവയ്ക്കാൻ മനുഷ്യന് സാധ്യമല്ല.

“തീർച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യങ്ങൾ അറിയുന്നവനാകു ന്നു. തീർച്ചയായും അവൻ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു’’ (ക്വുർആൻ 35:38).

“...തീർച്ചയായും അല്ലാഹു മനസ്സുകളിലുള്ളത് അറിയുന്നവനാകുന്നു’’ (3:119).

ഇങ്ങനെയുള്ള ആ അത്യുന്നത ശക്തിക്ക് മുന്നിൽ താഴ്മയോടെ, വിനയത്തോടെ, പ്രതീക്ഷയോടെ മനസ്സിൽതട്ടി അർഥന നടത്തുകയെന്നത് മനുഷ്യന്റെ കടമയാണ്. അത് മനുഷ്യമനസ്സിന് നൽകുന്ന ആശ്വാസവും സമാധാനവും ചെറുതല്ല. അത്യുന്നതനായ സ്രഷ്ടാവിന്റെ സ്‌നേഹവും കാരുണ്യവും ലഭ്യമാകാനുള്ള വഴി പ്രാർഥനയോളം മറ്റൊന്നുമില്ല.

“താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പ്രാർഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകതന്നെയില്ല. ഭൂമിയിൽ നൻമവരുത്തിയതിനു ശേഷം നിങ്ങൾ അവിടെ നാശമുണ്ടാക്കരുത്. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങൾ അവനെ വിളിച്ചു പ്രാർഥിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹുവിന്റെ കാരുണ്യം സൽകർമകാരികൾക്ക് സമീപസ്ഥമാകുന്നു’’ (7:55,56).

ജീവിതത്തിലെ പ്രതിസന്ധികളും പ്രയാസങ്ങളും അസമാധാനവും ദൈവവിശ്വാസമില്ലാത്തവരെ പലപ്പോഴും കൊണ്ടെത്തിക്കുക അപകടകരമായ പ്രവണതകളിലേക്കാണ്. മദ്യത്തിന്റെയോ മയക്കു മരുന്നിന്റെയോ മദിരാക്ഷിയുടെയോ ആൾദൈവങ്ങളുടെയോ മായികലോകത്ത് അവർ ആശ്വാസം കണ്ടത്തും.

എന്താണ് പ്രാർഥന?

ഒരു സത്യവിശ്വാസിയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യമാണ് പ്രാർഥന. എന്താണ് പ്രാർഥനയെന്നും അത് ആരോടാകണമെന്നും എങ്ങനെയായിരിക്കണമെന്നും ഇസ്‌ലാം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. വിശുദ്ധ ക്വുർആനും നബിﷺയും പഠിപ്പിക്കുന്നത് പ്രാർഥന ആരാധന തന്നെയാണ് എന്നാണ്.

‘പ്രാർഥന അതുതന്നെയാണ് ആരാധന’ എന്നു പറഞ്ഞശേഷം നബിﷺ സൂറത്തു മുഅ്മിനിലെ അറുപതാമത്തെ ആയത്ത് പാരായണം ചെയ്തു: ‘നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർഥിക്കൂ. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം, എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്’ (തിർമുദി).

ഇവിടെ അല്ലാഹു പറയുന്നത് ‘നിങ്ങൾ എന്നോട് പ്രാർഥിക്കുക’യെന്നാണ്. പ്രാർഥനയെന്ന ആരാധന നടത്താതെ ആരെങ്കിലും അഹങ്കാരം നടിക്കുന്ന പക്ഷം അവന്ന് കഠിനമായ നരകശിക്ഷയാണുള്ളതെന്നും പറയുന്നു. ആരാധനയാകുന്ന പ്രാർഥന അല്ലാഹുവോടല്ലാതെ യാതൊന്നിനോടും പാടില്ല എന്നു വ്യക്തം.

“നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർഥിക്കൂ; ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്; തീർച്ച’’ (ക്വർആൻ 40:60).

“(നബിയേ,) പറയുക: നിങ്ങളുടെ പ്രാർഥനയില്ലെങ്കിൽ എന്റെ രക്ഷിതാവ് നിങ്ങൾക്ക് എന്ത് പരിഗണന നൽകാനാണ്? എന്നാൽ നിങ്ങൾ നിഷേധിച്ച് തള്ളിയിരിക്കുകയാണ്. അതിനാൽ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും’’ (25:177).

“നിന്നോട് എന്റെ ദാസമാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് എറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാർഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർഥിച്ചാൽ ഞാൻ ആ പ്രാർഥനക്ക് ഉത്തരം നൽകുന്നതാണ്’’(2:186).

“(നബിയേ,) പറയുക: നിങ്ങളൊന്ന് പറഞ്ഞുതരൂ; അല്ലാഹുവിന്റെ ശിക്ഷ നിങ്ങൾക്ക് വന്നുഭവിച്ചാൽ, അല്ലെങ്കിൽ അന്ത്യസമയം നിങ്ങൾക്ക് വന്നെത്തിയാൽ അല്ലാഹുവല്ലാത്തവരെ നിങ്ങൾ വിളിച്ച് പ്രാർഥിക്കുമോ? (പറയൂ;) നിങ്ങൾ സത്യസന്ധരാണെങ്കിൽ. ഇല്ല, അവനെ മാത്രമെ നിങ്ങൾ വിളിച്ച് പ്രാർഥിക്കുകയുള്ളൂ. അപ്പോൾ അവൻ ഉദ്ദേശിക്കുന്ന പക്ഷം ഏതൊരു വിഷമത്തിന്റെ പേരിൽ നിങ്ങളവനെ വിളിച്ച് പ്രാർഥിക്കുന്നുവോ അതവൻ ദൂരീകരിച്ച് തരുന്നതാണ്. നിങ്ങൾ (അവനോട്) പങ്കുചേർക്കുന്നവയെ നിങ്ങൾ (അപ്പോൾ) മറന്നുകളയും’’ (6:40,41).

“അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാൽ ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചുകൊള്ളുക...’’(7:180).

“അവനാകുന്നു ജീവിച്ചിരിക്കുന്നവൻ. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ കീഴ്‌വണക്കം അവന് നിഷ്‌കളങ്കമാക്കിക്കൊണ്ട് നിങ്ങൾ അവനോട് പ്രാർഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി’’ (40:85).

പ്രാർഥന എങ്ങനെ?

ആരാധനാകർമങ്ങൾ ഇസ്‌ ലാം പഠിപ്പിച്ച മുറപ്രകാരവും രീതിയിലും നിലനിർത്തുക എന്നതാണ് മനുഷ്യജീവിതത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. അല്ലാഹു പറയുന്നു:

“ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല’’ (51:56).

“ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാൻ വേണ്ടിയത്രെ അത്’’ (2:21).

അടിസ്ഥാനപരമായി എന്താണ് ‘ഇബാദത്ത്?’ “പ്രത്യക്ഷവും,പരോക്ഷവുമായി അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന വാക്കുകൾക്കും പ്രവർത്തനങ്ങൾക്കും മൊത്തത്തിൽ പറയുന്ന പേരാണ് ഇബാദത്ത്’’(ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി), അൽഉബൂദീയ്യ ഫിൽ ഇസ്‌ലാം, പേ/4). ശൈഖ് നാസിറുസ്സഅദി(റ) സൂറഃ ഫാതിഹയുടെ വിശദീകരണത്തിൽ ഇത് എടുത്ത് പറഞ്ഞിട്ടുണ്ട്.

പരമമായ വിനയവും താഴ്മയും ഉൾക്കൊണ്ടുള്ള മനസ്സിന്റെ തേട്ടമാകുന്ന പ്രാർഥന ആരാധനയിൽ പ്രധാനമാണ്. അല്ലാഹു പറയുന്നു:

“അതെന്തു കൊണ്ടെന്നാൽ അല്ലാഹുവാണ് സത്യമായിട്ടുള്ളവൻ. അവന്നു പുറമെ അവർ വിളിച്ച് പ്രാർഥിക്കുന്നതെല്ലാം വ്യർഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും’’ (31:30).

അല്ലാഹുവിന് കീഴ്‌പ്പെട്ട് ആത്മാർഥമായി ആരാധന നിർവഹിക്കാനാണ് ഇസ്‌ലാം കൽപ്പിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:

“പറയുക: കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാൻ കൽപിക്കപ്പെട്ടിട്ടുള്ളത്. ഞാൻ കീഴ്‌പെടുന്നവരിൽ ഒന്നാമനായിരിക്കണമെന്നും എനിക്ക് കൽപന നൽകപ്പെട്ടിരിക്കുന്നു’’ (39:11,12).

എന്താണ് മനസ്സ്?

മനുഷ്യമനസ്സിനെ നിർവചിക്കാൻ ഇന്നേവരെ സാധിച്ചിട്ടില്ല. അത് ഇന്നും ഒരു പിടികിട്ടാ പ്രതിഭാസമാണ്. എന്താണ് മനസ്സ് എന്ന ചോദ്യം ആധുനിക മനുഷ്യനും ചോദിക്കുന്നു. മനസ്സിനെ വിമലീകരിക്കാനുതകുന്ന എന്തെങ്കിലും കാര്യം നിർദേശിക്കാൻ ശാസ്ത്ര സിദ്ധാന്തങ്ങൾക്കായിട്ടില്ല. ഇവിടെയാണ് പ്രാർഥനയുടെ സാംഗത്യം പ്രകടമാകുന്നത്. സൃഷ്ടിക്കുകയും പരിപാലിക്കുകയും മരിപ്പിക്കൂകയും മരണാനന്തരം ജീവിപ്പിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ മുന്നിൽ വിനീതനായ സൃഷ്ടി മുട്ടുകുത്തുകയാണ്. അവിടെ മനസ്സെന്താണെന്ന് അറിഞ്ഞില്ലെങ്കിലും അത് മലർക്കെ തുറക്കപ്പെടുകയാണ്. ശാന്തിയുടെയും സുരക്ഷിതത്വത്തിന്റെയും വിഹായസ്സിലേക്ക് അത് പറന്നുയരുകയാണ്. ഒരു സൃഷ്ടി തന്റെ മനസ്സിന്റെ വേദനകൾ മറക്കുന്നതും പ്രതീക്ഷയുടെ കവാടങ്ങൾ തുറക്കുന്നതും പ്രാർഥനയുടെ ചാരുതയാർന്ന സ്വകാര്യ നിമിഷങ്ങളിലാണ്.

ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഒട്ടേറെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും വ്യാകുലതകളുടെയും ക്രമരഹിതമായ വികാരങ്ങളുടെയും ശിഥിലമായ ചിന്തകളുടെയും കേദാരമാണ് മനുഷ്യന്റെ മനസ്സ്. ഇത് അവനെ പലപ്പോഴും തെറ്റുകളിലേക്ക് നയിക്കുന്നു.

ക്വുർആൻ അനുശാസിക്കുന്നു: “തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാർഥിച്ചുകൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിർത്തുക. ഇഹലോകജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകൾ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവൻ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്’’ (18:28).

ദൈവസ്മരണ മനസ്സിൽ നിറക്കുകയാണ് പ്രാർഥനയുടെ ഉദ്ദേശ്യമെന്ന് ഉപര്യുക്ത സൂക്തം വ്യക്തമാക്കുന്നു. ഇങ്ങനെയുള്ള ഒരു മനസ്സിന്റെ സവിശേഷത അത് ശാന്തിയടഞ്ഞതായിരിക്കുമെന്നതാണ്.

“അതായത് വിശ്വസിക്കുകയും അല്ലാഹുവിനെപ്പറ്റിയുള്ള ഓർമകൊണ്ട് മനസ്സുകൾ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക, അല്ലാവിനെപ്പറ്റിയുള്ള ഓർമകൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത്’’ (13:28).

പ്രാർഥന, സ്വന്തം ന്യൂനതകളെയും ദുർബലതയെയും കുറിച്ചുള്ള ബോധം പകർന്നുതരുന്ന ഒന്നാണ്. അതിൽനിന്ന് ലഭിക്കുന്ന കരുത്തിലൂടെ മനസ്സിനെ സുദൃഢമാക്കുമാനും പ്രതിസന്ധികളിൽ പതറാതെ നിൽക്കാനും മനുഷ്യന് സാധിക്കുന്നു.

മനുഷ്യൻ ഒരു ദിവസം ഈ ഭൂമിയിൽ ജനിച്ചുവീഴുന്നു. മറ്റൊരു ദിവസം മരിച്ചുപോകുന്നു. അതിനിടയിലുള്ള മുഴുവൻ കാര്യങ്ങളെയും ‘ജീവിതം’ എന്ന് പേര് വിളിക്കുന്നു. ഇങ്ങനെ ജനിച്ച്, ജീവിച്ച്, മരിച്ച് പോകുന്ന വനുഷ്യൻ തന്റെ അസ്തിത്വത്തെക്കുറിച്ച് ചിന്തിക്കുകയും മനസ്സിലാക്കുകയും ജീവിത ലക്ഷ്യമെന്തെന്ന് ഗ്രഹിക്കുകയും അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും അങ്ങനെ ആത്യന്തിക വിജയത്തിന് അർഹത നേടുകയും ചെയ്യേണ്ടതുണ്ട്.

ഓരോ കാലഘട്ടത്തിലെയും ജനങ്ങൾക്ക് മാർഗദർശനം നൽകുന്നതിനായി കാരുണ്യവാനായ സ്രഷ്ടാവ് പ്രവാചകന്മാരെ നിയോഗിച്ചു, വേദഗ്രന്ഥം അവതരിപ്പിച്ചു. മനുഷ്യന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ചിന്താശേഷിയും നൽകി. അവന്റെ മാർഗദർശനം പിൻപറ്റി ജീവിക്കുന്നതാരോ അവർ മരണാനന്തരമുള്ള അനശ്വര ജീവിതത്തിൽ സ്വർഗാവകാശികളാകും. ഈ യാഥാർഥ്യം ഒരു മനുഷ്യൻ സ്വയമറിഞ്ഞ് പ്രകടിപ്പിക്കുന്ന പരമമായ വണക്കമാണ് പ്രാർഥന. സ്രഷ്ടാവുമായി നേരിട്ടുള്ള സംസാരം.

പ്രാർഥിക്കുന്നവന്റെ മനസ്സ് ശുഭചിന്തയുടെയും സ്വാസ്ഥ്യത്തിന്റെയും ഉറവിടമാണ്. അതുകൊണ്ടുതന്നെ ഇത്തരം ഒരു മനസ്സ് ആ വ്യക്തിയെ നന്മയിലൂടെ മുന്നോട്ട് നയിക്കുന്ന ഒരു ചാലകശക്തിയായി മാറുകയാണ് ചെയ്യുക.

പ്രാഥനയും വിമർശകരും

പ്രപഞ്ചത്തിന്റെ, പ്രകൃതിയുടെ, മനുഷ്യ ജീവിതത്തിന്റെ ഗതിയെ പ്രാർഥനകൊണ്ട് മാറ്റാൻ സാധിക്കുമോ, സാധ്യമല്ലെങ്കിൻ എന്തിനാണ് പ്രാർഥിക്കുന്നത് എന്ന് യുക്തിവാദികൾ ചോദിക്കാറുണ്ട്. ഇത് വിധി എന്ന യാഥാർഥ്യത്തെ അംഗീകരിക്കാത്തതിനാൽ ഉത്ഭൂതമാകുന്ന ചോദ്യമാണ്. വിധിവിശ്വാസം ഇസ്‌ലാമിക വിശ്വാസകാര്യങ്ങളിലെ ആണിക്കല്ലുകളിൽ ഒന്നാണ്. മനുഷ്യനെ ബാധിക്കുന്ന നന്മയും തിന്മയുമായ സർവകാര്യങ്ങളും അല്ലാഹുവിൽനിന്നാണ് എന്ന വിശ്വാസമാണത്.

സമയമില്ലായ്മ (timelessness), സ്ഥലമില്ലായ്മ (Spacelessness) പോലുള്ള സങ്കൽപങ്ങളിൽ ഉണ്ടായ നൂതനങ്ങളായ സിദ്ധാന്തങ്ങളുംപുരോഗതിയും വിധി എന്താമെന്നു മനസ്സിലാക്കാൻ പര്യാപ്തമാണ്. അത് അല്ലാഹുവിന്റെ അറിവിനെ സൂചിപ്പിക്കുന്നു. അവൻ പ്രപഞ്ചാതീതനാണ്. സമയ, സ്ഥലങ്ങൾക്ക് അതീതനാണ്. അവനല്ലാത്തതെല്ലാം അവന്റെ സൃഷ്ടികളാണ്. ഈ സൃഷ്ടിലോകത്തിലെ മുഴുവൻ കാര്യങ്ങളും അവൻ അറിയുന്നു. അവനെ സംബന്ധിച്ച് സ്ഥലവും കാലവുമില്ല. അവയും അല്ലാഹുവിന്റെ സൃഷ്ടിയാണ്. എന്നാൽ സൃഷ്ടിലോകത്ത് ഇതെല്ലാമുണ്ട്. അവിടെ സ്ഥലവും കാലവും ജീവിതവും മരണവും സുഖവും ദുഃഖവുമെല്ലാമുണ്ട്. ഇതൊക്കെ പ്രപഞ്ചത്തിനകത്താണ്. സമയത്തിനും സ്ഥലത്തിനുമകത്താണ് സംഭവിക്കുന്നത്. അപ്പോൾ അല്ലാഹുവിന്റെ വിജ്ഞാനം അനന്തമാണ്. സമയ, സ്ഥല, കാലങ്ങൾക്കതീതമായി പ്രപഞ്ചത്തിലെ മുഴുവൻ കാര്യങ്ങളെക്കുറിച്ചും സമ്പൂർണമായ അറിവ് അവനുണ്ട്.

എന്നാൽ മനുഷ്യന്റെ അറിവാകട്ടെ സമയ, സ്ഥല, കാലങ്ങൾക്കുള്ളിലെ, പ്രപഞ്ചലോകത്തിനുള്ളിലെ ഒട്ടനേകം കാര്യങ്ങളുമായി ബന്ധിതമാണ്. അപ്പോൾ വിധി എന്നത് നേരത്തെ പറഞ്ഞ, അല്ലാഹുവിന്റെ ജ്ഞാനമാണ്. എന്നാൽ മനുഷ്യൻ അതിനെ മനസ്സിലാക്കുക പ്രപഞ്ചത്തിലെ ഒട്ടേറെ കാര്യങ്ങൾക്കുള്ളിലിരുന്നാണ്. മനുഷ്യൻ ‘നാളെ,’ ‘അടുത്ത വർഷം,’ ‘വയസ്സുകാലത്ത്’ എന്നിങ്ങനെയെല്ലാം വിചാരിക്കുന്നു. കാരണം അവൻ കാലത്തിന്റെ ഒഴുക്കിനുള്ളിൽ ജീവിക്കുന്നു. എന്നാൽ അല്ലാഹുവിന് മനുഷ്യന്റെ ജീവിതകാലം മുഴുവനും അല്ലാഹു ‘ഈ നിമിഷം’ എന്ന നിലയിൽ അറിയുന്നു. കാരണം അല്ലാഹിവിന് കാലമില്ല.

അല്ലാഹു പൂർണാർഥത്തിൽ നീതിമാനാകുന്നു. അവനിൽനിന്ന് അനീതിയുടെ അംശംപോലും ഒരു നിലയ്ക്കും ഉണ്ടാകുകയില്ല. വിധിയെ അതിന്റെ പരിപൂർണതയിൽ മനസ്സിലാക്കാൻ ഈ വിശ്വാസം അനിവാര്യമാണ്. ഒരാൾ പരീക്ഷക്കുവേണ്ടി നന്നായി പഠിക്കുന്നു. പരീക്ഷയിൽ വളരെ ഉയർന്ന മാർക്കോടുകൂടി പാസ്സായി ഒരു നല്ല ജോലി കിട്ടണം. ഇതാണ് അയാളുടെ ആഗ്രഹം. അയാൾ അതിനായി പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. പക്ഷേ, ചില കാരണങ്ങളാൽ അയാൾക്ക് പരീക്ഷ എഴുതാനായില്ല. അതായത് അയാൾ എന്തിനുവേണ്ടി അധ്വാനിച്ചുവോ ആ കാര്യം നടക്കാതെ പോയി. അയാൾ അല്ലാഹുവിനോട് എന്തിനുവേണ്ടി പ്രാർഥിച്ചുവോ ആ കാര്യം സഫലമാകാതെ പോയി. ഇവിടെയാണ് ചോദ്യമുയരുന്നത്; ‘അയാളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ അയാളുടെ പ്രാർഥനക്ക് കഴിഞ്ഞില്ല, പിന്നെ എന്തിനാണ് ആ മനുഷ്യൻ പ്രാർഥിച്ചത്?’

അയാളെ സംബന്ധിച്ച് ‘നന്മ’ എന്ന് നാം വിചാരിക്കുന്നത് പരീക്ഷയിൽ നല്ല മാർക്കോടെ പാസ്സാകുന്നതും മികച്ച ഒരു ജോലി ലഭിക്കുന്നതുമാണ്. പക്ഷേ, അതുമൂലം അയാളുടെ വരുംകാല ജീവിതത്തിലെ പരിണതികളെക്കുറിച്ച് നമുക്ക് ഒന്നും അറിഞ്ഞുകൂടാ. കാരണം അത് ഭാവികാലമാണ്. മനുഷ്യവിജ്ഞാനത്തിന്റെ പരിധിക്ക് അതീതമാണത്. നമ്മുടെ ചുരുങ്ങിയ വിജ്ഞാന മേഖലക്കുള്ളിൽനിന്നും നാം അയാ ളുടെ കാര്യങ്ങൾ വിലയിരുത്തുന്നു. പ്രാർഥനയുടെ ആത്യന്തികഫലത്തെക്കുറിച്ച് നമുക്കറിയില്ല.

അല്ലാഹു കാരുണ്യവാനാണ്; നീതിമാനും. തന്റെ ദാസന്മാരോട് അവന് അതിയായ സ്‌നേഹമുണ്ട്. അതുകൊണ്ട് ഓരോ മനുഷ്യന്റെയും നന്മ എന്ത് എന്നും അത് എപ്പോൾ നൽകണമെന്നും അവന് ഏറ്റവും നന്നായി അറിയാം. നീതിമാനായ സ്രഷ്ടാവ് യഥാസമയം അത് നൽകുകയും ചെയ്യുന്നു. സ്രഷ്ടാവിനെക്കുറിച്ചും സൃഷ്ടിലോകത്തെക്കുറിച്ചും സൃഷ്ടികളുടെ വിജ്ഞാന പരിധികെളക്കുറിച്ചും സ്രഷ്ടാവിന്റെ അനന്തവിജ്ഞാനത്തെക്കുറിച്ചും മനസ്സിലാക്കാൻ മനുഷ്യൻ ശ്രമിക്കണം.

നാം ‘നന്മ’ എന്ന് വിചാരിക്കുന്ന ഒരു കാര്യം യഥാർഥത്തിൻ നമുക്ക് ദോഷമാകാം. നാം വെറുക്കുന്ന, അല്ലെങ്കിൽ ‘തിന്മ’ എന്ന് വിചാരിക്കുന്ന ഒരു കാര്യം നമുക്ക് നന്മയുമായേക്കാം. ജയം, പരാജയം, നേടുക, നഷ്ടപ്പെടുക, കൊടുക്കുക, വാങ്ങുക തുടങ്ങിയ ഒട്ടനവധി കാര്യങ്ങളുണ്ട്. അതൊക്കെ ഓരോ മനുഷ്യനും മനസ്സിലാക്കാനും വിലയിരുത്താനും സാധിക്കുക സ്വന്തം പരിധിക്കകത്തുനിന്നാണ്. അതുകൊണ്ട് അവയുടെയൊന്നും യാഥാർഥ്യം മനുഷ്യൻ അറിയുന്നില്ല. അവൻ നടത്തുന്ന ഏതൊരു വിലയിരുത്തലും വിശകലനവും അബദ്ധമായേക്കാം.

മനുഷ്യന്റെ ജീവിതംഒരുപരീക്ഷണമാണ്. സ്രഷ്ടാവ് മനുഷ്യനെ പല വിധത്തിലും പരീക്ഷിക്കും.:

“കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽനിന്ന് തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേൾവിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരി ക്കുന്നു. തീർച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകിൽ അവൻ നന്ദിയുള്ളവനാകുന്നു. അല്ലെങ്കിൽ നന്ദികെട്ടവനാകുന്നു’’ (76:2,3).

“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം സന്ദർഭങ്ങളിൽ ക്ഷമിക്കുന്നവർക്ക് സന്തോഷ വാർത്ത അറിയിക്കുക’’ (2:155).

സമ്പത്ത്, സൗന്ദര്യം, ആരോഗ്യം, മക്കൾ, പദവികൾ, ഔന്നത്യം ഇതൊക്കെ പരീക്ഷണമാണ്. ഇക്കാര്യം ഉൾകൊള്ളുവാൻ ഒരു വിശ്വാസി തയ്യാറാവുകയും പ്രവാചക മാതൃക പിൻപറ്റുകയും ചെയ്യണം. ഇതിന് പ്രേരിപ്പിക്കുന്ന ഒരേയൊരു വസ്തുതയേയുള്ളൂ. അതാണ് ഉദ്ദേശ്യശുദ്ധിയുള്ള പ്രാർഥന, പ്രാർഥനയുടെ ആത്യന്തികമായ സാംഗത്യവും ഇതുതന്നെയാണ്.

പരീക്ഷണങ്ങളിലൂടെ വിശ്വാസികൾ അല്ലാഹുവിന്റെ കഴിവിനെ കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നു. അഹങ്കാരമില്ലാതെ സ്രഷ്ടാവിന് കീഴൊതുങ്ങാൻ അവരെ ഇത് പ്രാപ്തരാക്കുന്നു. അല്ലാഹു പറയുന്നത് കാണുക: “ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങൾ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയിൽ ഉൾപ്പെട്ടു കഴിഞ്ഞതായിട്ടല്ലാതെ. തീർച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്). നിങ്ങൾക്കു നഷ്ടപ്പെട്ടതിന്റെ പേരിൽ നിങ്ങൾ ദുഃഖിക്കാതിരിക്കുവാനും നിങ്ങൾക്ക് അവൻ നൽകിയതിന്റെ പേരിൽ നിങ്ങൾ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല’’ (58: 22,23).

ഈ പ്രപഞ്ചത്തിന്റെ സകല ചലനങ്ങളും സ്രഷ്ടാവിന്റെ കരങ്ങളിലാണ്. സൃഷ്ടികൾ ഓരോ കാര്യവും ആഗ്രഹിക്കുകയും പദ്ധതിയിടുകയും ആവിഷ്‌കരിക്കുകയുമൊക്കെ ചെയ്യുന്നുവെങ്കിലും സ്രഷ്ടാവിന്റെ താൽപര്യങ്ങളാണ് നടക്കുന്നതെല്ലാം. എല്ലാ കാര്യങ്ങളും കണിശമായി പുലർത്തിയിട്ടും കാര്യങ്ങൾ കൈവിട്ടു പോകുന്നതിന് ഓരോരുത്തരുടെ ജീവിതത്തിലും ഉദാഹരണങ്ങൾ എമ്പാടുമുണ്ടായിരിക്കും. നടക്കേണ്ടാത്തത് നടക്കുകയും നടക്കേണ്ടത് നടക്കാതിരിക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഭാവി പ്രവചനാതീതവുമാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് സ്രഷ്ടാവായ അല്ലാഹുവിന്റെ കൈയിലാണ് കാര്യങ്ങളെല്ലാം എന്നാണ്. സൃഷ്ടിക്ക് നൻമയും ക്ഷേമവും ഭാഗ്യവും അനുഗ്രഹവും മാത്രം ഉണ്ടാകണമെങ്കിൽ അതു നേടിയെടുക്കാൻ അവനോട് ചോദിച്ചു വാങ്ങുകയല്ലാതെ മറ്റൊരു മാർഗവുമില്ല. അവന്റെ മുമ്പിൽ അവകാശവാദമുന്നയിക്കാനോ തട്ടിപ്പറിച്ച് വാങ്ങാനോ കട്ടെടുക്കാനോ ഒന്നും കഴിയില്ലല്ലോ. ഇങ്ങനെയാണ് പ്രാർഥനയുടെ അർഥതലത്തിലേക്കും പ്രാധാന്യത്തിലേക്കും വിശ്വാസികൾ എത്തിച്ചേരുന്നത്.

പ്രാർഥന കേവലം ഒരു ചടങ്ങും ആചാരവുമായി ചുരുങ്ങിക്കൂടാ: “തീർച്ചയായും അവർ (പ്രവാചകൻമാർ) ഉത്തമകാര്യങ്ങൾക്ക് ധൃതികാണിക്കുകയും ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാർഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവർ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു’’ (21:90).

മൂന്ന് കാര്യങ്ങളാണ് ഇവിടെ അല്ലാഹു പറയുന്നത്. ഒന്നാമതായി നൻമയോടുള്ള അഭിനിവേശമാണ്. രണ്ടാമത്തേത് അവരുടെ പ്രാർഥനകളിൽ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളായ പ്രതീക്ഷയും ഭയവും ഉണ്ടായിരുന്നു എന്നതാണ്. മൂന്നാമത്തേത് അവർ പുലർത്തിയിരുന്ന വിനയമാണ്. ഈ ഘടകങ്ങൾ ഒരുക്കുന്ന ആത്മീയ സാഹചര്യമാണ് ശരിയായ പ്രാർഥനയുടെ പശ്ചാത്തലം. ഇത്തരം പരിസരത്തുവച്ച് ഉയരുന്ന പ്രാർഥനകൾ കേൾക്കപ്പെടുകതന്നെ ചെയ്യും.

സൽമാനുൽ ഫാരിസി(റ)യിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “അല്ലാഹു ലജജിക്കുന്നവനും ഉദാരനുമാണ്. ഒരു അടിമ അല്ലാഹുവിലേക്ക് കൈകൾ ഉയർത്തി പ്രാർഥിച്ചിട്ട് ഒന്നും നൽകാതെ അവ മടക്കുകയെന്നത് അവൻ ലജജിക്കുന്ന കാര്യമാണ്’’ (തിർമിദി).

അബൂഹുറയ്‌റ(റ)യിൽനിന്ന്, നബിﷺ പറഞ്ഞു: “അല്ലാഹുവിന് പ്രാഥനയെക്കാൾ ആദരവുള്ള യാതൊന്നും തന്നെയില്ല’’(തിർമിദി).

അബൂഹുറയ്‌റ(റ)യിൽ നിന്ന്, നബിﷺ പറഞ്ഞു: “അല്ലാഹുവിനോട് ചോദിക്കാത്തവന്റെ മേൽ അല്ലാഹു കോപിക്കുന്നതാണ്’’ (തിർമിദി).

അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം, അദ്ദേഹം പറയുന്നു: “നബിﷺയുടെ പിന്നിലായിരിക്കെ ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു: ‘അല്ലയോ കുട്ടീ, നിനക്ക് ഞാൻ ചില വാചകങ്ങൾ പഠിപ്പിച്ച് തരട്ടെയോ? നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാൽ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ നിനക്കവനെ നിന്റെ മുമ്പിൽ കാണാവുന്നതാണ്, നീ വല്ലതും ചോദിച്ചാൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക. നീ മനസ്സിലാക്കുക: ലോകത്തുള്ള മുഴുവനാളുകളും ഒരുമിച്ച് നിനക്ക് വല്ല ഉപകാരവും ചെയ്യുവാൻ ഉദ്ദേശിച്ചാലും അല്ലാഹു നിനക്ക് വിധിച്ചതല്ലാതെ ഒന്നും സംഭവിക്കുകയില്ല, അത്‌പോലെ നിനക്ക് വല്ല ഉപദ്രവം വരുത്താൻ അവർ മുഴുവനും ഒരുമിച്ചാലും നിനക്ക് അല്ലാഹു വിധിച്ചതല്ലാതെ ഒരുപദ്രവത്തിനും അവർക്ക് സാധ്യമല്ല തന്നെ. പേനകൾ ഉയർത്തപ്പെടുകയും പേജുകൾ ഉണങ്ങുകയും ചെയ്തിരിക്കുന്നു’’ (തിർമിദി).

ചോദിച്ച് ചോദിച്ച് സ്വർഗത്തിൽ പോകണം, ചോദിക്കാൻ നാണിച്ച് നരകത്തിൽ പോകരുത്.